നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാടകം പൊളിയട്ടെ

Image may contain: 1 person

ചെമ്മണ്ണു നിറഞ്ഞ്‌ പൊടി പാറിയ റോഡിൽ സുന്ദരമായ പതുപതുത്ത വെളുത്ത ഷൂസുമായി ഉണ്ണിയെ കണ്ടപ്പൊ ഞാൻ മനുവിനു ചൂണ്ടി കാണിച്ച്‌ ചോദിച്ചു?
"ഡാ നോക്കൂ എന്തു രസാ കാണാൻ ല്ലേ"
"ഷൂ ..... അവന്റമ്മേടെ ഷൂ....."അവന്റെ കണ്ണുകൾ ചുവന്നിരിക്കുന്നു.
"ന്റമ്മോ"....
ഞാൻ പേടിച്ചു പോയി. ആരേലും കേട്ടാൽ ഇത്‌ മതി വീട്ടീന്ന് തല്ല് കിട്ടാൻ.
പിന്നെ ഞാനൊന്നും ചോദിക്കാൻ പോയില്ല.
ശർക്കരയും ഈച്ചയും പോലെ ഉണ്ടായിരുന്ന ചങ്ങാതികളാ ഉണ്ണിയും മനുവും ..
എന്ത്‌ പറ്റി ആവോ ഇവർക്ക്‌?
പിറ്റേന്ന് വൈകുന്നേരം ഉണ്ണി എന്നെയും കാത്ത്‌ ബസ്സ്‌ ഷെൽട്ടറിൽ നിൽക്കുന്നുണ്ടായിരുന്നു.
"നിനക്ക്‌ ഷൂസ്‌ വേണാ?
സൂപ്പർ ഷൂസാ, ആക്ഷൻ ഷൂ,...
ടെണ്ടുൽക്കറൊക്കെ സ്ഥിരം
ഇടുന്നതാ"
ടെണ്ടുൽക്കറൊക്കെ ഇടുന്ന ഷൂ ഇത്ര വേഗം നിനക്ക്‌ മടുത്താ?
"ഇതല്ലെടാ പുതിയതാ"
"പുതിയതോ എത്ര പൈസക്ക്‌?
ഈ ഷൂസിനു രണ്ടായിരം രൂപ ഉണ്ട്‌.പക്ഷെ ഇത്‌ ഒരു അടിപൊളി പരിപാടി ആണു".
"എന്ത്‌ പരിപാടി"
"ആദ്യം നീ അഞ്ഞൂറു രൂപ കൊടുത്ത്‌ ഈ പരിപാടിയിൽ ചേരുക എന്നിട്ട്‌ നീ മൂന്ന് പേരെ ചേർത്താൽ നിനക്കും കിട്ടും ഇത്‌ പോലൊരു ഷൂ"
"ആഹാ"
ആലോചിച്ചപ്പൊ നല്ല ഉഗ്രൻ പരിപാടി,
പോരാത്തതിനു ഒരു പാട്‌ ചങ്ങാതികളും ഉണ്ട്‌. ആരും ഇത്രയും ലാഭകരമായ
പരിപാടിയിൽ ഷൂ വേണ്ടാന്ന് പറയില്ല.
കൂടുതലൊന്നും ആലോചിച്ചില്ല. ആരോടും അന്വേഷിച്ചുമില്ല. അറിഞ്ഞ്‌ അവരാദ്യം ചേർന്നാൽ ഷൂ കിട്ടാനുള്ള എന്റെ ആദ്യ അവസരം നഷ്ടപ്പെടും.
ആഴ്ചയിൽ പത്ത്‌ രൂപ വെച്ച്‌ അടക്കുന്ന ചിട്ടിയിൽ നിന്ന് അഞ്ഞൂറു രൂപ വിളി എടുത്ത്‌ ഉണ്ണിക്ക്‌ കൊടുക്കുമ്പോൾ
ആ ഷൂസിന്റെ വെളുത്ത പതു പതുപ്പായിരുന്നു മനസ്സ്‌ നിറയെ.
ചേർക്കേണ്ട മൂന്ന് പേരെയൊക്കെ മനസ്സിൽ കണ്ട്‌ വച്ചു.
പലരോടും ചോദിച്ചു.
അവർ പറഞ്ഞത്‌ കേട്ട്‌ ഞെട്ടി പോയി.
"നാടകം പൊളിയട്ടെ"
"ഇതും പറഞ്ഞ്‌ കുറേ ദിവസായി ഉണ്ണിയും മനുവും പിറകേ നടക്കാൻ തുടങ്ങീട്ട്‌.
നീ വണ്ടി വിട്ടോ മോനേ ദിനേശാ.."
ഒരാഴ്ച കഴിഞ്ഞ്‌ ഒരു വൈകുന്നേരം മനുവും ഉണ്ണിയും വളരെ സന്തോഷത്തോടെ ബസ്സിറങ്ങി വരുന്നു.
മനുവിന്റെ കൈയ്യിലെ ബോക്സ്‌.
അത്‌ ഷൂസായിരുന്നു എന്ന് പിന്നീട്‌ എനിക്ക്‌ മനസ്സിലായി.
അഞ്ഞൂറു രൂപയേക്കാളും വലുതാണു ചങ്ങാതീ ന്ന് കരുതിയ ഞാൻ ആ ഷൂസ്‌ തല്ലിപ്പൊളിയാണെന്ന് മനസ്സിനെ പറഞ്ഞ്‌ ശീലിപ്പിച്ചു.
വർഷങ്ങൾ ഒരു പാട്‌ കഴിഞ്ഞു.
ചുമലിൽ ജീവിതമാറാപ്പുമായി പോകുന്ന വഴിയിൽ സ്ഥിരം കാണുന്ന
മരക്കച്ചവടക്കാരൻ ഒരു നോട്ടീസ്‌ തന്നിട്ട്‌ പറഞ്ഞു
"ഒന്ന് വായിച്ച്‌ നോക്ക്‌, എത്ര കാലമാ ഇങ്ങനെ കഷ്ടപ്പെടുക"
നോട്ടീസ്‌ നോക്കിയപ്പൊ ജീവിതത്തിൽ പെട്ടെന്ന് വിജയം നേടിയ കുറച്ച്‌ പേർ കണ്ഠകൗപീനമൊക്കെ ഇട്ട്‌ നല്ല വെളുത്ത ചിരിയോടെ ഇരിക്കുന്നു.
അടിയിൽ അവരെ ഇങ്ങനെ ചിരിക്കാൻ സഹായിച്ച ഒരു ബിസിനസ്സിന്റെ ലഘു വിവരണവും..
ആദ്യം മടിച്ചു.
വേണ്ടപ്പാ .. ലക്ഷപ്രഭുക്കൾക്കൊക്കെ ജീവിക്കാൻ വലിയ പാടാണെന്നാ കേൾക്കുന്നത്‌.
മനസ്സ്‌ പിന്നെയും കൊതിപ്പിച്ചു എന്നാ "നിനക്കൊരു കൊച്ചു കോടീശ്വരനെങ്കിലും ആയിക്കൂടെ".?
തുരു തുരാ കോളുകൾ എന്റെ ഫോണിലേക്ക്‌..
നെറ്റില്ലാത്ത കാലത്ത്‌ ഇടക്ക്‌ സമയം നോക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഫോണിനും ഒരു കൂളിംഗ്ലാസ്സ്‌ ഇട്ട പുഞ്ചിരി...
വിളിക്കുന്നവരൊക്കെ റീജ്യണൽ, സ്റ്റേറ്റ്‌, നാഷണൽ എന്ന് വേണ്ട സർവ്വമാന പൊസിഷനിലും ഇരിക്കുന്ന മഹാന്മാർ..
കാര്യം സിമ്പിളാ ഏഴായിരത്തി അഞ്ഞൂറു രൂപ മുടക്കുക, തൊട്ടു താഴെ രണ്ട്‌ പേരെ രണ്ട്‌ ഭാഗത്ത്‌ ചേർക്കുക, പിന്നീട്‌ അവർ ചേർക്കുന്ന ഓരോ ആളുകളിൽ നിന്നും വരുന്ന വരുമാനം വെറുതേ വീട്ടിലിരുന്ന് എണ്ണി പെട്ടിയിൽ വെച്ചാ മാത്രം മതി..
"ശ്ശൊ എന്ത്‌ നല്ല ആചാരങ്ങൾ"
വിശദമായ ചർച്ചകൾക്ക്‌ ശേഷം നാളെ ആലോചിക്കാം എന്ന് തീരുമാനിച്ച്‌ അവിടെ നിന്ന് മടങ്ങി.
എന്നാലും ഉള്ളിൽ ഒരു സംശയം..
സംശയം തീർക്കാൻ ചെറിയ പരിചയത്തിലുള്ള ഒരു ബി ടെക്ക്‌ കാരനെ വിളിച്ച്‌ അന്വേഷിച്ചു..
അവന്റെ വർണ്ണന കൂടി കേട്ടപ്പൊ സംഭവം ജോർ..
ഇപ്പൊ തന്നെ എടുക്കണം ന്നായി ഞാൻ ..
പുലർന്ന് വരുന്നവർക്ക്‌ മേലെ കയറി നിൽക്കാലോ,??
ബി ടെക്ക്‌ കാരന്റെ ചോദ്യം
"നിങ്ങളിപ്പൊ വീട്ടിലുണ്ടോ?"
"ആ ഉണ്ടല്ലോ എന്തേ?"
"എങ്കിൽ ഞാൻ അങ്ങോട്ട്‌ വരാം"
"എന്തിനു?"
ഞാൻ ആലോചിച്ച്‌ ഒരു പത്ത്‌ മിനുട്ട്‌ നിൽക്കെ മുറ്റത്തൊരു പുത്തൻ കാർ. കാറിൽ നിന്നറങ്ങിയ ബി ടെക്ക്‌ കാരൻ കൂടെ വന്ന ആളെ പരിചയപ്പെടുത്തി.
"ഇത്‌ ഈ ബിസിനസ്സിലെ എന്റെ സീനിയറാ..
"രണ്ട്‌ ലക്ഷം വച്ചാ ഇപ്പൊ മൂപ്പർ മാസം ഏർൺ ചെയ്യുന്നെ?
ഈ ഭാഗത്ത്‌ ഞങ്ങൾ നിങ്ങളെ പോലൊരു ആക്റ്റീവായൊരാളെ അന്വേഷിക്കുകയായിരുന്നു.
ഒന്നും ആലോചിക്കണ്ട. ഇപ്പൊ തന്നെ എന്റെ തൊട്ട്‌ താഴെ നമ്മൾ തുടങ്ങുന്നു.
നമ്മൾ ഒരു ടീമായി ഇറങ്ങുന്നു"
ഞാൻ കൂടെ വന്നവന്റെ മുഖത്ത്‌ നോക്കിയപ്പൊ അവന്റെ കണ്ണിലും ഒരായിരം നക്ഷത്രങ്ങൾ..
പിടിച്ച പിടിയിൽ ആകെ കൂടി മിച്ചമായി കൈയ്യിലുണ്ടായിരുന്നതിൽ നിന്നും ഏഴായിരത്തഞ്ഞൂറു രൂപ അവന്മാർ വാങ്ങിച്ച്‌ പോകുമ്പോൾ സമയം പന്ത്രണ്ട്‌ മണി ആയിരുന്നു.
ഇതൊക്കെയും വാതിൽപടിയിൽ നിന്ന് കേട്ട്‌ മകനു കാറും ബംഗ്ലാവും സ്വപ്നം കണ്ട അമ്മ അവർക്കായി ഉണ്ടാക്കി കൊണ്ടുവന്ന ചായയ്ക്ക്‌ പാലുണ്ടായിരുന്നില്ല.
പിറ്റേന്ന് സാധാരണ വൈകി എഴുന്നേൽക്കുന്ന ഞാൻ ഒരു വാഹനത്തിന്റെ ഹോണടി കേട്ടാ പുറത്തേക്ക്‌ വന്നത്‌. മുറ്റത്ത്‌ ഒന്നല്ല മൂന്ന് ആഡംബര കാറുകൾ. മുറ്റത്ത്‌ പാർക്ക്‌ ചെയ്യാൻ പറ്റാതെ രണ്ടെണ്ണം റോഡിൽ കിടക്കുന്നു. അയലത്തെ പെണ്ണുങ്ങൾ വേലിക്കൽ നിന്ന് മൂക്കത്ത്‌ വിരൽ വെക്കുന്നു. ആഡംബര കാറുകളിൽ നിന്ന് കണ്ഠകൗപീനക്കാർ നിരന്നിറങ്ങുന്നു.
മുന്നിലായിട്ട് വന്ന ‌ മരമുതലാളി
അവരെ എനിക്ക്‌ പരിചയപ്പെടുത്തി തന്നു.
ആശാരി പണി എടുത്തിരുന്നവരും വാർപ്പ്‌ പണിക്ക്‌ പോയ്ക്കൊണ്ടിരുന്നവരുമാണു ഇവരൊക്കെ.
ഈ ബിസിനസ്സ്‌ ചെയ്യാൻ തുടങ്ങിയത്‌ മുതൽ ഭയങ്കര മാറ്റം ജീവിതത്തിൽ ആസ്വദിക്കുന്നവർ.
സംസാരത്തിനിടയിൽ ടൈയും കോട്ടും ഇട്ട ഒരുത്തൻ കീശയിൽ നിന്ന് ദിനേശ്‌ ബീഡി എടുത്ത്‌ തീപ്പെട്ടി ഉരക്കാൻ നോക്കുമ്പോ മറ്റൊരാൾ അയാളുടെ തുടയിൽ നുള്ളുന്നത്‌ കണ്ടപ്പൊ എനിക്കും ഇവരൊക്കെ അങ്ങനെ ഒക്കെ ആണെന്ന് തോന്നിയിരുന്നു.
എങ്കിലും ഇപ്പോൾ അവർ പറയുന്ന ആരെയും മോഹിപ്പിക്കുന്ന ഇത്തരം കാര്യങ്ങളിലായിരുന്നില്ല എന്റെ ശ്രദ്ധ.
ഇന്നലെ മറ്റൊരുത്തൻ വന്ന് കൈയ്യിൽ ആകെ ഉണ്ടായിരുന്നതും വാങ്ങി പോയി എന്ന് പറഞ്ഞാൽ ഇയാളുമായുള്ള സൗഹൃദം തകരുമല്ലോ എന്നതായിരുന്നു എന്റെ ചിന്ത.
ആ ചിന്തയാൽ വൈകുന്നേരം പൈസ എത്തിക്കാം എന്ന ധാരണയിൽ ഫോമൊക്കെ പൂരിപ്പിച്ച്‌ കാറുകൾ നിരന്ന് നീങ്ങി.
അവർക്ക്‌ ചായ കൊടുക്കാത്തതെന്താന്ന് ചോദിച്ചപ്പോൾ വീട്ടിലപ്പോൾ കട്ടൻ കൊടുക്കാൻ പോലും തേയില ഉണ്ടായിരുന്നില്ലെന്ന് പാവം അമ്മ പറഞ്ഞു.
ജോലി ചെയ്യുന്നിടത്ത്‌ നിന്ന് ശമ്പളത്തിൽ നിന്ന് ഗഡുക്കളായി തിരിച്ചടക്കാമെന്നുള്ള ഉപാധിയോടെ പൈസ വാങ്ങി കൊടുക്കുമ്പോ അവരിട്ടതിനെക്കാൾ നല്ല കോട്ട്‌ വാങ്ങിക്കണം എന്നായിരുന്നു എന്റെ ചിന്ത.
പക്ഷെ...
ഒരു പാട്‌ പേരോട്‌ നാവിട്ടടിച്ചെങ്കിലും ആരും എന്റെ താഴെ പൈസ മുടക്കി വരാൻ തയ്യാറായില്ല. അവരിൽ പലരും ഇത്തരം കുഴികളിൽ വീണവരാണെന്ന് പിന്നീട്‌ എനിക്ക്‌ ‌ മനസ്സിലായി.
അതിലൊരു തല നരച്ച അനുഭവസ്ഥൻ എന്നോട്‌ പറഞ്ഞു.
"നാടകം പൊളിയട്ടെ"
നിനക്ക്‌ പറ്റിയതല്ല ഈ പണി.
വാക്കുകളും വാഗ്ദാനങ്ങളും നൽകി ആളുകളെ പറ്റിക്കാൻ കഴിയുന്നവർക്കും അപാരമായ തൊലിക്കട്ടി ഉള്ളവർക്കും പറ്റിയതാണു ഇത്തരം ബിസിനസ്സ്‌.
പിന്നെ നിന്റെ ആരോഗ്യം വച്ച്‌ നിന്റെ താഴെ ആരും വരാതിരുന്നതും നന്നായി"
എന്ന് അതിൽ ചിലരെ ആളുകൾ വഴിയരികിൽ തടഞ്ഞു നിർത്തി കൈകാര്യം ചെയ്യുന്നത്‌ കാണുമ്പോ എനിക്കും തോന്നിയിട്ടുണ്ട്‌.
അത്‌ കൊണ്ട്‌ തന്നെ ഇപ്പോൾ
"മുട്ടുസൂചി മുടക്കൂ കൊട്ടാരം തരാം"
എന്ന് പറഞ്ഞ്‌ വന്നാൽ പോലും ആ ചങ്ങലകളോട്‌ ഒരു ചെറു പുഞ്ചിരിയോടെ ഞാനിത്രയേ പറയാറുള്ളൂ.
"നാടകം പൊളിയട്ടെ"
ഷാജി എരുവട്ടി..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot