Showing posts with label JijoPuthanpurayil. Show all posts
Showing posts with label JijoPuthanpurayil. Show all posts

ഇച്ചായ

Image may contain: 1 person, smiling, closeup and outdoor

ഇന്ന് കഞ്ഞീം ചമ്മന്തിയുമേ ഉള്ളു ഇച്ചായ.
ഇന്നലെ വാങ്ങിയ ഉണക്ക മീൻ കഴിഞ്ഞോടി?
അയ്യോ ഇച്ചായാ, അത് പൂച്ച തിന്നു.
ഉറിയില്‍ വെച്ചില്ലേ നീ
വെച്ചതായിരുന്നു, ഇന്നലത്തെ മഴയത്ത് വെള്ളം ചോര്‍ന്നു മീന്‍ കുട്ട മുഴുവന്‍ നനഞ്ഞു. ഇന്നുച്ചക്ക് കുറച്ചു വെയില് കണ്ടപ്പോള്‍ പാറയില്‍ ഉണക്കാന്‍ വെച്ചതാ, എവിടുന്നോ രണ്ട് മൂന്ന് പൂച്ചകള്‍ വന്നു തിന്നച്ചായ. ഓടിച്ചെന്ന് നോക്കിയപ്പോള്‍ ഒരു മീനിന്‍റെ വാല് മാത്രം ബാക്കി.
ആ സാരമില്ലടി, ഇനി കടയില്‍ പോകുമ്പോള്‍ മേടിക്കാം.
അതെ ഇച്ചായ ഒരു കാര്യം പറയട്ടെ!
ഉം പറ
പുര മേയണം ചോര്‍ച്ചയുണ്ട്.
ആ മേയാം
പുതുമഴ പെയ്തിട്ട് ഇത് രണ്ടാമത്തെ മഴയാ, അപ്പുറത്തെ പരീതും, അമ്മിണിയുമൊക്കെ മഴയ്ക്ക് മുന്നേ പുര മേഞ്ഞു.
എന്റേല്‍ കാശില്ല ശോശാമ്മേ
അറിയാം ഇച്ചായ, എവിടുന്നെങ്കിലും കടം വാങ്ങി മേഞ്ഞില്ലെങ്കില്‍ എങ്ങനെ കിടക്കും. ഇന്നലെ നമ്മള്‍ രണ്ടാളും എണീറ്റിരുന്നത് ഓര്‍മ്മയില്ലേ?
ഉണ്ടടി, ഞാനൊന്ന് നോക്കട്ടെ
ഇച്ചായ
എന്നതാടി കൊച്ചെ
അരിയും, പഞ്ചസാരയും, ചായപ്പൊടിയും തീര്‍ന്നു, കാലത്ത് ചായ തികത്താന്‍ ഒന്നുമില്ല. അതു മാത്രമല്ല, പിള്ളേർക്ക് സ്കൂളിൽ പോകാൻ ബാഗ് വാങ്ങണം, കുട, യൂണിഫോം എല്ലാം വാങ്ങണം. എന്ത് ചെയ്യും എന്റെ പടച്ച തമ്പുരാനെ.
ഉം, നാളെ പൈലി മുതലാളിയുടെ പറമ്പില്‍ പണിയുണ്ട്. നാളെ വൈകുന്നേരം കുറച്ച് പലചരക്ക് വാങ്ങി കൊണ്ടുവരാം.
ഇച്ചായ ഞാനൊരു കാര്യം ചോദിക്കട്ടെ.
ഉം, എന്തിനാടി ഒരു മുഖവുര?
ഇച്ചായന് ഇഷ്ടമല്ലാത്ത ഒരു കാര്യമാ
അതെന്താടി എനിക്കിഷ്ടമില്ലാത്ത കാര്യം
അതെ ഇച്ചായ, നാളെ മുതല്‍ ഞാനും പണിക്ക് പൊക്കോട്ടെ? തെയ്യാമയുടെ കൂടെ കളപറിക്കാന്‍ പോയാല്‍ കാശ് കിട്ടില്ലേ. നമ്മുക്ക് കടം വാങ്ങി പുര മേയുന്ന കാശ് അടച്ച് വീട്ടാലോ
വേണ്ട നീ പണിക്ക് പോകണ്ട. നീ വീട്ടിലും പുറത്തും കഷ്ടപ്പെടണ്ട. പുര മേയാനുള്ള വക ഞാന്‍ നോക്കട്ടെ.
അതല്ല ഇച്ചായ, ഞാനും കൂടി പണിക്ക് പോയാല്‍ അത്രയുമായില്ലേ. എനിക്കിപ്പോ ആരോഗ്യമുണ്ട്. വീട്ടിലെ പണികളൊക്കെ ഒരൊഴുക്കിന് പോയ്ക്കോളും,
കുറച്ചു കഞ്ഞി വെക്കണം, കൂട്ടാന്‍ ഉണ്ടാക്കണം, തുണിയലക്കണം. അതൊക്കെ അതിന്റെയൊപ്പം അങ്ങ് തീരുമെന്നെ. എന്നെ തടയരുത്, പിള്ളേരും ഉണ്ടല്ലോ. അവര്‍ക്ക് യുണി ഫോം തുടങ്ങിയവ വാങ്ങണം. വേനലവധിക്ക് അവര്‍ എന്‍റെ അനിയത്തിയുടെ വീട്ടിലായത് കൊണ്ട് നനയണ്ട. അവര്‍ വരുമ്പോഴേക്കും പുര മേയണം. ഇതൊക്കെ ചെയ്യാൻ കാശ് വേണ്ടേ ഇച്ചായാ.
ഞാനും കൂടി പണിക്ക് പോയാല്‍ ഇച്ചായന്റെ ഭാരം കുറച്ചു കുറയും
മോനച്ചന്‍ കുറച്ച് നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു
ആ, നീ എന്നാ വേണേലും ചെയ്യ്‌. വയ്യാന്ന് തോന്നിയാല്‍ പിന്നെ പോവണ്ട കെട്ടോ
ശരി ഇച്ചായ, ഞാന്‍ നാളെ തന്നെ പോകാം. പണിയുണ്ട് ഇഷ്ടംപോലെ.
ഇന്ന് മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു. ശോശാമ്മ സ്വയം പറഞ്ഞു.
റാന്തല്‍ വിളക്കിന്‍റെ തിരി താഴ്ന്നു, അവര്‍ തഴ പായയില്‍ കിടന്നുറങ്ങി. അന്ന് ഭാഗ്യത്തിന് മഴ പെയ്തില്ല.
പിറ്റേ ദിവസം ശോശാമ്മ തെയ്യാമ്മയുടെ ഒപ്പം പണിക്ക് പോയി. മോനച്ചന്‍ പൈലി മുതലാളിയുടെ കയ്യില്‍ നിന്നും കുറച്ചു പണം കടം വാങ്ങി.
കുളത്തില്‍ അഴുകാനിട്ട ഓല പിറ്റേ ദിവസം മുതല്‍ ശോശാമ്മയും അടുത്ത വീട്ടിലെ ജാനകിയും മെടയാന്‍ തുടങ്ങി. മൂന്ന് ദിവസം കൊണ്ട് ഓല മുഴുവന്‍ മെടഞ്ഞു. കുറച്ചു തികയില്ല എന്ന് തോന്നിയത് കൊണ്ട് അപ്പുറത്തെ വീട്ടില്‍ മെടഞ്ഞു വെച്ചിരുന്നത് രണ്ട് കെട്ടു കടം വാങ്ങി.
അടുത്ത ദിവസം തന്നെ മേല്‍ക്കൂര പൊളിച്ചു താഴെയിറക്കി, മാറ്റേണ്ട പട്ടികയും കഴുക്കോലും മാറ്റി അന്ന് തന്നെ ഓല മേഞ്ഞു.
വൈകീട്ട് ആറുമണിയായപ്പോഴേക്കും എല്ലാം കഴിഞ്ഞു. പണിക്കാര്‍ക്ക് കൂലിയും കൊടുത്ത് ശോശാമ്മയും മോനച്ചനും എല്ലാം വൃത്തിയാക്കാന്‍ തുടങ്ങി. എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി പതിനൊന്നു മണി.
ഇത്തിരി കഞ്ഞിയും കുടിച്ചവര്‍ കിടന്നു.
അതിരാവിലെ എഴുന്നേറ്റ് അപ്പുറത്തെ വീട്ടില്‍ നിന്നും ശോശാമ്മ കുറച്ചു ചാണകം കൊണ്ടുവന്നു വെച്ചു. ചകിരി കത്തിച്ച് കുറച്ചു കരിയുണ്ടാക്കി വെച്ചു. എന്നിട്ട് കട്ടന്‍ തികത്തി, ചോറും വെച്ചു. ഇന്നലത്തെ മീന്‍ കൂട്ടാന്‍ ബാക്കിയുള്ളത് കൊണ്ട് കൂട്ടാന്‍ വെക്കേണ്ടി വന്നില്ല.
മോനച്ചനും ശോശാമ്മയും പണിക്ക് പോയി.
വൈകീട്ട് ശോശാമ്മ വന്നു ചാണകത്തിൽ കരി അരച്ച് ചേര്‍ത്ത് തറ മുഴുവനും മെഴുകി വൃത്തിയാക്കി. അപ്പോഴേക്കും മോനച്ചന്‍ കുറച്ച് പച്ച മീണുമായി വന്നു.
എന്തിനാ ഇച്ചായാ മീനൊക്കേ വാങ്ങിയത്. ഇച്ചായന്റെ കയ്യിൽ കാശുണ്ടോ. പുര മേയാൻ വാങ്ങിയ കാശ് കൊടുക്കണം, പിടിച്ച ചിട്ടി അടയ്ക്കണം. ഞാനും കൂടി ഇപ്പോ പണിക്ക് പോകുന്നുണ്ടല്ലോ, നമുക്ക് കടം ആദ്യം വീട്ടണം. പിന്നെ ഇറച്ചിയും മീനുമോക്കെ ഇഷ്ടം പോലെ വാങ്ങിത്തിന്നാലോ.
സാരമില്ലടി കൊച്ചെ, ഉള്ളത്‌കൊണ്ട് ഓണം പോലെ കഴിയാം കൊച്ചെ എന്ന് പറഞ്ഞവളെ തന്റെ ദേഹത്തോട് ചേർത്ത് നിർത്തി.
വൈകീട്ട് കിടക്കാന്‍ നേരം മോനച്ചന്‍ ശോശാമ്മയോട്‌ പറഞ്ഞു
എടീ
എന്താ ഇച്ചായ
എനിക്കെന്നാടി നിന്നെ ഇത്തിരി നല്ല പുരയില്‍ കിടത്താന്‍ പറ്റുക?
ഇച്ചായ, ഇതെന്നാ നമ്മുടെ നല്ല പുരയല്ലേ ?
അതേടി എന്നാലും, സിമന്റിട്ട തറയുള്ളൊരു ഓട്‌ വീട്.
ഇപ്പോ നമുക്ക് ഓല ഉണ്ടാക്കണം, ചാണകം എപ്പോഴും വേണം, അങ്ങനെ കഷ്ടപ്പാട് കൂടുതലല്ലേ ശോശാമ്മേ.
നമ്മുടെ പിള്ളേര്‍ പഠിച്ചു വളരട്ടെ, അവര്‍ക്ക് ജോലി കിട്ടുമ്പോള്‍ നമ്മുക്ക് ഇത്തിരി കൂടി നല്ല കാലം വരുമായിരിക്കും അല്ലേ ഇച്ചായാ?
അതേടി. എന്നാലും എത്ര വര്‍ഷങ്ങള്‍ കാത്തിരിക്കണം. ഇപ്പോള്‍ നമ്മള്‍ രണ്ടാളും പണിക്ക് പോകുന്നുണ്ടല്ലോ. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിയട്ടെ നമുക്ക് നോക്കാം അല്ലിയോ കൊച്ചെ.
സ്നേഹം കൂടുമ്പോള്‍ മോനച്ചന്‍ ശോശാമ്മയെ കൊച്ചെ എന്നാണ് വിളിക്കുക.
അന്ന് പുറത്ത് നല്ല മഴ പെയ്തു. റാന്തല്‍ വിളക്കിന്‍റെ തിരി താഴ്ന്നു. മോനച്ചന്‍ ശോശാമ്മയെ കെട്ടിപ്പിടിച്ചു തഴപ്പായയിൽ കിടന്നുറങ്ങി.
അപ്പോള്‍ വഴി തെറ്റിയ ഒരു മഴത്തുള്ളി പുതിയ ഓലയുടെ ഇടയില്‍ കൂടി ശോശാമ്മയുടെ മുഖത്ത് വീണ് മോനച്ചന്റെ മുഖത്തേക്ക് തെറിച്ചു. ഉറക്കത്തില്‍ അവരതറിഞ്ഞില്ല.
അപ്പോഴും പുറത്ത് മഴ കനക്കുകയായിരുന്നു.
ജെപി

അമ്മേ..

Image may contain: 1 person, eyeglasses and closeup

പരന്ന കൺമഷിയും, നെറ്റിയിൽ ഉണങ്ങി പകുതി അടർന്നു വീണ ചന്ദനക്കുറിയും, മുടിയിൽ ചൂടിയ വാടിയ മുല്ലപ്പൂവും കണ്ടപ്പോൾ തോന്നി അവൾ ദീർഘ ദൂര യാത്ര കഴിഞ്ഞ് വന്നതാണെന്ന്.
പട്ട് പാവാടയും ഉടുപ്പും കണ്ടപ്പോൾ ഏതോ ഗ്രാമത്തെ ഓർമ്മിപ്പിച്ചു.
കയ്യിലൊരു തുണി സഞ്ചിയുണ്ട്. അവൾ ബസിൽ നിന്നിറങ്ങിയത് ഇൗ കോലത്തിലാണ്. കണ്ട് നിന്നവർക്കതിശയം. ഇൗ കാലത്തിലും ഗ്രാമീണ വസ്ത്രമോ.
ബസിൽ നിന്നിറങ്ങി നാല് പാടും അവളൊന്നു നോക്കി. തൊട്ടടുത്തൊരു ചായക്കടയുണ്ട്‌. അവള് നേരെ അങ്ങോട്ട് പോയി ബഞ്ചിലിരുന്നു.
ചേട്ടാ ഒരു കടുപ്പത്തിലോരു ചായ. പിന്നെ കഴിക്കാൻ എന്താ ഉള്ളത്?
ഉഴുന്ന് വടയും, പഴംപൊരിയും... ചായക്കടക്കാരൻ പറഞ്ഞു.
രണ്ട് പഴം പൊരി എടുത്തോളൂ
ചായയും പഴം പൊരിയും അവിടുള്ള പഴയ മര മേശയിൽ എത്തി.
കുഞ്ഞെവിടുന്നാ, ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?
ഞാനങ്ങു കൊൽക്കത്തയിൽ നിന്നാ ചേട്ടാ..
ഇവിടെ ആരാ ഉള്ളത്
ആരുമില്ല?
പിന്നെ?
ഞാനിവിടുത്തെ ഗ്രാമ ഭംഗിയൊന്ന് ആസ്വദിക്കാൻ വന്നതാണ്.
ആണോ കുഞ്ഞേ, ആദ്യമായാണ് ഒരാൾ ഇൗ കാര്യവും പറഞ്ഞ് ഇൗ ഗ്രാമത്തിൽ വരുന്നത്. ഇവിടെ എന്താണ് കാണുവാനുള്ളത് കുട്ടി, ആരാണ് ഇങ്ങോട്ട് പറഞ്ഞ് വിട്ടത്?
ആരും പറഞ്ഞ് വിട്ടതല്ല ചേട്ടാ, ബസ് സ്റ്റാൻഡിൽ വെച്ച് കണ്ട ഒരു ബസിൽ കയറി, ബോർഡിൽ കണ്ട ഒരു സ്ഥലം പറഞ്ഞു, കണ്ടക്ടർ ഇവിടെ ഇറക്കി വിട്ടു.
ഒന്നും മനസിലാകുന്നില്ല കുട്ടി...
ഒന്നും മനസ്സിലാവരുത് ആർക്കും, അതാണ് എന്റെ യാത്രയുടെ ലക്ഷ്യം.
എത്ര രൂപയായി ചേട്ടാ
28 രൂപ
അവൾ രൂപ കൊടുത്ത് അവിടുന്നിറങ്ങി. ചായക്കടയുടെ മുന്നിലപ്പോൾ സൈക്കിളിൽ മീട്ടാ പാൻ വിൽക്കുന്ന ഒരാള് വന്നു.
കണ്ടപ്പോൾ തോന്നി അതൊരു ഹിന്ദി സംസാരിക്കുന്ന ആളാണെന്ന്
ഭായ്, ഏക്‌ മീഠാ പാൻ ദേതോ
എന്താണ്, മലയാളത്തിൽ പറഞാൽ മതി, ഞാനൊരു മലയാളിയാണ് ചേച്ചി.
ഓഹ്... കണ്ടപ്പോൾ തോന്നിയില്ല, അതാണ്
അത് ശരിയാ കാഴ്ചയിലാണ് നമ്മളുടെ പകുതി വിലയിരുത്തലും ചേച്ചി, അത് പോട്ടെ, പാനിൽ മധുരം കൂടുതൽ വേണോ.
ഇട്ടോളൂ
പതിനഞ്ച് രൂപ.
അവൾ 20 രൂപ നീട്ടി, എന്നിട്ട് ബാക്കി കൊടുക്കാൻ നേരം അവൾ പറഞ്ഞു.
ബാക്കി വേണ്ട, വെച്ചോളൂ
അത് വേണ്ട ചേച്ചി, അർഹമല്ലാത്തത് വേണ്ട, എന്ന് പറഞ്ഞ് പാൻകാരൻ 5 രൂപ തിരികെ കൊടുത്തു.
കാഴ്ച്ചപ്പാടും വിലയിരുത്തലും പലപ്പോഴും തെറ്റാണെന്ന് വിദ്യാഭ്യാസം കുറവുള്ള പാൻ കാരൻ അവൾക്ക് പഠിപ്പിച്ച് കൊടുത്തു.
പാൻ മസാല വായിലിട്ട് അവള് മുന്നിൽ കണ്ട ഗ്രാമ പാതയിലൂടെ നടന്നു.
ജീൻസും ടോപ്പും മാത്രം ധരിച്ച് പരിചയമുള്ള അവൾക്ക് പട്ട് പാവാടയിട്ട്‌ നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി.
ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിയ ലൊക്കേഷൻ നോക്കി അവൾ നടന്നു.
അപ്പോൾ അവളുടെ ഫോൺ ശബ്ദിച്ചു. ആരോടോ കയർത്ത് സംസാരിക്കുന്നു. തും ചുപ് രഹോ, I don't fucking care. എന്ന് പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു. കേരളത്തിൽ വന്ന അവളെ ബോയ്ഫ്രണ്ട് അതും ഇതും പറഞ്ഞതിനുള്ള മറുപടി.
മാപ്പ് ഓൺ ചെയ്ത് വീണ്ടും നടന്നു.
ഒരു ചെറിയ മോട്ടക്കുന്ന്... അതിനു മുകളിലെത്തണം.
അവൾ പതുക്കെ നടന്നു.
മാപ്പിൽ പറഞ്ഞ സ്ഥലമെത്തി.
അവളൊരു നിമിഷം നിന്നു. പഴകിയ ഒരു വീടിന്റെ അവശിഷ്ടങ്ങൾ മാത്രം അവിടുണ്ട്.
ആ വീടിനോട് ചേർന്നൊരു മുത്തശ്ശി ചക്കരമാവും.
ആ മാവിനോട് ചേർന്നുള്ളൊരു കുഴിമാടമാണവളുടെ ലക്ഷ്യം.
വർഷങ്ങൾക്ക് മുന്നേ, ഒരു പെൺകുട്ടിക്ക് ജന്മം നൽകി അവൾക്കൊരു മുത്തവും നൽകി അമ്മിഞ്ഞയും നൽകി ലോകത്തോട് വിടപറഞ്ഞ അവളുടെ അമ്മയുറങ്ങുന്ന മണ്ണ്. ദുഃഖം സഹിക്കാൻ പറ്റാതെ അവളില്ലാത്ത ഭൂമിയും വീടും വേണ്ടായെന്ന് തീരുമാനിച്ച് അവളുടെ അച്ഛൻ അവളേയും കൊണ്ട് കൊൽക്കത്തക്ക് തീവണ്ടി കയറി.
അവിടെയുള്ള ജീവിതം അവളെയൊരു പരിഷ്ക്കാരിയാക്കി. അച്ഛൻ വേറൊരു വിവാഹം കഴിക്കാതെ അവളെ മാത്രം നോക്കി വളർത്തി.
അവള് ജനിക്കുന്നതിനു മുന്നേ അവൾക്കൊരു കുഞ്ഞു പട്ട് പാവാടയും ഉടുപ്പും തയ്യിച്ചിട്ടാണ് അമ്മ പോയത്. ആ ഉടുപ്പ് അച്ഛൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. അത് കൊണ്ടാണ് അമ്മക്കിഷ്ടമുള്ള പട്ട് പാവാടയും ഉടുപ്പും തയ്യിപ്പിച്ചിട്ടവൾ വന്നത്.
അവള് അവിടെ തിരഞ്ഞു... അവസാനം മണ്ണ് പകുതി മൂടിയ ഒരു കല്ല് അവിടെ കണ്ടു.
അമ്മേ... എന്നവൾ വിളിച്ചു.
ജെപി

ആരാണ് ആ പെണ്‍കുട്ടി

Image may contain: 1 person, eyeglasses, selfie and closeup

അത് രാമന്റെ ഭാര്യയായ സീതയല്ലേ
എന്തൊരു സുന്ദരിയാണവള്‍ അല്ലേ?
ഉവ്വ്, യജമാനനെ. എന്താ അങ്ങേക്ക് ഇഷ്ടമായിന്ന് തോന്നുന്നു.
ഉവ്വ് അവളെ കണ്ട മാത്രയില്‍ ഈരേഴ് പതിനാല് ലോകവും എങ്ങനെ മറക്കാതിരിക്കും.
യജമാനനേ, അത് അന്യന്‍റെ ഭാര്യയല്ലിയോ. രാമനാണെങ്കില്‍ വീരശൂരപരാക്രമിയും. രാമരാജ്യത്തിന്റെ പ്രശസ്തി അറിയാമല്ലോ.
അതെനിക്ക് പ്രശ്നമല്ല മോഹിച്ചത് സ്വന്തമാക്കണം , അതൊരു ദിവസത്തേക്ക് ആണെങ്കിലും.
അതൊരു അതിമോഹമല്ലേ യജമാനനേ.
മോഹവും അതിമോഹവും , അതിന്റെ കര്‍ത്താവായ എന്നെയാണോ നീ ഉപദേശിക്കുന്നത്.
അന്യന്റെ ഭാര്യയോട് പ്രേമം തോന്നുന്നത് സ്വഭാവികം, എങ്കിലും സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നത് അവിവേകമാല്ലിയോ?
യാചകരെ കണ്ടാല്‍ പെട്ടന്നലിയുന്ന മനസ്സും സ്വര്‍ണ്ണത്തിളക്കം കണ്ടാല്‍ മനസ്സ് ചാഞ്ചാടാത്ത സ്ത്രീകള്‍ കുറവാണ്, അത് നിനക്കറിയില്ലേ.
അറിയാം എങ്കിലും സീത അങ്ങനെ ചാഞ്ചാടുമോ? അതെനിക്കൊരു സംശയമുണ്ട്‌.
അതൊക്കെ ഞാന്‍ കാണിച്ചു തരാം. സ്വര്‍ണ്ണം കണ്ടാല്‍ ഇവിടെ ഓടുന്നത് സീതയല്ല രാമനും ലക്ഷമണനുമാണ്.
അപ്പൊ പ്രലോഭനം രാജപുത്രന്മാര്‍ക്കും ബാധകം അല്ലിയോ യജമാനനേ.
ആദ്യമായി സീതക്ക് ചുറ്റും കാവലായി സംരക്ഷകരായി നില്‍കുന്ന രാമനേയും ലക്ഷ്മണനെയും അല്പ നേരം മാറ്റി നിര്‍ത്തണം.
നമ്മുടെ സേവകന്‍ സ്വര്‍ണ്ണമാനായി അവരുടെ മുന്നില്‍ കൗതുകം വിടര്‍ത്തട്ടെ.
സ്വര്‍ണ്ണത്തില്‍ മതിമയങ്ങുമോ അവര്‍
നിധി കുംഭാരത്തില്‍ അവര്‍ വീഴില്ല സേവകാ. ഇവിടെ സ്വര്‍ണ്ണത്തിനു ജീവന്‍ വെച്ചാല്‍ മനസ്സ് മാറിയേക്കും.
കൗതുകം ആരേയും പ്രലോഭിപ്പിക്കും അല്ലേ
അത് തന്നെ
.......................
രാമാ ഏയ്‌ രാമാ നോക്കൂ ഒരു സ്വര്‍ണ്ണമാന്‍
എവിടെ നോക്കട്ടെ
ദാ അവിടെ
ആഹാ മനോഹരമായിരിക്കുന്നല്ലോ. ഇതിനു മുന്നേ ഇങ്ങനെ ഒന്ന് ഞാന്‍ കണ്ടിട്ടില്ല.
സീതേ നീ കണ്ടോ സ്വര്‍ണ്ണമാന്‍?
എത്ര മനോഹരം അല്ലിയോ?
അയ്യോ രാമാ അത് നടന്നു പോകുന്നു
വരൂ നമുക്ക് പിന്തുടരാം.
അപ്പോള്‍ സീത, ഈ കാട്ടില്‍ സീതയെ ഒറ്റക്കിട്ട് പോകുന്നത് സുരക്ഷിതമല്ല.
ഞാനൊരു സുരക്ഷിത വളയം അവള്‍ക്ക് ചുറ്റും വരക്കാം. നമ്മള്‍ തിരികെ വരുന്നവരെ സീത അതിനുള്ളില്‍ നില്‍ക്കട്ടെ.
ലക്ഷ്മണന്‍ ഒരു വളയം വരച്ചു, എന്നിട്ട് സീതയോട് നിര്‍ദ്ദേശിച്ചു. ഏട്ടത്തിയമ്മ ഈ വളയം ഭേദിച്ച് പുറത്ത് പോകരുത്. ഞങ്ങള്‍ തിരികെ വരുന്ന വരെ.
സീത തല കുലുക്കി സമ്മതിച്ചു.
രാമനും ലക്ഷ്മണനും കൗതുക മാനിനെ തേടി കാട്ടിലേക്ക് കുതിച്ചു.
പുരുഷനേക്കാള്‍ മനസ്സലിവ് തോന്നുന്ന സ്ത്രീകള്‍, അതായയത് സീതക്ക് മുന്നില്‍ ഒരു യാചകന്‍ നിന്ന് കരയുന്നു.
ദാഹിക്കുന്നു അമ്മാ വിശക്കുകയും ചെയ്യുന്നു. എന്തെങ്കിലും ഭക്ഷിക്കാന്‍ കിട്ടിയിരുന്നുവെങ്കില്‍
മനസ്സലിവോ സ്വന്തം സുരക്ഷിതത്വമോ പ്രധാനം?
രണ്ടും വേണം.
സീത വളയം ഭേദിച്ച് പുറ ത്ത്‌ കടന്നു.
മണ്ടത്തരം ആയല്ലോ സീത..
കൊടുങ്കാട്ടിലുള്ള വിശക്കുന്ന യാചകനെ പ്രതീക്ഷിക്കാമോ സീത ? അല്ല യാചകന്‍ കാട്ടില്‍ ഉണ്ടാവുമോ?
വിവേകം വേണം സീത, വിവേകം.
അല്ല സീത, ഇന്നത്തെ കാലത്താണ് ഇത് സംഭവിക്കുന്നതെങ്കില്‍ സീതക്ക് ചുറ്റും വരച്ച നിയന്ത്രണ രേഖ അസ്വാതന്ത്ര്യ രേഖയാണ്, സ്ത്രീകളെ തളച്ചിടുന്ന രേഖയാണെന്ന് പറഞ്ഞു ബഹളമുണ്ടാക്കുമായിരുന്നോ?
ഇല്ല, ഞാന്‍ ബഹളം വെക്കില്ല
അതെന്താ സീതാ
ചില സാഹചര്യങ്ങളില്‍ എനിക്ക് ചുറ്റും വരയ്ക്കുന്ന രേഖ എനിക്കുള്ള സുരക്ഷിത രേഖയാണ്. അത് മനസ്സിലാക്കാനുള്ള വിവരം എനിക്കുണ്ട്. എങ്കിലും വിശക്കുന്നവന് അപ്പം കൊടുക്കുന്ന ചിന്തയില്‍ വിവേക ശൂന്യത കാണിച്ചു. ഇവിടെ സന്ദര്‍ഭം മറന്നു പോയി.
കുലീന സ്ത്രീക്കും അവിവേകം സംഭവിക്കും അല്ലിയോ? സാഹചര്യം അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാവണന്‍ കടന്നു കയറും അല്ലിയോ സീത?
അതെ.
എങ്കിലും രാവണന്റെ പറക്കുന്ന സ്വര്‍ണ്ണ രഥത്തില്‍ പറക്കുമ്പോള്‍ രാമനെ ധ്യാനിച്ച നീയാണ് വിശിഷ്ട സ്ത്രീ. അബദ്ധം പറ്റിയത് തെറ്റ് ചെയ്യാന്‍ അല്ലല്ലോ. വിശക്കുന്നവന് ആഹാരം കൊടുക്കാനല്ലേ. സാരമില്ല സീത. നിന്നോടെനിക്ക് ബഹുമാനമാണ്.
ചില രേഖകള്‍ അസ്വാതന്ത്ര്യ രേഖയല്ല ജീവിത രേഖയാണെന്ന് ചിന്തിച്ചാല്‍ ജീവിതം രസകരം.
ഇന്നത്തെക്കാലത്ത് നമുക്ക് പറ്റുന്നതും ഇതാണ്
സ്വാതന്ത്ര്യം എന്ത്, ജീവിതം എന്ത്, അസ്വാതന്ത്ര്യം എന്ത്, എന്നുള്ള തിരിച്ചറിവ് ഇല്ലായ്മ.
പിന്നെ സുരക്ഷിത രേഖ വരക്കാം സ്ത്രീക്ക് ചുറ്റും, എന്നാല്‍ തളച്ചിടല്‍ രേഖ നല്ലതല്ല.
ജെപി

പ്രിയപ്പെട്ട എബിക്ക്

Image may contain: 1 person, smiling, closeup and outdoor

അടുത്ത മാസം 24 നു എന്റെ ഉടുപ്പിടലാണ്, വരണം. പിന്നെ അടുത്തയാഴ്ച വീട്ടില്‍ വരുന്നുണ്ട്. അന്നേരം നേരിട്ട് വിളിക്കാം.
അന്നക്കുട്ടി
..............
എടി അന്നക്കുട്ടി, എഴുന്നേല്‍ക്കടി പെണ്ണേ. ഇത് എന്തോന്ന് ഭാവിച്ചാ നിന്‍റെയീ കിടപ്പ്. അടുത്ത മാസം ഉടുപ്പിട്ട് കന്യാസ്ത്രീ ആവേണ്ട പെണ്ണാ. എഴുന്നേറ്റ് കാപ്പി കുടിച്ചിട്ട് പള്ളീ പോ.
എന്റെയമ്മച്ചി 365 ദിവസോം പള്ളീം പട്ടക്കാരുമായി കഴിഞ്ഞു കൂടുന്ന എന്നോടാണോ ഈ ഉപദേശം. പറച്ചില്‍ കേട്ടാല്‍ തോന്നും വര്‍ഷങ്ങളായി പള്ളിയില്‍ പോയിട്ടില്ലെന്ന്.
അതല്ലടി കൊച്ചേ, നീയിവിടെ വന്നാല്‍ മുടങ്ങാതെ പള്ളിയില്‍ പോകാറുണ്ടല്ലോ , അത് കൊണ്ടാ പറഞ്ഞത്. നിനക്കുറക്കം മതിയായില്ലെങ്കില്‍ കിടന്നോ. പോയില്ലെങ്കില്‍ പോവണ്ട.
എന്‍റെ അമ്മച്ചിക്ക് ഇപ്പോഴാ കുറച്ച് ബുദ്ധിയൊക്കെ വെച്ചത് എന്ന് പറഞ്ഞ് അന്നക്കുട്ടി പുതപ്പ് മാറ്റി എഴുന്നേറ്റു. പല്ല് തേച്ച് കുളിച്ച് ഒരു കട്ടനുമടിച്ച് അന്നക്കുട്ടി പള്ളിയില്‍ പോയി.
കുര്‍ബ്ബാനയും കഴിഞ്ഞു വരുമ്പോള്‍ എബിച്ചന്‍ പാട വരമ്പില്‍ കൂടി വരുന്നു.
അന്നക്കുട്ടിയുടെ മുഖം വല്ലാതെയായി. ഇനി വഴി മാറി പോകാനും വയ്യ. എബിച്ചന്റെ മുഖത്തേക്ക് നോക്കാനുള്ള ത്രാണി തനിക്കില്ല.
അന്നക്കുട്ടി നേരെ നടന്നു
അല്ല, ആരിത് അന്നാമ്മയോ, നീ എപ്പോ വന്നു കൊച്ചെ
ഇന്നലെ, സുഖാണോ എബിച്ചായാ
പിന്നെ സുഖമാണോന്നോ , എന്നാ ചോദ്യമാ എന്റെ അന്നക്കുട്ടി. എബിച്ചനു അന്നും ഇന്നും പരമസുഖം
ഈ വാക്കുകള്‍ തനിക്കിട്ടൊന്നു താങ്ങിയതാണെന്നു അന്നക്കുട്ടിക്ക് മനസ്സിലായി
ആ എബിച്ചയാ എന്റെ ഉടുപ്പിടല്‍ ചടങ്ങാണ് അടുത്ത മാസം 24 നു ഞാനൊരു എഴുത്ത് വിട്ടായിരുന്നു. കിട്ടിയോ.
ഓ കിട്ടി, എന്നാ പറയാനാ. എഴുത്തും വാങ്ങി പോക്കറ്റിലിട്ടു നടന്നതും നല്ല മഴ പെയ്തു. എഴുത്തും നനഞ്ഞു കാശും നനഞു. കാശ് ഞാന്‍ ഉണക്കിയെടുത്തു. എഴുത്ത് പിന്നെ ഉണക്കിയിട്ട് കാര്യമില്ലല്ലോ. നനഞ്ഞ എഴുത്തുണക്കിയാല്‍ അക്ഷരങ്ങള്‍ ജീവിക്കില്ലല്ലോ അന്നക്കുട്ടി.
അതും തനിക്കിട്ടു കുറിക്ക് കൊള്ളാന്‍ വെച്ചതാണെന്ന് അവള്‍ക്ക് തോന്നി.
എബിച്ചായ, എന്നെയിങ്ങനെ കൊല്ലാകൊല ചെയ്യല്ലേ.
ഞാനാരേയും കൊല്ലാനുമില്ല തല്ലാനുമില്ല.
സുഖമാണോ എബിച്ചായ
ഇത് തന്നെയല്ലേ നീ കുറച്ചു മുന്നേ ചോദിച്ചത്
എങ്കിലും ഒന്ന് കൂടെ ചോദിക്കണമെന്ന് കരുതി
എന്ത് സുഖം അന്നാമ്മേ. നീയില്ലാതെ എനിക്ക് സുഖമില്ലെന്നു നിനക്കറിയാലോ
പഴയതൊക്കെ മറക്കണം എന്ന് പറഞ്ഞതല്ലേ
അല്ല അന്നാമ്മേ, ഈ കരിങ്കല്ലില്‍ കൊത്തുന്ന അക്ഷരങ്ങളും മറ്റും മായ്ക്കാന്‍ പറ്റുമോ?
ഇച്ചായ, അന്നക്കുട്ടി നേര്‍ത്ത വിഷമത്തോടെ വിളിച്ചു.
പറ്റും, അത്രയും ഭാഗം വെട്ടി കള ഞ്ഞിട്ടു വീണ്ടും ആലേഖനം ചെയ്യേണ്ടി വരും അല്ലിയോ കൊച്ചേ. എബിച്ചന്‍ തന്നെ അവന്റെ ചോദ്യത്തിനു മറുപടി പറഞ്ഞു. അത് കൊണ്ട് കൊത്തിയത് കൊത്തിപ്പോയി. ഇനി വയ്യ കൊച്ചെ മുറിച്ച് കളയാന്‍.
അപ്പോഴേക്കും പാടത്ത് പണിയെടുക്കാനുള്ള ആളുകള്‍ വന്നു തുടങ്ങിയിരുന്നു.
ഞാനന്നാ പോട്ടെ എബിച്ചായ...
സൂര്യ രശ്മിയില്‍ അവളുടെ മുഖത്തിനു മാറ്റ് കൂടിയ പോലെ.
ഉം പൊയ്ക്കോ. എന്നാല്‍ നീ കര്‍ത്താവിന്റെ മണവാട്ടിയാവില്ല. ഈ എബിച്ചന്റെ മണവാട്ടിയാവും.
അന്നക്കുട്ടിയൊന്നും മിണ്ടിയില്ല.
................
പാടത്ത് വന്നവര്‍ കുശലം പറഞ്ഞു.
എടീ ഇതാ കന്യാസ്ത്രീയാവാന്‍ പോയ അന്നക്കുട്ടിയും നമ്മുടെ വർഗ്ഗീസിന്റെ മോൻ എബിച്ചനുമല്ലിയോ
അത് തന്നെ
അവരെന്തോന്നാടീ ഈ വെളുപ്പാന്‍ കാലത്തൊരു കുശുകുശുക്കല്‍
അവരുടെ കാര്യം നിനക്കറിയില്ലേ അമ്മിണി.
കേട്ടിട്ടുണ്ട്, പണ്ട് പ്രേമിച്ചെന്നോ, കല്ല്യാണം കഴിക്കാന്‍ ഇഷ്ടമാണെന്നോ, പിന്നെ അന്നക്കുട്ടിയുടെ അപ്പന്‍ അവനെ കെട്ടിയാല്‍ ഉത്തരത്തില്‍ തൂങ്ങുമെന്നും ചാവുമെന്നും പറഞ്ഞു ബഹളമുണ്ടാക്കിയെന്നോ മറ്റോ. അവനെ കെട്ടിയില്ലെങ്കില്‍ കന്യാസ്ത്രീ ആവാന്‍ പോകുമെന്ന് പറഞ്ഞു പോയി എന്നാ ഇത് വരെയുള്ള കഥ.
അതൊക്കെ നാട്ടുകാര്‍ പറഞ്ഞുണ്ടാക്കിയ കഥയല്ലിയോ ത്രേസ്യാമേ. ശരിക്കും അതല്ല
പിന്നെ എന്തോന്നാ?
എബിച്ചന്റെ കാര്യം വീട്ടിലറിഞ്ഞു ആലോചനയുമായി ചെന്നു. അന്നക്കൊച്ചിന്റെ വീട്ടുകാര്‍ക്കെതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അന്നക്കൊച്ചിന്റെ പഠിപ്പ് തീര്‍ന്നാല്‍ കല്ല്യാണം നടത്താമെന്ന് വാക്കും കൊടുത്തു.
എന്നിട്ട്
അങ്ങനെയിരിക്കുമ്പോഴാണ് പള്ളിയിലൊരു ധ്യാനം നടന്നത്. പൊതുവേ കുറച്ചധികം ഭക്തിയുള്ള അന്നക്കുട്ടിയും വീട്ടുകാരും ഒരാഴ്ചത്തെ ധ്യാനം കൂടി വീട്ടില്‍ വരുന്ന വഴി, നിലത്ത് കിടന്നൊരു കടലാസ് കഷണം കിട്ടി. നോക്കിയപ്പോള്‍ ഏതോ വിശുദ്ധയായ സ്ത്രീയെക്കുറിച്ചുള്ള മാസികയില്‍ വന്ന ലേഖനത്തിന്‍റെ കഷണമായിരുന്നു.
അതും വായിച്ചു വീട്ടില്‍ പോയ അന്നക്കുട്ടിക്ക് ഭക്തി പിരാന്ത് കയറി.
വിശുദ്ധയാവണം... പിന്നെ അന്ന് രാത്രി സ്വപ്നം കണ്ടെന്നോ ഏതോ പുണ്യാളന്‍ പേര് ചൊല്ലി വിളിച്ചെന്നോ മറ്റോ അന്നക്കുട്ടിക്ക് തോന്നിയെന്ന്.
എബിച്ചനോട് പോലും പറയാതെ അവള്‍ മഠത്തില്‍ ചേര്‍ന്നു. ഇതാണ് കഥ.
ഇത് നിന്നോടാരു പറഞ്ഞു
അന്നക്കുട്ടിയുടെ അമ്മ പറഞ്ഞതാ എന്നോട്.
ഹോ , നാട്ടുകാര് എന്തൊക്കെയാ പറഞ്ഞുനടക്കുന്നത് അല്ലിയോ.
നീ വാടി, പണി തുടങ്ങാന്‍ സമയമായി.
.....................
വീട്ടില്‍ വന്നതും എബിച്ചന്റെ വാക്കുകള്‍ അന്നക്കുട്ടിയുടെ കര്‍ണ്ണപുടങ്ങളില്‍ അലയടിക്കാന്‍ തുടങ്ങി.
"എന്നാല്‍ നീ കര്‍ത്താവിന്റെ മണവാട്ടിയാവില്ല. ഈ എബിച്ചന്റെ മണവാട്ടിയാവും"
സത്യത്തില്‍ ഞാന്‍ എബിച്ചന്റെ മണവാട്ടിയല്ലേ.... അവള്‍ അവളോട്‌ തന്നെ ചോദിച്ചു.
ആരോ പിന്നില്‍ നിന്ന് പറഞ്ഞപോലെ
"അതേടി അന്നാക്കൊച്ചേ നീ എബിച്ചന്റെ പെണ്ണാ"
അവള്‍ തിരിഞ്ഞു നോക്കി, ആരുമില്ല
അമ്മച്ചി, നമുക്കിന്നു പട്ടണത്തില്‍ പോകണം, വെള്ളത്തുണി വാങ്ങി ഉടുപ്പ് തയിക്കാന്‍ കൊടുക്കണം.
അമ്മച്ചിയെന്തിനാടി വരുന്നത് കൊച്ചെ, നീയങ്ങു പോയി വാങ്ങിച്ചു കൊണ്ടുവാ
അമ്മച്ചിയും വാന്നെ
ഞാനില്ലടി , എന്റെ കാലിനു വയ്യ, ഇന്നലെ കൊളവി കൊത്തിയതാ, നീരുണ്ട്. നീയങ്ങു പോയി വാ.
അന്നക്കുട്ടി പോയി ഉടുപ്പിടല്‍ ചടങ്ങിനാവശ്യമായ തുണികളും മറ്റും വാങ്ങി. അമ്മയ്ക്കും അപ്പച്ചനും ആങ്ങളക്കും വസ്ത്രമെടുത്തു.
അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളൊരു സ്വപ്നം കണ്ടു. കല്യാണ വസ്ത്രമിട്ടു പള്ളിനടയില്‍ എബിച്ചനുമായി ഇറങ്ങി വരുന്ന രംഗം.
നേരം വെളുത്തപ്പോൾ ചില ചിന്തകൾ അവളെ ഭരിക്കുവാൻ തുടങ്ങി.
എബിച്ചന്‍, സത്യത്തില്‍ ഞാനവനെ തിരസ്ക്കരികുകയയിരുന്നില്ലേ?
ഒരു കടലാസ് കഷണത്തില്‍ കണ്ട കുറിപ്പും ധ്യാനത്തിന്‍റെ ആവേശവും വികാരവും കൂടിയായപ്പോള്‍ ഭക്തി എന്നെ ഭരിക്കുകയായിരുന്നില്ലേ. വിശുദ്ധയാവാനുള്ള എന്റെ സ്വാര്‍ത്ഥതക്ക് മുന്നില്‍ വിശുദ്ധ പ്രണയത്തെ തള്ളിക്കളയുകയായിരുന്നില്ലേ?
മഠത്തില്‍ ചേര്‍ന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തോന്നിയതാ, ഒരു വികാരത്തള്ളിച്ചയില്‍ ഇവിടെ വന്നു പെട്ടെന്ന്. പല വട്ടം തിരികെ പോരാന്‍ തുടങ്ങിതാ. പിന്നെയുണ്ടാവുന്ന നാണക്കേടും പരിഹാസവും ഓര്‍ത്തപ്പോള്‍ വേണ്ടാന്ന് വെച്ചു.
ഒരു മനോഹര വിശുദ്ധ പ്രണയത്തെ കൊന്നു കുഴിച്ചു മൂടിയ എന്നെപ്പോലെയൊരു വിഡ്ഢി ഈ ലോകത്തുണ്ടാവില്ല.
മഠത്തിലുള്ള മറ്റ് പെണ്‍കുട്ടികള്‍ക്കും ഇതുപോലെ അല്ലെങ്കില്‍ മറ്റൊരു അനുഭവമുണ്ട്. കൂടുതലും ധ്യാനത്തിന്‍റെ ആവേശ തിര തള്ളലിലും യുവജന ക്യാമ്പുകളിലെ കൌണ്സലിംഗിലും മനം മയങ്ങി വന്നു ചേര്‍ന്നവര്‍. ചുരുക്കം ഒന്നോ രണ്ടോ പേരേ ഉള്ളു സ്വന്ത മനസ്സോടെ ആരുടേയും വാക്കുകള്‍ക്കടിമാപ്പെടാതെ വന്നിട്ടുള്ളവര്‍. അതും എന്നെപ്പോലെ 18 കഴിഞ്ഞു മഠത്തില്‍ ചേര്‍ന്നവര്‍.
മുതിര്‍ന്ന കന്യകാസ്ത്രീകളുടെ രോദനവും കരുണയില്ലായ്മും, മര്‍ക്കടമുഷ്ടിയും കാണുമ്പോള്‍ ഓര്‍ത്ത് പോകും, ഇവരൊക്കെ പ്രസവിച്ചിരുന്നെങ്കിലെന്നു.
കല്യാണം കഴിഞ്ഞു കെട്ടിപ്പിടിച്ച് പോകുന്ന ദമ്പതികളെ കാണുമ്പോള്‍ മനസ്സ് വിങ്ങാത്ത ആളുകള്‍ അവിടെ കോൺവെന്റിൽ കുറവാ. എന്തിനോ ഏതിനോ വേണ്ടി ഭക്തി വേഷം കെട്ടി പ്രഹസനമായി ജീവിക്കുന്നവര്‍.
ഇനി ഒന്നും ചെയ്യാനില്ല, മുന്നോട്ട് പോവുക തന്നെ.
ഉടുപ്പിടൽ ചടങ്ങിനാവശ്യമായ തിരുവസ്ത്ര ഉടു പ്പ് തയ്യിച്ച് കിട്ടി. പള പളാ തിളങ്ങുന്ന വെള്ള വസ്ത്രം.
ദിവസങ്ങൾ മുന്നോട്ട് പോയി.
അന്നക്കുട്ടി പറഞ്ഞ തിയ്യതി തന്നെ ഉടുപ്പിടല്‍ ചടങ്ങ് വളരെ ഭംഗിയായി നടന്നു.
എന്നാൽ അന്നക്കുട്ടി?
അതേ സമയം അതേ തീയ്യതി തന്നെ എബിച്ചന്റെ വിവാഹവും അവരുടെ ഇടവകപ്പള്ളിയില്‍ നടക്കുകയായിരുന്നു.
എബി വർഗ്ഗീസ് ഈ നില്‍ക്കുന്ന വള്ളിതോട്ടത്തില്‍ പൌലോസിന്റെ മകള്‍ അന്നക്കുട്ടിയെ നിന്‍റെ ഭാര്യയായി സ്വീകരിക്കാന്‍ നിനക്ക് സമ്മതമാണോ
സമ്മതം
അന്നക്കുട്ടി പൌലോസ് , ഈ നില്‍കുന്ന കരിമ്പിന്‍തൊട്ടിയില്‍ വർഗ്ഗീസിന്റെ മകൻ എബിയെ നിന്‍റെ ഭര്‍ത്താവായി സ്വീകരിക്കാന്‍ നിനക്ക് സമ്മതമാണോ?
നൂറു വട്ടം ( മനസ്സില്‍ പറഞ്ഞിട്ട് ) സമ്മതം
തുലാ വര്‍ഷ തണുപ്പില്‍ എബിച്ചന്റെ മാറില്‍ അന്നക്കുട്ടി ചേര്‍ന്നു കിടക്കുമ്പോൾ, അങ്ങകലെ ഏതോ മഠത്തില്‍ കര്‍ത്താവിന്റെ മണവാട്ടിമാര്‍ തിരുവസ്ത്രത്തിനുള്ളിലെ പ്രണയത്തെ, ജീവിതത്തെ, സ്വപ്നങ്ങളെ ഇളക്കുകയോ ഉണർത്തുകയോ ചെയ്യാതെ ഉറങ്ങിയിരുന്നു.
അതെ, അന്നക്കുട്ടി തീരുമാനം മാറ്റി ഉടൂപ്പിടൽ ചടങ്ങിന് പോയില്ല. പകരം എബിച്ചന്റെ മണവാട്ടി വസ്ത്രമിട്ട്‌ അവന്റെ പെണ്ണായി.
ഞാൻ പറഞ്ഞില്ലേ പെണ്ണേ നീയെന്റെ മണവാട്ടിയാകുമെന്ന്..
ഇത് സ്വപ്നമല്ല യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ അവൾ എബിച്ചനെ നുള്ളി നോക്കി.
എന്താടി പെണ്ണേ....
ഹേയ് ചുമ്മാ...!
ജെപി

സുലു

Image may contain: 1 person, smiling, closeup and outdoor

എടാ അവൾ വരുമോ? പണി നടക്കുമോ?
പിന്നില്ലാതെ, ഞാൻ വിളിച്ചാലവളു വരാതിരിക്കുമോ, അതല്ലേ പ്രണയത്തിന്റെ മാജിക്ക്‌.
പ്രണയം കോപ്പ്‌, നിനക്ക്‌ എങ്ങനെ പറ്റുന്നു ഇങ്ങനെ അഭിനയിക്കാൻ?
അഭിനയം.... ജീവിതവും അത്‌ തന്നെയല്ലേ മച്ചു.
ഇത്‌ നിന്റെ രണ്ടാമത്തെ ഇരയല്ലേ?
അതെ, ആദ്യത്തവൾ, ആരുഷി നീലകണ്ഠൻ. എന്റെ ഇൗ നെഞ്ചിൽ എത്ര തവണ കിടന്നുട്ടുണ്ട്.
എന്നിട്ട്, ആ പൂമ്പാറ്റയുടെ ചിറക് നീയരിഞ്ഞു അല്ലേ?
സെന്റിമെന്റലിന് ഇവിടെ സ്ഥാനമില്ല. ലക്ഷ്യം, അതാണ് എന്റെ നിയമം.
ഉം
പൂമ്പാറ്റകൾ പൂവ്‌ തേടി പോകും, എത്ര ദൂരെയാണെങ്കിലും. തേൻ നുകരാൻ ഇഷ്ടമില്ലാത്ത പൂമ്പാറ്റകളുണ്ടോ ഡാ കൊപ്പേ.
എന്നാലും എല്ലാ പൂമ്പാറ്റകളും അവർക്കിഷ്ടമുള്ള തോട്ടത്തിലല്ലേ നുകരാൻ പോകൂ.
അതെ, അവരെ ആകർഷിക്കുന്ന തോട്ടം ഞാൻ ഉണ്ടാക്കുന്നു. ആ തോട്ടം നനച്ച്‌ അതിലെ ചെടികൾ വളർത്തുന്നു. അതായത്‌ പ്രേമം എന്ന തോട്ടം നനക്കുന്നു, അതിൽ വിവാഹമെന്ന വാഗ്ദാന പൂക്കൾ വിരിയിക്കുന്നു. അതിൽ വീഴാത്തവർ ചുരുക്കം.
അപ്പോൾ സുലേഖയും വീണു അല്ലേ.
അതെ!
ഇനി എത്ര സുലേഖമാർ... ഹ ഹ ഹ അവൻ പൊട്ടിച്ചിരിച്ചു.
അവൻ ഫോണെടുത്ത്‌ അവളെ കുത്തി വിളിച്ചു
സുലു, നീ എവിടെയെത്തി?
എടാ ഞാൻ വീട്ടിൽ നിന്നിറങ്ങിയതേ ഉള്ളു.
എന്താടി ഇത്ര വൈകുന്നത്‌?
എടാ ഞാനിപ്പോ തന്നെ എത്തും
ഫോൺ കട്ട്‌ ആവുന്നു.
അവന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിടർന്നു.
എടാ അവളിപ്പോ എത്തും.
എന്നാ ഞാനിറങ്ങുന്നു. നിങ്ങൾ ആഘോഷിക്ക്‌.
അവനവളെ കാത്ത്‌ ഒരു സിഗരറ്റിനു തീ കൊളുത്തിയിരുന്നു.
പതിനഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞപ്പോൾ അവളെത്തി. ചുരിദാറായരുന്നു അവളിട്ടത്. മൂന്നാം നില ഫ്ലാറ്റിലേക്ക്‌ അവൾ കോണിപ്പടി കയറി ചെന്നു.
കോളിംഗ്‌ ബെൽ അടിച്ചു. വാതിൽ തുറക്കപ്പെട്ടു.
ഹലൊ ഡാർലിംഗ്‌...!
ഹായ്‌ മൈ ഡിയർ!
അവരൊന്ന് ആലിംഗനം ചെയ്തു.
അച്ചനും അമ്മയും ഗുരുവായൂർ പോയതാ, നാളെയെ വരൂ.
കൊച്ചു കള്ളൻ, അവൾ മൊഴിഞ്ഞു.
എന്താണ്‌ നീ വരാൻ പറഞ്ഞത്‌?
നമ്മുടെ കല്ല്യാണക്കാര്യം തീരുമാനിക്കാൻ.
ഇത്ര പെട്ടെന്ന് നിനക്കെന്നെ കെട്ടാൻ കൊതിയായോ ചെക്കാ.
അവൻ അകത്തേക്ക്‌ പോയി ഒരു ചെറിയൊരു ബോക്സ്‌ കൊണ്ടുവന്നു, അത്‌ അവളുടെ മുന്നിൽ വെച്ച്‌ തുറന്നു.
Wow!....
ഡയമണ്ട്‌ പതിപ്പിച്ച മോതിരം... അവൾ അതിശയത്തോടെ ആശ്ചര്യ ഭാവത്തിൽ പറഞ്ഞു.
ഇതാണ്‌ നമ്മുടെ ഉറപ്പിക്കലിനു നിന്റെ വിരലിൽ ഇടുന്നത്‌.
How sweet you are!
For you my sweet!
Thank you my love!
അവൻ അൽപം കൂടി അവളുടെ അടുക്കൽ നീങ്ങി നിന്നു.
അവളെ നല്ല സുഗന്ധം.
What an Aroma! ... അവനറിയാതെ പറഞ്ഞു.
അവൻ കൈ നീട്ടി അവളുടെ തോളത്ത്‌ കൈ വെച്ചു.
സുലു... I love you!
ലവ്‌ യു റ്റൂ ഡിയർ
അവനവളെ നെഞ്ചത്തേക്ക്‌ വലിച്ചിടാൻ നോക്കിയതും അവളവന്റെ കൈ തട്ടി മാറ്റി.
സുലു.... അവൻ വിളിച്ചു. നമ്മൾ കല്ല്യാണം കഴിക്കാൻ പോകുന്നവരല്ലേ. Why can't we do it now?
വേണ്ട മഹേഷ്‌ വേണ്ട, വിവാഹം കഴിഞ്ഞിട്ട്‌ മതി ഇതൊക്കെ.
ഇതിലൊക്കെ എന്ത്‌ സുലു... നീ വാ നമുക്ക്‌ ചെയ്യാം. എന്തായാലും നമ്മൾ ഒന്നിക്കാനുള്ളവരാ.
വേണ്ട മഹേഷ്‌ വേണ്ട... ഞാൻ സമ്മതിക്കില്ല.
പ്ലീസ്‌ ഡിയർ!
വേണ്ടാ എന്നെ നിർബന്ധിക്കരുത്‌.
അപ്പോൾ നീ ഇന്നലെ രാത്രി പറഞ്ഞതോ. ഇന്ന് എല്ലാം ആഘോഷിക്കാമെന്ന്.
അത്‌ നിന്നോടുള്ള ആ റോമാന്റിക്‌ മൂഡിൽ പറഞ്ഞത്‌ അല്ലേ ചെക്കാ, എനിക്ക്‌ പേടിയാ. കല്ല്യാണം കഴിഞ്ഞിട്ട്‌ മതി.
നീ എന്നെ മോഹിപ്പിച്ചു.
അതൊക്കെ സമയമാവുമ്പോൾ തീർക്കാം ചെക്കാ.
നീ വാടി പെണ്ണേ, എന്ന് വിളിച്ചവനവളുടെ കൈയിൽ പിടിച്ച്‌ വലിച്ചടുപ്പിച്ചു.
അവളതേ വേഗത്തിൽ കുതറി മാറി. എടാ വേണ്ടാ... വേണ്ടാ.
അതെന്താ പറ്റാത്തത്‌, അവന്റെ ശബ്ദം മെല്ലെയുയർന്നു.
ഇപ്പോൾ വേണ്ടാത്തത്‌ കൊണ്ട്‌.
വേണം, നീ സമ്മതിക്കും മോളെ..!
ഇല്ലെങ്കിൽ. അവൾ ചോദിച്ചു.
സമ്മതിപ്പിക്കും, നിന്റെ എല്ലാ ഫോൺ സംഭാഷണവും, നഗ്ന ചിത്രങ്ങളും, റെക്കോർഡും എന്റെ ഫോണിൽ ഭദ്രം. നിന്റെ മാദക സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി തന്നെയാണു ഞാൻ ഈ അവസരം ഒരുക്കിയത്‌.
നിന്റെ ആദ്യ നഗ്ന ചിത്രം കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചതാ ഈ സമയം. ഇപ്പോൾ സഹകരിച്ചാൽ ഈ ചിത്രങ്ങളും, സംഭാഷണങ്ങളും നാളെ ഇന്റർനെറ്റിൽ വരില്ല.
മഹേഷ്‌ നീ ചതിക്കുകയായിരുന്നു അല്ലേ?
ജീവിതം അല്ലേ, ഇതൊക്കെ ഇല്ലെങ്കിൽ എന്ത്‌ രസം.
ഏടാ നീ....
സോറി സുലു... ഇതൊരു തവണ മാത്രം. ആരും അറിയില്ല. നീ സഹകരിച്ചാൽ ഇന്ന് തന്നെ എല്ലാം ഡീലീറ്റഡ്‌ ആവും.
സഹകരിച്ചില്ലെങ്കിൽ?
നാളെ നേരം വെളുക്കുമ്പോളിത്‌ കണ്ട്‌ ആളുകളുണരും.
ആണൊ?
അതെ!
എന്നാലെനിക്ക്‌ പുല്ലാ, നീ എവിടെ വേണമെങ്കിലും ഇട്ടോ.
അവനൊന്നു ഞെട്ടി.
അപ്പോൾ നിന്റെ ജീവിതം... ഭാവി.
ഹ ഹ ഹ ഹ.... അവൾ പൊട്ടിച്ചിരിച്ചു.
സുലു....
എന്താടാ പരട്ടെ, കള്ള ഹിമാറെ, നിന്റെ ഈ ഓഞ്ഞ വർത്തമാനത്തിൽ ഞാൻ തുണി അഴിക്കുമെന്നാണോ നീ കരുതിയത്?
ഞാൻ ഇപ്പോൾ തന്നെ തുണി അഴിച്ച് നിക്കാം. നീ ഒറ്റ തന്തക്ക്‌ പിറന്നവനാണെങ്കിൽ ഫോട്ടോ എടുത്തിട്‌. കാണട്ടെ.
എന്റെ വീട്ടിൽ വന്നിട്ട് വെല്ല് വിളിക്കുന്നോ?
അതേടാ...
എന്നാ നീ അഴിക്ക്‌ എടുത്ത് ഇടാം ഞാൻ.
ആയിക്കോട്ടെ, നീ ഇട്ടാൽ പിന്നെ, നിനക്ക്‌ നല്ല ഒന്നാം തരം വേശ്യയെ വിവാഹം കഴിക്കേണ്ടി വരും.
വാട്ട്‌....?
അതേടാ ചെറ്റേ, പരനാറി.
ഞാനിവിടെ തുണി അഴിച്ചിട്ട്‌ നിന്നാലും, നീയെന്നെ തൊടില്ല. ഞാൻ വന്നത് മുതൽ ഇത് വരെ വീഡിയോ ലൈവ് ആയി എന്റെ കൂട്ടുകാരുടെ മൊബൈലിൽ റെക്കോർഡ് ആവുന്നു. ദാ ഇത് കണ്ടോ മൈക്രോ കാമറ... അത് ഫോണുമായി ബന്ധിപ്പിച്ചിരിക്കുന്നൂ.
അവളുടെ ചുരിദാറിന്റെ കഴുത്തിൽ ഒരു ചെറിയ കാമറ ഉണ്ടായിരുന്നു.
നീയെന്താ വിചാരിച്ചെ, നിന്റെ ഫ്ലാറ്റിലേക്ക്‌ ഞാൻ ഒന്നും കാണാതെ വരുമെന്നോ. എങ്കിൽ നിനക്ക്‌ തെറ്റി. ഇനി നീ കേട്ടോ.
നീ മൂലം മനസ്സ്‌ തകർന്ന ഒരു പെൺകുട്ടിയെ കുറിച്ച്‌ ഞാനറിഞ്ഞു. എന്റെ കൂട്ടുകാരിയുടെ കസിൻ ആണവൾ. ഞാൻ നേരിട്ട്‌ കണ്ടു.
നിന്റെ ഒപ്പം ഇതേ ഫ്ലാറ്റിൽ, നീ എന്നെ കാണിച്ച അതേ വിവാഹ മോതിരത്തിൽ മനസ്സ്‌ വിശ്വസിച്ച്‌ നിന്റെ മാറിൽ ചാഞ്ഞവൾ. എല്ലാം കഴിഞ്ഞപ്പോൾ നീ കരിമ്പിൻ ചണ്ടി പോലെ അവളെ വലിച്ചെറിഞ്ഞു. അവള് പാവമായി പോയി.
എന്തിനാടാ നാറി, നീയാ പാവത്തിനെ ചതിച്ചത്. അവള് തിന്ന വേദനക്ക് അളവില്ലടാ പരനാറി.
അന്ന് ഞാൻ വിചാരിച്ചതാ, നിനക്കിട്ട്‌ ഒരു പണി തരണമെന്ന്.
നിന്റെ ഫോൺ ഇങ്ങോട്ട്‌ താടാ. അവളവന്റെ ഫോൺ വാങ്ങി വെച്ചു. എന്നിട്ട്‌ കഥ പറയാൻ തുടങ്ങി.
എങ്ങനെ പണി തരണമെന്ന് തല പുകഞ്ഞ്‌ ആലോചിച്ചപ്പോൾ, എനിക്ക്‌ പരിചയമുള്ള ഒരു വേശ്യയെ എനിക്ക്‌ ഓർമ്മ വന്നത്‌.
ആ സ്ത്രീക്ക്‌ എന്റെ അതേ പേര്‌, എകദേശം ഒരു പോലത്തെ സ്വരം. അധികം പ്രായമില്ലാത്ത അവളെ ഞാൻ നേരിൽ പോയി കണ്ടു സംസാരിച്ചു. മൊത്തം 20000 രൂപക്ക് ഡീൽ കഴിയുന്ന വരെ അവളുടെ രണ്ട്‌ മണിക്കൂർ ദിവസവും വാങ്ങി. ഇന്നത്തേക്ക് മൂന്ന് മാസം.
പിന്നെ ഞാൻ നീയുമായി പരിചയപ്പെട്ടു. എന്റെ ഫോൺ നമ്പർ എന്ന വ്യാജേന ഞാൻ അവളുടെ നമ്പർ തന്നു. എന്റെ ഫോൺ നിന്നെ കാണിച്ചുമില്ല.
പകൽ നിന്നെ കണ്ടതും സംസാരിച്ചതും വൈകീട്ട് അവളോട്‌ വിളിച്ച്‌ പറയും. രാത്രി മാത്രം ഓൺ ചെയ്യുന്ന അവളുടെ നമ്പറിലേക്കായിരുന്നു നീ വിളിച്ചതും. കൊഞ്ചിയതും. നേരം വെളുക്കുമ്പോൾ നീ സംസാരിച്ചത് അവള് എന്നോടും പറയും.
പിന്നെ, നിന്റെ മനോഹര ശരീര ഫോട്ടോ, വീഡിയോ, അവളുടെ കയിൽ ഉണ്ട്‌. പിന്നെ നീ കണ്ടത്‌ അവളുടെ തലക്ക്‌ താഴെയുള്ള നഗ്ന മേനിയും. ഒരു വേശ്യക്ക്‌ അവളുടെ ശരീരം കാണിക്കുന്നതിൽ എന്ത്‌ കുഴപ്പം.
പിന്നെ നീ ഞാനാണെന്ന് കരുതി അവളോട്‌ നടത്തിയ വിവാഹ വാഗ്ദാങ്ങൾ, ഫോൺ കോളുകൾ എല്ലാം റെക്കോഡ്‌ ചെയ്ത്‌ വെച്ചു.
ഇനി അവളൊരു വഞ്ചനാ കുറ്റം ചാർത്തി പരാതി കൊടുത്താൽ, മോനെ അവളെ നീ കെട്ടേണ്ടി വരും. പിന്നെ നിന്റെ ജീവിതം, നിന്റെ വീട്ടുകാർ, പെങ്ങൾ, അനിയൻ, ബന്ധുക്കൾ.... ഓർത്താൽ നല്ലത്‌.
ഇനി എന്തെങ്കിലും കുബുദ്ധി നീ കാണിച്ചാൽ, നീ രക്ഷപ്പെടില്ല. കാരണം, നിന്റെ കോപ്രായങ്ങളുടെ കൊപ്പി ഞങ്ങൾ അഞ്ച്‌ പേരുടെ കയിൽ ഉണ്ട്‌.
ഇനി പറ, നിനക്ക്‌ എന്നെ വേണോ?
സുലു... പ്ലീസ്‌, എന്നെ രക്ഷിക്കണം. എന്നെ നാറ്റിക്കരുത്‌.
അപ്പോൾ നീ ആ പെൺകുട്ടികളോട്‌ ചെയ്ത വിശ്വാസ വഞ്ചനക്ക്‌ പകരം എന്ത്‌ ചെയ്യും?
ഞാൻ.... ഞാൻ എന്ത്‌ ചെയ്യണം.
അനുഭവിക്കണം....
സുലു നീ അർത്ഥമാക്കുന്നത്‌?
അതൊക്കെ വഴിയെ പറയാം. ഇപ്പോൾ ഞാൻ പോട്ടെ. എങ്കിലും ഒരു സൂചന തരാം.
അവനു ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
ആദ്യമായി ചെയ്യേണ്ടത്, അവൾ തുടർന്നു.
നീ വഞ്ചിച്ച ആ പെൺകുട്ടിയുടെ കാലിൽ വീണു മാപ്പ് പറയണം. അതും ഞങ്ങളുടെ മുന്നിൽ വെച്ച്.
അത് മാത്രമല്ല, ആറ് മാസത്തിന് ശേഷം നീയും നിന്റെ ഫോൺ കാമുകിയുമായ, അതായത് വേശ്യയുമായുള്ള നിന്റെ വിവാഹം നടത്തണം.
സുലു..... അവനാകെ വിമ്മിട്ടപ്പെട്ടു. അവന്റെ കണ്ണുകളിൽ തെളിഞ്ഞ നിസ്സഹായാവസ്ഥ അവൾക്ക് പെട്ടെന്ന് മനസ്സിലായി.
മഹേഷ്, ഇവിടെ സെന്റിമെന്റലിനു സ്ഥാനമില്ല.
അപ്പോൾ ഞാൻ പോകുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക്, ആരുഷിയുമായി ഞങൾ ഇവിടെ വരും, നീ അവളെ സ്നേഹിച്ചതും ഉപേക്ഷിച്ചതുമായ ഇൗ മുറിയിൽ വെച്ച് നീ അവളുടെ കാലു പിടിച്ച് മാപ്പ് പറയണം. ഞങൾ കുറച്ചു പേരുണ്ടാകും.
സമ്മതമല്ലേ.
ഇടറുന്ന സ്വരത്തിൽ അവൻ പറഞ്ഞു.
ഉവ്വ്.
വൈകീട്ട് അവൾ‌ വന്നു. കൂടെ അവളുടെ കൂട്ടുകാരികൾ രണ്ട് പേരും ആരുഷിയും, കൂട്ടുകാരന്മാർ നാല് പേരും. മൊത്തം 8 പേർ.
അവർ ഫ്ളാറ്റിൽ കയറി. ആരുഷി അവനെ കണ്ടതും കരഞ്ഞുപോയി. മഹേഷ് ആകെ അസ്വസ്ഥനായി.
പിന്നെ അവളുടെ കാൽക്കൽ വീണു മാപ്പ് ചോദിച്ചു.
ആരുഷി ഒന്നും പറഞ്ഞില്ല.
എല്ലാവരും തിരികെ പോന്നു.
അടുത്ത ആറു മാസങ്ങൾ മഹേഷിന്റെ ജീവിതത്തിൽ കനലുകളായിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ. ഒരു പെണ്ണിന്റെ സങ്കടം അവൻ മനസ്സിലാക്കിയ ദിന രാത്രങ്ങൾ. വേശ്യയെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥ. അല്ലെങ്കിൽ അവൾ, വഞ്ചനാ കുറ്റത്തിന് കേസ് കൊടുത്താൽ നാറുന്ന അവന്റെ കുടുംബം.
ഇത്രയും മതിയായിരുന്നു മഹേഷിന്റെ മനസ്സ് കലങ്ങി മറിയാൻ. ആറു മാസങ്ങൾ, കൂട്ടുകാരില്ല. സൗഹൃദ സംഭാഷണമില്ല. വിശപ്പില്ല. ദേഷ്യം, സങ്കടം, കുറ്റബോധം, എല്ലാം കൊണ്ടും അവൻ തകർന്നു പോയി.
അഞ്ച് മാസം കഴിഞ്ഞപ്പോൾ ആരുഷിയുടെ മൊബൈലിലേക്ക്‌ ഒരു ഫോൺ കോൾ.
ഇടറുന്ന സ്വരത്തിൽ അവൻ പറഞ്ഞു.
ആരുഷി മോളെ, എന്നോട് ക്ഷമിക്കൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു.
അത്രയും പറഞ്ഞതും അവൻ പൊട്ടിക്കരഞ്ഞു.
ആ കരച്ചിലിൽ അവന്റെ തെറ്റുകളും കുറ്റബോധവും, പശ്ചാത്താപവും സ്നേഹവും പ്രകടനമായിരുന്നു.
പിന്നെ അവൻ അവന്റെ മാതാപിതാക്കളെ അവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ വിട്ടു.
സുലുവും കൂട്ടുകാരും, വേശ്യയെ വിവാഹം കഴിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനല്ല ഇൗ മാനസാന്തമെന്ന് ഉറപ്പ്‌ വരുത്തി.
ചിലർക്ക് പണി കൊടുത്താൽ നന്നാവും, ചിലർ അതിലും വഷളൻമാരാകും.
സുലു... നീയാടി പെണ്ണ്. നീയാകണം പെണ്ണ്.
ജെപി

ഫേസ് ബുക്കിലെ സ്ത്രീകൾ

Image may contain: 1 person, selfie, eyeglasses and closeup

അല്ല നമ്മുടെ ബസ് സ്റ്റോപ്പിലും, കല്ല്യാണ വീടുകളിലും, നമ്മുടെ വീടിന്റെ അടുത്തും നാട്ടിലും ജോലി സ്ഥലത്തും ആരാധനാലയങ്ങളിലും എല്ലായിടത്തും സ്ത്രീകള്‍ ഉണ്ടെങ്കിലും
ഫേസ് ബുക്കിലെ സ്ത്രീകൾ മിക്കവര്‍ക്കും ഒരു കൗതുകമാണ്. ഒരത്ഭുത വസ്തുവിനെപ്പോലെയാണ് അവരെ കാണുന്നത്.
ഒരു സ്ത്രീയോട് ചാറ്റ് ചെയ്തു എന്നുണ്ടെങ്കില്‍ അവള്‍ക്കിത്തിരി സൗന്ദര്യവും ഉണ്ടെങ്കില്‍ എന്തോ വലിയൊരു കാര്യം സാധിച്ച പോലെയാണ് ചില ആണുങ്ങളുടെ മനസ്സിലും ഭാവത്തിലും. മറ്റൊരു വാക്കിൽ പറഞാൽ ഒരു "കുളിരാളിറ്റി" ഫീലിംഗ്.
പിന്നെ സ്വന്തം നാട്ടിലും വീട്ടിലും സ്ത്രീകള്‍ സാധാരണമാണെങ്കില്‍ ഫേസ്ബുക്കില്‍ ഏതോ വലിയ തൊട്ടുകൂടാനാവാത്ത-അടുത്തുകൂടാനാവാത്ത രാജകുമാരിയുടേയും അപസരസ്സ്സിന്റെയും ഭാവവും അഭിനയവുമാണ് ഭൂരിഭാഗം മലയാളി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും.
നാട്ടിലും വീട്ടിലും സാധാരണ ഭാവം ആണെങ്കില്‍ ഫെസ്ബുക്കിലോട്ടു വന്നാല്‍ പിന്നെ സ്വയം അവരോധിത താര റാണികളാണെന്ന ചിന്ത ആ ചിലരില്‍ മിക്കവര്‍ക്കുമുണ്ടെന്നു പറഞ്ഞാല്‍ എതിര്‍ക്കുന്നവരുമുണ്ടാകും.
എന്നാല്‍ നേരിട്ട് കാണുമ്പൊള്‍ തോന്നാത്ത ഇത്ര വലിയ ഒരു കൗതുകം പച്ച ലൈറ്റിന്റെ അപ്പുറത്തും ഇപ്പുറത്തും എങ്ങനെ വന്നു എന്നുള്ളതാണ് നാം മനസ്സിലാക്കേണ്ടത്.
ഒരു ഉദാഹരണം പറയാം.
ഞാന്‍ അഫ്ഘാനിസ്ഥാനില്‍ മിലിട്ടറി ക്യാമ്പില്‍ ജോലി ചെയ്തത് സായിപ്പന്മാരും മദാമമാരും ഉള്ളിടത്താണ്. എന്നാല്‍ യുദ്ധമേഖലയായത് കൊണ്ട് ഉന്നത വിദ്യാ സമ്പന്നരോ അതീവ സുന്ദരികളോ (ചിലര്‍ ഭയങ്കര സൗന്ദര്യമാണ്) ജോലിക്ക് വന്നിരുന്നില്ല. അത് കൊണ്ട് അവിടെയുള്ള സ്ത്രീകള്‍ അവിടുത്തെ റാണി മാരെ പോലെ വിലസുന്നത് കണ്ട് അമേരിക്കക്കാര്‍ തന്നെ അവരെ പരിഹസിക്കുകയുണ്ടായി.
അവര്‍ പറയുന്നത് ഇങ്ങനെയാണ്
"ഇവര്‍ സ്വന്തം നാട്ടില്‍ ( അമേരിക്ക) ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നവരാണ്. സ്ത്രീകള്‍ കുറവുള്ള സ്ഥലത്ത് ഇവര്‍ വരുമ്പോള്‍ സ്വാഭാവികമായും ഒരു താര ചിന്ത കൈവരും. എന്നാലിവര്‍ അമേരിക്കയ്ല്‍ തിരികെ പോയാല്‍ പുല്ലു വിലയേ ഉള്ളുവെന്ന് ചില ഓവര്‍ ആക്ടിംഗ് സ്ത്രീകളെ കണ്ടു അവര്‍ തന്നെ അഭിപ്രായം പറയാറുണ്ട്‌.
ഇതിലും എത്രയോ സുന്ദരികള്‍ അമേരിക്കയില്‍ സാധാര ണപോലെ ജീവിക്കുകയും സംസാരിക്കുകയും ചെയുന്നു എന്ന സത്യം ഇവരുടെ കോഷ്ടികള്‍ കാണുമ്പോള്‍ ഓര്‍ത്തുപോകുന്നു എന്നും പറഞ്ഞു.
അത് പോലെ നോക്കി പിടിച്ചു എന്നുള്ള പരാതികള്‍ അമേരിക്കന്‍ സ്ത്രീകള്‍ പറയാറുണ്ട്. ഞാനും കേട്ടിട്ടുണ്ട്.
താരറാണി ചിന്ത വരുന്നത് ഡിമാൻഡ് കൂടുമ്പോൾ ആണ്. അതിനാവസരം കൊടുക്കുന്നത് സ്ത്രീയെ കൗതുക വസ്തുവായി നോക്കുന്ന ആണുങ്ങളും സമൂഹവും.
ചെറുപ്പങ്ങളില്‍ ആണ്കുട്ടികളോട് മാതാപിതാക്കള്‍ ഉപദേശിച്ച് കൊടുക്കുന്ന ചില വാക്കുകളാണ് ഇവ
"മോനെ പെണ്‍കുട്ടികളെ നോക്കരുത്, സംസാരിക്കരുത്, എന്നും സ്ത്രീകളോട് ഹായ് പറയുന്നത് തന്നെ മോശം സ്വഭാവമായും കുറച്ച് കാലം മുന്നേ വരെ പറഞ്ഞും ശീലിപ്പിച്ചും പോന്നു.
സ്കൂളില്‍ ആണെങ്കിലും പെണ്‍ കുട്ടികളോട് സംസാരിക്കുന്നത് തെറ്റായി ടീച്ചര്‍മാരും ശീലിച്ച് പോന്നു.
ഇങ്ങനെ പെണ്‍കുട്ടികള്‍ എന്തോ വലിയൊരു സംഭവമാണെന്നും അവരോടടുക്കുവാനും സംസാരിക്കുവാനും ആണ്‍കുട്ടികള്‍ കൊതിച്ചു.
പ്രേമ ലേഖനമായും, ഒളിച്ചിരുന്നുള്ള കമന്റുകളും, ഒക്കെയായി പെണ്‍കുട്ടികളോടടുക്കുവാന്‍ ആണ്‍കുട്ടികള്‍ ത്വര കാണിച്ചു. പ്രേമം തെറ്റാണെന്നും പെണ്‍കുട്ടികളെ നോക്കുന്നത് പോലും ചീത്ത കുട്ടികളാ ണെന്ന ചിന്തയും ആണ്‍കുട്ടികളെ അവരെ അറിയുവാന്‍ ആക്കം കൂട്ടി.
പരസ്യമായി മിണ്ടിയാല്‍ സമൂഹം മോശം പയ്യനാ ണെന്ന പഴി ചാരാതിരിക്കാന്‍ നോട്ടവും എഴുത്തുമൊക്കെ രഹസ്യമായി കൈമാറി വന്നു.
പത്താം തരത്തിലെ എന്റെ ഓട്ടോ ഗ്രാഫ് രാഗിത NR എന്ന കുട്ടിയെകൊണ്ടാണ് ഞാന്‍ ഉത്ഘാടന എഴുത്ത് ചെയ്യിപ്പിച്ചത് എന്തോ വലിയ നേട്ടം കൈവരിച്ച അനുഭവമായിരുന്നു അന്ന്.
പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ , ആണുങ്ങള്‍ ശരിയല്ലെന്നും, വഴിയരികിലും കടയുടെ തിണ്ണയിലും ഒക്കെ നില്‍ക്കുന്ന ആണുങ്ങള്‍ മോശമാണെന്നും, ഏതെങ്കിലും ആണ്‍കുട്ടി സംസാരിക്കാന്‍ വന്നാലോ, കമന്റ് അടിച്ചാലോ , അടുത്ത് വന്നിരുന്നാലോ, സ്കൂളില്‍ വെച്ച് മിണ്ടാന്‍ വന്നാലോ മോശം ആയി ചിത്രീകരിച്ചിരുന്നു.
പെണ്ണിനോട് ഇഷ്ടം പറഞ്ഞതിന്റെ പേരില്‍ ആങ്ങളമാരുടെയും നാട്ടുകാരുടേയും തല്ലും ആട്ടും കിട്ടുകയും അതോടൊപ്പം മോശം പേരും സമൂഹം ചാര്‍ത്തിക്കൊടുത്ത എത്ര സംഭവം ഉണ്ടായിട്ടുണ്ട്. അത് പോലെ പ്രേമിച്ചതിന്റെ പേരില്‍ പിഴച്ചവളെന്നും, അഴിഞ്ഞാട്ടക്കരിയെന്നും എത്ര പെണ്‍കുട്ടികളെ നാട്ടുകാര്‍ തേജോ വധം ചെയ്തിട്ടുണ്ട്.
അതായത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാവണം ഈയൊരു മനോഭാവം നമുക്ക് വന്നത്.
പിന്നീടാണ് പരിഷ്കാരങ്ങളും CBSE സിലബസ്സും, ICE സിലബസ്സും, ആണും പെണ്ണും ഒരുമിച്ചിരിക്കലും, ടിവിയും മൊബൈലും ഒക്കെ വന്നു പാശ്ചാത്യ സംസ്കാരം നമുടെ ഇടയില്‍ പരക്കാന്‍ തുടങ്ങിയത്.
മുന്‍ പറഞ്ഞ പശ്ചാലത്തില്‍ പരസ്പരം കാണാതെ, നാട്ടുകാര്‍ കാണാതെ, വീട്ടുകാര്‍ കാണാതെ ഉള്ളില്‍ അടക്കി വെച്ചിരിക്കുന്ന ആൺ പെൺ ജിജ്ഞാസകള്‍ ആദ്യം ഫോണ്‍ കോള്‍ മിസ്ഡ് കോളില്‍ നാം കണ്ടു അനുഭവിച്ചു.
നമ്പര്‍ കറക്കിക്കുത്തി കിട്ടുന്ന പെണ്ണിനോടും പെണ്ണ് ആണിനോടും എത്ര തവണ സംസാരിച്ചിരിക്കുന്നു. എത്ര രൂപ ഫോണ്‍ ബില്ലായും റീ ചാര്‍ജ്ജായും നമ്മള്‍ കളഞ്ഞിരിക്കുന്നു. കൂടുതലും ആണുങ്ങളുടെ കാശാണ് പോയത്.
മിസ്ഡ് കോളില്‍ തുടങ്ങി എത്ര പേര്‍ വിവാഹം കഴിച്ചിരിക്കുന്നു. എത്ര പേര്‍ നല്ലതും അത് പോലെ തന്നെ വഴി വിട്ടതുമായ ബന്ധങ്ങളില്‍ എത്തിയിരിക്കുന്നു.
പിന്നെ മിസ്ഡ് കോള്‍ ഒക്കെ ഔട്ട്‌ ഓഫ് ഫാഷനായപ്പോള്‍ ORKUT വന്നു. പിന്നെ ഫേസ് ബുക്ക് വാട്സാപ്പ്.
എന്നാല് ലോകം വികസിച്ചപ്പോള്‍ കുറേ പേര്‍ കൂടെ വികസിച്ചെങ്കിലും ചിലര്‍ മനസ്സ്കൊണ്ട് ഇന്നും മുരടിച്ചവരാണ്.
അത് കൊണ്ട് സമൂഹത്തില്‍ നിന്നും ഒത്തിരി അകലെയാണ് ഫേസ്ബുക്ക് വാട്സപ്പ് ഇന്ബോക്സുകള്‍. ഒരാളുടെ സ്വകാര്യതയാണ്‌ ഇതൊക്കെ.
ഒരു ബസില്‍ ഇരുന്നു പോലും ആരുമായി ചാറ്റ് ചെയ്യാം, എന്ത് വേണേലും ടൈപ്പ് ചെയ്യാം. ആരും അറിയുകയും ഇല്ല.
ഈയൊരു സാഹചര്യം മലയാളികള്‍ ശരിക്കും ആഘോഷികുന്നുണ്ട്. ഇന്നും ആണിനും പെണ്ണിനും പുറത്തിറങ്ങി കൈ കോര്‍ത്ത് പിടിച്ചു നടക്കാനുള്ള സ്വാതന്ത്ര്യം സമൂഹം സത്യത്തില്‍ കൊടുക്കുന്നുണ്ടോ.
ഇല്ല.
എന്നാല്‍ ചുണയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പുറത്തിറങ്ങി ഒരു ചായ ഒരുമിച്ച് കുടിക്കുന്നത് കാണുമ്പോള്‍ ചിലരുടെ കുരു പൊട്ടുന്നു ണ്ടെങ്കിലും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി പോയി. പല്ല് കടിച്ച് അസൂയപ്പെട്ടു വീട്ടില്‍ പോകയെ നിവ്യത്തിയുള്ളൂ.
പിന്നെ ഡിമാന്റ് എന്തിനു കൂടുന്നോ അതിനു വിലയും കൂടും. പെണ്‍കുട്ടികളോട് സംസാരിക്കുവാന്‍ ആണ്‍കുട്ടികള്‍ തേരാ പാരാ നടക്കുമ്പോള്‍ ഫെസ് ബുക്കിലെ പെണ്‍കുട്ടികള്‍ താര റാണികളുടെ മനോഭാവം കാണിച്ചില്ലായെങ്കിലേ അത്ഭുതമുള്ളൂ.
പെണ്ണിനെ ഏതോ വലിയ സംഭവം പോലെ പുകഴ്ത്തലും പൊക്കലും കൊണ്ട് വാനത്തോളം ഉയർത്തേണ്ട ആവശ്യമില്ല. ഒരു മനുഷ്യന് കൊടുക്കേണ്ട പരിഗണന മതി. കാരണം ആണും പെണ്ണും ലിംഗ വിത്യാസം പ്രജനന വിത്യാസം കഴിഞ്ഞാൽ തുല്യരാണ്. അഭിനന്ദനം സംരക്ഷണം ഒക്കെ എല്ലാവർക്കും പരസ്പരം കൊടുക്കണം.
ഇവിടെ ആണും പെണ്ണും കൂടുതല്‍ സൗഹൃദപരമായി ഇടപഴകുകയാണ് വേണ്ടത്. ആണും പെണ്ണും കൂട്ട് കൂടിയില്ല എങ്കില്‍ പ്രക്യതി തന്നെ സ്വയം പരിഹാസ്യവാവുകയല്ലേ ചെയ്യുന്നത്.
ആരെങ്കിലും മോശം പെരുമാറി എന്ന് വെച്ച് സൗഹ്യദം അവസാനിപ്പിച്ചാല്‍ അത് നമ്മള്‍ക്കും നമ്മുടെ മക്കള്‍ക്കും പുരോഗമനം ഉണ്ടാക്കില്ല. ആരോഗ്യപര്യമായ സൗഹൃദം സമൂഹത്തില്‍ നാം ഉണ്ടാക്കിയെടുക്കണം. ആണും പെണ്ണും അക്കരെ ഇക്കരെ നിക്കണ്ടവരല്ല, ഒരുമിച്ച് കൈ കോര്‍ത്ത് പിടിച്ച് നടക്കണ്ടാവരാണെന്ന ബോധ്യം വരാത്തിടത്തോളം നമ്മുടെ സമൂഹത്തില്‍ ജിജ്ഞാസ അസൂഖം കൂടി വരികയെ ഉള്ളു.
ഒരു നമസ്കാരം മാത്രം പറഞ്ഞതിന്റെ പേരില്‍ എന്താ കാര്യമെന്ന് ചോദിക്കുക പോലും ചെയ്യാതെ ഇന്ബോക്സ് ബ്ലോക്കിയ ആളുകളും നമുക്ക് ചുറ്റുമുണ്ട്. അതൊക്കെ ഓരോരുത്തരുടെ വ്യക്തി താല്പര്യങ്ങള്‍.
എങ്കിലും മറ്റൊരാളെ കണ്ട് വേറെ ഒരാളെ ഒരിക്കലും വിലയിരുത്തി വിധിക്കരുത്. എല്ലാവരും വ്യത്യസ്തരായ ആളുകളാണ്.
ഇൗ അതിപ്രസരമായ കൗതുകം മാറണമെങ്കിൽ ലിംഗഭേദം ഇല്ലാതെ സൗഹൃദം വളരണം.
ജെപി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo