നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

HouseDriver - Part 25

Image may contain: 1 person, text


ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 25
മാർച്ച് പത്താം തീയതി മണി വിളിച്ചു പണം റെഡിയാണെന്നും വാങ്ങാൻ അവന്റെ രൂമു് വരെ ചെല്ലാനും പറഞ്ഞു ആ സമയത്ത് കഫീൽ ഫ്ലാറ്റിൽ ഇല്ലായിരുന്നു രാത്രി അവനെ നേരിട്ടു കാണുന്നത് വരെ ഞാൻ കാത്തിരുന്നു മൊബൈലിലേക്ക് വിളിച്ചു മണിയുടെ രൂമു് വരെ പോകണം എന്ന് പറഞ്ഞാൽ തീരാത്ത സംശയവും ചോദ്യങ്ങളുടെ നീണ്ടനിരയും ആവും രാത്രി അയാളെ നേരിട്ട് കണ്ടപ്പോൾ ഞാൻ കാര്യം പറഞ്ഞു ഇന്നിനി പോകേണ്ട നാളെയാവട്ടെ എന്ന് പറഞ്ഞു വണ്ടി ചോദിച്ചതോടെ മനസ്സിലായി എന്നോടുള്ള സ്നേഹം പിറ്റേന്ന് വരെ കാത്തിരുന്നു അവന്റെ ഉറക്കം ഒക്കെ കഴിഞ്ഞ് ഉച്ചയോടെ ഞാൻ വീണ്ടും വിളിച്ചു ഇപ്പോൾ പോകാൻ പറ്റില്ലെന്നും അല്പം കഴിഞ്ഞു ഓട്ടം പോവാൻ ഉണ്ടെന്നും പറഞ്ഞു സംസാരത്തിൽ ക്രമേണ ദേഷ്യം കലരുന്നത് ഞാൻ മനസ്സിലാക്കി
കുറച്ചുകഴിഞ്ഞ് മാഡത്തിന്റെയും കുട്ടികളെയുംകൊണ്ട് അവളുടെ ഉമ്മയുടെ വീടിന് തൊട്ടടുത്തുള്ള ഒരു മാളിലേക്ക് ഓട്ടം പോയി അവരെ അവിടെ ഇറക്കി ഞാൻ വീണ്ടും കഫീലിന് വിളിച്ചു താൻ എവിടെയാണ് മാഡം എന്തു പറഞ്ഞു എന്നൊക്കെ ചോദിച്ചു അതിനൊക്കെ ഞാൻ മറുപടി പറഞ്ഞു ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നുപറഞ്ഞ് അയാൾ ഫോൺ കട്ടാക്കി ആ വിഷയത്തിൽ നാലാമത്തെയും അവസാനത്തെയും വിളി അല്പം കഴിഞ്ഞു ഞാൻ കഫീലിന് വിളിച്ചു ഇത്തവണ എനിക്ക് വയറു നിറച്ചു കിട്ടി താൻ ബേജാറാവാതെ ഇരിക്കെടോ തന്റെ പണം അവിടെത്തന്നെ ഉണ്ടാകും തന്നോട് പറഞ്ഞാൽ മനസ്സിലാകില്ലേ എന്നു് ചോദിച്ചു എന്നോട് ദേഷ്യപ്പെട്ടു ക്ഷമിക്കണം ഇനി ഞാൻ വിളിക്കില്ല എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു ആ പണം എനിക്കു കിട്ടുമെന്നു തോന്നുന്നില്ല എന്തെങ്കിലും കാരണം കിട്ടിയാൽ പണം തരാതിരിക്കാൻ ശ്രമിക്കുന്ന മണിയുടെ കൈയിലാണ് പണം അത് അവിടെനിന്നും വാങ്ങിക്കൊണ്ടുവരാൻ എനിക്ക് ഒരു മാർഗ്ഗവുമില്ല ക്ഷമിക്കുക തന്നെ അല്ലാതെ എന്ത് ചെയ്യാൻ
ഈ ഓട്ടത്തിൽ എനിക്ക് കിട്ടിയത് തുടർച്ചയായ അഞ്ചുമണിക്കൂർ വെയ്റ്റിങ് ആയിരുന്നു സാധാരണ മാഡത്തിന്റെ ഉമ്മയുടെ വീടിന് തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് ഓട്ടം പോയാൽ എന്നെ അവരുടെ ഉമ്മയുടെ വീട്ടിലെ യമനിയുടെ റൂമിലേക്ക് പറഞ്ഞ് വിടലാണ് പതിവ് അങ്ങനെയാകുമ്പോൾ അവൾക്ക് വീട്ടിലേക്കു വിളിച്ചു അനിയനെയോ മറ്റൊ പറഞ്ഞു വിട്ട് വണ്ടി താഴെ ഉണ്ടോ എന്ന് ഇടക്കിടക്ക് പരിശോധിപ്പിക്കുകയും ചെയ്യാം ഇന്ന് ഞാൻ മണിയുടെ അടുത്തേക്ക് പോകാൻ വേണ്ടി വണ്ടി ചോദിച്ചതിനുള്ള ശിക്ഷയാണ് ഈ അഞ്ച് മണിക്കൂർ തുടർച്ചയായ കാത്തുകിടക്കൽ കാരണം കഫീലിനോട് ആണ് ഞാൻ സംസാരിക്കുന്നത് എങ്കിലും അതെല്ലാം തന്നെ അപ്പപ്പോൾ അവളും അറിയുന്നുണ്ടല്ലോ രാത്രിയായപ്പോൾ മണി വിളിച്ചു ഞങ്ങളുടെ ഫ്ലാറ്റിൽ നിന്നും കുറച്ചകലെ ഒരു ഫയർഫോക്സ് ഓഫീസുണ്ട് ആ വഴിക്ക് അവൻ പോകുമ്പോൾ അവിടെ വന്നു നിന്നാൽ പണം തരാമെന്ന് പറഞ്ഞു മാഡത്തെയും മക്കളെയും ഫ്ലാറ്റിൽ കൊണ്ടുവിട്ടു ഞാൻ അവിടം വരെ നടന്നു പോയി അയാളെ കാത്തിരുന്നു അതിന് ആരുടെയും കാലു പിടിക്കേണ്ടതില്ലല്ലോ അല്പം കഴിഞ്ഞ് അവൻ വന്നു 1250 റിയാൽ തന്നു
പടച്ചവനെ നിനക്ക് സ്തുതി നാട്ടിൽ നിന്നും ഈ വിസക്ക് പോരാൻ വേണ്ടി എനിക്ക് ചിലവ് വന്ന പണത്തിന്റെ പകുതിയെങ്കിലും ഇവിടെ വന്ന് ഒരു വർഷവും രണ്ടുമാസവും കഴിഞ്ഞിട്ടാണെങ്കിലും കിട്ടിയല്ലോ പണം കിട്ടിയ വിവരവും വണ്ടി എടുക്കാതെ നടന്നു പോയിട്ടാണ് പണം വാങ്ങിയതെന്നുമുള്ള് വിവരങ്ങൾ ഞാൻ കഫീലിന് മെസ്സേജ് വിട്ടു എന്റെ എന്തെങ്കിലും ആവശ്യം വരുമ്പോൾ അറിയാം കഫീലിന്റെയും മാഡത്തിന്റെയും യഥാർത്ഥ സ്വഭാവം ജോലിയിലുള്ള സുഖവും സമാധാനവും ഒക്കെ ചിലർക്ക് ലഭിക്കുന്ന ഭാഗ്യമാണ് കൃത്യമായി ശമ്പളം ഉള്ളത് തന്നെ എന്റെ ഭാഗ്യം ആ കാര്യത്തിലും പ്രശ്നങ്ങളും പ്രയാസങ്ങളും ആണെങ്കിലും ഒരുപക്ഷേ നാട്ടിലേക്കു മടങ്ങി ചെല്ലുവാനുള്ള മടി കാരണം അപ്പോഴും ഞാൻ ക്ഷമിക്കുമായിരുന്നു
ന്യായമായതാണെങ്കിലും അത്യാവശ്യം ഉള്ളതാണെങ്കിലും എനിക്ക് ആവശ്യങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല അവധിയില്ലാതെ ഏത് സമയവും കഫീലിന്റെയും മാഡത്തിന്റെയും വിളികൾക്ക് ഉത്തരം നൽകി ഏതു സമയത്ത് വിളിക്കുന്ന ഓട്ടങ്ങൾക്കും തടസ്സം പറയാതെ റൂമിലേക്ക് മടങ്ങാൻ അവർ എപ്പോഴാണോ പറയുന്നത് അതു വരെ കാത്തു നിന്നു റൂമിൽ നിന്നും എന്റെ ആവശ്യങ്ങളൊക്കെ നടന്നുപോയി അവർക്ക് ദേഷ്യം വരികയും വഴക്ക് പറയുകയും ചെയ്താലും എനിക്ക് ദേഷ്യം വരാതെ അവർ ചെയ്ത തെറ്റിനും ഞാനവരോട് ക്ഷമ പറഞ്ഞു കൊണ്ടുള്ള ഒരു രീതിയാണെങ്കിൽ അവരുടെ സ്വഭാവത്തിൽ അല്പം മയം ഒക്കെ കാണും അങ്ങിനെ തന്നെ അല്ലെങ്കിൽ അതിനേക്കാൾ ഏറെ അടിമപ്പെട്ടു കൊണ്ടാണ് ഞാൻ അവരോടൊപ്പം നിൽക്കാൻ ശ്രമിക്കുന്നതും പക്ഷേ ഇതുപോലെയുള്ള ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യകാര്യങ്ങൾ വരുമ്പോഴാണ് വണ്ടി ചോദിക്കുന്നതും അവരുടെ അല്പം കരുണ ക്ക് വേണ്ടി യാചിക്കുന്നതും അതോടെ അത്രയുംകാലം തുടർന്നുപോന്നതൊക്കെ ഒറ്റയടിക്ക് മറന്നു കുറച്ചു ദിവസത്തേക്ക് പിന്നെ ആ വിഷയത്തിന്റെ പേരിൽ എന്നോട് ദേഷ്യവും കഷ്ടപ്പെടുത്തലും ഒക്കെയാകും
ഈ മാസമാദ്യം പണം അയച്ചിരുന്നില്ല ശമ്പളം കിട്ടിയതും മണി തന്നതും കൂടി അല്പം കടവും ചേർത്ത് അമ്പതിനായിരം രൂപ നാട്ടിലേക്ക് അയച്ചു അതിൽ ഇരുപതിനായിരം രൂപ ജേഷ്ടന് വീടുപണിക്ക് എന്റെ വകയായും പതിനായിരം രൂപ ഉപ്പാക്ക് കച്ചവടത്തിലേക്കും ഒക്കെ യായി വീതിച്ചു പതിമൂന്നാം തീയതി ഉച്ചക്ക് 2 50 വരെ ഞാൻ ഉറങ്ങിപ്പോയി കുട്ടികളെ മദ്രസയിൽ നിന്നും എടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു അവർക്ക് രണ്ട് 30ന് ക്ലാസ് കഴിയും അവധിയില്ലാത്ത രാത്രി കൃത്യമായി ഉറക്കമില്ലാത്ത സ്ഥിരമായ ജോലി എനിക്ക് പ്രശ്നമല്ലെങ്കിലും ശരീരം പ്രതികരിക്കുന്നതാണ് ഇതുപോലെയുള്ള ഉറക്കം ഉണർന്ന ഉടനെ ഞാൻ കഫീലിനെ വിളിച്ചു കാര്യം പറഞ്ഞു അവൻ ഒരുപാട് വഴക്കുപറഞ്ഞു അതുമുഴുവൻ കേൾക്കാനുള്ള സമയമില്ലാത്തതുകൊണ്ട് മുഖത്തേക്ക് അൽപം വെള്ളം കുടഞ്ഞ് ഞാൻ വണ്ടിയുമെടുത്ത് പറന്നു മാടത്തിന്റെ ഓഫീസിൽ 15 മിനിറ്റ് വൈകിയാണ് എത്തിയതെങ്കിലും ആ വിശയത്തിൽ അന്ന് മാഡം ഒന്നും പറഞ്ഞില്ല
മാർച്ച് 25 തിയതി വലിയ അളിയാക്ക നാട്ടിൽ പോകാൻ തീരുമാനിച്ചു സാധനങ്ങൾ ആതികമൊന്നും വാങ്ങാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ഞാനും മറ്റൊരു അളിയനും കൂടി കുറച്ചു സാധനങ്ങൾ വാങ്ങി അളിയാക്കാന്റെ കയ്യിൽ കൊടുത്തു വിടാൻ തീരുമാനിച്ചു അങ്ങനെ പല സ്ഥലത്തുനിന്നും ശമ്പളം കിട്ടിയാൽ തരാം എന്ന വ്യവസ്ഥയിൽ 400 റിയാൽ കടം വാങ്ങി വീട്ടിലേക്ക് നോമ്പു കാലത്ത് ആവശ്യമുള്ള കുറച്ചു സാധനങ്ങൾ വാങ്ങി അയച്ചു കൂട്ടത്തിൽ മോൾക്ക് ഉടുപ്പും കളിപ്പാട്ടവും തുടങ്ങിയവയും സാധനങ്ങൾ വാങ്ങാനും മറ്റും കഫീലും മാടവും അറിയാതെ ഞാൻ വണ്ടി കൊണ്ടാണ് പോയത് അപൂർവ്വമായി വളരെ അത്യാവശ്യത്തിന് അളിയന്മാരെയും കൂട്ടി ഞാനെന്റെ വണ്ടിയിൽ പോകാറുണ്ട് പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ആവും എന്നെനിക്കു നല്ല വശം ഉണ്ടെങ്കിലും പേടിച്ച് വിറച്ചിട്ടാണെങ്കിലും ചോദിക്കാൻ നിൽക്കാതെ ഞാൻ വണ്ടിയെടുത്ത് പോകാറാണ് പതിവ് ചോദിച്ചാൽ വണ്ടി തരില്ല അഥവാ തന്നാൽ തന്നെ അതിന്റെ പേരിൽ പിന്നീട് എന്നെ ക്രൂശിക്കും
ഒരു മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ രണ്ടു പ്രാവശ്യമോ എന്റെ ചെറിയ സ്റ്റൗ നിറക്കാൻ എനിക്ക് ഗ്യാസ് കട വരെ പോകണമായിരുന്നു സാധാരണ ഞാൻ തനിയെ വല്ല ഓട്ടവും പോകുമ്പോൾ സ്റ്റവ് വണ്ടിയിൽ എടുത്തു വച്ച് വഴിയിൽ ഓട്ടം പോകുന്ന സ്ഥലത്ത് നിന്ന് എവിടെ നിന്നെങ്കിലും നിറച്ചു കൊണ്ടുവരലാണ് ശീലം ഒരിക്കൽ പാചകം ചെയ്തുകൊണ്ടിരിക്കെ രാത്രി ഗ്യാസ് തീർന്നു ഞാൻ കഫീൽ വരുന്നത് വരെ കാത്തിരുന്നു അയാൾ വന്നപ്പോൾ ഗ്യാസ് തീർന്ന കാര്യം ഞാൻ പറഞ്ഞു അതിനെന്താ ഇനി നിനക്കത് നിറക്കാൻ പോകണോ എന്ന് ചോദിച്ചു അതെ എന്ന് ഞാൻ പറഞ്ഞു പിന്നീട് നോക്കാം എന്ന് പറഞ്ഞ് അയാൾ ഫ്ലാറ്റിലേക്കു കയറിപ്പോയി ആ നോട്ടം പിന്നീടൊരിക്കലും തീർന്നില്ല ഈവക അനുഭവങ്ങളൊക്കെ ഉണ്ടായതുകൊണ്ടാണ് ചിലപ്പോഴെങ്കിലും എനിക്ക് വണ്ടി ആവശ്യമായി വരുമ്പോൾ ഞാൻ അവരോടു പറയാതെ പോകുന്നത് എപ്പോഴൊക്കെ ഞാനെന്റെ ആവശ്യത്തിന് ഓടിയിട്ടുണ്ടോ അതിൽ മുക്കാൽ പങ്കും മാഡം അടിച്ച എണ്ണ കൊണ്ടാണെന്നത് മറ്റൊരു സത്യം കാരണം എണ്ണ ചെലവഴിക്കാതെ അവളുടെ വായിലുള്ള തെറികൾ മുഴുവൻ ഞാൻ വെറുതെ കേൾക്കുകയല്ലേ അപ്പോ പിന്നെ ഇടയ്ക്കൊക്കെ ഇങ്ങനെ ചെറിയ ഒരു കാരണം കൂടി ഉണ്ടാവട്ടെ എന്ന് ഞാൻ കരുതും
ഇവരോടൊപ്പമുള്ള ജോലിയിൽ എല്ലാം ശീലം ആയതിന്റെ ആശ്വാസത്തിൽ പ്രത്യേകതകൾ ഇല്ലാത്ത നാളുകൾ കടന്നുപോയി എണ്ണ അടിക്കുമ്പോൾ എന്നെ വഴക്കു പറയൽ മാഡം കുറച്ചൊക്കെ നിർത്തിയെങ്കിലും പമ്പിൽ കയറി തിരിച്ചിറങ്ങൽ തുടർന്നുകൊണ്ടിരുന്നു ഒരിക്കൽ ബാക്കി കിട്ടിയതെല്ലാം 10 രൂപയുടെ നോട്ട് ആയിരുന്നു 50 രൂപ ഒറ്റ നോട്ട് ആയിട്ട് വേണമെന്നും പറഞ്ഞ മാഡം ദേഷ്യപ്പെട്ടു എല്ലാം പണം തന്നെയല്ലേ എന്ന് ഞാൻ പറഞ്ഞെങ്കിലും എണ്ണ അടിക്കാൻ പണം ചെലവായതിന്റെ ദേഷ്യം അവൾ എന്റെ മേൽ തീർത്തു ഇനിമുതൽ ബാക്കി തരുന്ന തുക ഞാൻ എണ്ണി നോക്കി ശരിക്കും ബോധ്യപ്പെട്ടു ഓ ക്കെ പറഞ്ഞാൽ മാത്രമേ വണ്ടിയെടുക്കാവൂ എന്നുള്ള പുതിയ നിയമവും അന്ന് പ്രാബല്യത്തിൽ വന്നു എന്റെ പടച്ചവനേ ഈ ജാടയിൽ നിന്നൊക്കെ നീ എന്നെ രക്ഷിക്കുകയില്ലേ
29 തീയതി ഉച്ചതിരിഞ്ഞ് ഞാൻ അടുത്തുള്ള പള്ളിയിൽ ഇരിക്കുമ്പോൾ കഫീലിന്റെ വിളി വന്നു അത്യാവശ്യമായി പെട്ടെന്ന് അവന്റെ ഫ്ലാറ്റിലേക്ക് ചെല്ലാൻ പറഞ്ഞു ഞാൻ ചെല്ലുമ്പോൾ അവന്റെ ബെഡ്റൂമിൽ ഒരു പാമ്പ് കയറി കൂടിയിരിക്കുകയാണ് എന്നും പറഞ്ഞു എല്ലാവരും പേടിച്ചു വിറച്ചു പല മുറികളിലായി കയറി വാതിലടച്ച് ഇരിക്കുകയാണ് ഞാൻ ചെന്ന് നോക്കുമ്പോൾ ഒരു മണ്ണിരയുടെ അത്രയും വലിപ്പമുള്ള ഒരു ചെറിയ പാമ്പിന്റെ കുട്ടിയാണ് ഇവിടെ നമ്മുടെ നാട്ടിലെപ്പോലെ പാമ്പുകൾ ഒന്നുമില്ലാത്തതും ഉള്ള ജീവികൾ ക്കൊക്കെ ഭയങ്കര വിഷം ഉള്ളതുകൊണ്ടും ഇവർക്ക് ഇത് തന്നെ ഭയപ്പെടാൻ ധാരാളം മതി റൂമിൽ വച്ച് അതിനെ കൊല്ലേണ്ടെന്ന് മാഡം പറഞ്ഞതുകൊണ്ട് ഞാൻ അതിനെ ഒരു ചെറിയ പ്ലാസ്റ്റിക് പെട്ടിയിലാക്കി പുറത്തുകൊണ്ടുപോയി കൊന്നു കഫീൽ ഉടനെ ഫയർഫോഴ്സിൽ വിവരമറിയിക്കാൻ വണ്ടിയുമെടുത്ത് പോയി ഫയർഫോഴ്സിലും മുനിസിപ്പാലിറ്റിയിലും ഒക്കെ വിവരമറിയിച്ചു രണ്ടുദിവസത്തിനകം ഫ്ലാറ്റിൽ മൊത്തം മരുന്ന് തെളിക്കാൻ ആളു വരാൻ ഏർപാട് ചെയ്തു
30 തീയതി ആദ്യമായി എന്റെ അശ്രദ്ധകൊണ്ട് എന്റെ വണ്ടിയിൽ മറ്റൊരു വണ്ടി ഇടിച്ചു ഇടിച്ചത് ആ വണ്ടി ആണെങ്കിലും തെറ്റ് പൂർണമായും എന്റെ ഭാഗത്തായിരുന്നു പിറകിലേക്ക് വരാൻ പാടില്ലാത്ത സ്ഥലത്ത് ഞാൻ എന്റെ വണ്ടി അല്പം പിറകോട്ടു എടുത്തു ആ സമയത്ത് വലതുഭാഗത്തുനിന്നും വന്ന വണ്ടി എന്റെ മുൻപിലെ ഡോറിൽ ഇടിക്കുകയായിരുന്നു എന്റെ വണ്ടിയുടെ ഡോർ ഉള്ളിലേക്കു മടങ്ങി നിന്നു അയാളുടെ വണ്ടിയിലും ചെറിയ പരിക്കുണ്ടായിരുന്നു കഫീലിന്റെ ഓഫീസിലേക്ക് ഓട്ടം പോയ സമയത്തായിരുന്നു സംഭവം ഉടനെ അവനെ വിളിച്ചു വരുത്തി എന്റെ വണ്ടിക്ക് ഇൻഷുറൻസ് ഉണ്ടായതുകൊണ്ട് ഏജന്റിനെ വിളിച്ചു മറ്റേ വണ്ടി ശരിയാക്കാനുള്ള പേപ്പറുകൾ ശരിയാക്കി കൊടുത്തു തെറ്റു പൂർണമായും എന്റെ ഭാഗത്ത് ആയതുകൊണ്ട് എന്റെ വണ്ടിക്ക് ഇൻഷുറൻസ് കിട്ടിയതുമില്ല
രണ്ടുദിവസം കഴിഞ്ഞ് ഒന്നാം തീയതി രാവിലെ എന്റെ അക്കൗണ്ടിലേക്ക് ശമ്പളം വിട്ടു കഫീൽ എന്നെയും കൂട്ടി വർക്ക് ഷോപ്പിലേക്ക് പോയി എന്നെ അവിടെ ഏല്പിച്ച് അവർ മടങ്ങിപ്പോയി ഉച്ചക്ക് പണത്തിനു വേണ്ടി ഞാൻ കഫീലിനെ വിളിച്ചു അത് രാവിലെ തന്നെ തന്നതാണല്ലോ എന്ന് മറുപടി അത് എന്റെ ശമ്പളം അല്ലേ ഇത് വണ്ടി നേരാക്കാൻ ആവശ്യമുള്ള പണം ആണെന്ന് ഞാൻ പറഞ്ഞു അതു കേട്ട ഉടനെ അയാൾ എന്റെ മേൽ ചാടിവീണു അതിനു വേണ്ടിയാണ് ഇന്ന് രാവിലെ തന്നെ തന്റെ ശമ്പളം തന്നത് ഇതു മുഴുവൻ വരുത്തിവെച്ചത് താനല്ലേ വണ്ടി പഴയതു പോലെ ആക്കാൻ നോക്കൂ ബാക്കി പിന്നീട് ആലോചിക്കാം സത്യത്തിൽ അയാൾ ആക്രോശിക്കുകയായിരുന്നു പതിവുപോലെ അടിമ ക്ഷമ പറഞ്ഞു ഫോൺ കട്ട് ചെയ്തു വാതിൽ ശരിയാക്കി വർക്ക് ഷോപ്പിലെയും മറ്റും കണക്കുകൾ തീർത്ത് വണ്ടി ഇറക്കാൻ എനിക്ക് മൊത്തം ചിലവായത് 550 റിയാൽ (10000 രൂപ) പടച്ചോനേ വണ്ടി ഓടിക്കുന്നതിലുള്ള ലാഭം മുഴുവൻ അവർക്കും നഷ്ടം എനിക്കും
വണ്ടി പഴയ രൂപത്തിൽ ആക്കി അവനെ ഏൽപ്പിച്ചു ചാവിയും കൊടുത്തു എന്റെ പാടുനോക്കി പോവാനാണ് തോന്നിയത് പിന്നെ ചിന്തിച്ചപ്പോൾ ക്ഷമിക്കാൻ തീരുമാനിച്ചു ഇത്രയും കാലം എല്ലാം ക്ഷമിച്ചു നിന്നിട്ടു അവസാനം തോറ്റു മടങ്ങാൻ ഒരു മടി എന്റെ വീട്ടുകാരെ ഞാൻ ഈ കാര്യങ്ങളൊന്നും അറിയിച്ചില്ല എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി സാരമില്ല എന്നൊക്കെ ഉമ്മ പറഞ്ഞാലും ഞാൻ ഇവിടെ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയ പതിനായിരം രൂപ നഷ്ടമായി എന്നറിഞ്ഞാൽ പാവം എന്റെ ഉമ്മയും ഭാര്യയും ഒക്കെ വിഷമിക്കും ഈ വിഷയത്തിൽ മാഡത്തിൽ നിന്നും നേരിട്ട് സംസാരം ഒന്നും ഉണ്ടായില്ലെങ്കിലും ഇതുപോലൊരു അടിമയെ കിട്ടിയതിലുള്ള സന്തോഷം അവളിൽ പ്രകടമായിരുന്നു ഒരിക്കൽ അവളോടൊപ്പം അവളുടെ ഉമ്മയെയും കൂട്ടി ഓട്ടം പോകുമ്പോൾ എനിക്ക് മനസ്സിലാകാത്ത രൂപത്തിൽ പതിയെ പറയുന്നുണ്ടായിരുന്നു
ഉമ്മാ ഇന്ന് മുൻപിലെ ആൾക്ക് എന്താണ് ദേഷ്യം എന്ന് അറിയാമോ എന്താണ്
വണ്ടി നേരെ ആക്കാൻ ഉള്ള പണം അവന്റെ കയ്യിൽ നിന്നും കൊടുക്കാൻ കുട്ടികളുടെ ഉപ്പ പറഞ്ഞു
എത്ര റിയാൽ ചെലവായി
550 റിയാൽ
അയ്യോ പാവം അവൻ
എന്ത് പാവം ഇതൊക്കെ അവന് വേണ്ടത് തന്നെയാണ്
അങ്ങനെ പറയരുത് മോളേ വണ്ടി ഇടിച്ചത് വിധിയാണ് അല്ലാതെ അവൻ കരുതിക്കൂട്ടി ചെയ്തത് അല്ലല്ലോ
ശരി ശരി ഉമ്മ മിണ്ടാതിരിക്
ഇപ്രാവശ്യത്തെ പ്രവാസത്തിനിടയിൽ ഇതുപോലെ മാനസികസമ്മർദ്ദം അനുഭവിച്ച എത്ര എത്ര ദിവസങ്ങൾ ഞാൻ ഓടിക്കുന്ന ഈ ചെറിയ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നും എന്റെ ഒറ്റമുറി റൂമിൽ ഇരുന്നും ഞാൻ അനുഭവിച്ച വിഷമങ്ങൾ, പ്രയാസങ്ങൾ, സങ്കടങ്ങൾ, അതൊന്നും അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല അതൊന്നും ഒരു പുസ്തകത്തിലേക്ക് എഴുതുവാനോ ആരോടെങ്കിലും പറയുവാനോ ഉള്ള കഴിവും എനിക്കില്ല ഓരോ പ്രയാസങ്ങൾ വരുമ്പോഴും ഞാൻ ചിന്തിക്കും ഇതാണ് ഞാൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ പ്രയാസം എന്ന് കുറച്ചു ദിവസം കഴിയുമ്പോൾ അതിനേക്കാൾ വലിയ എന്തെങ്കിലും വിഷമം വരും എല്ലാ കഷ്ടതകളും നീന്തി കടക്കുമ്പോൾ ചെറിയ ആശ്വാസം തോന്നും ക്ഷമിക്കാൻ അള്ളാഹു ഭാഗ്യം തന്നല്ലോ എന്നോർത്ത് സമാധാനിക്കും ഇത്രയും കാലം വണ്ടി ഓടിച്ചതിന് ഇടയിൽ എന്റെ അടുത്തു നിന്നും സംഭവിച്ച ആദ്യത്തെ തെറ്റിന് ഒരു കരുണയുമില്ലാതെ എന്റെ ശമ്പളത്തിന്റെ മൂന്നിലൊന്നും ചിലവാക്കിച്ച അയാളോട് എനിക്ക് വെറുപ്പ് തോന്നിയില്ല പകരം എനിക്ക് എന്നോട് തന്നെയായിരുന്നു വെറുപ്പ് രണ്ടുവർഷം ഇങ്ങനെ കഴുതയായി ജീവിച്ചു പിന്നെ തിരിച്ചു പോയാലും എനിക്കൊന്നും നേടാനില്ല എല്ലാം അനുഭവിച്ചുകഴിഞ്ഞില്ലേ പിന്നെന്ത് ജയം എന്തു മാഡത്തിനോടുള്ള മധുരപ്രതികാരം
ഏതു രാത്രിയിലും എത്ര വൈകിയാലും റൂമിലേക്ക് മടങ്ങുവാൻ സ്വാതന്ത്ര്യമില്ലാതെ എല്ലാം കേട്ട് സഹിച്ചു നിന്നാലും പോരാ എന്റെ ശമ്പളം ഇവിടെ ഇവർക്കുവേണ്ടി ചിലവാക്കുകയും വേണം ഈ അവസ്ഥയിൽ എന്റെ സ്വപ്നമായ രണ്ടു വർഷം പൂർത്തിയാക്കൽ വിജയിക്കുമോ എന്തോ പിടിച്ചു നിൽക്കാനുള്ള കരുത്തു നീ തരണേ അല്ലാഹ് എപ്പോഴായാലും എൻറെ നാട്ടിൽ പോകൽ സന്തോഷത്തിലും സമാധാനത്തിലും നീ ആക്കി തരണേ .... ഈ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ മാടത്തിന്റെ ഉമ്മയുടെ വീട്ടിലെ എന്റെ സുഹൃത്തായ യമനി എന്നെയാണ് വിമർശിച്ചത് ക്ഷമിക്കുംതോറും അവർ തലയിൽ കയറി ഇരിക്കും എന്നും കാര്യങ്ങൾ തുറന്നു പറയണം എന്നും ഒക്കെ പറഞ്ഞു കൂടാതെ മൂന്നു തരം ആളുകളെക്കുറിച്ച് അയാൾ എനിക്ക് പറഞ്ഞുതന്നു അവർ സ്വന്തം ശരീരത്തെ ഇഷ്ടപ്പെടാത്തവരാണ് അവരെ ഉപദ്രവിച്ചാലും ആക്രമിച്ചാലും അവർ പ്രതികരിക്കാതെ നിൽക്കുന്നവരാണ് അവരാണ് ഈ ലോകം മുഴുവൻ നശിപ്പിച്ചത് എന്നൊക്കെ പറഞ്ഞു
ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണ് അവൻ പറഞ്ഞ മൂന്ന് തരക്കാർ ശരിയാണ് നമ്മെ ഇവിടത്തുകാർ കാണുന്നത് അടിമകളെ പോലെയാണ് എന്തു സംഭവിച്ചാലും എത്ര ഉപദ്രവിച്ചാലും സഹിക്കുക മാത്രമേ ചെയ്യൂ എന്ന് തൊഴിലുടമകൾക്ക് അറിയാവുന്നതുകൊണ്ട് ഈ രാജ്യക്കാരുടെ മേലിൽ അവർ അല്പം യജമാനത്തരം കൂടുതൽ കാണിക്കും എന്നാൽ യമനിക്ക് ഞാൻ പറഞ്ഞു കൊടുത്തത് മറ്റൊരു കഥയാണ് ഏതു കഷ്ടപ്പാടിലും, എത്ര ഉപദ്രവം സഹിക്കേണ്ടിവന്നാലും , എത്രത്തോളം മാനസിക പീഡനങ്ങൾ സഹിച്ചാലും, സാമ്പത്തിക നഷ്ടമുണ്ടായാലും, അഭിമാനം മറ്റുള്ളവന്റെ കാൽക്കീഴിൽ പണയം വയ്ക്കേണ്ടി വന്നാലും, സ്വന്തം വീട്ടിലെ പട്ടിണിയോ കെട്ടിക്കാൻ പ്രായമായ മക്കളെയോ വൃദ്ധരായ മാതാപിതാക്കളെയോ ഒക്കെ ഓർത്തു എല്ലാമെല്ലാം സഹിക്കാൻ കഴിയുന്ന ചില ആളുകൾ അവരാണ് നീ പറഞ്ഞ ഈ ഇന്ത്യനും പാകിസ്താനിയും ബംഗാളികളും
ഇവിടെ ഞങ്ങൾക്ക് ജീവിതമില്ല ജീവിക്കാൻ വേണ്ടിയുള്ള അദ്ധ്വാനമേ ഉള്ളൂ സ്വന്തം കുടുംബത്തിന്റെ ഉതര പൂരണത്തിനു വേണ്ടി എല്ലാം എല്ലാം സഹിക്കാൻ തയ്യാറായി അറവ് ശാലകളിലേക്ക് സ്വയം ഓടിക്കയറിയ അറവുമാടുകൾ ആണ് ഞങ്ങൾ ഞങ്ങൾക്ക് സങ്കടമില്ല ഞങ്ങളെ കാത്തിരിക്കാൻ മാസാമാസം ഞങ്ങൾ അയക്കുന്ന പണത്തെ പ്രതീക്ഷിച്ചിരിക്കാൻ ഞങ്ങളുടെ എല്ലാമെല്ലാമായ കുടുംബം അവിടെ ഉള്ളപ്പോൾ ഇതിനേക്കാളൊക്കെ സഹിക്കാൻ ഞങ്ങൾ തയ്യാറാണ് ഇത്രയൊക്കെ യമനിയോട് പറഞ്ഞു കൊടുത്ത് ഞാൻ സ്വയം സമാധാനിച്ചു ഈ മാസം നാട്ടിലേക്ക് പതിനായിരം രൂപ മാത്രമാണ് അയച്ചത് ഇവിടെ വന്നിട്ട് ആദ്യത്തെ 15 ദിവസത്തെ ശമ്പളത്തിൽ നിന്നും അയച്ച പതിനായിരം രൂപ ഒഴിച്ചാൽ പിന്നീട് ഒരു മാസവും ഇത്ര ചെറിയ തുക അയച്ചിട്ടില്ല
പണം നഷ്ടപ്പെട്ട സംഭവം കുറച്ചു ദിവസത്തേക്ക് എനിക്ക് മറക്കാൻ കഴിഞ്ഞതേയില്ല ഇത്രയും കാലം ചരക്കു കയറ്റിയ ഒരു ലോറി ഓടിക്കുന്നതിനേക്കാൾ കഷ്ടപ്പെട്ട് പലപ്പോഴും ബാറ്ററി ഇല്ലാഞ്ഞിട്ട് ഞാൻ സ്വയം തള്ളി സ്റ്റാർട്ട് ചെയ്തു ഈ വണ്ടി ഓടിച്ചതിന്ന് എനിക്കുകിട്ടിയ സമ്മാനം 10000 രൂപ നഷ്ടം ആണല്ലോ എന്നോർത്ത് ഞാനൊരുപാട് വിഷമിച്ചു ഈ വിഷയത്തിലും ഞാൻ ഒരു വാക്കുകൊണ്ട് പോലും പ്രതികരിക്കാത്തത് കഫീലിന് അല്പം അത്ഭുതം തോന്നാതിരുന്നില്ല മുഴുവൻ പണവും ഞാൻ തന്നെ കൊടുത്തു വണ്ടിയുമായി ഞാൻ വന്നപ്പോൾ അയാളുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു വർക്ക് ഷോപ്പിലും മറ്റും ഒരുപാട് സമയം ചിലവഴിച്ചു വിശന്നു വലഞ്ഞു ഞാൻ റൂമിലേക്ക് വന്നപ്പോൾ എന്റെ കഫീൽ എന്നെ നിറഞ്ഞ ചിരിയോടെ സ്വാഗതം ചെയ്തു
ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു വരൂ നമുക്ക് ഇന്ന് പുറത്തുനിന്ന് ഭക്ഷണം കഴിക്കാം നിനക്ക് ഏതുതരം ഭക്ഷണമാണ് ഏറ്റവും ഇഷ്ടം എന്നൊക്കെ എന്നോട് ചോദിച്ചു ഒരു വർഷത്തിലധികം അവന്റെ കൂടെ ജോലി ചെയ്തിട്ട് ആദ്യമായിട്ടാണ് എന്നെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നത് ഇതിനു മുൻപ് അവനും ഞാനും മാത്രം ഓട്ടം പോവുന്ന സമയത്തു എന്റെ വായിൽ കാണിച് അവനെന്തെല്ലാം ഭക്ഷണം കഴിച്ചിട്ടുണ്ട് അവന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഓടുന്ന വണ്ടി സ്വാഭാവികമായും പതിനായിരക്കണക്കിന് വണ്ടികൾക്കിടയിലൂടെ നൂറുകണക്കിന് ദിവസങ്ങൾ ഓടിയിട്ട് സ്വാഭാവികമായും സംഭവിക്കാവുന്ന ഒരു അപകടത്തിൽപ്പെട്ടതിന്ന് എന്റെ അധ്വാനത്തിൽ നിന്ന് ഒരു മാസത്തിന്റെ മൂന്നിലൊന്നു തുകയും ഞാൻ ചിലവാക്കിയതിലുള്ള സന്തോഷം അവന്റെ മുഖത്ത് പ്രകടമായിരുന്നു
നിർവികാരത അല്ലാതെ എന്റെ മുഖത്ത് മറ്റൊന്നും ഉണ്ടായിരുന്നില്ല എനിക്കിപ്പോൾ ആവശ്യമില്ല എന്റെ റൂമിൽ എനിക്കുള്ള ഭക്ഷണമുണ്ട് പിന്നീടൊരിക്കലാവാം ഇപ്പോൾ നീ പോയി കഴിച്ചോളൂ എന്ന് ഞാൻ വളരെ സൗമ്യമായി തന്നെ പറഞ്ഞു വർക്ക് ഷോപ്പിലും മറ്റും പോയത് കാരണം അന്ന് ഭക്ഷണമൊന്നും ഞാൻ പാചകം ചെയ്തിരുന്നില്ല അല്പം പഴയ ചോറു മാത്രം റൂമിൽ ഉണ്ടായിരുന്നു അതിലേക്ക് വല്ല കറിയും ഉണ്ടാക്കാൻ അനുവദിക്കാതെ വണ്ടി വർക്ക് ഷോപ്പിൽ നിന്നും വന്നതറിഞ്ഞ് മാഡം ഉടനെ ഓട്ടം വിളിച്ചു ഞാനുടനെ ഒന്നു രണ്ട് പച്ചമുളകും കടിച്ചു ആ ചോറ് പെട്ടെന്നു വാരിത്തിന്നു എന്നോട് ഇങ്ങനെയൊക്കെ പെരുമാറിയ കഫീലിന്റെ ഹോട്ടൽ ഭക്ഷണത്തേക്കാൾ എനിക്ക് എന്റെ ചോറും മുളകും ആണ് രുചിയായി തോന്നിയത്
(തുടരും)

By Abdul nasser

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot