നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്യാണമസ്തു

Image may contain: Njan Arun, beard, closeup and outdoor

രാവിലെ മുതല്‍ അരിശം ആയിരുന്നു കല്യാണി അമ്മയ്ക്ക്. എന്തോ ഒറ്റയ്ക്കിരിക്കുന്നത് കൊണ്ടാവാം. ആരും വരാനില്ല അവിടേക്ക്. മക്കള്‍ രണ്ടുപേരും വിദേശത്താണ്. മകള്‍ ഉച്ചകഴിഞ്ഞും മകന്‍ രാത്രിയും വിളിക്കും.
ഇന്നലെ രാത്രി വിളിച്ചപ്പോള്‍ മകന്‍റെ മകള്‍ വല്ലാത്ത വാശി ആയിരുന്നു. ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. അവള്‍ക്ക് തന്‍റെ മുഖച്ഛായ ആണെന്ന് എല്ലാവരും പറയാറുണ്ട്‌. ചില സമയത്തെ വാശി കാണുമ്പോള്‍ സ്വഭാവം തന്നെ പോലെ ആണെന്ന് കല്യാണി അമ്മക്ക് തോന്നാറുണ്ട്.
പക്ഷെ ഇന്നത്തെ ദേഷ്യം എന്തിനാന്നെന്ന് മനസിലാവുന്നില്ല. ആകെ കാണുന്നത് സീരിയലുകള്‍ ആണ്. രാത്രി കണ്ടു മതിയാവാതെ പകല്‍ വീണ്ടും കാണും.
മകന്‍ വിളിക്കുമ്പോള്‍ പറയും അത് മുഴുവന്‍ നെഗറ്റീവ് കാര്യങ്ങള്‍ ആണ്. അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ മനസ്സില്‍ നല്ലതോനും വരില്ല. ലൈഫ് മുഴുവന്‍ നെഗറ്റീവ് ആയിപ്പോകും എന്നൊക്കെ. എന്നാല്‍ അതൊന്നും കല്യാണിയമ്മ വിലവെയ്ക്കാറില്ല.
ആരോടെങ്കിലും എന്തെങ്കിലും സംസാരിക്കണം. തന്‍റെ പരാതിയുടെ കെട്ടഴിക്കണം. അത്രയേ ഉള്ളൂ. അതിന് സാധിച്ചാല്‍ പിന്നെ ഈ അരിശമൊക്കെ പമ്പ കടക്കും. അങ്ങനെ ഓരോന്ന് ആലോചിച്ച് മുറ്റത്തുകൂടി നടക്കുമ്പോള്‍ ആണ് അറിഞ്ഞത് നാളെ റീമ വരുന്നുണ്ട്.
റീമ അയല്‍ക്കരിയാണ്. അവര്‍ കുറച്ചു ദിവസം മകളുടെ വീട്ടില്‍ പോയി നില്‍ക്കുകയായിരുന്നു. നാളെ വന്നാല്‍ മരുമകനെ വര്‍ണ്ണിക്കുന്നത് കുറച്ചു നേരം കേട്ടിരിക്കേണ്ടി വരും. അവന്‍ എന്ത് നന്നായി മകളെ നോക്കുന്നു, അവള്‍ പറയുന്നത് അനുസരിച്ച് ജീവിക്കുന്നു.
പിന്നെ മകന്‍റെ കുറ്റങ്ങള്‍ തുടങ്ങും. മകന്‍ ഒരു പെൺ കോന്തനാണ്. മരുമകളോട് വഴക്കിടുമ്പോള്‍ റീമയുടെ ഭാഗത്ത് നില്‍ക്കാതെ അവന്‍ അവന്‍റെ ഭാര്യയുടെ ഭാഗത്തേ നില്‍ക്കൂ. ഈ ആണ്മക്കള്‍ എന്താ ഇങ്ങനെ ആയിപ്പോയത്. തന്‍റെ മകനും മോശമല്ല കല്യാണി ഓര്‍ത്തു.
മകനും ഭാര്യയും കുഞ്ഞും വിദേശത്താണ് . വല്ലപ്പോഴും നാട്ടില്‍ വരും. നാട്ടിൽ എത്തിയാൽ പിന്നെ യാത്രകൾ ആണ്. വീട്ടില്‍ ഇരിക്കില്ല. വയ്യാത്ത എന്നോട് കൂടെ വരാന്‍ പറയും. പിന്നേ, വേറെ പണിയില്ല. പ്രായമായ അമ്മ മാത്രമേ വീട്ടില്‍ ഉള്ളൂ എന്നുള്ള ബോധം വേണ്ടേ ? അവനോടു നാട്ടില്‍ വന്ന് നില്‍ക്കാന്‍ പറയണം.
ആ ചിന്ത കല്യാണിയമ്മയുടെ മനസ്സില്‍ കടന്നു കൂടി. അതെ!! അവനോട് നാട്ടില്‍ വന്ന് നില്‍ക്കാന്‍ പറയണം.
അവനെ പ്രസവിച്ച് വളര്‍ത്തി വലുതാക്കിയ അമ്മയല്ലേ. തനിക്ക് അത് പറയാന്‍ ഉള്ള അവകാശം ഉണ്ട്. അവന് അവിടത്തെ ജീവിതവും പണവും കണ്ടു സുഖം പിടിച്ചിട്ടുണ്ടാവും. ഇല്ലെങ്കില്‍ എന്താ ഇത്രയും കാലം ആയിട്ടും നാട്ടിൽ വന്ന് അമ്മയുടെ കൂടെ താമസിക്കാൻ തോന്നാത്തത്.
പ്രായമാകുമ്പോൾ അല്ലെ വേണ്ടപ്പെട്ടവർ കൂടെ വേണ്ടത് ? അവർ അയക്കുന്ന പണമോ അവരുടെ വീഡിയോ കോളോ മതിയാവില്ല പലപ്പോഴും.
റീമ വരട്ടെ...എല്ലാം പറയണം. മകനെ നാട്ടിലേക്ക് കൊണ്ട് വരാൻ എന്ത് ചെയ്യാൻ പറ്റും എന്ന് റീമയോട് അഭിപ്രായം ചോദിക്കാം.
അങ്ങനെ പരാതിപ്പെട്ടിയിൽ വേണ്ടതെല്ലാം അടുക്കി പെറുക്കി വെച്ച് റീമയെ കാത്തിരിക്കുമ്പോൾ കല്യാണിയമ്മ ഉറങ്ങിപ്പോയി.
പെട്ടന്ന് കണ്ണ് തുറന്നപ്പോൾ വീടിന് ആകെ ഒരു മാറ്റം. നല്ല വൃത്തി വെച്ചത് പോലെ ഒരു തോന്നൽ. പെയിന്റ് ഇത്രയ്ക്ക് പഴകിയിട്ടില്ല. എല്ലാം അടുക്കി പെറുക്കി വെച്ചിരിക്കുന്നു..
കല്യാണി ഒന്ന് ഇറങ്ങി നടന്നു ഉമ്മറത്തേക്ക് വന്നു. അവിടെ നിന്നപ്പോൾ ഏകത്ത് ഹാളിൽ ഒരു ബഹളം. അങ്ങോട്ട് നോക്കിയ കല്യാണി ഞെട്ടിപ്പോയി. അത് ഞാൻ തന്നെ അല്ലെ.? കൂടെ മകനും ഉണ്ട്. മകൻ ചെറുപ്പമാണ്. ചങ്കിടിപ്പോടെ കല്യാണിയമ്മ അത് നോക്കി നിന്നു.
അവിടെ മകനെ ഗൾഫിൽ പോകാൻ നിർബന്ധിക്കുകയാണ് കല്യാണിയമ്മ. അവൻ നാട്ടിൽ നിൽക്കാം , ഉള്ള ശമ്പളം കൊണ്ട് സന്തോഷമായി കഴിയാം എന്ന് പറയുന്നുണ്ട്. പക്ഷെ കല്യാണിയമ്മ സമ്മതിക്കുന്നില്ല. അവന്റെ ശമ്പളം തുച്ഛമാണെന്നു പറഞ്ഞ് അവർ അവനെ പരിഹസിച്ചു. അധിക്ഷേപിച്ചു.
ബന്ധുക്കളുടെയും അയൽക്കാരുടെയും മക്കൾ വിദേശത്ത് ജോലി ചെയ്ത് കിട്ടുന്ന ശമ്പളവും അവരുടെ ആഡംബര ജീവിതവും എല്ലാം ചൂണ്ടിക്കാണിച്ചാണ് കല്യാണിയമ്മ മകനെ നിർബന്ധിച്ചത്.
ആ നിർബന്ധത്തിന്റെ വാക്കുകൾ പലപ്പോഴും അതിരു കടന്നപ്പോൾ മകന്റെ കണ്ണ് നിറഞ്ഞു. പക്ഷെ കല്യാണിയമ്മയുടെ പിടിവാശിക്ക് അതൊന്നും കണ്ണിൽ പെടുന്നില്ല. ഉമ്മറത്ത് നിന്ന് ജാലകത്തിലൂടെ ഇതെല്ലാം കണ്ടു നിൽക്കുന്ന ഇന്നത്തെ കല്യാണിയമ്മക്ക് ഇത് കണ്ടപ്പോൾ മനസ് വേദനിച്ചു. അവരുടെ കണ്ണ് നിറഞ്ഞു.
കണ്ണ് തുടച്ച് ഒന്നുകൂടി നോക്കിയപ്പോൾ അവിടെ മകൻ ഇല്ല. കല്യാണിയമ്മ രാജ്ഞിയെ പോലെ ടിവി കണ്ടു ഇരിപ്പുണ്ട്. ഗൾഫുകാരന്റെ വീടിന്റെ മോടിയും പകിട്ടുമൊക്കെ ആ വീടിനു വന്നിട്ടുണ്ട്.
അപ്പോൾ അവിടെ മകന്റെ ഭാര്യയെ കാണാം. അവൾ രാവിലത്തെ വീട്ടു ജോലി എല്ലാം ചെയ്ത് ജോലിക്ക് പോകുന്നു.
കല്യാണിയമ്മയുടെ കാര്യങ്ങളും വീട്ടിൽ വേണ്ട സാധനങ്ങൾ വാങ്ങാനും, ബാങ്കിൽ പോകാനും, ബില്ലുകൾ അടയ്ക്കാനും എല്ലാം അവൾ തന്നെ ഓടി നടക്കുന്നുണ്ട്. പക്ഷെ കല്യാണിയമ്മ ഓരോ ചെറിയ കുറ്റങ്ങൾ ചൂണ്ടിക്കാണിച്ച് അവളെ കുറ്റപ്പെടുത്തുന്നു. ഒരാളെ കരയിപ്പിക്കുമ്പോൾ കിട്ടുന്ന സുഖം ആസ്വദിക്കാനാവും.
പിന്നെ മകനെ വിളിച്ച് അവളെ കുറിച്ച് കുറ്റങ്ങളും പരാതികളും പറയുന്നു. ഇതെല്ലം ജാലകത്തിനപ്പുറത്തെ ഇന്നത്തെ കല്യാണിയമ്മ നെഞ്ചിടിപ്പോടെ നോക്കി നിന്നു..
പിന്നെ ഒരുനാൾ മകൻ വരുന്നു. ഭാര്യയെയും കൊണ്ട് വിദേശത്തേക്ക് പോകുന്നു..
പിന്നെ അവിടെ കല്യാണിയമ്മ ഒറ്റക്കാണ്..
എന്നാൽ മകനും മക്കളും എന്നും വിളിക്കുന്നു. വിശേഷങ്ങൾ അറിയിക്കുന്നു. വീട്ടു ജോലിക്ക് ആളെ വെക്കുന്നതും ചിലവുകൾ നോക്കുന്നതും മകൻ തന്നെ ആണ്. കൊച്ചുമകളുടെ ചടങ്ങുകൾ എല്ലാം നാട്ടിൽ വെച്ച് നടത്തുന്നു.. വീട്ടിൽ എല്ലാവരും ഒത്തുചേരുന്നു… എല്ലാവരുടെയും സന്തോഷം കാണാം. പിന്നെ വീണ്ടും വീട് ഒഴിയുന്നു.
നാട്ടിലെ പൂരവും അമ്പലക്കുളത്തിൽ കുളിയും അതിനേക്കാൾ അമ്മയുണ്ടാക്കുന്ന ഭക്ഷണവും നഷ്ട്ടപ്പെട്ടു എന്ന് മകൻ പറയുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ കേബിൾ കട്ട് ആയതും വേലക്കാരിയുടെ വൃത്തിക്കുറവും എല്ലാം പരാതി പറയുന്ന അമ്മയെ ജാലകത്തിലൂടെ കല്യാണിയമ്മ കണ്ടു. അവരുടെ കണ്ണ് നിറഞ്ഞൊഴുകി.
പെട്ടന്ന് അവർ കണ്ണ് തുറന്നു. അപ്പോൾ അവൾ ഹാളിൽ സോഫയിൽ ചാരി ഇരിക്കുകയാണ്. കണ്ണ് നിറഞ്ഞിട്ടുണ്ട്.
ഉറക്കത്തിനും ഉണർവിനും ഇടയിൽ അന്നോളം കാണാതിരുന്ന പലതും അവർ കണ്ടു കഴിഞ്ഞിരുന്നു. പലതും തിരിച്ചറിഞ്ഞു.
പിറ്റേന്ന് റീമ വന്നപ്പോൾ കല്യാണിയമ്മയുടെ പരാതിപ്പെട്ടി കാലിയായിരുന്നു.
റീമയുടെ പരാതിപ്പെട്ടി തുറക്കാൻ സമ്മതിക്കാതെ കല്യാണിയമ്മ പറഞ്ഞു “ എന്റെ മക്കളെ ഞാൻ ഇനി കുറ്റം പറയില്ല. ഞാൻ പറഞ്ഞത് പോലെയേ അവർ ജീവിച്ചിട്ടുള്ളൂ. എനിക്ക് മേനി പറയാൻ അവർ മാർക്ക് വാങ്ങിച്ചു. ജോലി വാങ്ങിച്ചു. വലിയ ശമ്പളം ഉള്ള ജോലി തേടിപ്പോയി. എനിക്ക് പൊങ്ങച്ചം കാണിക്കാൻ പണം സമ്പാദിച്ച് വീട് വലുതാക്കി , വീട്ടിൽ ഓരോന്ന് വാങ്ങി വെച്ചു. അവർ ഇപ്പോ കൂടെ ഇല്ല.
പക്ഷെ എല്ലാവരെയും പരാതി പറഞ്ഞ് ഓടിച്ചത് ഞാൻ ആണ്. എന്നാലും അവർ എന്നും എന്റെ കാര്യങ്ങൾ അന്വേഷിക്കുന്നു. എനിക്ക് ജീവിക്കാൻ ഉള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് തന്നിട്ടുണ്ട്. എന്റെ കൊച്ചുമകൾ എന്നും എന്നെ കണ്ടു സംസാരിച്ചിട്ടേ കിടക്കാറുള്ളൂ. ഇതിൽകൂടുതൽ ഇനി എന്ത് വേണം ?”
അത് പറഞ്ഞപ്പോൾ കല്യാണിയമ്മയുടെ മനസ്സിൽ അന്നോളമില്ലാത്ത ഒരു തൃപ്തി തോന്നി. പുഞ്ചിരിയോടെ അവർ റീമയെ നോക്കി.
അതിന് ശേഷം ആ വീട്ടിൽ സീരിയൽ വെച്ചിട്ടില്ല.
ആറു മാസം കഴിഞ്ഞു.
ഇപ്പോൾ കല്യാണിയമ്മ തിരക്കിൽ ആണ്. ഉച്ചക്ക് 50 പേർക്ക് ഊണും കറികളും തയ്യാറാക്കി പായ്ക്ക് ചെയ്ത് വെയ്ക്കണം. അടുത്തുളള ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഇവിടെ വന്നാണ് ഉച്ചഭക്ഷണം വാങ്ങിക്കൊണ്ട് പോകുന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവർ ആണ് അധികവും. ഇപ്പോൾ കല്യാണിയമ്മയുടെ കൈപ്പുണ്യം കാരണം കൂടുതൽ പേര് ഭക്ഷണം ആവശ്യപ്പെടുന്നുണ്ട്. പാചകത്തിന് കൂട്ടിനു റീമയും ഉണ്ട്.
വൈകുന്നേരം കല്യാണിയമ്മ നടന്ന് അമ്പലം വരെ പോകും. എല്ലാവരും പോയതിന് ശേഷം ഒറ്റക്കെ തിരിച്ചുവരൂ. ഇല്ലെങ്കിൽ കുറെ പരദൂഷണം കേൾക്കേണ്ടി വരും.
അതെ…. ഇപ്പോൾ കല്യാണിയമ്മ നല്ലത് മാത്രമേ കേൾക്കുന്നുള്ളൂ… നല്ലതേ പങ്കുവെയ്ക്കുന്നുള്ളൂ.. അവരുടെ ആഗ്രഹങ്ങൾ നന്മ നിറഞ്ഞതായി.
അടുത്ത ഓണത്തിന് മക്കളും മരുമക്കളും കൊച്ചുമക്കളും വരുന്നുണ്ട്. എല്ലാവർക്കും സ്വന്തം വരുമാനം കൊണ്ട് ഓണക്കോടി എടുത്ത് കൊടുക്കണം.
പിന്നെ എല്ലാവർക്കും സ്വന്തം കൈ കൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കണം. അവർക്ക് കൈമോശം വന്നുപോയ ഈ കൈപുണ്യത്തിന്റെ രുചിയും അൽപ്പം നന്മയും വിളമ്പി കൊടുക്കണം… എന്നിട്ട് അവരുടെ സന്തോഷം കണ്ട് മനസ് നിറയണം..
നന്മകൾ ആഗ്രഹിക്കുന്നവർക്ക് നന്മകൾ ഉണ്ടാവട്ടെ.. കല്യാണമസ്തു.
©ഞാൻ അരുൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot