നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മകളുടെ വിവാഹം


Image may contain: Haneef Labbakka Pakyara, eyeglasses, beard and closeup
മകളുടെ വിവാഹം ക്ഷണിക്കാനായ് കൂടുതൽ സ്ഥലങ്ങളിലേക്കും സ്വയം പോകാൻ തീരുമാനിച്ചു.
പല വീടുകളും അറിയാത്തതിനാൽ കൂടെ ആരെയെങ്കിലും കൂട്ടിയായിരുന്നു യാത്ര.
കുറച്ച് ഉൾ ഭാഗത്ത് ഒരു വീട്ടിൽ ക്ഷണം
കഴിഞ്ഞ് തിരിച്ചു വരുന്ന സമയം
കൂടെ അടുത്ത ബന്ധുവും ഉണ്ട്
ഡ്രൈവ് ചെയ്യുന്നത് അദ്ധേഹമാണ്.
വിതി കുറഞ്ഞ റോഡ്.
ഏറെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടയിൽ കണ്ടു,
മേലെ പതുക്കെ നടന്നു കയറുന്ന ഒരാളെ.
തലയിൽ ഒരു പെട്ടിയും,കൈയിൽ മറ്റൊരു സഞ്ചിയുമുണ്ട്.
കാറ് മേലെ എത്തിയപ്പോഴേക്കും അദ്ധേഹവും
കയറ്റം കയറിക്കഴിഞ്ഞിരുന്നു.
കാറ് സൈഡിലാക്കി നിർത്തി.
വേഗം ഇറങ്ങി സലാം പറഞ്ഞു,
അദ്ദേഹം നടത്തം നിർത്തി തിരിഞ്ഞു നോക്കി,
പുഞ്ചിരിച്ച് കൊണ്ട്
മറുപടി സലാം പറഞ്ഞു
നര ബാധിച്ച താടിയും മുടിയും,
പ്രായമേറെയുള്ളതായ് തോന്നി
തലയിൽ തൊപ്പിയുണ്ട്,
മുഷിഞ്ഞതല്ല എങ്കിലും പഴയ ഇളം നീല
ഷർട്ടും വെള്ള തുണിയും വേഷം,
ചെരുപ്പിനുമുണ്ട് ഇത്തിരി പഴക്കം.
“എന്താണിതിൽ?”
“ഖുർആൻ ഷരീഫ്, കിത്താബുകൾ,
അത്തർ, തസ്ബീഹ്(ജപമാല)
എന്നിവയൊക്കെയാ”
“വീടുകൾ തോറും കൊണ്ട് പോയി
വിൽക്കുന്നതാ”
പറയുന്നതിനിടയിൽ വലത് കൈയിലുണ്ടായിരുന്ന
സഞ്ചി ഇടതു കൈയിലേക്ക് മാറ്റി
അദ്ധേഹം കൈ നീട്ടി ഹസ്തദാനം ചെയ്തു.
“ എന്തെങ്കിലും വേണോ”?
“ പെട്ടി താഴെ വെക്കണോ?”
മനസ്സ് പറഞ്ഞു,
ആവശ്യമൊന്നുമില്ലെങ്കിലും
എന്തെങ്കിലും വാങ്ങിക്കാം,
ഒരു സഹായമാകുമല്ലൊ,
ഉറപ്പാണ് കഷ്ടപ്പാട് കൊണ്ടായിരിക്കാം,
ഇല്ലെങ്കിൽ ഈ പ്രായത്തിൽ ഇതിന് ഇറങ്ങിത്തിരിക്കില്ല.
“ശരി,അത്തറ് നോക്കാമായിരുന്നു”
പെട്ടി താഴെ വെച്ചു
അത്തർ കൈയിലുണ്ടായിരുന്ന സഞ്ചിയിലായിരുന്നു.
രണ്ട് അത്തർ കുപ്പികൾ വാങ്ങിച്ചു
കാശും കൊടുത്തു.
“മക്കൾ ആരുമില്ലേ?”...
“അൽ ഹംദുലില്ലാഹ്, ഉണ്ട് അഞ്ചു പേർ”
“അവരെന്ത് ചെയ്യുന്നു!?”
“ രണ്ടു പേർ വീട്ടിലുണ്ട്”
“ മൂന്നു പേർ പഠിക്കുന്നു”
“മക്കൾക്ക് ജോലി?!”
“ഇല്ല”
“അഞ്ച് പെണ്മക്കളെ തന്നാ അല്ലാഹു
അനുഗ്രഹിച്ചത്”
അത് പറയുമ്പോഴുള്ള
ആ മുഖത്തെ സന്തോഷവും
പുഞ്ചിരിയും പ്രത്യേകം ശ്രദ്ധിച്ചു.
“കല്ല്യാണം ഒന്നും?”
“നല്ല ബന്ധം ഒത്ത് വന്നാൽ കഴിപ്പിച്ചയക്കണം”
“മക്കളുടെ ആദ്യ നിബന്ധന,
എന്തെങ്കിലും ചോദിച്ചു വരുന്ന ഒരുത്തനേയും,
ഈ വീട്ട് വാതിൽകൽ അടുപ്പിച്ചേക്കരുത്
എന്നാണ്”
“എനിക്കും ഉറപ്പുണ്ട്,
എന്റെ മക്കളെ ഇഷ്ടപ്പെട്ട്
കെട്ടിക്കൊണ്ട് പോകാൻ ആരെങ്കിലും
വരാതിരിക്കില്ല”
“അതിനായ് ഞാൻ ആരുടെ മുമ്പിലും
കൈ നീട്ടാൻ പോകില്ല”
“എന്നിട്ട് ,എന്റെ മക്കളെ ഞങ്ങൾക്ക് ഒരു ഭാരമായ് തോന്നിപ്പിക്കില്ല ഒരിക്കലും”
സംസാരത്തിനിടയിൽ ശ്രദ്ധിച്ചില്ല
നല്ല വെയിലായിരുന്നു
രണ്ടു പേരും വിയർത്തു.
“എന്റെ മകളുടെ കല്ല്യാണമാ ഈ ഇരുപത്തിഒമ്പതിന്”
വീട്ടിലേക്കുള്ള വഴി പറഞ്ഞു.
കീശയിൽ നിന്നും ഒരു തുകയെടുത്ത്
നീട്ടി
“വേണ്ടാന്ന് പറയരുത്
ഒരു നല്ല കൂട്ടുകാരൻ,
അല്ലെങ്കിൽ ഒരു അനുജൻ
അത്ര കരുതിയാ മതി
ഇത് വെച്ചോളു”
“വേണ്ട ഞാൻ അങ്ങിനെ ആരോടും വാങ്ങിക്കാറില്ല..”
“എനിക്കാവശ്യമുള്ളത് ഇതിൽ നിന്ന് എന്തെങ്കിലും വിറ്റാ കിട്ടും”
“ശരി, ഇതിനു പകരം
അതിൽ നിന്ന് ഒരു കിതാബ് തന്നേക്കൂ”
കിത്താബ് നൽകി തുക സ്വീകരിച്ചു
“വിവാഹത്തിന് വരുമ്പോൾ,
ബസ്സിറങ്ങി ഒരു ഓട്ടോക്കാരന് ഈ കത്ത് കാണിച്ചാൽ അവർ വീട്ടിൽ കൊണ്ട് വരും.”
“ഇല്ലെങ്കിൽ, ഈ നമ്പറിൽ വിളിച്ചോളു”
എന്റെ നമ്പർ നൽകി
“കിട്ടിയില്ലെങ്കിൽ ഇതിൽ വിളിച്ചോളു”
കൂടെയുണ്ടായിരുന്ന ബന്ധുവിന്റെ നമ്പറും നൽകി.
കാറിൽ കയറുന്നോ,
എവിടെയെങ്കിലും ഇറക്കണോന്ന്
ചോദിക്കാൻ വിചാരിച്ചു,
പിന്നെ വേണ്ടാന്ന് കരുതി,
ഏതെങ്കിലും വീടുകളിൽ പോയി,
എന്തെങ്കിലും വിൽകാൻ സാധിച്ചാൽ അതല്ലെ നല്ലത് എന്ന് കരുതി.
യാത്ര പറഞ്ഞ് കാറിൽ കയറുന്നതിനിടയിൽ
ശ്രദ്ധിച്ചു, പെട്ടിയിൽ ഒരു പ്ലാസ്റ്റിക് കവറിനകത്ത്
സൂക്ഷിച്ചു വെയ്ക്കുന്നുണ്ടായിരുന്നു കല്ല്യാണക്കത്ത്.
നികാഹിന് കാലത്ത് പതിനൊന്ന് മണിക്ക് വരന്റെ വീട്ടിലേക്ക് എത്താനായിരുന്നു തീരുമാനം,
അടുത്തുള്ള പള്ളിയിൽ നിന്നും
നികാഹ് കഴിഞ്ഞു.
വരന്റെ വീട്ടിലെ പാർട്ടിയൊക്കൊ കഴിഞ്ഞ്
വീട്ടിൽ തിരിച്ചെത്തി
ഒരു വിധം നല്ല ആളുണ്ടായിരുന്നു
വീട്ടിൽ,
പലരോടും സംസാരിച്ചും,
വീടിനകത്തും, പന്തലിലുമൊക്കെ
നടക്കുന്നതിനിടയിൽ കണ്ടു,
ഇളം നീല കുപ്പായമിട്ട താടിക്കാരനെ.
വേഗം അടുത്ത് ചെന്നു,
എഴുന്നേൽക്കാൻ ശ്രമിച്ച അദ്ധേഹത്തെ പിടിച്ചിരുത്തി,
അവിടെത്തന്നെയുള്ള കസേരയിൽ ഇരുന്നു.
“നികാഹിന് പോകുന്നതിന്ന് മുമ്പ് എത്താൻ പറ്റിയില്ല”
“അത് സാരമില്ല,”
“എന്തെങ്കിലും കഴിച്ചോ”?
“ഇല്ല അത് പിന്നീടാകാം..”
“വരൂ അകത്തിരിക്കാം”.
“വേണ്ട, എല്ലാവരും ഇവിടെ പുറത്തിരിക്കുമ്പോൾ”
“എല്ലാരെയും പോലെയാണ് നിങ്ങളെന്ന് കരുതിയോ?!”
“എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും വേണ്ടപ്പെട്ട അതിഥിയാണ് നിങ്ങൾ”
അകത്തേക്ക് കൊണ്ട് പോയി,
സോഫയിൽ ഇരുത്തി,
കുടിക്കാൻ കൊണ്ട് വന്ന് കൊടുത്തു.
അടുത്ത ബന്ധുക്കളിൽ ഒന്ന് രണ്ട് പേരെ പരിചയപ്പെടുത്തി.
എല്ലാവരും പുറത്ത് പന്തലിലാണ് ഭക്ഷണം കഴിച്ചിരുന്നത്
അടുത്ത ഒരു ബന്ധുവിനെ വിളിച്ച്
ഇദ്ധേഹത്തിനൊപ്പം അകത്ത് ഇരുത്തി ഭക്ഷണം
വിളമ്പി നൽകി,
കഴിച്ചു കഴിയുന്നത് വരെ അടുത്ത് നിന്ന്
എല്ലാം വിളമ്പി നൽകി.
അദ്ധേഹം കൈ കഴുകാൻ പോയപ്പോഴാണ്
ഓർത്തത്.. വേഗം അടുത്ത് ചെന്നു പറഞ്ഞു,
“യാ അല്ലാഹ് ഞാൻ വല്ലാത്ത ഒരു മറവിയാ മറന്നത്..”
“അന്ന് കുടുംബത്തെക്കൂടി കല്ല്യാണത്തിന് കൂടെ കൂട്ടണമെന്ന് പറയാൻ മറന്നു,
ക്ഷമിക്കണം എന്നോട്”
“അത് സാരമില്ല,
അവരങ്ങിനെ എവിടെയും പോകാറില്ല”
അദ്ധേഹം യാത്ര പറഞ്ഞിറങ്ങാൻ നേരം,
“അപേക്ഷയാണ്, ദയവ് ചെയ്ത്
വേണ്ട എന്ന് പറയരുത്”
“കുറച്ച് ഭക്ഷണം ഞാൻ പേക്ക് ചെയ്ത് വെച്ചിട്ടുണ്ട്
അത് എടുക്കണം,”
ആദ്യം നിരസിച്ചുവെങ്കിലും പിന്നീട് വാങ്ങി.
ബസ് സ്റ്റാൻഡ് വരെ കൊണ്ട് വിടാൻ
പറഞ്ഞു ബന്ധുവിനോട്.
കാറിനടുത്തേക്ക് നടക്കാൻ തുടങ്ങുന്നതിനിടിയിൽ
പോകറ്റിൽ കൈ ഇട്ട്
എന്തോ എടുത്തു
അദ്ധേഹം പറഞ്ഞു,
“ഇത് നിങ്ങളും വേണ്ടാന്ന് പറയരുത്
ഇത് മോൾക്ക് എന്റെ ചെറിയ ഒരു സമ്മാനം”
ചെറിയ ഒരു കുപ്പി അത്തർ..!!
രണ്ട് കൈകളും നീട്ടി വാങ്ങിച്ചു
കണ്ണുകൾ നിറഞ്ഞു പറഞ്ഞു,
“എന്റെ മോൾക്ക് കിട്ടാവുന്നതിൽ വെച്ച്
ഏറ്റവും വലിയ സമ്മാനമാ ഇത്..”
“പ്രാർത്ഥനകളിൽ കൂടി ഉൾപ്പെടുത്തിയാ മതി”
“തീർച്ചയായും”
അത് പറഞ്ഞ് അദ്ധേഹം യാത്രയായ്
വീട്ടിനകത്തേക്ക് വന്ന്
മകളെ വിളിച്ചു,
പറഞ്ഞു,
“ആരാ എവിടെന്നാ എന്നൊന്നും
ചോദിക്കരുത്”
“നിനക്ക് സമ്മാനമായ് ഒരു അത്തർ
തന്നിട്ടുണ്ട് ഒരാൾ,
ഇതാ സൂക്ഷിച്ച് വെച്ചോളൂ”
“എന്നാലും ഉപ്പാ..?”
”ആരാ ഇത് കൊണ്ട് വന്നത്?!”
“നിങ്ങൾക്ക് ആർക്കും അറിയാത്ത
എന്റെ ചങ്ങാതി കൊണ്ട് തന്നതാ”
“നീ വിചാരിച്ചാ മതി,
അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന്”
അത് പറഞ്ഞ് അവളുടെ നെറ്റിയിൽ
ചുംബിച്ചപ്പോൾ അവൾ നിറഞ്ഞ കണ്ണുകളോടെ
ഒരു പുഞ്ചിരി പകരം സമ്മാനിച്ചു.
Haneef Labbakka Pakyara

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot