Slider

നിനക്കെന്നോട് എന്തോരം ഇഷ്‌ടമുണ്ട്

0
Image may contain: 1 person, closeup and indoor

നീണ്ടുമെലിഞ്ഞ സുന്ദരമായ അവളുടെ കൈ വിരലുകളിൽ സ്വന്തം വിരൽ കോർത്തുകൊണ്ടു തൊമ്മിച്ചൻ അവളുടെ വിടർന്ന മിഴിയിലേയ്ക്ക് പ്രേമപൂർവ്വം നോക്കി.
അവളുടെ വിടർന്ന മിഴികൾ ഒന്ന് വട്ടം കറങ്ങി തൊമ്മിച്ചന്റെ കണ്ണിൽ തറഞ്ഞു നിന്നു.
ഇമ ചലിപ്പിക്കാതെ കണ്ണിൽകണ്ണിൽ നോക്കി വെള്ളം നിറച്ചു..
"പറയൂ.. റോസമ്മേ.. എന്നോട് എന്തോരം ഇഷ്‌ടമുണ്ട്.. "?
റോസമ്മ തന്റെ ചുരുണ്ട തലമുടി താലോലിച്ചുകൊണ്ട് തൊമ്മിച്ചന്റെ നെഞ്ചിലേയ്ക്കൊരു ചായൽ. അപ്പോൾ തൊമ്മിച്ചന്റെ നെഞ്ചിലെ രോമങ്ങൾ എഴുനേറ്റു നിന്നു. റോസമ്മ ആ നെഞ്ചിൽ പറ്റിച്ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.
" എനിക്ക് തൊമ്മിച്ചായനെ എന്റെ പ്രാണനോളം ഇഷ്‌ടമാണ്‌..., ആകാശത്തോളം ഇഷ്‌ടമാണ്‌....! ഭൂമിയോളം ഇഷ്‌ടമാണ്‌.. ! "
നാണത്താൽ അവൾ തൊമ്മിച്ചന്റെ നെഞ്ചിൽ വൃത്തം വരച്ചു.
തൊമ്മിച്ചനപ്പോൾ വികാരപരവശനായി റോസമ്മയെ ഉറുമ്പടക്കം കെട്ടി പുണർന്നു. ഇവൾക്കെന്നോട് ഇത്രയും സ്നേഹമോ.. ? അതും കാഴ്ചയിൽ അത്ര സുന്ദരനല്ലാത്ത തന്നെ.. എത്രനാൾ പുറകേ നടന്നുകിട്ടിയ നിധിയാണിവൾ. ഇവൾക്ക് ഞാനിപ്പോൾ എന്ത് കൊടുക്കും.. !
"എന്റെ റോസമ്മേ .. നിനക്ക് ഞാനിപ്പോൾ എന്താ തരേണ്ടത്.. എന്തുവേണേലും പറഞ്ഞോ... എന്തുവിലയുള്ളതാണെങ്കിലും മേടിച്ചുതരാം. അതോ എന്റെ ജീവൻ വേണോ.. അതുപോലും നിനക്ക് തരുവാൻ സന്തോഷമാണ്. എന്റെ ജീവൻതന്നെ നീയാണ് റോസമ്മേ.. "
തൊമ്മിച്ചൻ സ്നേഹാന്ധനായി.. !
വെളുത്ത് സുന്ദരിയായ റോസമ്മയെ ജീവിത സഖിയാക്കുവാൻ എത്രയോ പേർ വെള്ളം വിഴുങ്ങി നടക്കുന്നു. അപ്പോഴാ തനിക്ക് ഈ ഭാഗ്യം ലഭിച്ചത്‌. വേണ്ടുവോളം സമ്പത്ത് ഉണ്ടന്നതൊഴിച്ചാൽ തനിക്ക് എന്താണ് യോഗ്യത. കറുത്തിരുണ്ട ഒരു രൂപം. പക്ഷേ കട്ടി മീശയുണ്ട്. തൊമ്മിച്ചൻ സ്വന്തം മീശയൊന്നു പിരിച്ചു.
പിരിച്ച മീശയിൽ റോസമ്മയൊന്നു തലോടി. തൊമ്മിച്ചായന്റെ ഈ മീശയാണ് എനിക്കേറെ ഇഷ്‌ടം... !
അവൾ വെളുക്കെ ചിരിച്ചു. അവളുടെ മനസ്സ് മുഴുവൻ തൊമ്മിച്ചന്റെ കണക്കറ്റ സ്വത്തായിരുന്നു. ദരിദ്ര ആണെങ്കിലും ദൈവം സൗന്ദര്യം വാരിക്കോരി തന്നത് നന്നായി...!
അങ്ങനെ അവരുടെ പ്രേമത്തിന്റെ ഒന്നാം വാർഷികദിനത്തിൽ തൊമ്മിച്ചൻ റോസമ്മയുടെ കഴുത്തിൽ മിന്ന് ചാർത്തി.. !
ഇന്നവൾ റോസമ്മകൊച്ചമ്മയാണ്.. പണവും , പ്രൗഢിയും അവളെ അന്ധയാക്കി.ഒരു മകൻ ഉണ്ട്. അവൻ മുന്തിയ സ്കൂളിൽ പഠിക്കുന്നു.
പാവം തൊമ്മിച്ചൻ പഴയതിലും പാവമായി. റോസമ്മയാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. തൊമ്മിച്ചന്റെ സ്നേഹം അവൾ അവഗണിച്ചു. അവളെ ഒന്നുമ്മ വയ്ക്കാൻ തൊമ്മിച്ചൻ കൊതിച്ചു. അതിന് റോസമ്മ പറയുന്നത്..
"നിങ്ങടെ ഈ മീശ കുത്തിക്കൊള്ളുന്നു.. എന്ന്... !"
ഒരുകാലത്ത് ഈ മീശയാണ് അവൾക്കേറെ ഇഷ്‌ടം എന്നുപറഞ്ഞിരുന്നു. ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനാണോ ആവോ.. ?അവസരത്തിനൊത്തുള്ള വർത്താനം ഇവർക്കെങ്ങനെ സാധിക്കുന്നു.. ? കാണാൻ നല്ലത് തിന്നാൻ കൊള്ളില്ലന്ന് പറയുന്നത് ഇവളെ ഉദ്ദേശിച്ചാണോ.. ?? ഇവൾക്കാണേൽ പണം പണം എന്ന ആർത്തിയും. അങ്ങനെ സംശയത്തിന്റെ കുമ്പാരങ്ങൾ തൊമ്മിച്ചനെ തേടിവന്നു... !
റോസമ്മയാണേൽ ദിനംപ്രതി ചുമന്ന് തുടുത്ത് റോസാപ്പൂ പോലായി. തൊമ്മിച്ചന്റെ പണത്തിന്റെ വിലയാണ് റോസമ്മ.. അവൾ സ്നേഹിച്ചതും തൊമ്മിച്ചന്റെ പണത്തെയാരുന്നല്ലോ.
പാവം തൊമ്മിച്ചൻ 'ആലിൻ കായ പഴുത്തപ്പോൾ കാക്കയ്ക്ക് പറ്റിയപോലെ ' യായി തൊമ്മിച്ചന്റെ അവസ്ഥയും.
തൊട്ടരികിൽ തൊടാതെ കിടന്നുറങ്ങുന്ന റോസമ്മയെ നോക്കി തൊമ്മിച്ചൻ നെടുവീർപ്പിട്ടു.. !
സ്വപ്നത്തിൽ തൊമ്മച്ചൻ വീണ്ടും കേട്ടു ആ പഴയശബ്‌ദം.. !!
"റോസമ്മോ.. നിനക്കെന്നോട് എന്തോരം ഇഷ്‌ടമുണ്ട്... "
"എനിക്ക് തൊമ്മിച്ചായനെ. എന്റെ പ്രാണനോളം ഇഷ്‌ടമാണ്‌. ആകാശത്തോളം ഇഷ്‌ടമാണ്‌.. ഭൂമിയോളം ഇഷ്‌ടമാണ്‌... "
അതെ ശരിയാണ്.. !
സ്വപ്നം സ്വപ്നമായിരിക്കുമ്പോൾ മാത്രമേ ഭംഗിയുള്ളൂ.. !!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo