Showing posts with label NikhilaVishnu. Show all posts
Showing posts with label NikhilaVishnu. Show all posts

രാത്രി ഇനിയും തീർന്നിട്ടില്ല....


രാത്രി ഇനിയും തീർന്നിട്ടില്ല....
പേടിച്ചരണ്ട മാൻപേടയേപ്പോലെ അവൾ കൂട്ടിയിട്ടിരുന്ന പെട്ടികൾക്കിടയിലൂടെ അയാളെ നോക്കി.......
അയാൾ തന്നെ കണ്ടു പിടിക്കാനുള്ള വ്യഗ്രതയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ശ്വാസമടക്കിപ്പിടിച്ചുകൊണ്ടവൾ കണ്ടു......
പെട്ടെന്ന് തന്നെ ഒരു നിഴൽ അനങ്ങുന്നത് അവൾ കണ്ടു .എരിഞ്ഞു കൊണ്ടിരുന്ന മെഴുകുതിരി ആരോ ഊതിക്കെടുത്തി...... ഇപ്പോൾ കൂരിരുട്ടു മാത്രം.. പേടി കൊണ്ടവൾ കണ്ണുകൾ ഇറുക്കിയടച്ചു...... എന്തൊക്കെയോ തട്ടി വീഴുന്നു ,ആരുടെയൊക്കെയോ അലർച്ച... അവൾ തൻെറ രണ്ടു കൈകൾ കൊണ്ടുംചെവി ചേർത്തടച്ചു..... ഇപ്പോൾ അവൾക്കൊന്നും കേൾക്കാൻ കഴിയുന്നില്ല..... കുറച്ചു നേരം കഴിഞ്ഞപ്പോൾ ആരോ അവളെ വാരിയെടുത്തു.... പേടി കൊണ്ട് അപ്പോഴും അവൾ കണ്ണുകളടച്ചു പിടിച്ചു......
സൂര്യപ്രകാശം കണ്ണുകളിലടിച്ചപ്പോഴാണ് അവൾ കണ്ണുകൾ തുറന്നത്.... നോക്കിയപ്പോൾ ബസ്സിലാണ്.....എന്തോ ദു:സ്വപനം കണ്ടപോലെ അവൾ ചാടിയെണീറ്റു നോക്കിയപ്പോൾ അമ്മ അവളെ ചേർത്തു പിടിച്ചിട്ടുണ്ട്...... പാവം ഉറങ്ങുകയാ.... ഇത്രയും സ്വസ്ഥതയോടെ അമ്മ ഉറങ്ങുന്നത് താൻ ഇതുവരെയും കണ്ടിട്ടില്ലാന്നോർത്തപ്പോൾ അവൾക്ക് അവരെ ഉണർത്താൻ തോന്നിയില്ല... അമ്മയിതെങ്ങോട്ടാ തന്നേം കൊണ്ട് പോണത്, അവൾ പുറത്തേയ്ക്ക് നോക്കി എവിടാണെന്നൊരു പിടിത്തോമില്ല..... അവൾ പതിയെ അമ്മയേ നോക്കി,അമ്മയുടെ പിൻകഴുത്തിലൂടെ ചോരയുടെ ഉണങ്ങിയ നീർച്ചാലുകൾ കാണാം...... ഭാഗ്യം അമ്മയ്ക്കൊന്നും പറ്റിയിട്ടില്ലല്ലോ..... രാത്രി നടന്ന കാര്യം അവൾ ഓരോന്നായോർത്തെടുക്കാൻ ശ്രമിച്ചു.... രാത്രി കഞ്ഞിയും മുളകം കഴിച്ചോണ്ടിരുന്നപ്പോഴാ അയാൾ കുടിച്ചു ലക്കുകെട്ട് കേറി വന്നത്.... അമ്മേ അയാൾ ഉപദ്രവിക്കാൻ തുടങ്ങി... നീ വന്നില്ലേൽ നിന്റെ മോളു മതിയെന്ന് അയാൾ പറയണകേട്ടു... അതു കേട്ടപ്പോൾ അമ്മ അയാളുടെ കരണത്തടിച്ചു... അയാൾ ഓടിച്ചെന്ന് ഒരു വലിയ വിറകെടുത്ത് അമ്മേടെ തലയ്ക്കടിച്ചു... ബോധം പോണേനു മുൻപേ അമ്മയെന്നോട് ഓടി രക്ഷപെടാൻ പറഞ്ഞു...... അമ്മ വീണയുടനെ അയാൾ എന്നെ ഉപദ്രവിക്കാൻ വന്നു, അപ്പോൾ അവിടെ വെച്ചിരുന്ന മുളകിന്റെ പാത്രമെടുത്ത് അയാളുടെ മുഖത്തേക്കെറിഞ്ഞു... ഏറ് വെറുതെയായില്ല അയാളുടെ കണ്ണിൽ തന്നെ മുളക് വീണു...... ആ തക്കത്തിന് മുറിയുടെ മൂലയിൽ വെച്ചിരുന്ന പെട്ടികൾക്കിടയിൽ കയറി ഒളിച്ചു......... ബോധം വന്നപ്പോൾ അമ്മ അയാളെ എന്തോ ചെയ്തിട്ട് എന്നേം കൊണ്ടോടിയതാണ്, പാവം..... അവൾ അമ്മയുടെ കൈയിൽ ഒരുമ്മ കൊടുത്തു...
അപ്പോഴാണ് അവൾ ശ്രദ്ധിച്ചത് അമ്മ യുണർന്നിരുക്കുന്നു...
അമ്മേ.........
മം........
നമ്മളെങ്ങോട്ടാ പോണെ?.
അമ്മയെന്നെ ചേർത്തിരുത്തി........ ഇനി ആരും നമ്മളെ ഒന്നും ചെയ്യില്ല... മോളുടെ അപ്പൂപ്പന്റെം അമ്മൂമ്മേടേം വീട്ടിലോട്ടാ നമ്മൾ പോണെ..... അവിടെയാരും മോളെ ഉപദ്രവിക്കാൻ വരില്ല..... ഇത്രയും കാലം അമ്മ ക്ഷമിച്ചു..... ഇനീം അവിടെ നിന്നാൽ അയാൾ ചിലപ്പോ മോളേ.........
അമ്മയുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി....... എനിക്കും സങ്കടം വരുന്നുണ്ടായിരുന്നു..... പണ്ടേയങ്ങനെയാ അമ്മ കരഞ്ഞാൽ ഞാനും കരയും.....
പക്ഷേ അമ്മ പെട്ടന്ന് നിറഞ്ഞു വന്ന കണ്ണു തുടച്ചിട്ട് പറഞ്ഞു,ഇനിയെന്റെ മോളു കരയരുത്. ഇനീം വേണം നമുക്ക് സന്തോഷത്തോടെ ജീവിക്കാനെന്നും പറഞ്ഞ് ചിരിയ്ക്കാൻ തുടങ്ങി.... ചിലതൊക്കെ മനസ്സിലായില്ലെങ്കിലും ഞാനും അമ്മേടെ കൂടെ ചിരിച്ചു..... ആരേയും പേടിക്കാതെ സന്തോഷത്തോടെയുള്ള ജീവിതം ഞാനും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു...........
# നിഖില

അമ്മേടെ സ്വന്തം കിച്ച


അമ്മേടെ സ്വന്തം കിച്ച
കിച്ചേ..... അമ്മേടെ പൊന്നു വാവേ....
അമ്മേ നോക്കി പല്ലില്ലാത്ത മോണ കാട്ടി ഒരു ചിരി 'പാസാക്കി....
അമ്മയ്ക്കെന്നെ കുളിപ്പിക്കാനറിഞ്ഞൂടെ.....
ഞാൻ ചിന്തിച്ചു......
ഹോ ..... എന്തൊരു തണുപ്പാ... ഈ അച്ഛമ്മയ്ക്കെന്നാ കണ്ണിച്ചോരയില്ലേ.......
ഹും..... അത് കണ്ട് ചിരിക്കാൻ ഒരച്ഛനും....
ഞാൻ വലുതാകട്ടെ നല്ല തണുത്ത വെള്ളത്തിൽ അച്ഛനേ കുളിപ്പിച്ചു കാണിച്ചു തരാം....
അമ്മ അച്ഛമ്മേടെടുത്ത് പറയുന്നുണ്ട് എനിക്ക് തണുക്കണന്ന്....... അമ്മയ്ക്ക് മാത്രേ എന്റെടുത്ത് സ്നേഹമുള്ളൂ...... പാവം....
ഞാനാദ്യായി സ്കൂളിൽ പോവാന്ന്..... അച്ഛനാ ഇന്നെന്നെ കുളിപ്പിച്ചേ..... ഈ അച്ഛനെപ്പോഴും ഇതന്നെ പരിപാടി....
മതിയച്ഛാ.....നിക്ക് വേദനിക്കുണൂ.......
കിച്ചേ......
അമ്മയതാ നല്ല ചുവന്ന ഒരു പട്ടുപാവാടേം ബ്ലൗസും എടുത്തോണ്ട് വരണൂ........
ഹായ്....... നല്ല രസം......
ആഹാ..... ഇഷ്ടായോ എന്റെ കിച്ചയ്ക്ക്...
മം....... ഒത്തിരി............
ഉമ്മ........
അമ്മയെന്നെ ചേർത്തു പിടിച്ചു.......
ഞാനിത് അച്ഛമ്മേ കാട്ടീട്ട് വരാട്ടോ.........
ഞാനങ്ങോട്ട് ഓടി........
* * * * *
കിച്ചേ ......നീയെന്താ അവിടെ കാട്ടണെ...
അമ്മേ ഈ ബ്ലൗസിത്തിരി ഇറുകിയോ.......
മം....... ചെറുതായിട്ട്....... എന്നിട്ട് ചെറുതായൊന്ന് ചിരിച്ചു.........
ഹേ...... ബ്ലൗസ് ചെറുതായതിന് അമ്മ എന്തിനാ ചിരിക്കണേ .........
അമ്മ പതിയെ എന്റെ കാതിൽ പറയുവാ...... അതേ.... കിച്ചേ.... ബ്ലൗസ് ചെറുതായതല്ല, നീ വലുതായതാ.........
അമ്മയത് പറഞ്ഞപ്പോ എന്റെ മുഖം ചെറുതായൊന്ന് ചുവന്നു..........
* * * * *
ഇടനാഴിയിലൂടെ അവൾ മെല്ലെ നടന്നു..... എന്തോ കാലിൽ തട്ടി. നോക്കിയപ്പോ ഒരു പുസ്തകം........ അവൾ അതെടുത്ത് വായിച്ചു....... കൃഷ്ണപ്രിയ.എം., 10-B....
അവൾ തിരിഞ്ഞ് നിന്ന് കണ്ണാടി നോക്കി........
ഇതെന്താ മൂക്കില്.......
നീയെന്താ അവിടെ നിന്ന് കറങ്ങണെ....... ആഹാ കിട്ടിയോ നിന്റെ മലയാളം ബുക്ക്....... ഇനിയിത് നോക്കാൻ സ്ഥലമില്ല...... എവിടേലും കൊണ്ട് വെച്ചിട്ട് എന്റെ മെക്കിട്ട് കേറിയാ മതിയല്ലോ.....
ഇതെന്നാ മൂക്ക് കുത്തിയടുത്തൂന്ന് ചോര വരുന്നത്........ നീ പിടിച്ച് വലിച്ചോ......... ഈ പെണ്ണിന്റെ കാര്യം.....
ഹാ മറന്നൂ........ ദാ വരുമ്പോ അച്ഛന്റെ മരുന്നൂടെ വാങ്ങിച്ചോ....
അമ്മ ഒരു പേപ്പർ എന്റെ കൈയിൽ തന്നിട്ട് തിരിച്ചു പോയി...........
എന്ത് മരുന്ന് ..... അച്ഛനെന്താ അസുഖം.........
* * * *
മോളേ...... കിച്ചേ...... ഓടി വാ.............
ഞാൻ ചെല്ലുമ്പോ മുറ്റത്ത് അച്ഛന്റെ നെഞ്ചിൽ തലത്തല്ലി കരയുകയാ അമ്മ........
ഞാനുമോടിച്ചെന്ന് അച്ഛന്റടുത്ത് വീണു കരഞ്ഞു....
ആരൊക്കെയോ വന്ന് അമ്മേം എന്നേം താങ്ങിയെടുത്തോണ്ട് വീട്ടിനുള്ളിലേക്ക് പോയി.......
ബോധം വന്നപ്പോ ആദ്യം അമ്മേയാ തിരഞ്ഞത്... അമ്മയപ്പോഴും ചിറ്റമ്മേടെ മടിയിൽ ബോധമില്ലാതെ എന്തൊക്കെയോ പിറുപിറുത്തോണ്ടിരുന്നു.......
തെക്ക് വശത്തെ പുളിയുടെ ചോട്ടിൽ അച്ഛൻ ഒരു പിടി ചാരം മാത്രമായി അവശേഷിച്ചു........
ഞാൻ പതുക്കെയങ്ങോട്ട് നടന്നു....
പെട്ടെന്ന് കാൽ ഒരു കനലിൽ കൊണ്ട് പൊള്ളി...
* * * * *
എന്താ കിച്ചേയിത് .... നീയിതെന്താലോചിച്ച് നിക്ക്യാ....... മതി അടുപ്പിൽ തീയൂതിയത്.......
പെട്ടന്നാണ് അവൾ ശ്രദ്ധിച്ചത് ഒരു വിറക് കൊള്ളി കാലിനടുത്ത് കിടക്കുന്നു....
അമ്മയ്തെടുത്ത് തിരികെ അടുപ്പിൽ വെച്ചു......
നീയിതു വരെ പോയില്ലേ.... ചെന്ന് റെഡിയാവ്.....
അവരിപ്പം എത്തും..... ചെക്കൻ അമേരിക്കയിലാണേലും, തനി നാടനാന്നാ അമ്മാവൻ പറഞ്ഞേ.......
ചെല്ല് കിച്ചേ....
അവൾ പതുക്കെ ഇടനാഴിയിലൂടെ നടന്നു...
മുറിയിൽ അമ്മ നല്ല കവണിയും പുടവയും മുല്ലപ്പൂവും ഒക്കെയെടുത്തു വെച്ചിട്ടുണ്ടാരുന്നു.....
* * * * *
കാവില് വിളക്ക് വെച്ച് തിരിഞ്ഞപ്പോൾ ആരോ തന്നെ ശ്രദ്ധിക്കുന്ന പോലെ........
ഞാൻ തിരിഞ്ഞു നോക്കി.....
ആരേം കണ്ടില്ല......
ഞാൻ തിരിച്ചു നടന്നു...
കിച്ചേ....
ഞാൻ ഞെട്ടിപ്പോയി........ അമ്മേടെ ശബ്ദം.......
അമ്മയെങ്ങനാ കാവിൽ വന്നേ ......
വിളക്ക് വെയ്ക്കാൻ അമ്മയല്ലേ എണ്ണേം തിരീം എടുത്തു തന്നെ കാവിലോട്ടയച്ചത്....
കിച്ചേ.......
ഇത്തോണെ ഞാൻ തിരിഞ്ഞു നോക്കി.......
മരത്തിന് പിന്നിൽ ആരോ......
അതേ അമ്മ തന്നെ.........
ഞാൻ പെട്ടെന്ന് വീടിന്റെ പൂമുഖത്തേക്ക് നോക്കി....
അമ്മയതാ അവിടെ തന്നെ നോക്കി നിക്കുണു....
അവൾ കാവിലേക്ക് നോക്കി....... അമ്മ അവിടെ തന്നെ നിക്കുന്നു...... പക്ഷേ ഇവിടെ നിക്കണ അമ്മേടെ മുഖം ശാന്തമാണ്.... എന്തോ ഒരു പ്രത്യേകത.....
കിച്ചേ.....നീയെന്താ ഇത്രേം നാളായിട്ട് എന്നേ കാണാൻ വരാത്തെ......
ഈ ഓണത്തിനെങ്കിലും നിങ്ങള് വരില്ലേ........
ഞാനിവിടെ കാത്തിരിക്കും.........
അമ്മേ.....
* * * *
കൃഷ്ണാ... വേക്ക് അപ്പ്......
വേക്ക് അപ്പ്....കൃഷ്ണാ......
എന്തുറക്കാടോ...
ശരൺ എന്നെ കുലുക്കി വിളിക്കുവാണ്...
ഞാൻ പതുക്കെ കണ്ണു തുറന്നു...
ഞാൻ...... ഞാൻ ........ എന്തോ സ്വപനം......
മം..... എനിക്ക് തോന്നി....
ഹേയ് കൃഷ്ണാ ഇറ്റ്സ് ബ്ലീഡിങ്ങ് ഹീയർ..... ശരൺ എന്റെ മൂക്കുത്തിയിൽ പിടിച്ച് പറഞ്ഞു....
വെയ്റ്റ്... ഞാൻ മെഡിസിൻ എടുത്തിട്ടു വരാം....
വേണ്ട.. ഇറ്റ്സോക്കേ......
ഞാൻ അമ്മേ സ്വപ്നം കണ്ടു....
ശരൺ അമ്മയ്ക്കെന്തേലും പ്രോബ്ലം.....
ഹേയ്.... അങ്ങനൊന്നും കാണില്ല.....
റിലാക്സ്....... നമ്മൾ നാളെ അങ്ങോട്ടേക്കല്ലേ പോണത്....... നത്തിഗ് ഹാപൻ..... ഷ്വർ....
പെട്ടെന്ന് ഫോൺ ബെല്ലടിച്ചു.....
ശരൺ സുധീപേട്ടനാ ,ചിറ്റമ്മേടെ മോൻ......
അമ്മയ്ക്ക്.... എന്തെങ്കിലും....
ശരൺ കോളെടുക്ക് ....എനിക്ക് ......
* * * *
അപ്പോ ഞാൻ കണ്ടത് സ്വപ്നമല്ലാരുന്നോ....അമ്മയിത്രേം നേരം എന്റടുത്തു....
ഈശ്വരാ....
കൃഷ്ണാ....
സോറി ടു സേ..... അമ്മ..... അമ്മയ്ക്ക് ... ചെറിയ ഒരു അറ്റാക്ക്.... നത്തിംഗ് ടു വറി......
അവർ അമ്മേ ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട്.....
അതു കേട്ടതും അവൾ അയാളുടെ കൈകളിലേക്ക് കുഴഞ്ഞ് വീണു.....
അപ്പോഴും അവൾടെ കാതിൽ അമ്മ മന്ത്രിച്ചോണ്ടേയിരുന്നു.... "കിച്ചേ നീ വരില്ലേ അമ്മേ കാണാൻ.........."
നിഖില

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo