നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രിയപ്പെട്ട എബിക്ക്

Image may contain: 1 person, smiling, closeup and outdoor

അടുത്ത മാസം 24 നു എന്റെ ഉടുപ്പിടലാണ്, വരണം. പിന്നെ അടുത്തയാഴ്ച വീട്ടില്‍ വരുന്നുണ്ട്. അന്നേരം നേരിട്ട് വിളിക്കാം.
അന്നക്കുട്ടി
..............
എടി അന്നക്കുട്ടി, എഴുന്നേല്‍ക്കടി പെണ്ണേ. ഇത് എന്തോന്ന് ഭാവിച്ചാ നിന്‍റെയീ കിടപ്പ്. അടുത്ത മാസം ഉടുപ്പിട്ട് കന്യാസ്ത്രീ ആവേണ്ട പെണ്ണാ. എഴുന്നേറ്റ് കാപ്പി കുടിച്ചിട്ട് പള്ളീ പോ.
എന്റെയമ്മച്ചി 365 ദിവസോം പള്ളീം പട്ടക്കാരുമായി കഴിഞ്ഞു കൂടുന്ന എന്നോടാണോ ഈ ഉപദേശം. പറച്ചില്‍ കേട്ടാല്‍ തോന്നും വര്‍ഷങ്ങളായി പള്ളിയില്‍ പോയിട്ടില്ലെന്ന്.
അതല്ലടി കൊച്ചേ, നീയിവിടെ വന്നാല്‍ മുടങ്ങാതെ പള്ളിയില്‍ പോകാറുണ്ടല്ലോ , അത് കൊണ്ടാ പറഞ്ഞത്. നിനക്കുറക്കം മതിയായില്ലെങ്കില്‍ കിടന്നോ. പോയില്ലെങ്കില്‍ പോവണ്ട.
എന്‍റെ അമ്മച്ചിക്ക് ഇപ്പോഴാ കുറച്ച് ബുദ്ധിയൊക്കെ വെച്ചത് എന്ന് പറഞ്ഞ് അന്നക്കുട്ടി പുതപ്പ് മാറ്റി എഴുന്നേറ്റു. പല്ല് തേച്ച് കുളിച്ച് ഒരു കട്ടനുമടിച്ച് അന്നക്കുട്ടി പള്ളിയില്‍ പോയി.
കുര്‍ബ്ബാനയും കഴിഞ്ഞു വരുമ്പോള്‍ എബിച്ചന്‍ പാട വരമ്പില്‍ കൂടി വരുന്നു.
അന്നക്കുട്ടിയുടെ മുഖം വല്ലാതെയായി. ഇനി വഴി മാറി പോകാനും വയ്യ. എബിച്ചന്റെ മുഖത്തേക്ക് നോക്കാനുള്ള ത്രാണി തനിക്കില്ല.
അന്നക്കുട്ടി നേരെ നടന്നു
അല്ല, ആരിത് അന്നാമ്മയോ, നീ എപ്പോ വന്നു കൊച്ചെ
ഇന്നലെ, സുഖാണോ എബിച്ചായാ
പിന്നെ സുഖമാണോന്നോ , എന്നാ ചോദ്യമാ എന്റെ അന്നക്കുട്ടി. എബിച്ചനു അന്നും ഇന്നും പരമസുഖം
ഈ വാക്കുകള്‍ തനിക്കിട്ടൊന്നു താങ്ങിയതാണെന്നു അന്നക്കുട്ടിക്ക് മനസ്സിലായി
ആ എബിച്ചയാ എന്റെ ഉടുപ്പിടല്‍ ചടങ്ങാണ് അടുത്ത മാസം 24 നു ഞാനൊരു എഴുത്ത് വിട്ടായിരുന്നു. കിട്ടിയോ.
ഓ കിട്ടി, എന്നാ പറയാനാ. എഴുത്തും വാങ്ങി പോക്കറ്റിലിട്ടു നടന്നതും നല്ല മഴ പെയ്തു. എഴുത്തും നനഞ്ഞു കാശും നനഞു. കാശ് ഞാന്‍ ഉണക്കിയെടുത്തു. എഴുത്ത് പിന്നെ ഉണക്കിയിട്ട് കാര്യമില്ലല്ലോ. നനഞ്ഞ എഴുത്തുണക്കിയാല്‍ അക്ഷരങ്ങള്‍ ജീവിക്കില്ലല്ലോ അന്നക്കുട്ടി.
അതും തനിക്കിട്ടു കുറിക്ക് കൊള്ളാന്‍ വെച്ചതാണെന്ന് അവള്‍ക്ക് തോന്നി.
എബിച്ചായ, എന്നെയിങ്ങനെ കൊല്ലാകൊല ചെയ്യല്ലേ.
ഞാനാരേയും കൊല്ലാനുമില്ല തല്ലാനുമില്ല.
സുഖമാണോ എബിച്ചായ
ഇത് തന്നെയല്ലേ നീ കുറച്ചു മുന്നേ ചോദിച്ചത്
എങ്കിലും ഒന്ന് കൂടെ ചോദിക്കണമെന്ന് കരുതി
എന്ത് സുഖം അന്നാമ്മേ. നീയില്ലാതെ എനിക്ക് സുഖമില്ലെന്നു നിനക്കറിയാലോ
പഴയതൊക്കെ മറക്കണം എന്ന് പറഞ്ഞതല്ലേ
അല്ല അന്നാമ്മേ, ഈ കരിങ്കല്ലില്‍ കൊത്തുന്ന അക്ഷരങ്ങളും മറ്റും മായ്ക്കാന്‍ പറ്റുമോ?
ഇച്ചായ, അന്നക്കുട്ടി നേര്‍ത്ത വിഷമത്തോടെ വിളിച്ചു.
പറ്റും, അത്രയും ഭാഗം വെട്ടി കള ഞ്ഞിട്ടു വീണ്ടും ആലേഖനം ചെയ്യേണ്ടി വരും അല്ലിയോ കൊച്ചേ. എബിച്ചന്‍ തന്നെ അവന്റെ ചോദ്യത്തിനു മറുപടി പറഞ്ഞു. അത് കൊണ്ട് കൊത്തിയത് കൊത്തിപ്പോയി. ഇനി വയ്യ കൊച്ചെ മുറിച്ച് കളയാന്‍.
അപ്പോഴേക്കും പാടത്ത് പണിയെടുക്കാനുള്ള ആളുകള്‍ വന്നു തുടങ്ങിയിരുന്നു.
ഞാനന്നാ പോട്ടെ എബിച്ചായ...
സൂര്യ രശ്മിയില്‍ അവളുടെ മുഖത്തിനു മാറ്റ് കൂടിയ പോലെ.
ഉം പൊയ്ക്കോ. എന്നാല്‍ നീ കര്‍ത്താവിന്റെ മണവാട്ടിയാവില്ല. ഈ എബിച്ചന്റെ മണവാട്ടിയാവും.
അന്നക്കുട്ടിയൊന്നും മിണ്ടിയില്ല.
................
പാടത്ത് വന്നവര്‍ കുശലം പറഞ്ഞു.
എടീ ഇതാ കന്യാസ്ത്രീയാവാന്‍ പോയ അന്നക്കുട്ടിയും നമ്മുടെ വർഗ്ഗീസിന്റെ മോൻ എബിച്ചനുമല്ലിയോ
അത് തന്നെ
അവരെന്തോന്നാടീ ഈ വെളുപ്പാന്‍ കാലത്തൊരു കുശുകുശുക്കല്‍
അവരുടെ കാര്യം നിനക്കറിയില്ലേ അമ്മിണി.
കേട്ടിട്ടുണ്ട്, പണ്ട് പ്രേമിച്ചെന്നോ, കല്ല്യാണം കഴിക്കാന്‍ ഇഷ്ടമാണെന്നോ, പിന്നെ അന്നക്കുട്ടിയുടെ അപ്പന്‍ അവനെ കെട്ടിയാല്‍ ഉത്തരത്തില്‍ തൂങ്ങുമെന്നും ചാവുമെന്നും പറഞ്ഞു ബഹളമുണ്ടാക്കിയെന്നോ മറ്റോ. അവനെ കെട്ടിയില്ലെങ്കില്‍ കന്യാസ്ത്രീ ആവാന്‍ പോകുമെന്ന് പറഞ്ഞു പോയി എന്നാ ഇത് വരെയുള്ള കഥ.
അതൊക്കെ നാട്ടുകാര്‍ പറഞ്ഞുണ്ടാക്കിയ കഥയല്ലിയോ ത്രേസ്യാമേ. ശരിക്കും അതല്ല
പിന്നെ എന്തോന്നാ?
എബിച്ചന്റെ കാര്യം വീട്ടിലറിഞ്ഞു ആലോചനയുമായി ചെന്നു. അന്നക്കൊച്ചിന്റെ വീട്ടുകാര്‍ക്കെതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അന്നക്കൊച്ചിന്റെ പഠിപ്പ് തീര്‍ന്നാല്‍ കല്ല്യാണം നടത്താമെന്ന് വാക്കും കൊടുത്തു.
എന്നിട്ട്
അങ്ങനെയിരിക്കുമ്പോഴാണ് പള്ളിയിലൊരു ധ്യാനം നടന്നത്. പൊതുവേ കുറച്ചധികം ഭക്തിയുള്ള അന്നക്കുട്ടിയും വീട്ടുകാരും ഒരാഴ്ചത്തെ ധ്യാനം കൂടി വീട്ടില്‍ വരുന്ന വഴി, നിലത്ത് കിടന്നൊരു കടലാസ് കഷണം കിട്ടി. നോക്കിയപ്പോള്‍ ഏതോ വിശുദ്ധയായ സ്ത്രീയെക്കുറിച്ചുള്ള മാസികയില്‍ വന്ന ലേഖനത്തിന്‍റെ കഷണമായിരുന്നു.
അതും വായിച്ചു വീട്ടില്‍ പോയ അന്നക്കുട്ടിക്ക് ഭക്തി പിരാന്ത് കയറി.
വിശുദ്ധയാവണം... പിന്നെ അന്ന് രാത്രി സ്വപ്നം കണ്ടെന്നോ ഏതോ പുണ്യാളന്‍ പേര് ചൊല്ലി വിളിച്ചെന്നോ മറ്റോ അന്നക്കുട്ടിക്ക് തോന്നിയെന്ന്.
എബിച്ചനോട് പോലും പറയാതെ അവള്‍ മഠത്തില്‍ ചേര്‍ന്നു. ഇതാണ് കഥ.
ഇത് നിന്നോടാരു പറഞ്ഞു
അന്നക്കുട്ടിയുടെ അമ്മ പറഞ്ഞതാ എന്നോട്.
ഹോ , നാട്ടുകാര് എന്തൊക്കെയാ പറഞ്ഞുനടക്കുന്നത് അല്ലിയോ.
നീ വാടി, പണി തുടങ്ങാന്‍ സമയമായി.
.....................
വീട്ടില്‍ വന്നതും എബിച്ചന്റെ വാക്കുകള്‍ അന്നക്കുട്ടിയുടെ കര്‍ണ്ണപുടങ്ങളില്‍ അലയടിക്കാന്‍ തുടങ്ങി.
"എന്നാല്‍ നീ കര്‍ത്താവിന്റെ മണവാട്ടിയാവില്ല. ഈ എബിച്ചന്റെ മണവാട്ടിയാവും"
സത്യത്തില്‍ ഞാന്‍ എബിച്ചന്റെ മണവാട്ടിയല്ലേ.... അവള്‍ അവളോട്‌ തന്നെ ചോദിച്ചു.
ആരോ പിന്നില്‍ നിന്ന് പറഞ്ഞപോലെ
"അതേടി അന്നാക്കൊച്ചേ നീ എബിച്ചന്റെ പെണ്ണാ"
അവള്‍ തിരിഞ്ഞു നോക്കി, ആരുമില്ല
അമ്മച്ചി, നമുക്കിന്നു പട്ടണത്തില്‍ പോകണം, വെള്ളത്തുണി വാങ്ങി ഉടുപ്പ് തയിക്കാന്‍ കൊടുക്കണം.
അമ്മച്ചിയെന്തിനാടി വരുന്നത് കൊച്ചെ, നീയങ്ങു പോയി വാങ്ങിച്ചു കൊണ്ടുവാ
അമ്മച്ചിയും വാന്നെ
ഞാനില്ലടി , എന്റെ കാലിനു വയ്യ, ഇന്നലെ കൊളവി കൊത്തിയതാ, നീരുണ്ട്. നീയങ്ങു പോയി വാ.
അന്നക്കുട്ടി പോയി ഉടുപ്പിടല്‍ ചടങ്ങിനാവശ്യമായ തുണികളും മറ്റും വാങ്ങി. അമ്മയ്ക്കും അപ്പച്ചനും ആങ്ങളക്കും വസ്ത്രമെടുത്തു.
അന്ന് രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളൊരു സ്വപ്നം കണ്ടു. കല്യാണ വസ്ത്രമിട്ടു പള്ളിനടയില്‍ എബിച്ചനുമായി ഇറങ്ങി വരുന്ന രംഗം.
നേരം വെളുത്തപ്പോൾ ചില ചിന്തകൾ അവളെ ഭരിക്കുവാൻ തുടങ്ങി.
എബിച്ചന്‍, സത്യത്തില്‍ ഞാനവനെ തിരസ്ക്കരികുകയയിരുന്നില്ലേ?
ഒരു കടലാസ് കഷണത്തില്‍ കണ്ട കുറിപ്പും ധ്യാനത്തിന്‍റെ ആവേശവും വികാരവും കൂടിയായപ്പോള്‍ ഭക്തി എന്നെ ഭരിക്കുകയായിരുന്നില്ലേ. വിശുദ്ധയാവാനുള്ള എന്റെ സ്വാര്‍ത്ഥതക്ക് മുന്നില്‍ വിശുദ്ധ പ്രണയത്തെ തള്ളിക്കളയുകയായിരുന്നില്ലേ?
മഠത്തില്‍ ചേര്‍ന്നു കുറച്ചു കഴിഞ്ഞപ്പോള്‍ തോന്നിയതാ, ഒരു വികാരത്തള്ളിച്ചയില്‍ ഇവിടെ വന്നു പെട്ടെന്ന്. പല വട്ടം തിരികെ പോരാന്‍ തുടങ്ങിതാ. പിന്നെയുണ്ടാവുന്ന നാണക്കേടും പരിഹാസവും ഓര്‍ത്തപ്പോള്‍ വേണ്ടാന്ന് വെച്ചു.
ഒരു മനോഹര വിശുദ്ധ പ്രണയത്തെ കൊന്നു കുഴിച്ചു മൂടിയ എന്നെപ്പോലെയൊരു വിഡ്ഢി ഈ ലോകത്തുണ്ടാവില്ല.
മഠത്തിലുള്ള മറ്റ് പെണ്‍കുട്ടികള്‍ക്കും ഇതുപോലെ അല്ലെങ്കില്‍ മറ്റൊരു അനുഭവമുണ്ട്. കൂടുതലും ധ്യാനത്തിന്‍റെ ആവേശ തിര തള്ളലിലും യുവജന ക്യാമ്പുകളിലെ കൌണ്സലിംഗിലും മനം മയങ്ങി വന്നു ചേര്‍ന്നവര്‍. ചുരുക്കം ഒന്നോ രണ്ടോ പേരേ ഉള്ളു സ്വന്ത മനസ്സോടെ ആരുടേയും വാക്കുകള്‍ക്കടിമാപ്പെടാതെ വന്നിട്ടുള്ളവര്‍. അതും എന്നെപ്പോലെ 18 കഴിഞ്ഞു മഠത്തില്‍ ചേര്‍ന്നവര്‍.
മുതിര്‍ന്ന കന്യകാസ്ത്രീകളുടെ രോദനവും കരുണയില്ലായ്മും, മര്‍ക്കടമുഷ്ടിയും കാണുമ്പോള്‍ ഓര്‍ത്ത് പോകും, ഇവരൊക്കെ പ്രസവിച്ചിരുന്നെങ്കിലെന്നു.
കല്യാണം കഴിഞ്ഞു കെട്ടിപ്പിടിച്ച് പോകുന്ന ദമ്പതികളെ കാണുമ്പോള്‍ മനസ്സ് വിങ്ങാത്ത ആളുകള്‍ അവിടെ കോൺവെന്റിൽ കുറവാ. എന്തിനോ ഏതിനോ വേണ്ടി ഭക്തി വേഷം കെട്ടി പ്രഹസനമായി ജീവിക്കുന്നവര്‍.
ഇനി ഒന്നും ചെയ്യാനില്ല, മുന്നോട്ട് പോവുക തന്നെ.
ഉടുപ്പിടൽ ചടങ്ങിനാവശ്യമായ തിരുവസ്ത്ര ഉടു പ്പ് തയ്യിച്ച് കിട്ടി. പള പളാ തിളങ്ങുന്ന വെള്ള വസ്ത്രം.
ദിവസങ്ങൾ മുന്നോട്ട് പോയി.
അന്നക്കുട്ടി പറഞ്ഞ തിയ്യതി തന്നെ ഉടുപ്പിടല്‍ ചടങ്ങ് വളരെ ഭംഗിയായി നടന്നു.
എന്നാൽ അന്നക്കുട്ടി?
അതേ സമയം അതേ തീയ്യതി തന്നെ എബിച്ചന്റെ വിവാഹവും അവരുടെ ഇടവകപ്പള്ളിയില്‍ നടക്കുകയായിരുന്നു.
എബി വർഗ്ഗീസ് ഈ നില്‍ക്കുന്ന വള്ളിതോട്ടത്തില്‍ പൌലോസിന്റെ മകള്‍ അന്നക്കുട്ടിയെ നിന്‍റെ ഭാര്യയായി സ്വീകരിക്കാന്‍ നിനക്ക് സമ്മതമാണോ
സമ്മതം
അന്നക്കുട്ടി പൌലോസ് , ഈ നില്‍കുന്ന കരിമ്പിന്‍തൊട്ടിയില്‍ വർഗ്ഗീസിന്റെ മകൻ എബിയെ നിന്‍റെ ഭര്‍ത്താവായി സ്വീകരിക്കാന്‍ നിനക്ക് സമ്മതമാണോ?
നൂറു വട്ടം ( മനസ്സില്‍ പറഞ്ഞിട്ട് ) സമ്മതം
തുലാ വര്‍ഷ തണുപ്പില്‍ എബിച്ചന്റെ മാറില്‍ അന്നക്കുട്ടി ചേര്‍ന്നു കിടക്കുമ്പോൾ, അങ്ങകലെ ഏതോ മഠത്തില്‍ കര്‍ത്താവിന്റെ മണവാട്ടിമാര്‍ തിരുവസ്ത്രത്തിനുള്ളിലെ പ്രണയത്തെ, ജീവിതത്തെ, സ്വപ്നങ്ങളെ ഇളക്കുകയോ ഉണർത്തുകയോ ചെയ്യാതെ ഉറങ്ങിയിരുന്നു.
അതെ, അന്നക്കുട്ടി തീരുമാനം മാറ്റി ഉടൂപ്പിടൽ ചടങ്ങിന് പോയില്ല. പകരം എബിച്ചന്റെ മണവാട്ടി വസ്ത്രമിട്ട്‌ അവന്റെ പെണ്ണായി.
ഞാൻ പറഞ്ഞില്ലേ പെണ്ണേ നീയെന്റെ മണവാട്ടിയാകുമെന്ന്..
ഇത് സ്വപ്നമല്ല യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ അവൾ എബിച്ചനെ നുള്ളി നോക്കി.
എന്താടി പെണ്ണേ....
ഹേയ് ചുമ്മാ...!
ജെപി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot