നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

House Driver - പാർട്ട് 13

'ഹൗസ് ഡ്രൈവർ' എന്നഎന്റെ അനുഭവക്കുറിപ്പ്
പാർട്ട് 13
മെയ് ഒന്നാം തീയതി സർവ്വ ലോക തൊഴിലാളിദിനം ആയതു കൊണ്ടാണോ എന്നറിയില്ല എന്റെ വണ്ടി ആദ്യമായി എണ്ണ കഴിഞ്ഞു വഴിയിൽ നിന്നിരുന്നു പൊരിവെയിലിൽ ഒന്നര മണിക്കൂർ നിന്ന് അന്നു ഞാൻ മെയ്ദിനം ആഘോഷിച്ചു എണ്ണ കഴിഞ്ഞ ഉടനെ ഞാൻ കഫീലിനെ വിളിച്ചുപറഞ്ഞു വണ്ടി വഴിയിൽ നിന്നു എന്താണ് പ്രശ്നം എന്നറിയില്ല എന്നാണ് പറഞ്ഞത് എണ്ണ അടിച്ചില്ലേ എന്നു ചോദിച്ചു ഇല്ല ഞാൻ പറഞ്ഞപ്പോൾ പിന്നീടാവാം എന്നാണ് അവൾ പറഞ്ഞത് . അടുത്തു പെട്രോൾ പമ്പ് വല്ലതും ഉണ്ടോ എന്ന് നോക്കു ഞാൻ അല്പം കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു പയ്യനെയും കൂട്ടി മദ്രസയിൽ നിന്നും മാഡത്തിന്റെ വീട്ടിലേക്കുള്ള വഴിയിൽ ആയിരുന്നു ഞാൻ അവനെയും കൂട്ടി തൊട്ടടുത്ത ബിൽഡിങ്ങിന്റെ തണലിൽ പോയിരുന്നു
അരമണിക്കൂറിനു മുൻപായി കഫീൽ വിളിച്ചു ഞാൻ എന്തെങ്കിലും ചെയ്തു പ്രശ്നം പരിഹരിച്ചിട്ടുണ്ടാവും എന്ന് കരുതിക്കാണും അങ്ങനെ ചെയ്യാൻ വേണ്ടിയാണ് അവൻ അരമണിക്കൂർ വിളിക്കാതിരുന്നത് മുൻപ് പലപ്പോഴും ഇങ്ങനെ വഴിയിൽ കുടുങ്ങിയ നേരത്തു ഞാൻ സ്വയം തന്നെ പല വഴികളും നോക്കിയിരുന്നു ഒരിക്കൽ വണ്ടിയുടെ മുന്നിൽ കെട്ടി കൂട്ടി വച്ചിരുന്ന കമ്പി എല്ലാം കഴിഞ്ഞു മുന്നിലെ ബംബർ മുഴുവൻ റോഡിലൂടെ വലിച്ചിഴക്കാൻ തുടങ്ങി മാഡത്തിന്റെ ഓട്ടം ഓടാൻ ഇരിക്കുമ്പോഴായിരുന്നു സംഭവം ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞെങ്കിലും വണ്ടിയെടുക്കാൻ അവൾ അലറുകയായിരുന്നു അങ്ങനെ വണ്ടിയുടെ മുൻഭാഗം റോഡിലൂടെ വലിയ ശബ്ദത്തിൽ വലിച്ചിഴച്ച് ഒരുവിധത്തിൽ അവളെ ഞാൻ സൂക്കിൽ കൊണ്ടുപോയി വിട്ടു വർക്ക് ഷോപ്പിലേക്ക് പോകണം എന്ന് അവനോടു വിളിച്ചുപറഞ്ഞെങ്കിലും കുറച്ചു കഴിഞ്ഞു വിളിക്കാം എന്നുപറഞ്ഞു ഞാനാ കമ്പികളെല്ലാം അഴിച്ചെടുത്ത് മുൻഭാഗം അടർത്തി പുറത്തെടുത്തു വീണ്ടും പഴയതുപോലെ കെട്ടി കൂട്ടി ഒരുവിധത്തിൽ ഒപ്പിക്കുകയായിരുന്നു
അതുപോലെ ഇന്നും ഞാൻ പ്രശ്നം പരിഹരിച്ചിട്ടുണ്ടാവും എന്നവൻ വിചാരിച്ചിട്ടുണ്ട് ഫോൺ എടുത്ത ഉടനെ എന്തായി എന്നു ചോദിച്ചു ഒന്നും ആയില്ല ഞാനും മോനും ഇവിടെ ഇരിക്കുകയാണെന്ന് പറഞ്ഞു മോൻ കൂടെ ഉണ്ടായതു കൊണ്ടാവണം അവിടെനിന്നും ഒരു ടാക്സി പിടിച്ചു മാഡത്തിന്റെ വീട്ടിലേക്ക് പോകാൻ പറഞ്ഞു വൈകുന്നേരം വന്നു ഞാനും അയാളും കൂടി എണ്ണയും വാങ്ങി പോയി വണ്ടി എടുത്തു കൊണ്ടു വരികയായിരുന്നു എണ്ണ തീർന്നതിനാൽ എന്നോട് ദേഷ്യപ്പെടും എന്ന് ഞാൻ വിചാരിച്ചിരുന്നു അങ്ങനെയാണെങ്കിൽ ഞാനും തിരിച്ചു പ്രതികരിക്കുമായിരുന്നു പക്ഷേ എന്നോടയാൾ ദേഷ്യപ്പെട്ടില്ല അതുകഴിഞ്ഞ് കൃത്യം ഒരു മാസം തികയുന്ന ദിവസം ജൂൺ ഒന്നിന് വീണ്ടും വണ്ടി എണ്ണ തീർന്നു വഴിയിൽ നിന്നു ഇത്തവണ എന്റെ അടുത്ത് വലിയ വണ്ടിയായിരുന്നു മാത്രമല്ല മാഡവും അവളുടെ കൂട്ടുകാരിയും വണ്ടിയിലുള്ള സമയത്താണ് എണ്ണ കഴിഞ്ഞത് സമയം രാത്രി 12 മണി കഴിഞ്ഞു കാണും
കഫീലിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു എണ്ണ അടിച്ചില്ലേ എന്ന പഴയ ചോദ്യവും അവളോട് പറഞ്ഞിട്ടും തയ്യാറായില്ല എന്നുള്ള പഴയ മറുപടിയും ഉടനെ അവളുടെ ഫോണിലേക്ക് വിളിവന്നു സംസാരം ഞാൻ ശ്രദ്ധിച്ചു "വള്ളാഹ്‌ യാ മുഹമ്മദ് എന്റെ കൈയിൽ പണമില്ലായിരുന്നു ഇപ്പോഴാണ് എടിഎമ്മിൽ നിന്നും ഞാൻ പണം വലിച്ചത്" വിഡ്ഢി കൂശ്മാണ്ഡൻ അതും വിശ്വസിച്ച് അവളോട് മറുത്തൊരു വാക്കു പറഞ്ഞില്ല അല്ലാതെ അയാൾക്ക് വേറെ വഴിയില്ല വഴക്കു പറയാനോ പ്രതികരിക്കാനോ സൗദി സ്ത്രീകളുടെ ഭർത്താക്കന്മാർക്ക് അവകാശമില്ലല്ലോ അന്നും ആ പാവം എണ്ണയുമായി വന്നിട്ടാണ് ഞങ്ങൾ വണ്ടിയെടുത്തത് അതിനുമുൻപ് റോഡിലൂടെ വന്ന ഒരു വണ്ടിയിലെ പാകിസ്താനികളെ കൂട്ടി ഞാൻ ഞങ്ങളുടെ വണ്ടി അല്പം സൈഡിലേക്ക് തള്ളിമാറ്റി അതിന് അവരോട് നന്ദി പറഞ്ഞു അവർ പോകാനൊരുങ്ങുമ്പോൾ മാഡം എന്നോടായി പറഞ്ഞു 'ഞാൻ പണം തന്നാൽ അവരുടെ വണ്ടിയിൽ പോയി പമ്പിൽ നിന്നും നീ പെട്രോൾ വാങ്ങി വരുമോ അവരോട് ചോദിച്ചു നോക്കൂ' 'അവർ ജോലി കഴിഞ്ഞ് റൂമിൽ പോകുന്ന തൊഴിലാളികൾ അല്ലേ പൈസ തന്നാൽ ഞാൻ ടാക്സിയിൽ പോയി എണ്ണ വാങ്ങി വരാം' 'വേണ്ട മുഹമ്മദ് ഇപ്പോൾ എണ്ണയുമായി വരുന്നുണ്ട്' . മറ്റുള്ളവരെ എങ്ങനെ വേണമെങ്കിലും ബുദ്ധിമുട്ടിക്കാം എന്നാൽ സ്വന്തം പോക്കറ്റിൽ നിന്ന് ഒരു ചില്ലിക്കാശു മുടക്കില്ല
ജൂൺ മാസം ശമ്പളം വാങ്ങി പതിനാറായിരം രൂപ നാട്ടിലേക്ക് വിട്ടു ഈ മാസം അഞ്ചാം തീയതി മുതൽ നോമ്പ് തുടങ്ങുകയാണ് നാട്ടിലെ നോമ്പുകാലം മനസ്സിലേക്ക് കടന്നുവന്നു ഏത് ജോലിയാണെങ്കിലും ഒരു മാസത്തേക്ക് ലീവെടുത്ത് പള്ളിയും വീടുമായി ഒതുങ്ങിക്കൂടിയിരുന്ന കാലം രാത്രി തറാവീഹ് നിസ്കരിക്കാൻ പള്ളിയിൽ പോകലും അവിടെയുള്ള ചുക്കുകാപ്പിയും പള്ളിയിലെ നോമ്പുതുറയും അവസാനത്തെ പത്തിൽ മുഴുവനും, 27 രാവിലും പള്ളിയിൽ ഉറങ്ങാതെ ഇരിക്കുന്നവരും എല്ലാം ഒരു ഉൽസവകാലം പോലെ തന്നെയാണ് നാട്ടിലെ നോമ്പുകാലം എല്ലാവരുടെ മുഖത്തും സന്തോഷം അതെല്ലാം ഇപ്പോൾ ഓർക്കാൻ നിറമുള്ള ഓർമ്മകൾ ഇവിടെയാണെങ്കിലും ജോലിയിൽ ആണെങ്കിലും ഈ നോമ്പുകാലവും പടച്ചവനിലേക്ക് കൂടുതൽ അടുക്കാൻ ഞാൻ തയ്യാറായി നെറ്റിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഒക്കെ മാറി പള്ളിയും നിസ്കാരവും ഖുർആൻ ഓത്തും ജോലിയും ഒക്കെ ആയി ഈ നോമ്പുകാലം ചിലവഴിക്കാനായി ഞാൻ ഒരുങ്ങി
ആദ്യത്തെ അഞ്ചു ദിവസം വളരെ ആശ്വാസമായിരുന്നു രാവിലെ മാഡത്തിനെ ഓഫീസിൽ വിട്ടു വരിക അതുകഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞ് മാഡത്തിന്റെ അനിയത്തിയ വേറൊരു ഓഫീസിൽ കൊണ്ടുപോയി വിടുക അവിടെ ഒരു മണിക്കൂർ കാത്തു നിന്ന് അവളെ തിരിച്ചു കൊണ്ടുവരിക നേരെ മാഡത്തിന്റെ ഓഫീസിൽ നിന്നും അവളെയും കൊണ്ടുവരിക അപ്പോഴേക്കും നാലുമണി കഴിഞ്ഞിട്ടുണ്ടാകും പിന്നെ ഞാൻ റൂമിലേക്ക് മടങ്ങിയാൽ നോമ്പുതുറയും പള്ളിയും ഒക്കെയായി രാത്രിവരെ ഒഴിവാണ് രാത്രി ഓട്ടങ്ങൾ 8 മണി കഴിഞ്ഞിട്ടേ ഉണ്ടാവാറുള്ളൂ എന്നാൽ ആറാമത്തെ നോമ്പിനാണ് ആദ്യമായി പുറത്തു പോയത് അതൊരു തുടക്കം മാത്രമായിരുന്നു പിന്നീടങ്ങോട്ട് ഓട്ടത്തിന്റെ പൂരമായിരുന്നു രാവിലെ 8 മണിക്ക് തുടങ്ങിയ ജോലി പിറ്റേ ദിവസം നാലു മണിക്ക് അത്താഴം കഴിക്കുന്ന വരെ നീണ്ടു പോയി മിക്ക ദിവസങ്ങളിലും
മാഡം രാവിലെ എട്ടിനു ഡ്യൂട്ടിക്കു പോയി ജോലി സ്ഥലത്ത് സുഖമായി കിടന്നുറങ്ങുന്നു മാഡം എന്നല്ല നോമ്പുകാലത്ത് സൗദികൾ ജോലി ചെയ്യുന്ന ഓഫീസുകൾ ഏകദേശം പൂർണമായും അങ്ങനെതന്നെയാണ് സാധാരണ 8 മണിക്കൂർ ജോലി എന്നത് നോമ്പുകാലത്ത് അവർക്ക് അഞ്ചു മണിക്കൂറും നാലര മണിക്കൂറും ഒക്കെ ആയി ചുരുങ്ങും എല്ലാവരും കൃത്യമായി ജോലിയിൽ പ്രവേശിക്കാൻ വേണ്ടി എല്ലാ ഓഫീസുകളിലും കൈവിരലിന്റെ രേഖ (ഫിംഗർ പ്രിന്റ് ) പതിക്കുന്ന മെഷീൻ ഉണ്ടായതുകൊണ്ട് എല്ലാവരും സമയത്ത് ഓഫീസിൽ ഹാജരാകും മാഡം ഓഫീസിൽ പോയി ഉറങ്ങുന്ന സമയത്ത് ഞാൻ അനിയത്തിയുടെ ഓട്ടത്തിൽ ആകും വൈകിട്ട് മാഡം വന്നാൽ ഒരു പക്ഷേ നോമ്പ് തുറന്ന ഉടനെ ഓട്ടം തുടങ്ങും ചിലപ്പോൾ നോമ്പ് തുറക്കുന്നതിനു മുമ്പ് അതായത് അവൾക്ക് കൂട്ടുകാരികളുടെ വീട്ടിൽ നോമ്പുതുറ ഉണ്ടെങ്കിൽ 'നിന്റെ ഭക്ഷണമൊക്കെ പൊതിഞ്ഞ് കൈയിൽ കരുതിക്കോ'യെന്ന് എന്നോട് പറയും അങ്ങനെ കേട്ടാൽ പിന്നെ നോമ്പ് തുറക്കു മുൻപ് റൂമിൽ നിന്നും ഇറങ്ങിയാൽ പിറ്റേന്ന് പുലർച്ചെ ബാങ്ക് വിളിക്കുന്നതിനുമുമ്പായി നാലുമണിക്കു ശേഷവും മറ്റോ റൂമിൽ എത്തിയാൽ ആയി
അവൾ വഴിയിൽ നിന്ന് വാങ്ങിയതോ അല്ലെങ്കിൽ അവളുടെ ബന്ധുവീട്ടിൽ നിന്നോ കൂട്ടുകാരികളുടെ വീട്ടിൽ നിന്നോ അത്താഴവും കഴിച്ചു അവളുടെ വീട്ടിൽ വന്നിറങ്ങുമ്പോൾ ബാങ്കു വിളിക്കാൻ ബാക്കി പത്തോ പതിനഞ്ചോ മിനിറ്റ് കാണുണും അതാണ് എനിക്ക് എന്റെ റൂമിലേക്ക് മടങ്ങാനും ആഹാരം കഴിക്കാനുമുള്ള സമയം തനിച്ചൊരു റൂമിൽ അല്ലാത്തതു കൊണ്ടും റൂമിൽ മെസ്സ് വെക്കാൻ ആളെ ആക്കിയത് കൊണ്ടും കുറഞ്ഞ സമയം മുൻപ് റൂമിൽ എത്തിയാലും വല്ലതും വലിച്ചുവാരി കഴിക്കാം പലപ്പോഴും ഓട്ടം ആയിരുന്നില്ല എനിക്ക് കൂടുതലായും ഉണ്ടായിരുന്നത് കാത്തു കിടക്കുകയായിരുന്നു തിരിച്ചു റൂമിലേക്ക് പറഞ്ഞയച്ചാൽ ചിലവാകുന്ന ഒന്നൊ ഒന്നര റിയാലിന്റെ പെട്രോൾ ലാഭം പിടിക്കുക മാത്രമല്ല ലക്ഷ്യം ആ സമയത്ത് ഞാൻ വല്ല ഓട്ടവും ഓടി കാശ് ഉണ്ടാക്കുന്നുണ്ടോ എന്ന സംശയവും പരമാവധി ശമ്പളം കൊടുക്കുന്നത് മുതലെടുക്കുക എന്ന ഉദ്ദേശവും ആയിരുന്നു എന്നാൽ കാത്തുകിടക്കുന്ന സമയത്തെ കൊതുകു കടി കൊള്ളാതെ വണ്ടി സ്റ്റാർട്ട് ചെയ്തു അതിൽ ഇരിക്കുവാണോ ഉറങ്ങുവാനോ ഉള്ള സ്വാതന്ത്ര്യവും ഇല്ല
പള്ളി തുറന്നു വച്ച സമയത്താണെങ്കിൽ പള്ളിയിൽ പോയിരുന്നോണം അതും നടന്നുപോയി വേണം അർദ്ധരാത്രിയും മറ്റോ ആണെങ്കിൽ അവൾ ഓട്ടം ചെന്ന വീട്ടിലെ ഡ്രൈവറുടെ റൂമിൽ കയറി ഇരിക്കാൻ ആണ് തമ്പുരാട്ടിയുടെ കല്പന എല്ലാ ഡ്രൈവർമാർക്കും അത് ഇഷ്ടപ്പെടണമെന്നില്ല ഒരിക്കൽ ഒരു ഫിലിപ്പീനി ഡ്രൈവർ എന്നോട് തുറന്നു പറഞ്ഞു പുറത്തെ ഒരു കസേര കാണിച്ചുതന്നു അവിടെ പോയി ഇരുന്നോളൂ എന്റെ റൂമിൽ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്ന് അയാൾ തുറന്നു പറഞ്ഞു ആ അനുഭവം ഉണ്ടായതു കൊണ്ട് അതിനുശേഷം ഞാൻ മറ്റുള്ളവരുടെ റൂമിലോ വണ്ടിയിലോ അല്ലാതെ റോഡ് സൈഡിലും മരത്തിന്റെ ചുവട്ടിലും ഒക്കെയായിരുന്നു മണിക്കൂറുകൾ തള്തള്ളിനീക്കിയത് നോമ്പ് തുറക്ക് മുൻപ് വീട്ടിൽ നിന്നിറങ്ങി അത്താഴത്തിനുശേഷം റൂമിലേക്ക് തിരിച്ചെത്തിയ ദിവസവും ഉണ്ടായിരുന്നു അന്ന് എനിക്ക് ഒരു ബർഗർ മാത്രമാണ് മാഡം വാങ്ങി തന്നത് അതുപോലെയുള്ള നാലോ അഞ്ചോ ബർഗർ തിന്നുവാനുള്ള വിശപ്പുണ്ടായിരുന്നു അതുപോലെ നോമ്പ് തുറക്കു മുൻപ് ചെന്ന് അത്താഴ സമയം വരെ ഒരേ വീടിനു മുമ്പിൽ കാത്തു കിടന്ന അനുഭവവും ഉണ്ടായി എട്ടു മണിക്കൂറോളം സമയം കൊതുകുകടി കൊണ്ട് പുറത്തായിരുന്നു അന്ന് ഞാൻ കഴിച്ചു കൂട്ടിയത്
രാത്രിയും പകലും തുടർച്ചയായി ഓടിയത് കാരണം എന്റെ രണ്ടു കണ്ണുകളും ചുവന്നു കലങ്ങിയിരുന്നു ഉറങ്ങാത്തത് കൊണ്ടാണത് പ്രഭാത നമസ്കാരത്തിന് ശേഷം എട്ടുമണി വരെയാണ് നോമ്പിനു മിക്ക ദിവസങ്ങളിലും എന്റെ ഉറക്കം ഒരു ദിവസം ആ സമയത്തും ജോലിക്കാരിയെ കൊണ്ടുവരാനുള്ള ഓട്ടം തന്നു മാഡം എന്നെ സഹായിച്ചു ജോലിക്കാരിയുടെ വീട്ടിലെത്തിയാൽ സാധാരണ മാഡത്ത വിളിച്ചു പറയലാണ് പതിവ് അന്ന് ഞാൻ വിളിച്ചപ്പോൾ ഫോൺ കഫീലിന്റെ കയ്യിലായിരുന്നു എന്റെ കോൾ വരാൻ ഉള്ളതുകൊണ്ട് ഫോൺ അവന്റെ കയ്യിൽ കൊടുത്തു അവൾ ഉറങ്ങിയിരിക്കുകയാണ് എന്നെനിക്കു മനസ്സിലായി മാത്രമല്ല ജോലിക്കാരി, ഞാനവിടെ എത്തി ഒരു മണിക്കൂറിനുശേഷമാണ് വന്നത് ഓട്ടം കഴിഞ്ഞ് മാഡം വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ തന്നെ നിസ്കാരം കഴിഞ്ഞാൽ ഉടനെ അവളെ കൊണ്ടുവരണമെന്ന് എന്നെ ഏൽപ്പിച്ചു ഫോൺ ഭർത്താവിന്റെ കയ്യിൽ കൊടുത്തു അവൾ സുഖമായി ഉറങ്ങിയിരിക്കുന്നു ദിവസവും രണ്ടു മണിക്കൂർ ഉറക്കം കിട്ടുന്നത് എന്ന് എനിക്ക് നഷ്ടപ്പെട്ടു
ബാക്കിയുള്ളത് മുക്കാൽ മണിക്കൂർ ആണ് എട്ടുമണിക്ക് ഞാൻ ചെന്നു മാഡത്തിന്റെ മൊബൈലിലേക്ക് വിളിച്ചാൽ അല്ലാതെ അവൾ ഉണരില്ല എന്നെനിക്കറിയാം ജോലിക്കാരിയെ അവളുടെ വീട്ടിൽ വിട്ട് ഞാൻ റൂമിൽ വന്നു മനപ്പൂർവ്വം അലാറം വക്കാതെ കിടന്നുറങ്ങി 9 മണിക്ക് കഫീലിന്റെ വിളി വന്നാണ് ഞാൻ ഉണർന്നത് ഉടനെ എണീറ്റ് പോയി മാഡത്തെ ഓഫീസിൽ കൊണ്ടുപോയി വിട്ടു വഴക്ക് പറഞ്ഞാൽ തിരിച്ചും പറയും എന്നൊക്കെ മനസ്സിൽ തീരുമാനിച്ചിരുന്നെങ്കിലും അതുണ്ടായില്ല ജോലിസമയം കൂടിയ കാരണത്താൽ ഞാൻ പരാതി പറയാറില്ല അതുകൊണ്ടും പാലത്തിന്റെ ചുവട്ടിൽ വച്ച് കഫീലുമായി വലിയ വഴക്ക് കഴിഞ്ഞശേഷം ഇനിയെല്ലാം അനുസരിക്കുക മാത്രമേ ഉള്ളൂ തിരിച്ചു ഒന്നും പറയില്ല എന്ന പുതിയ തീരുമാനം എടുത്തതു കൊണ്ടും നോമ്പുകാലത്ത് നേരിടേണ്ടി വന്ന മുഴുവൻ പ്രയാസങ്ങളും ഞാൻ സഹിച്ചു
ഇൻഷൂറൻസ് ഇല്ലാതെ വണ്ടി ഓടിക്കുന്നതിനാലും ഇത്രത്തോളം ഉപദ്രവിച്ചും ഒന്നും പ്രതികരിക്കാത്തതും കൊണ്ടും വലിയ അളിയാക്കയും റൂമിലെ സുഹൃത്തുക്കളുമൊക്കെ എന്നെയായിരുന്നു കുറ്റപ്പെടുത്തിയത് എല്ലാം തുറന്നു പറയണം സമ്മതിച്ചില്ലെങ്കിൽ ജോലി ചെയ്യരുത് എന്നൊക്കെ അവരെന്നെ ഉപദേശിച്ചിരുന്നു അവരു പറയുന്നത് ശരിയായിരുന്നു എല്ലാം സഹിക്കുന്നതിന് അനുസരിച്ച് നമ്മുടെ മേൽ കുതിരകയറുന്ന സ്വഭാവം തന്നെയാണ് മിക്ക സൗദികളും സ്വീകരിച്ചിരുന്നത് എന്നാൽ ഞാൻ അതൊന്നും കാര്യമാക്കിയില്ല പ്രതികരിക്കുന്നതിന്റെ തോതനുസരിച്ച് അവരുടെ സ്വഭാവം മോശമായിക്കൊണ്ടിരിക്കും വാശി പിടിച്ചാലോ ഇപ്പോൾ മുന്നോട്ടു പോകുന്ന അവസ്ഥയുമില്ലാതെ കാര്യങ്ങൾ കീഴ്മേൽ മറിയും അതുകൊണ്ട് മാസാവസാനം വീട്ടിലേക്ക് പണം അയക്കുമ്പോഴുള്ള സന്തോഷത്തിൽ ഞാൻ എന്റെ വിഷമങ്ങൾ എല്ലാം മറക്കാൻ ശ്രമിച്ചു
മാഡത്തിന്റെ അനിയത്തിയുമായി നോമ്പിന് ഓട്ടം പോകുമ്പോൾ സമയമില്ലാത്ത നേരത്തും ഓരോന്ന് വാങ്ങി യും മറ്റും ചിലപ്പോൾ എന്നെ അവൾ ബുദ്ധിമുട്ട് ആക്കിയിരുന്നു ചിലപ്പോഴൊക്കെ അവളെ ഞാൻ കണക്കിനു പറഞ്ഞു പിന്നീട് എനിക്ക് പാവം തോന്നി കാരണം അവൾ ദിവസവും ചെറിയ ഓട്ടം പോകുന്നതുകൊണ്ട് ആ ദിവസങ്ങളിൽ ഓടാനുള്ള മുഴുവൻ എണ്ണയും മാഡം അവളെക്കൊണ്ട് അടിപ്പിച്ചിരുന്നു പാവം എണ്ണയും അടിച്ച് ഡ്രൈവറുടെ വായിൽ ഉള്ളതും കേട്ട് എല്ലാം സഹിക്കുകയല്ലാതെ അവൾ എന്തു ചെയ്യും അവൾക്ക് വീട്ടിൽ ഡ്രൈവർ ഇല്ലല്ലോ അതുകൊണ്ടുതന്നെ ഇടക്ക് വഴക്ക് പറഞ്ഞാലും സമയം കുറവാണെങ്കിലും പലപ്പോഴും അവൾക്ക് വേണ്ടതൊക്കെ ഞാൻ വാങ്ങി കൊടുത്തിരുന്നു എല്ലാം അവളുടെ കാശിന് ആണെന്നു മാത്രം
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രാവിലെ മാഡത്തെ ഓഫീസിൽ വിട്ടു തിരിച്ചു വരുന്ന സമയത്ത് റോഡ് മുഴുവൻ കാലിയായത് കൊണ്ടും എനിക്ക് ഉറക്കം തീരെ കുറവായതുകൊണ്ടും വണ്ടിയിൽ വെച്ച് ഞാൻ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്നു. റോഡിലെ ട്രാക്ക് തിരിക്കാൻ വേണ്ടി പതിച്ച ഇരുമ്പു മൊട്ടുകളിൽ വണ്ടിയുടെ ടയർ തട്ടുമ്പോൾ ഉള്ള ഇളക്കം കൊണ്ടാണ് ഞാൻ പലപ്പോഴും ഉണർന്നിരുന്നത് പേടിയൊക്കെ ഉണ്ടായിരുന്നെങ്കിലും എല്ലാം അല്ലാഹുവിൽ അർപ്പിച്ച് ഒന്നും പ്രതികരിക്കാതെ മുന്നോട്ട് പോവുകയായിരുന്നു ജോലിഭാരം കൂടുതലാണെങ്കിലും നോമ്പുകാലം എന്തുകൊണ്ടും ആശ്വാസമായിരുന്നു ഒന്നും മിണ്ടാതെ രാത്രിയും പകലും വ്യത്യാസമില്ലാതെ ജോലിചെയ്യുന്നത് കൊണ്ടാവും മാഡം വെറുതേയുള്ള വഴക്കു പറയൽ ഒക്കെ ഒരു പരിധിവരെ നിർത്തിയിരുന്നു മണിക്കൂറുകൾ നീളുന്ന കാത്തു കിടക്കൽ പല നിലയിൽ ഞാൻ ഉപകാരപ്പെടുത്തി
നിസ്കാരത്തിന്റെ സമയത്തെല്ലാം പള്ളിയിൽ ചിലവഴിച്ചു ഏകദേശം തറാവീഹ് നിസ്കാരങ്ങളിൽ ഒക്കെ പങ്കെടുത്തു ചിലപ്പോൾ മണിക്കൂറുകൾ നീളുന്ന തറാവീഹ് നിസ്കാരത്തിൽ പത്തോ പതിനഞ്ചോ മിനിറ്റ് പങ്കെടുക്കുമ്പോയേക്കും ഉറക്കം നിയന്ത്രിക്കാൻ കഴിയാതെ ഞാൻ പള്ളിയിൽ തന്നെ അല്പം കിടന്നുറങ്ങും നിസ്കരിക്കാൻ പള്ളിയിൽ പോവാൻ കഴിയാത്ത ദിവസങ്ങളിൽ ഒഴിവുള്ള സമയത്ത് റൂമിൽ നിന്നോ മറ്റോ നിസ്കരിച്ചു വണ്ടിയിൽ തന്നെ ഖുർആൻ കരുതിയിരുന്നതു കൊണ്ട് അർദ്ധരാത്രികളിൽ ഉള്ള കാത്തു കിടക്കലിൽ ഉപകാരപ്പെടുത്തി ഏകദേശം എല്ലാ കാര്യങ്ങളും നാട്ടിലെ നോമ്പുകാലത്ത് ചെയ്യുന്ന അത്രത്തോളം തന്നെ ചെയ്യാൻ സാധിച്ചു
റമദാൻ മാസം പടച്ചവൻ അവന്റെ അടിമകൾക്ക് കരുണ കൂടുതലായി ചെയ്യുന്ന മാസമാണല്ലോ ജനങ്ങൾ പരസ്പരം കരുണ ചെയ്യുന്ന മാസമാണ് ഇവിടെ റമദാൻ എല്ലാ പള്ളികളിലും നോമ്പുതുറ ക്കുള്ള വിഭവങ്ങൾ അതാത് സ്ഥലത്തെ സൗദികൾ പള്ളികളിലേക്ക് എത്തിക്കുകയാണ് പതിവ് ചില സ്ഥലത്ത് സ്ഥിരമായി ഒരു മാസം മുഴുവൻ എല്ലാ ചിലവുകളും വഹിക്കുന്ന സൗദികളും ഉണ്ട് പള്ളികളിൽ നോമ്പുതുറക്കുന്ന മുക്കാൽ പങ്കുംവിദേശികൾ ആയിരിക്കും നോമ്പുതുറക്ക് പത്തോ ഇരുപതോ മിനിറ്റ് മുമ്പ് എല്ലാവരും നിര നിരയായിരുന്നു ഒന്നിച്ചു നോമ്പുതുറന്നു ബാക്കിയുള്ള ജ്യൂസ് പാൽ തൈര് ചോറുപൊതി ഇവയൊക്കെ കവറിലാക്കി അവർ റൂമിലേക്ക് മടങ്ങും രാത്രിയിലും അത്താഴത്തിനും ഒക്കെ ഇങ്ങനെ ഉപകാരപ്പെടുത്തുന്നവരാണ് അധികവും നോമ്പിന് ഒരു മാസത്തെ ചിലവ് ഇങ്ങനെയാണ് പ്രവാസികൾ തള്ളിനീക്കുന്നത് അതുപോലെ ബാങ്ക് വിളിക്കുന്ന സമയത്ത് റോഡിലൂടെ പോകുന്ന വണ്ടികളിൽ ഉള്ളവർക്ക് അത്യാവശ്യം നോമ്പ് തുറക്ക് വേണ്ട വെള്ളം ജൂസ് കാരക്ക സാൻവിച്ച് ഇവയൊക്കെ കവറിലാക്കി സൗജന്യമായി നൽകുന്ന ഒരുപാട് സുമനസ്സുകളെയും നോമ്പുകാലത്ത് കാണാം അവരിലധികവും ചെറുപ്പക്കാരായിരുന്നു
എന്റെ മാഡം മാത്രമല്ല ഇവിടെയുള്ളവർക്ക് അധികവും നോമ്പുകാലം എന്നാൽ ഏതോ ആഘോഷം വന്നതു പോലെയാണ് നേരം പുലരുന്നതുവരെ സൂക്ക്കളിലും പാർക്കുകളിലും കറങ്ങി നടക്കണം പുലർച്ചെ വല്ലതും കഴിച്ചു കിടന്നു ഉറങ്ങണം നോമ്പ് തുറക്കാൻ ആകുമ്പോഴേക്കും എഴുന്നേൽക്കണം ഇതൊക്കെയാണ് പലരും നോമ്പുകാലത്തെ കുറിച്ച് മനസ്സിലാക്കിയത് മാഡത്തിന്റെ നോമ്പുകാലത്ത് ഉള്ള കറക്കം വളരെ രസകരമാണ് ഒരുവിധം എല്ലാ കൂട്ടുകാരികളുടെ വീട്ടിലും പോയി സുഭിക്ഷമായി നോമ്പ് തുറന്നു പോന്നിട്ടുണ്ട് എന്നാൽ അവരെ ആരെയും മാഡത്തിന്റെ വീട്ടിലേക്ക് വിളിച്ചതായി എനിക്കറിയില്ല നോമ്പ് തുറക്ക് ശേഷം അർദ്ധരാത്രിയിൽ ഉള്ള ഓട്ടം കടകളിലേക്ക് ആണ് ജിദ്ദയിലെ ഒട്ടു മിക്ക സ്ഥാപനങ്ങളിലുംഞാൻ ഓട്ടം പോകേണ്ടി വന്നിട്ടുണ്ട് ഒന്നും വാങ്ങില്ല മണിക്കൂറുകൾ അവിടെയൊക്കെ കറങ്ങും ചിലപ്പോൾ മക്കൾ ഉണ്ടാകും അല്ലെങ്കിൽ അനിയത്തി മാരോ കൂട്ടുകാരികളൊക്കെ ഉണ്ടാകും കൂടെ
കറക്കം കഴിഞ്ഞു വണ്ടിയിൽ വന്നു കയറുമ്പോഴേ ചെവിയിൽ മൊബൈൽ ഉണ്ടാകും പിന്നെ വീട്ടിലെത്തുന്നതുവരെ എല്ലാവരെയും വിളിച്ച് അറിയിക്കലാണ് ജോലി താൻ പോയ സ്ഥലങ്ങളും കടകളുംഅവിടെ കണ്ടതും കേട്ടതും അവിടെയുള്ള പെരുന്നാൾ ഡ്രസ്സുകളും എല്ലാം ഓരോരുത്തരെയായി വിളിച്ചറിയിക്കും രണ്ടോ മൂന്നോ റിയാലിന്റെ പെട്രോൾ മാത്രം ചെലവാക്കിയാൽ എന്താ താൻ അവിടെയെല്ലാം കറങ്ങുന്നുണ്ട് എന്ന് എല്ലാവരും അറിഞ്ഞില്ലേ എവിടെയെങ്കിലും ഒരു റിയാൽ ഡിസ്കൗണ്ട് ഉണ്ട് എന്ന് കേട്ടാൽ എൻറെ വണ്ടി അവിടേക്ക് കുതിച്ചുകൊണ്ടിരുന്നു നോമ്പിനു പലപ്പോഴും പള്ളിയിൽ നിന്നു പോലും ഭക്ഷണം കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലുംമാഡം എന്നോട് തീരെ കരുണ കാണിച്ചില്ല എന്നു പറയുന്നത് ശരിയല്ല കൃത്യമായി പറഞ്ഞാൽ ഒരു മാസത്തെ നോമ്പ്നു ഇടയിൽ രണ്ടുതവണ പത്തു റിയാൽ വീതം ഒരുതവണ പിസ്സ മറ്റൊരിക്കൽ നോമ്പ് തുറക്കും മുൻപ് പുറത്തിറങ്ങിയിട്ടും അത്താഴത്തിനു പോലും എത്താൻ കഴിയാതെ വന്നപ്പോൾ അത്താഴ സമയത്ത് ഒരു ബർഗർ ഒരു പെപ്സി ഇത്രയുമാണ് എനിക്ക് മാഡത്തിൽ നിന്നും കിട്ടിയത്
(തുടരും)

Abdul

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot