നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പഠിപ്പിസ്റ്റ്

Image may contain: 1 person, smiling, selfie and closeup
**********
തിങ്കളാഴ്ച നടത്തിയ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസ് വിതരണം ചെയ്യുകയാണ് ഗ്രേസി ടീച്ചർ. 10 ബി ഡിവിഷനിലെ ക്ലാസ് ടീച്ചറും അവർ തന്നെ. നാല്പതു വയസ്സു കഴിഞ്ഞിരിക്കുന്നു ടീച്ചർക്ക്. സ്വന്തം തൊഴിലിനോട് തികഞ്ഞ ആത്മാർത്ഥതയുള്ളവരാണവർ.പഠനകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത കർക്കശക്കാരി. പേപ്പർ നൽകുന്നതിനിടയിൽ, കണ്ണടയുടെ വട്ടത്തിലുള്ള ഫ്രെയിമിലൂടെ വിദ്യാർത്ഥികളെ ഓരോരുത്തരെയായി നോക്കുന്നുണ്ട്.
"രമ്യ 25 ൽ 20....റസിയ 25 ൽ 15....രഞ്ജിനി..."
"വന്നിട്ടില്ല ടീച്ചർ"
ക്ലാസിലെ ഒരു കുട്ടി വിളിച്ചു പറഞ്ഞു.
"അല്ലെങ്കിലും അവൾ ഒരിക്കലും നേരത്തെ വരാറില്ലല്ലോ ടീച്ചർ."
രമ്യ പിന്താങ്ങി. ഗ്രേസി ടീച്ചർ കനത്തിലൊന്നു മൂളി. പെട്ടെന്ന് വാതിൽക്കൽ നിന്നും ഒരു ശബ്ദം.
"മേ ഐ കം ഇൻ ടീച്ചർ?"
രഞ്ജിനിയാണ്. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ നിന്നും വിയർപ്പ് തുള്ളികൾ ഇറ്റു വീണു. ടീച്ചർ ക്ലാസ്സിൽ കയറാൻ മൗനാനുവാദം നൽകി. അവൾ തന്റെ ബെഞ്ചിൽ ഇരുന്നു. ഈ സമയം ഉത്തരക്കടലാസുമായി ഗ്രേസി ടീച്ചർ അരികിലേക്ക് ചെന്നു.
"ഒരു ദിവസമെങ്കിലും നിനക്ക് സമയത്തിന് ക്ലാസ്സിൽ വന്നു കൂടെ?"
"വീട്ടിൽ കുറച്ചു പണി തീരാൻ ബാക്കിയുണ്ടായിരുന്നു ടീച്ചർ."
അവൾ അത് പറഞ്ഞു കഴിഞ്ഞതും ക്ലാസ്സിൽ കൂട്ടച്ചിരി ഉയർന്നു. ഗ്രേസി ടീച്ചർ ബെഞ്ചിൽ തട്ടി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. അതോടെ ക്ലാസ്സ് വീണ്ടും നിശ്ശബ്ദമായി.
"പരീക്ഷയ്ക്ക് എന്തെങ്കിലും പഠിച്ചിട്ടു തന്നെയാണോ എഴുതിയത്?"
"അതെ ടീച്ചർ."
"പേപ്പർ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ."
ടീച്ചറുടെ ശബ്ദം കുറച്ചു കൂടി ഉയർന്നു. അതോടെ രഞ്ജിനിയുടെ മുഖം വാടി. ഗ്രേസി ടീച്ചർ ഉത്തരക്കടലാസ് അവൾക്കു നേരെ നീട്ടി. അടുത്ത നിമിഷം, സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു. 25 ൽ 25 മാർക്ക്....ഗ്രേസി ടീച്ചർ ചിരിച്ചു.
"സിറ്റ് ഡൗൺ. കീപ്പ് ഇറ്റ് അപ്പ്."
ഫുൾ മാർക്ക് നേടിയ രഞ്ജിനിയെ ക്ലാസ്സ് മുഴുവൻ കരഘോഷം മുഴക്കി അഭിനന്ദിച്ചു. ഈ സമയം ഒരാളുടെ മുഖത്തു മാത്രം തികഞ്ഞ പുച്ഛവും ദേഷ്യവുമായിരുന്നു. ആ ക്ലാസ്സിലെ ലീഡർ അപർണ്ണയുടെ.....
ഒൻപതാം ക്ലാസ്സിൽ വച്ചാണ് രഞ്ജിനി ഈ സ്കൂളിൽ ചേർന്നത്. അതുവരെ വയനാട് ഭാഗത്ത് എവിടെയോ ആയിരുന്നു. അവൾ വരുന്നത് വരെ അപർണ്ണയായിരുന്നു ക്ലാസ്സിലെ പഠിപ്പിസ്റ്റ്. പക്ഷേ, രഞ്ജിനിയുടെ വരവോടെ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പഠനത്തിൽ മാത്രമല്ല, കലാ രംഗത്തും.
" എന്നോട് റസിയ പറഞ്ഞിരുന്നു, കുട്ടിക്ക് ഡോക്ടറാവാനാണ് ഇഷ്ടമെന്ന്. നേരാണോ?"
"അതെ ടീച്ചർ."
രഞ്ജിനി മറുപടി പറഞ്ഞു.
"തനിക്ക് അതിനുള്ള കഴിവുണ്ട് കേട്ടോ. ഒന്ന് ആഞ്ഞു പിടിച്ചാൽ മതി."
ഇത് കൂടി കേട്ടതോടെ, അപർണ്ണയുടെ മുഖം ചുവന്നു. ഉച്ചയൂണിന്റെ സമയത്ത് കൂട്ടുകാരുടെ കളിയാക്കൽ വേറെ.
"ഹും, ഇന്നലെ വന്ന അവള് കേറി സ്റ്റാറായത് കണ്ടില്ലേ?"
"ശരിയാ...ഗ്രേസി ടീച്ചർക്ക് പണ്ട് നമ്മുടെ അപ്പുവിനെ എന്തിഷ്ടമായിരുന്നു....ഇപ്പൊ അവളെയാ കാര്യം."
"ഇനി എസ് എസ് എൽ സി ക്ക് അവൾ ഫുൾ എ പ്ലസ് വാങ്ങില്ലെന്ന് ആരു കണ്ടൂ.
ചിലപ്പോ നാളെ അവള് ഡോക്ടറുമാവും."
ഇതോടെ അപർണ്ണയുടെ നിയന്ത്രണം വിട്ടു.
"ഒന്ന് നിർത്തുന്നുണ്ടോ. അവൾ ഇനി ഇവിടെ തുടർന്ന് പഠിച്ചാലല്ലേ നിങ്ങൾ ഈ പറയുന്നത് പോലെയൊക്കെ നടക്കൂ. ഇന്ന് വ്യാഴം. തിങ്കളാഴ്ച മുതൽ അവൾ ഈ സ്കൂളിൽ കാണില്ല. അപർണ്ണയാ പറയുന്നേ."
കൂട്ടുകാർ ഭയന്നു.
"നീയെന്താ ചെയ്യാൻ പോകുന്നേ....?"
"അത് നാളെ കണ്ടോ."
അപർണ്ണ, മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു എന്ന് മുഖത്തു നിന്ന് വ്യക്തം.
പിറ്റേന്ന് ഉച്ചയ്ക്ക് ഹെഡ്മാസ്റ്ററും ചില അദ്ധ്യാപകരും രഞ്ജിനിയുടെ ക്ലാസ്സിലെത്തി. അവർക്ക് പിന്നാലെ, കരഞ്ഞു കൊണ്ട് അപർണ്ണയും.
"അപർണ്ണയുടെ ഒരു സ്വർണ്ണമാല, ക്ലാസ്സിൽ വച്ച് കാണാതായെന്ന് പരാതി കിട്ടിയിട്ടുണ്ട്. സോ, എല്ലാവരുടെയും ബാഗ് പരിശോധിക്കണം."
ഹെഡ്മാസ്റ്റർ പറഞ്ഞു. കുട്ടികൾ എല്ലാവരും ക്ലാസ്സിന്റെ ഒരു മൂലയിലേക്ക് മാറി. അദ്ധ്യാപകർ ഓരോരോ ബാഗുകളായി പരിശോധിച്ചു. തങ്ങളുടെ ബാഗിൽ മാല ഇല്ല എന്ന് ഉറപ്പായപ്പോൾ ചില കുട്ടികൾ ദീർഘ നിശ്വാസം പുറപ്പെടുവിച്ചു.
"കിട്ടി...മാല കിട്ടി സാർ. രഞ്ജിനിയുടെ ബാഗിൽ ഉണ്ടായിരുന്നു."
ഒരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ക്ലാസ്സ് ഒന്നടങ്കം നിശ്ശബ്ദമായി. ഗ്രേസി ടീച്ചർ ദേഷ്യത്തോടെ രഞ്ജിനിയെ നോക്കി. അവൾ ഒന്നും മനസ്സിലാകാതെ മിഴിച്ചു നിൽക്കുകയാണ്. അദ്ധ്യാപകർ തിരച്ചിൽ അവസാനിപ്പിച്ചു മടങ്ങി. രഞ്ജിനിയെ ഹെഡ്മാസ്റ്റർ തന്റെ ഓഫീസ് മുറിയിലേക്ക് നയിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അദ്ദേഹത്തെ പിന്തുടരുമ്പോൾ, വിജയീഭാവത്തിൽ ചിരിക്കുന്ന അപർണ്ണയുടെ മുഖം അവൾ ശ്രദ്ധിക്കാതിരുന്നില്ല.
"അറിഞ്ഞോ, ആ രഞ്ജിനിയോട്, തിങ്കളാഴ്ച വീട്ടിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞിരിക്കുവാ എച്ച്.എം."
അൽപ സമയം കഴിഞ്ഞപ്പോൾ 10 സി ഡിവിഷനിലെ ഒരു കുട്ടി വന്ന് അപർണ്ണയോട് പറഞ്ഞു.
"ഹോ, അങ്ങനെ അപ്പുവിന്റെ ശത്രു തോറ്റു. ഇപ്പൊ സന്തോഷമായില്ലേ...?"
ഒരു കൂട്ടുകാരി ചോദിച്ചു. പെട്ടെന്ന് രഞ്ജിനി ക്ലാസ്സിലെത്തി. അവിടമാകെ കൂട്ടച്ചിരി ഉയർന്നു. പക്ഷേ, അതൊന്നും വക വയ്ക്കാതെ അവൾ നേരെ പോയത്, അപർണ്ണയുടെ അടുത്തേക്കാണ്.
"അപർണ്ണ, എനിക്കൊരു കാര്യം പറയാനുണ്ട്."
"ഉം...എന്താ..."
"ഇന്നത്തെ ദിവസത്തിന് ശേഷം ഞാൻ ഈ സ്കൂളിലേക്ക് വരാൻ സാദ്ധ്യതയില്ല. അത് കൊണ്ട് അവസാനമായി എനിക്കൊരു ഉപകാരം ചെയ്യണം....നാളെ എന്റെ വീട് വരെ ഒന്നു വരണം.
"നിന്റെ വീട്ടിലേക്കോ? എന്തിന്?"
"വെറുതെ."
"ഉം. പക്ഷേ നിന്റെ വീട് എനിക്കറിയില്ലല്ലോ."
"റസിയ പറഞ്ഞു തരും."
"ശരി."
രഞ്ജിനി തന്റെ ബെഞ്ചിലേക്ക് മടങ്ങി. കൂട്ടുകാരുടെ കളിയാക്കലുകളും പൊട്ടിച്ചിരികളും അവളെ സ്പർശിച്ചില്ല.
റസിയയോടൊപ്പം അപർണ്ണ പിറ്റേന്ന് രാവിലെ രഞ്ജിനിയുടെ വീട്ടിലെത്തി. അപ്പോൾ അവളുടെ അമ്മ ഉമ്മറത്ത് ചക്ക വെട്ടുകയായിരുന്നു.
"ആഹാ, ഇതാര് റസിയയോ....കൂടെയുള്ളത് ആരാ?"
"ഇത് അപർണ്ണ. ഞങ്ങടെ ക്ലാസ്സ് ലീഡറാ."
"ഓ, മോള് പറഞ്ഞിരുന്നു...നിങ്ങള് വരുമെന്ന്."
പെട്ടെന്ന് രഞ്ജിനി വീടിനുള്ളിൽ നിന്നും വെളിയിലേക്ക് വന്നു.
"ഹാ, നിങ്ങള് വന്നോ, വരൂ...അകത്തിരിക്കാം."
അവൾ അവരെ അകത്തേക്ക് കൂട്ടി. രണ്ട് മുറിയും ഒരടുക്കളയും മാത്രമുള്ള, ഓടിട്ട ചെറിയ വീടാണത്.
"ഇവിടെ സൗകര്യങ്ങളൊക്കെ അല്പം കുറവാണ്. ഒന്ന് അഡ്ജസ്റ്റ് ചെയ്യണം."
രഞ്ജിനി പറഞ്ഞു. അല്പ സമയം കഴിഞ്ഞപ്പോൾ അമ്മ ഒരു പ്ലേറ്റിൽ ചക്ക ചുളകൾ കൊണ്ടു വന്ന് അപർണ്ണയ്ക്ക് നേരെ നീട്ടി. ഒരുപാട്മ നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ അവൾ ഒരെണ്ണം കഴിച്ചു. അമ്മ വീണ്ടും അടുക്കളയിലേക്ക് പോയി.
"വരൂ, ഇനി ഒരാളെ കൂടി കാണാനുണ്ട്."
രഞ്ജിനി അവരെ ഒരു മുറിയിലേക്ക് കൊണ്ടു പോയി. ആ മുറിയുടെ ഒരു മൂലയിൽ, കട്ടിലിൽ അരയ്ക്ക് കീഴ്പോട്ട് തളർന്ന് ഒരാൾ കിടപ്പുണ്ടായിരുന്നു.
"എന്റെ അച്ഛനാണ്. ഞങ്ങൾ വയനാട്ടിലായിരുന്നപ്പോൾ അച്ഛന് ഒരു തടി മില്ലിലായിരുന്നു ജോലി. ഒരു ദിവസം ലോറിയിൽ നിന്ന് തടി ഇറക്കിയപ്പോൾ ഒരെണ്ണം ദേഹത്തേക്ക് വീണു. കാല് മുറിച്ചു കളയേണ്ടി വരുമെന്ന് കരുതിയതാ. പക്ഷേ, ദൈവാധീനം പോലെ അത് വേണ്ടി വന്നില്ല. ഇങ്ങനെ അരയ്ക്ക് കീഴ്പോട്ട് തളർന്ന രീതിയിലാണെങ്കിലും എനിക്ക് എന്റച്ഛനെ തിരിച്ചു കിട്ടിയല്ലോ. അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് വയനാട്ടിൽ നിന്നും ഇവിടെ വന്നത്."
അപർണ്ണ ഒരു നടുക്കത്തോടെ എല്ലാം കേട്ടു നിന്നു.
"അച്ഛന്റെ അവസ്ഥ കണ്ട് സഹിക്കാൻ വയ്യാത്തതു കൊണ്ടാണ് പഠിച്ചു ഡോക്ടറാവണമെന്ന് തീരുമാനിച്ചത്. പക്ഷേ, ഇനി അതും നടക്കില്ലല്ലോ. വയ്യാതെ കിടക്കുന്ന ഈ പാവം എങ്ങനെ തിങ്കളാഴ്ച സ്കൂളിൽ വരും?"
അപ്പോഴും അപർണ്ണ മൗനം പാലിച്ചു.
"അമ്മയോട് ഞാൻ ഇതുവരെ ഒന്നും പറഞ്ഞില്ല. പക്ഷേ, പറയണം. എന്നിട്ട് ഇവിടെ നിന്നും പോകണം...മറ്റൊരിടത്ത്....മറ്റൊരു സ്കൂളിൽ....കൃത്യമായി എന്റെ ബാഗിൽ തന്നെ സ്വർണ്ണമാല ഒളിപ്പിക്കാൻ, മറ്റൊരു അപർണ്ണ അവിടെ ഉണ്ടാകരുതേ... എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ ഇപ്പൊ മനസ്സിൽ."
പെട്ടെന്ന് അവർ മൂവരെയും ഞെട്ടിച്ചു കൊണ്ട്, രഞ്ജിനിയുടെ അമ്മ മുറിയിലെത്തി. അവർ, അപർണ്ണയെ ഒന്ന് നോക്കി. അതുവരെ പറഞ്ഞതെല്ലാം അമ്മ കേട്ടു എന്ന് വ്യക്തം. രഞ്ജിനിയും റസിയയും ഭയന്നു. ഒരു നിമിഷം! അപർണ്ണ കരഞ്ഞു കൊണ്ട് ആ സ്ത്രീയുടെ കാൽക്കൽ വീണു. ചെയ്തു പോയ തെറ്റിന് ഹൃദയം നൊന്ത് മാപ്പ് പറഞ്ഞു. അവർ അവളെ പിടിച്ചെഴുന്നേല്പിച്ചു. കണ്ണു തുടച്ചു.
"സാരമില്ല മോളെ, കഴിഞ്ഞത് കഴിഞ്ഞു. അസൂയയും വാശിയുമൊക്കെ കൂട്ടുകാർക്കിടയിൽ സാധാരണയാ....പ്രത്യേകിച്ചും ഈ പ്രായത്തിൽ."
അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ രഞ്ജിനിയ്ക്ക് സന്തോഷമായി.
"മോള് സാറിനോട് പറയുവോ, ഇവള് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്. ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ..... ഇവളിലാണ് എന്റെ പ്രതീക്ഷ അത്രയും."
അപർണ്ണ, രഞ്ജിനിയുടെ അമ്മയ്ക്ക് ഉറപ്പ് നൽകി. വൈകിട്ട് ഏറെ സമയം കഴിഞ്ഞാണ് തിരികെ പോയത്. ആ മടക്കയാത്ര പുതിയൊരു സൗഹൃദത്തിന്റെ ആരംഭം കൂടിയായിരുന്നു.
~ജിഷ്ണു മുരളീധരൻ~

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot