"മാളൂ നാളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് രാവിലെ എണീറ്റ് ഒരുങ്ങിക്കോണം." ഉറങ്ങാനായി പോകുന്നതിനു മുൻപേ തന്നെ അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.
അതു കേട്ടതും ഉറക്കം തൂങ്ങി ഇരുന്ന എന്റെ ഉറക്കം ആവിയായി. "അമ്മേ ഇവിടെ കെട്ടിച്ചു കൊടുക്കാൻ വെളുത്തു മെലിഞ്ഞ പെണ്ണൊന്നും ഇല്ലാന്ന് അവരോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലെ. ഓരോരുത്തരുടെ മുന്നിൽ കോലം കെട്ടി നിന്നു മടുത്തു."
എന്റെ മാതാശ്രീയുടെ മറുപടി ഒന്നും ഇല്ലാന്ന് കണ്ടപ്പോ ഞാൻ പതിയെ മുറിയിലേക്ക് നടന്നു.
പാവം ഇരുപത്തഞ്ചു വയസ്സായി പുര നിറഞ്ഞു നിൽക്കുന്ന എന്നെ കെട്ടിച്ചു വിടുന്നതിനെ പറ്റി ആവും ചിന്തിക്കുക. ഒരു വർഷമായി ഈ പെണ്ണുകാണൽ മഹാമഹം തുടർന്നുകൊണ്ടേ ഇരിക്കുന്നു. ഇരുപതു തവണയായി ഞാൻ ഇങ്ങനെ ഓരോരുത്തരുടെ മുൻപിൽ കോലം കെട്ടി നിൽക്കാൻ തുടങ്ങിയിട്ട്. പക്ഷെ ഇതുവരെയും എന്റെ അമ്മയ്ക് ഒരു മരുമകനെ കിട്ടിയില്ല. എന്ത് ചെയ്യാനാ എനിക്കിത്തിരി കറുത്ത നിറവും തടിയും കൂടി പോയി. ഇതെന്റെ കണ്ടുപിടിത്തം അല്ലാട്ടോ. എനിക്കൊരിക്കലും ഇതൊരു കുറവായിട്ടു തോന്നിട്ടില്ല wheatish brown നിറവും 70 കിലോ ഭാരവും ഒക്കെ ഒരു കുറവാണ് എന്നു പലരും പറഞ്ഞു കേട്ടത് ഞാൻ വിവാഹ കമ്പോളത്തിലെ ഒരു വിൽപന വസ്തു ആയപ്പോഴാണ്. പെണ്ണിന് നിറം കുറഞ്ഞു പോയി. ചെറുക്കൻ മെലിഞ്ഞിട്ടാ. കുട്ടിക്ക് തടി കൂടി പോയി എന്നിങ്ങനെയുള്ള മറുപടി കേട്ട് വീട്ടുകാരുടെ ചെവി തഴമ്പിച്ചത് മിച്ചം. കഷ്ടപ്പെട്ട് പഠിച്ചു ഒരു ജോലി വാങ്ങിട്ട് ഒരു വിലയും ഇല്ല നിറം ആണല്ലോ എല്ലാം. പെണ്ണിന് വിദ്യാഭ്യാസം ഇല്ലെങ്കിലും സ്വഭാവ ശുദ്ധി ഇല്ലെങ്കിലും കുഴപ്പം ഇല്ല നിറം വെളുത്തിരുന്നാൽ മതി. ഇവനൊക്കെ ഉത്സവത്തിന് എഴുന്നള്ളിക്കാൻ ആണോ പെണ്ണ് കെട്ടുന്നത് എന്നു തോന്നി പോകും. പെണ്ണ് വെളുത്തിരുന്നാൽ തടി പോലും പ്രശ്നം അല്ല . ആനക്കുട്ടിയെ പോലെയോ വീപ്പക്കുറ്റിയെ പോലെ ഇരുന്നാലോ പ്രശ്നം ഇല്ല. പെണ്ണ് വെളുപ്പ് അല്ലെ. വെളുത്തവന് വെളുത്ത പെണ്ണ് വേണം. കരിക്കട്ട പോലിരിക്കുന്നവനും വേണം വെളുത്ത പെണ്ണ്. അപ്പൊ അല്പം നിറം ഇരുണ്ട എന്നെ പോലെ ഉള്ളവരോ? ആഗ്രഹങ്ങൾക്ക് പോലും അവകാശം ഇല്ലാത്ത ഒരു വർഗം. പുരനിറഞ്ഞു നിൽക്കുന്ന ഞങ്ങളെ ഒക്കെ വീട്ടുകാർ വല്ല പൊട്ടക്കിണറിലും കെട്ടി താഴ്ത്തേണ്ടി വരുമല്ലോ എന്റീശ്വരാ.. ഇങ്ങനെ പോകുന്നു എങ്കിൽ ഇനി മാതാപിതാക്കൾ പെണ്മക്കളെ പടിപ്പിക്കുന്നതിനു പകരം വെളുക്കാനും തടി കുറയാനും ഉള്ള വല്ല സ്ഥാപനത്തിലും ചേർക്കേണ്ടി വരും. ഇങ്ങനെ വർണ വിവേചനം തുടരുന്നു എങ്കിൽ പെണ്കുട്ടി പിറന്നാൽ കൊല്ലുന്ന കാലം പോലെ പിറന്ന പെണ്ണ് കറുത്ത നിറമായി പോയതിന്റെ പേരിൽ കൊന്നു കളയുന്ന ഒരു സമൂഹത്തിലേക്കുള്ള ദൂരം കുറവല്ല.
ചിന്തിച്ചു ഞാൻ ഫെമിനിസ്റ്റ് ആയി പോകുമോ എന്നു പേടിയുണ്ട്. ഒത്തിരി തവണ ആയി ഇങ്ങനെ കോലം കെട്ടി നിൽക്കാൻ തുടങ്ങിട്ട്. ചായയും കൊണ്ടു മുൻപിൽ ചെന്നു നിൽക്കുമ്പോ എനിക്ക് തന്നെ ദേഷ്യം വരും.ഒരുമാതിരി ചന്തയിൽ അറവുമാടിനെ വാങ്ങാൻ വരുന്നവരുടെ പോലുള്ള നോട്ടം. ചിലർക്ക് എന്നെ കാണുമ്പോഴേ പാവക്ക നീരു കുടിച്ച പ്രതീതി ആണ്. വേറെ ചില കൂട്ടർ ഉണ്ട് പെണ്ണ് കറുത്തിട്ടാണ് തടിച്ചിട്ടാണ് എന്നു മുൻപേ അറിഞ്ഞു ഫോട്ടോയും കണ്ടിട്ട് വീട്ടിൽ വന്നു പെണ്ണ് കണ്ടിട്ട് നോ പറയുന്ന മഹാന്മാർ. ഇനി ചിലപ്പോ ബിരിയാണി കൊടുത്താലോ എന്ന പോലെ ചായ കുടിക്കാൻ വേണ്ടി വരുന്ന ഇവർക്കൊക്കെ സ്വന്തം വീട്ടീന്ന് കുടിച്ചാൽ പോരെ. പക്ഷെ പെണ്ണു കാണലിൽ എനിക്കിഷ്ടം ഉള്ള ഒന്നുണ്ട്. വന്നവർ പോയതിനു ശേഷം അവർക്ക് കഴിക്കാൻ എടുത്തു വെച്ച ചിപ്സും ഹൽവയും കഴിക്കുന്നത്.
സഹിക്കാൻ പറ്റാത്തത് ചില ബന്ധുക്കളുടെ കുത്തുവാക്കുകൾ ആണ്. വിവാഹം ആയില്ല എന്നതിന്റെ പേരിൽ ചിലരുടെ വക സഹതാപം. കല്യാണം കഴിഞ്ഞതിന്റെ പേരിൽ എന്റെ തലയിൽ കയറി നിരങ്ങുന്ന ചിലർ. വകയിൽ ഒരു ചേട്ടന്റെ ഭാര്യയുടെ വാക്കുകളാ മനസിന്ന് പോകാത്തത്. "നീയൊക്കെ പെണ്ണെന്ന വർഗ്ഗത്തിന് തന്നെ ശാപം ആണ്. നിനക്കൊക്കെ വല്ല രണ്ടാം കെട്ടുകാരനും വരും. ശെരിയാ അവളെ പോലെ ചെല്ലുന്നിടതെല്ലാം പ്രണയബന്ധങ്ങൾ ഞാൻ ഉണ്ടാക്കിയില്ല അല്പം മെച്ചപ്പെട്ട ഒരുത്തനെ കണ്ടപ്പോ നിശ്ചയിച്ച കല്യാണം ഞാൻ മുടക്കിയില്ല. അവളുടെ വെളുത്ത നിറത്തിന് മുൻപിൽ എന്റെ വിദ്യാഭ്യാസത്തിനോ ജോലിക്കോ ഒരു വിലയും ഇല്ലല്ലോ. പിന്നെ എന്റെ ലക്ഷ്യങ്ങൾക്കും ചുമതലകൾക്കും പുറകെ ഞാൻ ഓടിയപ്പോ ഒരു പ്രണയം കണ്ടെത്താൻ ഞാൻ മറന്നു പോയി. അതുകൊണ്ടൊക്കെ എന്നെ പോലെ ഉള്ള പെണ്ണുങ്ങൾ സ്വന്തം വർഗ്ഗത്തിനു തന്നെ ശാപം ആണ്.
നാളെയും വരുന്നുണ്ട് ഒരാൾ. മനസിൽ ഒരു പ്രതീക്ഷയും ഇല്ല. വീണ്ടും അപരിചിതരുടെ മുന്നിൽ വില നിശ്ചയിക്കപ്പെടാനുള്ള ഒരു വിൽപന വസ്തുവിനെ പോലെ ഞാൻ നിൽക്കേണ്ടി വരും. നിറത്തിന്റെയും ഭാരത്തിന്റെയും തുലാസിൽ അളന്നു മുറിച്ചു വില നിശ്ചയിക്കപ്പെടാൻ ഉള്ള ഈ നിൽപ്പ് ഇനി എത്ര നാൾ.
By Rani
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക