Slider

കാവൽ മാലാഖ

0

കാവൽ മാലാഖ
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലേത് പോലെ ഭൂമിയിലും ആകേണമെ.......
"ജാൻസി അമ്മക്ക് "ഒരു വിസിറ്ററുണ്ട്. സിസ്റ്റർ സെലിന്റെ ശബ്ദം രണ്ടാമത് ഒരിക്കൽ കൂടി ഉയർന്നപ്പോൾ ആ വൃദ്ധ പതിവ് ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു. വിസിറ്ററോ അങ്ങനെ "തന്നെ "കാണാൻ ആരും വരാറേ ഇല്ലല്ലോ ,എന്ന് മനസ്സിൽ ചിന്തിച്ച് മുകൾ നിലയിലെ ഹാളിൽ നിന്നും ആയാസപ്പെട്ട് പടികൾ ഇറങ്ങിയ അവർ താഴെ വിസിറ്റേർസ് റൂമിലേക്ക് ചെന്നു.
.........................................................................
പരമ ദുഷ്ടനായ കുന്നേൽ വറീതിന് മക്കൾ മൂന്നാണ്. മൂത്തവനായ ബേബിക്ക് താഴെയായി ഉണ്ടായ പെൺ സന്തതി ജാൻസിയും, ഇളയവൻ ജെയിംസും.
വറീതിന്റെ ഭാഷയിൽ മുടിപ്പിക്കാനായ് ഉണ്ടായ വകയായ മൂന്നിനെ കൂടാതെ ,വക ക്ക് കൊള്ളാത്ത ഭാര്യ ഏലിക്കുട്ടിയും അയാളോടൊപ്പം കുന്നേൽ തറവാട്ടിൽ ജീവിച്ചു വന്നു.
പാലായിൽ നിന്നും വയനാട് കയറിയ കുടിയേറ്റ കർഷകനായ വറീത് ,സ്വപ്രയത്നം കൊണ്ടും ,കഠിനാധ്വാനം കൊണ്ടും ഏക്കറ് കണക്കിന് "ഭൂസ്വത്ത് "സ്വന്തമാക്കി. കൊപ്രാ ആട്ടുന്ന ഒരു മില്ലും, ആട് ,എരുമ, പശു തുടങ്ങിയവയുടെ നല്ല ശേഖരവും ഒക്കെ അയാൾക്ക് ഉണ്ടെങ്കിലും,അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനും, അറു പിശുക്കനുമായിരുന്നു വറീത് .തന്റെ കൈയ്യിലുള്ള സമ്പാദ്യം മേൽക്ക് മേൽ കുന്ന് കൂട്ടുന്നതിലും ,അതിൽ ചില്ലി പോലും ചെലവഴിക്കാതെ സൂക്ഷിച്ച് വെക്കുന്നതിലും അയാൾ ആനന്ദം കണ്ടെത്തി.
പണ്ടെങ്ങോ തയിപ്പിച്ച "ചട്ട "പോലൊരു മേൽ വസ്ത്രവും, കരിമ്പൻ പൂശിയ വെള്ള മുണ്ടും ധരിച്ചായിരുന്നു അയാൾ പള്ളിയിലേക്കും, കല്യാണങ്ങൾക്കും മറ്റും പോയിരുന്നത്. അല്ലാത്ത അവസരങ്ങളിൽ ഒറ്റത്തോർത്തും കഴുത്തിലൊരു വെന്തിങ്ങാ ചരടും മാത്രം ധരിച്ച് നടന്നു.
വീട്ടുകാരുടെ സ്ഥിതി അതിലും മോശമായിരുന്നു. പറമ്പിൽ ഉണ്ടാകുന്ന നടുതല മാത്രം കഴിച്ച് ജീവിച്ച് പോന്ന അവർക്ക് . നോമ്പ് വീടലിന് അറുക്കുന്ന വളർത്ത് പന്നി മാത്രമായിരുന്നു ആകെ കിട്ടിയിരുന്ന മാംസാഹാരം.
മൂത്ത മകൻ ബേബിയുടെ യുടെ പഠനം വറീത് ഏഴാം ക്ലാസിലെ നിർത്തിച്ചു. അവനായിരുന്നു പിന്നെ പോത്തിനെ കുളിപ്പിക്കുന്നതിന്റെയും ,തേങ്ങാ പെറുക്കുന്നതിന്റെയും ചുമതല .അതിന് ശേഷം അവനെ മില്ലിലെ കൊപ്രാ കളത്തിൽ പൊരിവെയിലിൽ അയാൾ ജോലി ചെയ്യിപ്പിച്ചു.ഒരിക്കൽ ബേബി അപ്പനറിയാതെ അടുത്തുള്ള ഹോട്ടലിലെ 'ലോനാച്ചന് ' അഞ്ച് തേങ്ങാ നൽകി അപ്പവും ,പോത്തിറച്ചിയും കഴിച്ചു.പക്ഷെ ആ രഹസ്യത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. തന്റെ ശേഖരത്തിന്റെ അണ ,പൈസാ കണക്കുള്ള വറീത്, തേങ്ങാ പോയ വഴി കണ്ട് പിടിക്കുകയും, വണ്ടിക്കാളയെ തല്ലുന്ന ചാട്ട കൊണ്ടടിച്ച് ബേബിയുടെ പുറം പൊട്ടിക്കുകയും ചെയ്തു .സങ്കടം സഹിക്കവയ്യാതെ അവൻ അന്ന് രാത്രി എങ്ങോട്ടോ ഒളിച്ചോടി .
ഏലിക്കുട്ടി ,മകനെ അന്വേഷിച്ച് കണ്ടെത്താൻ വറീതിനോട് കരഞ്ഞ് പറഞ്ഞെങ്കിലും, " പുകഞ്ഞ കൊള്ളി പുറത്ത് " എന്ന ഒറ്റവാക്കും, ക്രൂരമായ നോട്ടവും കൊണ്ട് അയാൾ ഭാര്യയുടെ നാവടക്കി.
വറീതിന് ഈ ലോകത്ത് ഏറ്റവും അധികം ഇഷ്ടം തന്റെ വളർത്ത് കാളയോടാണ്.കൂടെ ഉള്ള ഉരുക്കളിൽ നിന്നും തലയെടുപ്പുള്ളതും, ചന്തം തികഞ്ഞവനും ആയ മണിക്കുട്ടനെന്ന ആ കാളയെ, അയാൾ മുന്തിയ ഭക്ഷണം നൽകി ,തന്റെ മക്കളേക്കാൾ കാര്യമായി പോറ്റി. അയാളതിനെ മോനെ എന്ന് തികച്ച് വിളിച്ചിരുന്നില്ല.
അക്കൊല്ലത്തെ കർക്കിടകത്തിലെ മഴയിൽ, പനിച്ച് വിറച്ച ,ഏലിക്കുട്ടിയുടെ മുതുകിൽ, കാളക്ക് കാടിവെള്ളം കൊടുക്കാൻ താമസിച്ചു ,എന്ന് പറഞ്ഞ് വറീത് ആഞ്ഞൊരു ചവിട്ട് കൊടുത്തു.മുന്നോട് വീണു പോയ ഏലിക്കുട്ടി പിന്നെ ആ വാവ് തികച്ചില്ല.
ഏലിക്കുട്ടി മരിച്ച് തൊണ്ണൂറാം നാൾ ഭർത്താവ് ഉപേക്ഷിച്ച പുറം ജോലിക്കാരി,"മറിയാമ്മ "ആ വീട്ടിലെ പുതിയ വീട്ടുകാരിയായി മാറി.
കാണാൻ സുന്ദരിയായ ജാൻസി പഠന ത്തിലും മിടുക്കി ആയിരുന്നു. അവളെ തിരു വസ്ത്രമണിയിച്ച് കന്യാസ്ത്രി ആക്കാനായിരുന്നു വറീതിന്റെ ആഗ്രഹം. പള്ളിയോടും ,പട്ടക്കാരോടും ഉള്ള ആദരവിനേക്കാൾ സ്ത്രീധന വകയിൽ നഷ്ടം വന്നേക്കാവുന്ന പണത്തേക്കുറിച്ചുള്ള ആവലാതിയാണ് അയാളെ ആ തീരുമാനത്തിൽ എത്തിച്ചത്.അങ്ങനെ ചെറുപ്പത്തിലെ തന്നെ കന്യാസ്ത്രീ മഠങ്ങളിൽ സഹായിയായി തീർന്ന അവളെ, പത്ത് കഴിഞ്ഞ് തുടർ പഠനത്തിനു ശേഷം പള്ളിക്കാർ ക്രിസ്തുവിന്റെ മണവാട്ടിയാക്കാൻ തീരുമാനിച്ചു.
പഠന കാലത്ത് ജാൻസി, ബെന്നി എന്നൊരു യുവാവുമായി അടുപ്പത്തിലായി.
വീഞ്ഞിനേക്കാൾ ലഹരിയുള്ള അവന്റെ സ്നേഹത്തിൽ നനഞ്ഞ ആ മാലാഖ. അവനോടൊപ്പം " തളിർ വള്ളികൾ നിറഞ്ഞ മുന്തിരി തോപ്പുകളിലും ,ലെബനോണിലെ ദേവദാരുക്കൾ പൂത്ത സ്നേഹവീഥിയിലും " ഇണപിരിയാത്ത പ്രാവുകളെ പോലെ കാറ്റിലലയുന്നത് സ്വപ്നം കണ്ടു.
പക്ഷെ പാലാക്കാരൻ റോമൻ കത്തോലിക്ക വിഭാഗക്കാരനായ ,വറീതിന് യാക്കോബായ വിഭാഗക്കാരനായ ബെന്നിയുമായുള്ള തന്റെ മകളുടെ ബന്ധം തീരെ രസിച്ചില്ല. വറീതിന്റെ ഭാഷയിൽ കുടുംബത്തിന് പേരുദോഷം ഉണ്ടാക്കാനായിട്ട് ജനിച്ച അവളെ അയാൾ മഠത്തിൽ നിന്നും, പഠനം നിർത്തിച്ച് വീട്ടിൽ കൊണ്ട് വന്ന് തടങ്കലിൽ എന്ന പോലെ പാർപ്പിച്ചു.
എന്നാൽ ഒരിക്കൽ അന്തി പ്രാർത്ഥനാവേളയിൽ സ്വർഗ്ഗസ്ഥനായ പിതാവെ ചൊല്ലുമ്പോൾ, കോഴിക്കൂട് അടക്കാൻ മറന്നൂ എന്ന് പറഞ്ഞ് പ്രാർത്ഥന പായയിൽ നിന്നും എഴുന്നേറ്റ അവൾ, തന്റെ ജീവന്റെ ജീവനായ ബെന്നിയോടൊപ്പം
വയലറ്റ് പൂക്കൾ നിറഞ്ഞ കുന്നിൻ ചെരുവുകളിൽ മതിയാവോളം അലയാൻ ആ തടങ്കലിൽ നിന്നും രക്ഷപെട്ടു.
പക്ഷെ അവരുടെ സന്തോഷപൂർവ്വമായ ജീവിതത്തിന് അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ.
"സങ്കീർത്തനങ്ങളിലെ ആട്ടിടയന്റെ - "ജീവിത മാകുന്ന പച്ചപ്പുൽ മേട്ടിൽ "അവളെ ഒറ്റക്കാക്കി, ബെന്നിയെയും കൊണ്ട് യാത്രയാവാൻ വിധി ഒരപകടത്തിന്റെ രൂപത്തിൽ വന്നു. വെള്ളയിൽ പൊതിഞ്ഞ പ്രിയതമന് അന്ത്യചുംബനം നല്കുമ്പോൾ അവളുടെ വിറയാർന്ന ചൊടികൾക്ക് അടിവയറ്റിലെ ജീവന്റെ തുടിപ്പ് കൂടി ഉണ്ടായിരുന്നു.
" മകനെ കൊല്ലി " എന്ന അപരനാമത്തോടെ ബെന്നിയുടെ അമ്മ അവളെ വീട്ടിൽ നിന്നും പടിയിറക്കുമ്പോൾ ,പോകാനൊരിടം, അവൾക്ക്, ആ ,പഴയ കന്യാസ്ത്രീ മഠമായിരുന്നു. അവിടുത്തെ പള്ളിയിലെ ഫ്രാൻസിസ് അച്ചൻ ,വറീതിന്റെ കുഞ്ഞമ്മ, ത്രേസ്യയുടെ മോനായിരുന്നു. വളരെ ഏറെ കൂടിയാലോചനകൾക്കും, ചർച്ചക്കും ശേഷം വറീത് മകളെ തന്റെ വീട്ടിൽ കൊണ്ട് പോയി പാർപ്പിക്കാൻ സമ്മതിച്ചു.
അങ്ങനെ തന്റെ ഉദരത്തിൽ വളരുന്ന പ്രിയതമന്റെ "ജീവസേനഹത്തെ" കാത്ത് ,ആ വീട്ടിൽ, ആകാശത്ത് വിരിയുന്നതും ,അണയുന്നതു മായ നക്ഷത്രങ്ങളെനോക്കി അവൾ നാളുകളെണ്ണി കഴിഞ്ഞു. രണ്ടാനമ്മയെങ്കിലും മറിയാമ്മ അവളെ സ്നേഹത്തോടെയും ,അലിവോടെയും പരിചരിച്ചു.
പക്ഷെ വറീതിന്റെ മനസ്സിൽ മറ്റൊരു പദ്ധതി ആയിരുന്നു. കുഞ്ഞിനെ അവളറിയാതെ അനാഥാലയത്തിലേക്ക് മാറ്റണം, അതായിരുന്നു അവളെ വീട്ടിൽ കൊണ്ട് വരുന്നതിന് അയാൾ ഫ്രാൻസിസ് അച്ചനുമായി ഉണ്ടാക്കിയ ഉടമ്പടി .ജാൻസിയെ മറ്റൊരു വിവാഹം കഴിപ്പിച്ച് അയക്കാം എന്ന വറീതിന്റെ "കുബുദ്ധിയിൽ '' നിവൃത്തിയില്ലാതെ ആ 'നല്ല ഇടയന് 'അത് സമ്മതിക്കേണ്ടതായ് വന്നു.
പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമെ ജാൻസി മയക്കം വിട്ടുണർന്നുള്ളൂ അപ്പോഴേക്കും അവൾക്ക് തന്റെ മോനെ നഷ്ടപ്പെട്ടിരുന്നു.
അങ്ങ് ദൂരെ മൈസൂറിലെ ഓർഫനേജിൽ എത്തപെട്ട അവൻ അമ്മയുടെ ചൂട് തേടിയും ,പാല് തേടിയും വല്ലാതെ വലഞ്ഞു.
ആ സംഭവം അവളെ ഒരു ഭ്രാന്തിയെ പോലെയാക്കി മാറ്റി .പാറി പറന്ന മുടിയും അഴുക്ക് പുരണ്ട വസ്ത്രങ്ങളുമായ് അവൾ ആ വീടിന്റെ അടുക്കള കോണിൽ എന്നെ ന്നേക്കുമായി ഒതുങ്ങി.
ഇളയവൻ ജെയിംസ് ഒരു ദുസ്വഭാവിയും, താന്തോന്നിയുമായിരുന്നു.കാലക്രമേണ മദ്യപാനിയായി തീർന്ന അവൻ, വയസ്സനായി തുടങ്ങിയ വറീതിനെ ചോദ്യം ചെയ്യാനും, തന്റെ അമ്മച്ചിയെ ചവിട്ടികൊന്ന കാര്യം ചോദിച്ച് കയർക്കാനും തുടങ്ങി.
അങ്ങനെ ഇരിക്കെ ഒരു നാൾ ,തന്റെ പ്രിയപ്പെട്ട കാളയായ മണിക്കുട്ടന്റെ " കുത്തേറ്റ് വീണ വറീത് ഇഹ ലോക ജീവിതം അവസാനിപ്പിച്ച് നിത്യതയിലേക്ക് യാത്രയായ് .
ധൂർത്തനും ,മദ്യപാനിയുമായിരുന്ന ജെയിംസ് അപ്പനുണ്ടാക്കിയ ഭൂസ്വത്തെല്ലാം വിറ്റ് തുലക്കാൻ തുടങ്ങി .അവൻ വറീതിന്റെ രണ്ടാം ഭാര്യ മറിയാമ്മയെ വീട്ടിൽ നിന്നും അടിച്ചിറക്കി. ആ വീട് പഴയതിലും വലിയ ഒരു നരകമായ് മാറി.
തികച്ചും ഏകാകിയായി മാറിയ ജാൻസി, ഒരിക്കൽ ആ വീടുപേക്ഷിച്ച് ആരുമറിയാതെ കേരളത്തിന് വെളിയിൽ ഒരനാഥാലയത്തിൽ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്ക് ചേർന്നു.
അങ്ങനെ അനേകം കുഞ്ഞുകളുടെ സ്നേഹമുള്ള കാവൽ മാലാഖയായ "ജാൻസിയമ്മയായ് " അവൾ മാറി.
............................................................................
ആയാസപ്പെട്ട് പടികൾ ഉറങ്ങി വന്ന ജാൻസിക്ക് തന്റെ കണ്ണ്കളെ വിശ്വസിക്കാനേ കഴിഞ്ഞില്ല .അവിടെയതാ പണ്ടെങ്ങോ നാടുവിട്ട തന്റെ "ബേബിച്ചായൻ " ഒരു സ്ത്രീയോടും ,മുതിർന്ന ഒരു യുവാവിനോടുമൊപ്പം വിസിറ്റേഴ്സ് റൂമിൽ നിൽക്കുന്നു .
ജാൻസി അറിയാതെ പോയ കുറെ സംഭവങ്ങളായിരുന്നു പിന്നീട് ബേബി വിവരിച്ചത്.നാട് വിട്ട് കുടകിലേക്ക് പോയ അയാൾ സ്വപ്രയത്നം കൊണ്ട് സമ്പന്നനാകുകയും ,അവിടെനിന്ന് തന്നെ ഒരു വിവാഹം കഴിക്കുകയും ചെയ്തു.ഏറെക്കാലം മക്കളില്ലാതെ ഇരുന്ന അവർ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു.
അങ്ങനെ മൈസൂരിലെ അനാഥാലയത്തിൽ നിന്നും അവർ ദത്തെടുത്ത കുഞ്ഞാണ് വളർന്ന് യുവാവായ് അവരൊടൊപ്പം നിൽക്കുന്നത്.
ഫാദർ ഫ്രാൻസിസ് തന്റെ അന്ത്യസമയത്ത് സഹായി ജോർജ്ജിനോട് താൻ പണ്ട് അനാഥാലയത്തിലേൽപിച്ച കുഞ്ഞിന്റെ കാര്യം പറയുകയും .അവന്റെ വിവരങ്ങൾ അന്വേഷിക്കാൻ ഏൽപ്പിക്കുകയും ചെയ്തു. അവനിപ്പോഴും അനാഥനായാണ് ജീവിക്കുന്നതെങ്കിൽ വറീതിന്റെ മക്കളെ ആരെയെങ്കിലും കണ്ട് പിടിച്ച് അവനെ സനാഥനാക്കണ മെന്നും അദ്ദേഹം ജോർജിനോടാവശ്യപ്പെട്ടു.
കുറെ നാളത്തെ അന്വേഷണത്തിന് ശേഷം അയാൾ, ആ കുഞ്ഞ് ,വറീതിന്റെ പുത്രൻ ബേബിയുടെ മകനായാണ് വളരുന്നത് എന്ന ആശ്ചര്യകരമായ വാർത്ത മനസ്സിലാക്കി. ജോർജ് ,ബേബിയെ കാണുകയും കുട്ടി ജാൻസിയുടെ മോനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
അങ്ങനെ തങ്ങൾ ദത്തെടുത്ത കുഞ്ഞ് "വിധി വശാൽ "സ്വന്തം ചോരയിൽ പെട്ടവനാണെന്ന് തിരിച്ചറിഞ്ഞ ബേബി വളർത്തു മകനും ,ഭാര്യക്കുമൊപ്പം നീണ്ട വർഷങ്ങളുടെ അന്വേഷണങ്ങൾക്ക് ഒടുവിൽ ജാൻസിയെ തിരഞ്ഞ് അന്ന് ആ അനാഥാലയത്തിൽ എത്തിയതാണ് .
തന്റെ ജീവന്റെ ജീവനായ മകനെ മാറോടണച്ച് ആ അമ്മ അത്ര നാളത്തെ സങ്കടം മുഴുവനും കരഞ്ഞ് തീർത്തു.ഇനിയുള്ള കാലം അവനോടൊപ്പം ജീവിക്കാൻ തീരുമാനിച്ച അവരെ ,പിറ്റേന് കൂട്ടിക്കൊണ്ട് പോകാൻ തയ്യാറെടുത്ത് ബേബിയും, ഭാര്യയും ,മകനും ടൗണിലെ തങ്ങളുടെ താമസ സ്ഥലേത്തക്ക് പോയി.
യാത്രക്കുള്ള തയ്യാറെടുപ്പുകളോടെ പിറ്റേന്ന് അതിരാവിലെ തന്നെ ആ ആശ്രമത്തിലെത്തിയ അവരെ അവിടെ കാത്തിരുന്നത് "അടഞ്ഞ മിഴികളും, ചലനം നിലച്ച ഹൃദയവുമുള്ള "കാവൽ മാലാഖ " ജാൻസി അമ്മയായിരുന്നു.

"വെൺ ചിറകുകൾ "വീശിയ അനേകം മാലാഖ മാരുടെ അകമ്പടിയോടെ ജാൻസി എന്ന കാവൽ മാലാഖ തന്റെപിതാവിന്റെ നാട്ടിലേക്ക് ,പ്രിയതമന്റെ അരികിലേക്ക് യാത്രയായി. യാത്രയിലുടനീളം അവളെ ലെബനോനിലെ ദേവദാരുക്കളെ തഴുകിയ കുളിർ കാറ്റ് തൊട്ട് തലോടിക്കൊണ്ടേ ഇരുന്നു.
(എന്റെ ജീവിതത്തിൽ പിന്നിട്ട മുപ്പത്തൊൻപത് വർഷങ്ങളിൽ കഥയോ, കുറിപ്പുകളോ ,എഴുതാതിരുന്ന ഞാൻ കഴിഞ്ഞ രണ്ട് മാസക്കാലം കൊണ്ട് ഏഴോളം എണ്ണം രചിക്കുകയും ,കുറെ പേർക്ക് എന്റെ രചനകൾ ഇഷ്ടമാവുകയും ചെയ്തത് ദൈവഹിതം ഒന്നു മാത്രമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതിനാൽ ഉണ്ടായ ഒരു സൃഷ്ടി')
എല്ലാ വായനക്കാർക്കും ക്രിസ്തുമസ് ആശംസകൾ.
സ്നേഹപൂർവ്വം,
അരുൺ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo