നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മിണിയുടെ മോഹങ്ങൾ

അമ്മിണിയുടെ മോഹങ്ങൾ
--------------------------------------------
അമ്മിണിയുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് കുറച്ച് ദിവസമായി..
അയൽപക്കത്തെ സീത സ്കൂട്ടർ വാങ്ങിയതു മുതൽ തുടങ്ങിയതാ ഒരു പരവേശവും അങ്കലാപ്പുമൊക്കെ..
സീത സ്കൂട്ടറുമെടുത്ത് പുറത്തു പോകുന്നതു കാണുമ്പോൾ അതൊക്കെ ഇരട്ടിക്കും..
സഹികെട്ട് ഒരു ദിവസം അമ്മിണി തൻ്റെ ആഗ്രഹം ഭർത്താവ് വാസുവിനെ അറിയിച്ചു..
''ദേ.. മനുഷ്യാ... എനിക്കൊരു സ്കൂട്ടർ വേണം''..
''ങ്ങേ.. സ്കൂട്ടറോ?''
വാസു കണ്ണു മിഴിച്ചു..
''അതേ സ്കൂട്ടർ തന്നെ.. നിങ്ങളെന്താ മനുഷ്യാ മിഴിച്ചു നോക്കുന്നേ.. സ്കൂട്ടർ എന്ന് ഇതുവരെ കേട്ടിട്ടില്ലേ..''
അമ്മിണിയ്ക്ക് കലിയിളകി..
''അതല്ലെൻ്റെ അമ്മിണിയേ.. നിനക്കെന്തിനാ ഇപ്പോ സ്കൂട്ടറ്''..
''അത് അപ്പുറത്തെ സീതേച്ചി വാങ്ങിയതു കണ്ടിട്ടുള്ള അസൂയകൊണ്ടാ അച്ഛാ..''
അകത്ത് പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന മകൾ പുറത്തേക്ക് തലനീട്ടിക്കൊണ്ട് പറഞ്ഞു ..
''അതിനു നിനക്കെന്താ.. പോയിരുന്നു പഠിക്കെടീ''..
അമ്മിണി മകളുടെ നേരെ ചീറി..
''എടീ.. അതവൾക്ക് ജോലിക്ക് പോകാൻ വേണ്ടിയല്ലേ.. വീട്ടിൽത്തന്നെ കുത്തിയിരിക്കുന്ന നിനക്കെന്തിനാ സ്കൂട്ടർ ''..
വാസു കെട്ട്യോളെ അനുനയിപ്പിക്കാൻ ശ്രമിച്ചു..
''പിന്നേ ഒരു ജോലി.. ഏതോ ചിട്ടിക്കമ്പനിയുടെ പിരിവല്ലേ.. അല്ലാതെ അവളുടെ ഭാവം പോലെ കലക്ടറുദ്യോഗമൊന്നുമല്ലാലോ.. നിങ്ങക്ക് പണ്ടേയുള്ളതാ അവളെപ്പറ്റി പറയുമ്പോളുള്ള തേനൂറല്.. എനിക്കൊന്നും മനസ്സിലാകുന്നില്ലെന്ന് വിചാരിക്കണ്ട..''
അമ്മിണി കലിപ്പിൽത്തന്നെ..
''അതിനു നിനക്ക് സ്കൂട്ടറോടിക്കനറിയില്ലല്ലോ അമ്മിണീ...''
ചമ്മിപ്പോയ വാസു അടുത്ത അടവെടുത്തു..
''അതു ഞാൻ പഠിച്ചോളും.. എന്നിട്ട് വേണം എനിക്ക് അവളുടെ മുൻപിലൂടെ അവളേക്കാൾ സ്പീഡിൽ പോകാൻ ''..
അമ്മിണി ആവേശഭരിതയായി...
''നിനക്ക് പഠിക്കാനൊക്കെ ബുദ്ധിമുട്ടാവുമെടീ.. സെെക്കിളൊന്നും അറിയാത്തതല്ലേ..''
വാസു വീണ്ടും നിരുത്സാഹപ്പെടുത്താൻ നോക്കി..
''നിങ്ങളൊന്ന് മിണ്ടാതിരിക്ക് മനുഷ്യാ.. സെെക്കിളോടിക്കാൻ അറിഞ്ഞിട്ടല്ലേ നാട്ടിലുള്ള പെണ്ണുങ്ങളായ പെണ്ണുങ്ങളു മുഴുവൻ സ്കൂട്ടറോടിക്കുന്നത്.. നിങ്ങക്ക് കുശുമ്പാ''..
''അതല്ല.. അമ്മിണീ..''
''ഏതല്ല കുമ്മിണീ.. അതുതന്നെയാ കാര്യം .. നിങ്ങക്ക് അതൊന്നും ഓടിക്കാനറിയില്ലാലോ''..
അമ്മിണി അയാളെ നോക്കി മുഖം കോട്ടി..
''എന്നാ നീയൊരു കാര്യം ചെയ്യ് വേഗം വണ്ടി ഓടിക്കാൻ പഠിക്ക്.. എന്നിട്ട് നമുക്ക് വാങ്ങാം''..
വാസു കോംപ്രമെെസിനു റെഡിയായി..
''വാക്കാണല്ലോ.. ഇന്നേക്ക് പത്തു ദിവസത്തിനകം ഞാൻ വണ്ടിയോടിക്കാൻ പഠിച്ചിരിക്കും.. എൻ്റെ ഭഗവതിയാണെ സത്യം..''
അമ്മിണി ഉണ്ണയാർച്ചയെ പോലെ കെെയ്യിലടിച്ച് ശപഥം ചെയ്തു..
പിറ്റേന്ന് രാവിലെ തന്നെ അമ്മിണി ഡ്രെെവിംഗ് സ്കൂളിലെത്തി..
''ആദ്യം ലേണേഴ്സ് ലെെസൻസ് എടുക്കണം..
അതിനു ശേഷമേ പഠിക്കാൻ പറ്റൂ..''
ഡ്രെെവിംഗ് സ്കൂളിലെ പെൺകുട്ടി പറഞ്ഞു ..
''അതെന്തോന്നാ.. എനിക്ക് അതൊന്നും വേണ്ട.. നീ വേഗമൊന്നെന്നെ പഠിപ്പിച്ചു താ കൊച്ചേ.. പത്തു ദിവസത്തിനകം എനിക്ക് പഠിക്കണം..''
അമ്മിണി തിടുക്കം കൂട്ടി ..
''അതായത് , ചേച്ചിയ്ക്ക് റോഡ് നിയമങ്ങളൊക്കെ അറിയുമോ എന്നു നോക്കാൻ വേണ്ടി ഒരു പരീക്ഷ നടത്തും.. അതിൽ ജയിച്ചാലേ വണ്ടി പഠിക്കാൻ പറ്റൂ..''
പെൺകുട്ടി വ്യക്തമാക്കി..
''റോഡ് നിയമങ്ങളൊക്കെ ഞാൻ പിന്നെ പഠിച്ചോളാം... ഇപ്പോൾ എന്നെയൊന്ന് വണ്ടിയോടിക്കാൻ പഠിപ്പിച്ചു തന്നാമതി.. പെെസ എത്രയായാലും ഞാൻ തരാം.. ഇന്നു മുതൽ തുടങ്ങണം..''
അമ്മിണി അപേക്ഷാഭാവത്തിൽ പറഞ്ഞു..
''ശരി.. ചേച്ചിയുടെ ആഗ്രഹമല്ലേ.. തുടങ്ങിക്കളയാം..''
അങ്ങനെ അമ്മിണി വണ്ടിയിൽ കയറി .. പുറകിൽ ടീച്ചറും..
അമ്മിണിയ്ക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല.. ടീച്ചറുതന്നെ എല്ലാം ചെയ്തു.. വെറുതേയിരുന്നു കൊടുത്തു എന്നു മാത്രം.. ഇടയ്ക്കിടയ്ക്ക് ടീച്ചർ എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.. ആവേശത്തിലായതുകൊണ്ട് അമ്മിണി അതൊന്നും ശ്രദ്ധിച്ചതേയില്ല..
അന്നത്തെ പഠിത്തം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വാസു ചോദിച്ചു..
''എങ്ങനെയുണ്ടായിരുന്നു..''
''നിങ്ങളല്ലേ മനുഷ്യാ .. പറഞ്ഞത് സെെക്കിൾ അറിയണം എന്നൊക്കെ.. എത്ര എളുപ്പമാണെന്നറിയോ.. ഞാൻ നന്നായി ഓടിച്ചു..''
''അമ്മ ഒറ്റയ്ക്കാണോ ഓടിച്ചേ..''
മോള് അത്ഭുതപ്പെട്ടു..
''ഒറ്റയ്ക്കല്ല.. ടീച്ചറുണ്ടായിരുന്നു..''
രണ്ടു ദിവസം അങ്ങനെ കഴിഞ്ഞു..
മൂന്നാം ദിവസം അമ്മിണിയ്ക്ക് ഒറ്റയ്ക്ക് ഓടിക്കാൻ മോഹം തോന്നി..
''ചേച്ചി ഓടിക്കുമല്ലോ അല്ലേ.. ഞാൻ പറഞ്ഞു തന്നതൊക്കെ ഓർമ്മയുണ്ടല്ലോ..''
അമ്മിണി തല കുലുക്കി..
''എന്നാൽ കയറിക്കോ ചേച്ചീ..''
ടീച്ചർ പറഞ്ഞു ..
അമ്മിണി വണ്ടിയിൽ കയറിയിരുന്നു സ്‌റ്റാർട്ട് ചെയ്തു ആക്സിലേറ്റർ കൂട്ടി മുന്നോട്ടെടുത്തതും വണ്ടി യൊരു പോക്ക് പോയി.. ബാലൻസ് തെറ്റി അമ്മിണിയും വണ്ടിയും കൂടി താഴെ വീണു..
ടീച്ചർ ഓടി വന്നു എഴുന്നേൽപ്പിച്ചു..
കെെയ്യും കാലുമൊക്കെ മുറിഞ്ഞ് ചോര വരുന്നുണ്ടായിരുന്നു.. വേദന കടിച്ചു പിടിച്ചു വേച്ചു വേച്ചു അമ്മിണി വീട്ടിലേക്ക് നടന്നു ..
''ഇതെന്തു പറ്റി ''..
വീട്ടിലെത്തിയ അമ്മിണിയോട് വാസുവും മോളും ഒരേ സ്വരത്തിൽ ചോദിച്ചു..
''ഒന്നു വീണതാ..''
അമ്മിണി സങ്കടത്തിൽ പറഞ്ഞിട്ട് മുറിയിൽ ചെന്നു കിടന്നു..
ആഹാരം കഴിക്കാൻ വിളിച്ചിട്ടു പോലും എഴുന്നേൽക്കാതെ അന്നു മുഴുവൻ ഒരേ കിടപ്പായിരുന്നു..
രാവിലെ ആയപ്പോൾ പതുക്കെ എഴുന്നേറ്റ് വന്ന അമ്മിണിയോട് വാസു ചോദിച്ചു .
''നീയിന്ന് ഡ്രെെവിംഗ് ക്ളാസിനു പോകുന്നില്ലേ.''
സ്കൂട്ടർ എനിക്ക് ശരിയാവില്ല.. കാറാണ് നല്ലത്.. അതാവുമ്പോൾ മറിഞ്ഞു വീണ് നാണംകെടണ്ടല്ലോ.. എവിടെയെങ്കിലും ചെന്നു ഇടിക്കുകയല്ലേയുള്ളു.. നമുക്ക് സ്കൂട്ടർ വേണ്ട.. കാറു വാങ്ങാം..''
അമ്മിണിയുടെ മറുപടി കേട്ട് വാസു തലയിൽ കെെവെച്ചപ്പോൾ ചിരിയടക്കാൻ പാടുപെടുകയായിരുന്നു മകൾ..
അജിന സന്തോഷ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot