Slider

ഒബിറ്റ്യുറി ഭാഗം - 4

0
ഒബിറ്റ്യുറി ഭാഗം - 4
------------------------------
ദിവസങ്ങൾ പോകും തോറും പ്രിൻസിക്ക് ആകെ അസ്വസ്ഥതയായി. എന്തിനാണ് ഇങ്ങനെ ആശങ്കപ്പെടുന്നതെന്ന് അവൾക്ക് പിടി കിട്ടിയില്ല. എപ്പോഴോ കണ്ട ഒരു സ്വപ്നം. അത് മറന്നു കളയേണ്ടതെ ഉള്ളു. ഫോട്ടോയിൽ കാണുന്ന മുഖങ്ങൾ മനസ്സിൽ കൊണ്ട് നടന്ന് വെറുതെ താൻ അനാവശ്യമായ ചിന്താകുഴപ്പം ഉണ്ടാക്കുകയാണ്. അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
ഇതിനിടയിൽ ദിവസങ്ങൾ പോകുന്നതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല. യാന്ത്രികമായി ഓരോരോ ജോലികൾ ചെയ്തു തീർക്കുന്നു എന്നല്ലാതെ മനസ്സ് മറ്റേതോ ലോകത്തിൽ എന്ന പോലെ അലഞ്ഞു നടന്നു.
അങ്ങനെ തിരക്കിട്ട് ജോലികൾ തീർക്കുന്ന ഒരു ദിവസം. ജോലിക്കിടയിൽ ആരോ വന്ന് പ്രിൻസിയോട് ചോദിച്ചു.
"ഈ അക്കൗണ്ട് ക്ലോസ് ചെയ്യാൻ എന്താ ചെയ്യണ്ടേ...?"
അത്യാവശ്യമായ ജോലികൾ ചെയ്യുന്നതിനാൽ പ്രിൻസി മുഖം പോലും ഉയർത്താതെ തൊട്ടടുത്ത സീറ്റിലേക്ക് വിരൽ ചൂണ്ടി. അവർ മെല്ലെ നടന്ന് അടുത്ത കൗണ്ടറിലേക്ക് ചെന്നു. അലസമായി അവരെ ഒന്ന് നോക്കിയ അവൾ ഞെട്ടി. ഇത്... ഇതാ സ്ത്രീ അല്ലെ...? അവൾ കണ്ണുകടച്ചു തുറന്ന് ഒന്ന് കൂടി നോക്കി. അതെ... ഇതവർ തന്നെ. അവൾ അവരെ അടുത്തേക്ക് വിളിച്ചു. ഒരു ചെറു മന്ദസ്മിതത്തോടെ അവർ അടുത്തേക്ക് വന്നു.
"എന്താ വേണ്ടത്..?"
"ഈ അക്കൗണ്ട് ക്ലോസ് ചെയ്യണമായിരുന്നു..."
"എന്താ ക്ലോസ് ചെയ്യുന്നത്..?"
"ഇത് ഹസ്ബന്റിന്റെ അക്കൗണ്ട് ആണ്. അദ്ദേഹം... ഇപ്പൊ ഇല്ല."
പ്രിൻസി ഒരു ഞെട്ടലോടെ മുഖമുയർത്തി നോക്കി. കൂടുതൽ എന്തൊക്കെയോ ചോദിയ്ക്കാൻ അവൾ ആഞ്ഞെങ്കിലും പിന്നെ വേണ്ടെന്ന് വച്ചു. അക്കൗണ്ട് ക്ലോസ് ചെയ്യാൻ വേണ്ടുന്ന ഫോര്മാലിറ്റിസ് അവൾ തന്നെ ചെയ്തുകൊടുത്തു. അതിനിടയിൽ അവൾ ഒരു സൗഹൃദ സംഭാഷണം എന്ന പോലെ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
അവരുടെ പേര് മെറീന എന്നാണെന്നവർ പറഞ്ഞു. അവരും തന്നെ പോലെ തനിച്ചാണെന്ന അറിവ് അവളെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കി. ഇവർ ഇസബെല്ലയുടെ ആരെങ്കിലും ആണോ എന്ന്ചോദിച്ചറിയാൻ എന്തുകൊണ്ടോ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. എങ്കിലും അവൾ ചോദിക്കാൻ തന്നെ നിശ്ചയിച്ചു.
"ഇസബല്ലയുടെ ആരെങ്കിലും ആണോ..?"
അവർ അത്ഭുതത്തോടെ അവളെ നോക്കി. അടുത്ത നിമിഷം അത്ഭുതഭാവം വിഷാദത്തിന് വഴി മാറി കൊടുത്തു. പിന്നെ മെല്ലെ മറുപടി പറഞ്ഞു.
"അതെ. അമ്മയാ.. ഇസ മോളെ അറിയുമോ..?"
"ഹ്മ്...ഞാൻ പത്രത്തിൽ കണ്ടിരുന്നു."
മെറീന സംശയത്തിൽ പ്രിൻസിയെ നോക്കി. കൂടുതൽ ചോദ്യങ്ങൾക്ക് നില്കാതെ അവർ പോകാൻ ധൃതി കൂട്ടി.
"റോയ് വർഗീസിനെ അറിയുമോ..?"
അവർക്ക് വീണ്ടും അത്ഭുതം. പിന്നെ വീണ്ടും ആ ഭാവം മാറി. ഇപ്പോൾ എന്താണവരുടെ മനസ്സിൽ എന്ന് വായിച്ചെടുക്കാൻ പ്രിൻസി ആവുന്നതും ശ്രമിച്ചു. പക്ഷെ അവൾക്കതിനായില്ല. അടുത്ത നിമിഷം അവർ ചോദിച്ചു.
"ആരാ റോയ് വർഗീസ്..?"
നിരാശയും വിഷാദവും അവളുടെ മുഖത്ത് നിഴലിച്ചു.
"എന്റെ ഹസ്ബൻഡ് ആണ്. ബട്ട് ഹി ഈസ് നോ മോർ..."
തെല്ലു നേരം രണ്ടു പേരും നിശബ്ദരായി. പിന്നെ അവർ ധൃതിയിൽ പോകാൻ എഴുന്നേറ്റു. പ്രിൻസിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി കിട്ടിയിരുന്നില്ല. പക്ഷെ ഒന്നിനും മറുപടി തരാൻ തയ്യാറാവാതെ അവർ തിടുക്കപ്പെട്ട് പുറത്തേക്ക് പോയി. അവരുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് തോന്നി. അവരുടെ ഭാവവ്യത്യാസങ്ങളിൽ എന്തൊക്കെയോ നിഗൂഢത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സംശയത്തിൽ അവളിരുന്നു.
******
മെറീനയുടെ പെരുമാറ്റം പ്രിൻസി പലരീതിയിലും വിശകലനം ചെയ്തു നോക്കി. എന്തോ പന്തികേടുണ്ടെന്ന് തന്നെ അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. ഇസബെല്ലയെ കുറിച്ചും കൂടുതലൊന്നും അറിയാൻ കഴിഞ്ഞില്ല എന്നത് അവളെ നിരാശയാക്കി. അവരെ ഒരിക്കൽ കൂടി കണ്ട് വിശദമായി വിവരങ്ങൾ ചോദിച്ചറിയണം.
അന്ന് തന്നെ പ്രിൻസി അവരുടെ അഡ്രസ്സും ഫോൺ നമ്പറും കുറിച്ചെടുത്തിരുന്നു. അവൾ ആ നമ്പറിലേക്ക് ഡയൽ ചെയ്തു.
"ഹലോ.."
"ഹലോ.. മെറീനയല്ലേ...?"
"അതെ.ആരാണ്..?"
"ഞാൻ പ്രിൻസി. നമ്മൾ അന്ന് ബാങ്കിൽ വച്ച് കണ്ടിരുന്നു. ഓർക്കുന്നില്ലേ...?"
"ഹ്മ്.."
ഒരു മൂളലിൽ അവർ മറുപടി ഒതുക്കി. സംസാരത്തിൽ ആദ്യം ഉണ്ടായിരുന്ന സൗമ്യത കൈമോശം വന്ന പോലെ ആയിരുന്നു ആ മൂളൽ. പ്രിൻസിക്ക് ആകെ അലോസരം തോന്നി.
"എനിക്ക്... എനിക്കൊന്നു കാണണമായിരുന്നു."
"എന്തിന്..?"
ഒട്ടും മയമില്ലാത്ത രീതിയിൽ അവർ ചോദിച്ചു.
"ചില കാര്യങ്ങൾ അറിയാനാണ്."
"എന്ത് കാര്യങ്ങൾ..?"
"അത് ഇസബെല്ലയെകുറിച്ചാണ്... ആ കുട്ടിക്ക് എന്താണ് സംഭവിച്ചത്?"
അൽപ നേരം നിശബ്ദത ആയിരുന്നു മറുപടി. ഒരുത്തരത്തിനായി അവൾ കാതോർത്തു നിന്നു.
"എന്റെ മോൾ പോയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഇപ്പോൾ എന്തിനാണ് നിങ്ങൾ ഇതൊക്കെ അന്വേഷിക്കുന്നത്..?
"ഞാൻ പറയാം.. ഫോണിൽ കൂടി സംസാരിച്ചാൽ ശരിയാവില്ല. നേരിട്ട് കാണാം. ഞാൻ വീട്ടിലേക്ക് വന്നോട്ടെ..?"
അൽപ നേരം ആലോചിച്ച ശേഷമാണ് അവർ ഉത്തരം പറഞ്ഞത്. രണ്ടു കൂട്ടർക്കും സൗകര്യപ്രദമായ ഒരു സമയം നിശ്ചയിച്ച് അവർ ആ കോൾ അവസാനിപ്പിച്ചു. തെല്ലൊരാശ്വാസത്തോടെ പ്രിൻസി ഇരുന്നു.
******
മെറീന ആ ഫോൺ കൈയിൽ വച്ച് ഏറെ നേരം ഇരുന്നു. ഉള്ളിൽ പിടയുന്ന ഒരു വേദന അവൾക്കനുഭവപ്പെട്ടു. പ്രിൻസി... അവൾ തന്റെ അടുക്കലേക്ക് വരുന്നു. എന്തിന്..? ഇസമോളെ കുറിച്ച് അവൾ ചോദിക്കുന്നു. എന്തിനായിരിക്കും ഈ വരവ്..?
'അവൾ റോയിയുടെ ഭാര്യയാണ് എന്നറിയാതെ അവൾക്ക് മുൻപിൽ ചെന്ന് പെട്ടു. ഇസമോളെ അവൾ പത്രത്തിൽ കണ്ടിട്ടുണ്ടെന്ന് പറയുന്നു. അങ്ങനെ കണ്ട ഒരാളെക്കുറിച്ച് അന്വേഷിക്കാൻ തന്നെ തേടി വരുമോ...? അതോ ഈ വരവിനു മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ..? റോയിയെ തനിക്കറിയാമെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു. അപ്പോൾ ഈ വരവിൽ മറ്റെന്തെങ്കിലും ഉദ്ദേശം കാണും. അത് കണ്ടറിഞ്ഞ് വേണം അവളോട് ഇടപഴകുന്നത്.'
വല്ലാത്തൊരു ഭീതി മെറീനയുടെ ഉള്ളിൽ നിറഞ്ഞു. ഒന്നും പ്രിൻസി അറിയാതിരിക്കാൻ അവൾ മനസ്സ് കൊണ്ട് തന്ത്രങ്ങൾ മെനയാൻ തുടങ്ങി.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo