Slider

വേഷംകെട്ടുകാർ"

0
Image may contain: 1 person, cloud, sky, selfie, bridge, outdoor, closeup and nature

വൈകിട്ടത്തെ ക്രിസ്മസ് പാർട്ടി അടിച്ചുപോളിക്കാനുള്ള ഒരുക്കം കൂട്ടുന്നതിനിടയിലാണ് കാളിങ് ബെൽ ചിലച്ചത്.
വാതിൽ തുറന്നു നോക്കിയപ്പോ സാന്റ ക്ലോസ് ആണ്.കരോളും പള്ളിക്കാരും ഒന്നും ഇല്ലാതെ ഒറ്റയ്ക്കുവന്ന ഈ സാന്റയെക്കണ്ട് ഞാനൊന്നു അമ്പരന്നു.മലയാളികൾ മിക്കവരും ക്രിസ്മസ്‌ ആഘോഷിക്കാൻ നാട്ടിൽ പോവുന്നതിനാൽ ഇവിടെ കരോളെല്ലാം ഒരാഴ്ചമുമ്പ് തീർക്കാറാണ് പതിവ്.
"ഖർ പെ കോയി ബച്ചാ ഹേ ക്യാ സർ ജീ...? "
ഹിന്ദിക്കാരൻ സാന്റ ആണെന്ന് മനസിലായി..മാത്രമല്ല സാന്റ ക്ലോസ് പോലും "സർ ജി" എന്ന് വിളിക്കാൻ മാത്രം എന്റെ 'ലുക്ക് 'കൂടിയോ എന്നൊരു സന്തോഷവും തോന്നി.
ഞാൻ മോനെ വിളിച്ചു...മോന് പെൻസിലും റബ്ബറും അടങ്ങിയ സമ്മാനപ്പൊതിയും ചോക്ലേറ്റും കൂട്ടത്തിൽ എനിക്കൊരു നോട്ടീസും സാന്റ നൽകി.
ഞാൻ നോട്ടീസ് വായിച്ചു....പ്രമുഖ സ്കൂളിന്റെ 'Admission Open' ന്റെ പരസ്യം ആയിരുന്നു.
സ്കൂളുകാരുടെ പുതിയ പരസ്യ തന്ത്രത്തെക്കുറിച്ച് അറിയാൻ കൗതുകം തോന്നിയത്കൊണ്ട് ഞാൻ സാന്റയെപ്പറ്റി ചോദിച്ചു.
സാന്റ തന്റെ മാസ്ക് ഊരി.....ഒരു അറുപത്തഞ്ചു വയസ്സ് പ്രായം തോന്നുന്ന മനുഷ്യൻ.ബീഹാർ സ്വദേശി ആണ്.നാട്ടിൽ കൃഷി ചെയ്ത് കടം കയറിയപ്പോൾ ഭാര്യയെയും കൂട്ടി നാട് വിട്ട് വന്നിട്ട് ഒരു വർഷം ആവുന്നു.ആകെയുണ്ടായിരുന്ന ഒരു മോൾ ഭർത്താവിന്റെ വീട്ടിലെ പീഡനം കാരണം ആത്മഹത്യ ചെയ്തു.അവളുടെ അഞ്ചു വയസ്സുള്ള മോളും കൂടെയുണ്ട്.
ഇവിടങ്ങളിൽ "ലേബർ ചൗക്കുകൾ" സർവ സാധാരണമാണ്.ഏതെങ്കിലും ഒരു ജങ്ഷനിൽ രാവിലെ നിർമ്മാണ മേഖലയിലും മറ്റും ഹെൽപ്പർ ആയി ജോലി ചെയ്യുന്നവർ ഒത്തുകൂടും. അവശ്യക്കാർ അവിടെ നിന്നും കൂലി പറഞ്ഞുറപ്പിച്ച് അവരെ കൂട്ടികൊണ്ടുപോവും.ഒരു ദിവസത്തെ ജോലി കഴിഞ്ഞു കൂലി വാങ്ങി തിരിച്ചുവരും.അത്തരം ജങ്ഷനുകൾ ആണ് "ലേബർ ചൗക്".
ദിവസേന രാവിലെ ലേബർ ചൗക്കിൽ എത്താറുണ്ടെങ്കിലും പ്രായത്തിന്റെ അവശത കണ്ടിട്ടാവാം തൊഴിൽ ദാതാക്കൾ മിക്ക ദിവസങ്ങളിലും ഇദ്ദേഹത്തെ തഴയാറാണ് പതിവ്.
അങ്ങനെയിരിക്കെയാണ് ഇന്ന് രാവിലെ ചിലർ വന്നു ചോദിച്ചത് സാന്റാ ആവാമോയെന്ന്......"ഈ സാന്റ എന്താണെന്ന് എനിക്ക് അറിയുക പോലും ഇല്ല സാറെ...ഈ നോട്ടീസ് മുഴുവൻ വീടുകളിൽ എത്തിച്ചാൽ അഞ്ഞൂറ് രൂപ തരാമെന്ന് പറഞ്ഞപ്പോ രണ്ടു ദിവസമെങ്കിലും എന്റെ ഭാര്യയും കൊച്ചുമോളും പട്ടിണിയില്ലാതെ കഴിയുമല്ലോ എന്നുള്ള സന്തോഷം മാത്രം.അതിനാ ഞാനീ വേഷം കെട്ടിയിറങ്ങിയത്."
ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചപ്പോൾ "വേണ്ട സാറെ സമയമില്ല..ഇരുട്ടും മുൻപ് ഈ നോട്ടീസുകൾ മുഴുവൻ തീർക്കണം" എന്ന് പറഞ്ഞു് മുഖംമൂടിയണിഞ്ഞു കൈയും വീശിക്കൊണ്ട് സാന്റ അടുത്ത വീട്ടിലേക്ക് യാത്രയായി....
നമ്മൾ കാണാറില്ലേ ഷോപ്പിങ്മാളുകളിലും റസ്റ്റോറന്റുകളിലും മറ്റും സാന്റാക്ലോസിന്റെയും മിക്കി മൗസിന്റെയും ചാർളി ചാപ്ലിന്റെയും വേഷം കെട്ടി നമ്മളെ ചിരിപ്പിക്കുന്നവരെ.....സ്വന്തം കുടുംബത്തിലും ഇത്തിരി ചിരി പകർത്താൻ വേഷം കെട്ടുന്നവരെ.ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഓർക്കാം നമുക്കീ 'വേഷം കെട്ടുകാരെയും'
നല്ലെഴുത്തിലെ പ്രിയസുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo