നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Murder @ The Mall - Part 2

Image may contain: 2 people, people smiling, text

സമയം 3.30 pm
സിറ്റി മാൾ.
ഹൈവേയിൽ നിന്നും കുറച്ച് മാറിയാണ് സിറ്റിമാൾ സ്ഥിതി ചെയ്യുന്നത്. ബ്രാൻഡഡ് ഐറ്റംസ് വിൽക്കുന്ന കടകളും ഫുഡ്‌ കോർട്ടും മൾട്ടിപ്ലെക്സ് തിയേറ്റർ സമുച്ചയങ്ങളുമടങ്ങിയ കൂറ്റൻ കെട്ടിടം.
നഗരം ഉച്ചമയക്കത്തിന്റെ ആലസ്യത്തിലാണെന്നു തോന്നി.
മുൻപിൽ നാലു നിലകളിൽ ഉയർന്നുനിൽക്കുന്ന സിറ്റി മാൾ ബിൽഡിംഗ്‌.
അസുഖകരമായ ഒരു മൗനം ഒരു ദുർലക്ഷണം പോലെ അതിനെ ചൂഴ്ന്നു നിൽക്കുന്നുണ്ടോ..?
മാളിന്റെ മുൻപിൽ തന്റെ വെളുത്ത സ്വിഫ്റ്റ് പാർക്ക്‌ ചെയ്ത് എഡ്വേർഡ് പുറത്തിറങ്ങി.
ഉറച്ച കാൽവെപ്പുകളോടെ അയാൾ മുന്നോട്ട് നടന്ന് മാളിന്റെ എൻട്രൻസ് കടന്ന് അകത്തേക്ക് വന്നു.
വെള്ള കോട്ടൺ ഷർട്ടും നീല ജീൻസും ആയിരുന്നു അയാളുടെ വേഷം. കൈ തെറുത്തു മുകളിലേക്കു കയറ്റി വെച്ചിരിക്കുന്നു. നെറ്റിക്ക് രണ്ട് ഭാഗത്തുമുള്ള മുടിയിൽ അങ്ങിങ്ങുള്ള വെള്ളിനരകൾ അയാളുടെ മുഖത്തിന്‌ കൂടുതൽ പ്രൗഢി നൽകുന്നുണ്ട്.
അകത്തെ എ സി യുടെ ശീതളിമയിലേക്ക് കയറിവന്നയുടനെ എതിർഭാഗത്തെ ബേബി ഷോപ്പിനു മുന്നിൽ നിന്നിരുന്ന കുറിയ മനുഷ്യൻ സല്യൂട്ടടിച്ചു അരികിൽ വന്നു. കൊച്ചിൻ ഹനീഫയുടെ രൂപഭാവങ്ങളായിരുന്നു അയാൾക്ക്‌.
... എടോ തരകൻ .. തന്നോട് പറഞ്ഞത് മറന്നോ..? നമ്മൾ പോലീസാണെന്നത് ഇവിടെ ആരും അറിയാൻ പാടില്ല .
..സോറി സർ...
തരകൻ ഭവ്യതയോടെ തല ചൊറിഞ്ഞു നിന്നു. തണുപ്പിലും അയാളുടെ തടിച്ച ശരീരം വിയർത്തിരുന്നു.
..ഐ റിപീറ്റ്... ഒരു കാരണവശാലും പബ്ലിക് അറിയാൻ പാടില്ല .
ദാറ്റ് ദി മാൾ ഈസ്‌ അണ്ടർ സർവലയൻസ്...
അത് കൊണ്ടാണ് നമ്മളൊക്കെ ഇവിടെ യൂണിഫോമില്ലാതെ...
മനസ്സിലായോ..?
എഡ്വേർഡിന്റെ വാക്കുകളിൽ അയാൾ അനുഭവിക്കുന്ന അസ്വസ്ഥത നിഴലിച്ചിട്ടുണ്ടായിരുന്നു .
അയാളുടെ മനസ്സ് ശാന്തമല്ല എന്ന് ഹെഡ് കോൺസ്റ്റബിൾ താരകന് തോന്നി.
..യെസ് സർ...
ഉം.. പറ.. എന്താണ് ഇതുവരെയുള്ള അപ്ഡേറ്റ്സ് ..?
സർ...
മാളിന്റെ നാലു നിലകളിലും അര മണിക്കൂറായി നമ്മുടെ ആൾക്കാരുണ്ട്.
കൂടാതെ എൻട്രൻസിൽ ഞാൻ , ബേസ്‌മെന്റ് പാർക്കിങ്ങിൽ സുഗതൻ ബാക്കിലെ എമർജൻസി എക്സിറ്റിൽ ബഷീർ .
പിന്നെ എന്തെങ്കിലും എമർജൻസി സിറ്റുവേഷൻ ഉണ്ടായാൽ മെയിൻ എൻട്രൻസ് കുറച്ച് നേരത്തേക്ക് അടച്ചിടാൻ മാനേജർക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്...
..ഓക്കെ..
കഴിഞ്ഞ മൂന്ന് കൊലപാതകങ്ങളിലും കൊലയാളി പ്രത്യേക ടാർഗെറ്റിനെ മാത്രമേ ലക്ഷ്യം വെച്ചിട്ടുള്ളു.
അതുകൊണ്ട് പബ്ലിക്കിനെ ഉപദ്രവിക്കില്ല എന്ന് കരുതാം.
അയാൾ കൈ ഒന്നുകൂടി തെറുത്തുകയറ്റി.
...ഞാൻ സി സി ടി വി കൺട്രോൾ റൂമിലേക്ക്‌ പോകുകയാണ്.
അപ്ഡേറ്റ്സ് തത്സമയം എന്നെ അറിയിക്കണം.
പ്രത്യേകം ശ്രദ്ധിക്കുക. സംശയം തോന്നുന്നവരുടെ ഡിസ്ക്രിപ്ഷൻ അപ്പപ്പോൾ മറ്റുള്ളവർക്ക് മൈക്രോഫോണിലൂടെ പാസ്സ് ചെയ്യണം.. . ഓകെ?
..ഓ ക്കെ സർ...
എഡ്വേർഡ് ലിഫ്റ്റിന് നേർക്ക് ധൃതിയിൽ നടന്നു.തിരക്ക് പിടിച്ച നിമിഷങ്ങളാണ് മുൻപിൽ. ഒരു ചെറിയ പിഴവ് മതി. കാര്യങ്ങളൊക്കെ കൈവിട്ടു പോകാൻ.
പക്ഷേ ഈ കൃത്യത്തിലേക്കു കൊലയാളി പോലീസിനൊരു റോൾ കൊടുത്തത് എന്തിനാണെന്നത് അയാളുടെ മുൻപിൽ ഇപ്പോളും വലിയൊരു ചോദ്യചിഹ്നമായി നിൽക്കുന്നു.
----------------------------------
4.00 pm.
ജയദേവൻ മാളിന്റെ മുന്നിൽ ടാക്സി ഇറങ്ങി
അയാൾ വിയർത്തൊഴുകുന്നുണ്ടായിരുന്നു
കഴിഞ്ഞ ഒരാഴ്ചത്തെ സംഭവപരമ്പരകൾ അയാളെ തളർത്തിയിരുന്നു.
തനിക്ക് വന്ന കാൾ പ്രകാരം ഇന്നാണ് ആ കൂടിക്കാഴ്ച.
കഴിഞ്ഞ മൂന്നുദിവസങ്ങളിൽ തനിക്ക് വന്ന അജ്ഞാത ഫോൺകാളുകൾ.
ആദ്യത്തേത് അനിത..
എത്രയും പെട്ടെന്ന് സിറ്റിയിലെ അവളുടെ വീട്ടിലെത്താൻ പറഞ്ഞു കൊണ്ടായിരുന്നു സന്ദേശം.
രോഷ്നികേസിന്റെ തെളിവുകൾ കൈമാറാനാണെന്നായിരുന്നു പറഞ്ഞത്.
ഭീതി കലർന്ന ശബ്ദം..
റൂമിൽ എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന അനിതയെയാണ്.
പിന്നെ അത് രണ്ട് പ്രാവശ്യം ആവർത്തിച്ചു.
രണ്ടിലും തന്നെ എതിരേറ്റത് ശവശരീരങ്ങൾ..
തന്നെ ആരാണ് വേട്ടയാടുന്നത്...?
നഗരത്തെ നടുക്കിയ മൂന്ന് കൊലപാതകങ്ങളിലേക്കു തന്നെ ക്ഷണിച്ചു കൊണ്ടുപോകുന്നതാരാണ്...?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ ഭാരവും തലയിലേറ്റി ജയദേവൻ സിറ്റി മാളിലെ തണുപ്പിലേക്ക് നടന്നുകയറി.
അയാളുടെ ഫോണിൽ ഒരു മെസ്സേജ് വന്നുവീണു. ആ നമ്പർ അയാൾക്ക്‌ പരിചിതമായി തോന്നി.
...ഈ നമ്പറിൽ നിന്നല്ലേ ബുധനാഴ്ച രാത്രി കാൾ വന്നത് ..?
സൈതലവി എന്നയാളായിരുന്നില്ലേ അത്..? തന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സമയമുണ്ടായിരുന്നില്ല അയാൾക്ക്‌.
...ഫുഡ്‌ കോർട്ടിലെ മക്‌ഡൊണാൾഡ് ഷോപ്പിനു മുന്നിലെ ഇടതുഭാഗത്തുള്ള കസേരയിലെ ബ്ലാക്ക് പാക്കറ്റ് എടുക്കുക..
ഇതായിരുന്നു മെസ്സേജ്..
തിടുക്കത്തിൽ നാലാം നിലയിലെ ഫുഡ്‌ കോർട്ടിലേക്ക് ലിഫ്റ്റിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആരോ എഴുതിയ തിരക്കഥയിലെ കഥാപാത്രമാണ് താനെന്ന് അയാൾക്ക്‌ തോന്നി.
ഫുഡ്‌കോർട്ടിന് മുൻവശത്ത് ജനങ്ങൾ തിങ്ങി നിറയാൻ തുടങ്ങിയിരുന്നു . ശബ്ദമുഖരിതമായിരുന്നു അവിടം.
ഒരു മൂലയ്ക്ക് ഒഴിഞ്ഞു കിടന്നിരുന്ന സീറ്റിൽ ഒരു കറുത്ത കവർ ഉണ്ടായിരുന്നു.
ഉദ്വേഗത്തോടെ അത് ചെന്നെടുത്ത് തുറന്നു നോക്കുമ്പോൾ അയാളെ വീക്ഷിച്ചു കൊണ്ട് ഒരാൾ കുറച്ചകലെയുള്ള ഫാഷൻ ഷോപ്പിനു മുൻപിൽ നിൽക്കുന്നുണ്ടായിരുന്നു .
ഒരു അനീമിയരോഗിയെപ്പോലെ വിളറിയിരുന്നു അയാൾ.. !
ആ കവറിൽ ഒരു താക്കോലുണ്ടായിരുന്നു.
ജയദേവന്റെ അന്തിമവിധിയിലേക്കുള്ള താക്കോൽ... !
----------------------------------
അതേ സമയം..
സിറ്റിമാളിലെ ഒന്നാം നിലയിലെ സി സി ടി വി കൺട്രോൾ റൂം.
എഡ്വേർഡ് മോണിറ്ററിലെ വിഷ്വൽസിലേക്കു നോക്കി.
നഗരത്തിലെ തിരക്ക് മാളിലേക്ക് ഒഴുകിത്തുടങ്ങിയിരിക്കുന്നു.
കുടുംബങ്ങളും കുട്ടികളും കൂടെ കൗമാരപ്രായക്കാർ , പ്രായമുള്ളവർ അങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ.
..ഇതിൽ കുറ്റവാസന ഉള്ള എത്ര പേർ ഉണ്ടാകും..?
അതിൽ തന്നെ പോലിസ് തേടിക്കൊണ്ടിരിക്കുന്ന കൊലയാളി ആർ..?
പെട്ടെന്ന് അയാളുടെ കണ്ണുകൾ മോണിറ്ററിലെ ഒരു വിഷ്വലിൽ പതിഞ്ഞു.
ഫാഷൻ ഷോപ്പിനു മുന്നിലെ കാമിൽ നിന്നുള്ള വിഷ്വൽ ആയിരുന്നു അത്.
എഡ്വേർഡ് ഓപ്പറേറ്ററുടെ നേർക്കു തിരിഞ്ഞു.
..സൂം ഇറ്റ്..
മോണിറ്ററിലേക്കു ചൂണ്ടി അയാൾ പറഞ്ഞു. എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ഐ ഡി കാർഡിന്റെ കോപ്പി എടുത്ത് അതിലെ ഫോട്ടോ നോക്കി. പിന്നെ എന്തോ തീരുമാനിച്ചുറപ്പിക്കും പോലെ തല കുലുക്കി.
പോക്കറ്റിൽ റിംഗ് ചെയ്ത ഫോൺ അറ്റൻഡ് ചെയ്യുമ്പോഴും എഡ്വേർഡ് കണ്ണുകൾ മോണിറ്ററിൽ നിന്ന് പിൻവലിച്ചിരുന്നില്ല.
എ എസ്‌ ഐ രാജേന്ദ്രനായിരുന്നു അങ്ങേത്തലക്കൽ.
...സർ...
സെയ്തലവിയുടെ ബോഡിയിൽ നിന്നും കാണാതായ ഫോൺ രണ്ട് പ്രാവശ്യം സിറ്റി റേഞ്ചിൽ ഓണായി സർ...
പക്ഷേ പിന്നെയും ഓഫ്‌ മോഡിലാണ്..
ജയദേവന്റെ ഫോണും അതേ ടവറിന്റെ കീഴിലാണ്..
ഫോൺ കട്ട് ചെയ്ത് എഡ്വേർഡ് റൂമിന് വെളിയിലേക്കു വേഗത്തിൽ ഇറങ്ങി.
പോകുന്നതിനു മുൻപ് അയാൾ അടുത്ത് നിന്നിരുന്ന കോൺസ്റ്റബിളിനോട് ഇത്രയും പറഞ്ഞു.
....താൻ ഇവിടെത്തന്നെ കാണണം
ഇയാൾ എന്തൊക്കെ ചെയ്യുന്നു എന്ന് അപ്പപ്പോൾ അറിയിക്കണം....
അയാൾ മോണിറ്ററിലെ സൂം ചെയ്യപ്പെട്ട ഒരാളിലേക്കു വിരൽ ചൂണ്ടിക്കൊണ്ടാണത് പറഞ്ഞത്..
----------------------------------
4.35 pm..
സിറ്റി മാളിലെ റൂഫ്‌ടോപ്പിലെക്ക് തുറക്കുന്ന വാതിലിനു നേർക്ക് ജോയ്‌ അലക്സ്‌ ലിഫ്റ്റിൽ നിന്നും ഇറങ്ങി നടന്നു .
പതിവിനു വിപരീതമായി അത് തുറന്ന് കിടന്നിരുന്നു.
വെയിലിന്റെ ചൂട് കുറഞ്ഞിട്ടില്ല.
സ്വിമ്മിംഗ് പൂളിന് പടിഞ്ഞാറ് ഭാഗത്തുള്ള ഇരിപ്പിടത്തിൽ അയാൾ ഇരുന്നു.
അതിനോട് ചേർന്നുള്ള വർണ്ണക്കുട ചൂടിനെ ചെറുതായിട്ടെങ്കിലും തടയുന്നുണ്ട്.
അയാളുടെ മുഖം വെയിലിനാൽ ചുവന്നു തുടുത്തിരുന്നു.
ജോയ്‌ അലക്സ്‌ വാച്ചിലേക്ക് നോക്കി.
ഇന്നലെ തന്റെ ഫോണിൽ വന്ന കാൾ..
നാലര മണിക്ക് സിറ്റി മാളിലെ റൂഫ്‌ടോപ്പിൽ സ്വിമ്മിംഗ് പൂളിനരികെ കാത്തിരിക്കുക....
മൂടൽമഞ്ഞിനപ്പുറം നിന്ന് തന്നെ വേട്ടയാടുന്നത് ആരാണ്...?
നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവപരമ്പരകൾ അർത്ഥമാക്കുന്നതെന്താണ്...
ഒരു ചെറിയ ഇലയനക്കത്തിൽ പോലും താൻ വിറകൊള്ളുന്നതെന്തു കൊണ്ടാണ്..?
ബുദ്ധി മരവിച്ചിരിക്കുന്നു. ആസന്നമായ ആപത്ത് ഒരു പ്രേതത്തെപ്പോലെ തന്നെ തുറിച്ചു നോക്കിക്കൊണ്ടേയിരിക്കുമ്പോൾ ബുദ്ധി പ്രവർത്തിക്കുന്നതെങ്ങനെ..
അയാളുടെ കൈ പോക്കറ്റിലെ പിസ്റ്റളിലമർന്നു.
പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് ജോയ്‌ അലക്സ്‌ ഞെട്ടിത്തിരിഞ്ഞു നോക്കി.
അയാളുടെ മുഖത്ത് അവിശ്വസനീയത പരന്നു..
..താൻ....? !
ജോയ്‌ അലക്സിന്റെ ശബ്ദം തൊണ്ടയിൽ തടഞ്ഞു നിന്നു.
ആഗതന്റെ കയ്യിലെ സർജിക്കൽ ബ്ലേഡ് വെയിലിൽ വെട്ടിത്തിളങ്ങി.
ജോയ്‌ അലക്സിന്റെ അടുത്ത് വന്ന് നിന്ന് അയാൾ ചോദിച്ചു.
..എവിടെ നിങ്ങളുടെ കയ്യിലുള്ള ആ തെളിവുകൾ....
തന്നില്ലെങ്കിൽ എനിക്ക് നിങ്ങളെ കൊല്ലേണ്ടി വരും. എനിക്ക് വേറെ വഴിയില്ല...
കയ്യിലെ സർജിക്കൽ ബ്ലേഡ് ജോയ്‌ അലക്സിന്റെ കഴുത്തിൽ മുട്ടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
പക്ഷേ അയാൾക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് പുറകിൽ നിന്നും ശക്തിയേറിയ തൊഴിയേറ്റ് അയാൾ നിലത്തു വീണു.
..യു ആർ അണ്ടർ അറസ്റ്റ് മിസ്റ്റർ ജയദേവൻ...
എഡ്വേർഡ് ആയിരുന്നു അത്....!
----------------------------------
സി സി ടി വി കൺട്രോൾ റൂം..
മോണിറ്ററിലെ എഡ്വേർഡ് ചൂണ്ടിക്കാണിച്ചയാൾ ലിഫ്റ്റിന് നേർക്ക് പോകുന്നത് കണ്ട കോൺസ്റ്റബിൾ ജാഗരൂകനായി.
ലിഫ്റ്റ് താഴോട്ട് ബേസ്‌മെന്റ് പാർക്കിങ്ങിലേക്ക് നീങ്ങുന്നതു കണ്ട അയാൾ മൈക്രോഫോണിൽ താഴെയുള്ള കോൺസ്റ്റബിൾ സുഗതന് നിർദ്ദേശം കൊടുത്തു.
ലിഫ്റ്റിൽ നിന്നും ഇറങ്ങിയ ആൾ ബേസ്‌മെന്റ് പാർക്കിങ്ങിലേക്കു നടന്നു.
ഓരോ ചുവടുവെയ്‌പിലും അയാളുടെ വളരെ മെലിഞ്ഞ ശരീരം വേച്ചുപോകുന്നുണ്ടായിരുന്നു.
പഴകിയ രക്തത്തിന്റെ നിറമുള്ള ഒരു നീളമുള്ള കുർത്തയായിരുന്നു അയാൾ ധരിച്ചിരുന്നത്. മുഖത്തുനിന്നും കണ്ണെടയെടുത്തു തുടച്ചു് അയാൾ മുന്നോട്ട് നടന്നു. പാർക്കിങ്ങിലുള്ള ഒരു പഴയ മാരുതി കാറായിരുന്നു അയാളുടെ ലക്ഷ്യം.
..സ്റ്റോപ് ദേർ...!
പുറകിൽ നിന്നും ഉച്ചത്തിലായിരുന്നു നിർദ്ദേശം..
...കീഴടങ്ങുക.. ബലപ്രയോഗത്തിനു മുതിരരുത്....
പോലീസ്...
ഒരു നിമിഷം അയാൾ നിന്നു.
കയ്യിലുള്ള കണ്ണട മടക്കി കുർത്തയുടെ പോക്കറ്റിലിട്ട് അയാൾ കൈ പൊക്കി നിന്നു .
അയാളുടെ മുഖം തണുത്ത ഐസ് പോലെ നിർവികാരമായിരുന്നു.
പാതിയടഞ്ഞ കണ്ണുകൾ മുകളിൽ തറച്ചിരുന്നു.
തുടരും.
Check Nallezhuth App / Nallezhuth Page or Nallezhuth.com in One hour for next part
By Sreejith Govind

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot