Slider

ഒറ്റയടിപ്പാതകൾ

0
ഒറ്റയടിപ്പാതകൾ
നനഞ്ഞ ഒറ്റത്തിരി ആയിരുന്നെന്നു തോന്നുന്നു.ചെറുശബ്ദത്തോടെയാണ് കത്തുന്നത് ."അത് പാടില്ല "എന്ന് മുതിർന്നവർ പറഞ്ഞൂ കേട്ടിട്ടുണ്ട് ജാനകി തിരി നീട്ടി വെച്ച് ഒതുക്കുകല്ലിൽ ഇരുന്നു സർപ്പക്കാവിൽ തിരി വെച്ചിട്ടെത്ര നാളായിട്ണ്ടാവാം ..
"ജാനീ"ഒരു വിളിയൊച്ച വേലിക്കലാണ് .ശബ്ദം മറന്നിട്ടില്ല..കാലമെത്ര കഴിഞ്ഞാലും ഉയിര് പോകും വരെ മറക്കാൻ കഴിയാത്ത സ്വരം .ജാനകി അങ്ങോട്ടു ചെന്നു
"ഇരുട്ടില് ഒറ്റയ്ക്ക് കാവില്..എന്താ ഇതുകുട്ടി വീട്ടിൽ പോകു "കൂട്ടു കിടക്കാൻ കല്യാണി അമ്മയോട് പറഞ്ഞിട്ടുണ്ട് "
നന്ദേട്ടൻ വയസ്സനായ പോലെ .അകെ നരച്ചു ..അവൾ മെല്ലെ ചിരിച്ചു തലയാട്ടി
ഇരുളാണ് തലയിളക്കിയത് നന്ദേട്ടൻ കണ്ടിട്ടുണ്ടാവുമോ?അല്ലെങ്കിൽ ചില കാഴ്ചകൾക്ക് എന്തിനാണ് വെളിച്ചം?ഉള്ളിലെ വിളക്കിന്റെ വെട്ടത്തിൽ ചില മുഖങ്ങൾ ജ്വലിച്ചു നിൽക്കും .കുറുപ്പ് മാഷുടെ മകനാണ് നന്ദേട്ടൻ .ബാല്യത്തിൽ ഒരുപാട് കാതങ്ങൾ ആ വിരൽ തുമ്പു പിടിച്ചു നടന്നിട്ടുണ്ട് .ഒരു ത്രിസന്ധ്യക്കു ഇലഞ്ഞി പൂക്കൾ വീണ് കിടന്ന ഒറ്റയടിപ്പാതയിൽ ചേർത്ത് പിടിച്ചു തന്ന ആദ്യചുംബനത്തിന്റെ ഓർമയിൽ എപ്പോളെന്ന പോലെ അവളുടെ മിഴികൾ നിറഞ്ഞു
പ്രണയത്തിനു അഗ്നിയുടെ ചൂട് ആണ് ഒരേ സമയത്തെ കുളിരാറ്റുകയും ദഹിപ്പിക്കുകയും ചെയുന്ന അഗ്നി .അഗ്നിയിൽ സ്വയം ദഹിച്ചു അല്ല അച്ഛൻ ദഹിപ്പിച്ചു .ചിതാഭസ്മം ആദിത്യന് കൊടുത്തയച്ചു...ആദിത്യൻ കൊണ്ട് പോയതിനു രൂപമുണ്ടായിരുന്നു.താലി അണിയാൻ കഴുത്തും . മനസ് കത്തിപോയഒരുവൾ ..അത് ഉണ്ടു .ഉറങ്ങി.ചിരിച്ചഭിനയച്ചു .കണ്ണീരു വറ്റിയ കടൽ പോലെ ആയതു കൊണ്ട് കണ്ണിൽ നീരുറവകൾ ഉണ്ടായില്ല.
"എനിക്ക് കിട്ടിയത് ശവം !പല്ലു കടിച്ചു ചവിട്ടി അകറ്റുമ്പോൾ ഇരുളിനെ നോക്കി പലപ്പോളും ചിരിച്ചു മദ്യം മണക്കുന്ന ഉടലിന്റെ ഭീകരതയെ പേറേണ്ടല്ലോ എന്നാശ്വസിച്ചു .കൺമുന്നിൽനടക്കുന്ന സായാഹ്‌ന സദസ്സിലെ സ്ത്രീപ്രജകളുടെ എണ്ണം വലുതാകുമ്പോളും നിസംഗത ഒരാവരണമായി പുതച്ചു നിന്നു.
ഒരു സ്ത്രീക്ക് ഒറ്റതവണയെ സ്ത്രീ ആകാൻ കഴിയു. അത് പ്രണയിക്കുന്ന പുരുഷന്റെ ഒരു വാക്കിലാവാം ഒരു ചുംബനത്തിലാവാം ,ഒരു ആലിംഗനത്തിലോ ഇണചേരലിലോ ആകാം.പക്ഷെ അതാ ആൾക്കൊപ്പമേ സാധിക്കു..ബാക്കിയെല്ലാം പ്രഹസനങ്ങൾ ആണ് .
സ്ത്രീയുടെ ഹൃദയത്തിന്റെ കടലാഴങ്ങൾ ആരറിയുന്നു?
കല്യാണിഅമ്മയുടെ വിളിയൊച്ചകേട്ടപ്പോൾ ജാനകി തളത്തിലേക്ക് ചെന്നു .വീട് പഴകി വല്ലാതെ.ഭിത്തിയിലെ ചായം അടർന്നു തുടങ്ങിയിരിക്കുന്നു .
"ആരെയെങ്കിലും വിളിച്ചു ഓടൊന്നു മാറ്റിയിടണം അടുക്കള ചോർന്നു തുടങ്ങി "
കല്യാണിയമ്മ കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും കൊണ്ട് വെച്ചു
"കുട്ടിക്ക് ഒരു മാറ്റവുമില്ല വയസു മുപ്പതുണ്ടെന്നു ആരും പറയില്ല ..ആ പഴയകുട്ടി തന്നെ "
കല്യാണിയമ്മയുടേത് ഒരു കോംപ്ലിമെന്റ് ആയി എടുത്തു ജാനകി.ഏറെ നാളായി നല്ലതെന്തെങ്കിലും കേട്ടിട്ടു .
"മഴ തോർന്നിരിക്കുന്നു ..മുല്ലപ്പൂ വിടർന്നുവോ ?നല്ല വാസന .."ശരിയാണ് മുല്ല പൂത്തിരിക്കുന്നു .രാവിൽ നിലാവിൽ കുടമുല്ലപ്പൂക്കളുടെ ഗന്ധം .അവൾ ഗന്ധം ഉള്ളിലേക്കെടുത്തു .
"ഈ നശിച്ച മണം എനിക്കിഷ്ടമല്ല എന്നറിഞ്ഞൂടെ ?"തലയിൽ നിന്നു വലിച്ചെടുക്കുന്ന മുല്ലമാലയ്‌ക്കൊപ്പം മുടിയിഴകളും നിലത്തു വീഴുന്നു
വേദനിക്കില്ല ഒരിക്കലും എല്ലാ വേദനകളും താങ്ങുന്ന ശിബിരം ആയിരിക്കുന്നു ഹൃദയം.ഓരോ അടിയിലും സന്തോഷമാണ് തോന്നുക."തീരട്ടെ ഇങ്ങനെ അങ്ങ്"
ആദിത്യനോപ്പം ഒരു സ്ത്രീ ..യാദൃച്ഛികമായി കണ്ടതാണ് ..പുറത്തു പോയി നേരെത്തെ വന്ന ഒരു ദിവസം ...ചോദ്യവും പറച്ചിലുമിലാതെ പത്തു വർഷത്തെ ബന്ധം അവസാനിപ്പിച്ച് പടിയിറങ്ങി..
നന്നേ ഉറക്കം വരുന്നുണ്ട്. എത്ര നാളായി ഉറങ്ങിയിട്ട് ..കണ്ണടച്ച് ജാനകി ഒരു ഉറക്കത്തിനായി കാത്തു
മഴയുള്ള പ്രഭാതത്തിലേക്കാണ് കണ്ണ് തുറന്നതു
ഇലകളിൽ പൂക്കളിൽ നിന്നുതിർന്നു വീഴുന്ന മഴത്തുള്ളികളുടെ ഭംഗിയിൽ അവൾ ലയിച്ചു നിന്നു പോയി. ഒന്നിച്ചു നനഞ്ഞ ഒരു മഴയുടെ ഓർമയിൽ മിഴികൾ മേഘങ്ങളായി..മേഘങ്ങൾ പെയ്തു തുടങ്ങി
"നന്ദന്റെ ഭാര്യക്ക് കുട്ടിയെ ഒന്ന് കാണാൻ ആഗ്രഹം പറഞ്ഞു അതിനു വയ്യാത്തതല്ലേ ?ഒന്ന് പോയി കണ്ടോളു."
ജാനകി അതെപ്പോളോ വായിച്ചിരുന്നു ഒരു കത്തിലെ നാലു വരികളിൽ
"ജാനി
എന്റെ വിവാഹം ആണ് വാര്യര് മാഷുടെ മകൾ നന്ദിനി .സുഖമില്ലത്ത കുട്ടിയാണ് .മാഷ് പറഞ്ഞു .ഞാൻ അനുസരിക്കുന്നു.
നന്ദൻ
നന്ദിനിയുടെ പുടവ തുമ്പുകൾ ശരി ആക്കികൊടുകയായിരുന്നു നന്ദൻ .നന്ദിനി ആ മുഖത്തേക്കു ഉറ്റു നോക്കിയിരുന്നു ...അവളുടെ മുഖത്തെ ഭയാശങ്കകൾ അയാൾ കാണുന്നുണ്ടായിരുന്നു.
"ജീവിതത്തിൽ നന്ദന് ഈ ഒറ്റ പെണ്ണെ ഉണ്ടാകു പേടിക്കണ്ട"
നന്ദൻ മെല്ലെ പറഞ്ഞു .
"അപ്പൊ ആ കുട്ടിയോടുണ്ടായിരുന്നതോ?"
നന്ദന്റെ ഉള്ളിലെന്തോ വന്നു തടഞ്ഞു...
"അതെന്റെ ഹൃദയമായിരുന്നു നന്ദിനി ..പക്ഷെ ഇപ്പൊ മരവിച്ചു മരിച്ചു പോയി ..നന്ദന് ഇപ്പോൾ ആത്മാവ് മാത്രമേയുള്ളു.അവിടെ നീ മാത്രമേ ഉള്ളു.അതെ പാടുള്ളു."
ഒതുക്കുകല്ലു ചവിട്ടി ജാനകി വരുന്നത് കണ്ടു നന്ദൻ നിശബ്ദനായി.
രണ്ടു സ്ത്രീകൾ.
ഒരു പുരുഷന്റെ ആത്മാവും ഹൃദയവുമായ രണ്ടു സ്ത്രീകൾ .
നന്ദന് ഒരു തളർച്ച അനുഭവപ്പെട്ടു .അയാൾ പൂമുഖത്തേക്കു പോരുന്നു ജാനകി നന്ദിനിയുടെ വിരലുകളിൽ പിടിച്ചു .വാക്കുകളിൽ കൂടിയല്ലാതെ സംവേദിക്കപ്പെടുന്നത് ചിലതുണ്ട്.ഹൃദയം കൊണ്ട് സംവേദിക്കപ്പെടുന്നത്
**********************************************************************************************
ട്രെയിൻ നീങ്ങി തുടങ്ങി .നന്ദൻ ജനൽകമ്പിയിൽ പിടിച്ചവളെ നോക്കി
"എങ്ങോട്ടാണ് എന്നെങ്കിലും?"
"ഒരു അപകടത്തിലേക്കല്ല നന്ദേട്ടാ. ദില്ലിയില് ഒരു സുഹൃത്ത് ഉണ്ടു .ഒരു ജോലി ശരി ആയിട്ടുണ്ട് താമസസ്ഥലവും.ഞാൻ വിളിക്കാം"
"ഉം"നന്ദൻ ഒന്ന് മൂളി
ട്രെയിൻ നീങ്ങി തുടങ്ങി നന്ദൻ പിന്നിലേക്ക് മാറി.പിന്നിലേക്ക് മാറുന്ന മായക്കാഴ്ചകൾക്കൊപ്പം ജാനകിയ്ക്ക് ആ രൂപവും അവ്യക്തമായി .
മൊബൈൽ ഫോൺ ശബ്ദിക്കുന്നു."ആദിത്യൻ കാളിംഗ്"
ട്രെയിൻ ഒരു പാളത്തിലേക്ക് പ്രവേശിക്കുന്നു ..താഴെ പുഴ ...ജാനകി ജാലകത്തിലൂടെ കൈ പുറത്തേക്കിട്ടു മൊബൈൽ പിടി വിട്ടുകളഞ്ഞു .എല്ലാ ബന്ധങ്ങളും അവസാനിക്കട്ടെ.ഒറ്റയ്ക്ക് മതി ഇനിയങ്ങോട്ട്.ഒറ്റക്കാവുന്നതും ഒരു സുഖമാണ്.ഓര്മകളുട തള്ളിക്കയറ്റമില്ലത്ത ഒരു ' മയക്കം കാംക്ഷിച്ചു... അവൾ സീറ്റിലേക്ക് തല ചായ്ച്ച് വെച്ചു

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo