Showing posts with label PrincySanker. Show all posts
Showing posts with label PrincySanker. Show all posts

ആട് ഒരു ഭീകര ജീവിയാണ്


ആട് ഒരു ഭീകര ജീവിയാണ്
ആട് സത്യത്തിൽ ഒരു ഭീകര ജീവിയാണോ എന്റെ അഭിപ്രായത്തിൽ ആട് ഒരു ഭീകര ജീവി തന്നെയാണ്. അങ്ങനെ ഞാൻ തറപ്പിച്ചു പറയാൻ കാരണവുമുണ്ട്. എന്റെ ഒരു ഭീകരനുഭവം. അതായത് ഈ അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലോ പണ്ടാരാണ്ടു പറഞ്ഞിട്ടുള്ളത്. ആരാണെന്നു ചോദിക്കരുത്.
എന്റെ കുട്ടിക്കാലത്തു ഞങ്ങളുടെ വീട്ടിലേക്കു ഒരുളുപ്പിമില്ലാതെ കയറി വന്ന് എനിക്കിട്ടു പണി തന്നു പോയ ഒരു ആടാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. പണി വാങ്ങുക കൊടുക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ എന്റെ പ്രധാന പണി. ആ എനിക്കിട്ടു ഒന്നൊന്നര പണി തന്നിട്ടാണ് ആ കോമളാംഗി ഞങ്ങളുടെ വീട്ടിലെ പൊറുതി അവസാനിപ്പിച്ച് പടിയിറങ്ങിയത്..
അപ്പോപ്പറഞ്ഞു വന്നത് മറ്റൊന്നുമല്ല. എനിക്ക് ഒരു ആട്ടിന്കുട്ടിയെക്കിട്ടിയാൽ കൊള്ളാമെന്നൊരു മോഹം. ആട്ടിന്പാല് കുട്ടികൾക്ക് വളരെ നല്ലതാണെന്നു അമ്മയുടെ സാക്ഷ്യപ്പെടുത്തലും കൂടിയായപ്പോൾ അച്ഛൻ സമ്മതം മൂളി. അച്ഛന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാളുടെ പരിചയത്തിൽ ഒരു ആടിനെ തരപ്പെടുത്തി. ഒരു ചായക്കടയിൽ ആണ് കക്ഷി ഇപ്പോൾ താമസം. തറവാട്ടുമഹിമയും കുലീനത്വമുള്ള ആടാണെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അങ്ങനെ അവളെത്തന്നെ വീട്ടിലേക്കു കൊണ്ടുവരാൻ തീരുമാനിച്ചു.
അങ്ങനെ ആ സുദിനം വന്നെത്തി.അച്ഛന്റെ സുഹൃത്താണ് ഒരു ഓട്ടോയിൽ അവളെ കൊണ്ടുവന്നത്. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി.അവൾക്കു വേണ്ടി പ്ലാവിലയും കഞ്ഞിവെള്ളവും ഒരുക്കപ്പെട്ടു. മുൻപിൽ കൊണ്ട് വച്ച കഞ്ഞിവെള്ളക്കലം പുച്ഛത്തോടെ അവളൊന്നു നോക്കി പിന്നെ മടമാടാന് കുടിച്ചു തീർത്തു. പ്ലാവിലകളെ അവൾ തീരെ ഗൗനിച്ചതേയില്ല എന്നാൽ വീട്ടിൽ ബാക്കി വരുന്ന അപ്പവും പുട്ടുമെല്ലാം പാത്രത്തിൽ ഇടേണ്ട താമസം അവയെല്ലാം അവൾ അകത്താക്കും. പഴത്തൊലിയൊന്നും അവൾ തിന്നില്ല പഴം വേണം പോലും! നനഞ്ഞ പ്ലാവില തുടച്ചു വൃത്തിയാക്കിക്കൊടുതാലേ കഴിക്കൂ. എന്താ കഥ!
ദിവസങ്ങൾ കഴിയുന്തോറും അവൾ ഞങ്ങൾക്കൊരു തലവേദനയായിത്തീർന്നു. രാവിലെ കിട്ടുന്ന കുറച്ചു പാലും എന്റെ ചേട്ടൻ അവളുടെ ശബ്ദം അനുകരിക്കാനും പഠിച്ചു എന്നതൊഴിച്ചാൽ വേറെ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കെ ഒരു സുദിനത്തിൽ എനിക്ക് നമ്മുടെ കോമളാംഗിയോട്
ഒരു സ്നേഹം തോന്നി. ഒന്നുമില്ലെങ്കിലും അവളുടെ പാൽ ഞാൻ മടമടാന്ന് കുടിക്കുന്നതല്ലേ. അങ്ങനെ പറമ്പിലെ ഒരു കുറ്റിയിൽ ബന്ധിതയാക്കപ്പെട്ട അവളുടെ അരികിലേക്ക് ഞാൻ ചെന്നു. അവൾ എന്നെയൊന്നു അടിമുടി നോക്കി.' എന്താ വിശേഷിച്ചു? ' എന്ന് ചോദിക്കുംപോലെ. സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ഞാൻ തലോടി. അവൾ എന്നെ വീണ്ടും നോക്കി. ' പാവം നിന്നെയാണോ ഞാൻ ഇത്രയും കാലം അകറ്റി നിർത്തിയത്. നിനക്കെന്നോട് ഇത്രക്കും സ്നേഹമായിരുന്നോ ?അറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല.' അവളുടെ നെറ്റിയിൽ തലോടി നെടുമുടി വേണുവിന്റെ ഡയലോഗും കാച്ചി ഞാൻ ചേർന്ന് നിന്നു. അവൾ കുടിച്ചു വറ്റിച്ച കഞ്ഞിവെള്ളക്കലം മോഹൻലാൽ സ്റ്റൈലിൽ അങ്ങനെ കുനിഞ്ഞെടുക്കുമ്പോഴാണ് പെട്ടെന്ന് അത് സംഭവിച്ചത്! സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. പാത്രമെടുക്കാനായി കുനിഞ്ഞ ഞാൻ മണ്ണിലങ്ങനെ ആകാശവും നോക്കി പട്ടാപ്പകൽ നക്ഷത്രവുമെണ്ണി അങ്ങനെ കിടക്കുവാണ്.പട്ടാപ്പകൽ എവിടെയാണീ നക്ഷത്രം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. ആടിന്റെ കൊമ്പുകൊണ്ട് നെറുകൻതലയിൽ കുത്തു കൊണ്ടാൽ പട്ടാപ്പകൽ നക്ഷത്രങ്ങളെ മാത്രമല്ല പൂർണ ചന്ദ്രനെ വരെ കാണാം! എന്റെ ആ കിടപ്പു കാണാൻ അമ്മയും ചേട്ടനും സന്നിഹിതരായിരുന്നു. എന്നെയെടുത് 'അമ്മ എന്റെ തലയിലൊന്നു വിരലോടിച്ചു. നെല്ലിക്ക വലുപ്പത്തിൽ മുഴച്ചിരിക്കുന്നു! അമ്മയുടെ തോളിലിരുന്നുകൊണ്ടു ഞാൻ രൂക്ഷമായി നോക്കുമ്പോഴും ഒന്നും സംഭവിക്കാത്ത മട്ടിൽ നിൽക്കുകയായിരുന്നു കഥാനായിക.
വൈകിട്ട് അച്ഛൻ വന്നെത്തിയതും വലിയ വായിൽ കരഞ്ഞുകൊണ്ട് എന്റെ തലയിലെ പരിക്ക കാണിച്ചുകൊടുത്തു.ഉടനടി കഥാനായികയുടെ കാര്യത്തിലൊരു തീരുമാനമായി.പിറ്റേദിവസം വീടിനു മുന്നിലൊരു ഓട്ടോ വന്നു നിന്നു.അതില്കയറി അവൾ ഒരു ഭാവഭേദവുമില്ലാതെ യാത്രയായി. അവൾക്കിതൊക്കെ എന്ത്? ഇവിടെയല്ലേൽ പുട്ടു കിട്ടുന്ന മറ്റൊരിടം! അവളുടെ പോക്കും നോക്കി തലയിലുദിച്ച മുഴയും തിരുമ്മി ഞാനങ്ങനെ നിന്നു. സംഗതി ശുഭം!

princy

പൂതനാ മോക്ഷം

Image may contain: 1 person, sunglasses, outdoor and closeup

കൊഞ്ചുന്ന കിങ്ങിണിമെല്ലെയി്ളകീട്ടു
കാൽവിരുലുണ്ണുന്നുകാർവര്ണണ്ണനും
ഉണ്ണിതന്നരികിലായ്പ്പാലമൃതൂട്ടുവാൻ 
വന്നണയുന്നിതാ പൂതനയും
രാക്ഷസിയാണവൾ മായാമനോഹരി
ഗോപാംഗനതന്റെ വേഷം പൂണ്ടു
തൻവിഷലിപ്തമാംഅമ്മിഞ്ഞയേകുവാ
നുണ്ണിതന്നരികിലായ് വന്നണഞ്ഞു
ഉണ്ണിവായൊന്നിതാ മെല്ലെത്തുറന്നിട്ടു
കൊഞ്ചിക്കുഴയുന്നു ഗോപാലനും
ആരെയുംമോഹിതനാക്കുമാക്കണ്ണനോ
പൂതനതൻ നേർക്ക് കൈകൾ നീട്ടി
തൻ നേർക്ക് നീളുന്നതൃക്കൈകൾ മെല്ലവേ
തൊട്ടവളെന്നേരം വാത്സല്യമായ്
നീറിയൊ നെഞ്ചകം നിറഞ്ഞുവോ കണ്ണുകൾ
അവളുമറിയുന്നു മാതൃത്വവും
എന്തുചെയ്തീടുമെന്നുണ്ണിഗോപാലാ നിൻ
ചെഞ്ചുണ്ടിലെങ്ങനെ പാൽ ചുരത്തും
എൻവിഷലിപ്തമാംഅമ്മിഞ്ഞ
യെന്നുണ്ണിക്കുണ്ണുവാൻനൽകുവതെങ്ങനെ ഞാൻ
രാക്ഷസിയാകിലുംഎന്നോമലുണ്ണി
ഞാനുംനിന്ക്കിന്നമ്മയല്ലേ
സ്വീകരിച്ചാലുമിന്നീയിവളുടെപ്രാണനു മമ്മിഞ്ഞപ്പാലോടൊപ്പം
മെല്ലെനുണഞ്ഞു നീ പാലമൃതുണ്ടിട്ടു
മോക്ഷമേകീടുക പത്മനാഭാ
നിൻപാദാരപ്ദമദളങ്ങളിൽ വീഴാൻ
കഴിഞ്ഞതെൻ ജന്മപുണ്യം
ഈവണ്ണമോതിയാ പൂതന മെല്ലവേ
കണ്ണനെ മാറോടു ചേർത്തീടുന്നു
പുഞ്ചിരി തൂകിടും കണ്ണനുമന്നേരം
മോക്ഷവുമേകുന്നു പൂതനയ്ക്കും

by: 

പൊക്കമില്ലായ്മയാണെന്റെ പൊക്കം


പൊക്കമില്ലായ്മയാണെന്റെ പൊക്കം
നമ്മുടെ കുഞ്ഞുണ്ണി മാഷിനെ അറിയില്ലേ .മാഷിനെ
എനികക്ക് വളരെ ഇഷ്ട്ടമാണ്. മാഷിന്റെ കവിതകൾക്ക് പുറമെ മറ്റൊരു കാരണം കൂടിയുണ്ട് കേട്ടോ. കുഞ്ഞുണ്ണി മാഷു എന്നെപ്പോലെയാ പൊക്കമില്ല.പക്ഷെ ആ അഹങ്കാരംഗമൊന്നും ഞങ്ങൾക്ക് രണ്ടു പേർക്കുമില്ലാട്ടോ.
ചെറുപ്പം മുതലേ പൊക്കമില്ലായ്മയുടെ ഗുണങ്ങൾ ഒട്ടേറെ കിട്ടിയിട്ടുള്ള ഭാഗ്യവതികളിൽ ഒരാളാണ് ഈയുള്ളവളും. അച്ഛന് ഉയരം കുറവായിരുന്നതിനാൽ ആ സൽപ്പേര് നില നിർത്താനാണ് അടിയൻ പരിശ്രമിക്കുന്നതെന്ന് അഭിമാനപൂർവം പറയുമ്പോഴും ഒളികണ്ണിട്ടു അച്ഛനെ നോക്കിക്കൊണ്ട് മനസിലോർത്തു .'എന്നാലും അച്ഛാ എന്നോടീ ചതി..' ഹാ പോട്ടെ അപ്പൊ പറഞ്ഞു വന്നത് പൊക്കക്കുറവിന്റെ ഗുണങ്ങളെക്കുറിച്ചാണ്.
സ്കൂളിൽ പഠിക്കുമ്പോൾ അവിടെ അനുവർത്തിച്ചു വരുന്ന ഒരു സമ്പ്രദായമാണ് ബെഞ്ച് മാറ്റം. നിശ്ചിത ഇടവേളകളിൽമുന്നോട്ടും പിന്നോട്ടുമുള്ളൊരു ചാടിക്കളി !അത്ര തന്നെ. എന്തായാലും ആ കലാപരിപാടി നമുക്ക ബാധകമല്ല. നമുക്കെന്നു വച്ചാൽ പൊക്കമില്ലാത്തവർക്കു. കിട്ടിയില്ലേ അവിടെയൊരു വിഐപി പരിഗണന.
ഒന്നാം ക്ലാസ്സിൽ ഇട്ട ഉടുപ്പ് കീറിയില്ലെങ്കിൽ ഒരു അഞ്ചാം ക്ലാസ് വരെ ഉപയോഗിക്കാം! സംഗതി ലാഭമല്ലേ. (പക്ഷെ വണ്ണം വച്ചാൽ ഇക്കാര്യം മറന്നേക്കു). അസംബ്ലിയിൽ മുന്നിൽത്തന്നെ അത് നിര്ബന്ധമാ.മുൻ നിര വിട്ടൊരു കളിയില്ല. ചില സ്ഥലങ്ങളിൽ വേറെയും ഇളവുകളുണ്ട് . അത് വഴിയേ പറയാം.
പക്ഷെ ചില അപൂർവ നിമിഷങ്ങളിൽ ., ഉദാഹരണത്തിന് വിവാഹാലോചന മുതലായ പ്രക്രിയകളിൽ അതൊരു കുറവായി കാണുന്ന ഒരു പ്രത്യേക വിഭാഗമുണ്ട് അവരാണ് ' കല്യാണ ബ്രോക്കർമാർ' അവർ നമ്മളെ അടിമുടി നോക്കികൊണ്ട്‌ അവസാനമൊരു ചോദ്യമുണ്ട്. 'പൊക്കം കുറവാണല്ലേ? അഞ്ചടിയുണ്ടോ?' പക്ഷെ ഇതുകൊണ്ടൊന്നും നമ്മളെ തോൽപ്പിക്കാനാവില്ല മക്കളേ എന്ന മട്ടിൽ അയാളെ പുച്ഛിച്ചൊരു നോട്ടവും പാസ്സാക്കി തിരിഞ്ഞു നടക്കുമ്പോഴും മനസ്സിൽ സ്വയം ചോദിച്ചു നോക്കി 'ഉണ്ടോ അഞ്ചടി?'
അങ്ങനെ പൊക്കം പ്രശ്നമല്ലാത്ത ഒരു പൊക്കക്കാരനെ കിട്ടി .അങ്ങു കെട്ടി.സാധാരണ ഉയരക്കാരും നമുക്കു ബുർജ് ഖലീഫയാണല്ലോ.
ഭർത്താവു അങ്ങ് അറബി നാട്ടിലായതോണ്ട് ഒരു വിമാനവും പിടിച്ചു ചെന്നെത്തി അങ്ങ് മസ്കറ്റിൽ. അവിടെ ചെന്നപ്പോ ഒരു സംഭവമുണ്ടായി. അതാണ് നേരത്തെ സൂചിപ്പിച്ച ഒരു ഇളവിൻറെ കഥ. ഒരു ദിവസം ഞങ്ങൾ ഒരുകാർണിവൽ കാണാൻ പോയി .കൂടെ സുഹൃത്തുക്കളുമുണ്ട്. അവിടെ ചെന്നപ്പോൾ ദേ വാതിൽക്കലിരിക്കുന്നു ഒരു അറബി ചേച്ചി! സംഭവം വേറൊന്നുമല്ല പാസ് എടുക്കണം അകത്തു പ്രവേശിക്കണമെങ്കിൽ. എടുത്തുകളയാം. എന്നെ അവിടെ നിർത്തിയിട്ടു കെട്ടിയോനും കൂട്ടുകാരും ടിക്കറ്റ് എടുക്കുവാൻ പോയി. അവർ കുറച്ചു നേരമായി അറബി ചേച്ചിയുമായി സംസാരിക്കുന്നു. 'എന്തോ പന്തികേടുണ്ടല്ലോ. ചിക്കു എന്ന് മാത്രം കേൾക്കുന്നുണ്ട്' .സംഭവം പിന്നീടാണ് എനിക്ക് പിടി കിട്ടിയത് കുട്ടികൾക്കു പാസ് വേണ്ട. അറബി ചേച്ചി എന്നെ കുട്ടിയായി കണ്ടു കൊണ്ട് ഇളവ് അനുവദിച്ചിരിക്കുകയാണ്. ഞാൻ ചിക്കുവാനെന്ന്നാ ആ ചേച്ചിയുടെ വാദം അറബിയിൽ ചിക്കു എന്നാൽ കുട്ടി എന്നാണ്. പക്ഷെ രസം ഇതൊന്നുമല്ല അന്ന് എൻറെ വയറിനുള്ളിൽ 5 മാസം പ്രായമുള്ള മറ്റൊരു ചിക്കു ഉണ്ടായിരുന്നു! അറബി ചേച്ചിയെ പറഞ്ഞു മനസ്സിലാക്കി എന്റെ അരികിൽ വന്നു എന്നെ നോക്കി ഭർത്താവു നെടുവീർപ്പിട്ടുകൊണ്ടു പറഞ്ഞു ' ഈ ഇളവ് വല്ല ഫ്ലൈറ്റ് ടിക്കറ്റിനും കിട്ടിയിരുന്നെങ്കിൽ നിനക്ക് ജീവിതത്തിൽ ടിക്കറ്റ് എടുക്കേണ്ടി വരില്ലായിരുന്നു' ഇത് കേട്ടപ്പോൾ ഇത്തവണ അന്തം വിട്ടത് ഞാനാണ്.
നമുക്ക് ഇതൊക്കെ എന്ത?
എന്റെ
കുഞ്ഞുണ്ണി മാഷെ, അങ്ങ് പറഞ്ഞ പോലെ 'പൊക്കമില്ലായ്മയെന്റെ പൊക്കം'.
By princy Sankershine

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo