Showing posts with label SeenaPrasad. Show all posts
Showing posts with label SeenaPrasad. Show all posts

പെൺകുഞ്ഞ് (അനുഭവകഥ)


എഴുതാൻ എനിക്കു മടിയായിരുന്നു. അതുകൊണ്ടു തന്നെ മനസിൽ വന്നതൊക്കെ പുറംലോകമറിയാതെ അപ്പാടെ മൂടിപ്പോയി. എഴുതാതെ, വായിക്കാതെ, കേട്ടും പറഞ്ഞും മാത്രം അറിഞ്ഞ് എന്റെ ഭാഷ കൈമോശം വന്നിരിക്കുന്നു. മാതൃഭാഷ എനിക്ക് അന്യമായി പോകുന്നതിൽ നിന്നുള്ള കുറ്റബോധത്തിൽ എഴുതുന്നതാണ്. തെറ്റുകൾ ഒരുപാടുണ്ട്, തിരുത്തുക, പ്രോൽസാഹിപ്പിക്കുക.....
ഒരു നഴ്സായ എന്റെ മുമ്പിൽ നടന്ന ഒരു സംഭവം....
എനിക്കന്നു മോർണിംഗ് ഷിഫ്റ്റ് ആയിരുന്നു. ഞാൻ ഡ്യൂട്ടി കഴിഞ്ഞ് പോരാനിറങ്ങുമ്പോളാണ് എന്റെ കൂട്ടുകാരിയും ലേബർ റൂമിലെ സ്റ്റാഫുമായ കന്നടക്കാരി ഭാഗ്യ വന്നു പറഞ്ഞത്, പ്രസവം നടക്കുന്നുണ്ടെന്നു. ഐസിയു സ്റ്റാഫ് ആണെങ്കിലും കുഞ്ഞുങ്ങളോടുള്ള എന്റെ ഇഷ്ടം ഏറെ അറിയാവുന്ന ലേബർ റൂമിലെ എല്ലാ സ്റ്റാഫും കുഞ്ഞ് പുറത്തു വന്നാൽ അപ്പോൾ തന്നെ എന്നെ വിളിക്കാറുണ്ട്. കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി ഉടുപ്പ് ഇടുവിച്ച് പുറത്തു കാത്തു നിൽക്കുന്ന അച്ഛനെയും മറ്റു ബന്ധുക്കളെയുമൊക്കെ കാണിക്കുന്നതു വരെയുള്ള എല്ലാ ജോലികളും എനിക്കേറെ ഇഷ്ടമാണ്.
ഞാൻ ഓടി ചെല്ലുമ്പോൾ ചുവന്നു തുടുത്ത ഒരു തക്കുടു കുഞ്ഞിനെ അവിടത്തെ സ്റ്റാഫായ അനുപമ തുടച്ചു വൃത്തിയാക്കി കഴിഞ്ഞിരുന്നു. കുഞ്ഞ് അമ്മയുടെ ഉള്ളിൽ നിന്നും ഏതോ അന്യഗ്രഹത്തിൽ എത്തിയതു പോലെ റോസ് നിറത്തിലുള്ള വായ തുറന്ന് കരയുന്നു. ഞാൻ അവളെ പെൺകുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പിങ്ക് നിറത്തിലെ കുഞ്ഞുടുപ്പ് ഇടുവിച്ചു. ലേബർ റൂമിൽ പോയ ഭാഗ്യ അപ്പോഴക്കും തിരിച്ചു വന്നു പറഞ്ഞു, ബന്ധുക്കളെ കൊണ്ടുപോയി കാണിക്കണ്ട എന്നാണു ഡോക്ടർ പറഞ്ഞിരിക്കുന്നത്, പെൺകുഞ്ഞായതു കൊണ്ട് അവർക്ക് കുഞ്ഞിനെ വേണ്ട പോലും. കുഞ്ഞിനെ പുറത്തെടുത്ത് പെണ്ണാണെന്നറിഞ്ഞതോടെ അവളുടെ അമ്മ പത്തുമാസം തന്റെ വയറ്റിൽ കിടന്ന സ്വന്തം കുഞ്ഞിനെ ഒന്നു നോക്കിയതു പോലുമില്ലത്രേ. ലേബർ റൂമിനു മുന്നിൽ കാത്തു നിന്ന അച്ഛനും മറ്റു ബന്ധുക്കളും വാടകക്ക് എടുത്തിരിക്കുന്ന സ്പെഷ്യൽ റൂമിലേക്കും വീടുകളിലേക്കുമായി മടങ്ങി, സ്വന്തം ചോരയെ ഒന്നു കാണാൻ പോലും കൂട്ടാക്കാതെ... പിറ്റേ ദിവസം അവർ ഡിസ്ചാർജ് വാങ്ങി പോയി, കുഞ്ഞിനെ കൂട്ടാതെ..
രണ്ടാഴ്ച അവളുണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ടിന്നിലെ പൊടി കലക്കി കൊടുത്തും നെഞ്ചോടു ചേർത്തുറക്കിയുമൊക്കെ ഓരോ ഷിഫ്റ്റിലും ജോലി ചെയ്യുന്ന നഴ്സുമാരും ആയമാരുമൊക്കെ അവൾക്ക് അച്ഛനും അമ്മയും മുത്തശ്ശിമൊക്കെയായി. രണ്ടാഴ്ച കഴിഞ്ഞു കല്യാണം കഴിഞ്ഞ് ,വർഷങ്ങളായി കുട്ടികളില്ലാത്ത ദമ്പതികൾ വന്നു കുഞ്ഞിനെ കൊണ്ടു പോയപ്പോൾ കരയാത്ത ഒരു സ്റ്റാഫും ആ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. അത്രയേറെ അവൾ ഞങ്ങൾക്ക് വേണ്ടപ്പെട്ടവൾ ആയിത്തീർന്നിരുന്നു, ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരുന്നു..... പക്ഷേ, എവിടെയാണെങ്കിലും അവൾ നന്നായിരിക്കട്ടെ, പെറ്റമ്മയും അച്ഛനും ഉപേക്ഷിച്ചെങ്കിലും അവളെ സ്വന്തമാക്കിയ പോറ്റമ്മയും അച്ഛനും എന്നുമവൾക്ക് തുണയുണ്ടാവട്ടെ എന്നാണെന്റെ പ്രാർത്ഥന.....
ഇന്നും എനിക്ക് മനസിലായിട്ടില്ല, പെണ്ണാണെന്ന കാരണം കൊണ്ടു മാത്രം ഗർഭാവസ്ഥയിൽ തന്നെ എങ്ങനെ കൊന്നു തള്ളുന്നതെന്നു, പിറന്ന ശേഷം എന്തിനു മൃഗങ്ങളോടെന്ന പോലെ ഉപേക്ഷിച്ചും, വിറ്റും, കൊന്നും കളയുന്നതെന്നു.......

By Seena Prasad

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo