നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീട്ടിലെ ഡോക്ടർ .

...................... വീട്ടിലെ ഡോക്ടർ ..................
എന്റെ വീടിനൊരടുക്കും ചിട്ടയുമുണ്ടായിരുന്നെപ്പോളും. അതു ഞങ്ങളെല്ലാവരും ഐക്യത്തിൽ ജീവിച്ചതുകൊണ്ടാണെന്നു പറയാം. വീട്ടിലെ ഓരോജോലികളും ഓരോരുത്തർക്കുമായി വീതംവച്ചു കൊടുത്തിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്തുമുതൽ രാവിലെ മുറ്റമടിച്ചുവാരുന്നത് ഓരോ ദിവസവും പെങ്ങൻമാരുമാറിമാറിയായിരുന്നു. അതുപോലെതന്നെ വീടിനകവശവും. വെള്ളത്തിന്റെ കോൺട്രാക്റ്റ് എനിക്കായിരുന്നു കൂടെ പെങ്ങൻമാരുടെ സഹായവും. അടുക്കളയുടെ അധികാരമെന്നും അമ്മയ്ക്കുമാത്രം സ്വന്തമായിരുന്നു. കാലത്തും, ഉച്ചയ്ക്കും, വൈക്കിട്ടുമൊക്കെയുള്ള ഭക്ഷണം എല്ലാവരുമൊന്നിച്ച്. പാത്രത്തിൽനിന്നും മേശയിലേക്കു വീണ ചോറുംവറ്റെടുത്തു പാത്രത്തിലിടാൻ പറഞ്ഞുതന്ന അച്ചാച്ചനായിരുന്നു എന്റെ റോൾഡ്മോഡൽ. കൂടൊരുപദേശവും തരാൻമറന്നില്ല അച്ചാച്ചൻ. "ഈ മേശയിൽവീണ ചോറുവറ്റുപോലും കഴിക്കാൻ കിട്ടാത്ത ഒരുപാടാളുകൾ ഭൂമിയിലുണ്ടെന്നു " പറഞ്ഞെനിക്കു മനസ്സിലാക്കിത്തന്നപ്പോൾ എന്റെ കുഞ്ഞുമനസ്സിലതാഴത്തിൽ പതിഞ്ഞതിപ്പോളുമോർക്കുന്നു. അന്നുതൊട്ടിന്നുവരെ ഒരു ചോറുവറ്റുപോലും താഴത്ത് വീഴ്ത്താതെയാണ് ഞാനാഹാരം കഴിച്ചിരുന്നത്....
രാത്രിയിൽ എല്ലാരുംചേർന്നുള്ള കുടുംബപ്രാർത്ഥനയും കഴിഞ്ഞത്താഴവും കഴിച്ചിട്ടൊരിത്തിരിനേരം തിണ്ണയിലിരുന്നു ഫാമിലിപാസിൽ (ട്രാൻസ്പോർട്ട് ബസിലെ) ഈവർഷമെവിടെ പോകണമെന്നുള്ള ഒരുചെറിയചർച്ചയും കഴിഞ്ഞുകിടക്കനായി പോകുന്നതിനുമുന്നെ അച്ചാച്ചനമ്മയോടുപറയും നീ ബെഡ്റൂമിൽ കേറിക്കോ ബാക്കി ജോലിയൊക്കെ പെൺപിള്ളേരു നോക്കിക്കോളുമെന്നു. അതേ ബാക്കിവരുന്ന പണികൾ പെങ്ങൻമാർക്ക് ഓരോ ദിവസത്തേക്കിനും മാറിമാറി ചേയ്യേണ്ടതാണ്. കഴിച്ച പാത്രങ്ങൾമുതൽ ചോറുവച്ച കലംവരെ കഴുകിയുണങ്ങാൻവക്കണം ഇതൊരാളുടെപണിയാണ്. അപ്പോൾ മറ്റേയാള് അടുക്കളപാതകംതൊട്ട് അടുക്കള മുഴുവനും അടിച്ചുവാരി അടുപ്പിലെ ചാരംമുഴുവനും വാരിക്കളഞ്ഞ് നാളത്തേക്കിനു കാപ്പി തിളപ്പിക്കാനുള്ള വെള്ളവും അതു കത്തിക്കാനുള്ള വിറകുമെടുത്തടുപ്പിൽവച്ചിട്ട് പാതകം തുടച്ചതുണിയും കഴുകിവൃത്തിയാക്കി ഉണങ്ങാനിട്ടിരിക്കണം. കുറ്റിയടുപ്പിൽ അറക്കപ്പൊടിനിറച്ചതു രാവിലെ ചോറുവക്കാൻവേണ്ടി റെഡിയാക്കേണ്ടതു ഞങ്ങൾ മൂന്നുപേരുടെ പരിധിയിൽവരുന്ന കാര്യമാണ്. എനിക്കതു ചെയ്യുന്നകാര്യം വളരെയിഷ്ടമാണ്. നടുക്കൊരു ഉരുളൻവിറകു കുത്തിപ്പിടിച്ചതിനുചുറ്റും അറക്കപ്പൊടിയിട്ടുനിറച്ചു അടിയിലെ ദ്വാരത്തിൽനിന്നും രണ്ടാമത്തെ ഉരുളൻവിറകു വലിച്ചൂരി ദ്വാരം വിറകുവക്കാൻ പാകത്തിന് വലുപ്പത്തിലാക്കിയിട്ടതിൽ പറ്റിയ വിറകും തിരുകിയാൽ രാവിലെവന്നു ചോറുംകലത്തിൽ വെള്ളമെടുത്തുവച്ചു അടുപ്പിലെ വിറകിലിച്ചിരി മണ്ണെണ്ണയുമൊഴിച്ച് തീകൊളുത്തി കഴിഞ്ഞാൽ അറക്കപ്പൊടി ഞെരിഞ്ഞമർന്നു ചൂടായി ചോറിന്റെവെളളം തിളയ്ക്കുന്നതു നമ്മളുപോലുമറിയില്ല. ഇതെല്ലാം റെഡിയാക്കിവച്ചിട്ടുമാത്രം അടുക്കളകതകുമടച്ചു ലൈറ്റുംകെടുത്തി പെങ്ങന്മാർക്കുറങ്ങാൻ കഴിഞ്ഞിരുന്നുള്ളു. രാവിലെ എണീറ്റുവന്നാൽ തീപ്പെട്ടിയൊരച്ചു വിറകിനു തീ പിടിപ്പിക്കേണ്ട പണിമാത്രമേ അമ്മയ്ക്കു കാണത്തുള്ളു. അതെന്റെ അച്ചാച്ചൻ പഠിപ്പിച്ച ശീലമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് അച്ചാച്ചൻ ഡോക്ടർമാർ റൗൺസിനു വാർഡിൽ വരുന്നതുപോലെയൊരുവരവാണ്. വരുന്നതു പറമ്പിൽപോയി മൂത്രമൊഴിക്കാനെന്നുള്ള വ്യാജേനയാണ് പക്ഷേ ചെക്കിംഗിനാണെന്നുള്ളതു ഞങ്ങൾക്കറിയാം കാരണം, പഠിപ്പിച്ച ശീലമോരോദിവസവും മനസ്സിൽ തറവാകാൻ വേണ്ടി. അമ്മയോടുപറയും നിന്റെ പെൺമക്കളെ നീ വേണം വീട്ടിൽവച്ചുതന്നെയെല്ലാം പഠിപ്പിച്ച് തറവാക്കാൻ അല്ലെങ്കിൽ ചെന്നുകേറുന്ന വീട്ടിലെ അമ്മായിയമ്മ പറയും അതൊക്കെ വീട്ടിൽനിർത്തി അമ്മ പഠിപ്പിക്കണമായിരുന്നെന്ന് അപ്പോളും നിനക്കായിരിക്കും ചീത്തപ്പേരുകേൾക്കുന്നത് അതുണ്ടാകാതിരിക്കാനാണിതു ഞാനിവരെ കൊണ്ടു ചെയ്യിക്കുന്നതെന്ന്. ഇങ്ങനെയുള്ള മുൻവിധികളറിയുന്നൊരപ്പനെ കിട്ടിയ ഞങ്ങളെത്ര ഭാഗ്യംചെന്നവരാണ്. പെങ്ങൻമാരെ കെട്ടിച്ചുവിടുന്നതിനു മുൻപുതന്നെ അച്ചാച്ചൻ മരിച്ചുപോയിരുന്നെങ്കിലും അവർ ചെന്നുകയറിയ വീട്ടിൽ അവരെ ഒന്നിൽനിന്നുപോലും മാറ്റി നിർത്തേണ്ട കാര്യം വന്നിട്ടില്ലവിടുത്തുക്കാർക്ക്. ഇന്നിപ്പോൾ സ്വന്തം ആഹാരംകഴിച്ച പാത്രംപോലും കഴുകിവയ്ക്കാൻ മടി കാണിക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ ഞാനിതൊക്കെയോർക്കും...
ഇടയ്ക്കെനിക്കൊരു പരിപാടിയുണ്ട് ചൂലെടുത്തെല്ലാമുറികളും അടുക്കളയും തിണ്ണയുമടക്കം അടിച്ചുവാരുകയും ചുക്കിലി അടിച്ചുകളയുകയുമൊക്കെ ചെയ്യുമ്പോൾ ഇതുക്കണ്ടമ്മ പറയും "ഓ! ഇന്നെന്നാപറ്റി അച്ചാച്ചൻ ദേഹത്തു കേറിയെന്നാണു തോന്നുന്നത് അതാണിന്നിത്ര അടിച്ചുവാരലെന്ന് " ഞാനത് മൈൻഡുചെയ്യില്ല കാരണം അഭിമാനംതന്നെ. എറണാകുളത്തൊരോഫീസിൽ തനിയെ ജോലിചെയ്യുന്നകാലത്തു തന്നെവച്ചുവിളമ്പി കഴിച്ചിരുന്ന സമയത്തുപോലും അച്ചാച്ചന്റെ രീതികൾ അടുക്കളയിൽ ഞാൻ പിൻതുടർന്നു പോന്നിരുന്നു...
ഇത്രയും ശ്രദ്ധയോടുംകൂടിയും, വൃത്തിയോടു കൂടിയും, ഭാര്യയേയും മക്കളെയും സ്വന്തംവീടിനെയും നോക്കിയ എന്റെ അച്ചാച്ചൻ ശരിക്കുംപറഞ്ഞാൽ ഞങ്ങളുടെ വീട്ടിലെ തലമൂത്ത 'ഡോക്ടർ' തന്നെയായിരുന്നു എന്നഭിമാനത്തോടുകൂടിതന്നെ ഞാൻപറയുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന എഴുത്താണെന്റേതെന്നു പറയുന്ന എന്റെ സുഹൃത്തുക്കളോടെനിക്കൊന്നെ പറയാനുള്ളു "വീട്ടിൽനിന്നുമാണു നമ്മൾ ഒന്നാംപാഠം പഠിച്ചുതുടങ്ങേണ്ടത് വീടെന്നുപറയുന്ന നന്മയുടെ ശ്രീകോവിലിലെ ആരാധനാപാത്രങ്ങളായ മാതാപിതാക്കളുടെ അനുഗ്രഹത്തിലൂടെ പഠിച്ചുവരുന്ന ഓരോ പാഠങ്ങളും ജീവിതത്തിലെ ഏറ്റവും വിലപ്പിടപ്പുള്ള മൂലധനങ്ങളായി മാറുമെന്നത് പകലുപോലെ സത്യമാണ്....
..................... മനു ......................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot