Slider

ഹൃദയത്തിന്റെ താളം

0
Image may contain: 1 person, beard and closeup 

മോനെ, അമ്മ എന്നാ അങ്ങോട്ട് ചെല്ലാം ", തുറന്നിട്ട മുറിയിൽ അനീഷിനെ നോക്കി അമ്മ പറഞ്ഞു
" അമ്മ പൊയ്ക്കോ... ഞാൻ കുറച്ച് കഴിഞ്ഞ് വരാം..", മറുപടി പറഞ്ഞത് അനീഷ് ആണെങ്കിലും അയാൾ മറ്റൊരു ലോകത്തായിരുന്നു.
അയാളുടെ ചിന്തകൾ വർഷങ്ങൾക്കു പുറകോട്ട് പോയി. അന്ന് ശ്രീക്കുട്ടിയുടെ കല്യാണമായിരുന്നു. ശ്രീക്കുട്ടി എന്നു പറഞ്ഞാൽ അനീഷിന്റെ അമ്മാവന്റെ മകൾ. അനീഷും അവളും നല്ല കൂട്ടുകാരായായിരുന്നു. അതുകൊണ്ടുതന്നെ അവളുടെ കല്യാണം അടിച്ചുപൊളിക്കണം എന്ന് അവൻ തീരുമാനിച്ചു. പക്ഷേ കല്യാണദിവസം അനീഷിന് ഒന്നിനും കഴിഞ്ഞില്ല. എന്തിന് പറയുന്നു കല്യാണ ചെക്കനെ സ്വീകരിക്കാൻ പോലും അനീഷ് മറന്നു. കാരണം അനീഷിന്റെ കണ്ണുകൾ ആ നീല ദാവണി ചുറ്റിയ പെൺകുട്ടിയിൽ ഉടക്കി നിന്നിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ അനീഷിന്റെ മനസ്സിൽ അവൾ കയറിക്കൂടി.
" ഹലോ.., ഞാൻ അനീഷ്..., കുട്ടി പയ്യന്റെ ബന്ധുവാണല്ലേ...", അനീഷ് അവളോട് ചോദിച്ചു.
" അതേ...", അവൾ മറുപടി പറഞ്ഞു.
" എന്താ പേര്?..."
" അനു ", അവൾ പറഞ്ഞു.
ആ സമയമായിരുന്നു അവളെ ഫോട്ടോയ്ക്ക് ആരോ വിളിച്ചത്. പിന്നെ കാണാമെന്ന് പറഞ്ഞ് അവൾ മുന്നോട്ടു നടന്നു നീങ്ങി.
അന്ന് രാത്രി അനീഷിന് ഒട്ടും ഉറങ്ങാൻ സാധിച്ചില്ല. മുഖപുസ്തകത്തിൽ അനുവിനെ അവൻ ഒരുപാട് തിരഞ്ഞു. ഒരുപാട് പ്രൊഫൈലുകളിൽ കയറിയിറങ്ങിയതിനുശേഷം അവൻ അവളുടെ പ്രൊഫൈൽ കണ്ടുപിടിച്ചു.
ആദ്യം മുഖപുസ്തകത്തിൽ തുടങ്ങിയ ബന്ധം പിന്നീട് ഫോൺവിളികളിലേക്ക് മാറി. അങ്ങനെ അവർ ഏറ്റവും അടുത്ത കൂട്ടുകാരായി. പിന്നീട് അതൊരു പ്രണയവും ആയി.
അഞ്ച് വർഷം കടന്നു പോയി. അനുവിന്റെ വീട്ടിൽ അവരുടെ ബന്ധം അറിഞ്ഞു. അത് പറഞ്ഞത് മറ്റാരുമല്ല അനീഷ് തന്നെയാണ്.
വിദേശത്ത് അക്കൗണ്ടന്റ് ആയി ജോലിയുള്ള അനീഷിന് നല്ല വരുമാനവും ഉണ്ടായിരുന്നു. കാണാനും തെറ്റില്ലാത്തതുകൊണ്ട് അനുവിന്റെ വീട്ടിൽനിന്ന് എതിർപ്പുണ്ടായില്ല. ഒരുപാട് നാളത്തെ സ്വപ്നങ്ങൾ സത്യം ആക്കിക്കൊണ്ട് അവരുടെ വിവാഹം ഉറപ്പിച്ചു.
' ANEESH WEDS ANU '
വിവാഹ മണ്ഡപത്തിന്റെ മുന്നിൽ വച്ചിരിക്കുന്ന നെടുനീളൻ പോസ്റ്റർ. നല്ല പ്രൗഢിയുള്ള ചടങ്ങിൽ അനീഷ് അനുവിന്റെ കഴുത്തിൽ താലി ചാർത്തി.
ഏറെനാളത്തെ സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷം ഇരുവരുടേയും മുഖത്ത് തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തെ ലീവ് മാത്രമേ അനീഷിന് ഉണ്ടായിരുന്നുള്ളൂ. കമ്പനിയിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഉള്ളതുകൊണ്ട് ഒന്നര മാസം ആയപ്പോൾ തന്നെ അനീഷിന് തിരിച്ചുപോകേണ്ടിവന്നു.
" സമയായി ഇറങ്ങേണ്ടേ..",
അമ്മാവന്റെ നീട്ടിയുള്ള ചോദ്യമാണ് അനീഷിന്റെ കാതുകളിൽ മുഴങ്ങിയത്. അനു ഇപ്പോൾ തന്റെ നെഞ്ചോട് ചേർന്നു നിൽക്കുകയാണ്. അവൾ തന്റെ ഹൃദയമിടിപ്പിന്റെ താളം കേട്ട് അയാളെ എങ്ങോട്ടും വിടാതെ നിൽക്കുന്നു.
" ഇനി നിന്നാൽ ലേറ്റ് ആകും പെണ്ണേ...", അനീഷ് അവളെ അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു.
അവൾ കാണാതെ അയാൾ തന്റെ കണ്ണിൽ നിന്നും ഊർന്നു വന്ന മിഴിനീർ തുടച്ചു.
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയ അനീഷ് അവളെ നെഞ്ചോട് ചേർത്ത് നിർത്തി. നിറഞ്ഞു തുളുമ്പിയിരിക്കുന്ന അവളുടെ മിഴികളിലെ ഉപ്പുരസം അയാൾ അറിഞ്ഞു. പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും അവരുടെ കണ്ണുകൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
വിദേശത്തു തിരിച്ചെത്തി ഏകദേശം മൂന്ന് മാസം കഴിയുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഓഫീസ് സമയത്ത് വീട്ടിൽ നിന്നും ഒരു കോൾ അനീഷിന് എത്തുന്നത്.
അനീഷ് ഉടൻ തന്നെ നാട്ടിലേക്ക് എത്തണമെന്നും ഒട്ടും വൈകരുതെന്നും പറഞ്ഞെന്ന് കമ്പനിയിലെ റിസപ്ഷനിസ്റ്റ് പറഞ്ഞു. ഉടൻ തന്നെ തിരിച്ചു വിളിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല.
കമ്പനിയിലെത്തി വിവരങ്ങൾ അനീഷ് പറഞ്ഞു. അയാളുടെ മാനേജർ ഒരു മലയാളിയായത് കൊണ്ടും അനീഷ് ജോലിയിൽ ആത്മാർത്ഥതയുള്ള ആളായതു കൊണ്ടും പെട്ടെന്ന് തന്നെ ലീവ് കിട്ടി.
ഉടൻതന്നെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. അടുത്തദിവസം തന്നെ അയാൾ നാട്ടിലെത്തി. അമ്മയ്ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചു എന്നായിരുന്നു അനീഷിന്റെ ആദി. നാട്ടിലെത്തി ടാക്സിയിൽ വീട്ടിലേക്ക് തിരിച്ചെത്തിയ അനീഷ് മുറ്റത്തെ പടിയിലിരിക്കുന്ന അമ്മയെയാണ് കണ്ടത്.
പണം നൽകി ടാക്സി തിരിചയച്ച ശേഷം അയാൾ വീട്ടിലേക്ക് നടന്നു. ആകെയൊരു മൂകത പോലെ. മുറ്റം നിറയെ കരിയിലകൾ നിറഞ്ഞിരിക്കുന്നു. അനീഷിനെ കണ്ടയുടനെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
അയാൾ കൊണ്ടുവന്ന ബാഗ് എല്ലാം നിലത്ത് വെച്ചു. താൻ വരുന്നുണ്ടെന്നറിഞ്ഞാൽ ഓടിയെത്തുന്ന അനു എവിടെ. അയാളുടെ കണ്ണുകളിൽ നിന്ന് ആ ചോദ്യം അമ്മ വായിച്ചെടുത്തു.
" നമ്മുക്ക് ഒരിടം വരെ പോകണം..", അമ്മ നിറഞ്ഞ കണ്ണുകളുമായി പറഞ്ഞു.
അനു എവിടെയെന്ന് ഇപ്പോഴും അയാൾ ചോദിച്ചിരുന്നില്ല. ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കുള്ള യാത്രയെക്കുറിച്ചാണ് അമ്മ പറഞ്ഞതെന്ന് അയാൾക്ക് ബോധ്യമായിരുന്നു.
45 കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരുന്നു ആ ഉത്തരത്തിലേക്ക് എത്താൻ. ഒന്നര മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ അവർ അസീസ് ഹോസ്പിറ്റലിന്റെ മുന്നിലാണ് എത്തിയത്.
" അനു ഇവിടെയുണ്ട് ", ഇടറുന്ന ശബ്ദത്തിൽ അമ്മ പറഞ്ഞു
എന്താണ് തന്റെ അനുവിന് പറ്റിയതെന്ന് പോലും അയാൾ തിരക്കിയില്ല. തന്റെ ഹൃദയമിടിപ്പ് പെരുമ്പറ കൂട്ടുന്നതുപോലെ അയാൾക്കുതോന്നി.
" അനുവിന്റെ ഹസ്ബന്റ് ആണല്ലേ..", ഡോക്ടർ ചോദിച്ചു.
" അതേ ", അനീഷ് പറഞ്ഞു
" ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം.... അനുവിന്റെ അസുഖത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്..",
ഡോക്ടറിന്റെ വാക്കുകൾ അനീഷിനെ മുൾമുനയിൽ നിർത്തി.
" അനീഷ്.., അനുവിന് ഹൃദയ ധമനികൾ ചുരുങ്ങുന്ന ഒരു രോഗമാണ്... ഇതിന്റെ ചികിത്സാരീതികൾ ഫലിക്കാനുള്ള സാധ്യതകൾ കുറവാണ്... ഏറെ വൈകിപ്പോയി....., ഇടയ്ക്ക് നെഞ്ചുവേദന വരാറുണ്ടായിരുന്നു.. അല്ലെ?...",
ഡോക്ടർ ചോദിച്ചു
" ഇടയ്ക്ക് ഗ്യാസ് ട്രബിൾ ആണെന്ന് അവൾ പറയുമായിരുന്നു... ", വിങ്ങുന്ന സ്വരത്തിൽ അനീഷ് പറഞ്ഞു.
" ഹും..., അങ്ങനെ വിചാരിച്ചു... ഏറേ വൈകിപ്പോയി....", ഡോക്ടർ പറഞ്ഞു.
ഒരു വഴിയുമില്ലേ...., ഡോക്ടറേ", അനീഷിന്റെ സ്വരങ്ങൾക്ക് ശക്തി ഇല്ലാതായി.
" ഒരു ഹൃദയം മാറ്റിവെക്കൽ ശസ്‌ത്രക്രിയ നടത്തിയാൽ രക്ഷപെടാൻ ആയേക്കും. പക്ഷെ അവളുടെ ബ്ലഡ് ഗ്രൂപ്പിന് ചേരുന്ന.., ആരോഗ്യം ഉള്ള ഒരാളുടെ ഹൃദയം.....
പക്ഷെ അങ്ങനെ ഒന്ന്.... അതിന് ഒട്ടും ചാൻസ് ഇല്ല അനീഷ്‌......",
ഡോക്ടർ പറഞ്ഞതത്രയും കേട്ട് തളർന്നിരിക്കുകയാണ് അനീഷ്. ഡോക്ടർ എഴുന്നേറ്റ് അനീഷിനെ ആശ്വസിപ്പിച്ചു.
" താൻ ചെന്ന് കണ്ടിട്ട് വാ....", ഡോക്ടർ അനീഷിനോട് പറഞ്ഞു.
I. c. u വിന്റെ മുന്നിൽ നിന്നും അയാൾ അകത്തേക്കു നോക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുകയാണ് അവൾ. അകത്ത് കയറി അവളെ ആ അവസ്ഥയിൽ കാണാനുള്ള മനക്കരുത്ത് അനീഷിന് ഉണ്ടായിരുന്നില്ല.
" എന്നെ അങ്ങ് വിളിച്ചിട്ട് അവൾക്ക് ആയുസ്സ് കൊടുത്താൽ മതിയായിരുന്നു...", ചുമരിൽ ചാരിനിന്നുകൊണ്ട് നിറമിഴികളോടെ അമ്മ പറഞ്ഞു.
ഇനി ഏതാനും മണിക്കൂറുകൾ...... തന്റെ അനു ഇപ്പോൾ തന്നെ പാതി മരിച്ചിരിക്കുന്നു...
മനസ്സ് കൊണ്ട് അനീഷും മരണമടഞ്ഞു...
തന്റെ നെഞ്ചിൽ തല ചായ്ക്കാൻ, തന്നോട് ഒട്ടി ചേർന്ന് നിൽക്കാൻ, കളി പറഞ്ഞ് ചിരിക്കാൻ ഇനി അനു ഉണ്ടാകില്ലെന്ന് മനസ്സിലാക്കാൻ അനീഷിന് സാധിക്കില്ലാരുന്നു..
പൊട്ടനാണ് എന്തോ സംഭവിച്ചതുപോലെ തോന്നിയത്. ഡോക്ടർമാരും നേഴ്സുമാരും തിരക്കിട്ട് ഓടുന്നു.
ഏതോ അപകടത്തിൽപ്പെട്ട ഒരു ചെറുപ്പക്കാരിയെ അവിടെ കൊണ്ടുവന്നിരിക്കുന്നു. ചോരയിൽ കുളിച്ച ഒരു രൂപം മാത്രമേ അനീഷ് കണ്ടുള്ളൂ.
പിന്നീട് ഒരു നിലവിളിയാണ് അയാൾ കേട്ടത്.
പെട്ടെന്നാണ് ഡോക്ടർ അനീഷിനെ റൂമിലേക്ക് വിളിപ്പിച്ചത്.
" അനീഷ്..., ഇപ്പോൾ ആക്സിഡന്റ് ആയി ഒരു കുട്ടിയെ ഇവിടെ കൊണ്ടുവന്നിരുന്നു.., പക്ഷേ ഞങ്ങൾക്ക് ആ കുട്ടിയെ രക്ഷിക്കാനായില്ല...., മസ്തിഷ്കമരണം സംഭവിച്ചുപോയി.... ആ കുട്ടിയുടെയും അനുവിന്റെയും ബ്ലഡ് ഗ്രൂപ്പ് ഒന്നാണ്....
ആ കുട്ടിയുടെ അവയവങ്ങൾ ദാനംചെയ്യാൻ അതിന്റെ ബന്ധുക്കൾ സമ്മതിച്ചിട്ടുണ്ട്.. അനുവിന്റെ ഹൃദയം മാറ്റിയിട്ട് ഈ കുട്ടിയുടെ ഹൃദയം വെച്ചാൽ ഒരുപക്ഷേ നമുക്ക് അനുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ചേക്കും.. അനീഷിന് സമ്മതമാണോ?...."
കേട്ടതൊന്നും അനീഷിന് വിശ്വസിക്കാനായില്ല. ഡോക്ടർ കൊടുത്ത പേപ്പറുകളിൽ എല്ലാം അനീഷ് പ്രാർത്ഥനയോടെ ഒപ്പുവെച്ചു.
12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ. അനീഷും അമ്മയും പുറത്ത് പ്രാർഥനയോടെ നിൽക്കുന്നു.
അമ്പലങ്ങളിൽ മുഴങ്ങുന്ന പ്രാർത്ഥനകളെക്കാൾ ആശുപത്രി ചുമരുകൾ പ്രാർഥന കേട്ടിട്ടുണ്ടാകും.
പെട്ടെന്നാണ് അനീഷിന്റെ ഫോൺ റിംഗ് ചെയ്തത്. ചിന്തകളിൽ നിന്നുണർന്ന് അനീഷ് അതെടുത്തു നോക്കി. അമ്മയാണ്.
" മോനെ, നീ ഇറങ്ങിയോ.... അമ്മ ബിൽ അടച്ചിട്ടുണ്ട്..... നീ ഒരു ടാക്സി കൂട്ടി വാ.....", അമ്മ പറഞ്ഞു.
" ശരി.., ഉടനെ എത്താം..", അനീഷ് പറഞ്ഞു.
ഇന്നാണ് അനു ഡിസ്ചാർജ് ആകുന്നത്. നീണ്ട 4 ആഴ്ചത്തെ ചികിത്സയ്ക്കുശേഷം.
അന്ന് ഓപ്പറേഷൻ കഴിഞ്ഞുവന്ന ഡോക്ടർ അനീഷിനോട് താൻ ഭാഗ്യവാനാണെന്ന് പറഞ്ഞു. കാരണം തക്കസമയത്ത് ആ പെൺകുട്ടിയുടെ ശരീരം അവിടെ എത്തിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ.............
അനുവിന് പുനർജന്മം കൊടുത്തത് ജൂലി എന്ന പെണ്കുട്ടി ആണ്.
സുഖം പ്രാപിച്ചതിനു ശേഷം അനുവിനെയും കൊണ്ട് ജൂലിയുടെ കല്ലറയിൽ ഒരു പനിനീർ പുഷ്പം ആർപ്പിക്കണമെന്ന് അനീഷ് തീരുമാനിച്ചു..
ആകാശങ്ങൾക്ക് മീതെ നക്ഷത്രക്കൂട്ടത്തിൽ ഇരുന്നുകൊണ്ട് ജൂലി അവരെ വീക്ഷിക്കുകയായിരുന്നു.
മരിച്ചിട്ടും മരിക്കാത്ത തന്റെ ഹൃദയത്തിന്റെ താളം കേട്ടുകൊണ്ട്.....
ആ താളവും പേറി എത്തുന്ന അനുവിനെയും ആ പനിനീർ പുഷ്പത്തെയും പ്രതീഷിച്ചുകൊണ്ട്......
.
.
ദീപു അത്തിക്കയം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo