നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുഭാഷിണിയുടെ സുവിശേഷങ്ങൾ - Part 1

സുഭാഷിണിയുടെ സുവിശേഷങ്ങൾ
===========================
കഥ
------
ണിം.. ജോലിക്കിടയിലെ വിരസമായ നിമിഷങ്ങങ്ങൾക്കിടയിലാണ് പോക്കറ്റിൽ നിന്ന് ആ മണിനാദമുയർന്നത്.
രഞ്ജൻ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു നോക്കി...
മെസ്സേജ് വന്നതാണ്..
സുഭാഷിണി . N. S.
" ഹായ് "
രഞ്ജന്റെ നാഡീ ഞരമ്പുകളിൽ രക്തയോട്ടം വർദ്ധിച്ചു...
ഇന്നലെ പരിച്ചയപ്പെട്ടതാണ്.. പേര് കേട്ടപ്പോൾ ഏതോ പ്രായമായ സ്ത്രീയാണെന്നാണ് വിചാരിച്ചത്.
പരിച്ചയപ്പെട്ടപ്പോൾ വെറും മുപ്പത്തി രണ്ടു വയസ്സുകാരി. ഭർത്താവിന് ബിസിനസ്സാണ്. ഒരു കുട്ടിയുണ്ട്.
ആധുനിക താപസന്മാരുടെ ഉള്ളിൽ വരെ ലഡ്ഡു പൊട്ടിപ്പോകും.
പിന്നെയാണോ രഞ്ജൻ എന്ന ചെറിയ ചെറിയ കുരുത്തക്കേടുകൾ കൈവശമുള്ള യുവാവിന്റെ മനസ്സിൽ ലഡ്ഡു പൊട്ടാതിരിക്കുക.
പോരാഞ്ഞിട്ട് ഇങ്ങോട്ട് വന്നു മുട്ടുന്നു.
രഞ്ജന്റെ മനസ്സിൽ ഒരു വലിയ ബേക്കറിയിൽ ഉണ്ടാക്കി വെച്ചിട്ടുള്ള അത്രയും ലഡ്ഡു പടപടാന്നു പൊട്ടി.
ഈ കല്യാണം കഴിച്ചവരായാലും അല്ലാത്തവരായാലും ആണിനും പെണ്ണിനും ഒരുപോലെയുള്ള പ്രക്രിയയാണ് വായ്നോട്ടം.
ഒരു പെണ്ണിനെ പോലും വായ് നോക്കാത്ത ആണും ഒരു ആണിനെ പോലും വായ് നോക്കാത്ത പെണ്ണും ഉണ്ടാവില്ല എന്നതാണ് സത്യം...
എതിർലിംഗത്തോട് ആകർഷണം തോന്നുക എന്നത് പ്രകൃതി നിയമമാണ് ...
അങ്ങിനെ നോക്കുമ്പോൾ നമ്മുടെ രഞ്ജനും സാമാന്യം തരക്കേടില്ലാത്ത വായിനോക്കിയാണ്.
ഓ ... രഞ്ജനെ പരിചയപെടുത്താൻ മറന്നു...
രഞ്ജൻ മുപ്പത്തിയഞ്ച് വയസ്സ് പ്രായം... എൽഡി ക്ലർക്ക് ആണ്. കല്യാണം കഴിഞ്ഞതാണ് ഭാര്യ രേഷ്മ.. രണ്ടു കുട്ടികളുമുണ്ട്.. മൂത്തയാൾ മകൻ ആറു വയസ്സ്. ഇളയത് പെൺകുട്ടി മൂന്ന് വയസ്സ്. സന്തുഷ്ട കുടുംബം.
രഞ്ജന്റെ നേരെയാണ് മസാൽ ദോശ നീട്ടപ്പെട്ടിരിക്കുന്നത്.
ചിന്തിക്കുന്നവർ അന്തം കിട്ടാതുഴറും എന്ന ഈയുള്ളവന്റെ ആപ്‌തവാക്യം രഞ്ജനും അറിയാവുന്നത് കൊണ്ട് രഞ്ജൻ കൂടുതൽ ഒന്നും ചിന്തിച്ചില്ല.
കൊടുത്തു ഇംഗ്ലീഷ് അക്ഷരമാലയിലെ i അക്ഷരം കൂട്ടിയിട്ടിട്ടുള്ള ഒരു ഹായ്.. ( haiiiii)
അതാ സുഭാഷിണി N.S ന്റെ ചിരിക്കുന്ന കുഞ്ഞിന്റെ പ്രൊഫൈൽ പിക്ചർ കുഞ്ഞു വട്ടത്തിനുള്ളിലാക്കിയത് രഞ്ജന്റെ ഹായ് യുടെ നേരെ വന്നു വീണു.
"സുഖമാണോ " അവിടുന്ന് ചോദ്യം വന്നു.
" അതേ ഇയാൾക്കോ."..
"mm "
എന്ത് ചെയ്യുന്നു എന്ന രഞ്ജന്റെ ചോദ്യത്തിന് ചാറ്റിംഗ് കണ്ടു പിടിച്ച അന്ന് മുതൽ ഒരു മാറ്റവും കൂടാതെ നിൽക്കുന്ന ആ വളിച്ചു പുളിച്ച മറുപടി എത്തി
" ചാറ്റ് ചെയ്യുന്നു "
രഞ്ജൻ ഒരു സ്മൈലി അയച്ചു. സുഭാഷിണി രണ്ടു സ്മൈലി അയച്ചു.
അങ്ങിനെ രഞ്ജന്റെ വിരസമായ ജോലി സമയം വർണ്ണാഭമായി.
സ്മൈലികളും അക്ഷരങ്ങളും ഒന്ന് ചേർന്ന് നൃത്തം ചവിട്ടുന്ന ആ ചാറ്റ് മഴയിൽ നനഞ്ഞതുകൊണ്ടാകും രഞ്ജന്റെ മുഖത്തിതുവരെയില്ലാത്ത ഒരു മന്ദഹാസം വിരിഞ്ഞു.
കല്യാണം കഴിഞ്ഞോ എന്ന ചോദ്യത്തിന് മുമ്പിൽ മാത്രം രഞ്ജൻ ഒന്ന് പകച്ചു.
സുന്ദരിയും സുശീലയും സ്നേഹനിധിയുമായ ഭാര്യ രേഷ്മയുടെ മുഖം ഒരുനിമിഷം മനസ്സിൽ തെളിഞ്ഞു.
നോക്കി നിൽക്കെ മനസ്സിൽ തെളിഞ്ഞ രേഷ്മയുടെ ചിരിക്കുന്ന മുഖഭാവം പതുക്കെ മാറുന്നതും അവിടെ ദേഷ്യം ഇരച്ചു കയറി വരുന്നതും ഒരു കയ്യിൽ ഉലക്കയും മറുകയ്യിൽ ചൂലും പ്രത്യക്ഷപ്പെടുന്നതും കാണാൻ സാധിച്ചു.
രഞ്ജൻ വേഗം മനസ്സിന്റെ വാതിൽ അടച്ചു കുറ്റിയിട്ടു.
സുഭാഷിണിയുടെ ചോദ്യം മുഖത്തിന് നേരെ വന്നു കുത്തുന്നു.
കുത്തു കൊള്ളുന്നതും വേദനിക്കുന്നതും മനസ്സിന് തന്നെയാണല്ലോ...
എന്ത് മറുപടി കൊടുക്കും.
ഫേസ്ബുക്കിൽ കല്യാണം കഴിഞ്ഞ സ്ത്രീകൾക്കാണു മാർക്കറ്റ് കൂടുതലെങ്കിൽ കല്യാണം കഴിഞ്ഞ പുരുഷന്മാർക്ക് മാർക്കറ്റ് തീരെയില്ല എന്ന രഹസ്യമായ പരസ്യ സത്യം രഞ്ജന്റെ ചെവിയിൽ വന്നു പറഞ്ഞു ഇല്ലയെന്ന് പറയാൻ.
ചിന്തിച്ചിരിക്കുന്ന സമയത്ത് അടുത്ത മെസ്സേജ് വന്നു
"ഹലോ പോയോ " .
" നെറ്റ് പോയി " രഞ്ജൻ മറുപടി അയച്ചു.
" ഓക്കേ. കല്യാണം കഴിഞ്ഞോ.. പറഞ്ഞില്ല " സുഭാഷിണിയുടെ മെസ്സേജ്.
രഞ്ജന്റെ മനസ്സിൽ സ്നേഹനിധിയായ ഭാര്യയുടെ മുഖം വീണ്ടും തെളിഞ്ഞു വന്നു..
ആ മുഖത്തെ നിഷ്കളങ്കത തെളിഞ്ഞു കണ്ടപ്പോൾ സുഭാഷിണി പോകുവാണെങ്കിൽ പൊയ്ക്കോട്ടേ എന്ന് ചിന്തിച്ചു രണ്ടും കല്പിച്ചു തന്നെ ടൈപ്പ് ചെയ്യാൻ തുടങ്ങി.
" കഴിഞ്ഞു.. രണ്ടു കുട്ടികളുമുണ്ട്. "
അയച്ചു കഴിഞ്ഞ അടുത്ത നിമിഷത്തിൽ തന്നെ സുഭാഷിണി കണ്ടു എന്നത് കാണാൻ സാധിച്ചു.
ഒരു നിമിഷത്തെ നിശബ്ദത..
രഞ്ജന്റെ മനസ്സിൽ വൈകിട്ടത്തെ സീരിയലിന്റെ ടെൻഷൻ മ്യൂസിക് മുഴങ്ങി.
മനസ്സിനുള്ളിൽ മോഹൻലാലിന്റെ ഡോ വാര്യരെ കുട്ടി മിണ്ടണില്ലാട്ടോ എന്ന ഡയലോഗ് ഒരുപാട് തവണ മുഴങ്ങി..
മറുപടി ടൈപ്പ് ചെയ്യുന്നത് ഒന്നും കാണാനില്ല..
കഴിഞ്ഞോ.. ഇനി മിണ്ടില്ലായിരിക്കുമോ..
മൊബൈലിലേക്കും നോക്കി ശ്വാസം പോലും വിടാൻ മറന്നു ഉത്കണ്ഠയോടെ രഞ്ജൻ ഇരുന്നു...
ഒടുവിൽ രണ്ടും കല്പിച്ചു അങ്ങോട്ട് മെസ്സേജ് വിട്ടു..." ഹലോ...? എന്ത് പറ്റി....? "
വീണ്ടും കണ്ടതായുള്ള അടയാളം കിട്ടി.
" ഇവിടുണ്ട്... മോൻ ഉണർന്നതാണ്.." മറുപടി സന്ദേശം കിട്ടിയപ്പോൾ രഞ്ജന്റെ നെഞ്ചിൽ കെട്ടിക്കിടന്ന ശ്വാസമെല്ലാം ഒരുമിച്ചു ദീർഘശ്വാസമായി പുറത്തേക്ക് വന്നു..
മനസ്സിൽ തെളിഞ്ഞു നിന്നിരുന്ന സ്നേഹനിധിയായ ഭാര്യയുടെ ചിത്രത്തിന് മങ്ങലേറ്റു....
മാത്രമല്ല മനസ്സിന്റെ ഭിത്തിയിൽ ആണിയടിച്ചു തൂക്കിയിരുന്ന ആ ചിത്രം സുഭാഷിണിയുടെ ചിന്തകളാകുന്ന കാറ്റിൽ പാറിപ്പറന്നു എങ്ങോട്ടോ പോയി.
നിമിഷനേരത്തിനുള്ളിൽ നടന്ന ഈ അന്തർനാടകങ്ങൾക്കൊടുവിൽ രഞ്ജൻ വീണ്ടും ചോദിച്ചു.
" എന്താ ഒന്നും മിണ്ടാത്തത് "
"ഒരു മിനിറ്റ് മോനെ ഉറക്കിയിട്ട് ഇപ്പൊ വരാട്ടോ "
" ഓക്കേ " രഞ്ജൻ മറുപടി കൊടുത്തു.
നിങ്ങൾക്കൊരു കാര്യമറിയുമോ ഈ ലോകത്ത് ആണുങ്ങളുടെ ഹൃദയം ഒരിക്കലും വേദനിക്കരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും വേദനിപ്പിക്കുന്നതും സ്ത്രീകൾ തന്നെയാണ് എന്ന സത്യം.
ആയിരം പേരോട് ഒരേ സമയം ചാറ്റ് ചെയ്തു തിരക്കിലാണെങ്കിലും ഒരു സ്ത്രീയും അത് തുറന്നു പറയില്ല. മറിച്ചു തുണി അലക്കാനുണ്ട് , അരി അടുപ്പത്താണ് എന്നിങ്ങനെയുള്ള കാരണങ്ങളെ പറയൂ. കാരണം അവർക്കറിയാം കുശുമ്പ് , സ്വാർത്ഥത എന്നത് സ്ത്രീകളുടെ തുല്യ അളവിൽ പുരുഷന്മാർക്കും ഉണ്ടെന്നുള്ള കാര്യം.
ഇനി പുരുഷന്മാർ സത്യം പറയും എന്നാണോ വിചാരം അവർ അതിനേക്കാൾ നുണയന്മാർ ആണ്.
ചുരുക്കി പറഞ്ഞാൽ മുഖത്തിന് നേരെ നോക്കി കള്ളം പറയാൻ മടിയില്ലാത്ത മനുഷ്യർക്കാണോ മുഖം നോക്കാതെ കള്ളം പറയാൻ മടി തോന്നുക.
അയ്യോ സുഭാഷിണിയും രഞ്ജനും എന്തിയേ ആവോ..
ആ ഇവിടുണ്ട്.
രഞ്ജൻ മൊബൈലിൽ നിന്നും മുഖമുയർത്തി ചുറ്റുമൊന്നു നോക്കി.
മനസ്സിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സുഭാഷിണിയുടെ മുഖം വരയ്ക്കാൻ ശ്രമം തുടങ്ങി.
ഒറ്റ ചാറ്റ് കൊണ്ട് ഇത്രയ്ക്ക് ഇളകി പോകുമോ പുരുഷ ഹൃദയം ...
ഇല്ലേ .. ഇല്ലേ.. നിങ്ങൾക്കും സംശയം തോന്നിയില്ലേ...
ഇളകും ..
അതങ്ങിനെയാണ്..
ഈ എതിർലിംഗത്തോടുള്ള ആകർഷണം മൂലമാണ് പണ്ട് പുരാണങ്ങൾ മുതൽ മുതലെടുപ്പിന് പുരുഷന്മാർക്കെതിരെ സ്ത്രീകളെയും സ്ത്രീകൾക്കെതിരെ പുരുഷന്മാരെയും ഉപയോഗിച്ചിട്ടുള്ളത്.
രഞ്ജന്റെ ഓഫീസിലെ നേരെയിരിക്കുന്ന സുഗുണൻ സൈഡിൽ ഇരിക്കുന്ന സതീശൻ പുറകിൽ ഇരിക്കുന്ന ഗീത , അംബിക , രാജൻ ഇവർക്കൊക്കെയുണ്ട്..
എന്തോന്നാ..
മലയാളി സെറ്റ് അപ്പ് എന്നോമനപ്പേരിട്ടു വിളിക്കുന്ന ഗേൾ ഫ്രണ്ട് , ബോയ് ഫ്രണ്ട് വിഭാഗം..
ഇന്നത്തെ കേരളത്തിന്റെ അവിഭാജ്യ ഘടകം തന്നെ..
രഞ്ജനു മാത്രം ഇതുവരെ ഒന്നുമില്ലായിരുന്നു.
അങ്ങനെയിരിക്കുമ്പോ ഇങ്ങോട്ടൊരെണ്ണം വന്നു മുട്ടിയാൽ പിന്നെ ഇളകാതിരിക്കുമോ.. ഇളകും..
നല്ല കൊടുങ്കാറ്റിൽ ഇളകുന്നത്ത് പോലെ ഇളകും.
" ഹലോ അവിടെയുണ്ടോ " അതാ സുഭാഷിണിയുടെ അടുത്ത മെസ്സേജ് വന്നു...
ഇനി ഇവർ തമ്മിൽ നല്ല ചാറ്റിംഗ് ആയിരിക്കും.
കാരണം സുഭാഷിണി മോനെയൊക്കെയുറക്കി ഫ്രീ ആയി വന്നതാണ്.
അതുകൊണ്ട് നമുക്കത് സംഭാഷണ രൂപത്തിൽ വായിക്കാം.
രഞ്ജൻ :- ഉണ്ട് പറയൂ
സുഭാഷിണി :- വൈഫ് എന്ത് ചെയ്യുന്നു
രഞ്ജൻ :- ഹൗസ് വൈഫാണ്.
സുഭാഷിണി :- സുന്ദരിയാണോ ( ഈ ചോദ്യം എന്തുകൊണ്ടാണ് എല്ലാ സ്ത്രീകളും ചോദിക്കുന്നത് എന്നതിന്റെ രഹസ്യം ഇന്നേവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല ..)
രഞ്ജൻ :- കുഴപ്പമില്ല
സുഭാഷിണി :- ഓ
രഞ്ജൻ :- എന്താ ഒരു ഗൗരവം
സുഭാഷിണി :- എനിക്കോ... ഏയ് അങ്ങിനൊന്നുമില്ലല്ലോ.
രഞ്ജൻ :- അല്ല കല്യാണം കഴിഞ്ഞതാണ് എന്ന് പറഞ്ഞപ്പോൾ മുതൽ സംഭാഷണത്തിൽ ഒരകലം പോലെ.
സുഭാഷിണി :- അയ്യോ അങ്ങിനൊന്നും ഇല്ല. അതിലെന്താണ് കുഴപ്പം എന്റെയും കല്യാണം കഴിഞ്ഞതല്ലേ.. കല്യാണം കഴിഞ്ഞവർ തമ്മിൽ സുഹൃത്തുക്കളാകാൻ പാടില്ല എന്ന് നിയമമൊന്നും വന്നിട്ടില്ലല്ലോ.
രഞ്ജന്റെ മനസ്സിലെ കുറ്റബോധം മൂലം വണ്ടി കല്ലും മുള്ളും നിറഞ്ഞ കാട്ടു പാതയിലൂടെ ആണെന്ന് തോന്നിയിരുന്നു.
പക്ഷേ വണ്ടി വീണ്ടും ഹൈവേയിൽ തന്നെയാണെന്ന് രഞ്ജനു മനസ്സിലായി.
എന്തിനധികം പറയുന്നു അരമണിക്കൂർ എടുത്തു ഉച്ചയൂണ് ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്ന രഞ്ജൻ വെറും അഞ്ചു മിനിറ്റ് കൊണ്ട് ഊണ് കഴിച്ചു തീർത്തു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമല്ലോ രഞ്ജനു ആ ചാറ്റിംഗ് എത്രമാത്രം ഇഷ്ടപ്പെട്ടു എന്നത്.
എന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഭാര്യ രേഷ്മയെ വിളിച്ചു കുശലാന്വേഷണം നടത്തുക എന്നൊരു പതിവ് സാധാരണ ഭർത്താക്കന്മാരുടെ പോലെ രഞ്ജനുമുണ്ടായിരുന്നു.
ഇപ്പൊ ഇത് വായിക്കുന്ന ചില ഭർത്താക്കന്മാർ ചിന്തിക്കും എന്തിനാ അതൊക്കെ അതിന്റെ ആവശ്യമുണ്ടോ എന്ന്.
വേണം ....
കാരണം ഈ പെണ്ണുങ്ങൾക്ക് അവരെ ഓർക്കുന്നുണ്ട് എന്നറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം.
സുഭാഷിണി വരാറായിട്ടില്ല എന്ന് തോന്നുന്നു
രഞ്ജൻ ഇന്ന് രേഷ്മയെ പോലും വിളിക്കാതെ ഫോണും കയ്യിൽ പിടിച്ചു ഇരിക്കുകയാണ്
കാരണം എപ്പോഴാണ് സുഭാഷിണിയുടെ അടുത്ത മെസ്സേജ് വരിക എന്നറിയില്ലല്ലോ..
രേഷ്മയെ വിളിക്കുന്ന സമയത്താണ് മെസ്സേജ് വരുന്നത് എങ്കിൽ അത് മിസ്സായാൽ പിന്നെ വന്നില്ലെങ്കിലോ.
ആ രഞ്ജൻ അങ്ങിനെയിരിക്കട്ടെ ഞാൻ ഭാര്യാ ഭർത്തൃ ബന്ധത്തിൽ ഫോൺ വിളിക്കുള്ള ഇന്നത്തെ അവസ്ഥ ഒന്ന് വിശദീകരിക്കാം.
ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹത്തെ നമുക്ക് പനിയോടുപമിക്കാം
ഫോൺ വിളിയെ ഗുളികയോടും.
നല്ല പനിയുള്ളപ്പോൾ നമ്മൾ ഗുളിക മൂന്ന് നേരമോ അതിൽ കൂടുതലോ തവണ കഴിക്കും.
.പിന്നെ അത് രണ്ടു നേരമാകും പിന്നെ ഏതെങ്കിലും ഒരു നേരം
പിന്നെ ഗുളികയെ കുറിച്ചു ഓർക്കുക വരെയില്ല.
കല്യാണം കഴിയുന്ന സമയത്ത് ഈ സ്നേഹമാകുന്ന പനി എപ്പോഴുമുണ്ടാകും.
അപ്പോൾ ഗുളിക കഴിക്കുന്നതിന്റെ എണ്ണമൊന്നും നോക്കില്ല.
പിന്നെ പിന്നെ അത് പതുക്കെ പതുക്കെ കുറഞ്ഞു കുറഞ്ഞു വരും.
പിന്നെ ഗുളിക എന്ന് കേൾക്കുമ്പോഴോ കാണുമ്പോഴോ കലി വരും.
അതുകൊണ്ട് ഇടയ്ക്ക് പനി വരുന്നത് തന്നെയാണ് ആരോഗ്യത്തിന് നല്ലത്.
സുഭാഷിണി വന്നെന്ന് തോന്നുന്നു രഞ്ജൻ മൊബൈലിലേക്ക് നോക്കി ഇളകിയിരിക്കുന്നുണ്ട്.
ഏയ് അല്ല ....
രേഷ്മ വിളിച്ചതാണ്.
പാവം രേഷ്മ അവളുണ്ടോ ഇത് വല്ലതും അറിയുന്നു പതിവ് വിളി കാണാതായപ്പോൾ അവൾ ഇങ്ങോട്ടു വിളിച്ചതാണ്.
" ഹലോ... എന്താ രഞ്ജേട്ടാ വിളിക്കാതിരുന്നത്. "
"ഒന്നുമില്ല രേഷ്മാ കുറച്ചു വർക്ക് പെന്റിങ്ങുണ്ട് ഇത്തിരി ബിസിയാണ് അതാ ഞാൻ വൈകിട്ട് വരുമ്പോൾ വല്ലതും വാങ്ങിക്കേണ്ടതുണ്ടോ "
" ഇല്ല രഞ്ജേട്ടാ "
" ഓക്കേ എന്നാൽ നീ വെച്ചോ വൈകിട്ട് കാണാം. എനിക്കൊരു അർജന്റ് ഫയൽ തീർക്കാനുണ്ട് ..ബൈ ഡാ "
രഞ്ജൻ മറുപടി കേൾക്കാൻ പോലും നിൽക്കാതെ ഫോൺ കട്ട് ചെയ്തു.
തുടർന്ന് വെള്ളത്തിനടിയിൽ മീനിന്റെ വരവും നോക്കി കാത്തു നിൽക്കുന്ന കൊക്കിനെ പോലെ ഫോണിലേക്കും നോക്കിയിരിപ്പായി.
ആ ആത്മാർത്ഥത നിറഞ്ഞു തുളുമ്പിയുള്ള കാത്തിരിപ്പിന് ഫലമില്ലാതെ പോയില്ല. വീണ്ടും സുഭാഷിണിയുടെ ചിരിക്കുന്ന കുഞ്ഞിന്റെ തല ഹായ് കൊണ്ട് വന്നു.
രഞ്ജന്റെ ചിരിക്കുന്ന മുഖവും ഹായ് കൊടുത്തു.
പിന്നീട് വിശേഷങ്ങളുടെ ചോദ്യോത്തരങ്ങളുടെ അക്ഷരങ്ങളും സ്മൈലികളും ഇൻബോക്സുകളിൽ നൃത്തമാടുന്നതിനിടയിൽ രഞ്ജന്റെ മനസ്സ് പറക്കുകയായിരുന്നു അല്ല പറത്തുകയായിരുന്നു സുഭാഷിണി...
രണ്ടുപേരും കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു...
നല്ലതിനോ ചീത്തയ്ക്കോ എന്നറിയില്ല... എന്തായാലും അത് കാലം തെളിയിക്കട്ടെ
.
കുറച്ചു സംഭാഷണങ്ങൾക്ക് ശേഷം സുഭാഷിണി വിളിച്ചു " രഞ്ജൻ "
" യെസ് സുഭാഷിണി .. പറയൂ "
സുഭാഷിണി :- എന്റെ ജീവിതത്തിൽ ഞാൻ ഇത്രയധികം സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല... രഞ്ജനോട് ഒരുപാട് നന്ദി പറയുന്നു. താങ്കളോട് സംസാരിച്ചിരിക്കാൻ തന്നെ നല്ല രസമാണ്. സമയം പോകുന്നതെ അറിയില്ല.. താങ്ക് യൂ വെരി മച്ച് രഞ്ജൻ.
രഞ്ജൻ :- അയ്യോ എന്തായിത്.. സത്യത്തിൽ ഞാനാണ് സുഭാഷിണിക്ക് നന്ദി പറയേണ്ടത്.
സുഭാഷിണി :- അതല്ല രഞ്ജൻ ... എന്റെ ഭർത്താവിന് എന്നെ വളരെ ഇഷ്ടമാണ്. എന്റെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്തിയിട്ടില്ല.. പക്ഷേ തുറന്ന് എന്നെ സ്നേഹിക്കാറില്ല.. പലപ്പോഴും അദ്ദേഹം അദ്ദേഹത്തിന്റെ കടമകൾ മാത്രം ചെയ്യുകയാണ് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.. ഉണ്ണാനും ഉടുക്കാനും കൊടുക്കുന്നതാണ് ഭാര്യയോടുള്ള സ്നേഹം എന്ന് ചിന്തിക്കുന്ന ഒരുപാട് ഭർത്താക്കന്മാരിൽ ഒരാളാണ് എന്റെ ഭർത്താവും.. പക്ഷേ അത് സ്നേഹമല്ല കടമ മാത്രമാണ്.. .. രഞ്ജൻ.... ബോറടിക്കുന്നുണ്ടോ
രഞ്ജൻ :- ഇല്ല സുഭാഷിണി പറഞ്ഞോളൂ...
സുഭാഷിണി :- ഞാൻ ഇതൊക്കെ പറയുന്നത് ശരിയാണോ എന്നറിയില്ല ഏതാനും മണിക്കൂറുകളുടെ പരിചയം വെച്ച് തുറന്ന് സംസാരിക്കുന്ന ഒരുവളെക്കുറിച്ചു രഞ്ജൻ എന്ത് ചിന്തിക്കും എന്നും എനിക്കറിയില്ല.. താങ്കൾ ഒരു നല്ല സുഹൃത്തായി തോന്നി.. എന്തും തുറന്ന് സംസാരിക്കാമെന്നും തോന്നി അതാണ് പറഞ്ഞതും... ബുദ്ധിമുട്ടാണെങ്കിൽ ഇനിയൊന്നും പറയുന്നില്ല...
രഞ്ജൻ :- എന്ത് ബുദ്ധിമുട്ട് സുഭാഷിണി പറഞ്ഞോളൂ നോ പ്രോബ്ലം..
സുഭാഷിണി :- താങ്ക് യു രഞ്ജൻ... തെറ്റിദ്ധരിക്കരുത്... ചില ഭർത്താക്കന്മാരുടെ ധാരണ ദാമ്പത്യം എന്നാൽ സെക്സ് മാത്രമാണെന്നാണ്.. വിവാഹം എന്നത് അതിനുള്ള ഒരു ലൈസൻസ് കൂടിയാണെന്നത് ശരി തന്നെ... പക്ഷേ ഒരിക്കലും ഒരു സ്ത്രീയും തന്റെ കടമകൾ കൃത്യമായി നിറവേറ്റുകയും മുറ തെറ്റാതെ സെക്സ് ചെയ്യുകയും ചെയ്യുന്ന ഒരു ഭർത്താവിൽ പൂർണ്ണ സംതൃപ്ത ആയിരിക്കില്ല... എല്ലാ സ്ത്രീകളും കുസൃതി ഇഷ്ടപ്പെടുന്നവരാണ്... ഒരർത്ഥത്തിൽ പറഞ്ഞാൽ സ്ത്രീ എത്ര മുതിർന്നാലും കുഞ്ഞുങ്ങളുടെ ഒരു മനസ്സ് അവളിൽ ഉണ്ടാവും എന്നത് സത്യമാണ്. ആ മനസ്സിൽ വാശി , കുശുമ്പ് , പിണക്കം , പരിഭവം എല്ലാം അവൾ ഒളിപ്പിച്ചു വെയ്ക്കും.
രഞ്ജൻ എന്താണ് പറയേണ്ടത് എന്നറിയാതെ റേഡിയോ കേൾക്കുന്ന പ്രേക്ഷകനെ പോലെ മൊബൈലും നോക്കിയിരുന്നു. സുഭാഷിണി വീണ്ടും ടൈപ്പ് ചെയ്യുന്നത് കാണാൻ സാധിച്ചു.
സുഭാഷിണി :- ഏത് സ്ത്രീയും കൂടുതലായി ആഗ്രഹിക്കുന്ന ഒന്നാണ് പരിഗണന... കാരണം ചെറുപ്പം മുതലേ അവളുടെ സ്വാതന്ത്ര്യത്തിന് വിലക്കുകൾ ഏർപ്പെട്ടാണ് അവൾ വളരുന്നത് നാളെ മറ്റൊരു വീട്ടിൽ ജീവിക്കേണ്ട പെണ്ണാണ് അടങ്ങിയൊതുങ്ങി ജീവിച്ചോളൂ എന്ന ശാസന കേൾക്കാത്ത ഒരു സ്ത്രീയും ഉണ്ടാവില്ല എന്നതാണ് സത്യം. തലമുറ തലമുറയായി കേൾക്കുന്ന ആ വാചകം നാളെ അവളും അവളുടെ മകൾക്ക് പകർന്നു കൊടുക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ സ്ത്രീകളുടെ ഉള്ളിന്റെ ഉള്ളിലും താൻ രണ്ടാം തരമാണ് എന്നൊരു ചിന്തയുണ്ടാകും. ഏതൊരു ഭർത്താവും ശ്രമിക്കേണ്ടത് ആ ചിന്ത മാറ്റി തുല്യ പരിഗണന അവൾക്കുണ്ട് എന്ന് അവളെ ബോധ്യപ്പെടുത്താനാണ്. പക്ഷേ ഞാൻ മികച്ചത് എന്നൊരു ഭാവം പുരുഷന് ഉള്ളത് കാരണം അവൻ അതിന് ശ്രമിക്കാറില്ല. ആ ഭാവവും പുരുഷന് ഉണ്ടാകുന്നത് ചെറുപ്പത്തിൽ വളർന്നു വരുന്ന സാഹചര്യങ്ങളിലൂടെയാണ്. എല്ലാത്തിലും പരിഗണന കിട്ടി വളരുമ്പോൾ താൻ എന്തോ ആണ് എന്ന് സ്വയം മനസ്സിൽ തോന്നുന്ന ചിന്ത.
സുഭാഷിണിയുടെ തുറന്ന് പറച്ചിലുകൾ വായിച്ചു കൊണ്ടിരുന്ന രഞ്ജനു ആദ്യം തോന്നിയിരുന്ന താല്പര്യം നഷ്ടപ്പെട്ടു എന്നത് സത്യമാണ്. ഇപ്പോൾ ഒരു അധ്യാപകന്റെ മുമ്പിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെ ഭാവമാണ് രഞ്ജന്റെ മുഖത്ത്.
സുഭാഷിണി :- രഞ്ജൻ അവിടുണ്ടോ.
രഞ്ജൻ :- ഉണ്ട് സുഭാഷിണി പറഞ്ഞോളൂ. ഞാൻ വായിക്കുന്നുണ്ട്.
സുഭാഷിണി :- രഞ്ജനെ ഞാൻ ബോറടിപ്പിക്കുകയാണ് എനിക്കറിയാം. പക്ഷേ എനിക്കിതൊക്കെ ആരോടെങ്കിലും തുറന്നു പറയണം. രഞ്ജനെ പോലെ എല്ലാം മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ പരിചയപ്പെട്ടിട്ടു പറഞ്ഞില്ലെങ്കിൽ ഞാൻ പിന്നെ ആരോട് പറയാനാണ്.
രഞ്ജനു അത് വായിച്ചപ്പോൾ മനസ്സിനൊരു സുഖം തോന്നി.. ( ഇത് കാണുന്ന നമുക്ക് ബോറടിച്ചു തുടങ്ങി പിന്നെയാ മനസ്സിൽ ഒരുപാട് പ്രതീക്ഷയുമായി വന്ന രഞ്ജൻ. പാവം ... ഇതിലും വലുതെന്തോ വരാനിരുന്നതാ.. ആ മുഖത്തേക്ക് നോക്കി കഴിഞ്ഞാൽ നമ്മളായാലും പൊട്ടിക്കരഞ്ഞു പോകും. )
രഞ്ജൻ :- അതിനെന്താ സുഭാഷിണിക്ക് എന്നോട് എന്തും പറയാം. ഞാൻ സുഭാഷിണിയുടെ നല്ലൊരു സുഹൃത്തായിരിക്കും എന്നും.
സുഭാഷിണി :- mm
ലോകത്തുള്ള എല്ലാ സ്ത്രീകളും ചാറ്റ് ചെയ്യുമ്പോൾ നിർബന്ധമായും ഉപയോഗിക്കണം എന്ന് നിയമമുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ ' m ' എന്ന അക്ഷരം രണ്ടെണ്ണം മറുപടിയായി വന്നു.
സുഭാഷിണി :- പിന്നെ സ്ത്രീയ്ക്ക് വേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിൽ അടുത്തത് ലാളനയാണ്. അവളോട് കുസൃതി കാണിക്കുക , തമാശയ്ക്ക് നുള്ളുക , അടുക്കളയിൽ പണിയെടുത്തു കൊണ്ടിരിക്കുമ്പോൾ സഹായിക്കുന്ന സമയത്ത് വേറാരും ഇല്ലാത്തപ്പോൾ അപ്രതീക്ഷിതമായി ഉമ്മ കൊടുക്കുക. ഇതൊക്കെ ഏത് സ്ത്രീയും പുരുഷനിൽ നിന്ന് കൊതിക്കുന്നതാണ്.
രഞ്ജൻ :- 👍
സുഭാഷിണി :- പിന്നീടുള്ള ഒന്നാണ് സമ്മാനം. ഒരുപാട് വില പിടിപ്പുള്ളത് ഒന്നും വേണ്ട , അവൾക്കെന്നു എന്തെങ്കിലും വാങ്ങി അപ്രതീക്ഷിതമായി കൊടുത്താൽ ഏത് പെണ്ണും സന്തോഷിക്കും. പക്ഷേ ഭൂരിഭാഗം ഭർത്താക്കന്മാരും ഭാര്യമാർ പത്ത് പ്രാവശ്യം എന്തെങ്കിലും വാങ്ങാൻ ആവശ്യപ്പെട്ടാൽ ഒരു പ്രാവശ്യം വാങ്ങിച്ചു കൊടുക്കുന്നവരാണ്. ഇതെല്ലാം ഒരു പുരുഷൻ ചെയ്യാൻ തയ്യാറായാൽ അവിടെ മുമ്പു പറഞ്ഞ സെക്സ് , കടമ എന്നതിന്റെ കൂടെ സ്നേഹം തുല്യ അളവിൽ ചേർക്കപ്പെടുന്നു. അങ്ങിനെയുള്ള ദാമ്പത്യത്തിന് ഉറപ്പ് കൂടുതലാകും. പക്ഷേ എന്റെ ഭർത്താവിന് മാത്രമല്ല ഭൂരിഭാഗം ഭർത്താക്കന്മാർക്ക് ഇതൊന്നും അറിയില്ല എന്നതാണ് സത്യം.
രഞ്ജൻ :- വളരെ ശരിയാണ് സുഭാഷിണി.
സുഭാഷിണി :- രഞ്ജനു വേറൊരു കാര്യം അറിയുമോ.. ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നവരാണ് സ്ത്രീകൾ. എത്ര വലിയ തന്റേടി ആണെങ്കിലും ചിലപ്പോൾ നിസ്സാര കാര്യത്തിന് മുമ്പിൽ തകർന്നു പോകും. അതുകൊണ്ട് തന്നെയാണ് സ്ത്രീകളെ ദുഃഖ പുത്രിമാരായി ആദിമ കാലം മുതൽക്കേ ചിത്രീകരിച്ചിട്ടുള്ളത്. രഞ്ജന്റെ ഒരു ദിവസം ഞാൻ നശിപ്പിച്ചു അല്ലേ. ??? ജോലിത്തിരക്കിനിടയിൽ ഞാൻ വെറുതെ ഓരോന്നും പറഞ്ഞു... സോറി രഞ്ജൻ...
രഞ്ജൻ :- അത് സാരമില്ല സുഭാഷിണി.... സത്യത്തിൽ എനിക്ക് കുറേ അറിവുകൾ പകർന്ന് തരികയാണ് താങ്കൾ ചെയ്തത്. പക്ഷേ എനിക്ക് എതിരഭിപ്രായമുണ്ട്.
രഞ്ജൻ :- താങ്കൾ അവസാനം പറഞ്ഞ മാനസിക സംഘർഷത്തിന്റെ കാര്യത്തിൽ ഒരു കാര്യം ഞാൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു. സുഭാഷിണി പറഞ്ഞത് ശരിയായിരിക്കാം ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്നത് സ്ത്രീകളായിരിക്കാം.പക്ഷേ എന്റെ അഭിപ്രായത്തിൽ മാനസിക സംഘർഷം കൊണ്ടുള്ള ബുദ്ധിമുട്ട് ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് പുരുഷന്മാരാണ്. കാരണം സ്ത്രീകൾക്ക് കരഞ്ഞിട്ടാണെങ്കിലും മനസ്സ് ശാന്തമാക്കും. പക്ഷേ പുരുഷന്മാർക്ക് കരയാൻ അവകാശമില്ല. നീയൊരു ആണല്ലേ ഇങ്ങിനെ കരയാൻ പാടുണ്ടോ എന്ന ചോദ്യമാണ് കൂടുതൽ കേൾക്കേണ്ടി വരിക. അതുകൊണ്ട് അവൻ എല്ലാ സംഘർഷവും ഉള്ളിലടക്കുന്നു. അതിങ്ങനെ അഗ്നിപർവ്വതത്തിന്റെ ലാവ പോലെ മനസ്സിൽ കിടന്നു തിളച്ചു മറിയുന്നു. അടക്കാൻ പറ്റാത്ത സാഹചര്യത്തിൽ അത് ദേഷ്യത്തിന്റെ രൂപത്തിൽ പുറത്തേക്ക് വരുന്നു . ഒരു സ്ത്രീകൾക്കും മനസ്സ് കാണാൻ സാധിക്കില്ല. അവരുടെ കണ്ണിൽ പൊട്ടിത്തെറി മാത്രമേ കാണൂ... കാരണം സ്ത്രീകൾക്ക് ബാഹ്യമായി കാണുന്നതിനോടും കിട്ടുന്നതിനോടുമാണ് താല്പര്യം കൂടുതൽ പുരുഷന്മാർക്ക് തിരിച്ചും. അവർ ആസ്വദിക്കുന്നതും സംതൃപ്തി അടയുന്നതും മനസ്സുകൊണ്ടായിരിക്കും. ലളിതമായി പറഞ്ഞാൽ സ്ത്രീകൾക്ക് സ്നേഹം എന്നത് പ്രകടിപ്പിക്കുന്നതും പുരുഷന്മാർക്ക് മനസ്സിന് സംതൃപ്തി കിട്ടുന്നതും ആയിരിക്കും.
രഞ്ജൻ അതയച്ചു കഴിഞ്ഞു തലയുയർത്തി നോക്കിയപ്പോൾ നേരെ മുമ്പിൽ സതീശൻ. "എന്താ രഞ്ജൻ സാറേ.. കുറെ നേരമായല്ലോ തുടങ്ങിയിട്ട്.. ഏതോ കിളി സറിന്റെ വലയിൽ കുടുങ്ങിയെന്നു തോന്നുന്നല്ലോ.. ഉം... നടക്കട്ടെ നടക്കട്ടെ " സതീശൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഓഫീസിൽ കൂട്ടച്ചിരി മുഴങ്ങി... " ഓ നമുക്കൊക്കെ എന്ത് കിളികൾ സതീശൻ സാറേ... ഞാൻ നിങ്ങളെ എല്ലാവരെയും പോലെ പുണ്യാളന്മാരോ പുണ്യാളത്തിമാരോ അല്ലല്ലോ... സാർ വേഗം ചെല്ല് അല്ലെങ്കിൽ സാർ ഇന്നലെ ഐ ലവ് യു പറഞ്ഞ പതിമൂന്നാമത്തെ കാമുകി സാറിനെ കാണാതായാൽ ചിലപ്പോ ഇട്ടേച്ചു പോകും.. പിന്നെ ഫേസ്ബുക്കിൽ വിരഹ പോസ്റ്റ് ഇടേണ്ടി വരും.. അതുകൊണ്ട് സാർ ആ പരിപാടി നോക്ക് " സതീശൻ ഒന്ന് ചമ്മിയോ അറിയില്ല മുഖം ഫയലിലേക്ക് താഴ്ത്തിയത് കാരണം ആ മുഖത്തെ ഭാവം കാണാൻ സാധിക്കുന്നില്ല. രഞ്ജൻ ഇത് പറഞ്ഞു എല്ലാവരെയും ഒന്ന് നോക്കി എല്ലാവരും ഫയലിലേക്ക് മുഖം താഴ്ത്തിയിരിക്കുകയാണ്.. കാരണം അവർക്കറിയാം അല്ലെങ്കിൽ അടുത്ത ഡോസ് അവർക്കായിരിക്കുമെന്നു.. അപ്പോഴേക്കും വീണ്ടും ണിം ശബ്ദം വന്നു.
സുഭാഷിണി :- രഞ്ജനു അങ്ങിനെയായിരിക്കണം എന്ന് കരുതി എല്ലാവർക്കും അങ്ങിനെ ആകുമോ
രഞ്ജൻ :- ഞാനൊരു കാര്യം ചോദിക്കട്ടെ ... മനസ്സിനേൽക്കുന്ന വേദനയാണോ ശരീരത്തിനുണ്ടാകുന്ന വേദനയാണോ കൂടുതൽ വേദനിപ്പിക്കുക.
സുഭാഷിണി :- അത്.... തീർച്ചയായും മനസ്സിന് ഏൽക്കുന്നത് തന്നെയാകും. കാരണം ശരീരത്തിന് ഏൽക്കുന്നത് കുറച്ചു കഴിയുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും മരുന്ന് പുരട്ടിയാൽ മാറും. പക്ഷേ മനസ്സിന് പറ്റുന്ന വേദന മാറാൻ സമയമെടുക്കും.
രഞ്ജൻ :- ഞാനൊരു ഉദാഹരണം പറയാം. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയുണ്ടാകുന്ന ഒന്നാണ് പ്രേമ നൈരാശ്യം. പക്ഷേ സുഭാഷിണി ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല അത് കൂടുതൽ ബാധിക്കുന്നത് പുരുഷന്മാരെയാണ്... രണ്ടു കൂട്ടരിലും ആത്മഹത്യ ചെയ്യുന്നവർ ഒരേ അളവ് തന്നെയായിരിക്കും ബാക്കി ഭൂരിഭാഗം സ്ത്രീകളും അത് മറന്നു പുതിയ ജീവിതം തേടുന്നു പക്ഷേ പുരുഷന്മാരിൽ അത് ഭ്രാന്ത് അല്ലെങ്കിൽ ലഹരിയ്ക്ക് അടിമ എന്ന നിലയിൽ നാശം വരുത്തുകയാണ് ചെയ്യുന്നത്. സമൂഹം പുരുഷന് ചർത്തികൊടുക്കുന്ന അഹന്തയാണ് ആണത്തം എന്നത്. ആ മുഖംമൂടി ഇല്ലാതെ കാണുവാൻ സ്ത്രീകൾക്ക് സാധിച്ചാൽ ഒരു സത്യം മനസ്സിലാക്കാം ... എല്ലാ പുരുഷന്മാരും ഉള്ളു കൊണ്ട് ദുർബലരാണ് എന്നത്. പക്ഷേ അവർ അത് പുറമേക്ക് കാണിക്കില്ല. ഇപ്പൊ സുഭാഷിണിക്ക് ബോറടിക്കുന്നുണ്ടോ...
സുഭാഷിണി :- ഇല്ല ഇല്ല രഞ്ജൻ ... പറഞ്ഞോളൂ....
( ഹോ ഇവർ ഇത് നിർത്താനുള്ള പരിപാടി ഒന്നുമില്ലായിരിക്കുമോ.. വായിക്കുന്ന നമ്മൾക്ക് ബോറടിച്ചു തുടങ്ങി അല്ലേ... ആ ചുമ്മാ നോക്കാം എന്താണ് പറയുന്നതെന്ന്... ചിലപ്പോ എന്തെങ്കിലും ഗുണം കിട്ടിയാലോ )
രഞ്ജൻ :- സ്ത്രീകളുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും എന്നതാണ്. അതും അറ്റകൈക്കു ആത്മാഭിമാനത്തെ തൊട്ട് അവർ കുറ്റപ്പെടുത്തും നിങ്ങളൊരു ആണാണോ മനുഷ്യാ.... കഴിഞ്ഞോ... ഒരുമിച്ചു കൂടെ കിടന്ന് രണ്ടു പിള്ളേര് വീട്ടിൽക്കൂടെ ഓടി നടക്കുമ്പോൾ ഈ ചോദ്യം കേൾക്കുന്ന പുരുഷന് ദേഷ്യം വരുമോ ഇല്ലയോ. സ്വന്തം ഭർത്താവിന്റെ ഗുണങ്ങൾ കാണാതെ കുറ്റങ്ങൾ മാത്രം കാണുന്നവളായി ഭാര്യ മാറുമ്പോൾ അവളെ ജയിക്കാനുള്ള മാർഗ്ഗങ്ങൾ പുരുഷനും നോക്കുന്നു. അത് ചിലപ്പോൾ വാക്കുകൾ കൊണ്ടാകാം അല്ലെങ്കിൽ പ്രവൃത്തി കൊണ്ടാകാം... ഏതൊരു ദാമ്പത്യ ബന്ധത്തിന്റെ തകർച്ചയ്ക്കും സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യമുണ്ട്... ശരിയാണോ
സുഭാഷിണി :- ശരിയാകാം കുറച്ചൊക്കെ വിട്ടുവീഴ്‌ച വേണം.
രഞ്ജൻ :- വിട്ടു വീഴ്ച്ച അത് വേണ്ടതാണ്. പക്ഷേ അതിന് രണ്ടാളും തയ്യാറാകണം. ഞാൻ എന്ന ഭാവം പുരുഷനോ സ്ത്രീയ്ക്കോ വന്നാൽ ആ ദാമ്പത്യം തകരാൻ തുടങ്ങുന്നു എന്നാണ് അർത്ഥം. സുഭാഷിണിക്ക് വേറൊരു കാര്യം അറിയാമോ ഏതൊരു ദാമ്പത്യവും നിലനിൽക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണ് ഒന്ന് അഡ്ജസ്റ്റമെന്റ രണ്ടു അഭിനയം.
സുഭാഷിണി :- അഭിനയം....????
രഞ്ജൻ :- അതെ അഭിനയം തന്നെ.. അവിടെ ഭാര്യയും ഭർത്താവും ചില സാഹചര്യങ്ങളിൽ അഭിനയിക്കേണ്ടി വരുന്നു. അതൊരുപക്ഷേ പ്രയോഗികമല്ലായിരിക്കാം. പൂർണ്ണമായ സന്തോഷം എന്നത് ഒരു ദാമ്പത്യ ബന്ധത്തിലും ഉണ്ടാകില്ല അവിടെ ചില സാഹചര്യങ്ങളിൽ ചിരിക്കേണ്ടിയും കരയേണ്ടിയും വരുന്നു. മുഖത്തു ഭാവങ്ങൾ വിരിയുന്ന നടനെയും നടിയേയും എല്ലാവരും ഇഷ്ടപ്പെടുന്നു എന്നത് പോലെ നന്നായി അഭിനയിക്കാൻ കഴിയുന്നവരുടെ ദാമ്പത്യം സന്തോഷപ്രദമാകും. നമ്മൾ ഒരുപാട് കാട് കയറി സംസാരിക്കുന്നുണ്ടോ സുഭാഷിണി.
സുഭാഷിണി :- ഇല്ല രഞ്ജൻ കാരണം ജീവിതം എന്നത് ഒന്നേയുള്ളൂ. മാത്രമല്ല പഠനം എന്നത് മരണം വരെ നടന്നു കൊണ്ടിരിക്കുന്ന ഒന്നാണ്. രഞ്ജൻ പറയുന്ന കാര്യങ്ങൾ എനിക്ക് ഗുണമുള്ളത് ആയത് കൊണ്ട് എനിക്ക് ബോറടി തോന്നുന്നില്ല. എനിക്കെല്ലാം അറിയാം എന്ന ഭാവം എന്നിൽ വരുമ്പോൾ മാത്രമാണ് രഞ്ജൻ പറയുന്നത് എനിക്ക് ബോർ ആയി തോന്നുക. ഇപ്പോൾ രഞ്ജനോട് സംസാരിക്കുമ്പോൾ സമയം പോകുന്നത് തന്നെ അറിയുന്നില്ല. ഉപകാരപ്രദമായ കാര്യങ്ങൾ ആണെങ്കിൽ സംസാരം തുടർന്ന് പോകുക തന്നെ ചെയ്യും. എന്തായാലും എന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടിയതിന് ശേഷമേ ഞാൻ ഈ ചാറ്റിംഗ് നിർത്താൻ ഉദ്ദേശിച്ചിട്ടുള്ളൂ. രഞ്ജനു തിരക്കുണ്ടോ. എങ്കിൽ പൊയ്‌ക്കൊള്ളൂ. ഇല്ലെങ്കിൽ തുടരാം.
രഞ്ജൻ :- തിരക്കൊന്നും ഇല്ല. ബോറിംഗ്‌ ആയോ എന്നൊരു സംശയം തോന്നി അതാണ് ചോദിച്ചതും.
സുഭാഷിണി :- ഒരിക്കലുമില്ല രഞ്ജൻ.
രഞ്ജൻ :- ഓക്കേ അപ്പോൾ ഞാൻ പറഞ്ഞു വന്നത് അഭിനയം എന്നാൽ നമുക്ക് എത്ര കോപം വന്നാലും അതടക്കി ചിരിക്കാൻ കഴിഞ്ഞാൽ ഒരു പ്രശ്നം അവിടെ ഒഴിയുകയാണ്. രണ്ടു കയ്യും കൂട്ടിമുട്ടിയാലെ ശബ്ദമുണ്ടാകൂ എന്ന കാര്യമാണ് അവിടെ ഓർമ്മിക്കേണ്ടത്. സ്ത്രീകൾക്ക് പുരുഷന്മാരെ വരുതിക്ക് നിർത്താനുള്ള ഒരു സമര മാർഗ്ഗമുണ്ട് എന്താണെന്നു അറിയുമോ സുഭാഷിണിക്ക്..???
സുഭാഷിണി :- ഇല്ല .... എന്താണ്....??
രഞ്ജൻ :- ഞാൻ ഈ പറയുന്നത് കേട്ടാൽ ചിലപ്പോൾ സുഭാഷിണി ചിരിക്കും. കാരണം അധികം ആർക്കും ഇത് ഉൾക്കൊള്ളുവാൻ സാധിക്കില്ല. എനിക്കൊന്നെ പറയാനുള്ളൂ ഒന്ന് കേൾക്കുമ്പോൾ പുച്ഛിച്ചു തള്ളാൻ എളുപ്പമാണ് പക്ഷേ ഫലം അറിയണമെങ്കിൽ പരീക്ഷിച്ചു തന്നെ അറിയണം.

(to be continued)

Jaison

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot