Showing posts with label ShabanaFelix. Show all posts
Showing posts with label ShabanaFelix. Show all posts

ചിലർ


ചിലരുണ്ട്
മൗനത്തിന്റെ കമ്പളം പുതച്ചവർ ,
മൗനത്തിൽ ഒരായിരം കഥകൾ ഒളിപ്പിച്ചവർ
അലറിവിളിച്ചെത്തുന്ന കൊടുങ്കാറ്റ്പോലെ
ഇന്നലെകളിൽ ആഞ്ഞുവീശിയവർ
ഒടുവിലേതോ ഗിരിശിഖിരത്തിൽ ആഞ്ഞടിച്ച്
മഴയായ് പെയ്തു തീർന്നവർ
ഇരുളിന്റെ മാടങ്ങളിലിന്ന് അടയിരിക്കുന്നവർ
അവരോട് ചോദ്യങ്ങളരുത്
ചോദ്യമുനകളുടെ മുൻപിൽ,
ഒരു ദീര്ഘനിശ്വാസം മറുപടിയാക്കി
തലകുനിച്ചു അവർ നടന്നകലുന്നത് കാണാം.
ചിലരുണ്ട്
ചിരിയിൽ കണ്ണീരിനെ ഒളിപ്പിച്ചവർ
ചിരിമുഴക്കത്തിൽ , വിതുമ്പുന്ന
നെഞ്ചിനെ പുതപ്പിച്ചു കിടത്തുന്നവർ
പൊരിയുന്ന വെയിലത്തും
എരിയുന്ന കനലിലും
ചുണ്ടിൽ പൂക്കളെ നിറച്ചവർ
അവരുടെ കണ്ണുകളിലേയ്ക്ക്
ചൂഴ്ന്നു നോക്കരുത്
അടക്കിവെച്ച നൂറായിരം രഹസ്യങ്ങളുടെ
അഗാധമായ ഗർത്തിലേയ്ക്ക്
നിങ്ങളും വലിച്ചെറിയപ്പെട്ടേക്കാം.
ചിലരുണ്ട്
കണ്ണിൽ വിഷാദത്തെ വിരിയിരിക്കുന്നവർ
പെയ്യാൻ കൊതിച്ച്‌
ആടിതിമിർക്കാൻ കൊതിച്ച്
ഇളം തെന്നലിനെ കാത്തിരിക്കുന്നവർ
കൊഴിഞ്ഞു പോയ ദളങ്ങളിൽ
ആരോക്കൊയോ ചേർന്ന്
ജീവിതത്തെ കെട്ടിയിടപ്പെട്ടവർ
അവർക്ക് നേരെ കൈകൾ നീട്ടി അകന്നുപോകരുത്
വിടരുന്ന പ്രഭാതത്തെ സ്വപ്നം കാണാൻ തുടങ്ങിയ അവർ
മരണം നിഴൽ വീശുന്ന താഴ്വരകളെ നോക്കി യാത്രയായേക്കാം.
ചിലരുണ്ട്
പ്രകാശത്തെ സ്വന്തമാക്കിയവർ
സന്തോഷത്തിന്റെ അതിരുകളിൽ
താമസമാക്കിയവർ
അന്യന്റെ വേദനകളെ കാൽചുവട്ടിലാക്കി
സ്വന്തം മനസ്സിന്റെ ഇഷ്ടങ്ങളിൽ വേരുപിടിച്ചവർ
കൊടുങ്കാറ്റിന്റെ ശൂരത്വവും അഗ്നിഗോളത്തിന്റെ പ്രഭാവവും നേടിയെടുത്തവർ
അവർക്ക് നേരെ ചൂണ്ടുവിരൽ ഉയർത്തരുത്
നിങ്ങൾ തോറ്റുപോയേക്കാം.
കാരണം അവർക്ക് ഹൃദയത്തിന്റെ ഭാഷ അറിയില്ല.
അവരാണ് ഈ ലോകത്തിന്റെ അതിനാഥർ..
ഷബ്ന ഫെലിക്സ്

ദേവാസ്ത് (കഥ)


Best of Nallezhuth 21
"നിങ്ങളാ വീട്ടിൽ പോകുന്നില്ലേ മനുഷ്യാ , അങ്ങേര് ശ്വാസം വലിച്ചു കിടക്കാൻ തുടങ്ങീട്ടു മൂന്നാലു ദിവസായി. എന്തിനാണാവോ ഇങ്ങനെ കിടത്തി നരകിപ്പിക്കുന്നത്? ഗീവർഗീസ് പുണ്യാളാ കാത്തോളണെ ! "
കോലായിലേക്കു തലനീട്ടി ശോശാമ്മ വിളിച്ചുപറഞ്ഞു.
കോലായിലെ ചാരുകസേരയിൽ കിടന്ന് ലൂയിച്ചൻ അങ്ങു ദൂരെ കടലിലെ അരണ്ടപ്രകാശത്തെ നോക്കി നെടുവീർപ്പിട്ടു. . ചുണ്ടത്തെരിഞ്ഞ സിഗരറ്റിന്റെ വെളുത്ത കുറ്റികൾ മണ്ണിൽ തലങ്ങും വിലങ്ങും കിടന്നു. പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുത്ത് അവസാനസിഗരറ്റും ചുണ്ടിൽ തിരുകി ആഞ്ഞാഞ്ഞൂവലിച്ചു. പിന്നെ ആ കുറ്റിയും വലിച്ചെറിഞ്ഞു കസേരയിൽ നിന്നും പൊങ്ങി. വലിച്ചെറിഞ്ഞ കുറ്റികളിൽ നോക്കി ലൂയിച്ചൻ ഒരു നിമിഷം നിന്നു. കുന്തമെടുത്ത ഗീവർഗീസ് പുണ്യാളന്റെ രൂപം പോലൊരു ആകാരം മണ്ണിൽ തെളിഞ്ഞു വന്നു.
" ദിവ്യകൂദാശയായിരിക്കുന്ന ശുദ്ധമാനകുർബാനക്ക്
ഉത്ഭവദോഷമന്യേ ജനിക്കപ്പെട്ട്
കന്യമറിയത്തിന്റെ
ദിവ്യപുണ്യജനനത്തിനായി
സ്തുതിയും വാഴ്വും പുകഴ്വുമാറാകട്ടെ ! "
അപ്പുറത്തെ വീട്ടിലെ പൊട്ടൻചെക്കൻ മണിയടിച്ചു ഉച്ചത്തിൽ പാടി. നൊയമ്പ് കാലത്തു പള്ളിയിൽ കുരിശുമണി കൊട്ടിയാൽ , പൊട്ടൻ നീട്ടിപ്പാടും....
പൊട്ടന് അത്രെ അറിയു...പൊട്ടന് ചെവികേൾക്കാം , എന്നിട്ടും നാട്ടുകാർ വിളിച്ചു . പൊട്ടാ...
കാരണം പൊട്ടന് ഒരല്പം പൊട്ടുണ്ടുണ്ടായിരുന്നു .
തലക്ക് , എവിടെയോ ഒരു പൊട്ട്.
പൊട്ടൻ രണ്ടാം ക്ലാസ്സിൽ മൂന്നാലുകൊല്ലം പോയി. പിന്നങ്ങു നിർത്തി .
ടീച്ചറും പൊട്ടനും തോറ്റുന്ന്...
അതോണ്ട് രണ്ടുപേരും ഒരേക്ലാസ്സിൽ പിന്നേം പിന്നേം ഇരുന്നു.
പൊട്ടന്റെ പാട്ട് ഉച്ചസ്ഥായിൽ എത്തി.
ലൂയിച്ചനു തല പെരുത്തുകേറി..ഉള്ളിൽ എവിടെയോ നീറിപ്പുകയുന്നു. ലൂയിച്ചൻ ഒരു വേലിപ്പത്തൽ ഒടിച്ചെടുത്ത് പൊട്ടന്റെ വീടിനു നേരെ നടന്നുചെന്നലറി...
" നിർത്തെട......@$&%# മോനെ... "
പൊട്ടൻ പിന്നെ പാടിയില്ല.. പക്ഷെ ലൂയിച്ചന്റെ ചെവിയിൽ ദേവാസ്തുവിളിയുടെ ഈരടികൾ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
വർഷങ്ങൾക്കു മുൻപ്‌ നാട്ടിൽ , വലിയനൊയമ്പ് കാലത്തു ദേവാസ്തുവിളിക്കാർ കുറേപേരുണ്ടായിരുന്നു. കാലം പോകെ പോകെ നാട്ടിൽ ദേവാസ്തുവിളിക്ക്‌ മൂന്നാൾ മാത്രമായി.. ലൂയിച്ചനും എസ്തപ്പാനും റോക്കിച്ചനും . വലിയനോയമ്പ് നോറ്റു, മണികിലുക്കി, മെഴുകുതിരിയുടെ അരണ്ടവെളിച്ചത്തിൽ കുരിശും നാട്ടിപിടിച്ചു , അവർ നാടുമുഴുവൻ തൊണ്ട പൊട്ടുമാറു കൂവിവിളിച്ചു. വിളി കേൾക്കുന്ന ദൂരത്തിൽ നിന്നെല്ലാം പിശാചുക്കൾ പേടിച്ചോടുമെത്രെ ! ചില വീട്ടുകാർ ദോഷം തീർക്കാൻ അവരെ പ്രത്യേകം വിളിച്ചു പാടിക്കും . ദേവാസ്തുവിളി കഴിഞ്ഞാൽ വീട്ടുകാർ എന്തേലും കൈമടക്കു കൊടുക്കും. കിട്ടിയതും കൊണ്ടു തിരികെ വീട്ടിലേക്ക്.. മൂവർ സംഘത്തെ നോക്കി നാട്ടുകാർ വിളിച്ചു. 'മാലാഖമാർ. '
കടൽതിരകൾ ശാന്തമായി കരയിൽ വന്ന് നുരകൾ തുപ്പി ചിരിച്ചും കൊണ്ടു പിന്നെയും വന്നുപോയി കൊണ്ടിരുന്നു. ശാന്തമായ കടലിന്റെ അലകൾ പോലും ഹുങ്കാരധ്വനിയായി ലൂയിച്ചനു തോന്നി..കരയിൽ കയറ്റിവെച്ച വഞ്ചികൾ ,ഉറക്കം തൂങ്ങിനിന്ന കൺപോളകൾ കണക്കെ , മണലിൽ അള്ളിപിടിച്ചു കിടന്നു.വഞ്ചിയിൽ നിന്നും നീണ്ടുകിടന്ന കയറിലൊന്നിൽ തട്ടി ലൂയിച്ചൻ നിലത്തടിച്ചു വീണു. കണ്ണുകളിൽ വെള്ളിവെളിച്ചം മിന്നിമറഞ്ഞു. കണ്ണുകൾ തീ തുപ്പുന്ന കറുത്തിരുണ്ട സത്വം ഇഴഞ്ഞു പിഴഞ്ഞു വരുന്നു. വായിൽ ചോരപൊടിയുന്നു. ലൂയിച്ചൻ കിടന്നിടത്തുകിടന്നു വെട്ടിവിറച്ചു. നാവുകൾ ചലിപ്പിച്ചു ഉച്ചത്തിൽ പാടാൻ നോക്കി..വർഷങ്ങൾക്കു മുൻപ് നിർത്തിവെച്ച വിളിക്കായി മനസ്സൊരുമ്പിട്ടു.
" ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനെ..." .
പറ്റുന്നില്ല...നാവു വരണ്ടു അണ്ണാക്കിൽ ഒട്ടിപോകുന്നുവോ.
പഴയൊരു ചിത്രം തെളിയുന്നു.
റോക്കിച്ചനും എസ്തപ്പാനും താനും..
ദേവാസ്തുവിളികഴിഞ്ഞ്‌ , ഉയിർപ്പുദിനകുർബാന കഴിഞ്ഞ്, പാതിരാത്രി ചെമ്മീൻകെട്ടിലെ മാടത്തിൽ അന്തിയടിച്ചു പറ്റായ സമയം.
വക്കച്ചൻ സായ്വിന്റെ പറമ്പിൽ നിന്നൊരു കരച്ചിൽ..വേലിപത്തലിനിടയിലൂടെ പതിയെ നോക്കി.സായ്വിന്റെ കുടികിടപ്പുകാരൻ അന്തോച്ചന്റെ മകൾ ലീലാമ്മയുടെ കൈകൾ കുളത്തിൽ ഉയർന്നുതാണു. ഒപ്പം വെള്ളത്തിലേക്ക് ലീലാമ്മയുടെ കഴുത്തിൽ പിടിച്ചു താഴ്ത്തുന്ന രണ്ടു കരങ്ങൾ . മുന്നിൽ വക്കച്ചന്റെ രൂപംപൂണ്ട് പിശാച് നില്ക്കുന്നു. അവൻ ആർത്തട്ടഹസിക്കുന്നു.എവിടെ നിന്നോ കുതിരകുളമ്പടി കേൾക്കുന്നു.
"ലൂയിച്ചാ ചെല്ലു...." ആരോ വിളിച്ചുപറയുന്നു.
മുന്നോട്ടുകുതിക്കാനാഞ്ഞ ലൂയിച്ചനെ അവർ പിന്നോട്ട് വലിച്ചു.
"ലൂയിച്ചാ.. സായ്വിന്റെ വള്ളത്തിലാ പണി...പണിയില്ലേൽ.. "
ലൂയിച്ചൻ കൂട്ടുകാരെ അന്ധാളിച്ചുനോക്കി.കൂട്ടുകാർക്കും കൊമ്പ് മുളച്ചിരിക്കുന്നുവോ? മുന്നിൽ നടക്കുന്ന പൈശാചികകൃത്യത്തിന് കൂട്ടുനിന്ന് പിശാചിനെ ഓടിക്കാൻ പാടി നടക്കുന്നു..
"ഫൂ.....മാലാഖമാർ ! "
ലൂയിച്ചൻ അവരെ നോക്കി ആട്ടിതുപ്പി വീണ്ടും മുന്നോട്ടു കുതിക്കാനാഞ്ഞു.
വാടിതളർന്ന താമരത്തണ്ട് പോലെ ലീലാമ്മയപ്പോൾ വക്കച്ചന്റെ കൈകളിൽ കിടന്നിരുന്നു.മുന്നോട്ടു വച്ച കാലുകൾ പിന്നോട്ട് വലിച്ച് കൂട്ടുകാരെ വിട്ട് ലൂയിച്ചൻ തലതാഴ്ത്തിയകന്നു.
കടൽകരയിൽ രണ്ടുനാൾ കഴിഞ്ഞ് ലീലാമ്മയുടെ ശരീരം ഒഴുകി നടന്നു. അഞ്ചാംനാൾ അന്തോച്ചന്റെയും.
ലീലാമ്മക്ക്‌ വയറ്റിലുണ്ടായിരുന്നു പോലും.!കരകമ്പികൾ പലതും പറഞ്ഞു കേട്ടു.
നോയമ്പുകാലം പിന്നെയും വന്നു. ലൂയിച്ചൻ ദേവാസ്തുവിളിയുടെ കാലത്തും കോലായിൽ കുന്തിച്ചിരുന്നു കടലിൽ നോക്കി വെറുതെയിരുന്നു. . വാതം പിടിച്ച എസ്തപ്പാൻ കട്ടിലിൽ നിന്നും പിന്നെ പൊങ്ങിയില്ല. റോക്കിച്ചന്റെ മകൻ പൊട്ടൻ മാത്രം കുരിശുമണി മുഴങ്ങിയപ്പോൾ ഉച്ചത്തിൽ പാടി.
"ദിവ്യകൂദാശയായിരിക്കുന്ന
ശുദ്ധമാനകുര്ബാനക്ക്... "
ശരീരത്തിൽ പറ്റിയ മണൽകൊട്ടി കളഞ്ഞു ലൂയിച്ചൻ എസ്തപ്പന്റെ വീടിനു നേരെ നടന്നു.
വിരുന്നുകാരനെ കാത്തിരിക്കുന്ന പോലെ
എസ്തപ്പന്റെ കട്ടിലിനു ചുറ്റും വീട്ടുകാർ അടക്കംപറഞ്ഞിരുന്നു. ശ്വാസമൊന്നു നിലച്ചാൽ തുടങ്ങേണ്ടുന്ന നെഞ്ചത്തടിക്കായി ബന്ധുക്കൾ അങ്ങിങ്ങായി നിലയുറപ്പിച്ചിരിക്കുന്നു.
" ഭൂമിയിൽ വല്ല കെട്ടും ബാക്കികാണും , അതാവും ആത്മാവ് വിട്ടുപോകാനൊരു മടി "
ആരോ അടക്കം പറയുന്നു.
കണ്ണുകൾ മേല്പോട്ടാക്കി എസ്തപ്പാൻ കട്ടിലിൽ കിടന്നു. ഇടക്കിടെ എന്തോ കണ്ടു ഭയന്നവണ്ണം ചുണ്ടുകൾ കോട്ടി എന്തോ പറയാൻ ശ്രമിച്ചു. കൈകൾ തെക്കോട്ടു ഉയർത്തി എന്തിനെയോ ആട്ടിയകറ്റി .
മൂലക്ക്‌ മാറിനിന്ന റോക്കിച്ചൻ ലൂയിച്ചനെ കണ്ടപ്പോൾ എസ്തപ്പന്റെ തലക്കൽ ഓടിയെത്തി വിതുമ്പികൊണ്ടുപറഞ്ഞു.
"എസ്തപ്പ, ദേ നോക്കിയേടാ ലൂയിച്ചൻ വന്നിരിക്കുന്നു. "
സൗഹൃദത്തിന്റെ കാണാചാരടുകൾ പൊട്ടിവീണിട്ടു വർഷങ്ങളേറെയായിരിക്കുന്നു.
ലൂയിച്ചന്റെ കണ്ണിൽ പഴയ ചിത്രങ്ങൾ നിറംച്ചാർത്തിനിന്നു.
"എസ്തപ്പ , നമുക്ക് വിളിക്കേണ്ടെടാ..." ലൂയിച്ചൻ പതിയെ ചെവിയിൽ പറഞ്ഞു..
"പട്ടാങ്ങയുടെ നാഥനായിരിക്കുന്ന
ഈശോകർത്താവിന്റെ..."
റോക്കിച്ചൻ തൊണ്ട പൊട്ടുമാറു ഉച്ചത്തിലതേറ്റുപാടി.
എസ്തപ്പന്റെ കണ്ണുകൾ ഉരുണ്ടുരുണ്ടു വികസിച്ചു തള്ളിവന്നു. എവിടെ നിന്നോ കുതിരാകുളമ്പടി കേൾക്കുന്നു.മുന്നിൽ വന്ന് ഭയപെടുത്തുന്ന സത്വം പിന്തിരിഞ്ഞോടുന്നു.
വെളുത്ത പുകമറക്കുള്ളിൽ നിന്നും കുന്തമേന്തിയ ഗീവർഗീസ് പുണ്യാളൻ കുതിരമേൽ വരുന്നു . വെളുത്ത പ്രഭാവളയത്തിൽ ചിറക് മുളച്ച പരിചിതരൂപങ്ങൾ പുണ്യാളന്റെ ചുറ്റിനും നിന്ന് എസ്തപ്പനെ നോക്കി ചിരിതൂകിനിന്നു മാടി വിളിച്ചു.. ചുറ്റിനും ദേവാസ്തുവിളി ഉയരുന്നു.എസ്തപ്പാൻ അവരെനോക്കി പുഞ്ചിരിച്ചു ഉച്ചത്തിൽ ഈരടികൾ ചൊല്ലി
"അവർ സഹിക്കും മഹാസങ്കടത്തെയോർത്ത്
ഉടയതമ്പുരാൻ അവരെ രക്ഷിച്ച്‌
മോക്ഷം നല്കുമാറാകട്ടെ ! "
ഉയർന്നുപൊങ്ങിയ സ്വരം വെളുത്ത പുകമറക്കുള്ളിൽ ചുറ്റിക്കറങ്ങി നിന്നു... അന്തരീക്ഷത്തിൽ പെട്ടെന്ന് മുഴങ്ങിയ അലമുറയിൽ പിന്നെയത് അലിഞ്ഞലിഞ്ഞില്ലാതെയായി.
(ലത്തീൻ സമുദായത്തിൽ , തീരപ്രദേശങ്ങളിൽ വലിയ നോയമ്പ് കാലത്തു നിലനിന്നിരുന്ന ഒരു വിശ്വസാചാരമാണ് ദേവാസ്തുവിളി. തനി സംസ്കൃതത്തിലും പഴംതമിഴിലും ദേവാസ്തു വിളി നടത്തിയിരുന്നു. ദൈവനാമത്തിൽ ദുഷ്ടാരൂപികളെ അകറ്റുന്നതിനുള്ള ഒരു മന്ത്രം എന്നാണ് പഴമക്കാരുടെ ധാരണ. ഒരു നാടിന്റെ ഒരറ്റത്തും നിന്നും. തുടങ്ങുന്ന തൊണ്ട പൊട്ടുമാറു ഉച്ചത്തിലുള്ള ഈ പ്രാർത്ഥന കേൾക്കുന്ന ദൂരത്തോളം പിശാചുക്കൾ ഓടി പോകും എന്നാണ് വിശ്വാസം.അന്യം നിന്നുപോകുന്ന പ്രാചീനക്രൈസ്തവാചരമായി ദേവാസ്തുവിളി മാറിക്കഴിഞ്ഞിരിക്കുന്നു. ദേവാസ്തു വിളി അറിയുന്ന പഴമക്കാർ വളരെ ചുരുക്കമാണ് ഇന്ന്. ചവിട്ടുനാടകം പോലെ പോർച്ചുഗീസ് പാരമ്പര്യം ഇതിനും ഉണ്ടെന്നു പറയപ്പെടുന്നു.)
വാൽക്കഷ്ണം. : "ഹൃദയാക്ഷരങ്ങൾ 'എന്ന പുസ്തകത്തിലേക്ക് കഥ ചോദിച്ചപ്പോൾ "ദേവാസ്ത് " എന്ന അന്യം നിന്നു പോകുന്ന ആചാരത്തെയും ഉൾപ്പെടുത്താൻ തോന്നി. എനിക്ക് കേട്ടു കേൾവി മാത്രമുള്ള ഈ ആചാരത്തിലെ ഈരടികൾ പറഞ്ഞു തന്നത് ഒത്തിരി പ്രായമുള്ള പഴയകാല ദേവാസ്തു വിളിക്കാരനായ ജെറോം എന്ന വല്യപ്പനാണ്.
Written by
ഷബ്ന ഫെലിക്സ്

പാവകൾ

Image may contain: 2 people, people smiling
അവ്യക്തമെങ്കിലും ഒരിക്കൽ കൂടി ഞാനാ ചില്ലുഅലമാരയിൽ നോക്കാൻ ശ്രമിച്ചു.. എന്റെ കാഴ്ചകളെ മറച്ചു വളർന്ന തിമിരത്തിന്റെ വേരുകൾ എനിക്ക് മുന്നിൽ പുകമറ തീർത്തുനിന്നു.. അകകണ്ണിൽ ഞാനാ പാവകളെ വീണ്ടും എണ്ണിത്തുടങ്ങി.
എനിക്ക് ഓർമ്മ വെച്ച നാളുകളിൽ സ്വീകരണമുറിയിലെ ചില്ല് അലമാരയിൽ നാല് പാവകൾ മാത്രമേ ഉണ്ടായിരുന്നുള്ളു...
പല വലുപ്പമുള്ള ഒരേ മുഖമുള്ള വ്യത്യസ്തങ്ങളായ ഭാവങ്ങളോടും വസ്ത്രങ്ങളോടും കൂടിയ നാല് പാവകൾ..
പക്ഷേ അഞ്ചാമത് ഒന്നുകൂടി അവിടെ ഉണ്ടായിരുന്നിരുന്നുവെന്ന് എനിക്ക് ഉറപ്പായിരുന്നുവെങ്കിലും ഒരെണ്ണം എപ്പോഴും അപ്രത്യക്ഷമായിരുന്നു. നിരനിരയായി നിലയുറപ്പിച്ച പാവകളിൽ ഓരോന്നായി അപ്രത്യക്ഷമാകുന്നത് എനിക്കെന്നും അതിശയമായിരുന്നു.അതെവിടെ പോയിരിക്കാമെന്നുള്ള എന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എനിക്കൊരിക്കലും സാധിച്ചിരുന്നില്ല.
ബാല്യത്തിലെന്നോ കൂട്ടുകാർക്കൊപ്പം അച്ഛനും അമ്മയും കളിക്കാൻ നേരം, അമ്മയായി വേഷപ്പകർച്ച നടത്തിയ എനിക്ക് ഒക്കത്തു വെയ്ക്കാൻ കുഞ്ഞിനെ തിരയും നേരമാണ് ചില്ല് അലമാരയിലെ കുഞ്ഞുടുപ്പു ധരിച്ച ഒരു സുന്ദരിപ്പാവക്കുട്ടിയെ ആദ്യമായി കണ്ണിലുടക്കിയത്. അവൾ അത്രയും കാലം അവിടെയുണ്ടായിരുന്നുവോ എന്നുള്ള ചിന്തകളെ ആട്ടിയോടിച്ചു അവൾ കണ്ണുകൾ ചിമ്മുകയും കൊച്ചരി പല്ലുകൾ കാട്ടി ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അപ്പോഴും അലമാരയിൽ നാലു പാവകൾ നിരന്നു നിന്നിരുന്നു.
വികാരം വിവേകത്തെ അടക്കി ഭരിക്കാൻ തുടങ്ങിയ നാളുകളിലൊന്നിൽ രാത്രിയുടെ ഏതോ യാമത്തിലാണ് ഞാനന്ന് ഞെട്ടിയുണർന്നത്. ഉണരുമ്പോൾ എന്റെ മുലകണ്ണുകളെ നുണഞ്ഞു അരക്കെട്ടിൽ പിടിയമർത്തി അവൾ എന്നോളം വളർന്ന് എന്റെ കൂടെയുണ്ടായിരുന്നു. അവളെ അടർത്തി മാറ്റാൻ ശ്രമിക്കും തോറും അവളെന്നിൽ ചുറ്റിപ്പിണഞ്ഞു എന്നോട് ചേരാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഭയപ്പാടോടെ അവളെ ഞാൻ സൂക്ഷിച്ചു നോക്കി..
അതേ അവൾ തന്നെ. !
കഴിഞ്ഞ ദിവസങ്ങളിലെന്നോ കാണാതായ നാലാമത്തെ പാവക്കുട്ടി!!
അവളെന്നെ നോക്കി ചിരിച്ചു. ഉറങ്ങിക്കിടന്നിരുന്ന എന്നിലെ വികാരങ്ങളെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അവളെ തള്ളിമാറ്റാനുള ശ്രമം പരാജയപ്പെട്ടു ഉറക്കത്തിലയ്ക് വഴുതി വീണ എന്റെ മുന്നിലേക്ക് പാലൂട്ടാൻ കൊതിച്ച പയോധരങ്ങളുടെ തുടിപ്പും കന്യകയായി തുടരാൻ വിധിക്കപ്പെട്ടതുമായ അവ്യക്തമായ മുഖത്തോടെ പ്രത്യക്ഷപ്പെട്ട പെണ്ണുടലുകളുടെ അടക്കിപ്പിടിച്ച തേങ്ങലും കാമവെറിയന്മാർ തച്ചുടച്ച കുരുന്നുകളുടെ നിസ്സഹായതയുടെ കരച്ചിലും ഒരുപോലെ കാതിൽ മുഴങ്ങികേട്ടു.
അപ്പോഴും അലമാരയിൽ നാലു പാവകൾ നിരന്നു നിന്നിരുന്നു.
ഒരിക്കൽ കാണാതായ കൊച്ചരിപല്ലു കാട്ടി ചിരിച്ച കുഞ്ഞുസുന്ദരിക്കുട്ടിയും മുടി പിന്നിയിട്ട, യൂണിഫോം ധരിച്ച ചുറുചുറുക്കുള്ള പാവക്കുട്ടിയും നാണത്താൽ തല കുനിച്ച കൗമാരക്കുട്ടിയും കൂട്ടത്തിൽ ഉണ്ടായിരുന്നു.
പലപ്പോഴും തന്നെ കീഴ്‌പ്പെടുത്തി തന്റെ അരക്കെട്ടിൽ ചുറ്റിപിടിച്ചു കിടക്കാൻ എത്തിയ പാവക്കുട്ടി ഇന്നു നിശ്ബദയായി നിന്നിരുന്നു.
അവസാനമായി വീണ്ടുമൊന്നു അപ്രത്യക്ഷമായിരിക്കുന്നു. ഒടുവിലത്തെ സ്ഥാനക്കാരിയായ അവൾ തന്നിലേയ്ക് നിശബ്ദമായി ആവേശിക്കുന്നത് താൻ അറിയുന്നുണ്ടായിരുന്നു. രണ്ടാംബാല്യത്തിലേക്കുള്ള യാത്രയിൽ കാലുകളുടെ വേഗം കുറയുന്നുണ്ടായിരുന്നു ചിന്തകൾക്ക്‌ മരവിപ്പ് ബാധിച്ചു തുടങ്ങിയിരുന്നു.
എപ്പോഴോ,
ഹൃദയമിടിപ്പ് കുറഞ്ഞും ശ്വാസഗതി മന്ദീഭവിച്ചും കാഴ്ചകളിൽ ഇരുൾ മൂടിയ നേരം ഞാനവളെ അവ്യക്തമായി ഒരിക്കൽ കൂടി കണ്ടു.അവളെന്നിൽ നിന്നും പടിയിറങ്ങുന്നു. അവരെല്ലാം ഇപ്പോൾ എനിക്ക് ചുറ്റും അണി നിരന്നിരിക്കുന്നു..ഒടുവിലായി ഞാനൊരിക്കൽ കൂടി അവയെ എണ്ണാൻ ശ്രമിച്ചു.
ഇപ്പോൾ പാവകൾ അഞ്ചാണ്.
ചില്ല് കൂട്ടിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച അഞ്ചു പാവകൾ.
എന്റെ ജീവിതത്തിൽ നിന്ന് കുടിയിറങ്ങി പോയ അഞ്ചു കാലങ്ങൾ...

Shabana Felix

പൂമ്പാറ്റകൾ

Image may contain: 2 people, people smiling, people standing, closeup and outdoor
ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം മഴ പെയ്തു തുടങ്ങിയിരുന്നു..തിടുക്കത്തിൽ ബാഗിൽ നിന്നും കുടയെടുത്തു നിവർത്തി കാലുകൾക്ക് വേഗം കൂട്ടി.
രാവിലെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം അമ്മ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ കുടയെടുക്കാൻ മുതിരില്ലായിരുന്നു.
പെട്ടെന്നുള്ള മഴയിൽ കുടയില്ലാത്തവർ കടകളുടെ വാതിൽക്കൽ അഭയം പ്രാപിച്ചിരിക്കുന്നു. ഓട്ടോറിക്ഷകൾക്കായി പലരും കൈമാടി വിളിക്കുന്നു.ശക്തമായ കാറ്റിൽ മഴത്തുള്ളികൾ റോഡിൽ ഓടിനടക്കുന്നു.
കുടയിലെ പിടിയിൽ മുറുക്കം കൂട്ടി കാറ്റിനെ എതിർത്തു മുന്നോട്ടു നടന്നു. മഴയിൽ നനഞ് , യൂണിഫോം ധരിച്ച കുട്ടികൾ മുന്നിൽക്കൂടി പൊട്ടിച്ചിരിച്ചു കൊണ്ട് ഏതോ കടയ്ക്ക് മുന്നിൽ ഓടികയറി.
ഓർമ്മയിൽ അവൾ വീണ്ടും കടന്നുവരുന്നു. അല്ലെങ്കിൽ തന്നെ എന്നാണ് താൻ അവളെ മറന്നിട്ടുള്ളത്. നിവർത്തിയ കുടയ്ക്കു കീഴിൽ ഓരോ തവണ നിൽക്കുമ്പോഴും മനസിൽ തെളിയുന്ന അവ്യക്തമായ അവളുടെ മുഖം.
മുട്ടോളമെത്തുന്ന പച്ചപാവാടയും നിറം മങ്ങിയ വെളുത്ത ഷർട്ടും ധരിച്ച അവൾ എന്നും ക്ലാസ്സിൽ എത്തുമ്പോൾ വൈകിപോയിരുന്നു. പഴകി ദ്രവിച്ച ബാഗും തോളിൽ തൂക്കി ഇടക്കിടെ ഒഴുകി വരുന്ന മൂക്കളയെ മേലോട്ടു വലിച്ചു കയറ്റി അവൾ അനുവാദത്തിനായി ഏഴാം ക്ലാസ്സിന്റെ വാതിൽക്കൽ നിൽക്കും.
"ഉം എന്താ വൈകിയേ..? " കനം പിടിപ്പിച്ച സ്വരവുമായി ടീച്ചർ ഉച്ചത്തിൽ ചോദ്യമെറിയും.
"ബസ് കിട്ടിയില്ല.... " പുരുഷന്മാരുടെതിന് സമാനമായ സ്വരത്തോടെ അവൾ മറുപടി പറയും..
അവൾക്കൊന്നിനെയും ഭയമില്ലായിരുന്നു. ടീച്ചറുടെ തടിച്ച ചൂരലിനെയും സഹപാഠികളുടെ പരിഹാസത്തെ അവഗണിച്ചും പഠിക്കാത്ത കുട്ടികളെ ഹെഡ് മിസ്ട്രെസ്സിന്റെ മുറിയിൽ കൊണ്ടുപോകുമ്പോഴും അവൾ തന്റേടത്തോടെ നിന്നു. ഒരിക്കൽ ഭൂമി കുലുങ്ങുമാറ് സ്വരം കേട്ടപാടെ കുട്ടികൾ എല്ലാം ക്ലാസ്സിൽ നിന്നും ഇറങ്ങിയോടിയപ്പോഴും അവൾ ബെഞ്ചിൽ നിന്നും അനങ്ങിയില്ല. അറ്റണ്ടൻസ്‌ രെജിസ്ട്രറിൽ പലപ്പോഴും അവളുടെ പേരിന്റെ നേരെ അവധി രേഖപ്പെടുത്തേണ്ടി വന്നു.
മഴയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കുള്ള ഇന്റർവെൽ പീരീഡിൽ അവൾ പലപ്പോഴും കുടയോട് മല്ലിടുന്നത് കാണാറുണ്ടായിരുന്നു.
"നീ വലുതാവുമ്പോ കുട നന്നാക്കുന്ന കടയിട്ടാൽ മതി ട്ടാ..."
അങ്കിൾ ഗൾഫിൽ നിന്നും കൊണ്ടു വന്ന നിറയെ പൂക്കളുള്ള വർണക്കുടയ്ക്കു കീഴിൽ നിന്ന് താൻ അങ്ങനെ അവളോട്‌ വിളിച്ചു പറഞ്ഞപ്പോൾ തന്റെ കൂടെ നിന്ന പലരും ഉച്ചത്തിൽ ചിരിച്ചു.
പതിവ് പോലെ മൂക്കള വലിച്ചു കേറ്റി തലയൊന്നു ഉയർത്തി അവൾ തന്നെ നോക്കിചിരിച്ചു. ആ ചിരി തന്റെ ഹൃദയത്തിൽ തറഞ്ഞു കേറിയോ ? അറിയില്ല. ആ നോട്ടത്തോടെ പിന്നീട് അവളെ നോക്കി അങ്ങനെ പറയാൻ നാവു പൊങ്ങിയില്ല എന്നതാണ് വാസ്തവം. പക്ഷേ കൂട്ടുകാർ ആ വാചകം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അവർ അവളെ നോക്കി പലപ്പോഴായി ആ വാചകം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
അവളെന്നും ഒറ്റക്കായിരുന്നു.
മഴക്കാലത്ത് ഉണങ്ങാത്ത തുണിയിൽ നിന്നും വമിച്ച മണമടിച്ച്
അവളുടെ അരികിൽ ഇരുന്ന കുട്ടികൾ പലപ്പോഴും മൂക്കു പൊത്തിപറഞ്ഞു.
"നിന്നെയെന്താ ഇങ്ങിനെയൊരു മണം ? "
ചോദ്യം കേൾക്കുമ്പോൾ അവൾ അവരെ നോക്കി നന്നായി ചിരിക്കും..എന്തെങ്കിലും മറുപടി നൽകും.. കുട്ടികളുടെ അവഗണനയിലും അവളുടെ ചുണ്ടിൽ എന്നും എപ്പോഴും ചിരി ബാക്കിനിന്നു.
"എന്റെ വീട്ടിൽ ഫ്രിഡ്ജും ടിവിയുമുണ്ട്.. "
അവൾ ഒരു ദിവസം ഉറക്കെ പ്രഖ്യാപിച്ചു. അന്ന് അവളെ നോക്കിയവരുടെ കണ്ണുകളിൽ അസൂയ നിഴലിച്ചിരുന്നു.ടിവിയിലെ കഥകൾ കേൾക്കാൻ കുട്ടികൾ അന്ന് അവൾക്കു ചുറ്റിനും ആദ്യമായി കൂടി.
പതിവില്ലാതെ അവളുടെ പൊതിച്ചോറിൽ കണ്ട വറുത്ത ഇറച്ചി കഷണം കണ്ട് നാവിൽ വെള്ളമൂറി അതിൽ തല പൂഴ്ത്തിയ അവളുടെ അരികിൽ ചെന്ന് താൻ ചോദിച്ചു.
"ഇറച്ചി ആണല്ലേ ? "
"ഉം...കുട്ടിക്ക് വേണോ? " തല ഉയർത്തി അവൾ മറുചോദ്യം എറിഞ്ഞു.
വാട്ടിയ ഇലയുടെ അരികിലേക്ക് മാറ്റിവെച്ച കുറച്ചു കഷണത്തെ വായിലാക്കി ചോദിച്ചു പോയി.
"കുട്ടിയുടെ വീട്ടിൽ ഇടക്കിടെ ഇറച്ചി വാങ്ങുവോ? "
തന്റെ ചോദ്യം കേട്ട് അവൾ ഉച്ചത്തിൽ ചിരിച്ചത് എന്തിനാണെന്ന് മനസ്സിലാക്കാനുള്ള ശ്രമമൊന്നും തന്നിൽ നിന്നുമുണ്ടായില്ല.തന്റെ കണ്ണുകൾ അപ്പോഴും ഇലയിൽ ബാക്കിയുള്ള ഇറച്ചി കഷണത്തിൽ ഉടക്കി നിന്നിരുന്നു.
തനിക്കായി നീട്ടിയ ഇറച്ചി കഷണങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാൻ , അന്ന് സ്‌കൂൾ വിട്ടപ്പോൾ പെയ്ത മഴയിൽ തന്റെ കുടയിൽ അവൾക്കും സ്ഥലം നൽകാൻ അവളെ കുടയിലേക്കു വിളിക്കുമ്പോഴും അവൾ കുടയുമായി മൽപ്പിടുത്തം നടത്തുകയായിരുന്നു.
"ടിവിയും ഫ്രിഡ്ജും ഉള്ള വീട്ടിൽ കുട പുതിയത് വാങ്ങിയാൽ എന്താ.. ? "
എന്റെ ചോദ്യം കേട്ട് അവൾ ഉച്ചത്തിൽ ചിരിച്ചു മറുപടി പറഞ്ഞു.
"അച്ഛൻ ഗൾഫിൽ നിന്നും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടുണ്ട്. '" ഗൾഫിൽ നിന്നും എത്തുമ്പോൾ പൊട്ടിക്കുന്ന പെട്ടിയെ ഓർത്തപ്പോൾ തനിക്കവളോട് വല്ലാതെ അസൂയ തോന്നിയ നിമിഷം.
പിന്നീടെപ്പോഴോ അവൾ ക്ലാസ്സിൽ വരാതെയായി. ആരും അവളെ തിരക്കിയില്ല. അവൾക്കായി വിഷമിക്കാൻ ആ ക്ലാസിൽ ഒരു കുട്ടിയും ഉണ്ടായിരുന്നില്ല. വീട്ടിൽ പച്ചക്കറി കൂടുതലായും വാങ്ങുന്ന താൻ മാത്രം വെറുതെ അവൾ തന്ന ഇറച്ചികഷണത്തിന്റെ രുചിയെ കുറിച്ചോർത്തു.
ഓണത്തിന് അവധി ദിവസങ്ങളിൽ ആന്റിയുടെ വീട്ടിൽ വെച്ചു പള്ളിയിൽ പോയി മടങ്ങിവരുമ്പോഴാണ് അവളെ വീണ്ടും കണ്ടത്. റോഡിന്റെ അരികിലെ തോടിന്റെ വക്കത്ത് ഓല മേഞ്ഞ കുഞ്ഞു ചേരികളിലൊന്നിൽ മുടി വിരിച്ചിട്ട അവളുടെ തലയിലെ പേൻ ഒരു വൃദ്ധ കൊന്നുകൊണ്ടിരുന്നു. തന്നെ കണ്ടതും അവൾ ചാടിയെഴുന്നേറ്റു. അവൾ പറഞ്ഞ ഫ്രിഡ്ജും ടിവിയും പിന്നെ എനിക്കായി നീട്ടിയ ഇറച്ചി കഷണവും എനിക്കപ്പോൾ തേട്ടിവന്നു.
"ഇതാണോ വീട്? "
അവൾ തലയാട്ടുമ്പോൾ അവളുടെ ചുണ്ടിലെ ചിരി വിളറിയത് അന്നേരം താൻ ശ്രദ്ധിച്ചു.
സ്‌കൂളിൽ പോയി അവളുടെ വീമ്പിന്റെ വിശേഷം പറഞ്ഞു പൊട്ടിച്ചിരിച്ചതും ബാക്കിയുള്ളവരുടെ ചിരിമാലയ്ക്കു തിരി കൊളുത്തിയതും താനായിരുന്നു .
ക്രിസ്തുമസ് അവധി കഴിഞ് ക്ലാസിൽ ചെന്നപ്പോൾ ക്ലാസ്സിലെ കുട്ടികളെയെല്ലാം വരിവരിയായി എങ്ങോട്ടോ കൊണ്ടുപോകാൻ ഒരുക്കി നിർത്തിയിരുന്നു. ക്ലാസില്ലാത്ത സന്തോഷത്തിൽ കുട്ടികൾ ബസ്സിലിരുന്നു ഉറക്കെ കഥകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു. ബസ്സ് ചെന്നു നിന്നത് അന്ന് കണ്ട ചേരികളിൽ ഒന്നിന്റെ മുന്നിലായിരുന്നു. ആൾക്കൂട്ടത്തിന്റെ ഇടയിൽ കുട്ടികൾ വരിവരിയായി നീങ്ങിക്കൊണ്ടിരുന്നു.
ആരോക്കെയോ പിറുപിറുത്തു.
ആത്മഹത്യയാത്രേ....
പ്രേമം വല്ലതും ആയിരിക്കും...
എന്നാലും ഏഴാം ക്ലാസ് കാരി ആത്മഹത്യ ചെയ്യുവോ?
നല്ല തന്റേടി കൊച്ചായിരുന്നു..അതിങ്ങനെ ചെയുവോ?
കറിയാച്ചൻ മുതലാളീടെ വീട്ടിൽ മാധവി പണിയ്ക്കു പോയിട്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ആ വീട്ടിൽ അമ്മേം മോളും പോകാൻ തുടങ്ങിയപ്പോഴാ അതുങ്ങൾക്കിച്ചിരി ഭക്ഷണം കിട്ടി തുടങ്ങിയെ! ചട്ടീം കലോം എറിയലല്ലോ അയാളുടെ പണി.
അപ്പോ അയാളോ ?
മാധവിടെ രണ്ടാം കെട്ടല്ലേ അയാൾ...അയാളിനി കൊച്ചിനെ വല്ലതും..? ദുഷ്ടനായിരുന്നു.. ഗുണ്ട ! ഭാര്യയെ മടുത്തു ഇനി.. കൊച്ചിനെ വല്ലതും?
തനിച്ചായിരുന്നപ്പോൾ എപ്പോഴോ തന്റെ നേർക്ക് ബന്ധുവിന്റെ നീണ്ട കരങ്ങൾ പതിക്കുവോളം അന്ന് ചെവിയിൽ പതിഞ്ഞ വാക്കുകളുടെ അർത്ഥം മുഴുവനായും പിടികിട്ടിയിരുന്നില്ല.
മുറ്റത്തെ ഷീറ്റു വലിച്ച് കെട്ടിയ മറയ്ക്കു താഴെ വെള്ള വിരിച്ച തുണിയിൽ അവൾ കിടന്നിരുന്നു . ചിരി മറയ്ക്കാൻ കൂട്ടിപിടിച്ച ചുണ്ടിനു കുറുകെ ചോര കട്ടപിടിച്ചു കിടന്നു..
അവളുടെ തലയ്ക്കൽ എല്ലുന്തിയ ഒരു സ്ത്രീ അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്നു...കുട്ടികളായ തങ്ങളുടെയെല്ലാം മുഖത്തു ചോര വറ്റി നിശ്ശബ്ദരായി അന്യോന്യം നോക്കി നിന്നു.
കാലങ്ങൾക്കിപ്പുറവും അവളും അവൾ നീട്ടിയ ഇറച്ചി തുണ്ടും കുടയ്ക് കീഴെ ഓർമ്മകളായി വീണ്ടും വീണ്ടും ജീവൻ വെച്ചുകൊണ്ടിരുന്നു
മുനിസിപ്പൽ ഓഫീസിന്റെ മുന്നിൽ നാട്ടിയ സമരപ്പന്തലിൽ അപ്പോഴും ആരൊക്കെയോ നിരാഹാരം കിടക്കുന്നുണ്ടായിരുന്നു .
നീട്ടി വലിച്ചു കെട്ടിയ ബാനറിൽ എഴുതിയ അക്ഷരങ്ങളിൽ കണ്ണുകൾ ഉടക്കി .
Stop child abuse
മഴ പെയ്തു കൊണ്ടേയിരുന്നു. ബസ് സ്റ്റോപ്പിൽ കണ്ട വീട്ടിലേക്കുള്ള ബസ്സിൽ ചാടികയറി നിലയുറച്ചപ്പോൾ മുതുകിൽ ബാഗും തൂക്കി യൂണിഫോം ധരിച്ച കുട്ടികൾ ബസ്സിൽ ഓടിവന്നു കലപില കൂട്ടി. പൂമ്പാറ്റകളെ പോലെ ചിറകുകളുള്ള , കുഞ്ഞു പൂക്കളെ പോലെ മനോഹരമായ , അവരെ കണ്ടപ്പോൾ ഒരു ഞെട്ടലോടെ പണ്ട്‌ വെള്ള പുതച്ചു കിടന്ന അവളുടെ രൂപത്തെയും മരക്കൊമ്പിൽ തൂങ്ങിയാടിയ രണ്ട് കുരുന്നുകളുടെ ചിത്രവും മനസ്സിൽ ഓടിവന്നത് എന്തിനാണാവോ ?

By Shabana Felix

ജല്ലിക്കെട്ട് - Review

ഇപ്പോഴാണ് കാണാൻ സാധിച്ചത്..അല്ലേലും എനിക്ക് കാലത്തിന്റെയൊപ്പം ഓടാൻ ഒരിക്കലും സാധിച്ചിട്ടില്ല..പിന്നെങ്ങനെ ഈ പോത്തിന്റെ കൂടെയോടും എന്നുള്ള ചോദ്യം പ്രസക്തമാണ് .എന്നിരുന്നാലും...എന്റെ വക രണ്ടു വാക്ക്..
ജല്ലിക്കെട്ട്
അധികാരവും ശക്തിയും സമ്പത്തുമുള്ളവരാണ് ഈ ലോകത്തെ കീഴടക്കിയവരിലെ മുഖ്യമായ ഘടകങ്ങൾ എങ്കിൽ അതേ ഘടകങ്ങൾ തന്നെയാണ് ഈ ലോകത്തിന്റെ നാശത്തിനും പാത്രമായിട്ടുളത്. മൃഗങ്ങളിൽ നിന്നും മനുഷ്യനിലേയ്ക്കുള്ള പരിണാമത്തിനിടയിൽ പലതിനും രൂപമാറ്റം കൈവരിച്ചെങ്കിലും ഇന്നും രൂഢമൂലമായ ചില വാസനകൾ അവനിൽ കാലങ്ങൾക്കിപ്പുറവും പ്രകടമാണ്‌. വിവേചനബുദ്ധിയുള്ള മനുഷ്യൻ മൃഗതുല്യമായ അവന്റെ കുറവുകളെ തിരിച്ചറിഞ്‌ അതിനുമേൽ വിജയം നേടുമ്പോഴാണ് മനുഷ്യൻ എന്ന പദത്തിന് വ്യക്തമായ മാനം കൈവരുന്നത്.
ഇവിടെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന മലയാളി , ലോകത്തിലെ അനേകം ജനങ്ങളെ പ്രതിനിദാനം ചെയ്ത് ജല്ലിക്കെട്ട് എന്ന തന്റെ കൊച്ചു സിനിമയിലൂടെ മനുഷ്യനിലെ മൃഗീയതയുടെ പാരമ്യത്തെ തന്റെ അസാമാന്യ അകക്കണ്ണിലൂടെ അഭ്രപാളികളിൽ ചിത്രീകരിച്ചിരിക്കുന്നു.
കാഴ്ചകൾ പൂർണ്ണമാവുന്നത് അകമ്പടി സേവിക്കുന്ന സ്വരങ്ങളിൽ കൂടിയാണെങ്കിൽ ജല്ലിക്കെട്ടു എന്ന സിനിമയിലെ ആദ്യ രംഗം കാഴ്ചവെയ്ക്കുന്നത്
കാതടപ്പിക്കുന്ന ഉഗ്രസ്വരത്താൽ തുറക്കപ്പെടുന്ന അനേകം മിഴികളിലൂടെയാണ്. ഒരുപക്ഷേ ആ മിഴികൾ തുറക്കുന്നത്
കഥയിലെ ഉൾക്കാഴ്ചകളിലേക്കുള്ള വിളിയായി കാഴ്ചക്കാരനെ ക്ഷണിക്കുന്നതോ കഥയിൽ പരാമര്ശിച്ചിരിക്കുന്ന ഒരു ഗ്രാമത്തിന്റെ പുതിയ പ്രഭാതത്തിലേയ്ക്കുള്ള യാത്രയോ ആയിരിക്കണം . എന്തായാലും മനോഹരമായ ആ സീനിന്റെ ചുവട് പിടിച്ച് ആരംഭിക്കുന്ന ചിത്രത്തിലൂടെ സംവിധായകൻ പറഞ്ഞു വെയ്ക്കുന്ന ഈ ചിത്രം മാംസദാഹികളായ ഒരു കൂട്ടം ആളുകളുടെ അധികാരസ്ഥാപനത്തിന്റെ കഥയാണ്.
ഒരു ഗ്രാമത്തെ മുഴുവൻ മുൾമുനയിൽ നിർത്തി,
വെട്ടാൻ കൊണ്ട് വന്ന പോത്ത് കെട്ടും പൊട്ടിച്ചു ഓടുമ്പോൾ ഉണ്ടാവുന്ന സംഭവബഹുലമായ കഥകളിലൂടെ ചിത്രം സഞ്ചരിക്കുമ്പോൾ ,
സാമാന്യബുദ്ധിയിൽ ഉയരുന്ന പലവിധ ചോദ്യങ്ങൾ മാറ്റിവെച്ച് സംവിധായകൻ പറയാൻ ശ്രമിച്ച കോണിലൂടെ ചിത്രത്തെ സമീപിക്കുമ്പോൾ സിനിമ അടയാളപ്പെടുത്തുന്ന നിരവധി പുരാതനവും സമകാലീനവുമായ സാമൂഹ്യചിത്രങ്ങൾ സിനിമയിൽ ഇതൾവിരിയുന്നത് കാണാം. ഇരുളിന്റെ മറവിൽ അവൻ വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന അവൻറെ അതിമോഹങ്ങളെ കാണാം.
ഇരുൾ പശ്ചാത്തലമാക്കി ചിത്രീകരിക്കാൻ ശ്രമിച്ച ചിത്രത്തിന്റെ ക്യാമറ കണ്ണുകളുടെ മിഴിവിൽ സംവിധായകൻ കാഴ്ചക്കാരിലേയ്ക് എത്തിക്കാൻ ശ്രമിച്ച ചിത്രത്തിൽ , പ്രകൃതിയിൽ ദൃശ്യമായ , പെണ്ണ് എന്ന വർഗത്തിന് വേണ്ടിയുള്ള പോരാട്ടം ഉണ്ടാക്കുന്ന സംഭവവികസങ്ങളുടെ നിഴലാട്ടം കാണാം. മണ്ണിനും പെണ്ണിനും വേണ്ടി അനാദികാലം മുതൽ ഉള്ള പോരാട്ടങ്ങളുടെ ചരിത്രം ഇന്നും അവസാനിക്കുന്നില്ല. പോരാട്ടത്തിന്റെ ഒടുവിൽ , ശക്തിയാൽ കീഴടക്കുന്ന പുരുഷന്റെ പ്രതിനിധിയായി ഒരുവനും അവന്റെ മുന്നിൽ തോൽക്കാൻ മടിച്ച്‌ ഒടുവിൽ അവന്റെ കൈകരുത്തിൽ തോൽവി സമ്മതിച്ച് അവന് മുന്നിൽ അടിയറവ് പറയുന്ന പച്ചയായ സ്ത്രീയെയും കാണുമ്പോൾ ചില സ്ത്രീപക്ഷചിന്തകരുടെയെങ്കിലും നെറ്റി ചുളിഞ്ഞേക്കാം..
ശാസ്ത്രം പുരോഗമിച്ചിട്ടും ചിന്തകൾ വികസിച്ചിട്ടും അധീശത്വത്തിന്റെ മുഖമായി , കൂട്ടം കൂട്ടമായി അവൻ എത്തുമ്പോൾ മനുഷ്യനിൽ വർധിക്കുന്ന മൃഗീയവാസനയുടെ പാരമ്യതയെ ചിത്രീകരിച്ച്‌ വുത്യസ്തമായ ആവിഷ്കാരത്തിൽ കഥ അവസാനിക്കുമ്പോൾ
കല്ലും വടിയും ആയുധമാക്കിയ പച്ചമാംസം തിന്നുന്ന മനുഷ്യന്റെ ആദി രൂപത്തിൽ തന്നെ അവൻ നിലയുറപ്പിക്കുന്നു.
എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയുടെ ചുവട് പിടിച്ച ചിത്രത്തിൽ ആരംഭം മുതൽ ഓട്ടം പിടിക്കുന്ന പോത്തിന്റെ പിന്നാലെയുള്ള ഓട്ടത്തിൽ കാഴ്ചക്കാരനും പങ്കാളിയാവുന്നു. കച്ചവട സിനിമ കാണാൻ മോഹിച്ച ഒരു സാധാരണ സിനിമാപ്രേമിയ്ക്ക് ദഹിക്കാൻ പ്രയാസം നേരിട്ടേക്കാമെങ്കിലും സിനിമയെ ആഴത്തിൽ കാണാൻ ശ്രമിക്കുന്ന വ്യക്തിക്ക് , ലോകസിനിമാജാലകത്തിൽ നേട്ടങ്ങൾ കൊയ്ത ചിത്രത്തെ ശ്വാസം പിടിച്ചും അതിശയത്തോടെയുമല്ലാതെ കാണാൻ സാധിക്കില്ല.
ഒറ്റ വാക്കിൽ പറഞ്ഞാൽ ഗംഭീരം എന്നെ പറയാനുള്ളു..
പ്രിയപ്പെട്ട സംവിധായകാ...
ഈ മൗ യൗ വിന്റെ ചിത്രീകരണത്തിനായി ഞങ്ങളുടെ നാട്ടിൽ എത്തിയ കാറിന്റെ പിൻസീറ്റിൽ താങ്കൾ അമർന്നിരിക്കുന്നത് കണ്ടപ്പോൾ ഒരിക്കലും ചിന്തിച്ചില്ല ലോകം എഴുന്നേറ്റു നിന്ന് കൈയ്യടിച്ച ഒരു വലിയ കലാകാരൻ ആണ് മുന്നിലൂടെ കടന്നു പോകുന്നതെന്ന്. ഒരിക്കൽ കൂടി മലയാളക്കരയെ ഉന്നതിയിൽ എത്തിച്ച താങ്കൾക്ക് ഈ എളിയവളുടെ ബിഗ് സല്യൂട്ട്..

By Shabana Felix

പ്രളയകാലത്തെ പരിപ്പുകറി

Image may contain: Shabna Shabna Felix, smiling

Shabana Felix
ആരോ നീട്ടിയ പൊതിച്ചോറ്...
നിറം മങ്ങിയ പഴയ പത്രത്തിന്റെ മീതെ വാട്ടിയ വാഴയിലയിലുള്ള, ചോറിലേക്കു അയാൾ ഒരു നിമിഷം അറിയാതെ നോക്കി നിന്നു..
ആളിക്കത്തുന്ന വയർ , മുരടനക്കി തന്റെ സാന്നിധ്യം ഉടമസ്ഥനെ അറിയിക്കാൻ തുടങ്ങിയിരിക്കുന്നു.
നിവർത്തിയ പൊതിച്ചോറ് നോക്കി അടുത്തു നിന്ന പലരുടെയും മുഖം ആദ്യം ചുളിയുന്നതും പിന്നെ നിശ്ശബദമായി തല താഴ്ത്തി വിരലുകൾ ചോറിലേക്കു പൂഴ്ത്തുന്നതും കണ്ടു..
ഒരല്പം നീങ്ങി , കഴുത്തിൽ തുടലിന്റെ കനമുള്ള സ്വർണമാലയും വിരലിൽ വിവിധ നിറത്തിലുള്ള കല്ലുകൾ പതിച്ച ഭാഗ്യമോതിരങ്ങളും വെളുത്തു തുടുത്തു, തലയിൽ ഒരല്പം കഷണ്ടി കേറിയ ഒരു മനുഷ്യൻ മുന്നിലിരുന്ന പൊതിച്ചോറ് നിവർത്തി ഒരല്പം നേരം നോക്കി ഇരിക്കുന്നതും പിന്നെ, നെറ്റിയിൽ കുരിശു വരച്ചു ചുറ്റിനും നോക്കി സാവധാനം ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തു.
"ഇച്ചിരി അച്ചാറു കൂടി ഉണ്ടായിരുന്നേൽ.."
അരികിൽ നിന്ന ആരോ പതിയെ ആത്മഗതം ചെയ്യുന്നതും വീണ്ടും ചോറു വാരി വായിലേക്ക് വെക്കുകയും ചെയ്തു.
അയാളപ്പോൾ ആ പൊതിച്ചോറ് പിറന്ന അടുക്കളയിലേക്കു സഞ്ചരിക്കുകയായിരുന്നു. അവിടെ അയാൾ കാലങ്ങളുടെ കഥ പറയുന്ന കരി പിടിച്ച ചിമ്മിനിയും നിറം മങ്ങിയ ചളുക്കുകളുള്ള പഴയ അലുമിനിയം പാത്രങ്ങളും പുകക്കറ പിടിച്ച കുപ്പികളുടെ അടിയിൽ അല്പാല്പമായി അവശേഷിച്ച കറിപ്പൊടികളും കണ്ടു. ഒടുക്കം വിറകടുപ്പിൽ ഊതിയൂതി കലങ്ങിയ കണ്ണുകളും ചുളിവുകൾ വീണ മുഖമായി നിറം മങ്ങിയ സാരിയിൽ നിൽക്കുന്ന ഒരു അമ്മച്ചിയെയും കണ്ടു .
മാവേലിയുടെ നീണ്ട ക്യൂവിൽ നിന്നു കടം വാങ്ങിയ പണം കൊണ്ട് മേടിച്ച പരിപ്പും ബാക്കി സാമാനങ്ങളും അയാളുടെ മുന്നിൽ തെളിഞ്ഞു വന്നു.
ഇന്നലെ ഉച്ചക്കാണോ താൻ അവസാനമായി ഭക്ഷണം കഴിച്ചത്?
ഇന്നലെ രാവിലെ വീട്ടിൽ നിന്നും പൊതിഞ്ഞു കെട്ടിയ ചോറിനു മീൻ കറിയും കാബേജ് തോരനും വറുത്ത മീനും ഉണ്ടായിരുന്നിട്ടും കയ്യിൽ തടഞ്ഞ മുടിനാരിനെ കണ്ടു , രോഷം പൂണ്ടു ഭാര്യയുടെ അപ്പനും അമ്മക്കും തെറി വിളിച്ചു കൊണ്ട് പുറത്തു ആർത്തലച്ചു പെയ്യുന്ന മഴയിലേക്കു ചോറു വലിച്ചെറിഞ്ഞു പോരും മുന്നേ അതിൽ നിന്നും നാലുരള ചോറു താൻ വിഴുങ്ങിയിരുന്നോ?
പുറത്തു പെയ്യുന്ന മഴ പ്രളയമാണെന്ന് അറിയാൻ വൈകിയ നേരം. വൈകി കിട്ടിയ അപായസൂചനയിൽ , .പകപ്പോടെ തലങ്ങും വിലങ്ങും ജീവൻ രക്ഷിക്കാൻ ഉള്ള പരക്കം പാച്ചിലായിരുന്നു.
ഉടുത്തിരുന്ന കാക്കിയും അടിവസ്ത്രങ്ങളും മഴയിൽ കുതിർന്നു ദുഷിച്ച മണം പുറപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം ശരീരത്തിൽ നിന്നും വമിച്ച ദുർഗന്ധം മൂക്കിലേക്കു ഇടക്കിടെ തുളഞ്ഞു കേറുന്നുണ്ട്.
കഴുത്തോളം മുങ്ങിയ വെള്ളത്തിൽ ജീവൻ പണയം വെച്ച് , ജീവന് വേണ്ടി തിരച്ചിൽ തുടരുമ്പോൾ ഒരു മിന്നായം പോലെ വരുന്ന കുടുംബത്തിന്റെ ഓർമ്മക്കൊപ്പം അറിയാതെ ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥന മാത്രം
അവരെ കാത്തോളണേ ദൈവമേ !
പ്രളയം ബാക്കി വെച്ച ജീവനുകൾ , ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിൽ.. ഇവിടെ ആരും ആരെയും കുറ്റപ്പെടുത്തി കാണുന്നില്ല. എല്ലാരുടെയും മുഖത്തു സമ്മിശ്ര വികാരങ്ങൾ ആശ്വാസമായും , നിസ്സംഗതയായും ആശങ്കയായും മിന്നി മറഞ്ഞു കൊണ്ടിരുന്നു. കൊച്ചു കൊച്ചു കൂട്ടങ്ങളായി പുറത്തു പെയ്യുന്ന മഴയിലേക്കു നോക്കി , കുശുകുശുക്കുന്ന ആളുകൾ , ഉള്ളിൽ നിന്നും ഉയരുന്ന പ്രാർഥനകൾ.
ആൾകൂട്ടത്തിൽ ഇടയിൽ നിന്നും ആ പെണ്കുട്ടി തന്നെ തുറിച്ചു നോക്കുന്നു.. ഇന്നലെ ഉച്ച കഴിഞ്ഞു തുടങ്ങിയ ഡ്യൂട്ടിക്കൊടുവിൽ ഇന്നു വൈകുന്നേരം ഈ നേരത്തു ക്യാമ്പിൽ വന്നു കേറുമ്പോഴായിരുന്നു അവൾ പതിയെ അടുത്തു കൂടിയത്..
"ഞങ്ങടെ വീട് ഈ ക്യാമ്പിന്റെ അടുത്താണ് .ഒന്നു വരുമോ കൂടെ? "
ചോദ്യരൂപേണ അവളുടെ നേർക്ക് നോട്ടമെറിഞ്ഞപ്പോഴാണ് വീണ്ടും അവളുടെ മറുപടി..
"എന്റെ ഹെഡ്ഫോണ് വീട്ടിലായി പോയി..ബോറാകുന്നു ഇവിടെ..അതെടുക്കാൻ....."
കത്തിക്കാളുന്ന വയറും തളർന്ന മനസ്സും ശരീരവും നനഞ്ഞു കുതിർന്നു ദുർഗന്ധം വമിക്കുന്ന കാക്കി കുപ്പായവും കൊണ്ടു ക്യാമ്പിലേക്ക് വന്നു കേറുന്ന തന്റെ മുന്നിലേക്ക് ഇട്ടു തന്ന ആവശ്യം കേട്ടപ്പോൾ വായിൽ നിന്നും വന്ന തെറിക്കു എരിവ് കൂടി പോയെന്ന് അവളുടെ ഇപ്പോഴുള്ള നോട്ടത്തിൽ നിന്നും വ്യക്തം.
പ്രളയത്തിന്റെ ദുരിതം അധികം അനുഭവിക്കാത്ത മറ്റൊരു ന്യൂജൻ ദുരന്തം..!
കയ്യും മെയ്യും മറന്ന് പുതുതലമുറ ദുരന്തത്തിൽ കൈകോർക്കുമ്പോഴും ഇജ്ജാതി കോലങ്ങൾ എവിടെയും..
വിശന്നു കേറി വന്ന തങ്ങളുടെ മുന്നിലേക്ക് , ആരോക്കെയോ നീട്ടിയ പൊതിച്ചോറുകൾ.. കയ്യിലിരിക്കുന്ന പൊതിച്ചോറിലേക്കു വിരലുകൾ താഴ്ത്തുമ്പോൾ , അകലെ മാറി ചില സ്ത്രീകൾ , അതു നോക്കി നിർവൃതി പൂകുന്നതു കണ്ടു.
ഒരല്പം പരിപ്പുകറി മാത്രം ചോറിൽ ഇട്ടു ഒപ്പം ചാലിച്ച സ്നേഹവും പൊതിഞ്ഞു കെട്ടി, മൂന്നാലു സ്ത്രീകൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ...അവരുടെ കണ്ണിൽ അകലങ്ങളിൽ ഉള്ള അമ്മമാരുടെ മുഖം തെളിഞ്ഞു വന്നു.
ക്യാമ്പിൽ ഒരറ്റത്ത് ആളുകൾ ഉറുമ്പുകളെ പോലെ വരിവരിയാകുന്നു. ചോറിൽ തല പൂഴ്ത്തിയ തങ്ങളുടെ അടുക്കലേക്ക് ആരോ വന്നു അടക്കം പറഞ്ഞു..
"ബിരിയാണിയാ.."
അടുക്കൽ നിന്നു ചോറിൽ അച്ചാറു തിരഞ്ഞവനും ബാക്കിയുള്ളവരും കയ്യിലിരുന്ന പൊതിച്ചോറ് ചുരുട്ടി കൂട്ടി മൂലക്കു എറിയുന്നതും ചെമ്പിന്റെ അരികിലേക്ക് നീങ്ങുന്നതും കണ്ടു.
കയ്യിൽ ഇരുന്ന പൊതിച്ചോറിന്റെ മുന്നിലേക്ക് ബിരിയാണിയുടെ തുളച്ച ഗന്ധം തള്ളിക്കേറി വന്നു ആധിപത്യം സ്ഥാപിച്ചു. മുന്നിൽ ഇരുന്നു നിശബ്‌ദം ഭക്ഷണം കഴിക്കുന്ന കഷണ്ടി തലയൻ തലയുയർത്തി തന്നെ ഒന്നു നോക്കി.
"പോകുന്നില്ലേ സാർ..ബിരിയാണി വാങ്ങാൻ ? "
ഇല്ലെന്നു തലയാട്ടി കണ്ടപ്പോൾ അയാൾ ചിരിച്ചു കൊണ്ട് പൊതിച്ചോറിനെ നോക്കി പതിയെ പറഞ്ഞു..
"ഏതോ അമ്മമാരുടെ സ്നേഹമല്ലേ ഇത്?
സ്നേഹം ആരേലും വേണ്ടെന്നു വെക്കുമോ?"
തലക്കു മീതെ തെളിഞ്ഞു നിന്ന ബൾബിന്റെ വെട്ടത്തിൽ അയാളുടെ തലക്കും കഴുത്തിലെ സ്വർണമാലക്കും ഒപ്പം അയാളുടെ ചിരിയും ഒരുപോലെ മിന്നിത്തിളങ്ങി.
അന്നാദ്യമായി , തീൻമേശപ്പുറത്ത് എന്നും തള്ളി മാറ്റാറുള്ള പരിപ്പുകറിയുടെ മണവും രുചിയും കയ്യിലിരുന്ന പൊതിച്ചോറിലെ പരിപ്പുകറി ഏറ്റെടുക്കുന്നതെങ്ങിനെയെന്നു അയാളും അറിഞ്ഞു തുടങ്ങിയിരുന്നു.

പനിയിൽ ഒലിച്ച തീറ്റകൾ

Image may contain: Shabna Shabna Felix, smiling

************************
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
കത്തുന്ന വെയിലിൽ ഭൂമി ചുട്ടു പൊള്ളിയിരുന്നു.
എന്നൊന്നും പറയാൻ ഓർമ ഒട്ടും പോര.
പക്ഷെ, പൊള്ളുന്നുണ്ടായിരുന്നു ഒരു പാവം പെണ്കുട്ടിക്ക്..ഒടുക്കത്തെ പനി.
പനിച്ചു തുള്ളിയ കുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു.
കുട്ടിക്കന്ന് പതിനൊന്നു വയസ്സു പ്രായം.
കുട്ടിയെ വീട്ടിൽ ഒറ്റക്കാക്കി വീട്ടുകാർ പുട്ടടിക്കാൻ പോയിരുക്കുവാണ്.
പുട്ടാവാൻ വഴിയില്ല,; അസ്സൽ നസ്രാണി കല്യാണമാവുമ്പോൾ കുമ്പളങ്ങയിട്ട പാലൊഴിച്ച കോഴിക്കറിയും വറുത്തരച്ച പോർക്കിറച്ചിയും പോത്തിറച്ചി ഫ്രൈയ്യും നീളത്തിൽ പൂളിയിട്ട മാങ്ങ ചേർത്ത് കട്ടിപാലിൽ വെച്ചുണ്ടാക്കിയ മീൻ കറിയും ഒക്കെ കൂട്ടി അസ്സൽ ഊണാവും.
ഇനി ഇപ്പോൾ ബിരിയാണി ആവാനും മതി.ബിരിയാണി, നസ്രാണികളുടെ കല്യാണത്തിന് വിളമ്പി തുടങ്ങിയ കാലം..ബിരിയാണിയിൽ കയ്യിടുമ്പോൾ, അതിൽ ഒളിപ്പിച്ച മുട്ട.. അതു കയ്യിൽ തടയുമ്പോൾ ലോട്ടറി കിട്ടിയ സന്തോഷത്തിൽ അറിയാതെ കണ്ണു ബൾബായി തള്ളിവരും.
പാവം കുട്ടി..കുട്ടിക്ക് തിന്നാൻ യോഗമില്ല.
അല്ലേലും അത്തിമരം പൂക്കുമ്പോ കാക്കക്കു വായിൽ പുണ്ണ് വരും ലോ...
പാവം കാക്കച്ചിപെണ്ണിന് കുട്ടിയും കൂട്ടുണ്ട്..
ഇന്നാള് ഒരീസം തൃശ്ശൂരിൽ നിന്നും കൊച്ചിക്കുള്ള യാത്രക്കിടെ , തലോർ ബൈപ്പാസിൽ ആനവണ്ടി കേറി തുടങ്ങിയപ്പോ കുട്ടി കാഴ്ച്ച കാണാൻ പതിവ് പോലെ പുറത്തേക്കു കണ്ണെറിഞ്ഞു.അവിടം മുതൽ കാഴ്ചകളുടെ പൂരമാണ്.ഇഷ്ടിക കളങ്ങൾ, ഉയർന്നു നിൽക്കുന്ന ഓട് കമ്പനികളുടെ ഉയർന്നു നിൽക്കുന്ന ചൂളകൾ, ഹൈവേയ്ക് ഇരുവശവും നിറയെ വെള്ളം നിറഞ്ഞ വയലുകളിൽ പൂത്തു നിൽക്കുന്ന ആമ്പലുകൾ, ചെളിയിൽ പൂണ്ടു കിടക്കുന്ന എരുമകൾ പോത്തുകൾ, മനുഷ്യകിടാങ്ങൾ....പിന്നെ കൊച്ചിയിൽ കാത്തിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ, കായലിലെ രസികൻ ബോട്ടുയാത്ര..അങ്ങിനെയങ്ങിനെ..
പക്ഷെ, എറണാകുളം ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങിയ ഉടനെ കുട്ടി തലകറങ്ങി താഴെ വീണു.. പനി തന്നെ..പൊള്ളുന്ന പനി.
എട്ടു വയസ്സുള്ള കുട്ടിയെ ഡാഡ്‌ഡി വാരിയെടുത്തു തോളത്തിട്ടു. പടവലങ്ങ പോലെ നീണ്ടു കിടക്കുന്ന കുട്ടിയും മുരിങ്ങക്കപോലത്തെ കാലുകളുമായി കുട്ടി തോളിൽ കിടന്നു. പതിവ് യാത്രയിലെന്ന പോലെ ഹോട്ടലിലേക്ക്..
കുട്ടിക്ക് ചായയും ബണ്ണും.. പിന്നെ മേമ്പൊടിയായി രണ്ടു ഗുളികയും.അവർക്കു അസ്സൽ ചിക്കൻ ബിരിയാണി..കണ്ണിൽ ചോരയില്ലാത്ത ആങ്ങള ചെക്കൻ., ഡാഡിയും മമ്മീം.. കുട്ടീടെ മുന്നിൽ ഇരുന്നു കോഴിക്കാലു കടിച്ചു വലിച്ചു. താമര തണ്ട് പോലെ കുട്ടി അവരുടെ മുന്നിൽ വാശി പിടിക്കാൻ നാവു പൊങ്ങാതെ ടേബിളിൽ തല വെച്ചു അവരുടെ പ്ലേറ്റിൽ നോക്കി കിടന്നു.
പാവം പടവലങ്ങ...
പിന്നെ ചെന്നു കേറിയ പച്ചാളത്തെ , കൊറെയാസ് കോട്ടജ് ന്നു പറഞ്ഞു ബോർഡും തൂക്കിയ ബന്ധുവീട്ടിൽ ഒരു പ്ലേറ്റ് നിറയെ സവാള വട കുട്ടീടെ മുന്നിൽ കൊണ്ടു വന്നു വെച്ചു വീട്ടുകാരത്തി പല്ലു മുഴുവൻ പുറത്തു കാട്ടി ഇളിച്ചും കൊണ്ടു നിന്നു. ..കുട്ടി സവാള വട ആദ്യമായി കാണുവാണ്. നടുക്ക് തുളയുള്ള ഉഴുന്നുവടയുടെ അത്രേം ചേലില്ല ; കഴിച്ച ഗുളികയുടെ പവർ കൊണ്ടു പനി കുറഞ്ഞ നേരത്താണ് കുട്ടീടെ മുന്നിൽ മൊര് മൊരാന്നു ഇരിക്കണ തുളവടയിരുന്നു ചിരിച്ചത്.വടയുടെ ചിരിയിൽ കിളി പോയ കുട്ടി ചാടിയെടുത്തു വടയുടെ മൂലം നോക്കി കടിക്കാൻ നേരം ഏതോ തല മൂത്ത കിളവി ചാടി വന്നു മൊഴിഞ്ഞു..
"യ്യോ വേണ്ട..പനിയല്ലെ.."
അതോടെ വടയുടെ കടിച്ച ഭാഗം കുട്ടീടെ വായിലും അമ്പിളിമാമന്റെ ചന്ദ്രക്കല പോലെയായ വടകഷണം മറു കയ്യിലുമായി കുട്ടി കരുണക്ക് വേണ്ടി ചുറ്റിനും നോക്കി..
കണ്ണിൽ ചോരയില്ലാത്ത മനുഷ്യർ പാവം ആ കുട്ടിയുടെ മനസ്സിനെ കണ്ടില്ല..
പകരം കയ്യിലിരുന്ന വട തട്ടിയെടുത്തു ആങ്ങള ചെക്കന് കൈമാറി..
വടയെ നോക്കി എട്ടും പൊട്ടും തിരിയാത്ത എട്ടുവയസ്സായ കുട്ടി കരഞ്ഞു..
കുട്ടിയുടെ കരച്ചിലിന് മനസ്സലിയാത്ത മനുഷ്യ ഭൂതങ്ങൾ !
പകരം ഒരുറപ്പു കൊടുത്തു.പനി മാറുമ്പോൾ മേടിച്ചു തരാം ന്ന്...
പനി മാറി..വീണ്ടും തൃശൂരെത്തി.. വാക്ക്‌ പാലിക്കാൻ കുട്ടീടെ ഡാഡ്‌ഡി വടയുടെ ആകൃതിയിൽ കിടന്ന റൗണ്ടിനെ ചുറ്റിവന്നൂന്നല്ലാതെ വടയെ കണ്ടു കിട്ടിയില്ല..സവാള വട തൃശ്ശൂരിൽ അന്ന് അവതരിച്ചിട്ടില്ലായിരുന്നു.പകരം ഉഴുന്നുവടയും പഴപൊരിയും സുഖിയനും വെളിച്ചെണ്ണയപ്പവും തൃശൂരിലെ ചായക്കടകളിലെ ചില്ലുകൂട്ടിൽ സുഖിച്ചു വാണു.
വീണ്ടും അടുത്ത കൊല്ലത്തെ കൊച്ചി യാത്രയിലാണ് തുളയുള്ള സവാളവട വീണ്ടും മറ്റൊരു പ്ലേറ്റിൽ മറ്റൊരു ബന്ധുവീട്ടിൽ കുട്ടീടെ മുന്നിലെത്തിയത്..കാണാതെ പോയ വടയെ കണ്ടു കിട്ടിയപ്പോൾ കുട്ടിയുടെ കണ്ണുകൾ വികസിച്ചു , വായിലെ വെള്ളത്തിൽ കപ്പലോടി കഴിഞ്ഞപ്പോ വെള്ളം തുളുമ്പി തെറിച്ചു പുറത്തു പോകും ന്നു തോന്നിയപ്പോൾ , കുട്ടി ഉച്ചത്തിൽ കൂവി..
"ഡാഡി ദേ വട...'
കുട്ടീടെ അലർച്ച കേട്ടു ചുറ്റിനും കൂടിയവർ കമിഴ്ന്നു വീണ് ചിരിച്ചു..കുട്ടീടെ ഡാഡി കണ്ണുരുട്ടി കാട്ടി തിലകന്റെ റോളിൽ കസറി...മമ്മി വാ പൊത്താൻ ഗോഷ്ടി കാട്ടി ഇന്നസെന്റിനു പഠിച്ചു...കുട്ടിയാണേൽ ഒരൊറ്റ ചാട്ടത്തിന് വടയെടുത്തു വായിൽ കേറ്റി, കല്യാണരാമനിലെ ദിലീപിനെ അനുകരിച്ചു ഹനുമാനായി( ഒരു വാലിന്റെ കുറവുണ്ടായിരുന്നു, )എല്ലാരേം നോക്കി ഇളിച്ചു കാട്ടി നിന്നു.
അന്ന് പനി നഷ്ടമാക്കിയത് വടയെങ്കിൽ ഇന്ന് കുട്ടിക്ക് ഒരുഗ്രൻ സദ്യയാണ് നഷ്ടം.സദ്യക്ക് പോകാൻ നേരം കുട്ടീടെ ഡാഡ്‌ഡി തെര്മോമീറ്റർ കുട്ടീടെ വായിൽ തിരുകി കേറ്റി പനി നോക്കി പറഞ്ഞു..
"നൂറെ ഉള്ളു.."
കുറച്ചു കഴിഞ്ഞപ്പോ കുട്ടി വിറക്കാൻ തുടങ്ങി..കുട്ടി വീണ്ടും പനിമാപിനി വായിൽ തിരുകി.
കർത്താവേ..നൂറ്റൊന്ന്...
വീട്ടിൽ ഒരാളില്ല..
കുട്ടിക്ക് പേടിയാവാൻ തുടങ്ങി.
വീണ്ടും നോക്കി..നൂറ്റി രണ്ട്. ..
ശരീരം തളരുന്നു.വിറക്കുന്നു..
വീട്ടിൽ ആരുമില്ല..നൂറ്റി എട്ടാവുമ്പോ മരിക്കും..അങ്ങിനെ കേട്ടിട്ടുണ്ട്.
ഇനി ആകെ ആറെണ്ണം കൂടി..
ഒരിക്കൽ കൂടി നോക്കാൻ ധൈര്യമില്ല.
നൂറ്റി മൂന്ന് ആയികാണുമോ?
കുട്ടി മരണം ഉറപ്പിച്ചു. .
പുതച്ചു മൂടിയ പുതപ്പ് വലിച്ചു മാറ്റി..
രൂപകൂട്ടിൽ ഇരുന്ന ബൈബിൾ എടുത്തു..കയ്യിൽ പിടിച്ചു തുറന്നു..
വായിക്കാൻ നോക്കി..വയ്യ..കണ്ണുകൾ അടയുന്നു.
ഇപ്പോ മരിക്കും..പ്രാർത്ഥിച്ചു മരിക്കാം..
കുട്ടി കട്ടിലിൽ കേറി ഇരുന്നു.മടിയിൽ ബൈബിൾ വെച്ചു.ഈശോനെ നോക്കിയിരുന്നു .കൈകൾ കൂപ്പി പിടിച്ചു..പുതപ്പ് വലിച്ചു തലവഴി മൂടി..മതിലിൽ ചാരിയിരുന്നു..മരിച്ചു വീഴുമ്പോൾ താഴെ വീഴരുത് ലോ..
രണ്ടു വശത്തും തലയിണ തടയായി വെച്ചു.
അവർ വന്നു കേറുമ്പോ താൻ മരിച്ചു കാണുമ്പോൾ അവർ പൊട്ടികരയില്ലേ..
പിന്നെ തനിക്ക് അവരെ കാണാൻ പറ്റില്ലാലോ..
കുട്ടീടെ കണ്ണുകൾ നിറഞ്ഞു..
യ്യോ..എന്റെ കൂട്ടുകാർ..
എല്ലാരും എന്നെ കാണാൻ വരുമ്പോൾ കരയില്ലേ?
കുട്ടി കരയാൻ തുടങ്ങി..
പൊട്ടികരയാൻ തുടങ്ങി...
അപ്പോഴാണ് വാതിലും തുറന്നു ഡാഡിയും മമ്മിയും വരണത്. കയ്യും കൂപ്പി തലവഴി തുണി കൊണ്ട് മൂടി മുഖം മാത്രം പുറത്തിട്ടു ഇരിക്കണ കുട്ടീനെ കണ്ടു അവരൊന്നു ഞെട്ടി...അവരെ കണ്ടതും കുട്ടീടെ കരച്ചിൽ ഗിയർ മാറ്റി ടോപ്പ് ലെവലിൽ എത്തി .കുട്ടി അവരെ കെട്ടിപിടിച്ചു വാവിട്ടു കരഞ്ഞു..കാര്യമറിയാതെ അവരും വാ പൊളിച്ചു..കുട്ടി ഏങ്ങലടിച്ചു പറഞ്ഞ കാര്യം കേട്ടപ്പോ അവർ പൊട്ടിച്ചിരിച്ചു..
പിന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...കയ്യിലിരുന്ന ബൈബിൾ വാങ്ങി തിരികെ വെക്കുമ്പോൾ കല്ലു പോലത്തെ മനസ്സുള്ള , വികാരങ്ങൾ പുറത്തു കാട്ടാൻ അറിയാത്ത,ഡാഡിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. മരിക്കും തോന്നിയപ്പോഴും ബൈബിൾ എടുത്തു വായിക്കാൻ തോന്നിയ ആ കുഞ്ഞുമനസ്സിനെ ഓർത്തു അവരുടെ ഉള്ളിലും സന്തോഷവും വേദനയും ഒരുമിച്ചു തോന്നിക്കാണും.. കരച്ചിലും പുരിച്ചിലും എല്ലാം കഴിഞ്ഞപ്പോ വിറച്ചു കിടക്കുന്നതിന്റെ ഇടയിൽ കുട്ടി പതിയെ അനിയൻ കുട്ടിയോട് ചോദിച്ചു..
"ബിരിയാണി ആയിരുന്നോ..മുട്ട കുഴിച്ചിട്ടിരുന്നോ?"

By: 

ഇരട്ടമുഖമുള്ള നഗരം..കറാച്ചി ഒരു യാത്രാനുഭവം

--Image may contain: Shabna Shabna Felix, smiling, closeup
ബെന്യാമിന്റെ ആടുജീവിതം വായിക്കാത്ത അക്ഷരസ്നേഹികൾ മലയാളക്കരയിൽ ഇപ്പോൾ ഉണ്ടെന്നു തോന്നുന്നില്ല. ഈ ഒരൊറ്റ നോവലിലൂടെ, ഉദ്വേഗജനകമായ ആവിഷ്കരണത്തിലൂടെ , കഥാകാരൻ ജനലക്ഷങ്ങളുടെ മനസ്സിൽ ആദരണീയനായി തീർന്നു. അത്ഭുതത്തോടെയും അതിലേറെ ഇത്രയും മനോഹരമായ രചന നിർവഹിച്ച എഴുത്തുകരനോട് അടങ്ങാത്ത ബഹുമാനത്തോടും കൂടിയാണ് ഞാനാ പുസ്തകം വായിച്ചു തീർത്തത്. അതു കൊണ്ടു തന്നെയാണ് ബെന്യാമിന്റെ മറ്റൊരു പുസ്തകം കണ്ടയുടൻ ചാടിക്കയറി ഞാൻ കയ്യിലെടുത്തത്.
പുസ്തകം വായിക്കാൻ കയ്യിലെടുക്കുമ്പോൾ ഒരു പുതിയ നാടിന്റെ സ്പന്ദനമറിയുകയെന്ന ത്വര എന്നിൽ മുന്നിൽ നിന്നിരുന്നു.വെറും അഞ്ചു ദിവസത്തെ കറാച്ചി സാഹിത്യാത്സവത്തിൽ പങ്കെടുക്കാൻ പോയ അദ്ദേഹത്തിന് , ഈ ദിനങ്ങൾക്കുള്ളിൽ അറിഞ്ഞ നാടിന്റെ ഹൃദയ താളവും ഇടി മുഴക്കങ്ങളും അടക്കം പറച്ചിലുകളും എത്ര സൂക്ഷ്മമായി പകർത്തുവാൻ സാധിച്ചു എന്നോർക്കുമ്പോൾ അതിശയം തോന്നിപ്പോയി.
പാക്കിസ്ഥാൻ പോലുള്ള ഒരു രാജ്യത്തിൽ നടക്കുന്ന സാഹിത്യോൽത്സവത്തിലേക്കു പങ്കെടുക്കാൻ അന്താരാഷ്ട്ര പ്രസിദ്ധിയാര്ജിച്ച എഴുത്തുകാരും പത്രപ്രവർത്തകരും ജനങ്ങളും അടക്കം ലക്ഷങ്ങൾ ഒഴുകിയെത്തിയെന്നും , ഭീകരത നടമാടുന്ന രാഷ്ടത്തിലെ അക്ഷരസ്നേഹികൾ പോലും സുരക്ഷാഭീഷണികൾക്കു നടുവിലും ഒത്തിരി ത്യാഗവും അർപ്പണമനോഭാവവും പുലർത്തി കൊണ്ടു ഈ വിധം ഒരു സാഹിത്യസംഗമം നടത്തുന്നു എന്നു പറയുന്നതിനൊപ്പം നമ്മുടെ കൊച്ചു കേരളത്തിൽ ഇതുപോലുള്ള അന്തർദേശീയ സാഹിത്യ ചർച്ചകൾ ഉരുത്തിരിയുന്നില്ലല്ലോ എന്നും ബെന്യാമിൻ എഴുത്തിന്റെ ആരംഭത്തിൽ തന്നെ വേവലാതിപെടുന്നുണ്ട്..
പാകിസ്ഥാൻ സന്ദർശനം ഒരു സാധാരണക്കാരന് നൂറായിരം നൂലാമാലകളിൽ തട്ടി കീറാമുട്ടിയായി നിൽക്കുമ്പോഴാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിനു അവിടേക്ക് പോകാൻ ക്ഷണം ലഭിക്കുന്നതും പലരും വിലക്കിയിട്ടും ഭയപ്പെടുത്തിയിട്ടും കറാച്ചി നഗരത്തിലേക്ക് പോകാൻ അദ്ദേഹം തുനിയുന്നതും.അക്ഷരങ്ങളുടെ മഹത്തായ ശക്തി മൂലവും തന്റെ ആടുജീവിതം പല ഭാഷകളിൽ പരിഭാഷപ്പെടുത്തിയതിൽ നിന്നും അക്ഷരങ്ങൾ തനിക്കു നേടി തന്ന അന്താരാഷ്ട്ര പ്രസിദ്ധിയാണ് തന്നെ അവിടെ എത്തിച്ചത് എന്നു പറയുമ്പോൾ തൂലികയുടെ ശക്തിയെ പറ്റി അദ്ദേഹം വികാരാധീനനാകുന്നുണ്ട്..
ജിന്ന വിമാനത്താവളത്തിൽ അദ്ദേഹത്തിനു അതൊരു കുഗ്രാമത്തിലെ പ്രൈവറ്റ് വിമാനത്താവളത്തിൽ എത്തിയ പ്രതീതിയായിരുന്നു. പഴകിയ ടെർമിനൽ, മൂന്നോറോ നാനൂറോ ആളുകൾ മാത്രം.. വിനോദസഞ്ചാരത്തിനോ തീർഥാടനത്തിനോ ആരും എത്തിച്ചേരാത്ത ഒരു നഗരം...കാലത്തിനു അനുസരിച്ചു മാറ്റം വരാതെ ഇരുപതു വർഷം മുൻപുള്ള ഒരു ലോകം..
ഒരു മുസ്‌ലിം രാഷ്ട്രത്തിലേക്കു കാലെടുത്തു വെക്കുമ്പോൾ അദ്ദേഹം മനസ്സിൽ സൂക്ഷിച്ച പല ധാരണകളും കാറ്റിൽ പറത്തുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് കാണാനാകുന്നത്. കേരളത്തിൽ കണ്ടുവരുന്ന പർദ്ധവൽക്കരണം അവിടെയില്ല. നൂറിൽ രണ്ടോ മൂന്നോ പേര് മാത്രം പർദയും നൂറിൽ ഇരുപതു പേർ മാത്രം ഹിജാബും ധരിച്ചെത്തുന്നു. സ്കൂള്കുട്ടികൾ ജീൻസും ഷർട്ടും ധരിക്കുന്നു. മതചിഹ്നങ്ങളെ ആരും വലിയ കാര്യമായി എടുത്തിട്ടില്ല. "വഹാബിസത്തിനും സൗദിക്കും പണമുള്ള തിനാൽ കേരളീയ മുസ്ലീങ്ങൾ പർദ്ധയുടെ വക്താക്കളായി മാറിയിരിക്കുന്നു. ഒരു പക്ഷെ ഇറാൻ ആയിരുന്നുവെങ്കിൽ ഇറാൻ വേഷമായേനെ! " എന്നും പറഞ്ഞു കേരളീയരുടെ ആഴമില്ലാത്ത വംശീയ സ്വത്വബോധത്തെക്കുറിച്ചു ഈ അന്താരാഷ്ട്ര ഫെസ്റ്റിവലിലും പരിഹാസ്യങ്ങൾ ഉയരുന്നുണ്ട്. ( ഇതേ കുറിച്ചു പറയാൻ ഞാനാളല്ല. അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുക്കുന്നു എന്നു മാത്രം)
നഗരകാഴ്ചകളിൽ അദ്ദേഹം , ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള , പാകിസ്ഥാനോട് വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹിസ്ബുൾ മുജാഹിദിന്റെ സുപ്രീം കമാണ്ടർ സയ്യദ് സലാഹുദ്ധിൻ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു സ്വതന്ത്രമായി വിഹരിച്ചു , സംസാരിക്കുന്ന ദൃശ്യം കണ്ടു ഞെട്ടുന്നുണ്ട്.
ഹിന്ദിസിനിമ ഇഷ്ടപ്പെടുന്ന ഒരു ജനത, കണ്ടു മുട്ടിയ സാധാരക്കാരനോരോന്നും ഇന്ത്യവിഭജനത്തിൽ വേദനിച്ചു പാകിസ്ഥാൻ തിരഞ്ഞെടുത്തതിൽ വേവലാതിപെടുന്നതും , ഇന്ത്യക്കെതിരെ തീവ്രവാദം വളർത്തുന്നത്തിന്റെ ഇടയിൽ സർക്കാരുകൾ ഇന്ത്യയിൽ ലഭിക്കുന്ന വിദ്യാഭ്യാസം പാക്കിസ്ഥാനിൽ നടപ്പാക്കാൻ കഴിയാതെ പോയതിനെ പറ്റിയും പ്രത്യേകിച്ചു താഴെക്കിടയിലുള്ള കുട്ടികൾക്ക് നിഷിദ്ധമാകുന്നതിലുള്ള വേദനയും അതു മൂലം തങ്ങളുടെ കുട്ടികളും സമൂഹവും നാടും വളർച്ച പ്രാപിക്കുന്നില്ലെന്നും അവർ പരിതപിക്കുന്നു. വില കൂടിയ സ്മാർട്ഫോണ് ഇന്നും കാണാക്കനിയായതിനാൽ ഏതു സമയത്തും ഫോണും ക്യാമറയും തോക്കു ചൂണ്ടി അപഹരിക്കപ്പെടാം.. അതു കൊണ്ടു തന്നെ അവിടെ ആഢംബരകാറുകളും കാണുക വിരളം.
അതിലേറെ പാകിസ്താനിൽ മദ്യം നിരോധിച്ചിട്ടില്ല. മാസത്തിൽ നൂറു ബിയർ , അഞ്ചു ബോട്ടിൽ എന്ന ക്രമത്തിൽ അവിടെ വാങ്ങാൻ കിട്ടും.മുസ്ലിങ്ങൾ വാങ്ങാനും ഉപയോഗിക്കാനും പാടില്ല എന്ന് മാത്രം. "ഒരു മതരാഷ്ടമായ കറാച്ചിയിൽ കിട്ടും എന്നാൽ മതേതരരാജ്യത്തിൽപ്പെട്ട സ്ഥലമായ ഗുജറാത്തിൽ ഇതു കിട്ടില്ലല്ലോ "എന്നു ഇന്ത്യയിലെ പ്രമുഖപത്രപ്രവർത്തകനായ ആകാർ പട്ടേൽ പരിതപിക്കുന്നുണ്ട്. സുരക്ഷിതത്വം ഒട്ടും ഇല്ലാത്ത ആ നഗരത്തിലും അറബ് ദേശങ്ങളിലെ പോലെ രാത്രികാല സഞ്ചാരങ്ങളിൽ മുഴുവൻ പാതിരാവരെ തെരുവിൽ കഴിയുന്ന കുടുംബങ്ങളെ കണ്ടുമുട്ടുമ്പോൾ കേരളത്തിലെ ജനതക്ക് രാത്രികാലയാത്രയുടെ മാസ്മരികത നുകരാൻ ആവുന്നില്ലല്ലോ എന്നോർത്തു എഴുത്തുകാരൻ നെടുവീർപ്പിടുന്നുണ്ട്.
അതേസമയം നഗരകാഴ്ചകളിൽ യൂണിഫോം ധരിച്ച ഒരു പോലീസുകാരന്റെ നെറ്റിയിൽ തോക്കു ചൂണ്ടി നിൽക്കുന്ന ഒരു പൗരനെയും ഭാഗ്യം കൊണ്ട് അയാളുടെ കോപത്തിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ ആ പൊലീസുകാരന്റെയും ദ്രശ്യം ആ നാടിന്റെ ഭീകരമുഖത്തെ എടുത്തുകാട്ടുന്നുണ്ട്. എന്നാൽ ന്യുന പക്ഷങ്ങളായ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതിനെക്കാൾ മസ്ജിത്തുകൾക്കു നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും പാകിസ്ഥാനിൽ ആക്രമിക്കപ്പെടുന്നതിലേറെ വടക്കേ ഇന്ത്യയിൽ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമണം നേരിടുന്നുവെന്നതുമാണ് സത്യം .
സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖവ്യക്തികളുടെ ഒരു നീണ്ട നിര തന്നെ എഴുത്തുകാരൻ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ( അവരിൽ ഭൂരിഭാഗം പേരെയും എനിക്ക് കേട്ടറിവ് പോലുമില്ല എന്ന പരമാർത്ഥം ഞാൻ അറിയിക്കുന്നു. ഒരു എഴുത്തുകാരന് എല്ലാ മേഖലയിലും അവഗാഹം ഇല്ലെങ്കിലും പ്രമുഖരായ വ്യക്തികളെയും ചരിത്രവുമെങ്കിലും അറിയണം എന്നു തോന്നിപ്പോയി ഈ പുസ്തകം വായിച്ചപ്പോൾ)
നെഹ്രുവിന്റെ അനന്തിരവളും വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളുമായ നയൻതാര സൈഗാൾ, പത്മശ്രീ ജേതാവ് റിതു മേനോൻ, കോളമിസ്റ്റായ സഞ്ജയ് അയ്യർ, നിരൂപക ആർഷിയ സത്താർ , ഇംഗ്ലീഷ് ഇന്ത്യൻ എഴുത്തുകാരി രേഷ്മ കൃഷ്ണൻ എന്നിങ്ങനെ ഇന്ത്യക്കാരുടെ നീണ്ട നിരയും എക്‌സ്പ്രെസ് പത്രത്തിന്റെ എഡിറ്റർ ഒമർ ഖുറേഷി, ഓക്‌സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രെസ്സിലെ ഉദ്യോഗസ്ഥൻ ഫെലിക്സ് കാൻറെറ ,
ഉറുദു കവയിത്രി സാറ നിഗ, പാകിസ്ഥാനിലെ പ്രമുഖ തലയെടുപ്പുള്ള പത്ര പ്രവർത്തകനും കടുത്ത മതേതര നിലപാടു കാരണം താലിബാന്റെ നോട്ടപുള്ളിയുമായ നജാം സേഥി, ഇംഗ്ലീഷ് എഴുത്തുകാരനായ അലക്സ് പ്രിസ്റ്റൻ , പാകിസ്താനി ഇംഗ്ലീഷ് എഴുത്തുകാരൻ മുഹമ്മദ് ഹനീഫ് അങ്ങിനെ സ്വദേശിയരും വിദേശികളുമായ നിരവധി പേരെ പുസ്തകത്തിൽ ഉടനീളം എടുത്തുപറയുന്നുണ്ട്.
സാഹിത്യോത്സവത്തിനിടയിലും അവരുടെ സംഭാഷണങ്ങൾക്കിടയിലും ഉരുത്തിരിഞ്ഞ പുസ്തകത്തിൽ പ്രതിപാദിക്കുന്ന ചില ചോദ്യങ്ങൾ എന്നിലും അസ്വസ്ഥത ഉളവാക്കി. അതിൽ ഒന്നാമത്തേത്, പാകിസ്ഥാനിയായ വായനക്കാരൻ എഴുന്നേറ്റ് നിന്ന് നിങ്ങൾ എഴുത്തുകാർ റുഷ്ദി, മലാല, തസ്ലീമ നസ്രീൻ എന്ന ചില പേരുകൾ പറയാനിവിടെ മടിക്കുന്നത് എന്തു കൊണ്ട് എന്നു ചോദിച്ചു. ആരും അവിടെ അതിന് ഉത്തരം പറഞ്ഞില്ല..എം എഫ് ഹുസ്സൈൻ , പെരുമാൾ മുരുകൻ, ഹരീഷ് ഇവരുടെ പേരുകൾ എന്റെ മനസ്സിൽ തെളിഞ്ഞതു കൊണ്ടാവണം
അതിന്റെ ഉത്തരം ഇങ്ങു മുഖപുസ്തകത്തിൽ എഴുതുന്ന എന്റെ, കൊച്ചു അടുക്കളയിലും അലയടിക്കുന്നുണ്ട് എന്നു ഞാൻ മനസ്സിൽ ഉത്തരം പറഞ്ഞത്.
രണ്ടാമത്തെ ചോദ്യം , അവരുടെ സൗഹൃദസംഭാഷണത്തിൽ അമേരിക്കൻ കോണ്സുലേറ്റിലെ പ്രതിനിധി ബെന്യാമിനോടക്കം മറ്റു രണ്ടു പേരോടായി ചോദിക്കുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടത്തിന്റെ യഥാർഥ കാരണക്കാർ ആരെന്നാണ് ഇന്ത്യയിലെ പൊതു ജനം വിശ്വസിക്കുന്നത്? ആ ചോദ്യത്തിന് വ്യക്തിമായ ഉത്തരം കിട്ടാതെ എഴുത്തുകാരൻ കുഴയുന്നു. അനന്തസാധ്യതകൾ ഉണ്ടായിരുന്ന ഒരു പ്രദേശം ക്രൂരമായി വെട്ടിമുറിക്കപ്പെട്ടു.ഇന്ന് ഇപ്പോൾ രാഷ്ട്രീയക്കാരുടെയും മതങ്ങളുടെയും വിഘാടനവാദികളുടെയും സ്ഥാപിതതാത്പര്യത്തിനു വേണ്ടി പരസ്പരം പഴിക്കുകയും വെറുക്കുകയും പോരാടിക്കുകയും ചെയ്യുന്നു. ഇരകൾ..വെറും ഇരകൾ!
അതിന്റെ ബാക്കിപത്രം വേരുകൾ മറുരാജ്യത്തായി പോയതിന്റെ ഫലമായി പാക്.ഇന്ത്യൻ ജനത അനുഭവിക്കുന്ന നിയമപ്രശ്നങ്ങളും വളർച്ച മുരടിച്ചു പോയ ഒരു തലമുറയും അവരുടെ മാനസികവ്യഥകളുമാണ്..അതിനേക്കാൾ രസകരം രണ്ടു രാജ്യങ്ങൾക്കു വിഭജനത്തിന് കാരണമായി പ്രവർത്തിച്ച രണ്ടു പാർട്ടികൾ കേരളത്തിൽ മുന്നണിയായി നിന്നു ഭരണം പങ്കിടുന്നു എന്ന വിരോധാഭാസമാണ്. അതിനെ ബെന്യാമിൻ ഇങ്ങിനെ നിരീക്ഷിക്കുന്നു--"നമുക്ക് രാഷ്ട്രീയം ഭരണമാണ്, പാക്കിസ്ഥാനികൾക്ക് അതു മരണമായിരിക്കുന്നു."
സാഹിത്യോത്സവത്തിൽ പങ്കെടുത്ത ഡോ. സാക്കിയ സർവർ, മതേതരത്വം, സോഷ്യലിസം, എന്നീ പദങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ നിന്നും നീക്കം ചെയ്യാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും അതിനെതിരെ ഇന്ന് നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നാളെ മറ്റൊരു പാകിസ്ഥാൻ ആവാനാകും ഇന്ത്യയുടെ വിധി എന്നൊരു താക്കീത്, ശക്തമായി നൽകുന്നുണ്ട്.
അതിനിടയിൽ അദ്ദേഹത്തോട് ബഷീറിനെ നേരിട്ടു കണ്ടിട്ടുണ്ടോ എന്നു പാകിസ്ഥാൻ എഴുത്തുകാരൻ ചോദിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ഇല്ലെന്ന മറുപടിയിൽ അവർ അതിശയം കൊള്ളുകയും ബഷീറിന്റെ കൃതികൾ ഹിന്ദിയിൽ നിന്നും ഉറുദുവിലേക്കു പരിഭാഷപ്പെടുത്തി എന്നു കേട്ടപ്പോൾ നെഞ്ചത്തു കൈവെക്കുകയും ചെയ്യുന്നുണ്ട്. എങ്കിൽ ആ കൃതിയുടെ അവസ്‌ഥ എന്തായിരിക്കും എന്നും എന്നിട്ടു പോലും ആ മഹാനെ ലോകം അറിയുന്നുവെന്നും ആലോചിച്ചപ്പോൾ ബഷീർ എന്ന മഹദ് വ്യക്തിയുടെ കഴിവിന് മുന്നിൽ ശിരസ്സു നമിച്ചു പോയി എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. തകഴിയുടേം കെ ടി മുഹമ്മദിന്റെയും അല്ലാതെ പിന്നീട് ഒരു കൃതി പോലും ഉരുദുവിലേക്കു പരിഭാഷപ്പെടുത്തിയിട്ടില്ല.( എളിയ വായനക്കാർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ് എന്നു ഞാനും മനസ്സിൽ ഓർത്തുപോയി)
പാകിസ്ഥാനിൽ വ്യക്തികൾ സംസാരിക്കുമ്പോൾ ആകട്ടെ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ആകട്ടെ അവർ എത്തിനിൽക്കുന്നത് ഇന്ത്യയിലാണ്. ചിലപ്പോൾ കുറ്റമായി , അസൂയയായി, മാർഗ്ഗനിർദ്ദേശമായി, വേദനയായി ഒക്കെ അവരെ ചുറ്റി പറ്റി ഇന്ത്യ നിൽക്കുന്നു. മാതാപിതാക്കളുടെ തെറ്റായ തീരുമാനം മൂലം തങ്ങൾക്കു ഇന്ത്യയിൽ കഴിയാൻ ആവാത്തത്തിന്റെ വേദന സാധാരണക്കാരുടെയും കുടിയേറ്റക്കാരുടെ ഇടയിൽ പ്രത്യേകിച്ചും നിലനിൽക്കുന്നു.
ചന്ദ്രനിൽ പോയപ്പോൾ പോലും ചായക്കട നടത്തുന്ന മലയാളിയെ കാണാം എന്നു പറഞ്ഞു പതിഞ്ഞ തമാശ പാകിസ്ഥാനിലും സത്യമെന്നു ബെന്യാമിൻ കണ്ടെത്തുന്നുണ്ട്. ഒരു മലയാളി യെ തിരഞ്ഞു പോകുന്ന അന്വേഷണം എത്തുന്നത് ഒരു ചായക്കടയിൽ തന്നെയാണ്.
ഒരു കാലത്തു അറുപതിഅയ്യായിരത്തോളം ആയിരുന്ന മലബാറി മാപ്പിളമാരുടെ എണ്ണം ഇന്ന് ആറായിരത്തിൽ താഴെ എത്തിനിൽക്കുന്നു. പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അവൻ യാത്ര തുടരുമ്പോഴും അവനിന്നും പാകിസ്ഥാനിയല്ല. മലബ്ബാറി
യാണ്, ലോകത്തു എല്ലാ പ്രവാസികളുടെയും വിധി ഒന്നുതന്നെ!
അഞ്ചു ദിവസത്തെ സാഹിത്യസംവാദത്തിൽ പങ്കെടുത്തു മടങ്ങുമ്പോൾ സഹതാപത്തോടെ, അതിലേറെ കുറ്റവും കുറവുകളും ഏറെ നന്മയുമുള്ള ഒരുപറ്റം നിഷ്കളങ്കരായ മനുഷ്യർ എന്നെ ആ ജനതയെപ്പറ്റി ബെന്യാമിൻ വിലയിരുത്തുന്നുള്ളൂ. ഇന്ത്യ എന്നത് നഷ്ടപ്പെട്ടുപോയ ഒരു സാധ്യതയാണ് ..ഒരു അയൽവക്കക്കാരന്റെ അസൂയ മാത്രമേ അവർക്ക് നമ്മോടുള്ളു...
പുസ്തകം അടച്ചു , കണ്ണുകൾ അടച്ചു കിടന്നപ്പോൾ ബെന്യാമിൻ ഒടുവിൽ രേഖപ്പെടുത്തിയ വരികൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നു.
ഇതായിരുന്നുവോ മഹാനായ കവി മുഹമ്മദ് ഇഖ്ബാൽ സ്വപ്‍നം കണ്ട ഒരു രാജ്യം? ഇതിനായിരുന്നുവോ ജിന്ന ഇത്രയധികം പോരാട്ടങ്ങൾ നടത്തിയത്? ഇതിനായിരുന്നുവോ ഇത്രയധികം ജനങ്ങൾ തെരുവിൽ കൊല്ലപ്പെട്ടത്? പിന്നെ എവിടെയാണ് അവർക്ക് പിഴച്ചത്? ഒരു മോശം രാജ്യത്തിന്റെ ഒരു മോശം അവസ്‌ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ....

By Shabana Felix

മട്ടുപ്പാവിലെ വിപ്ളവം

Image may contain: Shabna Shabna Felix, smiling, closeup
**********************
രാവിലെ കാപ്പിയുമായി റൂമില്‍ ചെന്നപ്പോള്‍ കിടക്ക കാലി
രാവിലെ തന്നെ ഇങ്ങേർ ഇതെവിടെപ്പോയി ?അല്ലേൽ ആന കുത്തി വിളിച്ചാൽ എഴുന്നേറ്റു പോകാത്ത കക്ഷിയാണ് ..അപ്പനേയും മക്കളേയും മാറി മാറി വിളിച്ചു തലയ്ക്ക് വട്ടു പിടിക്കും ..എഴുനേറ്റാലോ തന്റെ പിറുപിറുക്കൽ കേട്ട് പറയും
"നിനക്ക് എന്നെ നേരത്തെ വിളിക്കായിരുന്നില്ലേ? "
പിന്നെ തനിക്കിട്ട്‌ രണ്ട് പിണക്കം വേറേ..
ഭർത്താവായി പോയി ..അല്ലേൽ അപ്പോള്‍ കൊടുക്കായിരുന്നു തലക്കിട്ടു ഒരു തട്ട്...
ഇനിയിപ്പോ ബാത്ത് റൂമില്‍ കേറി ഇരിപ്പുണ്ടാവുമോ?
വീട്ടില്‍ സ്വസ്ഥമായും സമാധാനമായും ഇരിക്കാന്‍ പറ്റിയ ഒരിടം അവിടം ആണെന്നാണ് പൊതുവേ പുരുഷ സംസാരം ...
ഇങ്ങേരവിടേയും ഇല്ല.
എന്റെ കർത്താവേ । ഇനി നെഞ്ച് വേദന എങ്ങാനും ?
പണിയെടുക്കാതെ വയറും വീർപ്പിച്ച് നടക്കുന്ന കുറേ എണ്ണമായി അറ്റാക്ക് വന്ന് പോകുന്നു ...ആ കൂട്ടത്തിൽ കേട്ട്യോനും മെംബെർഷിപ്പുള്ളതാണ് .തള്ളി വരുന്ന വയറു കണ്ട് കൊച്ചുകുട്ടികൾ വരെ ചോദിച്ച് തുടങ്ങി..."മാമന്റെ വയറ്റിൽ ഉണ്ണിയുണ്ടോ ?""
അത് കേട്ട് പ്ലിംഗാൻ അല്ലാണ്ട് പണിയെടുക്കാൻ ഇത് വരെ അങ്ങേരു റെഡിയല്ല.
താനും ഇടയ്ക്കിടെ പറയും ..
"എന്റെ മനുഷ്യനേ എന്തെങ്കിലും ഒന്ന് മേലനങ്ങി എന്തേലും ചെയ്തു കൂടെ ? രാവിലെ എഴുന്നേറ്റ് ഒന്ന് നടക്കാനെങ്കിലും പോയി കൂടെ ? "
അപ്പോള്‍ പറയും"" നമുക്ക് എവിടാടി സ്ഥലം ?ഉണ്ടായിരുന്നെങ്കിൽ?"
""ഉണ്ടായിരുന്നു എങ്കില്‍ നിങ്ങള്‍ ഒലത്തിയേനെ!
കർഷക(ശീ വാങ്ങിയേനേ?""
ആ സംസാരം മുഴുമിപ്പിക്കാൻ താന്‍ ഒരിക്കലും നിന്ന് കൊടുക്കാറില്ല.
അല്ലെങ്കില്‍ തന്നെ ടെറസിലെ ചെടി ഒന്നു തിരിഞ്ഞു നോക്കാത്ത ആളാണ് ..
പിന്നെയാണ് ഒരു കർഷകർ ശ്രീ...
അന്നാലും ഇതിയാനെവിടെ?
പെരയ്ക്ക് ചുറ്റും നടന്നുനോക്കി
ദേ ടെറസിലനയ്ക്കം കേൾക്കുന്നു..
""നിങ്ങള്‍ അവിടെ എന്തു എടുക്കുവാ?" ചോദിക്കാതെ പറ്റുമോ...ചോദിച്ച് പോയി
"നീ അല്ലേടീ എപ്പോഴും പറയാറ്.. ഞാന്‍ ഇതൊന്നും നോക്കുന്നില്ല എന്ന് .
ഇന്ന് മുതല്‍ നോക്കിക്കോ?
ഇതിന്റെ കാര്യം ഞാന്‍ ഏറ്റു." മോളീന്നു സ്വരം മുഴങ്ങി .
സ്റ്റെപ്പ് കയറി മേലോട്ട് ചെന്നപ്പോള്‍ അങ്ങേരു പറഞ്ഞതിൽ കാര്യമുണ്ട് ..ചെടി നന കഴിഞ്ഞു ..കുറച്ച് തക്കാളിയും വഴുതനയും പാവലും ചീരയും ഒക്കെ ഉണ്ട് ..വിഷമടിച്ചത് തിന്നണ്ടന്നു കരുതി ചെയ്യുന്നതാണ്.
ഭർത്താവും മക്കളും ഘോരഘോരം കൂട്ടത്തില്‍ ഇരുന്നു സംസാരിക്കും.
'ജൈവ കൃഷി..'
ഇതുവരെ ഏ ഹേ ....തിരിഞ്ഞു നോക്കിയില്ല....
എന്തു കുന്തം എങ്കിലും ആവട്ടെ ...തോന്നിയല്ലോ..
ഇച്ചിരി ആശ്വാസത്തോടെ ഇറങ്ങി പോന്നു.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ചെടി നനയുടെ പിന്നിലെ രഹസ്യം കണ്ടു പിടിച്ചു .
തൊട്ടടുത്ത് പുതിയ താമസക്കാർ വന്നിരിക്കുന്നു ...അവിടുത്തെ വീട്ടുകാരി കാണാന്‍ സുന്ദരിയാണ് .
അമ്പട കേമാ...!
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം .
ഇൻഹരിഹർ നഗറിലെ ജിംനേഷ്യം പ്രാക്ടീസ് ഒന്നു മാറ്റിപ്പിടിച്ചതാണ്...ചെടി നനയുടെ രൂപത്തിൽ..
എന്തെങ്കിലും ആവട്ടെ..
ചെമ്മീന്‍ ചാടിയാൽ എവിടെ വരെ ?
ഇങ്ങോട്ട് തന്നെ പോരും..
ഇനി ധൈര്യം ആയി എങ്ങോട്ടെങ്കിലും പോകാലോ?നനയ്ക്കാൻ ആളായല്ലോ?
വൈകുന്നേരം പതിയെ കാര്യം അവതരിപ്പിച്ചു ...
""ഞാന്‍ വീട്ടില്‍ പോയി വരട്ടെ ?""
ആ കാര്യം ചോദിച്ചാല്‍ മാത്രം പതിവില്ലാതെ ഗൌരവം കേറും..
ഇത്തവണയും മാറ്റം ഒന്നു ഉണ്ടായില്ല...
ഈ ഭാവം വെറും അഭിനയം ആണെന്ന് പാവം ഭാര്യമാർ അറിയുന്നില്ലല്ലോ?
ഭാര്യ വീട്ടില്‍ നിന്നിറങ്ങിയാൽ ഉടന്‍ വീട് ബാറാവും
"എന്തെങ്കിലും ഒക്കെ കാട്ടി കൂട്ട്"...അതും പറഞ്ഞ് ഇറങ്ങി പോന്നെങ്കിലും മനസ്സില്‍ മുഴുവന്‍ വീട്ടിലെ ചിന്തകള്‍ ആയിരുന്നു ..
അവര്‍ എന്തു ചെയ്യുന്നുണ്ടാവും? സമയത്ത് എഴുന്നേറ്റു കാണുമോ? പലതവണ വീട്ടിലേക്കു ഫോണിൽ കുത്തും...
"എണീറ്റോ ഇച്ചായ...? ചോറു വെച്ചോ ഇച്ചായ?കറി വെച്ചോ ഇച്ചായ.? "
പിന്നത്തെ ഇച്ചായാൻ വിളിയിൽ ഫോണിന്റെ അങ്ങേത്തലയിൽ നിന്നും ഒരു തെറിവിളിയോ ആട്ടോ പ്രതീക്ഷിക്കാം..
അതോടെ വയർ നിറയുന്ന താൻ നന്നാവുമോ..ഇച്ചായൻ നന്നാവുമോ..രണ്ടും പതിവില്ല.
മൂന്നു ദിവസം ഒരു കണക്കിന് സ്വന്തം വീട്ടില്‍ നിന്നു..
ഫോണ്‍ എടുത്ത് രണ്ട് മൂന്ന് തവണ വീട്ടില്‍ വിളിച്ചു ..അങ്ങേ തലയ്ക്കിൽ നിന്ന് പതിവ് ആട്ടും തെറിയും പിന്നാലെ മറുപടിയും കിട്ടി ..
""ഒന്നുകില്‍ നീ അവിടെ നിന്ന് അവിടുത്തെ കാര്യം തിരക്ക് ..അല്ലേൽ ഇങ്ങോട്ട് വാ...""
ഇറങ്ങി പോരാൻ നേരം നൂറ് കൂട്ടം പണി ഏൽപിച്ചാ പോന്നത്....എന്തു കാണിച്ച് കാണുമോ ആവോ?
തിരിച്ച് വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ വീട്ടിൽ ഒരു ശ്മശാന മൂകത...
കേറി ചെല്ലുന്ന മുറി തൊട്ടു അടുക്കളയുടെ പാതകം വരെ സാധനങ്ങൾ വലിച്ചു വാരി ഇടുകയാണ് പതിവ്.അതു കാണുന്ന തന്നിൽ , എന്നും ഭദ്രകാളി ഉറഞ്ഞു തുള്ളുകയും ഭരണി പാട്ടിന്റെ ചെറിയ വേർഷനുകൾ നാവിൽ നിന്നും നിർഗമിക്കുകയും പതിവാണ് . എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി,
എല്ലാം വലിച്ചു വാരി ഇടുന്നതിന് പകരം ഒതുക്കി പെറുക്കി വച്ചിട്ടുണ്ട് ..എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്..
എന്നാലും സിഐഡി കണ്ണുകൾ എല്ലായിടവും പരതി. ബെഡ്റൂമിൽ പോലും...ഇനി രണ്ടു ദിവസം കൊണ്ട് ചെമമീൻ ചാടി അപ്പുറത്തെ ടെറസ്സിൽ എങ്ങാനും.?
ച്ചെ ഛേ!
അങ്ങിനൊന്നും ചിന്തിക്കാൻ സമയം ആയില്ലെങ്കിൽ കൂടിയും...ചക്കരക്കുടം കണ്ടാൽ...
പട്ടിയുടെ വാൽ പിന്നെയും..?
തെളിവൊന്നും കിട്ടാതെ പകലിറങ്ങി പോയ നേരത്തു ടെറസിൽ കയറി ചെടി നനക്കാൻ..
ഒന്നേ നോക്കിയുള്ളൂ..
എല്ലാം വാടി കരിഞ്ഞു നിൽ്ക്കുന്നു..
"എന്റെ ചെടിയേ"...നെഞ്ചത്തടിച്ചു വിളിച്ചു പോയി
അപ്പുറത്തെ ടെറസിൽ നിന്നു സുന്ദരികോത ഭംഗിയായി ചിരിച്ചു തുണി മടക്കുന്നത് കണ്ടപ്പോൾ ഉള്ളിലെ കലി ഒരു നൂറു മടങ്ങു കൂടി.
അവളുടെ ഒടുക്കത്തെ ഒരു ചിരി!
തന്റെ നിലവിളി കേട്ട് ഓടികിതച്ചു എത്തിയ മോൻ ചെവിയില്‍ രഹസ്യമായി പറഞ്ഞു ..
"അപ്പച്ചന്‍ ചെടിയ്ക്കു വളം ഇട്ടതാ..
ചാണകവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേര്‍ത്ത് വച്ചിരുന്നത് വെള്ളം ചേർക്കാതെ അങ്ങ് തട്ടി "
പെട്ടെന്ന് വളരാൻ പെട്ടെന്ന് ചെയ്ത പണി ..ഇത്ര പെട്ടെന്ന് പണി തരുമെന്നു വിചാരിച്ചില്ല..
അന്നാലും എന്റെ ഇച്ചായാ...
ഇനി എന്തോരം വെള്ളം നനച്ചാലും ഇത് നേരെയാവുമൊ? മനസ്സില്‍ പറഞ്ഞു പോയി
വൈകീട്ട് ജോലി കഴിഞ്ഞു എത്തിയപ്പോള്‍ പൂച്ചയെ പോലെ പമ്മി വന്ന ഇച്ചായനു വെള്ളിമൂങ്ങയിലെ ബിജുമേനോന്റെ തനി ഛായ....തന്നെ കണ്ടതും വളിച്ച ഒരു ഇളി.
അങ്ങേരുടെ മുഖത്തെ ഭാവം കണ്ടപ്പോ പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല ...പാവം..
പതിവ് പോലെ വീട്ടില്‍ പോയി വന്നാല്‍ ഉള്ള ചാടി കയറ്റമില്ല
ഇത് പോലെ പൂച്ചകുഞ്ഞുങ്ങളോ ആണുങ്ങൾ...!
പിറ്റേന്ന് രാവിലെ പതിവ് പോലെ കാപ്പിയുമായി മുറിയില്‍ ചെന്നു
"എന്തേ ചെടി നനയ്ക്കുന്നില്ലേ..."
കേട്ട പാതി അങ്ങേരു പുതപ്പ് വലിച്ചു തലവഴി മൂടി കമിഴ്ന്നു ഒരൊറ്റ കിടപ്പ്....
അതു കണ്ടയുടെ ശാന്തമായി നിന്ന എന്നിൽ
കലി പിടഞ്ഞു കേറി വീണ്ടും ചോദിച്ചു പോയി..
"അപ്പോ ഇച്ചായ കര്ഷകശ്രീ..?"
പുതപ്പിന്റെ അടിയിൽ നിന്നും , ഇന്ന് വരെ മലയാളഭാഷാനിഘണ്ടുവിൽ ഇല്ലാത്ത പദപ്രയോഗങ്ങൾ ആരോഹണ അവരോഹണ ക്രമത്തിൽ മറുപടിയായി ഉയർന്നുവന്നത് കേട്ടപ്പോൾ , പ്രഭാതഭേരി കേട്ടു എന്റെ ഒരു ദിനം ധന്യമായതിന്റെ കലിപ്പിൽ , ഇതിന്റെ ബാക്കി പൂതനരൂപം പൂണ്ടു രാത്രി തീർക്കാം എന്നുള്ള ശപഥം ചെയ്തു ആ മുറിയിൽ നിന്നും ഇറങ്ങി പോരും മുന്നേ , കയ്യിൽ ഇരുന്ന കാപ്പി പുതപ്പിനു മീതെ ഒഴിച്ചു ഒരോട്ടം...
പിന്നെ അവിടെ നടന്നത്...
കേരളം ഇന്ന് വരെ കാണാത്ത റാപ്പിഡ് ആക്ഷൻ ഫോഴ്സ്....
നിങ്ങൾക്ക് ഊഹിക്കാം...
തകിട തികിട തൈ.....
ശുഭം.

അവൾ..

Image may contain: Shabna Shabna Felix, smiling, closeup


ജനിച്ചപ്പോൾ എനിക്ക് നാവുണ്ടായിരുന്നു
അജ്ഞാതമായ ഏതോ കൈകളിൽ ഞാൻ ഭദ്രമാണെന്നറിഞ്ഞിട്ടും
അമ്മയിൽ നിന്നും വേർപിരിഞ്ഞ അമർഷം രേഖപ്പെടുത്താൻ വാവിട്ടു ഞാൻ കരഞ്ഞു.
അമ്മയുടെ മാറോടു ചേർന്നു കിടക്കുമ്പോൾ വയറിന്റെ വിളി വന്നപ്പോഴും ശരീരത്തിന്റെ അസ്വസ്ഥതയെന്നെ പുൽകിയപ്പോഴും കരച്ചിലിലൂടെ ഞാനെന്റെ ആവശ്യങ്ങളറിയിച്ചു.
പള്ളിക്കൂടത്തിന്റെ പടിവാതിൽക്കൽ അച്ഛന്റെ കയ്യും പിടിച്ചു നടന്നു ചെല്ലുംവരെയും കരച്ചിലായിരുന്നു എന്റെ ആയുധം..
പിന്നെ, ചൂരൽ കഷായത്തിന്റെ രുചി അറിയുന്തോറും എന്നിലെ വാശി, എന്റെ മോഹങ്ങൾ, എന്നെ കൈവിട്ടുപോവുകയോ അമർച്ച ചെയ്യപ്പെടുകയോ ഉണ്ടായി.
അധ്യാപകരുടെ തറപ്പിച്ച നോട്ടത്തിന്റെയും കയ്യിലെ നീളൻ ചൂരൽ വടിയുടെയും മുന്നിൽ, സംശയങ്ങളുടെ നീളൻ ചൂണ്ടു പലകകൾ , എഴുനേറ്റു നിന്നു ചോദിക്കാൻ ഭയന്ന്, പേടിച്ചു വിറച്ച്, ഇടം കൈ കെട്ടി , ചുണ്ടിൽ വലതു ചൂണ്ടു വിരൽ വെച്ചു അവർ പറഞ്ഞതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി , അനുസരണയുള്ള വിദ്യാർത്ഥിയായി ഞാനിരുന്നു.
മുറ്റത്തെ മാവിലെ പഴുത്ത മാമ്പഴം കണ്ടു കൊതി മൂത്തപ്പോൾ, ആങ്ങള ചെക്കന്റെയൊപ്പം മാവിലേക്കു പിടച്ചു കേറും നേരം..പാവാട പൊക്കി തുടയിൽ പതിച്ച വടിയുടെ പാടുകൾ , പെണ്ണായ്ക കൊണ്ട്, ജീവിതത്തിൽ ഇനി ഒന്നും കണ്ടു മോഹിച്ചു എടുത്തു ചാടരുതെന്നെന്നെ പഠിപ്പിച്ചു.
അരുതുകളുടെ ഘോഷയാത്ര തുടർന്നപ്പോൾ എന്റെ കാലുകൾ, മഴക്കും മഴവില്ലിനുമൊപ്പം നൃത്തം വെക്കാൻ മറന്നു. ഉച്ചത്തിൽ കൂവുന്ന കുയിലിനോടൊപ്പം പാടാൻ കൊതിച്ച നാവുകൾ അണ്ണാക്കിൽ ഒട്ടിപ്പോയി.
ഇടക്കെപ്പോഴോ, ബന്ധുവായൊരുത്തനോ അച്ഛന്റെ പ്രായമുള്ളൊരുത്തനോ എന്റെ ശരീരത്തിലെവിടെയൊക്കെയോ തഴുകി നിർവൃതി അടയുന്നത് ശ്വാസമടക്കിപ്പിടിച്ചു ഞാനറിഞ്ഞു.
കരയാനോ പ്രതികരിക്കാനോ എന്റെ നാവുകൾക്കും ശരീരത്തിനും ചലന ശക്തി കാലങ്ങൾക്കകം നഷ്ടപ്പെട്ടു പോയിരുന്നു.
പിന്നെ ചില്ലു കൂട്ടിലെ ചലിക്കുന്ന ശില്പമായി, കീ കൊടുത്താൽ ആടുന്ന പാവയായി മാറാൻ , നീട്ടി പിടിച്ച ചായക്കോപ്പകളുമായി പലർക്കു മുന്നിൽ ഞാൻ നിന്നു.
സൃഷ്ടികർമ്മത്തിൽ പങ്കാളിയായി കാലം കഴിച്ചപ്പോൾ , ഇടക്കെപ്പോഴോ കണ്ണുകൾ തുറന്നു ചുറ്റിനും നോക്കിയ നേരം കണ്ണിലുടക്കിയ ദുഷിച്ച കാഴ്ചകൾ കണ്ട് , നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തെ അറിഞ്ഞു , അണ്ണാക്കിൽ ഒട്ടി പിടിച്ച നാവുകൾ വിടുവിച്ചു വീണ്ടും ഒന്നു അലറാൻ ശ്രമിക്കും നേരം നീണ്ടു വന്ന പരിചിതമായ ചൂണ്ടു വിരലുകൾ എന്നെ നോക്കി കണ്ണുകളുരുട്ടി മുരണ്ടു...
ആ വിരലുകളെ എതിർക്കാൻ ത്രാണിയില്ലാതെ..
തല താഴ്ത്തി, വിടർത്തിയ പത്തി ചുരുട്ടി ഇനി ഞാൻ വീണ്ടും മാളത്തിലേക്ക്...
തലക്കു മീതെ ഉയർന്നു വരുന്ന മഴവെള്ളത്തിൽ ,
ബാക്കി നിൽക്കുന്ന ജീവശ്വാസം എന്നെ വിട്ടുപോകുമ്പോൾ എന്റെ കല്ലറക്കു മീതെ നിങ്ങൾ എഴുതണം...
ജനനം: അബദ്ധം
മരണം: സുനിശ്ചിതം
പേര്: ......പേര്?.... അവൾക്കില്ലായിരുന്നു.

By ShabanaFelix

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo