'ഹൗസ് ഡ്രൈവർ' എന്ന എന്റെ അനുഭവക്കുറിപ്പ്
പാർട്ട് 14
പെരുന്നാൾ അടുത്തുകൊണ്ടിരുന്നു. ഈ മാസത്തെ ശമ്പളം നാലഞ്ചു ദിവസം നേരത്തെ വേണമെന്ന് ഞാൻ കഫീലിനോട് പറഞ്ഞിരുന്നു അവന് ശമ്പളം കിട്ടിയാൽ ഉടനെ തരാമെന്നു പറഞ്ഞു നാട്ടിലേക്ക് ഇത്തവണ അല്പം കൂടുതൽ പണം അയക്കണം പെരുന്നാളിന് എന്റെ വകയായി പെങ്ങന്മാർക്കും അവരുടെ മക്കൾക്കും മറ്റു കുടുംബക്കാർക്കും ഒക്കെ എന്തെങ്കിലും കൊടുക്കണം നാട്ടിലുള്ള സമയത്ത് പലപ്പോഴും അതിന് ആഗ്രഹം ഉണ്ടാവാറുണ്ടെങ്കിലും എനിക്ക് കഴിയാറില്ല മറ്റുള്ള മുതിർന്നവരൊക്കെ കുട്ടികൾക്ക് പെരുന്നാൾ പൈസ കൊടുക്കുന്നത് ഞാൻ മനസ്സിന്റെ ഉള്ളിൽ സങ്കടം ഒളിപ്പിച്ച് നോക്കിനിന്നിട്ടുണ്ട് നോമ്പ് പകുതി ആയപ്പോഴേക്കും ഉമ്മയോടും ഭാര്യയോടും ഉപ്പയോടും ഒക്കെ പെരുന്നാൾ ഡ്രസ്സ് എടുക്കാൻ പറഞ്ഞു ശമ്പളം കിട്ടിയാൽ ഉടൻ പണം അയച്ചു തരാം അപ്പോഴേക്കും എല്ലാവരും വസ്ത്രം വാങ്ങി വയ്ക്കണം എന്നു പറഞ്ഞു
പിന്നെ വീട്ടിലുള്ള ഉമ്മ ഉപ്പ ഭാര്യ പെങ്ങന്മാർ അവരുടെ മക്കൾ ജേഷ്ഠന്റെ മക്കൾ കുടുംബത്തിലെ മറ്റു പലരെയും ഉൾപ്പെടുത്തി ഞാൻ ഒരു ലിസ്റ്റ് തയ്യാറാക്കി ഓരോരുത്തർക്കും കൊടുക്കേണ്ട തുക എഴുതിവച്ചു ആരെയും വിട്ടു പോകാൻ പാടില്ലല്ലോ റൂമിലുള്ള മറ്റു പ്രവാസികൾ ഒക്കെ തിരക്കിലാണ് നാട്ടിലേക്ക് വിളിക്കൽ പണം അയക്കൽ മക്കൾക്കും കുടുംബത്തിനും വസ്ത്രം വാങ്ങാൻ പറയൽ അതിന്റെ ഫോട്ടോ കാണൽ അങ്ങനെ എല്ലാവരും പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നു നാട്ടിൽ വിളിച്ചു വീട്ടുകാരോടു മുന്തിയയിനം വസ്ത്രം വാങ്ങാൻ പറയുന്ന പ്രവാസികൾ പക്ഷേ പെരുന്നാളിന് പുതുവസ്ത്രം വാങ്ങുന്നവർ വളരെ കുറവാണ്
ജൂലൈ ഒന്നാം തീയതി ഞാൻ വീട്ടിലേക്ക് പണം അയച്ചു 28000 രൂപ ആ പണംകൊണ്ട് വീട്ടു ചിലവും മുൻപു പറഞ്ഞ മറ്റു ചെലവുകളും വീതിച്ചു ജൂൺ 30 തീയതിയാണ് എനിക്ക് ശമ്പളം തന്നത് അവന്റെ ശമ്പളം വന്നത് അന്നോ അതിനു തലേന്നോ ആയിരിക്കും എന്നെപ്പോലെ തന്നെ കിട്ടുന്ന ശമ്പളം കൊണ്ട് എല്ലാ ചിലവുകളും നടത്തുന്ന ആൾ ആയിരിക്കും അവനും ഒരുപക്ഷേ എന്റെ ശമ്പളം അയാൾക്കൊരു ഭാരമായിരിക്കും ഒരു ഡ്രൈവറെ വെക്കാനുള്ള വലിയ സാമ്പത്തിക സ്ഥിതി ഒന്നും ഇന്നത്തെ സാഹചര്യത്തിൽ അയാൾക്കുണ്ടോ എന്നറിയില്ല പക്ഷേ ഡ്രൈവറില്ലാതെ അവരുടെ കാര്യങ്ങൾ ഒന്നും നടക്കില്ല മക്കളുടെ മദ്രസയിൽ പോകലും തിരിച്ചുവരവും മാഡത്തിന്റെ ഡ്യൂട്ടിക്ക് പോകലും എല്ലാത്തിനും പുറമേ ലോകം മുഴുവൻ കറങ്ങാനുള്ള അവളുടെ കൊതിയും
ഞാൻ കഫീലിനെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു പല കാര്യത്തിലും എന്നോട് വളരെ സാമ്യമുള്ള ആളാണ് അവൻ വീട്ടിൽ ഉമ്മ ഭാര്യ മക്കൾ കുടംബത്തിന്റെ ഏക പ്രതീക്ഷ യും അത്താണിയും അയാളാണ് ഈ വക കാര്യങ്ങളൊക്കെ ഞാനും അവനും ഒരു പോലെയാണ് പക്ഷേ അവന് ഇല്ലാത്ത ഒരു പുരുഷനെ സംബന്ധിച്ച് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഭാഗ്യം എനിക്കുണ്ട് എനിക്ക് എന്നല്ല കേരളത്തിലെ ഒട്ടുമിക്ക ആളുകൾക്കും ഉണ്ട് വീട്ടിൽ എന്റെ പ്രായമായ ഉമ്മയോടൊപ്പം സ്നേഹത്തിലും പൊരുത്തത്തിലും കഴിയുന്ന ഞാൻ പറഞ്ഞാൽ അനുസരിക്കുന്ന സ്നേഹനിധിയായ ഭാര്യ ആ ഒരു ഭാഗ്യം മാത്രം സൗദികൾക്ക് അപൂർവം ചിലർക്കു മാത്രമേ കിട്ടിയിട്ടുള്ളൂ ആ വഴിക്ക് ചിന്തിക്കുമ്പോഴാണ് കേരളത്തിൽ ജനിച്ചത് ഒരു മഹാഭാഗ്യമായി നമുക്ക് അനുഭവപ്പെടുന്നത് ഒരുപാട് സാമ്യമുണ്ടെങ്കിലും പിശുക്കന്റെ കാര്യത്തിൽ മാത്രം കഫീൽ എന്നെ പലപ്പോഴും തോൽപിച്ചുകൊണ്ടിരുന്നു
എന്റെ റൂമിലെ സുഹൃത്തുക്കൾക്ക് പലർക്കും നോമ്പിന് ഇരട്ടി ശമ്പളം ആണ് ചിലർക്ക് ശമ്പളത്തിന്റെ പകുതി അധികമായി നൽകും പിന്നെ ലീവിന്റെ കാര്യം ടൈലർ മേഖലയിലുള്ളവർക്ക് പത്തുദിവസമാണ് പെരുന്നാൾ അവധി കടകളിൽ ഉള്ളവർക്ക് അഞ്ചോ ആറോ ദിവസം ഈ വക കാര്യങ്ങളിലൊന്നും എന്റെ കാര്യത്തിൽ പ്രതീക്ഷ ഇല്ലാത്തതുകൊണ്ട് ഞാൻ അതിനെക്കുറിച്ചൊന്നും കൂടുതൽ ചിന്തിച്ചില്ല ഇരുപത്തിരണ്ടും 24 ഉം മണിക്കൂർ നീളുന്ന ജോലി സമയത്തോ ഏഴോ എട്ടോ മണിക്കൂറുകൾ തുടർച്ചയായി കാത്തുകിടക്കുന്നത് കൊണ്ടോ ഒരു വാക്കു കൊണ്ടു പോലും പ്രതികരിക്കാത്ത തിനുള്ള ഫലം ശമ്പളം തന്നപ്പോൾ ഇതാ കിട്ടിയിരിക്കുന്നു അൽഭുതം മഹാൽഭുതം എന്റെ ശമ്പളത്തിൽ ഈമാസം 200 റിയാൽ കൂടുതൽ ഞാനുടനെ കഫീലിന്ന് മെസ്സേജ് അയച്ചു '200 റിയാൽ കൂടുതൽ ഉണ്ടല്ലോ നോമ്പിന്റെ വകയായിരിക്കും അല്ലേ ശുക്രൻ' നോമ്പിന്റെയും പെരുന്നാളിന്റെയും വകയാണ് എന്ന് അയാൾ തിരിച്ചു മെസേജ് തന്നു പെരുന്നാളിന് 2 ദിവസം മുമ്പ് എനിക്കുവേണ്ടി ഒരു വെള്ള തോപ്പും അയാൾ തയ്പ്പിച്ചു തന്നു ഇനിയെന്റെ കഫീലിനെ ആരെങ്കിലും പിശുക്കൻ എന്നു പറഞ്ഞാൽ അവനെ ഞാൻ ശരിയാക്കും ഹാ ...
അവസാന നോമ്പിനു ഓട്ടവും കഴിഞ്ഞ് മടങ്ങാൻ ഇരുന്ന എന്നെ കഫീൽ റൂമിൽ കൊണ്ടു വന്നാക്കുകയായിരുന്നു അവരെല്ലാം പെരുന്നാളിന് പുറത്തേക്കു പോകുന്നുണ്ട് അതുകൊണ്ട് വണ്ടി വാങ്ങി കൊണ്ടു പോകാനാണ് എന്നെക്കൊണ്ടാക്കുന്നത് പെരുന്നാളിന് എത്ര ദിവസത്തെ ലീവ് വേണം എന്ന് കഫീൽ ചോദിച്ചു ഒന്നോ രണ്ടോ ദിവസം മതിയെന്ന് ഞാൻ പറഞ്ഞു ശരി രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വിളിക്കാം എന്ന് പറഞ്ഞു അയാൾ വണ്ടിയുമായി പോയി അങ്ങനെ ഇവിടെ വന്നിട്ട് ആദ്യമായി എനിക്കൊരു ലീവ് കിട്ടിയിരിക്കുന്നു 165 ദിവസത്തെ തുടർച്ചയായ ജോലിക്ക് ശേഷം ആണ് ഞാനാദ്യമായി ഒരു ദിവസം ലീവ് ആസ്വദിക്കുന്നത് അതിൽ യാതൊരു അത്ഭുതവുമില്ല ഇവിടെ വന്നിറങ്ങിയതിന്റെ പിറ്റേന്നുമുതൽ നാട്ടിൽ പോവുന്നതിന്റെ തലേന്ന് വരെ 700, 800 ദിവസം തുടർച്ചയായി ജോലി ചെയ്യുന്ന പ്രവാസികൾ ഒരുപാടുണ്ടിവിടെ അവരുടെയൊക്കെ ഇടയിൽ ഈ 165 ദിവസം എത്രയോ ചെറുതാണ് പക്ഷേ അവരുടെയൊക്കെ ജോലിക്ക് നിശ്ചിതമായ സമയപരിധി ഉണ്ടെങ്കിൽ ഹൗസ് ഡ്രൈവർക്ക് മാത്രം സമയപരിധിയില്ല എപ്പോഴും അയാൾ ഡ്യൂട്ടിയിലാണ് രാത്രിയെന്നോ പകലെന്നോ വെള്ളി ശനി എന്ന വ്യത്യാസമില്ലാതെ ഉണ്ണാനും ഉറങ്ങാനും നിശ്ചിതസമയം ഇല്ലാതെ മുതലാളിമാരുടെ ആവശ്യങ്ങൾക്കായി സ്വന്തം ആവശ്യങ്ങൾ മാറ്റി വെക്കുന്നവരാണ് അവർ
ഇവിടെ വന്നിട്ട് ആറുമാസത്തോളം ആയെങ്കിലും ഇതുവരെ മദീനയിലേക്ക് പോയിട്ടില്ല അതിന് ഇതുവരെ സാഹചര്യം ഉണ്ടായിട്ടില്ല ഇത്തവണ രണ്ട് ദിവസത്തെ ലീവ് അതിനുവേണ്ടി ഉപകാരപ്പെടുത്താൻ ഞാൻ തീരുമാനിച്ചു പെരുന്നാളിന്റെ അന്ന് ഷറഫിയയിൽ പോയി അവിടെ കാലു കുത്താൻ ഇടമില്ല നാട്ടിലെ വല്ല പാർട്ടി സമ്മേളനത്തിനോ മതപ്രഭാഷണത്തിനോ ചെന്നതുപോലെ മലയാളികൾ തിങ്ങിനിറഞ്ഞിരിക്കുന്നു ജിദ്ദയിലുള്ള മലയാളികൾക്ക് തമ്മിൽ കാണാനും സമ്മേളിക്കാനുള്ള ഒരു സ്ഥലം മാത്രമാണ് ഷറഫിയ ചിലർ എല്ലാ ആഴ്ചയിലും ഇവിടെ വെറും മറ്റുചിലർ മാസത്തിലൊരിക്കൽ പലരും വർഷത്തിലൊരിക്കൽ പെരുന്നാളിനോ മറ്റോ മാത്രമോ ഇവിടെ വരും ഷറഫിയയിൽ വെച്ച് 2 അളിയാക്കമാരെയും കണ്ടു അവരോട് യാത്ര പറഞ്ഞു റൂമിലുള്ള ഒരു സുഹൃത്തിന്റെ കൂടെ ഷറഫിയയിൽ നിന്നുതന്നെ ബസ്സിൽ ഞങ്ങൾ മദീനയിലേക്ക് പുറപ്പെട്ടു
രണ്ടു ദിവസത്തെ യാത്രയാണ് ആദ്യം മദീന അവിടെ നിന്നും 400 കിലോമീറ്റർ അകലെയുള്ള 'മദായിൻ സ്വാലിഹ്' അവിടെനിന്നും തിരിച്ചു മദീന വഴി തന്നെ ജിദ്ദയിലേക്ക് മടക്കവും രാത്രി 11 മണിക്ക് പുറപ്പെട്ട ഞങ്ങൾ പുലർച്ചെ മദീനയിൽ എത്തി പ്രഭാത നമസ്കാരത്തിനു ശേഷമാണ് നബി തങ്ങളുടെ റൗളാ ശരീഫ് സന്ദർശിച്ചത് ജീവിതത്തിൽ വീണ്ടുമൊരിക്കൽ കൂടി ഈ പുണ്യ സ്ഥലത്ത് വരാൻ കഴിഞ്ഞതിൽ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു മദീന എന്നും ഒരു ആവേശമാണ് റൗദ ശരീഫും ഉഹ്ദ് മലയും ചരിത്ര പ്രധാനമുള്ള മറ്റ് സ്ഥലങ്ങളും ഒക്കെ കാണുമ്പോൾ മനസ്സിന്റെ ഉള്ളിൽ ഉള്ള ചരിത്രസ്മരണകൾ ജീവൻ വെക്കുന്ന പോലെ തോന്നും ആയിരത്തി അഞ്ഞൂറോളം വർഷങ്ങൾക്ക് മുൻപുള്ള മരുഭൂമിയും നബി ശിഷ്യരിൽ പ്രധാനികളായ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി ,ബിലാൽ, ഹംസ (റ )ഇവരെ കുറിച്ചുള്ള ഓർമ്മകളും ഒക്കെയായി ഈറനണിഞ്ഞ കണ്ണുകളോടെ അല്ലാതെ ഒരു വിശ്വാസിക്കും മദീന സന്ദർശിക്കാൻ ആവില്ല
പ്രഭാതഭക്ഷണം കഴിച്ചു ഞങ്ങൾ മദീനയിൽനിന്നും മദായിൻ സ്വാലിഹിലേക്ക് ഉള്ള യാത്ര തിരിച്ചു കുറഞ്ഞ സമയത്തെ ചെറിയ തിരക്കുപിടിച്ച റോഡിനു ശേഷം ഒഴിഞ്ഞ മരുഭൂമിയിലൂടെ ആയി ഞങ്ങളുടെ യാത്ര റോഡിന്റെ രണ്ടുവശവും മരുഭൂമി മാത്രം മുന്നിലേക്ക് നോക്കിയാൽ കണ്ണുകളുടെ കാഴ്ച പരിധിക്കപ്പുറത്തേക്ക് നീണ്ടുകിടക്കുന്ന വളവുകളും തിരിവുകളും ഒന്നുമില്ലാത്ത നിരന്ന റോഡ് ചുറ്റും കാണുന്ന മരുഭൂമി മണൽ അല്ല ഒരു തരം കല്ലുകളും മലകളുമാണ് ഇടയ്ക്കു ചെറിയ മൺപാതകൾ അവകളെ കീറിമുറിച്ച് മരുഭൂമിയുടെ ഉള്ളിലേക്ക് നീണ്ടുകിടക്കുന്നു റോഡിന് ഇരുവശത്തും കടകളോ പെട്രോൾ പമ്പോ ഒന്നുമില്ല വണ്ടികൾക്ക് പെട്രോൾ അടിക്കാനോ ഒരു വെള്ളമെങ്കിലും വാങ്ങി കുടിക്കുവാനോ ചുരുങ്ങിയത് നൂറ് കിലോമീറ്ററിലും പോകേണ്ടിവരും ഞങ്ങളുടെ ബസ്സ് അതിന്റെ പരമാവധി വേഗം എടുക്കുന്നുണ്ട് എന്ന് തോന്നുന്നു ഉച്ചയായപ്പോൾ ഒരു ചെറിയ അങ്ങാടി കാണാനായി അവിടെ ബസ്സ് നിർത്തി നിസ്കാരവും ഉച്ച ഭക്ഷണം കഴിക്കലും അവിടെ വച്ച് നടത്തി
വീണ്ടും യാത്ര തന്നെ മുന്നോട്ട് പോകുംതോറും ഇരുവശങ്ങളിലുമുള്ള കാഴ്ചകൾക്കും ചെറിയ മാറ്റങ്ങൾ കാണുന്നുണ്ടായിരുന്നു ആദ്യം ആദ്യം കണ്ടത് കറുത്ത തരത്തിലുള്ള കല്ലുകളും മലകളും ആണെങ്കിൽ ഇപ്പോൾ അത് മഞ്ഞനിറത്തിലുള്ള ഒരുതരം പൊടിയൻ കല്ലുകൾ പോലെ ഉള്ള മലകളാണ് അതും നിരന്നു കിടക്കുന്ന മരുഭൂമിയിൽ ഇടയ്ക്കിടെ പൊന്തി നിൽക്കുന്ന മരങ്ങൾ പോലെ ഏകദേശം വൈകുന്നേരം നാലുമണിയോടടുത്ത് ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി ചെക്കിംഗ് കഴിഞ്ഞു ഞങ്ങൾ അവിടേക്ക് കടന്നു നാട്ടിലെ പോലെ ടിക്കറ്റൊ ഫീസോ ഒന്നുമില്ല വലിയ തിരക്കൊന്നുമില്ല ചുരുക്കം ചില വിദേശികളും അതുപോലെ ചില സ്വദേശികളും മാത്രമേ ഉള്ളൂ ജിദ്ദയിൽ നിന്നും 800 കിലോമീറ്ററുകൾ അകലെ ജോർദാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഒരു സ്ഥലമാണിത് ഖുർആനിൽ പറയപ്പെട്ട പുരാതന കാലത്ത് ജീവിച്ചിരുന്ന 2 ഗോത്രങ്ങളായ ആദ് ,സമൂദ് ,ഗോത്രങ്ങൾ പാറകൾ തുരന്ന് നിർമിച്ച വീടുകൾ ആണ് ഇവിടുത്തെ പ്രത്യേകത അതുപോലെ അല്ലാഹുവിന്റെ പ്രവാചകൻ ആയ സ്വാലിഹ് നബിയുടെ ഒട്ടകം വെള്ളം കുടിക്കാറുണ്ടായിരുന്ന കിണറും ഇവിടെ തന്നെയാണ് ഉള്ളത്
പാറകൾക്കിടയിൽ നിന്നും വന്ന ഒട്ടകത്തെ ക്കുറിച്ചും അതിനുണ്ടായിരുന്നു പ്രത്യേകതകളെക്കുറിച്ചും അവസാനം ആ ഒട്ടകത്തെ ഈ ഗോത്രക്കാർ കൊന്നുകളഞ്ഞതും പിന്നീട് അവർ അനുഭവിക്കേണ്ടി വന്ന അല്ലാഹുവിന്റെ ശിക്ഷകളെ കുറിച്ചും ഒക്കെ ബസിൽ നിന്നും അമീർ ഞങ്ങൾക്ക് വിവരിച്ചു തന്നിരുന്നു തെങ്ങുകളുടെ യും പനകളുടെയും അത്രയ്ക്ക് ഉയരമുണ്ടായിരുന്ന ഗോത്രക്കാർ പാറകൾ തുരന്ന് ഉണ്ടാക്കിയ വീടുകൾ ഞങ്ങൾ കണ്ടു അതിൽ തന്നെ പല മുറികളായി തട്ടുകളായി തിരിച്ചിരിക്കുന്ന ചിലതിലേക്ക് നമുക്ക് കയറിക്കാണം എന്നാൽ മറ്റു ചിലത് നമുക്ക് കയറാൻ കഴിയാത്ത അത്ര ഉയരത്തിൽ ആണ് ഇത്രക്കും ശക്തരായ അവരെ നശിപ്പിക്കാൻ അല്ലാഹുവിനു നിസ്സാരം ആണെങ്കിൽ ശക്തിയും ആയുസ്സും കുറവായ നമ്മളെ നശിപ്പിക്കാൻ അവന് ഒരു പ്രയാസവും ഇല്ല എന്നതാണ് ഇതുപോലെയുള്ള ചരിത്രസത്യങ്ങൾ ഒക്കെ നേരിൽ കാണുമ്പോൾ നാം ചിന്തിക്കേണ്ടത് എന്ന് അമീർ ഞങ്ങളെ ഉപദേശിച്ചു ജോർദാൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശമായതുകൊണ്ട് ആവാം ഇവിടത്തെ കാഴ്ചകൾ പലതും ഈജിപ്തിലും മറ്റും ഉള്ള പിരമിഡുകളും ആയി വളരെ സാമ്യം ഉള്ളവയായിരുന്നു
ചരിത്ര സ്ഥലങ്ങൾ ഒക്കെ സന്ദർശിച്ച് രാത്രിയോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു മദീനയിൽ വന്നു രാത്രി ഭക്ഷണവും കഴിച്ച് നബി തങ്ങളോട് സലാം പറഞ്ഞ് ഞങ്ങൾ മദീനയോട് വിടപറഞ്ഞു നാട്ടിലേക്ക് മടങ്ങുന്നതിന്റെ മുമ്പ് ഒരിക്കൽ കൂടി ഇവിടെ നബി തങ്ങളുടെ അടുത്തുവരണം ഇനിയും ഒരുപാട് ഒരുപാട് തവണ വരണം സ്വന്തം സമുദായത്തിന് വേണ്ടി ഇത്രമേൽ ത്യാഗങ്ങൾ സഹിച്ച ഒരു നേതാവും ഉണ്ടാവില്ല അങ്ങയുടെ സമുദായമായി ജനിക്കാൻ കഴിഞ്ഞത് തന്നെയല്ലേ ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം മദീനയോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരിച്ച് ജിദ്ധയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു രണ്ട് ദിവസത്തോളം ഉള്ള തുടർച്ചയായ യാത്രയായിരുന്നു അതുകൊണ്ടുതന്നെ പലരും ക്ഷീണിതരായി കാണപ്പെട്ടു എനിക്കുമാത്രം ക്ഷീണമോ തളർച്ചയോ ഇല്ലായിരുന്നു ആറു മാസത്തിന് ശേഷമുള്ള ആദ്യത്തെ ലീവ് ഞാൻ ശരിക്കും ആഘോഷിച്ചു മദീനയിൽ പോകണം എന്ന ആഗ്രഹവും എല്ലാ പെരുന്നാളിനും ടൂർ പോകാറുള്ള പതിവു ശീലവും എല്ലാം ഇത്തവണയും നടന്നു
മുന്നോട്ടു പോകാനുള്ള ഒരു പുതിയ ആവേശം ഈ രണ്ടു ദിവസത്തിനുള്ളിൽ ഞാൻ നേടിയെടുത്തു ഇടയ്ക്കെങ്കിലും ഉള്ള ഇതുപോലെയുള്ള ആശ്വാസങ്ങൾ മറ്റു പല പ്രയാസങ്ങളും മറക്കാൻ നമുക്ക് പ്രചോദനമാകുന്നു പുലർച്ചെ മൂന്നു മണിയോടെ ഞങ്ങൾ ശറഫിയയിലെ ത്തി അവിടെ ഇറങ്ങി ആമീറിനോടും മറ്റു സഹയാത്രികരോടും യാത്ര പറഞ്ഞു ഞാനും റൂമിലെ എന്റെ സഹയാത്രികനും കൂടി ടാക്സിയിൽ ഞങ്ങളുടെ റൂമിലേക്കു മടങ്ങി രാത്രിയും തുറന്നു പ്രവർത്തിക്കുന്ന ഒരു ഹോട്ടലിൽ നിന്നും ഭക്ഷണവും വാങ്ങി ഞങ്ങൾ റൂമിൽ എത്തി അതും കഴിച്ച് പ്രഭാത നമസ്കാരവും കഴിഞ്ഞ് വേണം ഒന്നുറങ്ങാൻ അതിനുശേഷം എന്റെ പഴയ ജോലിയും കഫീലും അവന്റെ വീടും കുടുംബവും എല്ലാം പഴയപോലെ തന്നെ മുന്നോട്ടു പോകണം
(തുടരും )
(തുടരും )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക