Slider

കഥ: ബിരിയാണി:

0
Image may contain: drawing
പത്തുപതിനഞ്ചു ദിവസമായി , ജീവിതം മടുത്ത് വീടുവിട്ടു ദൂരദേശത്തേക്ക് പോന്നിട്ട് . കണ്ടിടത്തെല്ലാം ചുറ്റിത്തിരിഞ്ഞശേഷം അയാൾ ഒന്നു കുളിക്കാൻ തീരുമാനിച്ചു. നദിക്കരയിലേക്ക് നടക്കുമ്പോഴാണ് അയാളത് ശ്രദ്ധിച്ചത്! ആൽമരച്ചുവട്ടിലിരിക്കുന്ന സംന്യാസി മലയാളം സംസാരിക്കുന്നു!
"നോം പാലും പഴവും മാത്രമേ കഴിക്കൂവെന്ന് ഹിന്ദിഭാഷയിൽ പുതിയതായിവന്ന ഭക്തരോട് പറയൂശിഷ്യാ... "
സംന്യാസി കൂടെയുള്ള ആളോടാണ് അത് പറഞ്ഞത്!
ഉത്തരേന്ത്യയിലെവിടെയോ ഉള്ള ഈ നഗരപ്രാന്തത്തിൽ നദിക്കരയിൽ ഒരു മലയാളിയായ സന്യാസി!!
അയാൾക്ക് കൗതുകം തോന്നി.
തന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാൻ ഈ സന്യാസിക്ക് കഴിഞ്ഞേക്കും!
അയാൾ സന്യാസിക്കരികിലേക്ക് നടന്നു. അയാൾ സന്യാസിയുടെ കാൽതൊട്ട് വന്നിച്ചു .
എന്നിട്ട് പറഞ്ഞു: "ഗുരോ, ഞാൻ വീടുവിട്ടു പോന്നു. നാട്ടിൽ സാമ്പത്തിക മാന്ദ്യം. ഭാര്യയും കുട്ടികളും ഓരോരോ ആവശ്യങ്ങൾ പറയുന്നു. അരി, പഞ്ചസാര ,വസ്ത്രം, സ്കൂൾ ഫീസ്.... അങ്ങനെ നൂറുകൂട്ടം ആവശ്യങ്ങൾ. അതൊക്കെ നിറവേറ്റാൻ നിന്നാൽ എന്റെ ആത്മസാക്ഷാത്കാരം അവതാളത്തിലാകും. അതുകൊണ്ട് അങ്ങെന്നെ ശിഷ്യനായി സ്വീകരിക്കണം!"
സന്യാസി അയാളെ അടിമുടി നോക്കി.
എന്നിട്ട് പറഞ്ഞു: "ങ്ഹും.... ഇവിടെ നോമിനും ശിഷ്യനും കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ള വരുമാനമേയുള്ളൂ. ഭക്തരെല്ലാം എണ്ണത്തിൽ വളരെ കുറവ്. കയ്യിൽ കാശുണ്ടോ?അതോ തനിക്ക് ഞാൻ ചിലവിന് തരേണ്ടി വരുമോ?"
അയാൾ പറഞ്ഞു: "കയ്യിൽ അത്യവശ്യം വഴിച്ചിലവിനുള്ള കാശു കരുതിയിട്ടുണ്ട്."
സംന്യാസിയുടെ മുഖം തെളിഞ്ഞു.
"ങ്ഹും ശരി, എങ്കിൽ നോമിന്റെ ശിഷ്യനായി ഇവിടെ കൂടിക്കോളൂ."
അങ്ങനെ അയാൾ സംന്യാസിയോടൊപ്പം ചേർന്നു.
രാത്രിയായപ്പോൾ സന്യാസി അയാളെ അരികിലേക്ക് വിളിച്ചു.
എന്നിട്ട് പറഞ്ഞു: "ഒരു 600 രൂപ വേണം."
ഈ രാത്രിയെന്തിനാ പണം എന്നു ചോദിക്കണമെന്നു തോന്നി. എങ്കിലും ചോദിച്ചില്ല. അയാൾ പണം നൽകി.
സന്യാസി തന്റെ ആദ്യത്തെ ശിഷ്യനെ അരികിൽ വിളിച്ച് പണം നൽകി പറഞ്ഞു: "ഇന്ന് മൂന്ന് പാഴ്സൽ വാങ്ങിക്കോളൂ. നമ്മൾ മൂന്നു പേരുണ്ടല്ലോ".
ശിഷ്യൻ പണം വാങ്ങി പോയി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തിരികെയെത്തി.
പാഴ്സലു തുറന്നപ്പോൾ മട്ടൻ ബിരിയാണി. മൂന്നു പാഴ്സലുകൾ മൂന്ന് പേർ വീതിച്ചെടുത്തു.
ബിരിയാണി കുഴച്ച് വായിലേക്ക് വച്ച് ചവച്ചപ്പോൾ സന്യാസി പറഞ്ഞു: "അവശിഷ്ടങ്ങൾ താഴെ വീഴാതെ സൂക്ഷിക്കണം. നാളെ വരുന്ന ഭക്തജനങ്ങൾക്ക് മാംസത്തിന്റെ മണം കിട്ടിയാൽ നോം കുഴയും."
അതോടെ അയാളുടെ നിയന്ത്രണം നഷ്ടമായി.
അയാൾ പറഞ്ഞു: "ഗുരോ, ഞാൻ ആത്മസാക്ഷാത്കാരം തേടി വന്നതാണ് . രാത്രി ഒളിച്ച് ബിരിയാണി തിന്നാൻ വന്നതല്ല ".
സംന്യാസി പറഞ്ഞു: "എടോ ഏഭ്യാ...!ഇതൊക്കെയാണ് ആത്മസാക്ഷാത്കാരം. വിശക്കുമ്പോൾ നല്ല ബിരിയാണി ശാപ്പിടുക എന്നത്..."
അയാൾക്ക് ആകെ പരിഭ്രമമായി. നല്ല വിശപ്പുണ്ട്. വീട് വിട്ട ശേഷം നല്ല ഭക്ഷണം കഴിച്ചിട്ടില്ല.
ബിരിയാണിയുടെ മണമടിച്ചപ്പോൾ നാവിൽ വെള്ളമൂറി. ബിരിയാണി തിന്നുകൊണ്ടിരിക്കുമ്പോൾ നല്ല രുചി. സന്യാസി പറഞ്ഞത് ശരിയല്ലേ എന്നു തോന്നിപ്പോയി!
ആകെയിനി കയ്യിൽ കുറച്ചു പണമേ ബാക്കിയുള്ളൂ. ഇനിയിവിടെ നിന്നാൽ സംന്യാസിക്കും ശിഷ്യനും നാളെയും ബിരിയാണി വാങ്ങാൻ പണം കൊടുക്കേണ്ടി വരും.
അന്നുരാത്രി തന്നെ അയാൾ തിരികെ നാട്ടിലേക്ക് ട്രെയിൻ കയറി.
4 ദിവസത്തെ ട്രെയിൻ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അയാളുടെ കയ്യിൽ ഭാര്യക്കും കുട്ടികൾക്കുമുള്ള ബിരിയാണിപ്പൊതിയുണ്ടായിരുന്നു -
--ശുഭം -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo