
മോഷ്ടിക്കാൻ വേണ്ടിയാണ് കൊച്ചുണ്ണി രാത്രിയിൽ ആ വീട്ടിൽ കയറിയത്.
വിയർപ്പിന്റെ അസുഖമുള്ളതുകൊണ്ടാണ് പകലുള്ള ഒരു ജോലിക്കും കൊച്ചുണ്ണി പോകാത്തത്...
വിയർപ്പിന്റെ അസുഖമുള്ളതുകൊണ്ടാണ് പകലുള്ള ഒരു ജോലിക്കും കൊച്ചുണ്ണി പോകാത്തത്...
പക്ഷെ എന്തെങ്കിലും ജോലിയെടുത്തേ ജീവിക്കു എന്നു കൊച്ചുണ്ണിക്ക് നിർബന്ധമുണ്ട്. ആരുടെയും ചക്കാത്തിൽ ജീവിക്കാനും കൊച്ചുണ്ണിയെ കിട്ടില്ല. അങ്ങനെയാണ് ഈ ജോലി തിരഞ്ഞെടുത്തത്. കാരണം അത്രയ്ക്ക് വിശ്വസ്തതയോടും, സത്യസന്ധതയോടും, ആത്മാർത്ഥതയോടും ചങ്കൂറ്റത്തോടും കൂടിയാണ് അവനീ ജോലി മറ്റാരെയും ബുദ്ധിമുട്ടിക്കാതെ ചെയ്യുന്നത്...
വീട്ടുകാര് നല്ല ഉറക്കത്തിലാണ്. വീടിന്റെ വലുപ്പം കണ്ടു കേറിയതാണ്. പക്ഷെ നിരാശ മാത്രമായിരുന്നു ഫലം. അരിച്ചുപ്പെറുക്കിയിട്ടും ഒരു ചില്ലിക്കാശുപോലും കിട്ടിയില്ല. കാരണം കാശുമാത്രമേ കൊച്ചുണ്ണിയെടുക്കത്തുള്ളു. സ്വർണ്ണമാകുമ്പോൾ പിന്നത് വിൽക്കാൻ നിൽക്കണം വല്ല മോഷണക്കേസു വന്നാൽ പിന്നത് സംശയത്തിനിട നൽകും. ആകെ മൊത്തം റിസ്ക്കാണ്. കാശാകുമ്പോൾ നോ ടെൻഷൻ നോ ബിപി...
അങ്ങനെ തപ്പുന്നതിനിടയിലാണ് നല്ല പുറംചട്ടയുള്ള മോടിപിടിച്ച ഒരു ഡയറി കണ്ണിലുടക്കിയത്. കണ്ടപ്പോൾ കൗതുകം തോന്നിയ കൊച്ചുണ്ണി തന്റെ മൊബൈൽ വെട്ടത്തിൽ പയ്യെ താളുകൾ മറിച്ചു നോക്കിയപ്പോൾ കണ്ണുതളളി പോയി...
കാരണം ഓരോ പേജിലും നല്ല ജീവസുറ്റ കവിതകളാണ് എഴുതി വച്ചിരിക്കുന്നത്. അതും ഏത് വൃത്തത്തിലുള്ളതാണെന്നും അടിയിൽ എഴുതിയിരിക്കുന്നു. അച്ചടിമഷി പുരളാൻ അർഹതപ്പെട്ടതായിരുന്നു അവയോരോന്നും...
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പകൽ സമയങ്ങളിലുള്ള ഉറക്കത്തിനു ശേഷം സമയം പോകാൻ ഫേസ്ബുക്കിലെ സാഹിത്യ ഗ്രൂപ്പുകളിൽ കുത്തിക്കുറിക്കലുകൾ നടത്തി തരുണീമണികളുടെ മനസ്സിൽ ഇടംപിടിച്ചിട്ടുള്ള കൊച്ചുണ്ണിയുടെ മനസ്സിൽ ലഡ്ഡുപ്പൊട്ടി...
കാരണം, ഡയറിയിലെ ഓരോ കവിതയുടെയും അടിയിൽ ശങ്കരമേനോൻ എന്നെഴുതിയിട്ടുണ്ട്. അപ്പോളിതു ഈ വീട്ടിലെ കാരണവരുടെതാകാനാണ് ചാൻസ്. അങ്ങനെയാണെങ്കിൽ ഇതൊക്കെ പഴയ എഴുത്താണ്. അങ്ങേർക്ക് ഫേസ്ബുക്ക് അക്കൗൺഡു കാണാനും ചാൻസില്ല. ഇതിപ്പോൾ മരിച്ചുപോയ തന്റെ അച്ഛന്റെ ഡയറിയിൽ നിന്നാണ് ഇതുപോലെ കവിതയോ, കഥയോ എഴുതിയത് കിട്ടിയതെങ്കിലും ഞാൻ അടിച്ചുമാറ്റും നൂറുശതമാനം ഉറപ്പ്. കാരണം സാഹിത്യ ഗ്രൂപ്പിൽ ഇടിച്ചിടിച്ചു നിൽക്കുന്നത് ഒരു സുഖമാണ്. കൊച്ചുണ്ണി മനസ്സിൽ പറഞ്ഞു...
ഇന്നത്തെ ആദ്യ മോഷണശ്രമം ചീറ്റിപ്പോയെങ്കിലും ഈ കവിതകൾ ഓരോന്നായി പോസ്റ്റുചെയ്തു ഞാൻ സാഹിത്യഗ്രൂപ്പിൽ പുലിയാകും. മോഷണമാണെന്നു ആരറിയാൻ. ഇങ്ങേരൊട്ടിതറിയാനും പോകുന്നില്ല...
സാഹിത്യം പുഴുങ്ങിയാൽ ചോറാകില്ലല്ലോ അതിന് അരി തന്നെ വേണം. കൊച്ചുണ്ണി മോഷണത്തിനായി അടുത്ത വീടു ലക്ഷ്യമാക്കി നടന്നു മൊബൈലിന്റെ നുറുങ്ങു വെട്ടത്തിൽ...
........................... ✒മനു ...............................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക