Slider

ഭർത്താവും കാമുകനും

0
Image may contain: Siyad Chilanka, beard and eyeglasses
=================
"ഇവിടെ നിന്ന് രക്ഷപ്പെട്ടൂടെ കുട്ടി... എത്ര നാൾ നീ ഇങ്ങനെ ഈ ഒന്നിനും കൊള്ളാത്തവന്റെ ഭാര്യയായി കഴിയും....നിനക്ക് പ്രായം കുറച്ചെ ഉള്ളു ഇനിയും ജീവിതം ബാക്കിയാണ്.... പൊക്കോളു നിനക്ക് നല്ല ജീവിതം കിട്ടിയാൽ നീ ഇവിടെ നിന്ന് പൊക്കോളൂ... "
പതിവുപോലെ തന്നെ തന്റെ തളർന്ന ശരീരം വെള്ളം നനച്ച് തുടക്കുന്ന ഭാര്യ രസികയോട് അയാൾ പിറുപിറുത്ത് കൊണ്ടെ ഇരുന്നു.
ആദ്യമെല്ലാം അയാൾ ഇത് പറയുമ്പോൾ അവൾ നിശബ്ദമായി കരയും, കൗമാരം തീർന്ന് യൗവ്വനാരംഭത്തിൽ തന്നെ ഭാര്യയായ ഒരു പെണ്ണിന്റെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും ഉള്ള പെണ്ണല്ലെ അവളും, മനസ്സ് ചിലപ്പോഴെല്ലാം പതറാറുണ്ട്.
ആരോഗ്യ ദൃഢഗാത്രനായ ആ ചെറുപ്പക്കാരൻ സുന്ദരിയായ ഭാര്യയുടെ കൂടെ ജീവിതം പങ്കിട്ടത്ത് ഒരു മാസം മാത്രം ആണ്. ആ ബൈക്ക് ആക്‌സിഡൻറ് അയാളെ നാല് ചുമരുകൾക്കിടയിൽ തളച്ചിട്ടു.രണ്ട് കൊല്ലമായി അവരുടെ രണ്ട് പേരുടെയും ജീവിതം ഇരുട്ടിലായിട്ട്..
കല്യാണ ദിവസം അവൾക്ക് പതിനെട്ട് വയസ്സ് തികഞ്ഞിട്ടെ ഉണ്ടായിരുന്നുള്ളു. അന്ന് കല്യാണത്തിന് വന്ന ജനങ്ങൾ വധൂവരൻമാരെ കണ്ട് അസൂയപ്പെട്ടു പോയി. അധിസുന്ദരിയായ രസികയെ കണ്ടാൽ കണ്ണെടുത്ത് മാറ്റാൻ തോന്നില്ല...
ജീവിതം തുടങ്ങും മുമ്പ് ഇരുട്ട് വീണ ഭാഗ്യം കെട്ടവൾ, തന്റെ സമപ്രായക്കാർ ഭർത്താക്കൻമാരുടെയും കാമുകൻമാരുടെയും കൂടെ സന്തോഷമായി പാറി പറക്കുന്നത് അവൾ കൊതിയോടെ നോക്കി നിൽക്കും.
രാവിലെ അയാളുടെ കാര്യങ്ങൾ എല്ലാം ചെയ്ത് കൊടുത്ത്, ഭക്ഷണവും കഴിപ്പിച്ചാണ് അവൾ ജോലിക്കിറങ്ങുക. ടൌണിലുള്ള ഒരു പ്രൈവറ്റ് ബാങ്കിൽ അവൾക്ക് ഒരു ചെറിയ ജോലി ഉണ്ട്.
രാവിലെ ഓഫീസിൽ ചെന്ന് കുറച്ച് സമയം തിരക്ക് ആയിരിക്കും, പിന്നെ കുറെ സമയം വെറുതെ ഇരിക്കും. ബോറടി മാറ്റാനാണ് എഫ് ബി യിൽ ഒരു എക്കൗണ്ട് തുടങ്ങിയത്.
അത് കൊണ്ട് പഴയ കുറെ ഫ്രണ്ട്സിനെ തിരിച്ച് കിട്ടി. അവരോടെല്ലാം ചാറ്റ് ചെയ്തും സംസാരിച്ചും അവൾ ദിനരാത്രങ്ങൾ തള്ളി നീക്കി.
എന്നോ ഒരു ദിവസം "അഖിൽ "എന്ന് പേരുള്ള ഒരു ഐഡിയിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നു. ആദ്യം അറിയാത്ത ആളായത് കൊണ്ട് ആക്‌സെപ്റ്റ് ചെയ്തില്ല. പ്രൊഫൈലിൽ കയറി നോക്കിയപ്പോൾ എന്താണെന്നറിയില്ല അയാളുടെ ഫോട്ടോകൾക്കെല്ലാം വല്ലാത്ത ആകർഷണം തോന്നി.ആ കണ്ണുകൾ തന്നെ നോക്കുന്നത് പോലെ. അറിയാതെ തന്നെ ആക്സെപ്റ്റ് ക്ലിക്ക് ചെയ്ത് പോയി.
ആദ്യം അയാളുടെ ശ്രദ്ധ നേടാൻ ഫോട്ടോസിനെല്ലാം ലൈക്ക് കൊടുത്തു. ആദ്യം കരുതിയത് ഇൻബോക്സിൽ ഇങ്ങോട്ട് ചാറ്റിങ്ങിന് വരുമെന്നാണ് ,പക്ഷെ അത് ഉണ്ടായില്ല.....എന്താണെന്നറിയില്ല ഒന്ന് ഇൻബോക്സിൽ കയറിയാലൊ എന്ന് മനസ്സ് തുടിച്ച് പോയി.
അറിയാതെ തന്നെ
"ഹായ്......"
എന്ന മെസ്സേജ് അയച്ച് പോയി....
* * * * * * * * *
"ഡാ അഖിലെ ഈ ചായ കുടിച്ചിട്ട് പോട..... രാവിലെ പോത്ത് പോലെ കിടന്ന് ഉറങ്ങി ഓഫീസിലേക്ക് പോവാൻ നേരം എണീക്കും, എന്നിട്ട് ഒരോട്ടമാണ്, ദിവസവും രാവിലെ പട്ടിണിയാണ്...."
ഷൂ ധരിക്കുന്നതിനിടയിൽ അമ്മ വായിലേക്ക് ഒരു ഇഡ് ലി കുത്തി കയറ്റി കൊടുത്തു...
" വേണ്ട അമ്മെ സമയം ഇല്ല ഞാൻ പോട്ടെ.."
"നാളെ ഓഫീസിൽ ലീവ് പറഞ്ഞോളൂട്ടൊ... ബ്രോക്കറ് കൊണ്ട് വന്ന ഇരിങ്ങാലക്കുടത്തെ കാര്യം നമുക്ക് ഒന്ന് പോയി കാണണം... "
ഒരു കണക്കിനാ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയത്.....
അച്ഛനും അമ്മയും നാട്ടിലുള്ള ഒരു മാതിരിപ്പെട്ട എല്ലാ ബ്രോക്കർമാരോടും പെണ്ണ് നോക്കാൻ ഏർപ്പാട് ചെയ്ത് കാത്തിരിക്കുകയാണ്..
വരുന്ന മേയിലേക്ക് വയസ്സ് ഇരുപത്തിയെട്ട് തികയും.. വീട്ടില് ഇത് പറഞ്ഞ് സ്വൈര്യം ഇല്ല. എന്താ ചെയ്യാ.. ആഗ്രഹം ഇല്ലാണ്ടല്ലല്ലൊ, ഏതെങ്കിലും ഒന്ന് ശരിയാകണ്ടെ. അച്ഛനും അമ്മയും പറഞ്ഞ് പറഞ്ഞ് അവസാനം ഏതെങ്കിലും ഒരു പെണ്ണിനെ വിളിച്ച് കൊണ്ട് വന്നാലും സാരമില്ല എന്ന് പറഞ്ഞ് തുടങ്ങിയിട്ടുണ്ട്.
എഫ് ബി യിൽ പതിവില്ലാതെ ഒത്തിരി നേരം ഒരു പെൺകുട്ടിയുമായി ചാറ്റ് ചെയ്തു. രസിക എന്നാണ് പേര്.കൊച്ച് കൊള്ളാം.. വയസ്സ് ഇരുപത്....സാധാരണ പെൺ കുട്ടികളോട് സംസാരിക്കാൻ ഒരു ചമ്മല് ആണ്, പക്ഷെ രസികയോട് സംസാരിച്ചപ്പോൾ എന്താണെന്നറിയില്ല ആ ചമ്മലും നാണവും ഒന്നും ഉണ്ടായില്ല , ഒറ്റ ദിവസം കൊണ്ട് തന്നെ ഒത്തിരി അടുത്ത പോലെ....
ആദ്യം ഫെയ്ക്ക് ഐഡിയാണെന്നാണ് കരുതിയത്, പക്ഷെ വീഡിയോ കോൾ വന്നപ്പോൾ കണ്ണ് തള്ളി പോയി, എന്താ പെണ്ണ്,ഒരു രക്ഷയില്ല. രസികയുടെ മുഖം മനസ്സിൽ വല്ലാതെ അങ്ങ് പതിഞ്ഞ് പോയി...
എങ്ങനെയെങ്കിലും രാത്രി പത്ത് ആയൽ മതി, മനസ്സ് വല്ലാതെ തുടിക്കുന്നു.. ഇന്നലെ അവളോട് രാത്രി സംസാരിച്ച് കഴിഞ്ഞത് വെളുപ്പിന് മൂന്ന് മണിക്കാണ്.
അവൾ ശരിക്കും ഇന്നലെ മനസ്സ് തുറന്നു, മനസ്സ് മാത്രമല്ല, എല്ലാ വികാരങ്ങളും പങ്ക് വെച്ചു.
രസികയെ പോലെ ഉള്ള എല്ലാം തുറന്ന് പറയുന്ന ഒരു പെൺകുട്ടിയെ സ്വന്തമായി കിട്ടിയാൽ അത് വലിയ ഭാഗ്യം തന്നെയാണ്..
ഇന്ന് രാത്രി രസികയോട് തുറന്ന് പറയണം,താൽപര്യമാണെങ്കിൽ ആലോചനയും ആയി വീട്ടിൽ വരട്ടെ എന്ന്. വലിയ ദൂരം എന്ന് പറയാനില്ല മുപ്പത് കിലോമീറ്റർ കാണുകയുള്ളു രസികയുടെ നാട്ടിലേക്ക്..
രാത്രി പത്ത് മണിക്ക് രസികയുടെ പച്ച ലൈറ്റ് തെളിഞ്ഞു.
അവളും കാത്തിരിക്കുകയായിരുന്നു പരസ്പരം സംസാരിക്കാൻ. കുറേ നേരത്തെ ചാറ്റിങ്ങിന് ശേഷം, എത്രയും വേഗം പരസ്പരം കാണാം എന്ന തീരുമാനത്തിലേക്ക് എത്തി.
അവൾ പറഞ്ഞ പോലെ കൃത്യം പത്ത് മണിക്ക് തന്നെ തൃശൂർ റൗണ്ടിൽ എത്തി.പാറമേക്കാവ് ക്ഷേത്രത്തിന് മുമ്പിൽ തന്നെ നിലയുറപ്പിച്ചു.
അധികം നേരം കാത്തിരിക്കേണ്ടി വന്നില്ല, കുടയും ചൂടി, ഇളം നീല നിറത്തിൽ ചുരിദാറും ധരിച്ചു ദാ മുന്നിൽ നിൽക്കുന്നു രസിക. ഫോട്ടോയിൽ കാണുന്നതിനേക്കാൾ എത്രയോ മടങ്ങ് സൗന്ദര്യം ഉണ്ട് നേരിൽ കാണുമ്പോൾ, വെയിലേറ്റ വെളുത്ത കവിളുകളിൽ രക്തം ചുവന്ന് തുടുത്ത് നിൽക്കുന്നു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്.
ചുണ്ടുകളിൽ പുഞ്ചിരി വിടർന്നപ്പോൾ മുഖത്തെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി...
" ഒത്തിരി നേരമായോ വന്നിട്ട്?"
" ഏയ്... ദാ ഇവിടെ വന്ന് നിന്നതെ ഉള്ളു..... "
" നമുക്ക് നടന്നാലൊ...."
ഫോണിലൂടെ ചറപറാന്ന് സംസാരിക്കുമെങ്കിലും, അവൾ മുമ്പിൽ വന്ന് നിന്നപ്പോൾ എന്ത് പറയണമെന്നറിയാതെ ആയി....
തണൽ മരങ്ങൾക്കിടയിലൂടെ രസികയുടെ കൂടെ നടന്നപ്പോൾ കൈത്തണ്ടകൾ പരസ്പരം മുട്ടിയപ്പോൾ ശരീരം ആകെ രോമാഞ്ചം വന്നു. ആദ്യമായാണ് ഒരു പെണ്ണിന്റെ കൂടെ ഇത് പോലെ നടക്കുന്നത്.
ആൽമരത്തിൻ തണലിൽ ആൽത്തറയിൽ അടുത്ത് ചേർന്നിരുന്നു. അറിയാതെ തന്നെ കൈവിരലുകൾ പരസ്പരം കോർത്തിണങ്ങി പോയി.
സംസാരിച്ച് ഇരുന്ന് മണിക്കൂറുകൾ കടന്ന് പോയതറിഞ്ഞില്ല.. അവൾ അരികിൽ നിന്ന് പോയപ്പോൾ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു...
ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞ് കൊണ്ടേ ഇരുന്നു. രസികയില്ലാതെ ജീവിതത്തിൽ ഇനി ഒരു ദിവസം ഉണ്ടാവുന്നത് ഓർക്കാൻ കൂടി കഴിയാതെ ആയി, തിരിച്ച് അവൾക്കും...
ചുണ്ടുകൾ പലപ്പോഴും കഥകൾ പറഞ്ഞ് കോർത്തിണക്കി വെച്ച്, പരസ്പരം ആലിംഗനത്തിൽ മുഴുകി പല ദിനങ്ങളിലും അവർ ഒരുമിച്ചു....
" ഈ ഫോൺ വിളിയും, ഇടയ്ക്കിടക്ക് ഒരുമിച്ച് കൈകോർത്ത് സ്വപ്നങ്ങൾ പങ്ക് വെച്ച് നടന്നാൽ മാത്രം മതിയോ പെണ്ണെ നമുക്ക്... വീട്ടുകാരും നാട്ട്കാരും അറിഞ്ഞ് എന്റെ പെണ്ണായി എന്റെ വീട്ടിലേക്ക് നിന്റെ കൈയ്യും പിടിച്ച് കയറിയാലെ സമാധാനമാവൂ . "
പെട്ടെന്ന് രസികയുടെ കണ്ണുകളിൽ നിന്ന് അശ്രുകണങ്ങൾ തുരുതുരാ പുറത്തേക്ക് ഒഴുകി.
"എന്താ കൊച്ചെ കരയുന്നത്, ഞാൻ വിഷമിപ്പിക്കുന്നത് ഒന്നും പറഞ്ഞില്ലല്ലൊ, നമ്മുടെ കല്യാണത്തെ കുറിച്ച് പറയുന്നതിന് എന്തിനാ ഇങ്ങനെ കരയുന്നത്?"
രസികയുടെ കരച്ചിലിന് ശക്തി കൂടിയതെ ഉള്ളു....
" ഞാ.. ഞാൻ അഖിലിനെ ചതിക്കുകയാണ്.. എന്റെ..... എന്റെ വിവാഹം കഴിഞ്ഞതാ.... ഇന്ന് രാവിലെ ഭർത്താവിനുള്ള ഭക്ഷണം വരെ ഒരുക്കി വെച്ച് ആണ് ഞാൻ ഇങ്ങോട്ട് വന്നത്... വിവാഹം കഴിഞ്ഞ് ഒരു മാസം ആയപ്പോൾ സംഭവിച്ച ആക്സിഡന്റ് അദ്ദേഹത്തിന്റെ ശരീരം തളർന്ന് കിടപ്പിലായ അവസ്ഥയിലാക്കി..
രണ്ട് കൊല്ലമായി ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ വിധവയെ പോലെ ജീവിക്കുന്നു. ചേട്ടൻ ഒരു മുറിയിലും ഞാൻ മറ്റൊരു മുറിയിലുമായാണ് കിടക്കുന്നത്.
ചേട്ടൻ എപ്പോഴും പറയും നിനക്ക് ഒരു നല്ല ജീവിതം കിട്ടിയാൽ പൊക്കോളൂ, ഇവിടെ തളച്ചിടേണ്ടവളല്ല നീ എന്ന്, ആദ്യമെല്ലാം അദ്ദേഹം അത് പറയുമ്പോൾ മനസ്സ് വിഷമിച്ചിരുന്നു... പിന്നീട് ചേട്ടൻ എന്നോടുള്ള സംസാരം പോലും നിറുത്തി....
എന്റെ വീട്ടുകാർക്ക് ഞാൻ അങ്ങോട്ട് തിരിച്ച് ചെല്ലുന്നത് പേടിയാ .എന്റെ വീട്ടുകാർ എന്നെ അവരിൽ നിന്ന് ഒരു പാട് അകലത്തിലാക്കി എന്തിന് മനസ്സിൽ നിന്ന് പോലും.
ഒറ്റപ്പെട്ട് മരിച്ച് കിടന്ന എന്റെ ജീവിതത്തിലേക്ക് ജീവന്റെ ശ്വാസവുമായി വന്നത് അഖിലെ നീയാണ്. നിന്റെ കൂടെ ഉള്ള നിമിഷങ്ങൾ ആണ് ഞാൻ ജീവിക്കുന്നു എന്ന തോന്നൽ ഉണ്ടായത്.
നിന്നെ നഷ്ടപ്പെടാതിരിക്കാനാണ് ഞാൻ ഇതൊന്നും പറയാതിരുന്നത്. ഇനി പറയാതെ വയ്യ, നമ്മൾ പിരിയാൻ സമയമായി. സാരമില്ല നിന്റെ കൂടെ ഉണ്ടായിരുന്ന, നീ സമ്മാനിച്ച നല്ല നിമിഷങ്ങൾ മതി എനിക്ക് ഇനിയങ്ങോട്ടുള്ള ജീവിതത്തിലേക്ക്.
അവൾ പറയുന്നത് മുഴുവൻ കണ്ണടച്ചാണ് അവൻ കേട്ടിരുന്നത്.
കണ്ണടച്ച് മൗനമായി ഇരിക്കുന്ന അഖിലിനെ കണ്ടപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു തിരിച്ച് പോകാനായി.
തിരിഞ്ഞ് പോകാനൊരുങ്ങിയ അവളുടെ കൈകളിൽ അവൻ പിടിച്ചു.
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് അവൻ നോക്കി, രണ്ട് കൈകൾ കൊണ്ട് അവളുടെ തുടുത്ത കവിളുകളിൽ പിടിച്ച് ചുണ്ടിലേക്ക് ചുണ്ടമർത്തി.
"ജീവിതത്തിൽ ഇത്രയും പ്രയാസങ്ങൾ അനുഭവിച്ചില്ലെ ഇനി മതി, ദാ ഇപ്പോൾ തന്നെ നിന്നെ ഞാൻ പൊക്കി കൊണ്ട് പോയാനെ, പക്ഷെ നീ വീട്ടിൽ ചെന്ന് ചേട്ടനോട് അനുവാദം ചോദിച്ച് നമ്മൾ ആദ്യമായി കണ്ട പാറമേക്കാവ് അമ്പലത്തിന് മുമ്പിലേക്ക് വാ, അവിടെ നിന്ന് നമുക്ക് ഒരു പുതിയ ജീവിതം തുടങ്ങാം "
പ്രണയവശയായി ചുവന്ന് തുടുത്ത സൂര്യനെ കടൽ ആലിംഗനം ചെയ്യുന്നത് വരെ കടൽത്തീരത്ത് അവർ പരസ്പരം വാരിപ്പുണർന്ന് നിന്നു.
അന്ന് രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല, രാത്രി കുറേ നേരം അവൾ ഭർത്താവിന്റെ മുറിയിൽ അയാൾ ഉറങ്ങുന്നത് നോക്കി നിന്നു.
രാവിലെ കൊണ്ട് പോകാനുള്ളതെല്ലാം ബാഗിലാക്കി വെച്ചു, കുളിമുറിയിൽ കയറി ഷവറിനടിയിൽ വെള്ളത്തിൽ കുതിർന്നു നിന്നു. മനസ്സിന് വല്ലാത്ത ഭാരവും പ്രയാസവും...
അദ്ദേഹത്തിന്റെ വായിലേക്ക് ചപ്പാത്തി കഷ്ണങ്ങൾ വെച്ച് കൊടുത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു...
"എന്താ രസിക നീ കരയുന്നത്..?"
അവൾക്ക് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അയാളുടെ ക്ഷീണിച്ച മാറിലേക്ക് വീണ് ഏങ്ങലടിച്ച് വീണ് കരഞ്ഞു....
പെട്ടെന്ന് അവൾ ഞെട്ടി ഉണർന്നു, തളർന്ന് കിടന്ന അയാളുടെ കൈകൾ ഒരു വിറയലോടെ അവളുടെ മൂർദ്ധാവിൽ തൊട്ടു കിടക്കുന്നു...
രണ്ട് വർഷമായി അനക്കമില്ലാതിരുന്ന കൈ അവൾ തുരുതുരാ ചുംബിച്ചു... അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി......
പെട്ടെന്ന് അവളുടെ ഫോൺ ശബ്ദിച്ചു, ഫോണിലേക്ക് അഖിലെന്റെ കോൾ വരുന്നു അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അയാളുടെ കൈകൾ തലോടി അയാളുടെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു...
..........................
സിയാദ് ചിലങ്ക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo