നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വണ്ണാത്തിപ്പുള്ള്

Image may contain: 1 person, eating, sitting and child

ഉണ്ണിക്കുട്ടാ...
ഉം...
ഉണ്ണിക്കുട്ടനു കുഞ്ഞാന്റി ഒരു കഥ പറഞ്ഞു തരട്ടെ?
എന്തു കഥയാ?
പണ്ടു പണ്ടു പണ്ടു കുഞ്ഞാന്റി കണ്ട കഥ.
കണ്ട കഥയോ...? അതെന്തു കഥയാ?
അതൊക്കെയുണ്ട്.അതിരിക്കട്ടെ...ഉണ്ണിക്കുട്ടന് ആരൊക്കെയാ ചങ്ങാതിമാർ...?
ചങ്ങാതിമാരോ...എനിക്കെന്തിനാ ചങ്ങാതിമാർ?
ഉണ്ണിക്കുട്ടന്റെ കൂടെക്കളിക്കാൻ ചങ്ങാതിമാർ വേണ്ടേ?
ഒറ്റയ്ക്കു കളിക്കാവുന്ന എത്രയോ ഗെയിംസ് കംപ്യൂട്ടറിലുണ്ടല്ലോ...
ഉം...അതു ശരിയാ.പക്ഷേ കുഞ്ഞാന്റി കുട്ട്യാരുന്നപ്പോ കംപ്യൂട്ടറൊന്നും ഉണ്ടാരുന്നില്ല.കുട്ട്യോളും ഉണ്ടാരുന്നില്ല കൂടെ കളിക്കാൻ.
അയ്യോ....പാവം കുഞ്ഞാന്റിക്കു ബോറടിച്ചിട്ടുണ്ടാവുംല്ലേ?
ഇല്ലുണ്ണിക്കുട്ടാ.കുഞ്ഞാന്റിക്കു പക്ഷേ കുറേ ചങ്ങാതിമാരുണ്ടാരുന്നു.
ആരൊക്ക്യാന്ന് അറിയോ ഉണ്ണിക്ക്?
ഇല്ല.ആരൊക്ക്യാ?
അന്നുണ്ടല്ലോ ഈ വളപ്പിലൊക്കെ നെറയെ മരങ്ങളുണ്ടാരുന്നു.അത്തി...ഇത്തി...ആഞ്ഞിലി...പ്ളാവ്...മാവ്...അങ്ങനെയങ്ങനെ ഒരുപാടു മരങ്ങൾ.
എന്നിട്ടിപ്പോ ഇവിടൊക്കെ ഫ്ളാറ്റുകളാണല്ലോ കുഞ്ഞാന്റീ...
ഉം...ഫ്ളാറ്റ് വരുന്നേന് ഒരുപാടു പണ്ടത്തെ കഥയാ....അന്നീ സിറ്റൗട്ടിനു പകരം നീളൻ കോനായി ആരുന്നു.ഒരു നൂറു പേർക്കു വേണേൽ ചമ്രം പടിഞ്ഞിരുന്ന് സദ്യയുണ്ണാം.
കോനായിയോ...വോട്ട് ഈസ് ദാറ്റ് കുഞ്ഞാന്റീ?
കോനായീന്നു പറഞ്ഞാ വരാന്ത....നീളൻ വരാന്ത.എന്നിട്ടുണ്ണീ കോനായീടെ തുമ്പത്ത് കാലും തൂക്കിയിട്ടാട്ടി കുഞ്ഞാന്റി ഇങ്ങനെ ഇരിക്കും.ഇപ്പോളത്തെ ഫൗണ്ടന്റെ സ്ഥാനത്തേ അന്നവിടൊരു ചക്കരമാവുണ്ടേരുന്നു.
അതിലു നിറയെ കിളികളും.
അവരൊക്കെയാരുന്നു കുഞ്ഞാന്റീടെ കൂട്ട്.
പിന്നെ രണ്ടണ്ണാരക്കണ്ണൻമാർ...രണ്ടു വാലുകുലുക്കിക്കിളികൾ...പിന്നെ വണ്ണാത്തിപ്പുള്ള്...
കുഞ്ഞാന്റീ കുഞ്ഞാന്റീ എന്താ പറഞ്ഞെ വണ്ണാത്തിപ്പുള്ളോ?
ആ ഉണ്ണീ ... വണ്ണാത്തിപ്പുള്ള്...ഒരു കൊച്ചു പക്ഷിയാ.നല്ല രസമാ അതിന്റെ കലപില കേൾക്കാൻ...എന്നിട്ടീ വണ്ണാത്തിപ്പുള്ള് ചക്കരമാവിന്റെ കൊമ്പത്തൊരു കൂടു വെച്ചു.
ഉണ്ണി കണ്ടിട്ടുണ്ടോ കിള്യോളു കൂടു കൂട്ടുന്നത്?
എന്തു രസാന്നറിയോ വള്ളീം നാരും ചകിരീം എന്നു വേണ്ട എന്തു കിട്ട്യാലും ഒക്കെ അവറ്റോൾക്ക് വേണം...നമ്മുടെ എഞ്ചിനീയർമാരൊക്കെ അവരോടു തോറ്റ് തുന്നം പാടും.
അത്ര ചൊങ്കാ കൂടുണ്ടാക്ക്യാ കാണാൻ.
എന്നിട്ടു ബാക്കി പറ കുഞ്ഞാന്റീ...
ആ എന്നിട്ടവരു രണ്ടാളും കൂടുണ്ടാക്കി.പെൺകുരുവി രണ്ടു മുട്ടേമിട്ട് അടയിരിക്കാനും തുടങ്ങി.
കുഞ്ഞാന്റി എന്നും ചെന്നു നോക്കും മുട്ട വിരിഞ്ഞോ വിരിഞ്ഞോന്ന്...
എന്നിട്ട്...?
എന്നിട്ടൊരൂസം നോക്ക്യപ്പോ കൂട്ടിലു രണ്ടു കുഞ്ഞിക്കിളികൾ...രോമം മുളച്ചു വരുന്നേയുള്ളു.
എന്നിട്ടു കുഞ്ഞാന്റി അതിനെ പിടിച്ചു കൂട്ടിലിട്ടോ?
അയ്യോ...ഇല്ലുണ്ണീ...കൂട്ടിലിട്ടാ അതു ചത്തു പോവൂലേ...അമ്മക്കിളിക്കു സങ്കടാവൂലെ...കുഞ്ഞാന്റി ഒന്നും ചെയ്യാതെ അതിനെ നോക്കി നിൽക്കും.കുഞ്ഞാന്റി നോക്കുന്നത് അമ്മക്കിളിക്കും ഇഷ്ടേരുന്നൂട്ടോ..
എന്നിട്ടോ...?
എന്നിട്ടൊരൂസം കുഞ്ഞാന്റി നോക്കുമ്പോ അമ്മക്കിളി വല്ല്യ വായില് തൊള്ളയിട്ണു.കുഞ്ഞാന്റി ഓടിച്ചെന്നു നോക്കുമ്പോ കൂട്ടിനടുത്തൊരു പ്രാപ്പിടിയൻ...
അതെന്താ പ്രാപ്പിടിയൻ...?
അതൊരു ദുഷ്ടൻ പക്ഷിയാ...കോഴിക്കുഞ്ഞിനേം കിളിക്കുഞ്ഞിനേം ഒക്കെ കൊണ്ടോയിത്തിന്നും
അയ്യോ...എന്നിട്ട് വണ്ണാത്തിക്കുഞ്ഞിനേം കൊണ്ടോയോ?
കുഞ്ഞാന്റി വേഗം കല്ലെട്ത്തെറിഞ്ഞ് അതിനെ ഓടിച്ചു.പക്ഷെ കൂട്ടില് ഒരു കുഞ്ഞിക്കിളി ഇല്ലേരുന്നു.കൊണ്ടോയീന്നാ കര്തിയേ...പക്ഷേ അപ്പോളുണ്ട് അമ്മക്കിളി ആന്റീടെ ചുറ്റും പറന്നു കരേണു.
എന്നിട്ട് ആന്റി അവ്ടൊക്കെ പരതി...അപ്പളല്ലേ കാണുന്നെ എലേടടീല് ഒളിച്ചിരിക്ക്യാ പാവം .പ്രാപ്പിടിയൻ വന്നപ്പൊ പേടിച്ചു പറന്നതാ.ചിറകു മുളച്ചതല്ലേയുള്ളു...താഴെ വീണും പോയി.
എന്നിട്ടോ...?
എന്നിട്ടാന്റി പതുക്കെ നോവാതെ കുഞ്ഞിനെയെട്ത്ത് കൂട്ടിൽ വെച്ചു കൊട്ത്തു.അമ്മക്കിളിക്ക് എന്തു സന്തോഷേരുന്നൂന്നോ...അതുങ്ങളു പറക്കാൻ പഠിച്ചതും വലുതായതും ഒക്കെ കുഞ്ഞാന്റീടെ കൺമുന്നിലാ...
കുഞ്ഞാന്റീ...
ഉം...
എനിക്കൊരു വണ്ണാത്തിപ്പുള്ളിനെ കാട്ടിത്തര്വോ?
അതിനു വണ്ണാത്തിപ്പുള്ളൊക്കെ പോയില്ലേ ഉണ്ണിക്കുട്ടാ
എങ്ങോട്ടാ പോയേ?
അറിഞ്ഞൂടാ ഉണ്ണിക്കുട്ടാ.
കുഞ്ഞാന്റീ...
ഉം...
കുഞ്ഞാന്റി എന്തിനാ കരേന്നേ...?
ഒന്നൂല്ലുണ്ണിക്കുട്ടാ...വെറുതെ.
 ദിവിജ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot