Slider

പ്രളയത്തിനും മുന്നെ...

0
Image may contain: 1 person
•••••••••••••••••••••••••••••••••••
കല്ല്യാണം കഴിഞ്ഞ പിറ്റേ മാസം കണ്ണൂർ സ്റ്റേഡിയത്തിൽ നടന്ന ഫല-പുഷ്പമേള കാണാൻ പോയതാണു അന്നത്തെ യുവമിഥുനങ്ങൾ.
അവിടെ വിരിഞ്ഞു നിൽക്കുന്ന പൂക്കളൊക്കെ കണ്ടപ്പോൾ പുതിയ പെണ്ണിന്റെ മനസ്സിൽ ഒരു വൃന്ദാവനം തന്നെ ഉണർന്നു. പേരറിയുന്നതും പേരറിയാത്തതുമായ ഒരു കൂട്ടം ചെടികൾ വാങ്ങി സഞ്ചിയിലാക്കി. 'പുത്തനച്ചിയല്ലേ പുരപ്രം വൃത്തികേടാക്കിയാലോ'എന്നുള്ള ഭയത്തിൽ പല്ലുറുമ്മി ചിരിച്ച്‌ കൊണ്ട്‌ സ്നേഹനിധിയായ കാന്തൻ തലയാട്ടി കൊണ്ടേ ഇരുന്നു.
കാന്തൻ അതിനിടയിൽ ഒരു ചെറിയൊരു ചെന്തെങ്ങിന്റെ തൈ, ഒരു രണ്ട്‌ മാവ്‌, ഒരു സപ്പോട്ട, ഒരു ചാമ്പക്ക, ഒരു ചെറീയ മുരിങ്ങ രണ്ട്‌ വാഴ എന്നിങ്ങനെ ചെറിയ വിധത്തിലുള്ള തൈകളും വാങ്ങി.
രൂപ മൂവായിരത്തിലധികം എണ്ണിക്കൊടുത്ത്‌ ഒരു മൂലയിൽ കിളിപോയ വഴിനോക്കി ബസ്സ്‌ കാത്ത്‌ നിൽക്കുമ്പൊളാണു ബസ്സുകാരുടെ ഒരു മാതിരി ജാഡ. "ഇത്രയും സാധനം ബസ്സിൽ കൊണ്ടോകാൻ പറ്റൂലാന്ന്".
ഒന്ന് തർക്കിക്കാൻ നോക്കിയെങ്കിലും എന്നിലെ പഴയ ബസ്സ്‌ ജീവനക്കാരൻ എഴുന്നേറ്റിട്ട്‌ പറഞ്ഞു. "
ഡാ നീയായാലും കൊണ്ടുപോകില്ലാരുന്നു" എന്ന്.
അന്തിച്ച്‌ കുന്തിച്ച്‌ കനം കുറഞ്ഞ കീശയും താങ്ങി ഒരു ബജാജ്‌ ഓട്ടോക്കാരനോട്‌ പറഞ്ഞപ്പൊ അയാൾ പറയാണു. "പോയി വല്ല പെട്ടി ഓട്ടോയും പിടിക്ക്‌ ചേട്ടാന്ന്".
അങ്ങനെ ഞരങ്ങിയും മൂളിയും പത്തിരുപത്തഞ്ച്‌ കിലോമീറ്റർ ഓടി തളർന്ന് ഓട്ടോ ഒരു വിധം വീട്ടുമുറ്റത്തെത്തി. അന്ന് പതിനഞ്ച്‌ രൂപക്ക്‌ താഴെ മാത്രം മതിയാവുമായിരുന്ന ആ യാത്രക്ക്‌ അറുന്നൂറു രൂപയും ആയി.
ആദ്യമായും അവസാനമായും ആണു അന്ന് കണ്ണൂരിൽ നിന്ന് ഓട്ടോയും പിടിച്ച്‌ വീട്ടിൽ വന്നത്‌. കണ്ണൂരിൽ നിന്നാണു ഇതൊക്കെ പെറുക്കി വന്നത്‌ എന്ന് അന്നത്തെ നവദമ്പതികൾക്കല്ലാതെ മറ്റാർക്കും ഇന്ന് വരെയും അറിയുകേം ഇല്ല.
സപ്പോട്ടയും ചാമ്പക്കയും വാഴയും ഒക്കെ പഴങ്ങൾ തന്നു. ചെന്തെങ്ങ്‌ നല്ല ഉഷാറിൽ മുറ്റത്ത്‌ നിൽക്കുന്നുണ്ട്‌. മുരിങ്ങ എലിവാണം വിട്ട കണക്കെ ഒരു പോക്കങ്ങ്‌ പോയി. മുറ്റത്ത്‌ നട്ട രണ്ട്‌ മാവിനോടും ഇടക്ക്‌ ഞാൻ ഈ എച്ചിക്കണക്കൊക്കെ പറയും. "അഞ്ച്‌ പത്ത്‌ വർഷമായിട്ട്‌ ഒരു മര്യാദ വേണ്ടേ മാവേ" ന്ന്.
എന്റെ ഈ ശല്ല്യം സഹിക്കാൻ പറ്റാഞ്ഞിട്ടോ അതോ ഞങ്ങളെ സ്നേഹത്തോടെ യാത്രയാക്കാനോ എന്തോ അവളിക്കുറി പൂത്തു. എന്റെ മക്കൾക്ക്‌ കൈയ്യെത്തും ദൂരത്ത്‌ അവൾ അവളുടെ മാറിടം ചുരത്തി. ഏറെ മധുരമുള്ള തേൻ പോലുള്ള മാമ്പഴങ്ങൾ അവളെന്റെ മക്കൾക്ക്‌ സമ്മാനിച്ചു.
സ്ഥിരതയില്ലാത്ത ജീവിതയാത്ര കണക്കെ ഞാൻ നാലാമത്തെ വീട്ടിലേക്ക്‌ മാറുകയാണു. ജീവിച്ച മൂന്ന് വീടുകൾക്ക്‌ പരിസരങ്ങളിലും ഞാൻ നട്ട എന്തെങ്കിലുമൊക്കെ ഉണ്ട്‌. അതിന്റെ ഫലങ്ങളോ പുഷ്പങ്ങളോ എടുക്കുന്നത്‌ ആരാണെന്ന് എനിക്കോ ,അത്‌ കഴിക്കുന്ന അവർക്കൊ അറിയില്ല അല്ലെങ്കിൽ അറിയേണ്ട അതൊന്നും.
ഇവിടെയും അതൊക്കെ പോലെ തന്നെ. ഇനിയൊരുവട്ടം ഈ മാവ്‌ പൂക്കുമ്പൊളേക്കും ഞങ്ങളും മക്കളും പുതിയ വീട്ടിലേക്ക്‌ മാറിയിട്ടുണ്ടാകും.
ഈ മാമ്പഴത്തിനും ചാമ്പക്കക്കും കായ്ക്കാത്ത എന്റെ ചെന്തെങ്ങിനും ഒക്കെ പുതിയ അവകാശികളും കുഞ്ഞുമക്കളും വന്നേക്കാം.
ഞങ്ങൾ പുതിയ ഇടങ്ങളിലും ഇനിയും ഇതൊക്കെ നട്ടു നനയ്ക്കും.
അവിടെ പുതിയ അവകാശികൾ വരില്ല എന്ന് ഉറപ്പ്‌ ഉള്ളത്‌ കൊണ്ടല്ല അത്‌.
‘ഇന്നലെ ഞാൻ തിന്ന ചക്കയും മാങ്ങയും ഒക്കെ മറ്റാരോ നട്ട്‌ നനച്ചതായിരുന്നു’ എന്നത്‌ കൊണ്ട്‌ മാത്രം..
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo