Slider

SSLC

0
Image may contain: 1 person, sunglasses

ഈ തട്ടിക്കൂട്ട് കഥ ഗ്രൂപ്പിൽ പോസ്റ്റ് ചെയണ്ട എന്നു കരുതിയതാണ് പിന്നെ ഏല്ലാവരും പറഞ്ഞു ഒരേ പാതയിൽ സഞ്ചരിച്ചാൽ ചിലപ്പോൾ വായിക്കുന്നവർക്ക് മുഷിപ്പ് ഉണ്ടാകുമെന്ന് ,മരണം, ആത്മഹത്യ, ശമ്ശാനം വേദന എത്രയെഴുതും. മനസ്സില്ല മനസ്സോടെ ഞാൻ പോസ്റ്റ് ചെയ്യുന്നു.....
S .....S......L........C

നവംമ്പർ മാസത്തിലെ ചെറിയ തണുപ്പുള്ള പ്രഭാതം.
മഞ്ഞിൽ കുതിർന്നു കിടന്ന
ആ സ്ക്കൂൾ മൈതാനത്തിന്റെ ചുറ്റു മതിലിൽ ഞങ്ങൾ ഇരിക്കുകയായിരുന്നു.
ക്ലാസിലേയ്ക്ക് കയറേണ്ട അവസാനത്തെ കൂട്ടമണി മുഴങ്ങിയിട്ടും ചുറ്റുമതിലിന്റെ പുറത്തിരിക്കുന്നത് കാണുമ്പോൾ തന്നെ ഞങ്ങളെ കുറിച്ചുള്ള ഒരേകദേശരൂപം കാണുന്നവർക്ക് മനസ്സിലാകും. വിദ്യാഭ്യാസത്തിനോടുള്ള
താത്പര്യമില്ലെങ്കിലും വലിയ,വലിയ സ്വപ്നങ്ങൾ കാണാൻ ഞങ്ങൾ മിടുക്ക് കാട്ടിയിരുന്നു.
സ്ക്കൂൾ മതിലിനോട് ചേർന്ന് കിടക്കുന്ന കുറ്റിക്കാട്ടിൽ മലർന്ന് കിടന്ന് ബീഡി വലിച്ചുകൊണ്ട്, നിറമുള്ള കിനാക്കൾ കണ്ടു. ക്രിക്കറ്റ് ഗ്രൗണ്ടിൽ സച്ചിനോടെത്ത് ബാറ്റ് ചെയ്യുക., മോഹൻലാലിനെ വെച്ച് സിനിമ സവിധാനം ചെയ്യുക, കേന്ദ്രസർക്കാർ ജോലിയുള്ള പെണ്ണിനെ വിവാഹം കഴിക്കുക, വലിയ വീട്, ആഡംബരകാറ് അങ്ങനെ പലതും.മറ്റുള്ളവർ കാണാൻ മടിക്കുന്ന സ്വപ്നങ്ങൾ ഞങ്ങൾ ലാഘവത്തോടെ പലതവണ കണ്ടു.
ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് സ്ക്കൂൾ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞായിരുന്നു സജീവനു തോന്നിയ സംശയം ഞങ്ങളോട് ചോദിച്ചത്.
" അളിയൻമാരെ! SSLC യുടെ ഫുൾഫോം എന്താണ്?".....
മുഖത്തോടു മുഖം ഞങ്ങൾ
നോക്കിയിരുന്നു, അല്ലെങ്കിലും പഠിത്തവുമായി ബന്ധപ്പെട്ട കാര്യകാരണങ്ങളെ കുറിച്ച് ഞങ്ങളുടെ സംസാരത്തിനിടയ്ക്ക് കടന്നുവരാറില്ല. പ്രത്യേകിച്ചും സജീവനും, വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം വളരെ കൂടുതലായിരുന്നു.......
കുറച്ചു മാസങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്, സജീവനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത്.
ഞങ്ങളുടെ ഗ്രൂപ്പിലെ ഏല്ലാ മെമ്പർമാരും, ഓരോ പെണ്ണുങ്ങളെയെങ്കിലും പ്രേമിക്കണമെന്ന ആശയം മുന്നോട്ടു വച്ച കാലം. സജീവൻ സുന്ദരിയായ പ്രശാന്തിയുടെ പിറകേ കൂടി ഞങ്ങളെല്ലാവരും ചേർന്ന് അവനെ വിലക്കി...
" ഇത്രയ്ക്കും സുന്ദരിയായ പെണ്ണ് വേണ്ട, മച്ചാനെ അവൾ നിനക്ക് വളയില്ല.........."
അവനതൊന്നും കേട്ട ഭാവം നടിച്ചില്ല. അവൾക്കു വേണ്ടി നെയ്തുകൂട്ടിയ എണ്ണമറ്റ സ്വപ്നങ്ങളിൽ മതിമറന്നുറങ്ങാൻ അവന്റെ മനസ്സ് ആശ കൊള്ളുകയായിരുന്നു...
ഒരു വൈകുന്നേര സമയം. സ്കൂൾ കഴിഞ്ഞു വന്ന് എന്നും ഇരിക്കാറുള്ള അമ്പലത്തറയിലെ ആൽ മരച്ചോട്ടിലേയ്ക്ക് ഓടിക്കിതച്ച് അവൻ വന്നു. വന്നപാടെ ഞങ്ങൾക്കുനേരെ ഒരു കടലാസു കഷണം നീട്ടി.
" ഇതുവരെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന പ്രശാന്തി, ഈ പ്രണയലേഖനം കൊടുത്തതിൽ പിന്നെ എന്നോട്ട് മിണ്ടാട്ടമില്ല! മിണ്ടാതിരിക്കാൻ മാത്രം എന്തു മോശമായ കാര്യമാണ് ഈ കത്തിലുള്ളത് ഒന്ന് നോക്കി പറയടാ........"
പൊതുവെ അക്ഷര തെറ്റ് മാത്രമെഴുതുന്ന ഞാൻ തന്നെ അതു വായിക്കണമെന്ന് സുഹൃത്തുക്കൾ ആവശ്യപ്പെട്ടപ്പോൾ ഞാനെന്ന സാഹിത്യകാരന് ആദ്യമായി കിട്ടിയ അംഗീകാരമായി കരുതി ആ പ്രണയലേഖനം വായിക്കാൻ ഒരുമ്പെട്ടു........
' പ്രിയപ്പെട്ട പ്രശാന്തി നമ്മൾ തമ്മിൽ ആദ്യം കണ്ട നിമിഷം ഓരോ നക്കിലും ആയിരം അർത്ഥം തോന്നിയ നിമിഷം ,ഞാൻ ഇന്നും വസന്തത്തിൻ
പൊൻ പൂക്കളായി തന്നെ മനസ്സിൽ സൂക്ഷിക്കുന്നു. ആദ്യം നീ നക്കി, പിന്നെ ഞാൻ നക്കി, പിന്നെ നമ്മൾ പരസ്പരം നക്കി...
കുറച്ചു മാത്രമേ എനിക്കു വായിക്കാൻ കഴിഞ്ഞുള്ളു. കൂട്ടുകാരുടെ കളിയാക്കലും കൂട്ട ചിരിയും കേട്ടപ്പോൾ ഞാൻ വായിച്ചതു തെറ്റിപ്പോയതാണെന്ന സംശയം എന്നിൽ ബലപ്പെട്ടു ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി. അല്ല അവൻ എഴുതിയത് അങ്ങനെ തന്നെയായിരുന്നു അടക്കിപിടിച്ച ചിരിയുമായി ഞാൻ അവനോട് തന്നെ തിരക്കി..
" കവി ഉദ്ദേശിച്ചത് എന്താണാവോ? "........
നോക്കിയെന്നു എഴുതിവന്നപ്പോൾ നക്കി എന്നായിപ്പോയിപ്പോലും...
മലയാള ഭാഷയെ അതിരുകവിഞ്ഞ് സ്നേഹിച്ച ആ പെൺകുട്ടിക്ക് ഇതുപോലൊരു പ്രണയ ലേഖനം എഴുതി കൊടുത്താൽ പിന്നെ എങ്ങനെ സജീവനെ പ്രശാന്തി പ്രണയിക്കും. ആ പ്രണയത്തിന്റെ ദാരുണാന്ത്യം ആ പ്രണയലേഖനത്തോട്
സംഭവിച്ചു......
ആ സജീവനാണ് ഇന്ന് SSLC യുടെ പൂർണ്ണരൂപം ചോദിക്കുന്നത്. ഞങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ സംശയങ്ങൾ ഉടലെടുത്തു. ഇനി സജീവൻ നന്നാവാൻ തീരുമാനിച്ചോ? ആ സംശയത്തിന്റെ അളവ് ഗണ്യമായ തോതിൽ വർദ്ധിച്ചുകൊണ്ടിരുന്നു കൂട്ടത്തിൽ ഉത്തരമറിയാത്തതിന്റെ വിഷമവും ഞങ്ങളുടെ മുഖത്ത് പ്രകടമായി.
കൂട്ടത്തിൽ നിന്നും അകലം മാറി നിന്ന ഗണേശൻ! ആ ചോദ്യം കേട്ട മാത്രയിൽ ഞങ്ങളോടായി പറഞ്ഞു.
" ഇതൊന്നും തെരിയാതെയാണോ പത്താം ക്ലാസ് വരെ വന്തത്?".............
ഗണേശൻ,അങ്ങനെയാണ്.തമിഴും, മലയാളവും കൂട്ടി കുഴച്ച് മാത്രമേ അവന് സംസാരിക്കാനറിയുള്ളു.
തമിഴ്നാട്ടിലാണ് അവന്റെ അച്ഛനും,അമ്മയ്ക്കും ജോലി. കുറച്ചു കാലം വളർന്നതും പഠിച്ചതും.
ഈറോഡായിരുന്നു അതിന്റെ കുറവ് സംസാരത്തിൽ നിന്നും വ്യക്തമാകും.
ഋത്വിക്റോഷന്റെ പോലെത്ത് ശരീരവും,ചെറിയ കണ്ണുകളും ഞങ്ങളുടെ കൂട്ടത്തിൽ അവനെ സുന്ദരനാക്കി,സുന്ദരനാണെന്നുള്ള അഹങ്കാരം ഞങ്ങളെ കളിയാക്കാനും പെണ്ണുങ്ങളുടെ മുന്നിലാളാവാനും അവൻ ഉപയോഗിച്ചു. ആ പെരുമാറ്റം ഞങ്ങളിൽ പലരിലും അവനോടുള്ള ദേഷ്യം പരോക്ഷമായും അല്ലാതെയും പ്രകടിപ്പിച്ചു. ഇഷ്ടിക കഷണം കൊണ്ടും നാറുന്ന പനമ്പഴം (പനയുടെ കരിക്ക് പഴുത്തത്, നൊങ്ക് ,ഇളന്ദൻ എന്നൊക്കെ പറയും) കൊണ്ടും അവന്റെ മുഖത്തുരച്ച് വിക്രതമാക്കി ഞങ്ങൾ ആത്മസംതൃപ്തിയടഞ്ഞു എന്നുള്ള പരമാർത്ഥം വെളിപെടുത്താതിരിക്കാനാവില്ല.
ഒരുപാട് അധികം വേദനയും, അവഗണനയും നേരിട്ടെങ്കിലും ഞങ്ങളുടെ കൂട്ട് വിട്ട് പുറത്തു പോകാനുള്ള ആർജ്ജവം അവൻ കാണിച്ചില്ലെന്നു പറയുന്നതായിരിക്കും കൂടുതൽ ഉചിതം...
അന്നൊരു യുവജനോത്സവ ദിവസമായിരുന്നു ഞാനും ഗണേശനും സ്ക്കൂൾ മൈതാനത്തു കൂടി ചുറ്റികറങ്ങുമ്പോൾ എനിക്കു പരിചയമില്ലാത്ത ഒരു ചേട്ടൻ ഞങ്ങളുടെ അടുത്തു വന്നു...
" ഗണേശാ ഇവിടെന്നു വേണോ? അതോ! "
മൂത്രപുരയ്ക്കു നേരെ വിരൽ ചൂണ്ടി കൊണ്ട് ആ ചേട്ടൻ വീണ്ടും ചോദിക്കുന്നതു കേട്ടു.
"അവിടെന്നു വേണോ?"
ഗണേശൻ മുഖം തടവികൊണ്ടു പറഞ്ഞു.
"ഇവിടെ മുഴുവൻ ആളല്ലെ സേട്ടാ ഉള്ളേ വച്ചു മതി"
അതും പറഞ്ഞ് മൂത്ര പുരയുടെ അകത്തേയ്ക്ക് അവൻ വേഗം നടന്നു. എന്തു കൊടുക്കാനാണ് ആകാംക്ഷയും അതിലേറേ ഭീതിയും എന്നിൽ തളം കെട്ടി നിന്നു വരുന്നതു വരട്ടെയെന്നു കരുതി മൂത്രപുരയുടെ ചുറ്റുമതിൽ വലിഞ്ഞു കയറി അകത്തേയ്ക്കു നോക്കി.
ഗണേശന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ച് ചുമരിൽ ചേർത്തു നിർത്തി ആ ചേട്ടൻ എന്തൊക്കയോ ചോദിക്കുന്നു എനിക്കൊന്നും വ്യക്തമായികേൾക്കുന്നുണ്ടായിരുന്നില്ല പക്ഷേ, അവന്റെ ശബ്ദം ഉച്ചത്തിലായിരുന്നതു കൊണ്ട് അവൻ പറഞ്ഞതു മാത്രം ശ്രദ്ധിച്ചു കേട്ടു.
" മുഖത്തടിക്കരുത് സേട്ടാ ഗ്ലാമർ പോകും"
അതു പറഞ്ഞു കഴിഞ്ഞതും അടിപൊട്ടുന്ന ശബ്ദം കേട്ട മാത്രയിൽ ഞാൻ തറയിൽ കുനിഞ്ഞിരുന്നു. അല്ലെങ്കിലും കൂട്ടത്തിലാർക്കെങ്കിലും തല്ല് കിട്ടുമ്പോൾ ഞാൻ ഓടിയൊളിക്കുക പതിവായിരുന്നു. പേടിത്തൊണ്ടൻ എന്ന പേര് കൂട്ടുകാർക്കിടയിൽ നിന്ന് വീണു കിട്ടിയത് എനിക്ക് മാത്രമായിരുന്നു. പേടി കൊണ്ടല്ല ഞാൻ അടി തുടങ്ങുമ്പോഴെക്കും ഓടുന്നത്... തലകൾ കൊയ്യാനും മെതിക്കാനും ഇഷ്ടമുള്ള എനിക്ക് ഈ ചെറുവഴക്കിനോട് താത്പര്യമില്ലാത്തതു കൊണ്ട് മാത്രമാണ്...
മുടി മാടിയൊതുക്കി പാട്ടും പാടി മൂത്രപുരക്ക് അകത്തു നിന്നു വരുന്ന ഗണേശനെ കണ്ടപ്പോൾ പഴയയൊരു ചൊല്ല് അവനു മാത്രം ചേരുന്നതായി പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.
'പോത്തിന്റെ പുറത്ത് മഴ പെയ്തിട്ട് കാര്യമില്ല '
ഏതെങ്കിലുമൊരു പെണ്ണിനോട് ഇഷ്ടമാണെന്നു പറയും ശല്യം സഹിക്കാതാവുമ്പോൾ പെൺകുട്ടികൾ തന്നെ വീട്ടുകാരോടു പറയും വീട്ടിൽ നിന്ന് ആരെങ്കിലുമൊക്കെ വന്ന് ഇതുപോലെ കൊടുത്തിട്ടു പോകും. അടികൊള്ളുന്ന ഗണേശനോ, അവനെ കാണുന്ന ഞങ്ങൾക്കോ ഇതൊന്നും പുത്തരിയല്ല....
"നിനക്ക് അറിയാമെങ്കിൽ പറ SSLC യുടെ ഫുൾഫോം എന്താ? "
ഞങ്ങളിലാരോ ഒരാൾ വീണ്ടും ചോദിച്ചപ്പോൾ ഗണേശൻ പറഞ്ഞു.
"സുന്ദരിമാരെ സൈറ്റ് അടിക്കാൻ ലാസ്റ്റ് ചാൻസ് "
ഗണേശൻ പൂർണ്ണരൂപം പറഞ്ഞു നിർത്തിയതും അവന്റെ ചെവി കല്ലിന് താഴെ ശക്തിയുള്ള ഒരു കരം വന്നു പതിഞ്ഞതും ഒരുമിച്ചായിരുന്നു.
വേലായുധൻ മാഷ് നിന്ന് വിറക്കുകയായിരുന്നു
" അവന്റെയൊക്കെ ഒരു SSLC യുടെ ഫുൾഫോം "
മാഷ് പറയുന്നതൊന്നും ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നില്ല നാനാഭാഗത്തേയ്ക്കും ചിതറിയോടുന്നതിനിടയ്ക്ക് കേട്ടത് അതു മാത്രമായിരുന്നു .....
കുറച്ചു മാസങ്ങൾ കഴിഞ്ഞ് ചുവന്ന മഷിയിൽ Faild എന്നെഴുതിയ SSLC ബുക്ക് കൈയിൽ കിട്ടിയപ്പോൾ മാത്രാമായിരുന്നു ഗണേശൻ
പറഞ്ഞ SSLC യുടെ പൂർണ്ണരൂപം ഞങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമായത്.
പത്താംതരം ജയിക്കുന്നവനെ അവസരങ്ങൾ പിന്നെയും കിട്ടുമെങ്കിലും ഞങ്ങളെ അപേക്ഷിച്ച് ആ പത്താംതരം സത്യത്തിൽ ലാസ്റ്റ് ചാൻസ് തന്നെയായിരുന്നു.
'സുന്ദരിമാരെ സൈറ്റ് അടിക്കാൻ കിട്ടിയ ഒടുക്കത്തെ ചാൻസ്' ..............
**************
മനു എണ്ണപ്പാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo