
വൈകുന്നേരം കോളേജ് വിട്ട് വീട്ടിലേക്ക് ബസ് കാത്ത് നിൽക്കുന്ന സമയമാണ്.. നല്ല തിരക്കുള്ള ബസ് സ്റ്റാന്റ് പല ജാതി യൂണിഫോമുകളെ കൊണ്ട് കളറായിട്ടുണ്ട്... നമ്മുടെ കുഗ്രാമത്തിലേക്കാണേൽ അര മണിക്കൂർ വിട്ടാണ് ബസ്സെന്ന സാധനമുള്ളത്.. അതിലാണേൽ കാല് കുത്താൻ സ്ഥലം കാണൂല്ല.. കയറിപ്പറ്റാൻ കഴിഞ്ഞാൽ മഹാ ഭാഗ്യം.
ബസ് സ്റ്റാന്റിലെ കാത്തിരുപ്പിന്റെ വിരഹത മാറ്റാൻ ചെയ്യുന്ന ഒരു പരിപാടിയുണ്ട്.. കാണാൻ കൊള്ളാവുന്ന ഏതേലും ഒരു ചെല്ലക്കിളിയുടെ കണ്ണിലേക്ക് നോക്കിയിരിക്കുക... കണ്ണുകൾ കൂട്ടി മുട്ടിയാൽ തീപ്പൊരി പാറുന്ന ഒരു അനുഭവാണ്.. ഓവറാക്കിയാൽ പൊന്നീച്ചയും പാറാൻ ചാൻസുള്ളോണ്ട് ഒരു മയത്തിലൊക്കെ വേണം ഈ കലാ പരിപാടി അവതരിപ്പിക്കാൻ.. ഇത്തവണ ഏതോ ഒരു ഉണ്ടക്കണ്ണിയാണ് ഇരയായത്.. ഓൾക്കാണെ ഒടുക്കത്തെ നാണം.. എന്നാലും ഇടക്ക് പാളി നോക്കും.. ബഹു രസം തന്നെ...
രസച്ചരട് മുറിച്ച് ബസ് വന്നത് കണ്ടതും ഞാൻ ഒറ്റ ഓട്ടം ഓടി.. ആദ്യം കയറിപ്പറ്റണം.. എസ്. ടി ക്കാർ അവസാനം കയറീ ...എന്ന് വിളിച്ചു പറയുന്ന ഞരുന്ത് ക്ലീനറെ ലവലേശം മൈൻഡ് ആക്കാതെ ആദ്യം തന്നെ കയറി ഞാൻ കരുത്ത് തെളിയിച്ചു.. പിറകിൽ കയറിയവർ തള്ളി തള്ളി അവസാനം ബസ്സിന്റെ ഒത്ത നടുവിൽ എന്റെ തേരോട്ടം അവസാനിച്ചു.
രാവിലത്തെ ബസിന് പൗഡറിന്റെയും അത്തറിന്റെയും സുഗന്ധമാണേൽ വൈകിട്ട് ഒരു ജാതി അലമ്പ് മണമാണ്.. അതെല്ലാം സഹിച്ച് തളളിനേയും പ്രതിരോധിച്ച് അങ്ങനെ നിൽകുമ്പോഴാണ് തൊട്ട് മുമ്പിൽ പരിചയമുള്ളൊരു ബാക്ക് കണ്ടത്.. അയ്യോടാ... യു. പി സ്കൂളിൽ കൂടെ പഠിച്ച ശ്രുതി തങ്കപ്പൻ ! എത്ര കാലായി കണ്ടിട്ട്..
അങ്ങനെ ആ തിരക്കുള്ള ബസിൽ ഞങ്ങൾ പരിചയമങ്ങ് പുതുക്കി കോൺക്രീറ്റ് ഇട്ടങ്ങ് സെറ്റാക്കി.. പഴേ രസകരമായ വീര കഥളൊക്കെ പറഞ്ഞ് ഇറങ്ങാനുള്ള സ്ഥലമെത്തിയത് അറിഞ്ഞതേ ഇല്ല.. ഇറങ്ങാൻ നേരം നമ്പറും വാങ്ങി.. പുറത്തിറങ്ങി കൈ ഒക്കെ വീശി യാത്ര പറഞ്ഞ് പോന്നപ്പോൾ എന്തൊരു സുഖം..
വീട്ടിലെത്തി ചായ ഒക്കെ തരുമ്പോൾ ഉമ്മയുടെ മുഖത്ത് പതിവില്ലാത്ത ഒരു കനപ്പിക്കൽ.. പെങ്ങമ്മാർക്ക് ആക്കിയൊരു ചിരി.. ആകപ്പാടെ ഒരു കൂലങ്കുഷിതമായ അവസ്ഥ.. എനിക്ക് സംഗതി എന്താണെന്ന് മാത്രം മനസ്സിലായില്ല..
കുറച്ച് കഴിഞ്ഞപ്പോൾ വല്യാപ്പ, മൂത്താപ്പ ,എളാപ്പ എന്നിങ്ങനെ ഒരു ബറ്റാലിയൻ തന്നെ വീട്ടിലേക്ക് മാർച്ച് ചെയ്ത് വന്നു.. ഞാനറിയാണ്ട് വല്ല സൽകാരോം വച്ചോ എന്നായി സംശയം.. അടുക്കളേലാണേൽ അതിന്റെ ലക്ഷണമൊന്നും കണ്ടതുമില്ല... എല്ലാരും ഹാളിലിരുന്ന് കാര്യമായ കുശു കുശുക്കലാണ്.. ഞാൻ പതുക്കെ ചെവി വട്ടം പിടിച്ച് നോക്കി..
"പ്രായം.. വല്ലാത്തതാണ്.. ഇങ്ങൾ ചൂടാവാൻ നിക്കണ്ട... ഒരു മയത്തിൽ ചോദിച്ചാ മതി.. മാപ്പിള അല്ലാന്നാ കേട്ടേ..." എളാപ്പയുടെ ശബ്ദമാണ്..
ഇത്രയും കേട്ടിട്ടും എനിക്ക് കാര്യമായി ഒന്നും മനസിലായില്ല...
ഇത്രയും കേട്ടിട്ടും എനിക്ക് കാര്യമായി ഒന്നും മനസിലായില്ല...
പിന്നെ എന്നെ വിളിപ്പിച്ച് വിസ്തരിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.. പാവം ശ്രുതി തങ്കപ്പനാണ് വില്ലത്തി.. ഞങ്ങൾടെ ബസ് യാത്രയും യാത്ര പറച്ചിലുമൊക്കെ നല്ല കളറാക്കി വീട്ടിലെത്തിയിട്ടുണ്ട്.. കാമുകിയാണെന്നും ഒളിച്ചോടാൻ സാധ്യത ഉണ്ടെന്നൊക്കാണ് പറഞ്ഞ് ഫലിപ്പിച്ചിരിക്കുന്നത്.. ഏതായാലും സത്യം പറഞ്ഞ് എല്ലാരേയും പറഞ്ഞ് മനസ്സിലാക്കാൻ നല്ലോണം കഷ്ടപ്പെടേണ്ടി വന്നു..
എല്ലാം കഴിഞ്ഞും ഞാൻ കൂലങ്കുഷിതമായി ആലോചിച്ചത് ഒരു കാര്യമാണ്.. ഏത് തെണ്ടിയാവും ഇത് വീട്ടിൽ പറഞ്ഞത്.. ബസ്സിൽ കൂടെയുള്ള കുറേ മുഖങ്ങൾ മനസ്സിലൂടെ റിവൈൻഡ് ചെയ്ത് നോക്കി... പെട്ടെന്നൊരു വൃത്തികെട്ട മുഖം പോസ് ആയി നിന്നു.. പടച്ചോനെ ... നൂലൻ ജബ്ബാർ.. ഓന്റ ഇളിഞ്ഞ മുഖത്തെ ഓഞ്ഞ ചിരി കണ്ടപ്പോഴേ മനസ്സിലാക്കണമായിരുന്നു.. കള്ള ഹിമാറെ നിന്നെ പിന്നെ കണ്ടോളാം......
- യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക