Showing posts with label Arun. Show all posts
Showing posts with label Arun. Show all posts

പെണ്ണ്

Image may contain: Njan Arun, indoor
പഴയകാമുകിയെ വര്ഷങ്ങള്ക്കു ശേഷം കാണുകയാണ്..
മാറ്റം കാഴ്ച്ചയില് പ്രകടമല്ല , പക്ഷെ ഭാവത്തില്, സംസാരത്തില്ഒരുപാട് മാറ്റം വന്നിരിക്കുന്നു .
നാല് ചുവരുകള്ക്കിടയില് മദ്യം വിളമ്പി വെച്ച ഒരു കൊച്ചു മേശക്കു ഇരുപുറവുമായി അവര് ഇരുന്നു.. കണ്ണുകള് കൊണ്ട് അവളുടെ കണക്കെടുക്കുന്നതിനിടയില് പഴയ കാര്യങ്ങള്ഓര്മയുടെ തിരശീലയില് മിന്നി മാഞ്ഞു...
അവന് ചോദിച്ചു.
"നിനക്കെന്നോട് എപ്പോഴെങ്ങിലും ഇഷ്ടം തോന്നിയിട്ടുണ്ടോ.? "
അവള് ചിരിച്ചു. "ഉവ്വ, ഭയങ്കര ഇഷ്ടമായിരുന്നു.."
അവനും ചിരിച്ചു...
അവള് തുടര്ന്നു .. "നീ വന്നു ഇഷ്ടമാണെന്ന് പറഞ്ഞു, എനിക്ക് താല്പര്യം ഇല്ല എന്ന് ഞാനും പറഞ്ഞു ,
നീ ആ വഴിക്ക് പോയി... പിന്നെ സംസാരിക്കാന് പോലും വന്നിട്ടില്ല.. പിന്നെ എങ്ങനെ എനിക്ക് വല്ലതും തോന്നും"?
അവന് ആലോചിച്ചു, അവളെയും മനസില് കൊണ്ട് നടന്ന നാളുകള്.. സ്വപ്നാടനങ്ങള് .. പിന്നെ ധൈര്യം സംഭരിച്ചു ഇഷ്ടം തുറന്നു പറഞ്ഞത്‌ .. എല്ലാം.
പക്ഷെ, പിന്നീട് ഒരിക്കലും പെണ്ണിന്റെ കാര്യത്തില്പരാജയപ്പെട്ടിട്ടില്ല.
ആദ്യത്തെ തോല്വി.. അതായിരുന്നു ഒടുവിലതെതും..
ഒരു കുസൃതിച്ചിരി അവന്റെ ചുണ്ടിന്റെ കോണിലൂടെ പാഞ്ഞു പോയി..
രാത്രിയുടെ നിശബ്ധത.. ഒരു ആണും പെണ്ണും മാത്രമുള്ള മുറിയില് പരക്കുന്ന വികാരത്തിന്റെ മണം .. അത് മാത്രം..
അവന് അവളുടെ കണ്ണുകളില് നോക്കി... " ഈ രാത്രി വെറുതെ കളയണോ.?"
"വേണ്ട, നല്ല വിലകിട്ടിയാല് വിറ്റോളൂ "
അവന് ചിരിച്ചു.. " വാങ്ങാന് ഞാന് തയ്യാര് ആണ്, തരാന്ആളുണ്ടോ.?? "
അവള് ചിരിച്ചു... പക്ഷെ അവൻ നോട്ടം മാറ്റിയില്ല ..
അവളുടെ ചിരി മാഞ്ഞു...
" സൊ , ഡു യു വാണ്ട്‌ മി ഇന് ബെഡ്"
അവന് ഒന്ന് ഞെട്ടി, ആദ്യമായാണ് ഒരു പെണ്ണ് അവനോടു ഇത് പച്ചക്ക് ചോദിക്കുന്നത്...
അവന് ആത്മവിശ്വാസത്തോടെ പറഞ്ഞു, "യെസ് "
അവള് പുഞ്ഞിരിച്ചുകൊണ്ട് പറഞ്ഞു
" ക്ഷമിക്കു സുഹൃത്തേ എനിക്ക് താല്പര്യമില്ല.. "
"സതാചാരബോധം ആണോ.??" അവന് പരിഹസിച്ച് ചിരിച്ചു .
"ആണെന്ന് കൂട്ടിക്കോ... " എന്ന് അവള്.
അവനു വല്ലാത്ത പരിഹാസം തോന്നി, ആ വാക്കുകളോട്.. അവള് ഇന്ന് ഈ നിലയില് എത്താന് എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് അവനും കേട്ടിട്ടുണ്ട്. ആ അങ്ങാടിപ്പാട്ടുകളുടെ ശീല് പിടിചിട്ടാണ് ഇന്നീ രാത്രിയില് അവന് ഇവിടെവരെ എത്തിയത്..
"എന്താ ആലോചിക്കുന്നത്?" അവളുടെ ചോദ്യം അവന്റെ ചിന്തയെ ഉലച്ചു.
"അല്ല നീ ഈ സ്ഥാനത് എത്താന് ആരുടെയൊക്കെ കിടക്ക പങ്കിട്ടിട്ടുണ്ട്? " ആ ചോദ്യത്തിന്റെ മൂര്ച്ചയില് അവനു ആത്മാഭിമാനം തോന്നി..
"ചിലരുടെയൊക്കെ" അവള് നിസംഗമായി മറുപടി പറഞ്ഞു.
കുറച്ചു നേരത്തെ തോന്നിയ അഭിമാനം ഇപ്പോള് ഉള്ളില് കിടന്നു പൊള്ളുന്നു.
ഇനി എന്ത് പറയും.? തോറ്റ് കൊടുക്കരുത്. ഉള്ളില് തോന്നിയ ദേഷ്യം പരമാവധി കടിച്ചമര്ത്തി അവന് പറഞ്ഞു
" ആ നീ ആണോ ഇപ്പോള് സദാചാരം പറയുന്നത് !!! "
അവള് ചോദിച്ചു " അതിനെന്താ .? എനിക്ക് സദാചാരം പറഞ്ഞൂടെ "
അവന് അവളെ തറപ്പിച്ചു നോക്കി. അവൾ ഒരു പുഞ്ചിരിയോടെ തുടർന്നു.
"ഇപ്പൊ തോന്നുന്ന ദേഷ്യം സദാചാര ബോധം കൊണ്ടല്ല ആത്മ നിന്ദ കൊണ്ടാണ്, പലര്ക്കും കിട്ടിയ എന്റെ ശരീരം പണ്ട് സാഹചര്യം ഉണ്ടായിട്ടും നിനക്ക് കിട്ടീലല്ലോ എന്ന ഫ്രെഷ്ട്രഷന് .. "
അവന് തിരിച്ചറിഞ്ഞു, അവള് പറഞ്ഞത് തന്നെ ആണ് ശെരി.. പക്ഷെ അത് സമ്മതിച്ചു കൊടുക്കാനാവില്ല.. മുന്നില് ഇരിക്കുന്ന മദ്യം അവന് എടുത്തു ഒരല്പം നുകര്ന്ന്..ശബ്ദവും സംസാരവും മയപ്പെടുത്തി..
അവന് പറഞ്ഞു " ഞാന് ഒരു വാദപ്രതിവാദത്തിനു ഇല്ല.. രാത്രി മനോഹരിയാണ്, നീയും.. പിന്നെ പഴയ പ്രണയവും ഉള്ളില്ഇരുന്നു എന്നെ മോഹിപ്പിക്കുന്നു.. സൊ, ..."
വീണ്ടും നിശബ്ധത,,, പക്ഷെ അവളുടെ മുഖം ചിന്താ മഗ്നമാണ്... അവന് ചിന്തിച്ചു.. ഇവളോട്‌ മാത്രം എന്താ ഇത്ര കൊതി..? വേറൊന്നുമല്ല, ഒരിക്കെ ആഗ്രഹിച്ചത് വേറെ പലര്ക്കും കിട്ടിയതില് ഉള്ള അസൂയ..അത്ര തന്നെ.
അവള് സംസാരിച്ചു തുടങ്ങി
" എന്റെ യാത്രയില്, പലപ്പോഴും പലരും വഴിമുടക്കിയിട്ടുണ്ട്.. ഇന്നീ കാണുന്ന നിലയില് എത്താന് എനിക്ക് പലതും ചെയ്യേണ്ടി വന്നിട്ടുണ്ട്, പലപ്പോഴും എന്റെ ആവശ്യങ്ങള് നടത്താന് എന്റെ ശരീരം എന്നെ സഹായിച്ചു ."
"എന്നുവെച്ചു എന്നെ കൊതിച്ചു വരുന്നവര്ക്കെല്ലാം കാഴ്ചവെക്കാന്, ഞാന് ശരീരം വിറ്റു ജീവിക്കുന്നവള് അല്ല. .എനിക്കൊരു ഡിമാന്ഡ് ഉണ്ട്,
ഐ മീന് എന്റെ ശരീരത്തിന് ഒരു ഡിമാണ്ട് ഉണ്ട്, അത് എനിക്ക് നിലനിര്ത്തണം .. അതുകൊണ്ട് അതില് ഞാന് ആരെയും തൊടീക്കില്ല ..
"ആവശ്യം വരുമ്പോള് മാത്രം എടുത്തു ഉപയോഗിക്കാന് വേണ്ടി മൂര്ച്ച കൂട്ടി വെക്കും.. എളുപ്പത്തില് കിട്ടാത്തതിനോടെ മനുഷ്യന് ആഗ്രഹവും ആവേശവും കൂടൂ , ദാറ്റ്‌ ഈസ്‌ വാട്ട്‌ ഐ നീഡ്‌ . അത് തന്നെയാണ് എന്റെ തുറുപ്പുചീട്ട്"
അവനു വാക്കുകള് ഇല്ല , അവള് തുടരുകയാണ്..
"പിന്നെ, നീ മറ്റുള്ളവരെ പോലെ അല്ല.. മറ്റു ചില രാത്രികളിലെയും പോലെ വെറും കാമവെറിയന്മാരുടെ ലീലാവിലാസം ആവില്ല നിന്റെത്,
നല്ല പ്രേമത്തില് പൊതിഞ്ഞ....ഹ ഹ
അല്ലെ ...? എനിക്കറിയാം..
പക്ഷെ എനിക്ക് അതില് താല്പര്യം ഇല്ല.."
ഒന്നും പറയാന് ഇല്ലാതെ ഇരിക്കുന്ന അവനെ ഒന്ന് സ്നേഹത്തോടെ നോക്കിയ ശേഷം അവള് പറഞ്ഞു
"പിന്നെ... എന്നെങ്കിലും വ്യഭിചരിക്കാന് തോന്നിയാല് ഞാന്അറിയിക്കാം... "
അവന് ഒന്നും പറഞ്ഞില്ല. ഉള്ളില് ഒരുപാട് ശബ്ദങ്ങള്.. പരസ്പരം പോരടിക്കുന്ന ശബ്ദങ്ങള്. അവള് പറഞ്ഞത് അംഗീകരിക്കാന്അവനിലെ പുരുഷ മേധാവിത്വം അനുവദിക്കുന്നില്ല.. പക്ഷെ അവള് പറഞ്ഞതിലെ യാഥാര്ത്ഥ്യം .. അത് അവന്റെ ബേസിക് ലോജിക്കിന് ബോധ്യമായിരിക്കുന്നു ... ചിന്തയുടെ രണ്ടു ഭാഗങ്ങള് ഉള്ളില് പോര് തുടങ്ങിയിരിക്കുന്നു.
പക്ഷെ മറുത്തൊന്നും പറയാന് അവന് ഇല്ലായിരുന്നു. ഒരു വ്യക്തിയെന്ന നിലയില് അവളുടെ ഔനിത്യം അവനെ ലജ്ജിപ്പിച്ചു. ഒരു തുള്ളി ചോര വീഴ്ത്താതെ അവള്, ഉണങ്ങാന്സമയമെടുക്കുന്ന ആഴത്തിലുള്ള മുറിവുകള് അവനില്ഏല്പ്പിച്ചിരുന്നു. അവന്റെ മനസും ചിന്തകളും ആ വാക്കുകളാല് ചീന്തിയെറിയപ്പെട്ടിരുന്നു. ഒരുപാട് മുഖങ്ങള് ഒരു നിമിഷം കൊണ്ട് അവന്റെ മനസിലേക്ക് കടന്നു വന്നു. ആ മുഖങ്ങളില് ഉണ്ടായിരുന്നത് അവനോടുള്ള പുച്ഛമായിരുന്നു എന്ന് അവന് തിരിച്ചറിഞ്ഞു.
പക്ഷെ ആ മുറിവിട്ടു പുറത്തിറങ്ങിയപ്പോള്... അവന്റെ ഉള്ളില്ആദ്യമായി ഒരു പെണ്ണിനോട് അല്പം ബഹുമാനം തോന്നി..
© ഞാന് അരുണ്

കല്യാണമസ്തു

Image may contain: Njan Arun, beard, closeup and outdoor

രാവിലെ മുതല്‍ അരിശം ആയിരുന്നു കല്യാണി അമ്മയ്ക്ക്. എന്തോ ഒറ്റയ്ക്കിരിക്കുന്നത് കൊണ്ടാവാം. ആരും വരാനില്ല അവിടേക്ക്. മക്കള്‍ രണ്ടുപേരും വിദേശത്താണ്. മകള്‍ ഉച്ചകഴിഞ്ഞും മകന്‍ രാത്രിയും വിളിക്കും.
ഇന്നലെ രാത്രി വിളിച്ചപ്പോള്‍ മകന്‍റെ മകള്‍ വല്ലാത്ത വാശി ആയിരുന്നു. ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. അവള്‍ക്ക് തന്‍റെ മുഖച്ഛായ ആണെന്ന് എല്ലാവരും പറയാറുണ്ട്‌. ചില സമയത്തെ വാശി കാണുമ്പോള്‍ സ്വഭാവം തന്നെ പോലെ ആണെന്ന് കല്യാണി അമ്മക്ക് തോന്നാറുണ്ട്.
പക്ഷെ ഇന്നത്തെ ദേഷ്യം എന്തിനാന്നെന്ന് മനസിലാവുന്നില്ല. ആകെ കാണുന്നത് സീരിയലുകള്‍ ആണ്. രാത്രി കണ്ടു മതിയാവാതെ പകല്‍ വീണ്ടും കാണും.
മകന്‍ വിളിക്കുമ്പോള്‍ പറയും അത് മുഴുവന്‍ നെഗറ്റീവ് കാര്യങ്ങള്‍ ആണ്. അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ മനസ്സില്‍ നല്ലതോനും വരില്ല. ലൈഫ് മുഴുവന്‍ നെഗറ്റീവ് ആയിപ്പോകും എന്നൊക്കെ. എന്നാല്‍ അതൊന്നും കല്യാണിയമ്മ വിലവെയ്ക്കാറില്ല.
ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കണം. തന്‍റെ പരാതിയുടെ കെട്ടഴിക്കണം. അത്രയേ ഉള്ളൂ. അതിന് സാധിച്ചാല്‍ പിന്നെ ഈ അരിശമൊക്കെ പമ്പ കടക്കും. അങ്ങനെ ഓരോന്ന് ആലോചിച്ച് മുറ്റത്തുകൂടി നടക്കുമ്പോള്‍ ആണ് അറിഞ്ഞത് നാളെ റീമ വരുന്നുണ്ട്.
റീമ അയല്‍ക്കരിയാണ്. അവര്‍ കുറച്ചു ദിവസം മകളുടെ വീട്ടില്‍ പോയി നില്‍ക്കുകയായിരുന്നു. നാളെ വന്നാല്‍ മരുമകനെ വര്‍ണ്ണിക്കുന്നത് കുറച്ചു നേരം കേട്ടിരിക്കേണ്ടി വരും. അവന്‍ എന്ത് നന്നായി മകളെ നോക്കുന്നു, അവള്‍ പറയുന്നത് അനുസരിച്ച് ജീവിക്കുന്നു.
പിന്നെ മകന്‍റെ കുറ്റങ്ങള്‍ തുടങ്ങും. മകന്‍ ഒരു പെൺ കോന്തനാണ്. മരുമകളോട് വഴക്കിടുമ്പോള്‍ റീമയുടെ ഭാഗത്ത് നില്‍ക്കാതെ അവന്‍ അവന്‍റെ ഭാര്യയുടെ ഭാഗത്തേ നില്‍ക്കൂ. ഈ ആണ്മക്കള്‍ എന്താ ഇങ്ങനെ ആയിപ്പോയത്. തന്‍റെ മകനും മോശമല്ല കല്യാണി ഓര്‍ത്തു.
മകനും ഭാര്യയും കുഞ്ഞും വിദേശത്താണ് . വല്ലപ്പോഴും നാട്ടില്‍ വരും. നാട്ടിൽ എത്തിയാൽ പിന്നെ യാത്രകൾ ആണ്. വീട്ടില്‍ ഇരിക്കില്ല. വയ്യാത്ത എന്നോട് കൂടെ വരാന്‍ പറയും. പിന്നേ, വേറെ പണിയില്ല. പ്രായമായ അമ്മ മാത്രമേ വീട്ടില്‍ ഉള്ളൂ എന്നുള്ള ബോധം വേണ്ടേ ? അവനോടു നാട്ടില്‍ വന്ന് നില്‍ക്കാന്‍ പറയണം.
ആ ചിന്ത കല്യാണിയമ്മയുടെ മനസ്സില്‍ കടന്നു കൂടി. അതെ!! അവനോട് നാട്ടില്‍ വന്ന് നില്‍ക്കാന്‍ പറയണം.
അവനെ പ്രസവിച്ച് വളര്‍ത്തി വലുതാക്കിയ അമ്മയല്ലേ. തനിക്ക് അത് പറയാന്‍ ഉള്ള അവകാശം ഉണ്ട്. അവന് അവിടത്തെ ജീവിതവും പണവും കണ്ടു സുഖം പിടിച്ചിട്ടുണ്ടാവും. ഇല്ലെങ്കില്‍ എന്താ ഇത്രയും കാലം ആയിട്ടും നാട്ടിൽ വന്ന് അമ്മയുടെ കൂടെ താമസിക്കാൻ തോന്നാത്തത്.
പ്രായമാകുമ്പോൾ അല്ലെ വേണ്ടപ്പെട്ടവർ കൂടെ വേണ്ടത് ? അവർ അയക്കുന്ന പണമോ അവരുടെ വീഡിയോ കോളോ മതിയാവില്ല പലപ്പോഴും.
റീമ വരട്ടെ...എല്ലാം പറയണം. മകനെ നാട്ടിലേക്ക് കൊണ്ട് വരാൻ എന്ത് ചെയ്യാൻ പറ്റും എന്ന് റീമയോട് അഭിപ്രായം ചോദിക്കാം.
അങ്ങനെ പരാതിപ്പെട്ടിയിൽ വേണ്ടതെല്ലാം അടുക്കി പെറുക്കി വെച്ച് റീമയെ കാത്തിരിക്കുമ്പോൾ കല്യാണിയമ്മ ഉറങ്ങിപ്പോയി.
പെട്ടന്ന് കണ്ണ് തുറന്നപ്പോൾ വീടിന് ആകെ ഒരു മാറ്റം. നല്ല വൃത്തി വെച്ചത് പോലെ ഒരു തോന്നൽ. പെയിന്റ് ഇത്രയ്ക്ക് പഴകിയിട്ടില്ല. എല്ലാം അടുക്കി പെറുക്കി വെച്ചിരിക്കുന്നു..
കല്യാണി ഒന്ന് ഇറങ്ങി നടന്നു ഉമ്മറത്തേക്ക് വന്നു. അവിടെ നിന്നപ്പോൾ ഏകത്ത് ഹാളിൽ ഒരു ബഹളം. അങ്ങോട്ട് നോക്കിയ കല്യാണി ഞെട്ടിപ്പോയി. അത് ഞാൻ തന്നെ അല്ലെ.? കൂടെ മകനും ഉണ്ട്. മകൻ ചെറുപ്പമാണ്. ചങ്കിടിപ്പോടെ കല്യാണിയമ്മ അത് നോക്കി നിന്നു.
അവിടെ മകനെ ഗൾഫിൽ പോകാൻ നിർബന്ധിക്കുകയാണ് കല്യാണിയമ്മ. അവൻ നാട്ടിൽ നിൽക്കാം , ഉള്ള ശമ്പളം കൊണ്ട് സന്തോഷമായി കഴിയാം എന്ന് പറയുന്നുണ്ട്. പക്ഷെ കല്യാണിയമ്മ സമ്മതിക്കുന്നില്ല. അവന്റെ ശമ്പളം തുച്ഛമാണെന്നു പറഞ്ഞ് അവർ അവനെ പരിഹസിച്ചു. അധിക്ഷേപിച്ചു.
ബന്ധുക്കളുടെയും അയൽക്കാരുടെയും മക്കൾ വിദേശത്ത് ജോലി ചെയ്ത് കിട്ടുന്ന ശമ്പളവും അവരുടെ ആഡംബര ജീവിതവും എല്ലാം ചൂണ്ടിക്കാണിച്ചാണ് കല്യാണിയമ്മ മകനെ നിർബന്ധിച്ചത്.
ആ നിർബന്ധത്തിന്റെ വാക്കുകൾ പലപ്പോഴും അതിരു കടന്നപ്പോൾ മകന്റെ കണ്ണ് നിറഞ്ഞു. പക്ഷെ കല്യാണിയമ്മയുടെ പിടിവാശിക്ക് അതൊന്നും കണ്ണിൽ പെടുന്നില്ല. ഉമ്മറത്ത് നിന്ന് ജാലകത്തിലൂടെ ഇതെല്ലാം കണ്ടു നിൽക്കുന്ന ഇന്നത്തെ കല്യാണിയമ്മക്ക് ഇത് കണ്ടപ്പോൾ മനസ് വേദനിച്ചു. അവരുടെ കണ്ണ് നിറഞ്ഞു.
കണ്ണ് തുടച്ച് ഒന്നുകൂടി നോക്കിയപ്പോൾ അവിടെ മകൻ ഇല്ല. കല്യാണിയമ്മ രാജ്ഞിയെ പോലെ ടിവി കണ്ടു ഇരിപ്പുണ്ട്. ഗൾഫുകാരന്റെ വീടിന്റെ മോടിയും പകിട്ടുമൊക്കെ ആ വീടിനു വന്നിട്ടുണ്ട്.
അപ്പോൾ അവിടെ മകന്റെ ഭാര്യയെ കാണാം. അവൾ രാവിലത്തെ വീട്ടു ജോലി എല്ലാം ചെയ്ത് ജോലിക്ക് പോകുന്നു.
കല്യാണിയമ്മയുടെ കാര്യങ്ങളും വീട്ടിൽ വേണ്ട സാധനങ്ങൾ വാങ്ങാനും, ബാങ്കിൽ പോകാനും, ബില്ലുകൾ അടയ്ക്കാനും എല്ലാം അവൾ തന്നെ ഓടി നടക്കുന്നുണ്ട്. പക്ഷെ കല്യാണിയമ്മ ഓരോ ചെറിയ കുറ്റങ്ങൾ ചൂണ്ടിക്കാണിച്ച് അവളെ കുറ്റപ്പെടുത്തുന്നു. ഒരാളെ കരയിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം ആസ്വദിക്കാനാവും.
പിന്നെ മകനെ വിളിച്ച് അവളെ കുറിച്ച് കുറ്റങ്ങളും പരാതികളും പറയുന്നു. ഇതെല്ലം ജാലകത്തിനപ്പുറത്തെ ഇന്നത്തെ കല്യാണിയമ്മ നെഞ്ചിടിപ്പോടെ നോക്കി നിന്നു..
പിന്നെ ഒരുനാൾ മകൻ വരുന്നു. ഭാര്യയെയും കൊണ്ട് വിദേശത്തേക്ക് പോകുന്നു..
പിന്നെ അവിടെ കല്യാണിയമ്മ ഒറ്റക്കാണ്..
എന്നാൽ മകനും മക്കളും എന്നും വിളിക്കുന്നു. വിശേഷങ്ങൾ അറിയിക്കുന്നു. വീട്ടു ജോലിക്ക് ആളെ വെക്കുന്നതും ചിലവുകൾ നോക്കുന്നതും മകൻ തന്നെ ആണ്. കൊച്ചുമകളുടെ ചടങ്ങുകൾ എല്ലാം നാട്ടിൽ വെച്ച് നടത്തുന്നു.. വീട്ടിൽ എല്ലാവരും ഒത്തുചേരുന്നു… എല്ലാവരുടെയും സന്തോഷം കാണാം. പിന്നെ വീണ്ടും വീട് ഒഴിയുന്നു.
നാട്ടിലെ പൂരവും അമ്പലക്കുളത്തിൽ കുളിയും അതിനേക്കാൾ അമ്മയുണ്ടാക്കുന്ന ഭക്ഷണവും നഷ്ട്ടപ്പെട്ടു എന്ന് മകൻ പറയുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ കേബിൾ കട്ട് ആയതും വേലക്കാരിയുടെ വൃത്തിക്കുറവും എല്ലാം പരാതി പറയുന്ന അമ്മയെ ജാലകത്തിലൂടെ കല്യാണിയമ്മ കണ്ടു. അവരുടെ കണ്ണ് നിറഞ്ഞൊഴുകി.
പെട്ടന്ന് അവർ കണ്ണ് തുറന്നു. അപ്പോൾ അവൾ ഹാളിൽ സോഫയിൽ ചാരി ഇരിക്കുകയാണ്. കണ്ണ് നിറഞ്ഞിട്ടുണ്ട്.
ഉറക്കത്തിനും ഉണർവിനും ഇടയിൽ അന്നോളം കാണാതിരുന്ന പലതും അവർ കണ്ടു കഴിഞ്ഞിരുന്നു. പലതും തിരിച്ചറിഞ്ഞു.
പിറ്റേന്ന് റീമ വന്നപ്പോൾ കല്യാണിയമ്മയുടെ പരാതിപ്പെട്ടി കാലിയായിരുന്നു.
റീമയുടെ പരാതിപ്പെട്ടി തുറക്കാൻ സമ്മതിക്കാതെ കല്യാണിയമ്മ പറഞ്ഞു “ എന്റെ മക്കളെ ഞാൻ ഇനി കുറ്റം പറയില്ല. ഞാൻ പറഞ്ഞത് പോലെയേ അവർ ജീവിച്ചിട്ടുള്ളൂ. എനിക്ക് മേനി പറയാൻ അവർ മാർക്ക് വാങ്ങിച്ചു. ജോലി വാങ്ങിച്ചു. വലിയ ശമ്പളം ഉള്ള ജോലി തേടിപ്പോയി. എനിക്ക് പൊങ്ങച്ചം കാണിക്കാൻ പണം സമ്പാദിച്ച് വീട് വലുതാക്കി , വീട്ടിൽ ഓരോന്ന് വാങ്ങി വെച്ചു. അവർ ഇപ്പോ കൂടെ ഇല്ല.
പക്ഷെ എല്ലാവരെയും പരാതി പറഞ്ഞ് ഓടിച്ചത് ഞാൻ ആണ്. എന്നാലും അവർ എന്നും എന്റെ കാര്യങ്ങൾ അന്വേഷിക്കുന്നു. എനിക്ക് ജീവിക്കാൻ ഉള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് തന്നിട്ടുണ്ട്. എന്റെ കൊച്ചുമകൾ എന്നും എന്നെ കണ്ടു സംസാരിച്ചിട്ടേ കിടക്കാറുള്ളൂ. ഇതിൽകൂടുതൽ ഇനി എന്ത് വേണം ?”
അത് പറഞ്ഞപ്പോൾ കല്യാണിയമ്മയുടെ മനസ്സിൽ അന്നോളമില്ലാത്ത ഒരു തൃപ്തി തോന്നി. പുഞ്ചിരിയോടെ അവർ റീമയെ നോക്കി.
അതിന് ശേഷം ആ വീട്ടിൽ സീരിയൽ വെച്ചിട്ടില്ല.
ആറു മാസം കഴിഞ്ഞു.
ഇപ്പോൾ കല്യാണിയമ്മ തിരക്കിൽ ആണ്. ഉച്ചക്ക് 50 പേർക്ക് ഊണും കറികളും തയ്യാറാക്കി പായ്ക്ക് ചെയ്ത് വെയ്ക്കണം. അടുത്തുളള ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഇവിടെ വന്നാണ് ഉച്ചഭക്ഷണം വാങ്ങിക്കൊണ്ട് പോകുന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവർ ആണ് അധികവും. ഇപ്പോൾ കല്യാണിയമ്മയുടെ കൈപ്പുണ്യം കാരണം കൂടുതൽ പേര് ഭക്ഷണം ആവശ്യപ്പെടുന്നുണ്ട്. പാചകത്തിന് കൂട്ടിനു റീമയും ഉണ്ട്.
വൈകുന്നേരം കല്യാണിയമ്മ നടന്ന് അമ്പലം വരെ പോകും. എല്ലാവരും പോയതിന് ശേഷം ഒറ്റക്കെ തിരിച്ചുവരൂ. ഇല്ലെങ്കിൽ കുറെ പരദൂഷണം കേൾക്കേണ്ടി വരും.
അതെ…. ഇപ്പോൾ കല്യാണിയമ്മ നല്ലത് മാത്രമേ കേൾക്കുന്നുള്ളൂ… നല്ലതേ പങ്കുവെയ്ക്കുന്നുള്ളൂ.. അവരുടെ ആഗ്രഹങ്ങൾ നന്മ നിറഞ്ഞതായി.
അടുത്ത ഓണത്തിന് മക്കളും മരുമക്കളും കൊച്ചുമക്കളും വരുന്നുണ്ട്. എല്ലാവർക്കും സ്വന്തം വരുമാനം കൊണ്ട് ഓണക്കോടി എടുത്ത് കൊടുക്കണം.
പിന്നെ എല്ലാവർക്കും സ്വന്തം കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം. അവർക്ക് കൈമോശം വന്നുപോയ ഈ കൈപുണ്യത്തിന്റെ രുചിയും അൽപ്പം നന്മയും വിളമ്പി കൊടുക്കണം… എന്നിട്ട് അവരുടെ സന്തോഷം കണ്ട് മനസ് നിറയണം..
നന്മകൾ ആഗ്രഹിക്കുന്നവർക്ക് നന്മകൾ ഉണ്ടാവട്ടെ.. കല്യാണമസ്തു.
©ഞാൻ അരുൺ

സദാചാരം

Image may contain: 1 person, beard, closeup and outdoor_

___
മാധുരി.. ആ പേര് ഇപ്പോള്‍ അവളെ ആരും വിളിക്കാറില്ല. മധു, അല്ലെങ്കില്‍ ഹണി . അതാണിപ്പോള്‍ അവളുടെ വിളിപ്പേര്. ആ രാത്രി ആ വഴി അവള്‍ തിരിച്ചു വീട്ടിലേക്കുള്ള ഓട്ടത്തിലാണ്. പ്രായം നേരത്തെ എത്തിയ ശരീരത്തില്‍ ഇന്നൊരുത്തനെ മേയാന്‍ വിട്ടതിന്‍റെ കൂലിയും കയ്യില്‍ പിടിച്ചു പാഞ്ഞു പോവുകയാണ് അവള്‍.
രാവന്തിയോളം അലഞ്ഞിട്ടും ഏതെങ്കിലും ലോറിക്കാരോ, കാമുകിയോ അവിഹിതമോ കനിയാത്ത പയ്യന്മാരോ ആരും തടഞ്ഞില്ല. വന്നത് ഒരു കുടിയന്‍. അവന്‍റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് 150 രൂപയാണ്. അതെങ്ങില്‍ അത് എന്നോര്‍ത്ത് സമ്മതം പറഞ്ഞത് ഗതികെടുകൊണ്ടാണ്.
അതേസമയം മറ്റൊരിടത്ത്
യു.പി രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കപ്പെടുന്ന ആ രാത്രി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ സമ്മതിച്ച യുവ നേതാവിനുള്ള കാഴ്ച ദ്രവ്യങ്ങളുമായി പോലിസ് വാഹനത്തില്‍ ഹീരാ ലാല്‍ യാദവ് ഇരുളിന്‍റെ മറവില്‍ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്.
ദ്രവ്യങ്ങളില്‍ ഒന്നായ പണപ്പെട്ടി നേതാവിന്‍റെ നിര്‍ദേശാനുസരണം ഒരു പാന്‍ വില്‍പ്പനക്കാരനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇരുപതു വയസു പ്രായം വരുന്ന ചുണ്ട് ചുവപ്പിച്ച മറ്റൊരു കാഴ്ച ദ്രവ്യം ജീപ്പിന്‍റെ മുന്‍സീറ്റില്‍ തന്നെ ഉണ്ട്.
ഇത്തരം രാത്രിയാത്രകള്‍ക്കും പുറത്തറിയാന്‍ പാടില്ലാത്ത ഇടപാടുകള്‍ക്കും യാദവ് വിശ്വസ്തനാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയക്കാര്‍ക്കും ഗുണ്ടകള്‍ക്കും പ്രിയപ്പെട്ടവന്‍. ഈ ജീവിത രീതി കാരണം കഴിഞ്ഞമാസം കുട്ടികളെയും കൊണ്ട് പിണങ്ങി പോയ ഭാര്യയെ തിരിച്ചു വിളിക്കാന്‍ അയാള്‍ ഇതുവരെ മിനക്കെട്ടിട്ടില്ല.
തിരക്കൊഴിഞ്ഞ തെരുവില്‍ നിന്ന് ആ ഇത്തരം ഹോട്ടലിലേക്ക് ജീപ്പ് കയറി. ആരും കാണാതെ, പറഞ്ഞു വെച്ച മുറിയിലേക്ക് യാദവ് ആ ചരക്ക് എത്തിച്ചു. ശേഷം അയാള്‍ മെല്ല റോഡിലേക്ക് ഇറങ്ങി. അയാള്‍ക്ക് സുപരിചിതമായ വഴിയാണ്. അവിടത്തെ ഒരുവിധം വഴികള്‍ക്കും ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും അയാളെ അറിയാം.
മാധുരി ആ സമയത്ത് വീട്ടിലേക്കുള്ള ഓട്ടത്തിലായിരുന്നു.
ആ പാച്ചില്‍ അവസാനിച്ചത് യാദവിന്‍റെ മുന്നിലാണ്. കുടവയറുള്ള ചുവന്ന കണ്ണും വലിയ മീശയുമുള്ള യാദവിന്‍റെ മുന്നില്‍. അവള്‍ക്കും അയാളെ അറിയാം. അവള്‍ക്കും പേടിയാണ്. അവള്‍ നിന്ന് വിറച്ചു.
"നീ ഈ പണി നിര്‍ത്തിയില്ല അല്ലെ.? നിന്നെ പിടിച്ച് അകത്തിട്ടാലേ പഠിക്കൂ.. വന്നു ജീപ്പില്‍ കയറെടീ."
അയാളുടെ ഈ ഗര്‍ജനത്തില്‍ വെയിലേറ്റു കരിഞ്ഞിരുന്ന അവളുടെ മുഖം വിളറി വെളുത്തു. അവള്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല.
കുറച്ചു കഴിഞ്ഞു വിക്കി വിക്കി അവള്‍ പറഞ്ഞു. " സാബ്... എന്നെ പോകാന്‍ അനുവദികണം . വീട്ടില്‍ മോന്‍ ഉണ്ട്. അവന് അസുഖമാണ്. അവനുള്ള മരുന്ന് വാങ്ങി വീട്ടില്‍ എത്തണം. "
അവള്‍ പറഞ്ഞത് സത്യമാണ്. ഒരു വയറു നിറയ്ക്കാന്‍ ഉള്ള ഓട്ടത്തിനിടയില്‍ എപോഴോ വയറു വീര്‍ത്തു ചുങ്ങിയപ്പോള്‍ പുറത്തു വന്ന ജീവന്‍. അവള്‍ക്കു വേണ്ടെങ്കിലും അവളുടേതായ അവളുടേതായ ഒരേയൊരു ബന്ധു. അവനു തീരെ വയ്യ. അവനു മരുന്ന് വാങ്ങാനുo കുറച്ചു ബ്രെഡ്‌ വാങ്ങാനുമാണ് അവള്‍ ഇന്ന് പണിക്ക് ഇറങ്ങിയത്.
പിന്നെ അവള്‍ക്കും വല്ലതും കഴിക്കണം. നല്ല കടകളില്‍ കയറി ഒന്നും കഴിക്കാന്‍ അവള്‍ക്കു പറ്റില്ല. ആരെങ്ങിലും ആട്ടിയോടിക്കും. തെരുവിലെ ഉന്ത് വണ്ടി കടകളില്‍ ആരെങ്കിലും മനസലിവ് കാണിച്ചാല്‍ തിന്നാന്‍ എന്തെങ്ങിലും പൊതിഞ്ഞു കിട്ടും. അത് അവിടെ തിരക്കാണെങ്കില്‍ കിട്ടില്ല.. എന്നെങ്കിലും മറ്റു മനുഷ്യരെ പോലെ ഒരു പൊതു സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കണം എന്ന് അവള്‍ ആഗ്രഹിക്കാറുണ്ട്.
അവളുടെ മറുപടി യാദവിന് ബോധിച്ചില്ല. മരുന്ന് വാങ്ങാന്‍ എന്ന് പറഞ്ഞ സ്ഥിതിക്ക് കയ്യില്‍ കാശ് ഉണ്ടാവും. അയാള്‍ രൂക്ഷമായി നോക്കിക്കൊണ്ട്‌ ചോദിച്ചു "കയ്യില്‍ കാശ് എത്ര ഉണ്ടെണ്ടി ?"
അവള്‍ വിറച്ചു വിറച്ചു കാര്യം പറഞ്ഞു. അന്നത്തെ അവസ്ഥയും പറഞ്ഞു. അത് അയാളില്‍ ദേഷ്യം കൂട്ടിയെ ഉള്ളൂ. ഒരു ഇരയെ കിട്ടിയിട്ട് വെറുതെ വിടുന്നത് അയാളുടെ ശീലമല്ല. യുവ നേതാവിന് കൊതി തീരുന്നതുവരെ സമയവും ഉണ്ട്.
"നൂറ്റമ്പത് രൂപയോ.? അതുകൊണ്ട് എന്താവാന്‍ ?"
അയാള്‍ അവളെ ഒന്ന് അടിമുടി നോക്കി. വികാരം കൊള്ളാന്‍ മാത്രം ഒന്നും ഇല്ല.
"നീ വാ"... അയാള്‍ വിളിച്ചു. അവള്‍ക്കു അറിയാം വേറെ വഴിയില്ല എന്ന്. അവള്‍ അയാളെ അനുഗമിച്ചു.
വഴിയോരത്ത് ഇരുട്ടിന്‍റെ മറവില്‍ ഒരു ഒഴിഞ്ഞ കൈവണ്ടിയില്‍ അവളെ കമിഴ്ത്തിക്കിടത്തി
പോലിസ് വേഷത്തിനുള്ളില്‍ വീര്‍പ്പുമുട്ടി കിടന്നിരുന്ന വികാരങ്ങളെ അയാള്‍ സ്വതന്ത്രമാക്കി. അവളുടെ മനസില്‍ മരുന്നുകടയും തെരുവ് കടക്കാരും കടയടച്ചു പോയിട്ടുണ്ടാവല്ലേ എന്ന ചിന്തയായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ സദാചാരത്തെ ഉധരിച്ചതും അതിന്‍റെ അംശങ്ങള്‍ അവളില്‍ നിക്ഷപിച്ചതും അവള്‍ അറിഞ്ഞില്ല.
കിതച്ചുകൊണ്ട് തന്‍റെ കുടവയര്‍ അധികാര മുദ്രയുള്ള ബെല്‍റ്റിന്‍റെ അതിര്‍വരമ്പുകളില്‍ അയാള്‍ ഒരുവിധം പിടിച്ചുകെട്ടി. വസ്ത്രം നേരെയാക്കി മധു റോഡിലേക്ക് ഇറങ്ങി. യാദവ്‌ അവളുടെ പിന്നാലെ ചെന്ന് അവളെ പിടിച്ചു.
"ആ കാശു താ.. "
"സാബ്, എന്‍റെ മകന് മരുന്ന് വാങ്ങാന്‍..." അവള്‍ കരഞ്ഞു പോയി.. യാദവിന് ഭാവമാറ്റമില്ല.
"ഈ പണിയെടുത്ത് ജീവിച്ചാല്‍ ഉള്ള ശിക്ഷ അറിയാമല്ലോ.. നിന്നെ പിടിച്ച് അകത്തിടണോ ?"
അവള്‍ കൈകൂപ്പി അപേക്ഷിച്ചു .. അയാള്‍ അത് ശ്രദ്ധിച്ചില്ല. അവളുടെ ബ്ലൗസില്‍ കയ്യിട്ടു അയാള്‍ ആ പണം പിടിച്ചെടുത്തു.
"കൊടിച്ചി പട്ടി പെറ്റ് കൂട്ടുന്ന പോലെ പെറ്റ് കൂട്ടിയിട്ടു ഇപ്പോള്‍ ദീനമാണെന്ന് പറഞ്ഞു മോങ്ങുന്നു. ചികിത്സിക്കാന്‍ ഒന്നും പോണ്ട. അത് ചത്തുപോയാല്‍ നിന്‍റെ യോഗമാണെന്ന് കൂട്ടിക്കോ." അയാള്‍ ഒരു ഉപദേശിയുടെ മട്ടില്‍ പറഞ്ഞു.
അവള്‍ കരഞ്ഞു കാലു പിടിച്ചു. അപ്പോള്‍ അയാളുടെ മൊബൈല്‍ അടിച്ചു. നേതാവാണ്‌. മടക്കയാത്രക്ക്‌ സമയമായി. അയാള്‍ മധുവിനെ തട്ടിമാറ്റി ഹോട്ടലിന് അകത്തേക്ക് നടന്നു. ഹോട്ടല്‍ സെക്യുരിടി അയാള്‍ക്ക്‌ സല്യൂട്ട് അടിച്ചു. എന്നിട്ട് മധുവിനെ എറിയാന്‍ ഒരു കല്ല്‌ പറക്കി എടുത്തു.
സദാചാരം മുറിപ്പെടാതിരിക്കാന്‍ അവള്‍ പെട്ടന്ന് അവിടെ നിന്നും എണീറ്റ്‌ നടന്നു.
അവള്‍ക്കു മുന്നിലും ചുറ്റിലും ഇരുട്ടായിരുന്നു.
© ഞാന്‍ അരുണ്‍

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo