Showing posts with label AshaRajeev. Show all posts
Showing posts with label AshaRajeev. Show all posts

ഒറ്റത്തിരി നാളം


അന്നൊരു വ്യാഴാഴ്ച ആയിരുന്നു.എല്ലാ പ്രവാസി വീട്ടമ്മയെ പോലെ രേണുവും എറെ പുലർന്നാണ് എഴുന്നേറ്റത്. ഉറക്കത്തിന്റെ ആലസ്യം വിട്ടു പോകുന്നതിനു മുൻപേ അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. കരങ്ങൾ കൂട്ടി തിരുമ്മി. കണ്ണുകൾ അടച്ചു.
'' കാരാഗ്രേ വസതേ ലക്ഷ്മി
കരമധ്യേ സരസ്വതി
കരമൂലേ തൂ ഗോവിന്ദം
പ്രഭാതേ കരദർശനം."
അമ്മൂമ്മ പഠിപ്പിച്ചു കൊടുത്തതാണ്. ലോകത്തിന്റെ ഏതൊരു കോണിൽ ആണെങ്കിൽ പോലും നിഷ്ഠ തെറ്റാതെ അവൾ അത് തുടരുന്നു.അവളുടെ ദിനചര്യകൾ പതിവുപോലെ തുടർന്നു. ഭർത്താവിനെ ഓഫീസിലേക്ക് വിട്ട് അവൾ അവളുടേതായ ലോകത്തിൽ മുഴുകി.അവിരാമം ഒഴുകി വരുന്ന രേണുവിന്റെ ചിന്തകൾക്ക് നവനവങ്ങളായ ഭാവങ്ങൾ കൈവരിക്കാൻ തുടങ്ങിയിരിക്കുന്നു. നാടും, വീടും അമ്മയും, അച്ഛനും എല്ലാം അവളുടെ അന്ത: കരണത്തെ അസ്വസ്ഥമാക്കി. അമ്മയെയും അച്ഛനെയും കാണാൻ കൊതിയാണ്. അല്ലെങ്കിലും ഏതൊരു പെണ്ണാണ് ആഗ്രഹിക്കാത്തത് ഭർതൃമതി ആയതിനു ശേഷവും പിറന്ന വീട്ടിലേക്ക് ഒന്നു കയറി ചെല്ലാൻ....
കഴിഞ്ഞ എട്ട് മാസം മുൻപാണ് രേണു തന്റെ രണ്ടര വയസ്സായ മകളെയും കൊണ്ട് നാട്ടിൽ ചെന്നത്.കൊച്ചുമകളെ ആദ്യമായി കണ്ട തന്റെ അച്ഛനും അമ്മയും ഒരുപാട് സന്തോഷിക്കുന്നത് രേണു കണ്ടു. തന്നോട് ഒന്നു മിണ്ടുകപോലും ചെയ്യാതെ അവർ തന്റെ കുഞ്ഞിനെ കളിപ്പിച്ചും, കുളിപ്പിച്ചും, ഊട്ടിച്ചും കൊണ്ടു നടന്നു. എന്തിന് തന്റെ കുഞ്ഞും നാളിൽ എറെ കർക്കശ സ്വഭാവത്തോടെ പെരുമാറിയിരുന്ന അച്ഛൻ പോലും ദേ ഇപ്പോൾ കൊച്ചുമകളുടെ മുന്നിൽ ലോലഹൃദയനായി മാറിയിരിക്കുന്നു. എന്തൊരു വിരോധാഭാസം. അവൾ അച്ഛനോടു ചോദിച്ചു.
"അച്ഛാ ഈ മനുഷ്യന് രണ്ട് ബാല്യങ്ങൾ ഉണ്ടെന്ന് പറയുന്നത് എത്ര ശരിയാണ്. വാർദ്ധക്യത്തിലേക്ക് കടക്കുന്ന മനുഷ്യ മനസ്സും കൊച്ചു കുട്ടികളുടെ മനസ്സ് പോലെ മൃദുലമാണ് അല്ലേ?
അതിന് അച്ഛൻ പറഞ്ഞത് അല്ല കുട്ടി.. "നീ എന്താ രേണു വിചാരിക്കേണത് "? നീ എന്റെ മകളാണ്.ഒരു മാതാവിനോ പിതാവിനോ അവരുടെ മക്കളുടെ അടുത്ത് എത്ര വേണമെങ്കിലും ശാസിക്കാം. കർക്കശ സ്വഭാവത്തോടെ നിലകൊളളാം.പക്ഷേ കൊച്ചുമക്കൾ..!അവളോട് ഒരിക്കലും ഒരു മുത്തശ്ശന് എത്രകണ്ട് അതിരുകൾ ഇട്ട് പെരുമാറാനാകും."
വാക്കുകൾ കൂട്ടി പറയാൻ ആയിട്ടില്ലാത്ത ആ കുഞ്ഞിനോട് തന്റെ മാതാപിതാക്കൾ വാ തോരാതെ വർത്തമാനം പറയുന്നു..
" അപ്പൂപ്പന്റെ പൊന്നല്ലേ... വിളിക്ക് മോള് അ.. പ്പൂ... പ്പ..ൻ.
വിളിക്ക് അപ്പൂപ്പൻ.ഇത് അമ്മൂമ്മ... വിളിച്ചെ... വേഗം.."
രേണുവിന്റെ ചിന്തകൾക്ക് കല്‌പനം തുടരുമ്പോഴും തെരുവിൽ ജനസഞ്ചയം കൂടി വരുകയായിരുന്നു.ഫ്ലാറ്റിന്റെ ജനാലയിൽ കൂടി അവൾ കണ്ടു പർദ്ധയണിഞ്ഞ അറബി സ്ത്രീകൾ, ബംഗാളികൾ, സ്കൂൾ കുട്ടികൾ, ഫീലിപ്പെനീകൾ.. നഗരം കൂടുതൽ തിരക്കിലേക്ക് ഊളിയിടുകയാണ്.
പുറത്തെ ഹോട്ടലിൽ നിന്ന് മസാലതേച്ച കോഴി മാംസം വേവുന്ന മണം അവളിൽ എന്തോ ഒരു ഭീതി സൃഷ്ടിച്ചു. ജനൽ ആഞ്ഞ് വലിച്ചടിച്ച് തിരികെ മുറിയിൽ വന്നിരുന്നപ്പോഴും വല്ലാത്ത ഒരു വേവലാതി അവളെ ഗ്രസിക്കുകയായിരുന്നു.
കുട്ടി കരയുന്ന ശബ്ദം രേണുവിന്റെ കർണ്ണപുടങ്ങളെ പൊതിഞ്ഞപ്പോൾ അവൾ ചാടിയെഴുന്നേറ്റ് മകളുടെ അടുത്തേക്ക് പോയി.അവൾ ഉണർന്നു കാണണം. മിക്കവാറും ഉണർന്നു കഴിഞ്ഞാൽ അവൾ കരഞ്ഞുകൊണ്ട് തന്റെ അടുത്തേക്ക് വരികയാണ് പതിവ്. ഇതിപ്പോ പതിവിനു വിപരീതമായി അവൾ കിടക്ക മുറിയുടെ ശൂന്യമായ ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി ഭയത്തോടെ കരയുന്നു.രേണൂ നോക്കി. എന്താണവിടെ? വല്ല പല്ലിയോ, പാറ്റയോ അവിടെ കാണുമോ?
ഇല്ല അവിടെയെങ്ങും ഒന്നുമില്ല. ഉറക്കത്തിൽ വല്ല സ്വപ്നവും കണ്ടു കാണുമോ?രേണു മകളെ ആശ്വസിപ്പിച്ച് അവൾക്ക് ആഹാരം കൊടുത്തു.. എങ്കിലും ആ കുഞ്ഞ് വീണ്ടും ഭീതിയോടെ മുറിയുടെ ശൂന്യമായ മൂലയിലേക്ക് നോക്കി കരഞ്ഞുകൊണ്ട് രേണുവിന്റെ തോളിൽ മുഖമർത്തി.
'' സാരമില്ല പോട്ടെ മോളെ. കരയണ്ട കേട്ടോ.. നമുക്ക് തുണി എടുക്കാൻ പോവാട്ടോ.
അലക്കിയ തുണികൾ ഉണങ്ങാൻ ഇടുന്നത് നാല് നില ഫ്ലാറ്റിന്റെ മുകളിലെ ടെറസിൽ ആണ്. കുട്ടിയെയും കൊണ്ട് ഉണങ്ങിയ തുണിയുമായി തിരികെ ലിഫ്റ്റിൽ വരുമ്പോഴും അവൾ ചിന്തിച്ചു. " അച്ഛനെയും അമ്മയെയും ഒരിക്കൽ ഇവിടേക്ക് കൊണ്ടുവരണം.തന്റെ അടുത്തേക്ക്., കുറച്ച് നാൾ കൂടെ നിർത്തണം. അവളുടെ മനസ്സ് മന്ത്രിച്ചു.തിരികെ മുറിയിൽ എത്തിയ അവളുടെ ചേതോവികാരങ്ങൾ സ്വച്ഛന്ദം വിഹരിക്കുന്നതിനു പകരം വിടകൊളളുക ആയിരുന്നു. മറ്റൊന്നുമായിരുന്നില്ല. ഭർത്താവ് വരുന്ന സമയം ആണ്.വീട്ടുജോലികളിൽ അവൾ വ്യാപൃത ആയി.
മുറിയിലെ നിശബ്ദ്തയെ ഭേദിച്ചു കൊണ്ട് മോബൈൽ ഫോൺ റിംഗ് ചെയ്തു.രേണു ഫോൺ എടുക്കാൻ ചെന്നപ്പോഴെക്കും ആ കോൾ നിന്നു പോയിരുന്നു. ഫോണിൽ നോക്കിയ അവൾക്ക് മനസ്സിലായി അച്ഛനാണ്. മിസ്ഡ് കോൾ തന്നതാണ്. അങ്ങോട്ട് വിളിക്കാൻ വേണ്ടി.
അവൾ വേഗം ഫോൺ എടുത്ത് അച്ഛനെ തിരിച്ചു വിളിച്ചു.ഹലോ അച്ഛാ...
''ആ രേണു നീ എന്തെടുക്കുവാ? മോൾ എന്തിയെ?..
അവൾ ഇവിടെ ഉണ്ട്? ഇവിടെ ഇരുന്ന് കളിക്കുവാ..
നീ അവളെ നന്നായി നോക്കണം.നിലത്ത് കിടക്കുന്നതൊന്നുംഅവൾ വായിൽ വെയ്ക്കാതെ നോക്കണെ."പതിവ് പോലെ സംസാരിക്കാൻ അയാൾ തുടങ്ങി.
" ആ രേണൂ..
നിന്റെ പുരയിടത്തിൽ ഞാൻ പോയി നോക്കി.. നിറയെ കാടുപിടിച്ചു കിടക്കുന്നു. രണ്ടോ മൂന്നോ പണിക്കാരെ നിർത്തി ഞാൻ അതെല്ലാം വ്യത്തിയാക്കി കപ്പയോ ചേമ്പോ നടാൻ തീരുമാനിച്ചു. എന്താ നിന്റെ അഭിപ്രായം?"
" അച്ഛൻ എന്തു വേണമെങ്കിലും ചെയ്തോളൂ..... അവൾ പറഞ്ഞു.
" നീ എന്നാണ് മോളേ അവിടെ ഒരു വീട് വെച്ച് അച്ഛൻ കാണുന്നത്?. നീ നോക്കിക്കോ രമ്യയുടെ മകന്റെ ഒന്നാം പിറന്നാളിന് അച്ഛൻ നടത്തിയ സദ്യ കണ്ടില്ലല്ലോ നീയ്. അതിലും ഗംഭീരമായ ഒരു സദ്യ ആണ് നിങ്ങൾ വീട് പണിതു കഴിയുമ്പോൾ ഞാൻ നടത്താൻ പോകുന്നത്. സമയം ആകുമ്പോൾ എല്ലാം നടക്കും."
രേണുവിന്റെ ഇളയ സഹോദരിയാണ് രമ്യ.ശരിയാണ് അന്ന് അച്ഛൻ അവളുടെ മകന്റെ പിറന്നാൾ ഗംഭിരമാക്കിയെന്ന് പിന്നീട് ബന്ധുക്കളിൽ പലരും തന്നോട് പറഞ്ഞിട്ടുണ്ട് അവൾ ഓർത്തു.അതെങ്ങനെ പ്രവാസിയായ തനിക്ക് അത്തരം ആഘോഷങ്ങൾ എല്ലാം നിഷിദ്ധമാണല്ലോ.
" ഇനി എന്നാണ് രേണു നിങ്ങൾ വരുന്നത്?
രണ്ട് മാസം കൂടി കഴിയും അച്ഛാ..
മോളെ അച്ഛന് നിങ്ങളെ കാണണമെന്ന് ഉണ്ട്.ഒരു പത്ത് ദിവസത്തേക്ക് എങ്കിലും ഒന്നു വരാൻ നോക്കൂ.. ".
വൈകിട്ട് ഭർത്താവിനൊപ്പം അത്താഴം കഴിക്കുമ്പോൾ അച്ഛൻ വിളിച്ചതും പറഞ്ഞതും എല്ലാം അവൾ ഭർത്താവിനോട് പറഞ്ഞു കൊണ്ടിരുന്നു. "എങ്കിൽ രേണു നീയൊന്ന് നാട്ടിൽ പോയിട്ട് വരൂ ". എന്ന് അയാൾ പറഞ്ഞതിന് നമുക്ക് അവധി ആകുമ്പോൾ ഒന്നിച്ചു പോകാം എന്നായിരുന്നു അവളുടെ മറുപടി.
തന്റെ ഏതൊരു കാര്യത്തിനും ഉചിതമായ മാർഗദർശനം നൽകുന്ന അച്ഛനെ കുറിച്ച് അവൾ ഓർത്തു.തന്റെ ഇതുവരെ ഉളള കർമ്മപഥത്തിൽ എല്ലാം
ഊർജ്ജവും വെളിച്ചവും പകർന്നു തന്ന ഒറ്റത്തിരി നാളമാണ് തന്റെ അച്ഛൻ.അച്ഛനെ ഒന്നുകൂടി ഒന്നു വിളിച്ചലോ.
അവൾ ഫോൺ എടുത്തു വീണ്ടും വീട്ടിലേക്കു വിളിച്ചു.
അമ്മയാണ് ഫോൺ എടുത്തത്. അയ്യോ അച്ഛൻ ഉറങ്ങി മോളെ.
നീ നാളെ വിളിക്കൂ. ഇവിടെ സമയം ഒരു പാടായി. നിരാശയോടെ രേണു ഫോൺ വെക്കുമ്പോൾ ആത്മഗതം പൊഴിച്ചു. നാളെ വെളളി.,ഇവിടെ ഒഴിവ് ദിവസം ആണ്.നേരത്തെ ഉണർന്ന് അച്ഛനെ വിളിക്കാം. കിടക്കയിൽ മിണ്ടാതെ കിടക്കുമ്പോഴും ഭയത്തിന്റെ വിത്തുകൾ രേണുവിന്റെ മനസ്സിൽ മുളപൊട്ടുന്നുണ്ടായിരുന്നു. പേടി മാറാൻ പഞ്ചാക്ഷരി മന്ത്രം മനസ്സിൽ ഉരുവിട്ടു. പിന്നെ അവൾ പോലും അറിയാത ഉറക്കത്തിലേക്ക് അലിഞ്ഞു പോയി..
പിറ്റേന്ന് നേരം പുലർന്നപ്പോൾ ഫോൺ ചിലക്കുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്. നോക്കുമ്പോൾ ഭർത്താവ് ഫോൺ എടുത്ത് എന്തൊക്കെയോ അടക്കം പറയുന്നു.ഫോൺ വെച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു.
"രേണു അച്ഛന് എന്തോ ഒരു വയ്യാഴ്ക.ഹോസ്പിറ്റലിൽ കൊണ്ടുപോയി. കുഴപ്പം ഒന്നും ഇല്ല. നമ്മളെ കാണണം എന്നു പറയുന്നു. നമുക്ക് പെട്ടെന്ന് തന്നെ പോകാം"..
കേട്ടപാതി ഹ്യദയം രണ്ടായി പൊട്ടി പിളർന്ന വേദനയിൽ രേണു കരഞ്ഞു.. "അയ്യോ ഇന്നലെ കൂടി എനിക്ക് മിണ്ടാൻ പറ്റിയില്ല. രാവിലെ ഞാൻ വിളിക്കാൻ ഇരുന്നതാണല്ലോ. "...രേണുവിന്റെ ഭർത്താവ് ഫ്ലൈറ്റ് ടിക്കറ്റ്
റെഡിയാക്കി ഉച്ചയോടെ തന്നെ അവർ നാട്ടിലേക്ക് പറന്നു. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ രേണു പടിവാതിക്കൽ വെച്ചെ കണ്ടു. വീടിനുളളിലെ നിലവിളക്കിൽ ഒറ്റത്തിരി നാളം.. കണ്ണുകളിലേക്ക് ഇരുട്ടു കയറുമ്പോഴും ആരോ പറയുന്നത് അവൾ കേട്ടു.
" മൂത്ത മകൾ വന്നു.
അടക്കം ഇന്നു വൈകുന്നേരത്തേന് കാണും."......
ആഷ രാജീവ്..

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo