Showing posts with label SiyadChilanka. Show all posts
Showing posts with label SiyadChilanka. Show all posts

ഭർത്താവും കാമുകനും

Image may contain: Siyad Chilanka, beard and eyeglasses
=================
"ഇവിടെ നിന്ന് രക്ഷപ്പെട്ടൂടെ കുട്ടി... എത്ര നാൾ നീ ഇങ്ങനെ ഈ ഒന്നിനും കൊള്ളാത്തവന്റെ ഭാര്യയായി കഴിയും....നിനക്ക് പ്രായം കുറച്ചെ ഉള്ളു ഇനിയും ജീവിതം ബാക്കിയാണ്.... പൊക്കോളു നിനക്ക് നല്ല ജീവിതം കിട്ടിയാൽ നീ ഇവിടെ നിന്ന് പൊക്കോളൂ... "
പതിവുപോലെ തന്നെ തന്റെ തളർന്ന ശരീരം വെള്ളം നനച്ച് തുടക്കുന്ന ഭാര്യ രസികയോട് അയാൾ പിറുപിറുത്ത് കൊണ്ടെ ഇരുന്നു.
ആദ്യമെല്ലാം അയാൾ ഇത് പറയുമ്പോൾ അവൾ നിശബ്ദമായി കരയും, കൗമാരം തീർന്ന് യൗവ്വനാരംഭത്തിൽ തന്നെ ഭാര്യയായ ഒരു പെണ്ണിന്റെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും ഉള്ള പെണ്ണല്ലെ അവളും, മനസ്സ് ചിലപ്പോഴെല്ലാം പതറാറുണ്ട്.
ആരോഗ്യ ദൃഢഗാത്രനായ ആ ചെറുപ്പക്കാരൻ സുന്ദരിയായ ഭാര്യയുടെ കൂടെ ജീവിതം പങ്കിട്ടത്ത് ഒരു മാസം മാത്രം ആണ്. ആ ബൈക്ക് ആക്‌സിഡൻറ് അയാളെ നാല് ചുമരുകൾക്കിടയിൽ തളച്ചിട്ടു.രണ്ട് കൊല്ലമായി അവരുടെ രണ്ട് പേരുടെയും ജീവിതം ഇരുട്ടിലായിട്ട്..
കല്യാണ ദിവസം അവൾക്ക് പതിനെട്ട് വയസ്സ് തികഞ്ഞിട്ടെ ഉണ്ടായിരുന്നുള്ളു. അന്ന് കല്യാണത്തിന് വന്ന ജനങ്ങൾ വധൂവരൻമാരെ കണ്ട് അസൂയപ്പെട്ടു പോയി. അധിസുന്ദരിയായ രസികയെ കണ്ടാൽ കണ്ണെടുത്ത് മാറ്റാൻ തോന്നില്ല...
ജീവിതം തുടങ്ങും മുമ്പ് ഇരുട്ട് വീണ ഭാഗ്യം കെട്ടവൾ, തന്റെ സമപ്രായക്കാർ ഭർത്താക്കൻമാരുടെയും കാമുകൻമാരുടെയും കൂടെ സന്തോഷമായി പാറി പറക്കുന്നത് അവൾ കൊതിയോടെ നോക്കി നിൽക്കും.
രാവിലെ അയാളുടെ കാര്യങ്ങൾ എല്ലാം ചെയ്ത് കൊടുത്ത്, ഭക്ഷണവും കഴിപ്പിച്ചാണ് അവൾ ജോലിക്കിറങ്ങുക. ടൌണിലുള്ള ഒരു പ്രൈവറ്റ് ബാങ്കിൽ അവൾക്ക് ഒരു ചെറിയ ജോലി ഉണ്ട്.
രാവിലെ ഓഫീസിൽ ചെന്ന് കുറച്ച് സമയം തിരക്ക് ആയിരിക്കും, പിന്നെ കുറെ സമയം വെറുതെ ഇരിക്കും. ബോറടി മാറ്റാനാണ് എഫ് ബി യിൽ ഒരു എക്കൗണ്ട് തുടങ്ങിയത്.
അത് കൊണ്ട് പഴയ കുറെ ഫ്രണ്ട്സിനെ തിരിച്ച് കിട്ടി. അവരോടെല്ലാം ചാറ്റ് ചെയ്തും സംസാരിച്ചും അവൾ ദിനരാത്രങ്ങൾ തള്ളി നീക്കി.
എന്നോ ഒരു ദിവസം "അഖിൽ "എന്ന് പേരുള്ള ഒരു ഐഡിയിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നു. ആദ്യം അറിയാത്ത ആളായത് കൊണ്ട് ആക്‌സെപ്റ്റ് ചെയ്തില്ല. പ്രൊഫൈലിൽ കയറി നോക്കിയപ്പോൾ എന്താണെന്നറിയില്ല അയാളുടെ ഫോട്ടോകൾക്കെല്ലാം വല്ലാത്ത ആകർഷണം തോന്നി.ആ കണ്ണുകൾ തന്നെ നോക്കുന്നത് പോലെ. അറിയാതെ തന്നെ ആക്സെപ്റ്റ് ക്ലിക്ക് ചെയ്ത് പോയി.
ആദ്യം അയാളുടെ ശ്രദ്ധ നേടാൻ ഫോട്ടോസിനെല്ലാം ലൈക്ക് കൊടുത്തു. ആദ്യം കരുതിയത് ഇൻബോക്സിൽ ഇങ്ങോട്ട് ചാറ്റിങ്ങിന് വരുമെന്നാണ് ,പക്ഷെ അത് ഉണ്ടായില്ല.....എന്താണെന്നറിയില്ല ഒന്ന് ഇൻബോക്സിൽ കയറിയാലൊ എന്ന് മനസ്സ് തുടിച്ച് പോയി.
അറിയാതെ തന്നെ
"ഹായ്......"
എന്ന മെസ്സേജ് അയച്ച് പോയി....
* * * * * * * * *
"ഡാ അഖിലെ ഈ ചായ കുടിച്ചിട്ട് പോട..... രാവിലെ പോത്ത് പോലെ കിടന്ന് ഉറങ്ങി ഓഫീസിലേക്ക് പോവാൻ നേരം എണീക്കും, എന്നിട്ട് ഒരോട്ടമാണ്, ദിവസവും രാവിലെ പട്ടിണിയാണ്...."
ഷൂ ധരിക്കുന്നതിനിടയിൽ അമ്മ വായിലേക്ക് ഒരു ഇഡ് ലി കുത്തി കയറ്റി കൊടുത്തു...
" വേണ്ട അമ്മെ സമയം ഇല്ല ഞാൻ പോട്ടെ.."
"നാളെ ഓഫീസിൽ ലീവ് പറഞ്ഞോളൂട്ടൊ... ബ്രോക്കറ് കൊണ്ട് വന്ന ഇരിങ്ങാലക്കുടത്തെ കാര്യം നമുക്ക് ഒന്ന് പോയി കാണണം... "
ഒരു കണക്കിനാ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയത്.....
അച്ഛനും അമ്മയും നാട്ടിലുള്ള ഒരു മാതിരിപ്പെട്ട എല്ലാ ബ്രോക്കർമാരോടും പെണ്ണ് നോക്കാൻ ഏർപ്പാട് ചെയ്ത് കാത്തിരിക്കുകയാണ്..
വരുന്ന മേയിലേക്ക് വയസ്സ് ഇരുപത്തിയെട്ട് തികയും.. വീട്ടില് ഇത് പറഞ്ഞ് സ്വൈര്യം ഇല്ല. എന്താ ചെയ്യാ.. ആഗ്രഹം ഇല്ലാണ്ടല്ലല്ലൊ, ഏതെങ്കിലും ഒന്ന് ശരിയാകണ്ടെ. അച്ഛനും അമ്മയും പറഞ്ഞ് പറഞ്ഞ് അവസാനം ഏതെങ്കിലും ഒരു പെണ്ണിനെ വിളിച്ച് കൊണ്ട് വന്നാലും സാരമില്ല എന്ന് പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
എഫ് ബി യിൽ പതിവില്ലാതെ ഒത്തിരി നേരം ഒരു പെൺകുട്ടിയുമായി ചാറ്റ് ചെയ്തു. രസിക എന്നാണ് പേര്.കൊച്ച് കൊള്ളാം.. വയസ്സ് ഇരുപത്....സാധാരണ പെൺ കുട്ടികളോട് സംസാരിക്കാൻ ഒരു ചമ്മല് ആണ്, പക്ഷെ രസികയോട് സംസാരിച്ചപ്പോൾ എന്താണെന്നറിയില്ല ആ ചമ്മലും നാണവും ഒന്നും ഉണ്ടായില്ല , ഒറ്റ ദിവസം കൊണ്ട് തന്നെ ഒത്തിരി അടുത്ത പോലെ....
ആദ്യം ഫെയ്ക്ക് ഐഡിയാണെന്നാണ് കരുതിയത്, പക്ഷെ വീഡിയോ കോൾ വന്നപ്പോൾ കണ്ണ് തള്ളി പോയി, എന്താ പെണ്ണ്,ഒരു രക്ഷയില്ല. രസികയുടെ മുഖം മനസ്സിൽ വല്ലാതെ അങ്ങ് പതിഞ്ഞ് പോയി...
എങ്ങനെയെങ്കിലും രാത്രി പത്ത് ആയൽ മതി, മനസ്സ് വല്ലാതെ തുടിക്കുന്നു.. ഇന്നലെ അവളോട് രാത്രി സംസാരിച്ച് കഴിഞ്ഞത് വെളുപ്പിന് മൂന്ന് മണിക്കാണ്.
അവൾ ശരിക്കും ഇന്നലെ മനസ്സ് തുറന്നു, മനസ്സ് മാത്രമല്ല, എല്ലാ വികാരങ്ങളും പങ്ക് വെച്ചു.
രസികയെ പോലെ ഉള്ള എല്ലാം തുറന്ന് പറയുന്ന ഒരു പെൺകുട്ടിയെ സ്വന്തമായി കിട്ടിയാൽ അത് വലിയ ഭാഗ്യം തന്നെയാണ്..
ഇന്ന് രാത്രി രസികയോട് തുറന്ന് പറയണം,താൽപര്യമാണെങ്കിൽ ആലോചനയും ആയി വീട്ടിൽ വരട്ടെ എന്ന്. വലിയ ദൂരം എന്ന് പറയാനില്ല മുപ്പത് കിലോമീറ്റർ കാണുകയുള്ളു രസികയുടെ നാട്ടിലേക്ക്..
രാത്രി പത്ത് മണിക്ക് രസികയുടെ പച്ച ലൈറ്റ് തെളിഞ്ഞു.
അവളും കാത്തിരിക്കുകയായിരുന്നു പരസ്പരം സംസാരിക്കാൻ. കുറേ നേരത്തെ ചാറ്റിങ്ങിന് ശേഷം, എത്രയും വേഗം പരസ്പരം കാണാം എന്ന തീരുമാനത്തിലേക്ക് എത്തി.
അവൾ പറഞ്ഞ പോലെ കൃത്യം പത്ത് മണിക്ക് തന്നെ തൃശൂർ റൗണ്ടിൽ എത്തി.പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പിൽ തന്നെ നിലയുറപ്പിച്ചു.
അധികം നേരം കാത്തിരിക്കേണ്ടി വന്നില്ല, കുടയും ചൂടി, ഇളം നീല നിറത്തിൽ ചുരിദാറും ധരിച്ചു ദാ മുന്നിൽ നിൽക്കുന്നു രസിക. ഫോട്ടോയിൽ കാണുന്നതിനേക്കാൾ എത്രയോ മടങ്ങ് സൗന്ദര്യം ഉണ്ട് നേരിൽ കാണുമ്പോൾ, വെയിലേറ്റ വെളുത്ത കവിളുകളിൽ രക്തം ചുവന്ന് തുടുത്ത് നിൽക്കുന്നു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്.
ചുണ്ടുകളിൽ പുഞ്ചിരി വിടർന്നപ്പോൾ മുഖത്തെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി...
" ഒത്തിരി നേരമായോ വന്നിട്ട്?"
" ഏയ്... ദാ ഇവിടെ വന്ന് നിന്നതെ ഉള്ളു..... "
" നമുക്ക് നടന്നാലൊ...."
ഫോണിലൂടെ ചറപറാന്ന് സംസാരിക്കുമെങ്കിലും, അവൾ മുമ്പിൽ വന്ന് നിന്നപ്പോൾ എന്ത് പറയണമെന്നറിയാതെ ആയി....
തണൽ മരങ്ങൾക്കിടയിലൂടെ രസികയുടെ കൂടെ നടന്നപ്പോൾ കൈത്തണ്ടകൾ പരസ്പരം മുട്ടിയപ്പോൾ ശരീരം ആകെ രോമാഞ്ചം വന്നു. ആദ്യമായാണ് ഒരു പെണ്ണിന്റെ കൂടെ ഇത് പോലെ നടക്കുന്നത്.
ആൽമരത്തിൻ തണലിൽ ആൽത്തറയിൽ അടുത്ത് ചേർന്നിരുന്നു. അറിയാതെ തന്നെ കൈവിരലുകൾ പരസ്പരം കോർത്തിണങ്ങി പോയി.
സംസാരിച്ച് ഇരുന്ന് മണിക്കൂറുകൾ കടന്ന് പോയതറിഞ്ഞില്ല.. അവൾ അരികിൽ നിന്ന് പോയപ്പോൾ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു...
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞ് കൊണ്ടേ ഇരുന്നു. രസികയില്ലാതെ ജീവിതത്തിൽ ഇനി ഒരു ദിവസം ഉണ്ടാവുന്നത് ഓർക്കാൻ കൂടി കഴിയാതെ ആയി, തിരിച്ച് അവൾക്കും...
ചുണ്ടുകൾ പലപ്പോഴും കഥകൾ പറഞ്ഞ് കോർത്തിണക്കി വെച്ച്, പരസ്പരം ആലിംഗനത്തിൽ മുഴുകി പല ദിനങ്ങളിലും അവർ ഒരുമിച്ചു....
" ഈ ഫോൺ വിളിയും, ഇടയ്ക്കിടക്ക് ഒരുമിച്ച് കൈകോർത്ത് സ്വപ്നങ്ങൾ പങ്ക് വെച്ച് നടന്നാൽ മാത്രം മതിയോ പെണ്ണെ നമുക്ക്... വീട്ടുകാരും നാട്ട്കാരും അറിഞ്ഞ് എന്റെ പെണ്ണായി എന്റെ വീട്ടിലേക്ക് നിന്റെ കൈയ്യും പിടിച്ച് കയറിയാലെ സമാധാനമാവൂ . "
പെട്ടെന്ന് രസികയുടെ കണ്ണുകളിൽ നിന്ന് അശ്രുകണങ്ങൾ തുരുതുരാ പുറത്തേക്ക് ഒഴുകി.
"എന്താ കൊച്ചെ കരയുന്നത്, ഞാൻ വിഷമിപ്പിക്കുന്നത് ഒന്നും പറഞ്ഞില്ലല്ലൊ, നമ്മുടെ കല്യാണത്തെ കുറിച്ച് പറയുന്നതിന് എന്തിനാ ഇങ്ങനെ കരയുന്നത്?"
രസികയുടെ കരച്ചിലിന് ശക്തി കൂടിയതെ ഉള്ളു....
" ഞാ.. ഞാൻ അഖിലിനെ ചതിക്കുകയാണ്.. എന്റെ..... എന്റെ വിവാഹം കഴിഞ്ഞതാ.... ഇന്ന് രാവിലെ ഭർത്താവിനുള്ള ഭക്ഷണം വരെ ഒരുക്കി വെച്ച് ആണ് ഞാൻ ഇങ്ങോട്ട് വന്നത്... വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോൾ സംഭവിച്ച ആക്സിഡന്റ് അദ്ദേഹത്തിന്റെ ശരീരം തളർന്ന് കിടപ്പിലായ അവസ്ഥയിലാക്കി..
രണ്ട് കൊല്ലമായി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ വിധവയെ പോലെ ജീവിക്കുന്നു. ചേട്ടൻ ഒരു മുറിയിലും ഞാൻ മറ്റൊരു മുറിയിലുമായാണ് കിടക്കുന്നത്.
ചേട്ടൻ എപ്പോഴും പറയും നിനക്ക് ഒരു നല്ല ജീവിതം കിട്ടിയാൽ പൊക്കോളൂ, ഇവിടെ തളച്ചിടേണ്ടവളല്ല നീ എന്ന്, ആദ്യമെല്ലാം അദ്ദേഹം അത് പറയുമ്പോൾ മനസ്സ് വിഷമിച്ചിരുന്നു... പിന്നീട് ചേട്ടൻ എന്നോടുള്ള സംസാരം പോലും നിറുത്തി....
എന്റെ വീട്ടുകാർക്ക് ഞാൻ അങ്ങോട്ട് തിരിച്ച് ചെല്ലുന്നത് പേടിയാ .എന്റെ വീട്ടുകാർ എന്നെ അവരിൽ നിന്ന് ഒരു പാട് അകലത്തിലാക്കി എന്തിന് മനസ്സിൽ നിന്ന് പോലും.
ഒറ്റപ്പെട്ട് മരിച്ച് കിടന്ന എന്റെ ജീവിതത്തിലേക്ക് ജീവന്റെ ശ്വാസവുമായി വന്നത് അഖിലെ നീയാണ്. നിന്റെ കൂടെ ഉള്ള നിമിഷങ്ങൾ ആണ് ഞാൻ ജീവിക്കുന്നു എന്ന തോന്നൽ ഉണ്ടായത്.
നിന്നെ നഷ്ടപ്പെടാതിരിക്കാനാണ് ഞാൻ ഇതൊന്നും പറയാതിരുന്നത്. ഇനി പറയാതെ വയ്യ, നമ്മൾ പിരിയാൻ സമയമായി. സാരമില്ല നിന്റെ കൂടെ ഉണ്ടായിരുന്ന, നീ സമ്മാനിച്ച നല്ല നിമിഷങ്ങൾ മതി എനിക്ക് ഇനിയങ്ങോട്ടുള്ള ജീവിതത്തിലേക്ക്.
അവൾ പറയുന്നത് മുഴുവൻ കണ്ണടച്ചാണ് അവൻ കേട്ടിരുന്നത്.
കണ്ണടച്ച് മൗനമായി ഇരിക്കുന്ന അഖിലിനെ കണ്ടപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു തിരിച്ച് പോകാനായി.
തിരിഞ്ഞ് പോകാനൊരുങ്ങിയ അവളുടെ കൈകളിൽ അവൻ പിടിച്ചു.
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് അവൻ നോക്കി, രണ്ട് കൈകൾ കൊണ്ട് അവളുടെ തുടുത്ത കവിളുകളിൽ പിടിച്ച് ചുണ്ടിലേക്ക് ചുണ്ടമർത്തി.
"ജീവിതത്തിൽ ഇത്രയും പ്രയാസങ്ങൾ അനുഭവിച്ചില്ലെ ഇനി മതി, ദാ ഇപ്പോൾ തന്നെ നിന്നെ ഞാൻ പൊക്കി കൊണ്ട് പോയാനെ, പക്ഷെ നീ വീട്ടിൽ ചെന്ന് ചേട്ടനോട് അനുവാദം ചോദിച്ച് നമ്മൾ ആദ്യമായി കണ്ട പാറമേക്കാവ് അമ്പലത്തിന് മുമ്പിലേക്ക് വാ, അവിടെ നിന്ന് നമുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം "
പ്രണയവശയായി ചുവന്ന് തുടുത്ത സൂര്യനെ കടൽ ആലിംഗനം ചെയ്യുന്നത് വരെ കടൽത്തീരത്ത് അവർ പരസ്പരം വാരിപ്പുണർന്ന് നിന്നു.
അന്ന് രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല, രാത്രി കുറേ നേരം അവൾ ഭർത്താവിന്റെ മുറിയിൽ അയാൾ ഉറങ്ങുന്നത് നോക്കി നിന്നു.
രാവിലെ കൊണ്ട് പോകാനുള്ളതെല്ലാം ബാഗിലാക്കി വെച്ചു, കുളിമുറിയിൽ കയറി ഷവറിനടിയിൽ വെള്ളത്തിൽ കുതിർന്നു നിന്നു. മനസ്സിന് വല്ലാത്ത ഭാരവും പ്രയാസവും...
അദ്ദേഹത്തിന്റെ വായിലേക്ക് ചപ്പാത്തി കഷ്ണങ്ങൾ വെച്ച് കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു...
"എന്താ രസിക നീ കരയുന്നത്..?"
അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അയാളുടെ ക്ഷീണിച്ച മാറിലേക്ക് വീണ് ഏങ്ങലടിച്ച് വീണ് കരഞ്ഞു....
പെട്ടെന്ന് അവൾ ഞെട്ടി ഉണർന്നു, തളർന്ന് കിടന്ന അയാളുടെ കൈകൾ ഒരു വിറയലോടെ അവളുടെ മൂർദ്ധാവിൽ തൊട്ടു കിടക്കുന്നു...
രണ്ട് വർഷമായി അനക്കമില്ലാതിരുന്ന കൈ അവൾ തുരുതുരാ ചുംബിച്ചു... അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി......
പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു, ഫോണിലേക്ക് അഖിലെന്റെ കോൾ വരുന്നു അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അയാളുടെ കൈകൾ തലോടി അയാളുടെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു...
..........................
സിയാദ് ചിലങ്ക

ഒരു കുഞ്ഞിനെ വേണം

Image may contain: Siyad Chilanka, beard, eyeglasses and indoor

എനിക്ക് ഇനിയും ഒരു കുഞ്ഞിനെ വേണം."
നെഞ്ചത്ത് തലോടി കിടന്ന അവളുടെ പെട്ടെന്നുള്ള പ്രസ്ഥാവന കേട്ട ഒന്ന് ഞെട്ടി, പിന്നെ ഇടക്ക് ഇടക്ക് ഇങ്ങനെ പൊട്ട് പിടിച്ച എന്തെങ്കിലും വിടുന്നത് ഹോബിയായത് കൊണ്ട് സാധാരണ ചെയ്യാറുള്ളത് പോലെ ഒന്ന് മൂളി....
അപ്പോഴാണ് അവള് നെഞ്ചത്ത് ഒരു ഇടി തന്നത്...
" ഇങ്ങള് എന്ത് ആലോജിച്ച് കിടക്കേണ് മനുഷ്യാ... ഞാൻ തമാശ പറഞ്ഞതല്ല സീരിയസായിട്ടാണ്. "
" നീ ആ ലൈറ്റ് ഒന്ന് ഇട്ടെ..... "
അവളുടെ മോന്ത നേരാം വണ്ണം നോക്കി...
" എടി ഹമ്ക്കെ.... എന്തിനാ നമ്മൾ വല്ല്യ കട്ടില് ഉണ്ടായിരുന്നത് മാറ്റി, അതിനേക്കാളും വല്യക്കാട്ടി കട്ടില് ഉണ്ടാക്കിയത്, ദേ കിടക്കുന്ന രണ്ട് പുള്ള കൾ വന്നിട്ടല്ലെ, നീ തന്നെയാ രണ്ട് പുള്ള കൾ മതി ഇനി നിറുത്താമെന്ന് പറഞ്ഞത്,എന്നിട്ട് തുന്നിക്കെട്ടി വെച്ചേക്കണത് കൊണ്ട് ഞാനെന്ത് കാണിക്കാനാ, മിണ്ടാണ്ട് കിടന്നോ ഹിമാറെ ഇല്ലെങ്കിൽ പുറംകാല് കൊണ്ട് ഒരു തൊഴി തന്നാൽ മീൻകാരൻ കോയക്കാന്റെ പൊരേല് എത്തും നീ.... "
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഉമ്മുകുൽസു വിന്റെ കരച്ചില് കേട്ടു...
എഴുന്നേറ്റ് വീണ്ടും ലൈറ്റിട്ടു, ദാ കട്ടിലിന്റെ മൂലക്ക് ഇരുന്ന് കരയുന്നു ഉമ്മുകുൽസു.
"എന്റെ ഉമ്മു ഇക്ക ക്ഷീണിച്ച് കിടക്കല്ലെ ആയിരുന്നു, അന്റെ പോഴത്തം കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നതാണ് മുത്തെ, എന്തിനാ ഇങ്ങനെ കരയുന്നത്, അന്ന് നീ പറഞ്ഞിട്ടല്ലെ പ്രസവം നിറുത്തിയത്, ഞാൻ പറഞ്ഞതാ അന്ന് നിറുത്തണ്ടാന്ന്."
"അയ്ന് അന്ന് ഇക്കാടെ കടവും കഷ്ടപ്പാടും പെടാപ്പാടും കണ്ടപ്പോൾ രണ്ട് മക്കൾ മതി നിറുത്താമെന്ന് ഞാനൊരു അഭിപ്രായം പറഞ്ഞത് നേരാ... അങ്ങിനെ പറഞ്ഞെന്ന് കരുതി നിങ്ങ എന്തിനാ ഒപ്പിടാൻ പോയത്... "
" അപ്പോൾ ഞാനായി കുറ്റക്കാരൻ നന്നായി....എന്നാ ശരി അയ്ന് ഞാൻ എന്താ ചെയ്യേണ്ടത് നീ തന്നെ പറ ഉമ്മു, അന്റെ ഇഷ്ടം പോലെ ചെയ്യാം "
" എന്നാല് നാളെ ഇങ്ങള് കട തുറക്കണ്ട നമുക്ക് ഒരീടം വരെ പോകാം...."
രാവിലെ തന്നെ ഉമ്മുവിന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്, നോക്കുമ്പോൾ കുളിച്ച് വസ്ത്രമെല്ലാം അണിഞ്ഞ് പൗഡറും കൺമഷിയും ഇട്ട് മൊഞ്ചത്തിയായി നിൽക്കുന്നു ഉമ്മു...
"വേഗം എണീറ്റ് റെഡിയാവ് ഇക്കാ.. നമുക്ക് ബേഗം പോവാം.... "
കുളി കഴിഞ്ഞ് ചായ കുടിക്കാൻ മേശപ്പുറത്ത് വന്ന് ഇരുന്നപ്പോൾ അവളുടെ അടുത്ത പ്രസ്ഥാവന..
" ഇന്ന് നേരത്തെ എണീറ്റ് റെഡിയാവാനുള്ളത് കൊണ്ട് ഒന്നും ഉണ്ടാക്കിയിട്ടില്ല... പോയി വന്നിട്ട് ഉണ്ടാക്കി തരാം..."
ബൈക്കിൽ കയറി ഇരുന്നു... അവൾ വന്ന് കയറും എന്ന് കരുതിയപ്പോൾ ദാ വന്ന് നിൽക്കുന്നു മുമ്പിൽ..
"ഇങ്ങോട്ട് ഇറങ്ങ് മനുഷ്യാ ബൈക്കിനും കാറിനും ഒന്നും പോണ്ട, നടന്ന് പോയാൽ മതി...."
പടച്ചോനെ രാവിലെ തന്നെ ഇവള് ഇത് എങ്ങോട്ടാണ് നടത്തുന്നത്...
" ഉമ്മു എങ്ങോട്ടാണ് നടന്ന് പോണത്...."
" ഇങ്ങള് മിണ്ടാണ്ട് എന്റെ കൂടെ വാ.... "
ഗേറ്റ് കടന്ന് പുറത്തിറങ്ങി, രണ്ട് തിരിവ് കഴിഞ്ഞ്, റസാഖിന്റെ വീടിന് മുമ്പിൽ എത്തിയപ്പോൾ അവൾ നിന്നു, പഴയ ഒരു ഓട് വീടാണ് അത്, മുറ്റത്ത് തന്നെ രണ്ട് കട്ടിൽ കിടക്കുന്നുണ്ട് കഴിഞ്ഞ ആഴ്ച റസാഖിന്റെയും ഭാര്യ വിമലയുടെയും മയ്യിത്ത് കിടത്തിയ കട്ടിൽ അതേപടി കിടക്കുന്നുണ്ട്, ബൈക്ക് ആക്സിഡൻറ് ആയിരുന്നു..
അവരുടെ കല്യാണം നാട്ടിൽ വലിയ കോളിളക്കം ഉണ്ടാക്കിയതായിരുന്നു.. വലിയ പൈസക്കാരനായ നീലകണ്ഠൻ നായരുടെ മകളാണ് വിമല, റസാഖിന് ഉമ്മ മാത്രമെ ഉള്ളു, എല്ലാ എതിർപ്പുകളും അവഗണിച്ച് വിമലയെ റജിസ്റ്റർ ചെയ്ത് കൂട്ടികൊണ്ട് വന്നതായിരുന്നു റസാഖ്.
ഉമ്മറത്ത് ചെന്ന് നിന്ന് അവൾ വാതിലിൽ തട്ടി... "
റസാഖിന്റെ ഉമ്മ വാതിൽ തുറന്ന് പുറത്തേക്ക് വന്ന് നിന്നു...
ആ കണ്ണുകൾ കണ്ടാലറിയാം കരഞ്ഞ് കരഞ്ഞ് വീങ്ങി നിൽക്കുന്നു. മനസ്സിൽ ഒരായിരം വേദനകൾ സഹിക്കുന്ന ഉമ്മാടെ മുഖം കണ്ടപ്പോൾ തന്നെ നെഞ്ച് ഒന്ന് പിടഞ്ഞു..
"ഉമ്മാ .... കിങ്ങിണി എന്തെടുക്കാ ഉമ്മാ..."
" ഉറങ്ങാണ് മോളെ.... എണീറ്റിട്ടില്ല ഇപ്പോൾ എണീക്കാനുള്ള സമയം ആയിട്ടുണ്ട്... "
ഉമ്മു വീടിനകത്തേക്ക് കയറി ചെറിയ ഇടുക്കിയ മുറിയിൽ നിലത്ത് പായയിൽ എന്തോ കെട്ടിപ്പിടിച്ച് കിടക്കുന്നുണ്ട് രണ്ട് വയസ്സ് കാരി കിങ്ങിണി മോൾ..
ഉമ്മു നിലത്ത് ഇരുന്ന് കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു.. കിങ്ങിണി മെല്ലെ കണ്ണ് തുറന്നു, ഉമ്മുവിനെ കണ്ടപ്പോൾ അവൾ കൈ നീട്ടി എടുക്കാൻ ആവശ്യപ്പെട്ടു, കിങ്ങിണി കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന റസാഖും വിമലയും കിങ്ങിണിയെ എടുത്ത് നിൽക്കുന്ന ഫോട്ടോ മാറ്റി വെച്ചു,ഉമ്മു കുഞ്ഞിനെ വാരിയെടുത്തു കവിളിൽ ഒരു ഉമ്മ കൊടുത്തു, അപ്പോൾ കിങ്ങിണി മോൾ ഇളം ചുണ്ട് കൊണ്ട് പുഞ്ചിരിച്ചു, ഉമ്മു അവളെ തോളത്തിട്ടു, നല്ല അടുപ്പം ഉള്ളത് പോലെ അവൾ ഉമ്മുവിന്റെ തോളത്ത് ഉറക്കം വിട്ട് കളയാൻ ഇഷ്ടമാവാത്ത പോലെ കണ്ണ് അടച്ച് കിടന്നു.....
"മോളെ രാത്രി തീരെ ഉറങ്ങില്ല.. വാപ്പി.... അമ്മ.. എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഇരിക്കും... പിറന്നാളിന് കുഞ്ഞിന് ഉടുപ്പ് എടുക്കാൻ പോയതല്ലെ രണ്ടാളും... രാത്രിയിയിൽ ഇതിന്റെ കരച്ചില് കേൾക്കുമ്പോൾ സഹിക്കുന്നില്ല മോളെ.. മോള് ദിവസവും ഇവിടെ വരുന്നത് ആണ് ആകെ ഒരു സമധാനം...."
പ്രായമായ ഉമ്മ വിതുമ്പുന്നത് കണ്ട് കണ്ണുകൾ നിറഞ്ഞു...
ചെറിയ വീട് ആണ് പണിതത്, എങ്കിലും ഉള്ള രണ്ട് മുറികളും അത്യാവശ്യം വലുതാക്കി തന്നെ പണിതു.വലിയ കട്ടിലും അലമാരയും എല്ലാം ഉണ്ടെങ്കിലും നിലത്ത് പിന്നെയും സ്ഥലം ഉണ്ട്, അവിടെ പായ വിരിച്ച് പുതപ്പും ബെഡ്ഷീറ്റും കൊണ്ട് കിടക്കയും ഉണ്ടാക്കി തന്നു ഉമ്മു, ഇനി എന്റെ സ്ഥലം തറയിലാണ്.
വാപ്പിയെയും അമ്മയെയും ചോദിച്ച് വാശി പിടിച്ച കിങ്ങിണിയെ തോളത്ത് ഇട്ട് നടന്ന് ഉറക്കിയതിന് ശേഷം, രണ്ട് മക്കളെയും നീക്കി കിടത്തി കിങ്ങിണിയെ ഉമ്മുവിനരികിൽ കിടത്തി..
കണ്ണടച്ച് കിടന്നപ്പോൾ തലമുടിയിൽ വിരലുകൾ കൊണ്ട് തലോടൽ, അരികിൽ വന്ന് കിടക്കുന്നുണ്ട് അവൾ..
"ഇക്കാ വിഷമം ഉണ്ടോ ഇവിടെ കിടക്കാൻ... ഞാൻ കാരണം ഇക്കാക്ക് ബുദ്ധിമുട്ടായി അല്ലെ..."
" ശരിയാ ഉമ്മു... ബുദ്ധിമുട്ടായി രണ്ട് പ്രസവത്തിലും പെൺകുട്ടികളെ ആഗ്രഹിച്ച എനിക്ക് കിട്ടിയത് മുട്ടൻമാരെയാണ്, ഇപ്പോൾ എനിക്ക് ഒരു മോളെ തന്നു നീ ബുദ്ധിമുട്ടിച്ചു.... ഉമ്മയില്ലാതെ വളർന്ന എനിക്ക് ഇപ്പോൾ ഒരു ഉമ്മയെയും തന്നു ബുദ്ധിമുട്ടിച്ചു.... നീ വെറും ഉമ്മുവല്ല.....ഉമ്മുകുൽസുവാണ്.... "
ഉമ്മുവിന്റെ ചെവിയിൽ കടിച്ചപ്പോൾ നാണത്താൽ അവൾ സുഖമുള്ള വേദനയിൽ പതിഞ്ഞ സ്വരത്തിൽ ഇക്കാ..... എന്ന് വിളിച്ചു.... മുറുക്കെ കെട്ടിപ്പിടിച്ചു...
...........................
സിയാദ് ചിലങ്ക

ഗർഭം

ഗർഭം
..........
എട്ട് മാസം തികഞ്ഞ അവളുടെ വയറിൽ സിയാദ് തലോടി.. മെല്ലെ കൈവിരലുകളിൽ താഴോട്ട് അരിച്ചരിച്ച് തുടങ്ങിയപ്പോൾ അവൾ കൈ കയറി പിടിച്ചു.
"മോനെ ഡോക്ടർ എനിക്ക് റെസ്റ്റ് പറഞ്ഞിരിക്കുന്നത് മറന്ന് പോയോ?"
" ഡോക്ടർമാർ സിസേറിയൻ ചെയ്യാൻ വേണ്ടി പലതും പറയും "
അവളെ ചേർത്ത് പിടിച്ച് അവളുടെ കാതിൽ പറഞ്ഞു "ഡോക്ടർമാർ പറയുന്നതൊന്നും കേൾക്കാൻ പോകണ്ടാട്ടൊ, സുഖപ്രസവത്തിന് ഇത് എല്ലാം നല്ല ഗുണം ചെയ്യും"
"ഒന്ന് പോ ചെക്കാ ,പടച്ചോനെ ഒരു ക്ഷമയും ഇല്ലാത്ത ചെക്കൻ, പിന്നെ നാളത്തെ കല്ല്യാണത്തിന്റെ കാര്യം മറക്കണ്ടാട്ടൊ, എനിക്ക് വരാൻ പറ്റില്ല എങ്കിലും ഇക്ക പോണം, യത്തീമായ കുട്ടിയുടെ കല്ല്യാണമാ, കുറേ കാശ് കൊടുത്തൂന്നും പറഞ്ഞ് ബാധ്യത തീരില്ല, പോയി ഒരാളായി നിൽക്കണംട്ടൊ, ചെറുപ്പം മുതല് ഇവിടെ ഉമ്മാനെ സഹായിക്കാൻ വരുന്ന കുട്ടിയല്ലെ?.. "
കണ്ണികുളങ്ങര എൽ പി സ്കൂളിൽ വെച്ചാണ് കല്ല്യാണം. രാവിലെ തന്നെ സ്കൂളിലേക്ക് പുറപ്പെട്ടു, അവിടെ ചെന്നപ്പോഴാ മനസ്സിലായത് താനാണ് കല്ല്യാണത്തിന് ആദ്യം എത്തുന്നത് എന്ന്.
നാലാം ക്ലാസ്സിൽ നിന്ന് പടിയിറങ്ങിയതിന് ശേഷം ആദ്യമായാണ് പഴയ സ്കൂളിന്റെ പടി കടന്ന് ചെല്ലുന്നത്. ഗേറ്റ് കടന്നപ്പോൾ തന്നെ മനസ്സ് പെട്ടെന്ന് ബാല്യത്തിലേക്ക് കടന്ന് ചെല്ലുന്ന പോലെ തോന്നി.
കല്ല്യാണമണ്ഡപവും ഭക്ഷണത്തിനും മറ്റും സൗകര്യം ഒരുക്കിയത് സ്കൂളിന് ഉൾവശത്ത് തന്നെയാണ്. ബഞ്ചും ഡെസ്കും നിരത്തി ഇരിക്കാനും ഭക്ഷണം കഴിക്കാനും എല്ലാം തയ്യാറാക്കിയിട്ടുണ്ട്. പഴയ പോലെ തന്നെ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഇല്ല.ക്ലാസ്സ് റൂമുകൾ ചുമര് കെട്ടി തിരിക്കാത്തത് കൊണ്ട് വലിയ ഒരു ഹാളിന്റെ സൗകര്യം ഉണ്ടായിരുന്നു. പണ്ട് നാലാം ക്ലാസ്സ് ഉണ്ടായിടത്താണ് സ്റ്റേജ് കെട്ടിയിരിക്കുന്നത്.
രാജൻ മാഷായിരുന്നു അന്ന് ഹെഡ് മാഷ്, നാലിൽ കണക്ക് പഠിപ്പിച്ചിരുന്നതും മാഷായിരുന്നു. അന്ന് ക്ലാസ്സിലെ ഏറ്റവും സുന്ദരിക്കുട്ടിയായിരുന്നു 'ലുബീന ' വെളുത്ത് തുടുത്ത കവിളുകളും വിടർന്ന കണ്ണുകളും ഉണ്ടായിരുന്ന കൊച്ചു മാലാഖ.രാജൻ മാഷ് അന്ന് ഒരിക്കൽ പറഞ്ഞു.
'ലുബീനയെക്കാൾ സൗന്ദര്യം ഉള്ള പുതിയ ഒരു പെൺകുട്ടി ഇവിടെ വന്നാൽ എന്താ ഉണ്ടാവുക?... ലുബീനക്ക് സൗന്ദര്യം കുറവാണെന്ന് തോന്നില്ലെ.."
പിന്നെ മാഷ് എന്താ പറഞ്ഞതെന്ന് ഓർമ്മയില്ല ഈ വരികൾ ഓർമ്മയുണ്ട്. അന്ന് മനസ്സിൽ തോന്നിയ കാര്യവും ഓർമ്മയുണ്ട്. "എത്ര അധികം സുന്ദരി വന്നാലും ലുബീനയുടെ അത്രേം വരില്ല മാഷെ....."
അതെ ആദ്യത്തെ പ്രണയം അതായിരുന്നു നാലാം ക്ലാസ്സുകാരന്റെ മനസ്സിൽ വിരിഞ്ഞ പ്രണയം, പ്രണയിനി അറിയാതെ ഇളം മനസ്സിൽ തോന്നിയ ഇഷ്ടം.
എല്ലാവർക്കും ഉണ്ടാവും എന്ന് തോനുന്നു കുട്ടിയായിരുന്നപ്പോൾ ഉണ്ടാവുന്ന ഈ പ്രണയം. ദൈവം തമ്പുരാൻ എല്ലാ പുരുഷ കേസരികൾക്കും സ്ത്രീ റാണിമാർക്കും ജനിക്കുമ്പോൾ തന്നെ ഇട്ട് കൊടുക്കും ഈ പ്രണയം എന്ന് പറയുന്ന ഇമ്മിണി വല്ല്യ ചെറിയ ഇഷ്ട്ടം.
പണ്ടത്തെ കഞ്ഞിപ്പുരയിരുന്നിടത്ത് കുട്ടികൾക്ക് കളിക്കാൻ ഉള്ള വസ്തുക്കൾ വക്കാനുള്ള സ്റ്റോറാക്കി. കല്ല്യാണത്തിനുള്ള ബിരിയാണി തയ്യാറാവുന്ന മണം വരുന്നുണ്ടെങ്കിലും മുക്കിലേക്ക് ഇപ്പോഴും എത്തുന്നുണ്ട് പഴയ കഞ്ഞിയുടെയും പയറിന്റെയും സുഖമുള്ള,നമ്മളെ എടുത്ത് പറക്കാൻ കഴിവുള്ള ആ മണം.കഞ്ഞിയും പയറും ഉണ്ടാക്കുന്ന വിയ്യാത്തുമ്മാടെ മുഖമാണ് ടീച്ചർമ്മാരുടെ മുഖത്തേക്കാൾ മനസ്സിൽ പതിഞ്ഞ് നിൽക്കുന്നത്.
സ്കൂളും പരിസരവും കറങ്ങി നടന്ന് സമയം പോയതറിഞ്ഞില്ല. അകത്തേക്ക് വന്നപ്പോൾ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. മണവാട്ടിയും മണവാളനും ചിരിച്ചു കൊണ്ട് കുറച്ച് ടെൻഷനും അടിച്ച് സ്റ്റേജിൽ കയറി നിറുത്തം തുടങ്ങി. പാവങ്ങൾ നിന്ന് കാലൊടിയാറാവുമ്പോഴാണ് അതുങ്ങളെ ഇനി താഴെ ഇറക്കുന്നത്. ഇതിന്റെയൊക്കെ കഷ്ടപ്പാട് ഇന്ന് രാത്രിയിലാ അനുഭവിക്കാ, ഒന്ന് കാലും നിവർത്തി കിടന്ന് കൂർക്കം വലിച്ച് ഉറങ്ങാനുള്ള കൊതിയുണ്ടാകും പക്ഷെ അതും നടക്കില്ലല്ലൊ!... എന്താ ചെയ്യാ വല്ല ഒളിച്ചോടി കല്ല്യാണം കഴിക്കുന്നതാ നല്ലത്...
എന്തായാലും കെട്ട്യോള് കൂടെ ഇല്ലാത്തതല്ലെ, ഉടുത്തൊരുങ്ങി വന്ന തരുണീമണികളെ നിരാശരാക്കണ്ട, രണ്ട് കണ്ണുകൾക്കും ഒരു പണിയായിക്കോട്ടെ.
പെട്ടെന്നാണ് വിടർന്ന ആ രണ്ട് കണ്ണുകളിൽ കണ്ണുടക്കിയത്. ഒരിക്കലും മറക്കാത്ത സുന്ദരമായ നയനങ്ങൾക്കുടമയായ 'ലുബീന '..
കണ്ണിൽ നോക്കി താഴ്ത്തിയപ്പാൾ ആണ് മറ്റൊരു കാര്യവും കണ്ടത് അവൾക്കും 'ഗർഭം' നന്നായിട്ട് വീർത്ത് നിൽക്കുന്നുണ്ട് എട്ട് മാസം തന്നെ ആയിരിക്കും. ഇവളോട് ഡോക്ടർ റെസ്റ്റ് ഒന്നും പറഞ്ഞില്ലെ ആവോ...
"ലുബീന അല്ലെ...?"
"അതെ "
അവൾ മനസ്സിലാവാത്ത പോലെ നോക്കി.
" എന്നെ ഓർമ്മയുണ്ടോ?... നമ്മൾ രണ്ടാളും നാലാം ക്ലാസ്സ് വരെ ഇവിടെയാ പഠിച്ചത് ,എന്റെ പേര് സിയാദ്."
" ആ.. ഇപ്പോൾ ചെറുതായി ഒരോർമ്മയൊക്കെ വരുന്നുണ്ട്, എന്നെ പെട്ടെന്ന് മനസ്സിലായല്ലെ?... "
"പിന്നെല്ലാതെ നിന്റെ മുഖത്തിന് യാതൊരു മാറ്റവും ഇല്ല, വയറ് കുറച്ച് വീർത്തിട്ടുണ്ട്, വിവാഹം കഴിഞ്ഞിട്ടെത്ര നാളായി കുട്ടികൾ എത്ര..?.. "
അവൾ നാണത്തോടെ ചിരിച്ച് കൊണ്ട് പറഞ്ഞു " മക്കൾ നാല് പേർ ഉണ്ട്, നാലും ആൺകുട്ടികളാ.. "
അവളുടെ നിറവയർ നോക്കി ചോദിച്ചു
"അതെ ഇക്കാക്ക് എന്താ പണി?.. എന്തായാലും ഇത് പെൺകുട്ടി തന്നെയാവും കെട്ടൊ.."
"ഇക്ക ദുബായിലാ, ഞങ്ങളും അതാ കാത്തിരിക്കുന്നത്.
"എന്റെ ഭാര്യക്കും എട്ടാം മാസമായി, പെൺകുട്ടി വേണമെന്ന് തന്നെയാ ആഗ്രഹം, പിന്നെ കുട്ടിക്ക് ഒരു പേര് ഇടാൻ കണ്ട് വെച്ചിട്ടുണ്ട് "
"ഏതാ ആ പേര്?"
" ലുബീന.... ഈ പേര് പണ്ടേ എണക്കിഷ്ട്ടമാ "
ഭക്ഷണം കഴിക്കാൻ സമയമായപ്പോൾ അവളുടെ അരികിൽ ഒരാൾക്കിരിക്കാൻ സ്ഥലം കണ്ടപ്പോൾ ഒന്ന് നോക്കി. അത് കണ്ട് അവൾ കൈകാട്ടി വിളിക്കുകയും ചെയ്തു,അടുത്തടുത്തിരുന്നു ഭക്ഷണവും കഴിച്ചു.
കല്ല്യാണ പരിപാടികൾ എല്ലാം കഴിഞ്ഞ് യാത്ര പറഞ്ഞ് പിരിയുമ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ നാലാം ക്ലാസ്സുകാരിയുടെ തിളക്കം പിന്നെയും കണ്ടു.
മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. കെട്ട്യോളുടെ അരികിൽ കിടന്നപ്പോൾ അവൾ ചോദിച്ചു.
" എങ്ങനെ ഉണ്ടായിരുന്നു ഇക്ക കല്ല്യാണം..?"
" കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, എങ്കിലും മോളില്ലാതെ ഒരു സുഖമുണ്ടായിരുന്നില്ല."
............................
സിയാദ് ചിലങ്ക

ദുബായ്ക്കാരന്റെ രണ്ടാം ആദ്യരാത്രി

ദുബായ്ക്കാരന്റെ രണ്ടാം ആദ്യരാത്രി
..............................................................
"ഹലൊ...... മെഹ്റു നേരത്തെ വിളിച്ചപ്പോൾ ഒരു കാര്യം ചോദിക്കാൻ വിട്ടു പോയി..... പിന്നെ..... ഇപ്പോൾ നിന്റെ പിരീഡ് ഡേറ്റ് ഒന്നും കയറി വരില്ലല്ലൊ? എല്ലാം ക്ലിയർ അല്ലെ....?നാട്ടിൽ വന്നിട്ട് പണിയാവരുത് ട്ടാ മോളെ. അങ്ങിനെ ഒരു പണി കിട്ടിയാ ലീവ് കല്ലത്തായി....നാളെ രാവിലെ കൃത്യം പത്ത് മണിക്ക് നെടുംബാശ്ശേരിയിൽ ലാൻറ് ചെയ്യൂട്ടാ..... രാത്രിയിൽ എത്തുന്ന ഫ്ലൈറ്റ് നോക്കിയതാ മോളെ നടന്നില്ല..... "
" എന്തിനാ രാത്രിയാക്കുന്നത് ഇക്കാ.... ഇതാവുമ്പോൾ നേരത്തെ തന്നെ എന്റെ ഇക്കാനെ എനിക്ക് കാണാലൊ.... "
"അതല്ല മണ്ടൂസെ രാത്രിയായാൽ പിന്നെ നിന്നെ കിട്ടാൻ കാത്തിരിക്കേണ്ടല്ലൊ എനിക്ക്... നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞ് പോന്നതാണ്.... ആറ് മാസം പിടിച്ച് നിന്നത് എനിക്കേ അറിയൂ മോളെ.... ഒരു കണക്കിനാണ് ലീവ് ഒപ്പിച്ചത്......"
"മ്...മ്...... മ്....... "
" ശരി മോളെ ഞാൻ ഇവിടെ നിന്ന് കയറുമ്പോൾ വിളിക്കാം....."
" ശരി ഇക്ക..... "
"ശരിയന്നാ.... വല്ലാത്ത ഒരു പിട പിടപ്പ്... സമയം പോണില്ല മിനിറ്റുകൾ മണിക്കൂറ് പോലെയാ തോനുന്നത് മെഹ്റു.... ഞാൻ കട്ട്‌ ചെയ്യട്ടെ...... പിന്നെ അന്ന് ഞാൻ എടുത്ത് തന്ന ഇളം പച്ച ലാച്ചയില്ലെ അത് ഉടുത്ത് വന്നാ മതീട്ടാ..... അത് ഇടുമ്പോൾ നിന്നെ കാണാൻ നല്ല ഭംഗിയാ... മോളൂ...... "
" എന്താ ഇക്ക... "
" ഉമ്മ......"
മെഹ്റു മെല്ലെ പറഞ്ഞു..
" ഇത്ത അടുത്തുണ്ട്.. "
" അതെ എന്നാ ശരി... നേരിട്ട് വന്നിട്ട് തന്നാ മതീട്ടാ..."
ഫൈസി നാട്ടിൽ വന്ന് പെണ്ണ് തപ്പി കുറേ നടന്നു. അവസാനം ദുബായിക്ക് തിരിച്ച് കയറാൻ പത്ത് ദിവസം മാത്രമുള്ളപ്പോഴാണ് മെഹ്റിനെ കണ്ടത്. ഫൈസിയുടെ സങ്കല്പത്തിന് ഒത്ത പെണ്ണ് തന്നെയാണ് മെഹ്റു. ആ നാട്ടില് മെഹ്റിന്റെ അത്രയും സൗന്ദര്യമുള്ള പെണ്ണിനെ ആരും കെട്ടിക്കൊണ്ട് വന്നിട്ടില്ല.
ഉറപ്പിച്ചിട്ട് പോകാം എന്ന എല്ലാവരുടെയും അഭിപ്രായത്തെ എതിർത്ത് ഫൈസിയുടെ ഒറ്റ നിർബന്ധത്തിലാണ് കല്ല്യാണം നടത്തിയത്.. ഉറപ്പിക്കലിലും വള ഇടലിലും ഫൈസിക്ക് അത്ര വിശ്വാസം പോര. എത്ര പെണ്ണുങ്ങളാ ഇട്ട വളയൊക്കെ ഊരിക്കൊടുത്തേക്കുന്നത്.നിക്കാഹും ചെയ്ത് കുടുംബത്തില് കയറ്റിയാൽ പിന്നെ ഒരു പരിധി വരെ കുഴപ്പം ഇല്ലല്ലൊ എന്നാണ് ഫൈസിയുടെ ഒരു ഇത്..
അങ്ങിനെ മെഹ്റുവും ഫൈസിയുടെ ഇത്തയും അളിയനും മകൻ പാച്ചുവും നേരത്തെ തന്നെ എയർപോർട്ടിൽ എത്തി...
ഫൈസി പുറത്ത് ഇറങ്ങിയ ഉടനെ തന്നെ അവരെ കണ്ടു. മെഹ്റുവിനെ കണ്ട് ഫൈസിക്ക് ഒന്ന് കെട്ടിപ്പിടിക്കണം എന്നുണ്ട്. പക്ഷെ ഇത്തയും അളിയനും ഒക്കെ നിൽക്കുമ്പോൾ എങ്ങനാ..
"മാമാ...."
പാച്ചു ഓടി മാമാനെ കെട്ടിപ്പിടിച്ചു..
"ഇവൻ ആറ് മാസം കൊണ്ട് പിന്നേം ഉണ്ടാപ്പി ആയല്ലൊ ഇത്ത.. ഏഴ് വയസ്സ് ഉള്ളൂ എങ്കിലും പാച്ചു നല്ല സൈസാ..."
അളിയന്റെ മാരുതി ആൾട്ടോ കാറിലാണ് അവര് വന്നത്...
"ഒരു ഇന്നോവ വിളിക്കായിരുന്നു അളിയാ...... "
ഫൈസിക്ക് കാറിലിരുന്ന് മെഹ്റുവിനെ പിച്ചാനും തൊടാനും ഉള്ള അവസരം നഷ്ടപ്പെട്ട വിഷമം... കുഴപ്പമില്ല തൊട്ടുരുമ്മി ഇരിക്കാലൊ വീട് വരെ അങ്ങിനെ സമാധാനിക്കാം......
" ഞാൻ മാമാടേം അമ്മായിടേം നടുക്ക് ഇരിക്കാം.... "
ഫൈസിയുടെ നെഞ്ചിൽ ഒരിടി മുഴങ്ങി.....
" ഈ ചെക്കന്റെ ഒരു കാര്യം....." ഇത്താ ഒരു ഡയലോഗ് പാസാക്കിയതല്ലാതെ ഇടയിൽ ചാടിക്കയറിയ ചെക്കനോട് ഒരു വാക്ക് പറഞ്ഞില്ല. അറ്റത്തേക്ക് ഒന്ന് ഇരിക്കാൻ.. ഇവനെ പിടിച്ച് മാറ്റണം എന്ന് തോന്നിയതാ.. പിന്നെ അവര് വിചാരിക്കും ഇത്രക്കും ക്ഷമയില്ലെന്ന് .പെങ്ങൾ പ്രസവിച്ചു എന്നറിഞ്ഞ അന്ന് ആദ്യമായി മാമയായതിന്റെ സന്തോഷത്തിൽ ഒന്ന് ഉറങ്ങിയത് പോലും ഇല്ല. നാട്ടിലേക്ക് ഈ ഉണ്ടനെക്കാണാൻ ഓടി വന്നത് ഇന്നലെ ക്കഴിഞ്ഞത് പോലെ.. ഇവൻ ഇത്രയും വലിയ പാരയാകുമെന്ന് കരുതിയില്ല....
മെഹ്റുവിനെ ദയനീയമായി ഫൈസി നോക്കി... മെഹ്റുവിന്റെ ചാമ്പക്ക ചുണ്ടിൽ ഒരു പുഞ്ചിരിയും വിരിഞ്ഞു....
ഒരു കണക്കിന് പാച്ചുവിന്റെ തോളത്ത് കയ്യിട്ട് മെല്ലെ മെഹ്റുവിനെ തൊട്ടും തലോടിയും അഡ്ജസ്റ്റ് ചെയ്തു.. അപ്പോഴാണ് അവന്റെ അടുത്ത ആഗ്രഹം..
"എനിക്ക് മാമാടെ മടിയിൽ ഇരിക്കണം....."
പടച്ചോനെപണി പാളി.... മടിയിൽ ഇരുത്താനുള്ള അവസ്ഥയിലല്ലായിരുന്നു... ചെക്കനെ പറഞ്ഞിട്ട് കാര്യമില്ല... നാട്ടിൽ വന്നാൽ മടിയിൽ നിന്ന് മാറാത്ത ചെക്കനാ...
ഫൈസി കല് കയറ്റി വെച്ചു........
"മാമാക്ക് വയ്യ പാച്ചു.... നല്ല ക്ഷീണം.... "
മെഹ്റുവിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി മിന്നി മറഞ്ഞു.
വീട്ടിൽ എത്തിയപ്പോൾ തന്നെ ഉച്ച കഴിഞ്ഞു... ഡ്രസ്സ് മാറാൻ മുറിയിൽ കയറിയ സമയത്താണ് മെഹ്റുവിനെ അടുത്ത് കിട്ടിയത്....
അവളുടെ മുഖം നാണത്താൽ ചുവന്ന് തുടുത്തിരുന്നു. അവളെ മാറത്ത് അണച്ച് പിടിച്ചപ്പോൾ ഫൈസിക്ക് സ്വപ്നം കാണുന്നത് പോലെ തോന്നി. ഭൂമിയിൽ നിന്ന് ആകാശത്തേക്ക് പറന്നുയരുന്നത് പോലെ തോന്നി അവർക്ക്.
പെട്ടെന്ന് വാതിലിൽ ആരോ തട്ടി......
" ഫൈസി.... വല്ലതും കഴിക്ക് സമയം എത്രായീന്നാ....... "
ഉമ്മയാണ്..... ഞങ്ങൾക്ക് ഒന്നും വേണ്ട.... എന്ന് വിളിച്ച് പറയാൻ തോന്നി...... വിശപ്പ് ഉണ്ടെങ്കിലല്ലെ.......
വാതിൽ തുറന്നപ്പോൾ മേശ നിറയെ വിഭവങ്ങൾ നിരത്തിയിരുന്നു...... ഫൈസിയും മെഹ്റുവും കഴിച്ചെന്ന് വരുത്തി... എഴുന്നേറ്റ് മുറിയിൽ പോകാൻ ഒരുങ്ങിയപ്പോൾ ഉമ്മ വന്നു പറഞ്ഞു....
"അളിയന് നാളെ പണിയുണ്ട്.. അവര് ഇന്ന് പോകും... അവർക്കുള്ളത് ആ പെട്ടി തുറന്ന് കൊടുത്തേക്ക്..... പാച്ചു നീ കൊണ്ട് വന്ന പെട്ടിയിൽ തൊട്ട് നിൽക്കേണ്..... "
" ഞാൻ പെട്ടെന്ന് വന്നത് കൊണ്ട് ഒന്നും വാങ്ങിയില്ല ....."
പെട്ടി തുറന്ന് കുറച്ച് ചോക്ലേറ്റ്സും ബദാമും നട്ട്സും എല്ലാം പൊതിഞ്ഞ് കൊടുത്തു... അപ്പോഴേക്കും അസർ ബാങ്ക് കേട്ടു..
" ഫൈസി പള്ളിയിൽ പോയിട്ട് വാ... ഉസ്താദിന് എന്തെങ്കിലും ഒന്ന് കീശയിൽ വെച്ചോട്ടാ.... പുതിയ ഉസ്താദാണ് ഒന്ന് പരിചയപ്പെടുകയും ചെയ്യാം...... "
അങ്ങിനെ പള്ളിയിൽ പോയി വന്ന് കുറച്ച് നാട്ടുകാരെയും കണ്ട് വർത്തമാനം പറഞ്ഞ് വന്നപ്പോഴേക്കും നേരം ഇരുട്ടി. ഇനി സമാധാനമായി സമയം വേഗം ഒന്ന് പോയിരുന്നെങ്കിൽ......
അളിയനും ഇത്തയും പാച്ചുവും അത്താഴവും കഴിച്ച് യാത്രയായി....
ആറ് മാസം കാത്തിരുന്ന ഫൈസിയും മെഹ്റുവും കാത്തിരുന്ന നിമിഷം വന്നു.... മെഹ്റു ഫൈസിയുടെ നെഞ്ചിൽ തല ചായ്ച്ചു....അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ അവന്റെ മാറിലേക്ക് ഉതിർന്നു വീണു.....
"എനിക്ക് ഇക്ക ഇല്ലാതെ പറ്റുന്നില്ല...... ഇക്ക എപ്പോഴും എന്റെ കൂടെ ഉണ്ടായാലെ എനിക്ക് സന്തോഷം ഉള്ളൂ..... ഈ പത്ത് ദിവസം കണ്ണടച്ച് തുറക്കുമ്പോഴേക്കും കഴിയും.... ഇപ്പോൾ തന്നെ എല്ലാരും വിരുന്ന് വിളിക്കുന്നുണ്ട്...കല്ല്യാണം കഴിഞ്ഞ് നമ്മൾ എവിടേം ചെന്നില്ല എന്ന പരാതി കേട്ട് മടുത്തു..... ഇത്തവണ എല്ലായിടത്തും എത്താന്ന് ഞാൻ പറഞ്ഞു..... "
" എന്താ ചെയ്യാ മെഹ്റു എനിക്കും ആഗ്രഹമുണ്ട് എന്നും ഇത് പോലെ നിന്നെ ചേർത്ത് പിടിക്കാൻ. നാട്ടിൽ എളുപ്പമല്ല എനിക്ക് ഒരു ജോലി കിട്ടാൻ..... കുറച്ച് നാൾ കഴിയട്ടെ നമുക്ക് നാട്ടിൽ തന്നെ നിൽക്കാം... "
ഫൈസിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..... അവൻ മെഹ്റു വിന്റെ കവിളിലെ കണ്ണുനീർ തുടച്ച് കവിളിൽ ചുംബിച്ചു.....
മെഹ്റു പറഞ്ഞ പോലെ പത്ത് ദിനരാത്രങ്ങൾ ശരം പോലെ പാഞ്ഞ് പോയി..... അവർ വീണ്ടും ഒറ്റപ്പെടലിന്റെ വേദനയിലേക്ക് വഴുതി വീണു....... എങ്കിലും ഏതാനും ദിവസങ്ങൾക്ക് ശേഷം മെഹ്റു നിറുത്താതെ ബെല്ലടിച്ചു.....
"ഹലൊ എന്താ മെഹ്റു....
"ഇക്ക ഉള്ള ദിവസം കൊണ്ട് തന്നെ പണി ഒപ്പിച്ചല്ലെ..... ദുഷ്ടൻ....... ഇങ്ങള് ഒരു വാപ്പയാവാൻ പോകേണ്........."
" മെഹ്റൂ............"
ഫൈസിയുടെ കണ്ണുകൾ സന്തോഷത്തിന്റെ തുള്ളികൾ തെളിഞ്ഞു.
..........................................................
[ ഫൈസിയും മെഹ്റുവും ഇന്ന് നാം കാണുന്ന ഏതാനും ചില കുടുംബങ്ങളുമായി താരതമ്യം ചെയ്യാം....... പക്ഷെ ഇതിനേക്കാൾ വിഷമം സഹിക്കുന്നവരാണ് ഭൂരിഭാഗം പ്രവാസികളും അവരുടെ കുടുംബവും... വർഷങ്ങളായി ഭാര്യയേയും മക്കളേയും കാണാതെ കഴിയുന്നവർ... വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാത്തവർ.... അങ്ങിനെ നീളുന്നു പ്രവാസികൾ അനുഭവിക്കുന്നതിന്റെ പട്ടിക... മുഴുവൻ പ്രവാസികൾക്കും നന്മ നേർന്ന് കൊണ്ട് നിറുത്തട്ടെ........]
==========
രചന:സിയാദ് ചിലങ്ക

അവനും അവളും ..


അവനും അവളും ..
................................
അവൻ അവളെ കാണാൻ തുടങ്ങിയിട്ട് ഒരു പാട് നാളുകളായി.... പക്ഷെ അവളുടെ വിവാഹദിനത്തിന്റെ അന്നാണ് അവന് അവളോട് പ്രണയം തോന്നിയത്.... അന്ന് കണ്ടപ്പോൾ അവന് എന്തോ പ്രത്യേകത തോന്നി...അങ്ങിനെ ആണല്ലൊ ആരോടും ചോദിച്ചിട്ടല്ലല്ലൊ പ്രണയവും മരണവും വിരുന്ന് വരുന്നത്.
അതെ അവൾ എന്ത് നിഷ്കളങ്കയാണ്... അവളുടെ പുഞ്ചിരിയും സംസാരവും അവൻ ഏറെ ഇഷ്ടപ്പെട്ടു.... അവൾ മറ്റൊരാളുടെ ആണെങ്കിലും... ആരുമറിയാതെ അവൾ പോലും അറിയാതെ അവൻ അവളെ പ്രണയിച്ചു....
ഒരു ദിവസം അവൻ അവളോടത് തുറന്ന് പറഞ്ഞു... അവൾ അവനോട് ദേഷ്യപ്പെട്ടെങ്കിലും .... അവന്റെ നല്ല പെരുമാറ്റം കൊണ്ട് വീണ്ടും അവർ പഴയ പോലെ തുടർന്നു...
നിഷ്കളങ്കയും സ്നേഹിക്കാൻ മാത്രമറിയുന്ന അവളെ.... വിടർന്ന പുഷ്പത്തെ ചവിട്ടി അരച്ചത് പോലെ അവളുടെ ഭർത്താവ് ക്രൂരമായി പെരുമാറി... ദുഷ്ടനാണെങ്കിലും അയാളെ അവൾ സ്നേഹിച്ചിരുന്നു.... അയാൾ സ്നേഹിക്കും എന്ന് സ്വപ്നം കണ്ട് അവൾ കഴിഞ്ഞു..
അവളുടെ അവസ്ഥ മനസ്സിലാക്കി അവൻ ഒരു പാട് സ്നേഹിച്ചു... അവളും ഭർത്താവും സ്നേഹത്തോടെ ജീവിക്കുന്നത് കാണാൻ അവൻ ആഗ്രഹിച്ചു... പക്ഷെ അവർ വേർപിരിഞ്ഞു.... മനസ്സാക്ഷി ഇല്ലാത്തവന്റെ കുടെ ജീവിക്കുന്നതിനേക്കാൾ നല്ലത് തനിച്ച് ജീവിക്കുന്നതാണ്...
അവൾ തനിച്ചായപ്പോഴും അവൻ സ്നേഹിച്ചു കൊണ്ടിരുന്നു... ഇടക്കെപ്പോഴോ അവളും അവന്റെ സ്നേഹം തിരിച്ചറിഞ്ഞു. അവൾക്ക് ആശ്വാസമായിരുന്നു അവന്റെ ഒരോ വാക്കുകളും.... ഒരിക്കലും അവളുടെ ശരീരത്തെ മാത്രം അവൻ സ്നേഹിച്ചിട്ടില്ല.... ചില നിമിഷങ്ങളിൽ അറിയാതെ പ്രണയം ശരീരത്തിന്റെ ഭാഷയിൽ സംസാരിച്ച് പോയിട്ടുണ്ട്.......
അവൻ അവളുടെ ഒരു നല്ല ഭാവിക്കായി ആശിച്ചു... അവൾ സ്വയംപര്യാപ്തത നേടുന്നതും... എല്ലാവരുടെ മുമ്പിലും വിജയിച്ച് കണാനും അവൻ ആഗ്രഹിച്ചു.....
ഇടുങ്ങിയ ചാലിലൂടെയുള്ള ജീവിതത്തിന്റെ കുത്തൊഴുക്കിൽ അവരുടെ ജീവിതവും ഒഴുകി കൊണ്ടിരുന്നു... അവന്റെ ഹൃദയം എന്നും അവളെ പ്രണയിച്ച് കൊണ്ടേ ഇരുന്നു.....
അവൾ ജോലിയും ജീവിതവും കരുപ്പിടിപ്പിക്കാനുള്ള തിരക്കുകളിൽ മുഴുകി... അവൻ അകലെ ഇരുന്നാണെങ്കിലും അവൾക്കരികിൽ ഇരുന്ന് അവളെ കാണുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നു....
ഒരിക്കലും അവളെ ബുദ്ധിമുട്ടിക്കാനൊ ശല്യപ്പെടുത്താനൊ അവൻ ആഗ്രഹിച്ചിരുന്നില്ല....
പക്ഷെ അവൾ അവന് നേരെ മൗനത്തിൽ തീർത്ത അമ്പുകൾ എയ്തപ്പോൾ... അവന്റെ ഹൃദയത്തിലാണ് തറച്ചത്....
അവൻ അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്നു.... ആ സ്നേഹം എന്നും ആ നെഞ്ചിൽ എന്നും ഉണ്ടാകും അവളോടുള്ള പ്രണയം.... കാരണം പ്രണയം സത്യമാണ്...
അവളെ അവന്റെ മാറിലേക്ക് ചേർത്ത് പിടിക്കാൻ അവൻ ആഗ്രഹിക്കുന്നു.... പക്ഷെ അവൾ അവനിൽ നിന്ന് ഒരുപാട് അകലത്തിലേക്ക് തെന്നിമാറിയിരുന്നു... .. എങ്കിലും മനസ്സ് തുറന്ന പുഞ്ചിരി അവന് നൽകും എന്നവൻ ആശിച്ചു. അവൻ ഒരിക്കലും അവളുടെ ജീവിതത്തിലേക്ക് ഒരു കരടായി വരില്ല എന്ന് അവന്റെ മനസ്സിൽ അവൻ ഉറപ്പിച്ചു...
അവളുടെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ അവൾ തനിച്ചാണെന്ന് അവൻ അറിഞ്ഞിരുന്നില്ല. അവളോട് ചേർന്നിരുന്ന് ഒന്ന് സംസാരിക്കാൻ ആഗ്രഹിച്ച അവനെ അവൾ തെറ്റിദ്ധരിച്ചു.....
അവന്റെ മുമ്പിൽ വാതിലടച്ച് മറഞ്ഞിരുന്ന അവളെ ഓർത്ത് മനസ്സ് തേങ്ങിയാണ് ആ വീട്ടിൽ നിന്നവൻ ഇറങ്ങിയത്.
അവന്റെ മുമ്പിൽ വാതിൽ കൊട്ടിയടച്ചപ്പോൾ അവൻ ഉരുകിപ്പോയി.... ഒരു പെണ്ണിന്റെയും മാനം കവരുന്നവനല്ല അവൻ... അവൻ സ്ത്രീയെ ബഹുമാനിക്കുന്നവനാണ്.....അവന്റെ മനസ്സിന്റെ താളം നഷ്ടപ്പെട്ടത് പോലെ വാഹനത്തിന്റെ നിയന്ത്രണവും നഷ്ടമായി.. അവന്റെ ഹൃദയത്തിലെ അവസാന തുള്ളി രക്തവും വറ്റിയപ്പോഴും അവളുടെ മുഖം അവിടെ പ്രകാശിച്ചിരുന്നു...
ഇനിയൊരിക്കലും മുറിയാത്ത മൗനവുമായി ശാന്തനായി ഉറങ്ങുന്ന അവന്റെ മുഖത്തേക്ക് നോക്കിയ അവളുടെ മൗനത്തിന് കണ്ണുനീർ വിരാമമിട്ടു......
അവളുടെ മനസ്സ് മന്ത്രിച്ചു.... " നിന്നെ ഞാൻ സ്നേഹിക്കുന്നു.. മറ്റെന്തിനേക്കാളും.... എന്നേക്കാളും..."
[ പ്രണയം ആർക്കും ആരോടും തോന്നാം.... മനസ്സിന്റെ ദിവ്യമായ അതിർവരമ്പുകളില്ലാത്ത വികാരമാണ് പ്രണയം.. പ്രണയിക്കാത്തവർ മനുഷ്യരല്ല...... പ്രണയിക്കുന്നത് സുഖങ്ങൾക്കോ.... അഹങ്കാരത്തിനോ...കാമത്തിനോ വേണ്ടിയല്ല..... പ്രണയിക്കുന്നവർ തമ്മിൽ ഉള്ള ഒരു നോട്ടവും പുഞ്ചിരിയും മാത്രം മതിയാവും അവരുടെ ആത്മനിർവൃതിക്ക്.. .. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കുമായ്....]
..................................
സിയാദ് ചിലങ്ക

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo