നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറിച്ചുമാറ്റപ്പെടുമ്പോള്‍



ഒരിലക്കീറില്‍ ഒരുനുള്ളുപ്പ്
രണ്ടു കീറ്കുടംപുളി
ഒരുതൊടം വെളിച്ചെണ്ണ
നാഴിമോര്,
ഒരു സ്പൂണ്‍പഞ്ചസാര.,
ലേശം തെയിലപ്പൊടി .,
വല്ലപ്പോഴും ഇടങ്ങഴി അരി,
വേലിപ്പത്തലുകള്‍അതിരിട്ട
സ്നേഹരാജ്യത്തിലെ
നന്മയുടെകള്ളക്കടത്തുകള്‍,
വിരുന്നുകാരുടെ
അപ്രതീക്ഷിതാക്രമണത്തില്‍
പതറിപ്പോകാതെ
വള്ളിനിക്കറിട്ടദൂതനെ
അടുക്കളവാതില്‍വഴിവിട്ട്
കടത്തിക്കൊണ്ടുവരുന്ന
പാലും പലഹാരങ്ങളും.,
സമത്വത്തുരുത്തിലെ
സത്യമുള്ള കടംപറച്ചിലുകള്‍.
നായരുടെ മോടെ കല്യാണം.,
മമ്മദ്ക്കാന്‍റെ മോന്‍റെ സുന്നത്ത്,
ചാക്കോ മാപ്ലേടെ വീടുവെഞ്ചരിപ്പ്,
പന്തലെന്തായാലും നാണുക്കൊറവനിടും,
ചമയല് ചന്ദ്രന്‍പിള്ളച്ചേട്ടന്‍വക.,
സഹായത്തിനു വടക്കേലെ ശാന്ത .,
വിറകു കീറാന്‍ ഉമ്മറിക്ക.,
വിളമ്പാന്‍ വലുപ്പം മറന്ന്എല്ലാരും.,
സാഹോദര്യഭൂഖണ്ഡത്തിലെ
കര്‍മ്മബന്ധത്തിന്‍റെ കയ്യൊപ്പുകള്‍.
പുതുയുഗത്തിലേക്ക്
പറിച്ചു നടപ്പെടുമ്പോള്‍
ചുറ്റതിരുകളില്‍
തടവറതോല്ക്കുന്ന മതിലുകള്‍.,
മേലേ മതവിഷത്തിന്‍റെ മുള്ളുകള്‍.,
അന്യോന്യമറിയാത്ത അയല് വക്കങ്ങള്‍.,
അവനവനിലേക്ക്‌ ചുരുങ്ങുന്ന
ഞാനും നീയും നമ്മളും.,
ചെറിയ തുരുത്തുകളില്‍
ഒറ്റപ്പെട്ടുപോകുന്നവര്‍.,
കൈമാറാനൊരു പുഞ്ചിരിപോലും
ചുണ്ടില്‍ ബാക്കിയില്ലാത്തവര്‍.,
നന്മവറ്റി,അലിവുണങ്ങി
സ്നേഹമറിയാതെ
ജീവിച്ചു തീര്‍ക്കുന്നവര്‍.,
വെറുപ്പിന്‍റെ രാജ്യത്തെ
കെട്ടകാലത്തില്‍ പെട്ടപ്രജകള്‍
--------------അനഘ രാജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot