നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ക്രിസ്മസ് ദിനത്തിലെ പെണ്ണുകാണൽ*

*ക്രിസ്മസ് ദിനത്തിലെ പെണ്ണുകാണൽ*
****************************************
ജോലിയൊക്കെ കിട്ടി ബാഗ്ലൂരിൽ ബാച്ചിലർ ലൈഫൊക്കെ അടിച്ചു പൊളിച്ചു നടക്കുന്ന കാലം. അടിച്ചു പൊളിയെന്നൊക്കെ പറഞ്ഞാൽ ചുമ്മാ ഫോറം മാളിൽ വായ് നോക്കി നടക്കുക, സിനിമക്ക് പോവുക, കൈരളി ഹോട്ടലിലോ മറ്റോ പോയി ഫുഡ് അടിക്കുക , മാസത്തിൽ ഒരിക്കൽ നാട്ടിൽ വരിക അങ്ങനെയുള്ള കൊച്ച് കൊച്ച് സന്തോഷങ്ങൾ.
അങ്ങനെ ജീവിതം രസകരമായി മുന്നോട്ട് പോകുമ്പോളാണ് വീട്ടുകാർ പറയുന്നത് ."ഒരു ഫോട്ടോ അയച്ചു തരണം". " എന്തിനാ , പേഴ്സിൽ വെക്കാനാണോ?" "അല്ല, മാട്രിമോണിയിൽ ഇടാനാ".
"എനിക്കതിന് 23 വയസ് ആകുന്നേയുള്ളല്ലോ? "
'' അതിന് മാട്രിമോണിയിൽ ഇട്ട ഉടനെ ഒന്നും കല്യാണം ആവില്ല. അതിന് കുറച്ച് സമയം എടുക്കും."
എന്തായാലും ഞാൻ ഞങ്ങളുടെ സ്ട്രീറ്റിലുള്ള ഒരു സ്റ്റുഡിയോയിൽ ചെന്ന് ഒരു ഫുൾ സൈസ് ഫോട്ടോ എടുത്തു. അതും കൊണ്ട് നാട്ടിൽ പോയി വീട്ടുകാരെ കാണിച്ചു. എന്റെ സൗന്ദര്യം അപ്പാടെ ആവാഹിച്ച ആ ഫോട്ടോ കണ്ട് അമ്മ ഞെട്ടിപ്പോയി. '' അയ്യേ , നീയെന്താ നല്ല വളയും കമ്മലുമൊന്നും ഇടാഞ്ഞെ, ഒരു മെനയുമില്ല കാണാൻ , ഒരു പിച്ചക്കാരി കൊച്ചിനെ പോലുണ്ട്."
ഇത് കേട്ട് എന്റെ ഹൃദയം ചിന്നഭിന്നമായി , സ്വന്തം അമ്മയാണീ ക്രൂര വചനങ്ങൾ പറയുന്നത്! '' പക്ഷെ ഇതാണല്ലോ ഒറിജിനൽ ഞാൻ ?"
അപ്പൊ അമ്മ പറഞ്ഞു " മോളെ , പ്രണയ വിവാഹമൊക്കെ ആകുമ്പോൾ, അടുത്തറിഞ്ഞ് , ആന്തരിക സൗന്ദര്യം ഒക്കെ കണ്ടായിരിക്കും , പക്ഷെ അറേഞ്ച്ഡ് മാരേജിൽ അങ്ങനെയല്ല. ഫോട്ടോ കണ്ടിഷ്ടപെട്ടാലെ കാണാൻ പോലും വരൂ."
അപ്പൊ എന്റെ ഒറിജിനൽ കൂതറ ഫോട്ടോയും വെച്ച് ഒരു പട്ടി കുഞ്ഞുപോലും തിരിഞ്ഞ് നോക്കില്ല എന്നാണ് വ്യഗ്യാർത്ഥം. ഏതെങ്കിലും അലവലാതിക്ക് എന്നെ പ്രണയിച്ചൂടാർന്നോ എന്നോർത്ത് കൊണ്ട് ഞാൻ അനിയത്തിയേയും കൂട്ടി എം. ജി റോഡിലുള്ള ഭാവൻസ് സ്റ്റുഡിയോയിൽ പോയി ഒരു ഫുൾ സൈസ് ഫോട്ടോ എടുത്തു.
ഫോട്ടോ കിട്ടിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരു സുന്ദരി! എന്റെ യാതൊരു ഛായയും ഇല്ല എന്ന് പ്രത്യേകം പറയണ്ടാലോ." ഇത് ഞാനല്ല, എന്റെ ഫോട്ടോ ഇങ്ങനല്ല." ആരോട് പറയാൻ , ആര് കേൾക്കാൻ!
അങ്ങനെ എനിക്ക് ആലോചനകൾ കേരള മാട്രിമോണിയിൽ വരാൻ തുടങ്ങി. വീട്ടിലേക്കാണ് വിളി മുഴുവൻ . അത് കൊണ്ട് എനിക്ക് കാര്യമായി ബുദ്ധിമുട്ടില്ല.
മിക്കവരും ആദ്യം ചോദിക്കുന്ന ചോദ്യം പെണ്ണിനു നിറമുണ്ടോ എന്നാണ്. നിറം കുറവാ എന്ന് പറയുമ്പോളെ അതവിടെ അവസാനിക്കും.
ഇനി എങ്ങാൻ കളറിനെ പറ്റി ബേജാറാവാതെ ആരേലും വന്നാൽ പിന്നെ അടുത്ത കടമ്പ ജാതകം ! അച്ഛൻ കമ്മ്യൂണിസ്റ്റാണെങ്കിലും അമ്മ കുറച്ച് അന്ധവിശ്വാസി ആയിരുന്നു. അമ്മ അമ്മയുടെ ഓഫീസിലെ ആരുടേയോ സഹായത്തോടെ പൊരുത്തം നോക്കാനൊക്കെ പഠിച്ച് വെച്ചിരുന്നു. അത്കൊണ്ട് ജാതകം ചേരുമോ എന്ന് നോക്കാൻ വേറെ ആരുടേയും അടുത്ത് പോകണ്ട.
കാര്യങ്ങളുടെ പോക്ക് കണ്ടപ്പോൾ അടുത്ത കാലത്തൊന്നും ഈ വഞ്ചി കരയ്ക്കടുക്കുമെന്ന് തോന്നിയില്ല. കുറച്ചു അഭ്യുദ്ധയകാംക്ഷികൾ ഉപദേശിച്ചു, എഞ്ചിനിയർ ആണ് പെൺകുട്ടിയെന്നോർത്ത് എഞ്ചിനിയറെ തന്നെ നോക്കാതെ കുറച്ചൂടെ താഴ്ത്തി പിടിച്ച് നോക്കൂ എന്ന്. എന്തായാലും കുറച്ച് നാളൂടെ കഴിഞ്ഞ് ബാറ് താഴ്ത്താം എന്ന് വീട്ടുകാരും തിരുമാനിച്ചു. ഒന്നും ശരിയായില്ലെങ്കിൽ അച്ഛന്റെ പരിചയത്തിലെ ഏതേലും സഖാവിനെ വിവാഹം കഴിച്ചേക്കാംന്ന് ഞാനും ഓർത്തു. രക്തഹാരം പരസ്പരം അണിയിക്കുക, പാർടി സൂക്തങ്ങൾ ഉരുവിടുക, പരിപ്പ് വടയും കട്ടൻ ചായയും കഴിച്ച് പിരിയുക. കാര്യം സിമ്പിൾ ആന്റ് പവർഫുൾ! വിപ്ലവം ജയിക്കട്ടെ!
അങ്ങനെയിരിക്കെ എന്റെ വിപ്ലവ മോഹങ്ങൾക്ക് ''കടക്കു പുറത്ത്" പറഞ്ഞ് കൊണ്ട്, നിറത്തെ പറ്റി വ്യാകുലപ്പെടാത്തതും, ജാതകം അമ്മയുടെ നോട്ടത്തിൽ ചേരുന്നതും ആയ ഒരാലോചന വന്നു.ചെന്നൈയിൽ സോഫ്ട് വെയർ എഞ്ചിനിയർ. രണ്ട് പേരും ക്രിസ്മസിനു ലീവിന് നാട്ടിൽ വരുമ്പോൾ പെണ്ണ് കാണാൻ തിരുമാനമായി.
അമ്മയുടെ ഓഫിസിലെ ഒരാളുടെ മോൾടെ ഇതിപ്പൊ പതിനെട്ടാമത്തെ പെണ്ണുകാണലാത്രേ. നിറം കുറവായതിനാൽ കണ്ടവർക്കാർക്കും ഇഷ്ടപ്പെടുന്നില്ലെന്ന്. ചെന്നെയിൽ ഐ ടി കമ്പനിയിൽ വർക്ക് ചെയ്യുന്ന ആ കൊച്ച് ഇതിന്ന് വേണ്ടി നാട്ടിൽ വന്ന് മടുത്തു. ഇതൊക്കെ പറഞ്ഞ് അമ്മ ബുദ്ധിപരമായി എന്റെ മനസിനെ റിജക്ഷൻ താങ്ങാൻ വേണ്ടി തയ്യാറെടുപ്പിച്ചു. അമ്മേടെ വിചാരം ചെക്കൻ വന്ന് ഇഷ്ടപ്പെട്ടില്ലാന്ന് പറഞ്ഞാൽ ഞാൻ തകർന്ന് പോകും എന്നാ .
എനിക്കാണേൽ അതൊന്നും ഒരു വിഷയമല്ല. ഫോട്ടോയിലെ സുന്ദരിയെ നേരിൽ കാണുമ്പോൾ ചെക്കൻ ബോധം കെട്ട് വീണിട്ട് ആമ്പുലൻസ് വിളിക്കേണ്ടി വരോ എന്ന് മാത്രേ പേടിയുള്ളൂ.
ചെക്കന്റെ ഫോട്ടോയൊന്നും കണ്ടിട്ടില്ല. ഏതോ ബ്യൂറോ വഴി വന്ന ആലോചനയാണ്. ഫോട്ടോ ഒന്നും ഇല്ലാത്തോണ്ടും നിറത്തെ പറ്റി ചോദിക്കാത്തോണ്ടും ചെക്കന്റെ കാര്യം ശോകമായിരിക്കും എന്ന് ഞാൻ ഊഹിച്ചു. എന്തായാലും എന്നെ ഇഷ്ടപെട്ടന്ന് പറഞ്ഞാൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ ഞാൻ തിരുമാനിച്ചു. കാട്ടുമാക്കാനായിരുന്താലും നീയെൻ മോഹവല്ലൻ ഡാ.
എന്തായാലും എന്റെ ആദ്യത്തെ പെണ്ണുകാണൽ ആണല്ലോ, ഞങ്ങളുടെ വീടിന്റെ മുകളിൽ വാടകയ്ക്ക് താമസിക്കുന്ന അനിത ചേച്ചി എന്നെ സാരിയൊക്കെ ഉടുപ്പിച്ചു. വൈകിട്ട് 3 മണിക്കാണ് സംഭവം. അനിയത്തിയാണേൽ കൂട്ടുകാരിയുടെ വീട്ടിൽ പോയേക്കുന്നു.
3 മണി ആയപ്പോൾ തന്നെ അവരെത്തി. ഞാൻ അകത്തെ മുറിയിലാണ് . അങ്ങനെ ടെൻഷൻ ഒന്നുമില്ല. ഹാളിൽ നിന്നും അച്ഛന്റെ കൂടാതെ 2 പേരുടെ സംസാരം കേൾക്കാം. ഒന്ന് ചെക്കന്റേതായിരിക്കുമല്ലോ. എന്തായാലും സംസാരം 2 പേരുടേയും കൊള്ളാം.
കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു. ചായയും ബോർബോൺ ബിസ്കറ്റും മിക്സ്ചറും ലഡുവുമാണ് വിഭവങ്ങൾ.ചായയൊക്കെ അമ്മയോട് തന്നെ കൊടുത്തോളാൻ ഞാൻ മുന്നേ പറഞ്ഞായിരുന്നു. സാരീം എടുത്ത മര്യാദക്ക് നടക്കാൻ പോലും പറ്റാത്ത ഞാനാണ് . ചായേം കൂടെ പിടിച്ച് ''പുരുഷു എന്നെ അനുഗ്രഹിക്കണം" എന്നും പറഞ്ഞ് തലേം കുത്തി വീണാൽ നല്ല ട്രാജഡി ആയിരിക്കും!
ഞാൻ മന്ദം മന്ദം നടന്നു ചെന്നു. സാരി കാരണം ആണ് വേറെ ഒന്നും അല്ല. ചെക്കനെ പരിചയപ്പെടുത്തി തന്നു.കൂടെ വന്നിരിക്കുന്നത് ചേട്ടൻ ആണ്. ചെക്കൻ എന്നെ നോക്കി ചിരിച്ചു. എന്റെ സാറെ പിന്നെ ചുറ്റുമുള്ള ഒന്നും ഞാൻ കണ്ടില്ല. കാട്ടുമാക്കാനെ പ്രതീക്ഷിച്ചത് കൊണ്ടാണോ എന്നറീല്ല, കണ്ണടയൊക്കെ വെച്ച് ഒരു ചുള്ളൻ ചെക്കൻ. (കണ്ണട വെച്ച ചെക്കൻമാർക് ഒരു പ്രത്യേക ഗ്ലാമർ തോന്നും.) ഒട്ടും പ്രായവുമില്ല.
എന്തായാലും പുള്ളിക്ക് എന്നെ ഇഷ്ടപെടാൻ യാതൊരു സാധ്യതയും ഞാൻ കണ്ടില്ല. അത് കൊണ്ട് ഒരു സമ്മർദവും എനിക്ക് തോന്നിയില്ല. പുള്ളി ചെന്നെയിൽ ഇൻഫോസിസിൽ ആണു വർക് ചെയ്യുന്നേ, ചെന്നെയ്ക് ട്രാൻസ്ഫർ കിട്ടോ എന്നൊക്കെ ചോദിച്ചു. കിട്ടുമായിരിക്കും എന്ന് ഞാൻ പറഞ്ഞു. പിന്നേയും എന്തൊക്കെയോ സംസാരിച്ചു. നല്ല ശാന്തമായ സംസാരം, നമ്മൾ പറയുന്നതൊക്കെ ശ്രദ്ധിച്ച്, നമ്മൾക്കും സംസാരിക്കാൻ അവസരമൊക്കെ നൽകി. മൊത്തത്തിൽ എനിക്കിഷ്ടപ്പെട്ടു. പക്ഷെ ഞമ്മന്റെ ഇഷ്ടത്തിന് പ്രസക്തിയില്ലല്ലോ.
എന്തായാലും റ്റാറ്റാ യൊക്കെ കൊടുത്ത് ചെക്കനെ യാത്രയാക്കി. മിക്സ്ചറും ബോർബോൺ ബിസ്കറ്റും അകത്താക്കി,സാരിയൊക്കെ മാറി. അപ്പോളേക്കും തിരിച്ച് വന്ന അനിയത്തിയേയും കൂട്ടി കറങ്ങാൻ പോയി.
ഞാൻ നാട്ടിൽ വരുമ്പോൾ അവളേയും കൂട്ടി കറങ്ങാൻ പോകും. ഹോട്ടലിൽ പോയി ഇഷ്ടം പോലെ ഫുഡ് കഴിക്കും.ചിക്കൻ ഫ്രൈഡ് റൈസ്, ന്യൂഡിൽസ്, പൊറോട്ട, ചില്ലി ചിക്കൻ, ഗോബി മഞ്ചൂരിയൻ പിന്നെ ഐസ് ക്രീമും . നമ്പോലനെ പോലുള്ള അവളുടേയും സാധാ വണ്ണമുള്ള എന്റേയും ഓർഡറിങ്ങ് കണ്ടിട്ട് വേറെ ആരേലും കൂടി വരാനുണ്ടോ എന്ന് വരെ ചോദിച്ചിട്ടുണ്ട് ചില വെയ്റ്റർമാർ . ഞങ്ങളുടെ കപ്പാസിറ്റിയെ പറ്റി അവർക്കെന്തറിയാം!പിന്നെ സിനിമക്ക് പോകും ,മറൈൻ ഡ്രൈവിൽ പോകും. അങ്ങനെയൊക്കെ ചെറിയ ആർമാദങ്ങൾ.
ഞങ്ങൾ അന്ന് ഫുഡ് എന്തോ തട്ടിയിട്ട് മറൈൻ ഡ്രൈവിൽ ഇരിക്കുവാർന്നു. ഞാൻ ചെക്കന്റെ ഗുണഗണങ്ങൾ പറഞ്ഞ് വെറുപ്പിക്കുന്നു. സമയം വൈകിട്ട് ആറര. അപ്പളാണ് അമ്മയുടെ ഫോൺ. വൈകിട്ട് ആറരയായിട്ടും വീട്ടിൽ കേറാതെ തെണ്ടി തിരിഞ്ഞ് 2 പെൺ പിള്ളേർ നടക്കുന്നതിന് ഒരു വഴക്ക് പതിവുള്ളതാണ്.
പതിവില്ലാത്ത വിധം ആ സമയത്ത് അമ്മയുടെ ശബ്ദം ഭയങ്കര സോഫ്ട്. കൊടുങ്കാറ്റിനു മുമ്പിലത്തെ ശാന്തതയാണോന്നോർത്ത് പേടിച്ചു. അപ്പൊ പറയാ ചെക്കന്റെ വീട്ടുകാർ വിളിച്ചത്രേ. അവർക്കിഷ്ടപെട്ടൂന്ന്. അടിച്ചൂ മോളേ..... എന്നാലും ആ ചെക്കന് എന്ത് കണ്ടിട്ടാണ് എന്നെ ഇഷ്ടപെട്ടതെന്ന് മനസിലായില്ല. അതോ അങ്ങേരുടെ കണ്ണട മാറ്റാൻ സമയം ആയോ.
എന്തായാലും പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു. അവിടെ പോകുന്നു. ഇവിടെ വരുന്നു. ഫോൺ വിളി , പഞ്ചാരയടി ആകെ ബഹളം.
ഒരിക്കൽ ഫോൺ വിളിച്ചപ്പോൾ പുള്ളിക്കാരൻ ഒരു പാട്ട് . " ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ...'' . തരക്കേടില്ലാതെ പാടുന്നുണ്ട്. ഞാനാകെ ടെൻഷനിലായി എന്റെ സംഗീത വാസന പ്രകടിപ്പിക്കാൻ ഏത് പാട്ട് പാടും? അവിടുന്ന് പാടിയ സ്ഥിതിക്ക് ഇവിടുന്ന് പാടാതിരുന്നാൽ മോശമല്ലേ? മനസ് ഒരു കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ ഒരു സിമ്പിൾ പാട്ടിനായി അലഞ്ഞു. അധികം പിച്ച് പാടില്ല, സംഗതികൾ കൈവിട്ട് പോകും, പിന്നെ ആദ്യത്തെ 4 വരിയെങ്കിലും കാണാതെ അറിയണം. ഈ ഗുണഗണങ്ങൾ ഒത്ത് വരുന്ന ഒരു പാട്ട്, ശ്രേയ ഘോഷാലിനെ മനസ്സിൽ ധ്യാനിച്ച് ഞാനങ്ങട് പാടി..'' കണ്ണ് തുറക്കാത്ത ദൈവങ്ങളേ... കരയാനറിയാത്ത ... ചിരിക്കാനറിയാത്ത ...കളിമൺ പ്രതിമകളേ... "... പകച്ച് പോയി ചേട്ടായിയുടെ യൗവനം! അന്ന് അന്ത്യശ്വാസം വലിച്ചതാണ് ചേട്ടായിയിലെ ഗായകൻ!
എന്റെ അമ്മ ഭയങ്കര വർണന ഭാവി മരുമകനെ പറ്റി. എന്ത് ശാന്തത, എന്ത് സൗമ്യത ! മോതിരം മാറൽ , കല്യാണം എല്ലാം പെട്ടന്നായിരുന്നു.
പിന്നീട് ഞാൻ ചേട്ടായിയോട് എന്റെ ആന്തരിക സൗന്ദര്യം ഒറ്റ കാഴ്ചയിൽ മനസിലാക്കിയ വിദ്യയെ പറ്റി ചോദിച്ചു. അപ്പോളാണ് ഞാനാ നഗ്ന സത്യം മനസിലാക്കുന്നത്.
ചെന്നെയിൽ ചേട്ടായിയും കൂട്ടുകാരും ഒരു വീടെടുത്ത് ബാച്ചിലർ ലൈഫ് ആസ്വദിച്ചു കൊണ്ടിരിക്കുമ്പോളാണ്, കൂട്ടുകാർ ഒരോരുത്തരായി ഓൺ സൈറ്റ് പോകാൻ തുടങ്ങിയത്. !ചേട്ടായിക്കും എങ്ങനേലും ഓൺ സൈറ്റ് പോയാൽ മതിയെന്നായി. അങ്ങനെ കയ്യും കാലും പിടിച്ച് കമ്പനിയെ കൊണ്ട് വിസ ഇനിഷേറ്റ് ചെയ്തെങ്കിലും അത് ലോട്ടറിയിൽ കേറിയില്ല. ( യു എസ് വിസ ലോട്ടറി സിസ്റ്റം ആണ്.നിശ്ചിത എണ്ണമേ ഒരു വർഷം കൊടുക്കൂ. കൂടുതൽ അപേക്ഷകൾ ഉണ്ടേൽ നറുക്കിലാണ് എടുക്കുന്നേ). ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്നു പറയുന്ന പോലെ നൈസായിട്ടൊരു തേപ്പും കിട്ടി. (കൈയ്യിലിരിപ്പിന്റെ ആയിരിക്കും)
അങ്ങനെ ആകെ മൂക ശൂന്യനായി ഏകാന്തതയുടെ അപാര തീരങ്ങളിൽ പെട്ടലയുമ്പോളാണ് വീട്ടിൽ കല്ല്യാണം ആലോചിക്കട്ടെ എന്ന് ചോദിക്കുന്നത്. 25 വയസ് ആവുന്നേ ഉള്ളെങ്കിലും ഒരു രണ്ട് മൂന്ന് കൊല്ലം പെണ്ണ് കണ്ട് നടക്കാം എന്ന് വിചാരിച്ച് സമ്മതിച്ചു. എൻജിനിയറിംഗ് പഠിച്ചതാവണം ഐ ടി യിൽ ജോലി വേണം. ഇത്രയേ ഡിമാന്റുള്ളു.
അങ്ങനെയാണ് എന്റെ ആലോചന വരുന്നേ. ഫോട്ടോ കണ്ടപ്പോ കൊള്ളാം എന്ന് തോന്നി. അങ്ങനെ പെണ്ണ് കാണാൻ വന്നു. ഫോട്ടോയിൽ കണ്ട പോലെ അല്ല. എങ്കിലും വല്യ കുഴപ്പമൊന്നുമില്ല. സംസാരവും കൊള്ളാം എന്ന് തോന്നി.
അങ്ങനെ തിരിച്ച് ചെന്നപ്പോൾ അവിടെ അച്ഛൻ എങ്ങനെയുണ്ട് പെണ്ണ് എന്നു ചോദിച്ചു. കുഴപ്പമില്ല എന്ന് പറഞ്ഞ് പോയതും " ആഹാ എന്നാൽ വെച്ച് കൊണ്ടിരിക്കണ്ട ഇപ്പൊ തന്നെ അവരെ വിളിച്ച് പറഞ്ഞേക്കാം " എന്നും പറഞ്ഞ് എന്റെ വീട്ടിൽ വിളിച്ചത്രേ. അങ്ങനെ കാര്യങ്ങൾ ചേട്ടായീടെ കൈവിട്ട് പോയി. തുടർ പെണ്ണുകാണൽ മോഹവും .
"കഷ്ടപെട്ട് സാരിയൊക്കെ ഉടുത്ത് വന്നതല്ലേ, ഇഷ്ടപ്പെട്ടില്ല എന്നൊക്കെ എങ്ങനെ പറയാമെന്നോർത്താ, അല്ലാണ്ട് ആന്തരിക സൗന്ദര്യം കണ്ടിട്ടൊന്നുമല്ല. അല്ലെങ്കിലും നിനക്ക് ആന്തരിക സൗന്ദര്യം ഉണ്ടെന്ന് ആരാ പറഞ്ഞേ! ''
ഇതാണ് വരാനുള്ളത് ചെന്നൈ മെയിലും പിടിച്ച് വരും എന്ന് പറയുന്നത്! അമ്മ പറഞ്ഞതു പോലെ ശാന്തനുമല്ല സൗമ്യനും അല്ല ഒരു മണ്ണാങ്കട്ടയും അല്ല ! 'കലി' സിനിമ തന്നെ അങ്ങേരെ മനസിൽ ധ്യാനിച്ച് എടുത്തതാണോന്ന് വരെ സംശയമുണ്ട്.
ആകാശവും ഭൂമിയും പോലെ വ്യത്യസ്ഥരാണ് ഞങ്ങൾ. ഞാൻ ഒരു ഫെമിനിസ്റ്റ്, പുള്ളി മെയിൽ ഷോവനിസ്റ്റ്! ഞാൻ റൊമാൻറിക്ക് മൂവീസ് ഇഷ്ടപെടുമ്പോൾ പുള്ളിക്കിഷ്ടം ക്രൈം ത്രില്ലേഴ്സ് .ചേട്ടായി അടക്കി പെറുക്കലുകാരൻ ,ഞാൻ നേരെ വിപരീതം (അച്ഛൻ ജേർണലിസ്റ്റായിരുന്നത് കൊണ്ട് എന്റെ വീട്ടിൽ ദിവസോം മൂന്ന് നാല് പത്രോം മാസികേം ഒക്കെ വരുമായിരുന്നു. ഇതിന്റെ ഒക്കെ നടുക്ക് കിടന്ന് വളർന്നത് കൊണ്ടാവും അലങ്കോല പെട്ട് കിടന്നാലും എന്റെ കണ്ണിൽ പെടില്ല. എന്നാൽ ഒരു വസ്തു സ്ഥാനം തെറ്റിയാൽ അങ്ങേരറിയും, പിന്നെയാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കും) .ഞാൻ കടൽ തീരവും ഗ്രാമാന്തരീക്ഷവും ഇഷ്ടപ്പെടുമ്പോൾ ചേട്ടായിക്കിഷ്ടം മലനിരകളും അംബരചുംബിയായ കെട്ടിടങ്ങളും. ഞാൻ കമ്മ്യൂണിസ്റ്റ്, പുള്ളി കോൺഗ്രസ്. (എന്നെ കോൺഗ്രസ് ആക്കാൻ കല്യാണം കഴിഞ്ഞന്നു മുതൽ ശ്രമിക്കുന്നതാണ്. പക്ഷെ സമത്വമെന്ന ആശയം മരിക്കാത്തിടത്തോളം കാലം ഞാൻ കമ്മ്യൂണിസ്റ്റായിരികും.)
അങ്ങനെ പ്രത്യക്ഷത്തിൽ ഞങ്ങൾ അകൽചയിലാണെങ്കിലും ഞങ്ങൾക്കിടയിലെ അന്തർധാര സജീവമായതിനാൽ ചട്ടിയും കലവും പോലെ തട്ടീം മുട്ടീം മുന്നോട്ട് പോകുന്നു. എന്തൊക്കെ പറഞ്ഞാലും ഒമ്പത് വർഷങ്ങൾക്ക് മുമ്പ് എനിക്ക് കിട്ടിയ ക്രിസ്മസ് സമ്മാനമാണ് ചേട്ടായി!( ചുമ്മാ ഇരിക്കട്ടെ, എങ്ങാനും ബിരിയാണി കിട്ടിയാലോ?..)

Deepthi

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot