Showing posts with label MahalakshmiManoj. Show all posts
Showing posts with label MahalakshmiManoj. Show all posts

പൊയ്മുഖം I Mahalekshmi Manoj


 "നിനക്ക് എന്നും അവിടെ പോയി കിടന്നാലേ ഉറക്കം വരുകയുള്ളോ രാഖി? ഇവിടെ കിടന്നാലെന്താണ്? വയസ്സറിയിച്ച പെണ്ണാണ് നീ അതോർമ്മ വേണം. എത്ര പറഞ്ഞാലും ഈ പെണ്ണിന്റെ തലയിൽ കയറില്ല എന്ന് വെച്ചാൽ ഞാനെന്താണ് ചെയ്യുന്നത്?കിടന്നു വായിട്ടലക്കാനല്ലേ എനിക്ക് കഴിയൂ?".
തൊട്ടപ്പുറത്ത് താമസിക്കുന്ന ചെറിയമ്മയുടെ വീട്ടിൽ കിടന്നുറങ്ങാൻ പോകാൻ തുടങ്ങുന്ന രാഖിയോടായിരുന്നു അവളുടെ അമ്മയുടെ ചോദ്യം.
"അവിടെ കിടന്നാൽ നല്ല സുഖമായി ഉറങ്ങാം. നല്ല മെത്തയുമാണ്, ഇവിടെ തറയിൽ കിടക്കണ്ടേ? അതും വെറും നിലത്ത് ഷീറ്റ് വിരിച്ച്. അവിടെ ഫാനിനു നല്ല കാറ്റുമുണ്ട്, ഇവിടുത്തെ ഫാനിന്റെ കൂട്ട് കട കട ശബ്ദവുമില്ല,എത്ര ദിവസമായി അമ്മയോട് പറയുന്നു നല്ലൊരു ഫാൻ മേടിച്ചിടാൻ, അതെങ്ങനാ എന്ത് പറഞ്ഞാലും പൈസയില്ല എന്നല്ലേ മറുപടി. പിന്നെ അച്ഛന്റെ കൂർക്കം വലിയും, രണ്ട് വിരലുകൾ കൊണ്ട് ചെവി പൊത്തിയാലും കേൾക്കാം."
"എടി അധികപ്രസംഗി, വായടക്കെടി..എത്ര ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കണം, നിനക്ക് വയസ്സ് പതിനാലായില്ലേ? ഇനിയെങ്കിലും അന്യ വീട്ടിൽ പോയുള്ള നിന്റെ കിടപ്പു മതിയാകണം, നീ അവിടെ പോയി കിടക്കുന്നത് അവർക്ക് വലിയ ഇഷ്ടമാണെന്നാണോ നിന്റെ വിചാരം? ബന്ധുക്കളായി പോയത് കൊണ്ട് എതിർത്തൊന്നും പറയുന്നില്ലെന്നേ ഉള്ളു."
"അതിനു ഞാൻ രേണുവിന്റെ മുറിയിൽ അല്ലെ കിടക്കുന്നത്? അവിടെ അവൾക്ക് മാത്രമായിട്ടു ഒരു മുറിയുള്ളത് കൊണ്ടല്ലേ? അല്ലാതെ ചെറിയമ്മയുടെയും ചെറിയച്ഛന്റെയും മുറിയിൽ അല്ലല്ലോ, ഇവിടെ നമുക്ക് മൂന്ന് പേർക്കും കൂടെ ഒരു മുറിയല്ലേ ഉള്ളു, അവിടെ കിടക്കാനാണ് എനിക്കിഷ്ടം.", രാഖി അറുത്തുമുറിച്ച് പറഞ്ഞു.
"ഞാനെന്ത് പറഞ്ഞാലും അതനുസരിക്കാതിരിക്കുന്നത് നിന്റെ ശീലമാണല്ലോ, അമ്മമാർ പറയുന്നത് കേൾക്കാൻ പഠിക്കണം ആദ്യം, അതെങ്ങനാ എന്ത് പറഞ്ഞാലും കുറെ ന്യായങ്ങൾ ഉണ്ടല്ലോ നിനക്ക് നിരത്താൻ, എന്തെങ്കിലും ചെയ്യ്. അവർ ഇനി അവിടെ കിടക്കേണ്ട എന്ന് പറയുന്നത് വരെ നീ അവിടെ കിടക്ക്, അടിച്ചു വളർത്തേണ്ട കാലമൊക്കെ കഴിഞ്ഞു, അനുസരിച്ചാൽ നിനക്ക് കൊള്ളാം, ഇതെന്നല്ല, എല്ലാം, പിന്നീട് അയ്യോ അമ്മ പറഞ്ഞത് കേൾക്കാമായിരുന്നു എന്ന് ഇരുന്നു പ്രയാസപ്പെടരുത് പറഞ്ഞേക്കാം."
"ഇതിലെന്താണ് അമ്മ ഇത്രയ്ക്ക് പ്രയാസപ്പെടാൻ ഉള്ളത്?, ഞാനവിടെ കിടന്നുറങ്ങുന്നു, രാവിലെ ഇങ്ങു വരുന്നു, അത്ര അല്ലെ ഉള്ളു?. ഞാൻ പോകുന്നു അവർ കതകടയ്ക്കുന്നതിനു മുൻപേ", രാഖി അമ്മയുടെ വാക്കുകൾ കേൾക്കാതെ അപ്പുറത്തെ വീട്ടിലേക്കു ഓടി. ഗേറ്റ് തുറന്നാൽ നേരെ എതിരെ കാണുന്നതാണ് രാഖിയുടെ ചെറിയമ്മയുടെ വീട്. രാഖി എപ്പോഴും ആ ഇരുനില വീടിനെ ചായം പൂശാത്ത തന്റെ മൂന്നു മുറികൾ മാത്രമുള്ള വീടുമായി താരതമ്യം ചെയ്യാറുണ്ട്, "എത്ര ഭംഗിയുള്ള വീടാണ് രേണുവിന്, അവൾ ഭാഗ്യവതിയാണ്, തനിക്ക് എന്നെങ്കിലും ഇത് പോലെ ഒരു വീട് സ്വന്തമാകുമോ?". രാഖിയേക്കാൾ ഒരു വയസ്സ് കൂടുതൽ ആണ് രേണുവിന് എങ്കിലും അവൾ രേണുവിനെ പേര് തന്നെ ആണ് വിളിക്കുന്നത്.
അമ്മയുടെ സ്ഥിരമുള്ള എതിർപ്പിനെ തെല്ലും വക വെയ്ക്കാതെ രാഖി എന്നും ഉറങ്ങാൻ അവിടെ തന്നെ പൊയ്ക്കൊണ്ടിരുന്നു. അവളുടെ ചെറിയമ്മയ്ക്ക് അതിനോട് വലിയ യോജിപ്പൊന്നുമില്ലായിരുന്നു, രേണുവിന്‌ കിടന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല എന്ന മട്ടും, പക്ഷെ അവളുടെ ചെറിയച്ഛന് അത് വലിയ ഇഷ്ടമായിരുന്നു അവൾ അവിടെ കിടക്കുന്നതിനോട്. ഇടയ്ക്ക് പകൽ എപ്പോഴെങ്കിലും കണ്ടാൽ അവളോട് പറയും, "രാഖി, ഇന്നിവിടെ വന്ന് കിടന്നോടി.", അത് അവൾക്ക് വലിയ സന്തോഷമായിരുന്നു, അവൾ കരുതിയിരുന്നത് ജീവിതത്തിന്റെ സന്തോഷം അടങ്ങിയിരിക്കുന്നത് ഇത്തരം സുഖഭോഗങ്ങളിൽ ആണെന്നാണ്.
രേണുവിനെ അവളുടെ അച്ഛൻ കുറെയേറെ കൊഞ്ചിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് രാഖിയ്ക്ക്. രാഖിയും ഒറ്റ മോളാണ് അവളുടെ അച്ഛനും അമ്മയ്ക്കും, പക്ഷെ അവളുടെ അച്ഛൻ കാർക്കശ്യക്കാരനാണ്, "രാഖി" എന്നല്ലാതെ "മോളെ" എന്നൊന്നും അവളെ വിളിക്കാറില്ല, പക്ഷെ രേണുവിനെ "രേണു മോളെ, രേണുകുട്ട" എന്നൊക്കെ അല്ലാതെ ചെറിയച്ഛൻ വിളിച്ചു കേട്ടിട്ടില്ല. അത് കൊണ്ടും കൂടിയാണ് രാഖിയുടെ മനസ്സിൽ രേണു ഭാഗ്യവതി ആണെന്ന ചിന്ത വേരുറച്ച് പോയത്.
രേണുവിന്റെ മുറി മുകളിലത്തെ നിലയിലും അവൾടെ അച്ഛന്റെയും അമ്മയുടെയും മുറി താഴെയുമാണ്. രേണുവിന്റെ മുറി പൂട്ടാൻ ഒരിക്കലും ചെറിയമ്മ സമ്മതിക്കാറില്ല.
അന്നും പതിവ് പോലെ രാഖി അവിടെ കിടക്കാൻ പോയി. കിടന്നതേ അവൾ ഉറക്കം പിടിച്ചു. ഇടയ്ക്കെപ്പോഴോ അവൾക്ക് തന്റെ ശരീരത്തിൽ എന്തോ ഇഴയുന്നത് പോലെ തോന്നി. കണ്ണുകൾ പാതി തുറന്നു നോക്കുമ്പോൾ ജനാലയിൽ കൂടി ഉള്ളിലേക്കു വന്ന നിലാവെളിച്ചത്തിൽ അവൾ കണ്ടത് ഒരു കൈ തന്റെ നെഞ്ചിന്റെ ഭാഗത്തും, മറ്റേ കൈ തന്റെ കാലുകളുടെ ഇടയിലും വെച്ചു കൈകൾ വെച്ച ഭാഗത്തു തന്നെ ആർത്തിയോടെ നോക്കുന്ന അവളുടെ ചെറിയച്ഛനെ ആണ്.
വല്ലാത്തൊരു നടുക്കം അവളുടെ മനസ്സിനെ ബാധിച്ചു എങ്കിലും സമചിത്തതയോടെ പെരുമാറാൻ അവളുടെ ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു, ഒരു ചെറിയ ചുമ ചുമച്ചു അവൾ പതിയെ തിരിഞ്ഞു കിടന്നു, അവളുടെ തൊട്ടടുത്ത് രേണു ഇതൊന്നും അറിയാതെ സുഖമായി ഉറങ്ങുന്നു, അതിനിടയിൽ ഒളികണ്ണാൽ അവൾ കണ്ടു മുറിയിൽ നിന്ന് പുറത്തേക്ക് പായുന്ന ചെറിയച്ഛനെ. ആ രാത്രി അവൾക്ക് പിന്നീട് ഒട്ടും ഉറങ്ങാനോ കണ്ണുകൾ അടയ്ക്കാനോ സാധിച്ചില്ല, കണ്ടതും അറിഞ്ഞതും വിശ്വസിക്കാനാകാതെ ആകെ ഒരു മരവിപ്പായിരുന്നു. ശരീരം ചുട്ടുപൊള്ളുന്നത് പോലെ തോന്നി അവൾക്ക്. എന്നാലും സ്വന്തം അച്ഛനെ പോലെ കരുതിയ ആൾ...എല്ലാവർക്കും പ്രിയങ്കരനായ ഒരു കുടുംബസ്‌നേഹി... ചെറിയച്ഛനെ കണ്ട് പഠിക്കണം ഒരു കുടുംബം എങ്ങനെയാ നോക്കേണ്ടത് എന്ന് ബന്ധുക്കളിൽ മിക്കവരും ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്, അങ്ങനെ ഒരാൾ ഇത് പോലെ പെരുമാറിയത് ഓർത്ത് മരവിപ്പോടെ അവൾ കിടന്നു.
സ്നേഹം പുരട്ടിയ വാക്കുകൾക്ക് പുറകിൽ ഈ നികൃഷ്ട മനസ്സായിരുന്നു എന്ന് വിറയലോടെ അവൾ ഉൾക്കൊണ്ടു. ഇടയ്ക്ക് മുറ്റം അടിച്ചു വാരാൻ ഒക്കെ ചെറിയച്ഛൻ അവളെ വിളിക്കാറുണ്ട്, അവൾ മുറ്റം അടിച്ചു തീരുന്നത് വരെ അവളെ തന്നെ നോക്കി അവളുടെ ചെറിയച്ഛൻ നിൽക്കാറുമുണ്ട്, കുനിഞ്ഞു നിന്ന് അതൊക്കെ ചെയ്യുമ്പോൾ അയാളുടെ കണ്ണ് ഉറപ്പായും അവളുടെ ശരീരത്തിനുള്ളിലായിരുന്നിരിക്കും എന്ന് അറപ്പോടെ അവൾ മനസിലാക്കി. കുറെ ഏറെ ചിന്തിച്ച് അവൾ നേരം വെളുപ്പിച്ചു, ചെറിയ വെളിച്ചം വീണതും അവൾ എണീറ്റ് വീടിന്റെ മുൻവാതിൽ തുറന്നു അത് ചേർത്തടച്ചു അവൾ സ്വന്തം വീട്ടിലേക്ക് പോയി.
വീട്ടിലേക്ക് കയറി അമ്മയ്‌ക്ക് മുഖം കൊടുക്കാതെ അവൾ വേഗം മുറിയിൽ ചെന്ന് ഷീറ്റ് തറയിൽ വിരിച്ചു കിടന്നു, ചുട്ടു പൊള്ളികൊണ്ടിരുന്ന അവളുടെ ശരീരം തണുക്കാൻ തുടങ്ങിയത് അപ്പോഴായിരുന്നു. ഉറക്കം കണ്ണുകളെ മൂടുമ്പോൾ അമ്മ ചോദിക്കുന്നുണ്ടായിരുന്നു, "എന്താടി സപ്രമഞ്ചത്തിൽ ഉറങ്ങിയിട്ടും നിനക്ക് മതിയായില്ലേ, ഇനി ഉറങ്ങിയാൽ എപ്പോ എണീക്കാനാ?സ്കൂളിൽ പോകണ്ടേ?.
"ഞാനിന്നു പോകുന്നില്ല, നല്ല തലവേദന, ഒന്നുറങ്ങട്ടെ.", പാതിമയക്കത്തിൽ അവൾ മറുപടി പറഞ്ഞു.
സംഭവിച്ചതൊന്നും അവൾ ആരോടും പറഞ്ഞില്ല, ചില സത്യങ്ങൾ പറയാൻ പാടില്ല, പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കില്ല, ഇനി വിശ്വസിച്ചാലോ ഭൂമികുലുക്കത്തെക്കാൾ ഭയാനകമായിരിക്കും അതേല്പിക്കുന്ന ആഘാതം, താനായിട്ടു ആരുടേയും ബന്ധങ്ങൾ ശിഥിലമാക്കിക്കൂടാ. രാഖി അതിശയിച്ചു, തനിക്ക് ഒട്ടും പക്വതയില്ലെന്നാണ് അമ്മ പറയുന്നത്, പക്ഷെ ഈ കാര്യത്തിൽ തനിക്കെങ്ങനെ ഇത്രയും പക്വമായി ചിന്തിക്കാൻ കഴിഞ്ഞു.
അന്ന് രാത്രി ചെറിയമ്മയുടെ വീട്ടിൽ പോകാതെ തങ്ങളുടെ മുറിയിൽ ഷീറ്റ് വിരിച്ചു കിടക്കാൻ തുടങ്ങിയ രാഖിയോട് അമ്മ ചോദിച്ചു , "എന്താടി നീ അപ്പുറത്ത് പോകുന്നില്ലേ?" .
"ഇല്ല, ഞാനിവിടെ കിടക്കുന്നെ ഉള്ളു."
"മ്മ്? എന്ത് പറ്റി സ്വയം തന്നെ തോന്നാൻ.. പോകണ്ട..ഇവിടെ കിടക്കാം എന്ന്?".
"ഓ അതോ, കുറച്ച് ദിവസമായിട്ടു അവിടെ ഭയങ്കര പാറ്റ ശല്യം, ഉറക്കത്തിനിടയിൽ വലിയ വലിയ പാറ്റ പറന്നു വന്നു കാലിലൊക്കെ കടിക്കുന്നു. അമ്മയ്ക്കറിയാമല്ലോ എനിക്ക് പാറ്റയെ പേടിയാണെന്ന്, ഞാനിനി ഇവിടെയെ കിടക്കുന്നുള്ളു."
"അപ്പൊ ഒരു പാറ്റ വേണ്ടി വന്നു നിനക്ക് അമ്മ പറഞ്ഞത് അനുസരിക്കാൻ, എന്തായാലും നന്നായി, അല്ലെങ്കിലും പെണ്പിള്ളേര് സ്വന്തം വീട്ടിൽ കിടന്നുറങ്ങണം, ശരി ഞാൻ പോയി കതകടച്ചു വരാം.", കതകടയ്ക്കുന്നതിനിടയിൽ ചെറിയച്ഛൻ ഗേറ്റിനടുത്തു വന്ന് "രാഖി വരുന്നില്ലേ?" എന്ന് ചോദിക്കുന്നതും, "ഇല്ല അവൾ ഇവിടെയെ കിടക്കുന്നുള്ളു രേണുവിന്റെ അച്ഛാ" എന്ന് നിഷ്കളങ്കമായി അമ്മ മറുപടി പറയുന്നതും കേട്ട്, ചോദ്യം ചോദിച്ച ആളോട് ദേഷ്യവും, അറപ്പും, വെറുപ്പും..ഉത്തരം പറഞ്ഞ ആളോടും ആളെ കുറിച്ചോർത്തു സ്നേഹവും, സങ്കടവും ഒരു പോലെ രാഖിയ്ക്ക് വന്നു.
അമ്മ പറഞ്ഞത് നേരത്തെ കേട്ടിരുന്നുവെങ്കിൽ തനിക്കിപ്പോൾ സങ്കടപെടേണ്ടി വരില്ലായിരുന്നു എന്നവൾ ചിന്തിച്ചു, അമ്മ പറഞ്ഞത് കേൾക്കാത്തതോർത്ത് പിന്നീട് പ്രയാസപ്പെടേണ്ടി വരരുത് എന്ന് എപ്പോഴും പറയുന്നത് ഈ കാര്യത്തിൽ സത്യമായി. തന്നെ പുറമേ സ്നേഹം കൊണ്ട് മൂടാത്ത അച്ഛനും അമ്മയുമുള്ള ഈ വീടാണ് സ്വർഗ്ഗവും സുരക്ഷിതവും.
രേണുവിനോടുള്ള ചെറിയച്ഛന്റെ സ്നേഹത്തിന്റെ ഭാവം ഏത് തരത്തിലുള്ളതാണെന്നു ഓർക്കാൻ അവൾ ആ സമയം ആഗ്രഹിച്ചില്ല, അതിനി ഏത് തരത്തിൽ ഉള്ളതാണെങ്കിലും തനിക്കതിൽ ഒന്നും ചെയാൻ കഴിയുകയില്ല എന്ന സത്യവും അവൾക്ക് അറിയാം.
അവൾക്ക് മനസിലായി ഭാഗ്യ നിർഭാഗ്യങ്ങൾ ഇരിക്കുന്നത് ജീവിതത്തിലെ സുരക്ഷിതത്വത്തിൽ ആണെന്ന്, അങ്ങനെ നോക്കുമ്പോൾ താൻ ആണ് രേണുവിനെക്കാളും ഭാഗ്യവതി, പക്ഷെ രേണു അവിടെ സുരക്ഷിത ആയിരിക്കുമോ എന്നോർത്തു അവൾക്ക് കിട്ടിയ ഭാഗ്യത്തിൽ തെല്ലും സന്തോഷം തോന്നിയില്ല രാഖിക്ക്.
എന്നിരുന്നാലും ചില പൊയ്മുഖങ്ങൾ അഴിഞ്ഞു വീണല്ലോ എന്ന സമാധാനത്തിൽ അവൾ ആ വിശാലമായ തറയിൽ നീണ്ടു നിവർന്നു കിടന്നു. കട്ടിലിൽ കിടന്ന് ഉറങ്ങുന്ന അച്ഛന്റെ കൂർക്കം വലി ശബ്ദം അവൾക്കപ്പോൾ ഒട്ടും അരോചകമായി തോന്നിയില്ല.
✍️✍️മഹാലക്ഷ്‌മി മനോജ്

ഋതുഭേദങ്ങൾ I Mahalekshmi Manoj

 
"മക്കളേ, നാളെ അമ്മ നിങ്ങൾക്ക് ചിക്കൻ മേടിച്ച് വെച്ച് തരാം".
ഒരു ശനിയാഴ്ച വൈകുന്നേരം അമ്മയുടെ പ്രഖ്യാപനം കേട്ട അമ്മുവും പൊന്നുവും സന്തോഷം കൊണ്ട് തുള്ളിച്ചാടി.
"ങേ, ചിക്കനോ, സത്യമാണോ അമ്മ?, എത്ര ദിവസമായി അല്ലെ പൊന്നു നമ്മൾ ചിക്കൻ കഴിച്ചിട്ട്?, നാളെ നമുക്ക് കഴിക്കാം." അമ്മു പറഞ്ഞത് കേട്ട് പൊന്നുവും സന്തോഷത്താൽ ചിരിച്ചു. മിക്ക ദിവസവും ചെറിയമ്മയുടെ വീട്ടിൽ നിന്നും ചിക്കൻ കറിയുടെ മണം വരുമ്പോൾ കൊതി സഹിക്കാൻ പറ്റില്ല, അമ്മു ഓർത്തു. രണ്ടു പേരും പിറ്റേന്ന് ചിക്കൻ കറി കഴിക്കുന്ന സ്വപ്നവും കണ്ട് അന്ന് ഉറങ്ങി.
രാവിലെ അമ്മ അച്ഛനോട് പറഞ്ഞു, "ഒരു കിലോ ചിക്കൻ മേടിച്ചിട്ട് വരണം, പിള്ളേര് കുറെ നാളായി ആഗ്രഹം പറയുന്നു".
"എൻ്റെ കൈയിൽ പൈസയൊന്നുമില്ല ചിക്കനൊന്നും മേടിക്കാൻ".
"അതിനു നിങ്ങളോടാര് പൈസ ചോദിച്ചു, അല്ലെങ്കിലും നിങ്ങളെന്നാ പൈസ മുടക്കി ഈ വീട്ടിൽ ഒരു കാര്യം ചെയ്തിട്ടുള്ളത്?.. ദാ പൈസ, പറ്റുമെങ്കിൽ മേടിച്ചിട്ടു വാ, അല്ലെങ്കിൽ ഞാൻ വേറെ വഴി നോക്കിക്കോളാം".
ആ പൈസയും എടുത്ത് ഷർട്ടും ചെരുപ്പും ഇട്ട് അച്ഛൻ പുറത്തേക്ക് പോയി.
അച്ഛൻ പോയ നേരം തൊട്ട് ചിക്കനും കൊണ്ട് തിരിച്ച് വരുന്നതും കാത്ത് അമ്മുവും പൊന്നുവും നടപ്പടിയിൽ തന്നെ ഇരുന്നു, അച്ഛൻ തിരിച്ചെത്തി അമ്മുവിനെ ഏൽപ്പിച്ച കവർ അവൾ ഓടിപ്പോയി അമ്മയുടെ കൈയിൽ കൊടുത്തു.
"'എപ്പോ ആകും അമ്മാ കറി?"
"ഉടനെ ആക്കിത്തരാം മക്കളേ, നിങ്ങള് പോയി പഠിക്ക്, അല്ലാ, അച്ഛൻ ബാക്കി പൈസ തന്നില്ലേ?".
"ഇല്ല, അച്ഛൻ അപ്പൊത്തന്നെ പോവുകയും ചെയ്തു."
"ദൈവമേ, ആ ബാക്കി പൈസയും പോയി, എന്ത് സാധനം മേടിക്കാൻ ഏല്പിച്ചാലും ഇത് തന്നെ അവസ്ഥ, ബാക്കി കിട്ടില്ല, എന്റെ വിധി", ഇതും പറഞ്ഞ് കവർ തുറന്നു നോക്കിയ അമ്മയ്ക്ക്‌ നിരാശയായി, "അയ്യോ, ഇതൊരു കിലോ ഇല്ലല്ലോ, അവിടെയും ഇസ്ക്കി ആ മനുഷ്യൻ, ഇങ്ങനെ ഒരു ജന്മം!, ഉള്ളതിനെ പിള്ളേർക്ക്‌ കൊടുക്കാം".
കറിയുടെ മണം മൂക്കിൽ അടിച്ചിട്ട് പഠിക്കാൻ കഴിയാതെ അമ്മുവും പൊന്നുവും ഒറ്റ ചാട്ടത്തിനു അടുക്കളയിലെത്തി, "'വിശക്കുന്നമ്മാ ഞങ്ങൾക്ക്, നമുക്കു ചോറും ചിക്കനും കഴിക്കാം?"
"ശരി കഴിക്കാം, അമ്മ ചോറ് എടുക്കട്ടേ, മക്കള് കൈ കഴുകി വാ", എന്ന് പറഞ്ഞതും അച്ഛന്റെ ശബ്ദം കേട്ടു.
"രമേ, ചോറ് വിളമ്പിക്കോ, ഇന്ന് മധുവും ഉണ്ട് ചോറുണ്ണാൻ", നിലത്തുറയ്ക്കാത്ത കാലുകളുമായി അച്ഛൻ ഒരാളെയും കൂട്ടി അകത്തേക്കു വന്നു.
അമ്മുവും പൊന്നുവും സങ്കടത്തോടെ അമ്മയെ നോക്കി, "മക്കള് വിഷമിക്കണ്ട, നിങ്ങൾക്കുള്ളത് മാറ്റി വെച്ചിട്ടേ കൊടുക്കൂ, നിങ്ങളകത്ത് പൊയ്ക്കൊ, ഞാൻ വിളിക്കാം".
വന്ന ആൾ പുറത്തെ പൈപ്പിൽ കൈ കഴുകാൻ പോയ തക്കത്തിന് അമ്മ അച്ഛനോട് പറഞ്ഞു, "നിങ്ങൾക്ക് നാണമാവില്ലേ?, ഒരു കിലോ വാങ്ങാൻ പൈസ തന്നിട്ട് മുക്കാൽ കിലോ പോലും വാങ്ങിച്ചുമില്ല ബാക്കി പൈസക്ക്‌ കുടിച്ച്‌ കൂട്ടുകാരനെയും കൂട്ടി വന്നിരിക്കുന്നു ചിക്കൻ കൂട്ടി ചോറ് കഴിക്കാൻ, എൻ്റെ പിള്ളേര് എന്ത് ആഗ്രഹിച്ചാണ് ചോറ് കഴിക്കാൻ വന്നതെന്നറിയാമോ, നിങ്ങൾ ഒരിക്കലും ഗുണം പിടിക്കില്ല നോക്കിക്കോ."
"പിന്നേ, നീ പ്രാകിയാൽ ഞാൻ അങ്ങ് ഭൂമി പിളർന്ന് താഴോട്ട് പോകും, എൻ്റെ വീടാണ് ഇത്, ഇവിടെ എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ചെയ്യും, നീ ആരാടി ചോദിക്കാൻ?, പിള്ളേർക്ക്‌ വേണ്ടീട്ടു അവള് ചിക്കൻ മേടിച്ചത്രേ, ചുമ്മാ പുലമ്പാതെ ചോറ് വിളമ്പടി."
ചിക്കൻ കറിയുടെ പാത്രം അതോടെ മുന്നിൽ വെച്ച്‌, തീൻമേശ എന്ന് പറയാൻ കഴിയാത്ത ഒരു ചെറിയ മേശയിലും ബെഞ്ചിലും ഇരുന്ന്, അച്ഛനും വന്ന ആളും കഴിക്കാൻ തുടങ്ങി, ചിക്കൻ തീരുന്നതിനനുസരിച്ച് അമ്മയുടെ കണ്ണും നിറയാൻ തുടങ്ങി, അവസാനം ഒരു മാംസമില്ലാത്ത എല്ലിൻ കഷ്ണം മാത്രം ബാക്കിയായി.
"ചേച്ചിയെ, ചിക്കൻ കറി സൂപ്പർ ആയിരുന്ന് കേട്ട, ഞാനും വീട്ടിൽ ചിക്കൻ മേടിച്ചു കൊടുത്തിരുന്നു, അപ്പോഴാണ് സുരേന്ദ്രൻ ചേട്ടൻ ഇവിടെ ഇന്ന് ചിക്കനുണ്ട്‌, നീ ചോറ് കഴിച്ചിട്ട് പോയാൽ മതി എന്ന് നിർബന്ധിച്ചത്, ആ സാരമില്ല ഞാൻ വീട്ടിൽ നിന്ന് രാത്രി കഴിച്ചോളാം, ചേച്ചിയും പിള്ളേരും കഴിക്ക്, എന്നാ ഞാൻ പോണു". അച്ഛൻ അപ്പോഴേ കട്ടിലിൽ വീണു, താമസിയാതെ കൂർക്കം വലിയും കേട്ട് തുടങ്ങി.
"എൻ്റെ മക്കളോട് ഞാൻ എന്ത് പറയും?, പറഞ്ഞ് മോഹിപ്പിച്ചും പോയല്ലോ ഈശ്വരാ", അമ്മയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
വന്ന ആൾ പോയതറിഞ്ഞ അമ്മുവും പൊന്നുവും കഴിക്കാനായി ഓടി വന്നപ്പോൾ കണ്ടത് കാലിയായ കറിപാത്രത്തിനടുത്ത് ഇരുന്ന് തേങ്ങുന്ന അമ്മയെയാണ്. അമ്മ അവരെ ചേർത്ത് പിടിച്ച് പറഞ്ഞു, "മക്കള് സങ്കടപ്പെടണ്ട, നാളെ വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞു വരുമ്പോ ജംഗ്ഷനിലെ കടയിൽ നിന്ന് നിങ്ങൾക്ക് ചിക്കൻകറി മേടിച്ചു തരാം."
സങ്കടത്തോടെയാണെങ്കിലും നാളെ കഴിക്കാമെന്ന ആശ്വാസത്തിൽ അടുപ്പത്തിട്ട അരി വേകുന്നതും, ചമ്മന്തിക്ക് അമ്മ തേങ്ങ തിരുമ്മുന്നതും നോക്കി, അത് കൂട്ടി ചോറ് കഴിക്കാൻ കാത്ത് അമ്മുവും പൊന്നുവും അടുക്കളയിലെ സിമന്റ്‌ തേക്കാത്ത തറയിൽ ഇരുന്നു.
സന്ധ്യക്ക് അപ്പുറത്തെ ചെറിയമ്മയുടെ വീട്ടിൽ കളിയ്ക്കാൻ പോയ അമ്മുവും പൊന്നുവും വിഷമിച്ചാണ് തിരികെ വന്നത്.
"എന്ത് പറ്റി മക്കളേ?"അമ്മ ചോദിച്ചു.
"അവിടെ ചിക്കു ചേട്ടൻ ഫ്രൈഡ് റൈസും ചിക്കൻ ഫ്രൈയും കഴിക്കുന്ന കണ്ടു, ഞങ്ങൾ ചോദിച്ചൊന്നുമില്ല, പക്ഷെ ചെറിയമ്മ ചേട്ടനോട് പറയുന്ന കേട്ടു അവർക്ക് കൊടുക്കുവൊന്നും വേണ്ട, നീ കഴിച്ചോ, ഉച്ചക്ക്‌ അവിടുന്ന് ചിക്കൻ കറിയുടെ മണം വന്നതാ, മൂക്കു മുട്ടെ കഴിച്ചിട്ട് ഇവിടെ ആർക്കും തന്നില്ലല്ലോ എന്ന്, അവിടെ ചെറിയമ്മ മിക്ക ദിവസവും ചിക്കൻ മേടിക്കുന്നതാ എന്നിട്ട് നമുക്ക് തരാറില്ലല്ലോ, പക്ഷെ ഇന്ന് നമ്മൾ കഴിക്കാത്തത് കഴിച്ചൂന്നും അവർക്ക് കൊടുത്തില്ലെന്നുമാണ് പറഞ്ഞെ."
"സാരമില്ല, നിങ്ങളതൊന്നും ഓർത്തു പ്രയാസപ്പെടേണ്ട, മക്കള് പഠിച്ച് വലുതായാൽ പിന്നേ നിങ്ങൾക്കിഷ്ടമുള്ളപ്പോൾ എന്ത് വേണമെങ്കിലും കഴിക്കാമല്ലോ, നാളെയാവട്ടെ ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാക്കാം."
"എനിക്കൊരു ചിക്കൻ ഫ്രൈ കൂടി, പ്ളീസ് അമ്മാ", ഒരു വിരൽ കാണിച്ച് കൊഞ്ചി പൊന്നു, .."ശരി, സമ്മതിച്ചു, രണ്ട് പേർക്കും ഓരോ ഫ്രൈ കൂടി", അമ്മ മക്കളേ ചേർത്ത് പിടിച്ച്‌ അവർ കാണാതെ സ്വന്തം കണ്ണുകൾ തുടച്ചു.
******************************************************************************************
"എൻ്റെ അമ്മു, എനിക്കീ ചിക്കനൊന്നും ഫോർക്കും സ്പൂണും കൊണ്ട് കഴിക്കാനൊന്നും പറ്റില്ല."
"അമ്മാ, ദുബൈയിലെ വലിയ റെസ്റ്റോറന്റ് അല്ലെ എന്ന് വിചാരിച്ച്‌ ഫോർക്കും സ്പൂണും വെച്ച്‌ കഴിച്ചില്ലെങ്കിൽ അവർ ഇറക്കി വിടുവൊന്നുമില്ല, അമ്മ ധൈര്യമായിട്ടു കൈ വെച്ച്‌ കഴിച്ചോ, അല്ലെ വിനുവേട്ടാ?"
"പിന്നല്ലേ?, അല്ലെങ്കിലും ഈ കിടുപിടികളൊന്നും എനിക്കും പറ്റില്ല, അമ്മ വാ നമ്മുക്ക് കൈ വെച്ച് കഴിക്കാം", വിനു മറുപടി പറഞ്ഞു.
"അമ്മുമ്മ, ആദ്യം ഫോർക് എടുക്കണം, എന്നിട്ടു ചിക്കനിൽ ഇങ്ങനെ കുത്തണം, എന്നിട്ടു വായിൽ വെക്കണം, ഇത്രേ ഉള്ളു", അമ്മുവിന്റെയും വിനുവിന്റെയും എട്ടു വയസ്സുകാരി മകൾ കിങ്ങിണി ആണ് അമ്മുമ്മയെ പരിശീലിപ്പിച്ചത്. ഇതെല്ലാം കണ്ടും കേട്ടും അമ്മ ചിരിച്ചു കൊണ്ടിരുന്നു.
"അമ്മു, പൊന്നുവിന്റെ മെസ്സേജ് വന്നോന്നു നോക്കിയേ മക്കളേ, അവളെത്ര മണിക്കാ ആ ...എന്താണ് ആ വിമാനത്താവളത്തിന്റെ പേര്?പീതുവോ?..അവിടെ ഇറങ്ങുന്നതെന്ന് പറഞ്ഞെ?, അവിടുത്തെ തണുപ്പൊക്കെ അവൾക്ക്‌ പറ്റുമോ എന്തോ".
"അയ്യോ എന്റമ്മുമ്മ പീതു ഒന്നുമല്ല, ഹീത്രൂ..ഹീത്രൂ എയർപോർട്ടിലാണ് പൊന്നു കുഞ്ഞ കൊച്ചച്ഛനുമായി ഇറങ്ങുന്നത്, അമ്മുമ്മക്ക്‌ ഞാൻ എത്ര പ്രാവശ്യം പറഞ്ഞു തന്നതാ എന്നിട്ടും മറന്നു, ഒന്നുടെ പറഞ്ഞെ ഹീത്രൂ.."
"ഹീത്രൂ എങ്കിൽ ഹീത്രൂ, അമ്മുമ്മയുടെ കിങ്ങിണിക്കുട്ടി പഠിച്ചാൽ മതി എല്ലാം, അമ്മുമ്മ അതെല്ലാം കണ്ട് സന്തോഷിക്കാം", അവരുടെ രണ്ട് പേരുടെയും കൊഞ്ചലുകൾ തുടർന്നു കൊണ്ടേ ഇരുന്നു.
കളിയാക്കലും, ചിരിയും, സന്തോഷവും, തമാശ പറച്ചിലും ആ വലിയ തീന്മേഷക്ക് ചുറ്റും അലയടിച്ച് കൊണ്ടിരുന്നു.
*****
കാലവും ഋതുക്കളും മാറുന്നതിന് അനുസരിച്ച് മനുഷ്യന്റെ സാഹചര്യവും മാറും, ഇപ്പൊ നിങ്ങൾ എന്ത് വിഷമവും പ്രയാസവും അനുഭവിച്ചാലും അതെല്ലാം നല്ലൊരു ഭാവിക്ക്‌ വേണ്ടിയുള്ള മുതൽക്കൂട്ടാണ് എന്ന് മാത്രം ഓർത്താൽ മതി.
✍️✍️മഹാലക്ഷ്‌മി മനോജ്

പൊന്മകൾ | MahaLakshmi Manoj


 ഒരു മകൾ മാത്രമുള്ള വീട്ടിൽ ശ്രെദ്ധിച്ചിട്ടുണ്ടോ അവൾ എപ്പോഴും അമ്മയെ അനുകരിക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്നവൾ ആയിരിക്കും, അമ്മ ഒരുങ്ങുന്ന പോലെ, അമ്മേടെ കുപ്പായം പോലെ, അമ്മയുടെ ഷൂവോ ചെരുപ്പോ പോലെ, അങ്ങനെ ഇന്നതെന്നു ഇല്ലാ, എല്ലാം. എന്റെ കുഞ്ഞാറ്റ 6 വയസു കഴിയുന്നേ ഉള്ളു എങ്കിലും എത്രെയോ നാള് മുന്നേ അമ്മയെ പോലെ എന്നാ പല്ലവി തുടങ്ങി, വല്ല തക്കാളിയോ, കടലമാവോ, അരിപൊടിയോ, അങ്ങനെ സൗന്ദര്യം കൂട്ടുന്ന എന്തെങ്കിലും മുഖത്ത് തെക്കാമെന്നു വെച്ചാൽ അമ്മ എനിക്കും വേണേ, എന്റെ മുഖത്തും ചെറിയ കുരു ഉണ്ട്
🙆‍♀️. അമ്മ ചെയ്യുന്നുണ്ടോ എന്നാ ഞാനും, അമ്മക് വേണോ എന്നാ എനിക്കും.
പിന്നെ ഉള്ള സ്വഭാവം പൊസ്സസ്സീവ്നെസ്സ് ആണ്, അതു ചിലപ്പോ ആദ്യത്തെതിനേക്കാൾ കൂടുതലായിരിക്കും, അവളുടെ അച്ഛനോട്.., ഞാൻ ഇത്തിരി കെട്ടിയോനോട് ചേർന്നിരുന്നാൽ ഉടനെ ഇല്ലാത്ത സ്ഥലത്ത് തിരുകി കേറും, അങ്ങേരുടെ മടിയിൽ ഇരിക്കാമെന്നു വെച്ചാൽ ഒരു കാലിൽ നിന്ന് എന്നെ തള്ളി ഇറകീട്ട് അതിൽ ഇരിക്കും, ഒരു
ഉമ്മ
കൊടുക്കാമെന്നു വെച്ചാലോ മുഴുവൻ കൊടുക്കാൻ സമ്മതിക്കൂല അതിനു മുന്നേ അവൾക് കൊടുക്കണം, TV-l കാർട്ടൂൺ കണ്ടിരുന്നാലും അകത്തു അച്ഛന്റേം അമ്മേടേം അനക്കമൊന്നും കെട്ടിലെങ്കിൽ അച്ഛാ അമ്മ എന്താ ചെയ്യണേ എന്ന് ചോദിച്ചു ഓടി വരും 😃, പഠിക്കാനോ എഴുതാനോ ഇരുത്തീട് അനങ്ങാതെ ഇരുന്നു എഴുതിക്കോ എന്നു പറഞ്ഞു വന്നാൽ 100 ആവർത്തി വന്നു നോക്കും ഇതുങ്ങളൊക്കെ തൊടാതേം പിടിക്കതേം തന്നെ ആണോ ഇരിക്കണേ എന്നറിയാൻ 😁.
സൗന്ദര്യ സംരക്ഷണം ആണേൽ പറയേം വേണ്ട. തടി കൂടാതിരിക്കാൻ ചില സമയങ്ങളിലെ ഭക്ഷണം ഞാൻ ഒഴിവാക്കിയാൽ, "അമ്മ എന്താ കഴിക്കത്തെ,?, "അതു അമ്മക് വണ്ണം കൂടുമെടാ കണ്ണാ ", "അപ്പൊ അമ്മക് അറിയാമല്ലേ കഴിച്ചാൽ വണ്ണം വെക്കുമെന്നു, പിന്നെന്തിനാ അമ്മ എനിക്കു തന്നോണ്ടിരിക്കണേ ഭക്ഷണം, ഞാൻ വണ്ണം വെച്ചോട്ടെന്നോ ". ഈ പ്രായത്തിലെ നാക്കിന്റെ നീളം ഇതാണെൽ കുറച്ചു കൂടി കഴിഞ്ഞാൽ എന്താകുമെന്നു ആലോചിച്ചാൽ അന്തവും കുന്തവും ഇല്ലാ എന്ന എന്റെ ആത്മഗതം കേട്ട കെട്ടിയോൻ "അല്ല മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ അല്ലേ"😆.. ഞാൻ ചിന്തിച്ചത് ഇങ്ങേരിനി സ്വന്തമായി ട്രോള്ളിയതാണോ അതോ എനിക്കിട്ടു താങ്ങിയതാണോ 🤨🤔.. ആ...
✍️മഹാലക്ഷ്‌മി മനോജ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo