Slider

ആട് ഒരു ഭീകര ജീവിയാണ്

0

ആട് ഒരു ഭീകര ജീവിയാണ്
ആട് സത്യത്തിൽ ഒരു ഭീകര ജീവിയാണോ എന്റെ അഭിപ്രായത്തിൽ ആട് ഒരു ഭീകര ജീവി തന്നെയാണ്. അങ്ങനെ ഞാൻ തറപ്പിച്ചു പറയാൻ കാരണവുമുണ്ട്. എന്റെ ഒരു ഭീകരനുഭവം. അതായത് ഈ അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലോ പണ്ടാരാണ്ടു പറഞ്ഞിട്ടുള്ളത്. ആരാണെന്നു ചോദിക്കരുത്.
എന്റെ കുട്ടിക്കാലത്തു ഞങ്ങളുടെ വീട്ടിലേക്കു ഒരുളുപ്പിമില്ലാതെ കയറി വന്ന് എനിക്കിട്ടു പണി തന്നു പോയ ഒരു ആടാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. പണി വാങ്ങുക കൊടുക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ എന്റെ പ്രധാന പണി. ആ എനിക്കിട്ടു ഒന്നൊന്നര പണി തന്നിട്ടാണ് ആ കോമളാംഗി ഞങ്ങളുടെ വീട്ടിലെ പൊറുതി അവസാനിപ്പിച്ച് പടിയിറങ്ങിയത്..
അപ്പോപ്പറഞ്ഞു വന്നത് മറ്റൊന്നുമല്ല. എനിക്ക് ഒരു ആട്ടിന്കുട്ടിയെക്കിട്ടിയാൽ കൊള്ളാമെന്നൊരു മോഹം. ആട്ടിന്പാല് കുട്ടികൾക്ക് വളരെ നല്ലതാണെന്നു അമ്മയുടെ സാക്ഷ്യപ്പെടുത്തലും കൂടിയായപ്പോൾ അച്ഛൻ സമ്മതം മൂളി. അച്ഛന്റെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരാളുടെ പരിചയത്തിൽ ഒരു ആടിനെ തരപ്പെടുത്തി. ഒരു ചായക്കടയിൽ ആണ് കക്ഷി ഇപ്പോൾ താമസം. തറവാട്ടുമഹിമയും കുലീനത്വമുള്ള ആടാണെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അങ്ങനെ അവളെത്തന്നെ വീട്ടിലേക്കു കൊണ്ടുവരാൻ തീരുമാനിച്ചു.
അങ്ങനെ ആ സുദിനം വന്നെത്തി.അച്ഛന്റെ സുഹൃത്താണ് ഒരു ഓട്ടോയിൽ അവളെ കൊണ്ടുവന്നത്. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി.അവൾക്കു വേണ്ടി പ്ലാവിലയും കഞ്ഞിവെള്ളവും ഒരുക്കപ്പെട്ടു. മുൻപിൽ കൊണ്ട് വച്ച കഞ്ഞിവെള്ളക്കലം പുച്ഛത്തോടെ അവളൊന്നു നോക്കി പിന്നെ മടമാടാന് കുടിച്ചു തീർത്തു. പ്ലാവിലകളെ അവൾ തീരെ ഗൗനിച്ചതേയില്ല എന്നാൽ വീട്ടിൽ ബാക്കി വരുന്ന അപ്പവും പുട്ടുമെല്ലാം പാത്രത്തിൽ ഇടേണ്ട താമസം അവയെല്ലാം അവൾ അകത്താക്കും. പഴത്തൊലിയൊന്നും അവൾ തിന്നില്ല പഴം വേണം പോലും! നനഞ്ഞ പ്ലാവില തുടച്ചു വൃത്തിയാക്കിക്കൊടുതാലേ കഴിക്കൂ. എന്താ കഥ!
ദിവസങ്ങൾ കഴിയുന്തോറും അവൾ ഞങ്ങൾക്കൊരു തലവേദനയായിത്തീർന്നു. രാവിലെ കിട്ടുന്ന കുറച്ചു പാലും എന്റെ ചേട്ടൻ അവളുടെ ശബ്ദം അനുകരിക്കാനും പഠിച്ചു എന്നതൊഴിച്ചാൽ വേറെ പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കെ ഒരു സുദിനത്തിൽ എനിക്ക് നമ്മുടെ കോമളാംഗിയോട്
ഒരു സ്നേഹം തോന്നി. ഒന്നുമില്ലെങ്കിലും അവളുടെ പാൽ ഞാൻ മടമടാന്ന് കുടിക്കുന്നതല്ലേ. അങ്ങനെ പറമ്പിലെ ഒരു കുറ്റിയിൽ ബന്ധിതയാക്കപ്പെട്ട അവളുടെ അരികിലേക്ക് ഞാൻ ചെന്നു. അവൾ എന്നെയൊന്നു അടിമുടി നോക്കി.' എന്താ വിശേഷിച്ചു? ' എന്ന് ചോദിക്കുംപോലെ. സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ഞാൻ തലോടി. അവൾ എന്നെ വീണ്ടും നോക്കി. ' പാവം നിന്നെയാണോ ഞാൻ ഇത്രയും കാലം അകറ്റി നിർത്തിയത്. നിനക്കെന്നോട് ഇത്രക്കും സ്നേഹമായിരുന്നോ ?അറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല.' അവളുടെ നെറ്റിയിൽ തലോടി നെടുമുടി വേണുവിന്റെ ഡയലോഗും കാച്ചി ഞാൻ ചേർന്ന് നിന്നു. അവൾ കുടിച്ചു വറ്റിച്ച കഞ്ഞിവെള്ളക്കലം മോഹൻലാൽ സ്റ്റൈലിൽ അങ്ങനെ കുനിഞ്ഞെടുക്കുമ്പോഴാണ് പെട്ടെന്ന് അത് സംഭവിച്ചത്! സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. പാത്രമെടുക്കാനായി കുനിഞ്ഞ ഞാൻ മണ്ണിലങ്ങനെ ആകാശവും നോക്കി പട്ടാപ്പകൽ നക്ഷത്രവുമെണ്ണി അങ്ങനെ കിടക്കുവാണ്.പട്ടാപ്പകൽ എവിടെയാണീ നക്ഷത്രം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. ആടിന്റെ കൊമ്പുകൊണ്ട് നെറുകൻതലയിൽ കുത്തു കൊണ്ടാൽ പട്ടാപ്പകൽ നക്ഷത്രങ്ങളെ മാത്രമല്ല പൂർണ ചന്ദ്രനെ വരെ കാണാം! എന്റെ ആ കിടപ്പു കാണാൻ അമ്മയും ചേട്ടനും സന്നിഹിതരായിരുന്നു. എന്നെയെടുത് 'അമ്മ എന്റെ തലയിലൊന്നു വിരലോടിച്ചു. നെല്ലിക്ക വലുപ്പത്തിൽ മുഴച്ചിരിക്കുന്നു! അമ്മയുടെ തോളിലിരുന്നുകൊണ്ടു ഞാൻ രൂക്ഷമായി നോക്കുമ്പോഴും ഒന്നും സംഭവിക്കാത്ത മട്ടിൽ നിൽക്കുകയായിരുന്നു കഥാനായിക.
വൈകിട്ട് അച്ഛൻ വന്നെത്തിയതും വലിയ വായിൽ കരഞ്ഞുകൊണ്ട് എന്റെ തലയിലെ പരിക്ക കാണിച്ചുകൊടുത്തു.ഉടനടി കഥാനായികയുടെ കാര്യത്തിലൊരു തീരുമാനമായി.പിറ്റേദിവസം വീടിനു മുന്നിലൊരു ഓട്ടോ വന്നു നിന്നു.അതില്കയറി അവൾ ഒരു ഭാവഭേദവുമില്ലാതെ യാത്രയായി. അവൾക്കിതൊക്കെ എന്ത്? ഇവിടെയല്ലേൽ പുട്ടു കിട്ടുന്ന മറ്റൊരിടം! അവളുടെ പോക്കും നോക്കി തലയിലുദിച്ച മുഴയും തിരുമ്മി ഞാനങ്ങനെ നിന്നു. സംഗതി ശുഭം!

princy

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo