Showing posts with label AchuHelen. Show all posts
Showing posts with label AchuHelen. Show all posts

അമ്മയില്ലെന്നറിയുമ്പോൾ


അമ്മയില്ലാത്ത വീടിനെപ്പറ്റി ഓർത്തു നോക്കാറുണ്ടോ ?
കല്യാണം കഴിഞ്ഞു വീടുവിട്ടു പോയ,അല്ലേൽ മറ്റുകാരണങ്ങളാൽ അമ്മയുടെ കൂടെയല്ലാതെ നിൽക്കേണ്ടി വന്ന ആളുകളോടാണ് ചോദ്യം .
എന്നെങ്കിലും നിങ്ങൾ മറ്റുതിരക്കുകൾ മാറ്റിവെച്ചു അമ്മയുടെ കുട്ടിയായി മാറാൻ , അമ്മയിൽ നിന്നും നമുക്കിഷ്ടമുള്ളതെല്ലാം മതിവരുവോളം കഴിക്കാൻ, പറഞ്ഞാലും മതിയാകാത്ത പരിഭവ കെട്ടുമായി ഒപ്പം അമ്മക്ക് സർപ്രൈസ് കൊടുക്കാനായി അമ്മക്കിഷ്ടമുള്ളതെല്ലാം വാങ്ങി ഓടിയെത്തുമ്പോൾ അവിടെ അമ്മയില്ലെന്നറിയുമ്പോൾ, അമ്മ കൊറച്ചു ദിവസത്തേക്ക് അനിയത്തിയുടെ വീട്ടിൽ നില്ക്കാൻ പോയതാണെന്ന് അറിയുമ്പോൾ പെട്ടന്ന് ആകെ ശൂന്യമായി തോന്നാറുണ്ടോ ?
ഉമ്മറത്ത് നിറഞ്ഞ ചിരിയോടെ നമ്മൾ വിളിക്കുമ്പോൾ വന്നെത്തിയിരുന്ന ,
നമ്മളോട് പറഞ്ഞാലും നമ്മിൽ നിന്നും അറിഞ്ഞാലും തീരാത്ത വിശേഷങ്ങളുമായി കൂടെത്തന്നെ നടക്കുന്ന 'അമ്മ ..
അമ്മയില്ലാതെ അടുക്കള പോലും മൗനത്തിലാണ് .
കറിക്കത്തിയും, പാത്രങ്ങളും കലപില കൂട്ടുന്നത് കേൾക്കാനില്ല .
മീൻ മുറിക്കുമ്പോൾ വന്നിരുന്നു ബഹളം വെക്കുന്ന പൂച്ചകൾ ഒരെണ്ണം പോലും കാണാനേ ഇല്ല .
അടുക്കളയിലേക്കു നോക്കി വിരുന്നു വിളിക്കുന്ന പോലെ കരയുന്ന കാക്കയുമില്ല .
പുറത്തെ അയലെല്ലാം ഒഴിഞ്ഞു കിടക്കുന്നു .( ഇവിടാരും അലക്കേം കുളിക്കേം ഇല്ലേ )
അനിയൻ വാതിൽ തുറന്നു തന്നു അവന്റെ മുറിയിലേക്ക് അവന്റെ ലോകത്തേക്ക് പോയപ്പോ ഇവിടെ വീട്ടിൽ കയറണോ വേണ്ടയോ അതോ തിരിച്ചു പോകണോ എന്ന ചിന്തയോടെ ഇതികർത്തവ്യാമൂഢയായി ഞാൻ .
അമ്മയില്ലാത്ത വീട് വെറും കെട്ടിടം മാത്രമാണ് .
Written By Achu Helen

ആരോഗ്യം സർവധനാൽ...


കല്യാണം കഴിക്കുമ്പോൾ കമ്പിനു മേൽ തുണിചുറ്റിയ കോലത്തിൽ ഉള്ള കുട്ടിക്കു ഒരു കുട്ടിയായപ്പോൾ ശരീരം പുഷ്ടിപ്പെടാൻ തുടങ്ങി..
എന്നാൽ കാലം കഴിയുംതോറും പുഷ്ടി കൂടി കഷ്ടമായോ എന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് ശരീര സൗന്ദര്യം എന്നാ സ്മരണ മനസ്സിലേക്ക് ഓടി വന്നത്.

മാധുരി ദീക്ഷിതിനെ മനസ്സിൽ തൊഴുതു കുട്ടി യോഗ ക്ലാസ്സിലേക്ക് വലതു കാലെടുത്തു വെച്ചു.. ( ഒരു ഫ്രീ യോഗ ട്രെയിനിങ് എന്ന പരസ്യം കണ്ടിട്ടാണ് 🙊)

അവിടെത്തിയപ്പോൾ യോഗ ടീച്ചേഴ്സ് ഒന്നും അത്ര പോരാ.. ഒരു ആത്മവിശ്വാസം തരുന്ന ഒറ്റയൊന്നും അവിടെയില്ല. കൊറെ റിട്ടയേർഡ് ചേട്ടന്മാരും ചേച്ചിമാരും മാത്രം.. പട്ടിണി മത്സരത്തിനു പോയി ഉണങ്ങിപ്പോയ മൂന്നു ടീച്ചേഴ്സും..
ഹാ ഫ്രീയല്ലേ എന്നതാണ് ആകെ ആശ്വാസം..😬

ആസനങ്ങൾ ഒന്നും മികച്ച രീതിയിൽ പെർഫോം ചെയ്യാനായില്ലെങ്കിലും ശവസാനത്തിൽ കുട്ടി തികഞ്ഞ ആത്മാർത്ഥത കാണിച്ചിരുന്നു.
ഫ്രീ ക്ലാസ് കഴിഞ്ഞു ഇനി പൈസ കൊടുത്തു പഠിക്കാമെന്നായപ്പോൾ കുട്ടി സ്ഥലം വിട്ടു..

കാലം മുന്നോട്ടു പോകാവേ ഹിന്ദി സിൽമാ നടികൾ ഷിഫോൺ സാരിയുടുത്തു കുട്ടിയെ കൊതിപ്പിച്ചു വയറും കാണിച്ചു ഡാൻസ് ചെയ്തു..എന്നെക്കാൾ വലിയ തള്ളായ വയറിന്മേൽ നോക്കി നാണിച്ച സാരി അതോടെ അലമാരയിൽ ഒതുങ്ങി..😥

പ്രായം കൂടുംതോറും ബുദ്ധിയും വയറും തൂക്കവും കൂടി കൂടി വന്നപ്പോൾ വീണ്ടും യോഗ എന്ന ആശയത്തിലേക്കു കുട്ടി വന്നെത്തി ( കാരണം രണ്ടാണ് കുറഞ്ഞ ചിലവ്, പിന്നെ മൂക്കില്ല രാജ്യത്തെ മുറിമൂക്കനാകേം ചെയ്യാം) അങ്ങനെ യോഗയൊക്കെയായി തുള്ളിചാടി നടക്കുമ്പോഴാണ് lock down എന്നാ ഇടിത്തീ കുട്ടിയുടേം തലയിൽ വീണത്..😑
അറഞ്ചം പുറഞ്ചം സിൽമ കണ്ടു പൊരേൽ ഇരുന്നു തിന്നു തിന്നു കുട്ടി മടിച്ചിയായി..
ഓരോ ഇഷ്ട്ട ഭക്ഷണവും കയ്യിലെത്തുമ്പോൾ മനസ്സിൽ ആരോ ചോദിക്കും കുട്ടി വയറു മറക്കുന്നോ എന്ന്..
ഇത് തിന്നാതെ നാളെ ഞാൻ കൊറോണ വന്ന് ചത്താൽ ആര് സമാധാനം പറയും എന്നോട് എന്ന് തിരിച്ചൊരു സെന്റി അടിച്ചാൽ തീർന്നു..
ഗ്ലാം ഗ്ലാം.. മധുരം.. എണ്ണപ്പലഹാരം.. വിവിധയിനം ജ്യൂസ്.. ചക്ക വിഭവങ്ങൾ.... ബേക്കറി.. സ്‌നേക്‌സ്.. ആഹാ.. 4 മാസം കൊറോണ ആഘോഷം.. കുട്ടിയുടെ വയറു പത്തു മാസം..😎😎
തടിക്കുമ്പോൾ വയറു മാത്രം തടിക്കുകയും മെലിയുമ്പോൾ അവിടെ ഒഴിച്ചു ബാക്കി ഒക്കെ മെലിയുകയും ചെയ്യുന്ന പ്രതിഭാസമേ.. നഡ്രി..

ഇനിയും എന്തേലും ചെയ്തില്ലേൽ രോഗം വന്നു ചത്തു പോകും എന്ന് കുട്ടിക്ക് തോന്നിത്തുടങ്ങി.. അപ്പോഴാണ് കുട്ടി ഇച്ഛിച്ചതും രതില ( ബ്രണ്ട് ) കല്പിച്ചതും ജിം എന്നാ സംഗതി വന്നത്..😍

ഇതിൽ ഞാൻ പൊളിക്കും.. അടുത്ത ആഴ്ചമുതൽ ഞാനൊരു കലക്കു കലക്കും.. അനുഷ്‌ക്കയോടൊക്കെ പുച്ഛം വാരി വിതറി.. പഴയ ഷിഫോൺ സാരികൾ ഒക്കെ പാറ്റയെ ഓടിച്ചിട്ടു ഹിറ്റ് അടിച്ചു കൊന്നു അടുക്കി പെറുക്കി വെച്ചു..
അടുത്തുള്ള ജിമ്മനെ വിളിക്കുന്നു,
ജിമ്മിൽ കൊണ്ട് വരേണ്ടവയുടെ ലിസ്റ്റ് എടുക്കുന്നു..
ഗ്ലൗസ് 2
സാനിറ്റൈസർ 1
ടീഷർട്ട് 1
ഫുൾ പാന്റ് 1
ടവല് 1
മാസ്ക് 1
വാട്ടർ ബോട്ടിൽ 1
ഷൂസ് 2
സാമൂഹിക അകലം ആവശ്യാനുസരണം...

അങ്ങനെ കുട്ടി സ്കൂളിൽ പോകുന്ന പോലെ റെഡി ആയി..
തുടക്കം ഒന്നാം തിയ്യതി ആക്കാം...
രാവിലെ ഒടുക്കത്തെ തണുപ്പ് ഒന്നാം തീയതി കഴിഞ്ഞു.
അടുത്ത തിങ്കളാഴ്ച നല്ല ദിവസം..അന്ന് മുതലാക്കാം
തിങ്കൾ കഴിഞ്ഞു..
ഇനി കുട്ടിയുടെ ആകെ പ്രതീക്ഷ ജനുവരി ഒന്നാണ്.. നല്ലൊരു വർഷമായിട്ട് നമ്മളായിട്ട് നന്നായില്ലേൽ പിന്നെങ്ങനാ..
കുട്ടി പോയിരിക്കും അല്ല പിന്നെ..
അതുവരെയൊക്കെ നമുക്കെന്തും തിന്നാലോ..
ഹിന്ദി സിൽമ വൃത്തികേട്.. നമുക്കു മലയാളം അല്ലേൽ തമിഴ് മതി.. ജ്യോതിക എന്നാ look ആണെന്നെ 😍
#Achuhelen

ഒരു പെണ്ണുകാണൽ ഓർമ


 ഡിഗ്രി കഴിഞ്ഞു മധുര പ്രണയ വിരഹവുമായി രാമനാട്ടുകാര ട്യൂട്ടോറിയലിൽ കുട്ടികളെ കണക്കു പഠിപ്പിക്കാനെന്ന വ്യാജനെ വീട്ടീന്ന് നാട് കാണാൻ ഇറങ്ങ്യ കാലം..

വീട്ടീന്ന് മുക്കാൽ മണിക്കൂർ പോണം ബസ്സിൽ തന്നെ..
രാമനാട്ടുകാര ബസ്സിറങ്ങി ജീപ്പ് കയറി കൊളക്കൂത്ത് എന്ന സ്ഥലത്തു എത്തിയാലും പിന്നേം നടക്കണം 2 കിലോമീറ്ററോളം.. ആ നടത്തമാണ് ഏറ്റവും സുഖകരം..
നല്ല ഒന്നാന്തരം പച്ചപ്പ് നിറഞ്ഞ നാട്ടിൻപുറം..
നടവഴിക്കു രണ്ടു വശത്തും കുലച്ചു നിൽക്കണ നേന്ത്ര വാഴത്തോട്ടങ്ങൾ.. നെൽപ്പാടങ്ങൾ.. ആഹാ അന്തസ്..😊
അന്നത്തെ എന്റെ കോലം 45kg എല്ലു വലിച്ചു നീട്ടിയ നീളം..പൊക്കം മാത്രം ഉള്ളു..ബാക്കിയൊന്നുമില്ല.
സെന്ററിൽ സാരി നിർബന്ധം.. അല്ലേൽ എന്നെയൊക്കെ പിള്ളേർ എടി പോടീ വിളിച്ചാലോ എന്ന് കരുതിയാകും..
അമ്മയുടെ സാരി 4 എണ്ണം 'അമ്മ എനിക്കായി ഉപേക്ഷിച്ചു.( തന്നു എന്ന് പറഞ്ഞൂടാ. ഞാനുടുത്തു പാടത്തുടെയും വരമ്പിലൂടെയും നടന്നു വക്ക് പൊട്ടിച്ച, അഴുക്കാക്കുന്ന സാരി അമ്മക്ക് ഇനി വേണ്ടാന്ന്😒 )
സാരിയുടുക്കാൻ പഠിച്ചത് രണ്ടു ദിവസം കൊണ്ടാണ്.. 'അമ്മ ഉടുപ്പിക്കാൻ വരും ആദ്യം സാരി കയ്യിൽ പിടിച്ചു ഈ കോലത്തിനു ഇതെവിടെയാ ദൈവമേ ഉടുപ്പിക്കേണ്ടത് എന്നൊരു നോട്ടമാണ്..🙄
പിന്നെ ഉടുപ്പിക്കൽ തുടങ്ങിയാൽ ശറ പറാ ശകാരങ്ങളും.. ഇങ്ങോട്ട് തിരിയ്.. അവിടെ പിടിക്ക്.. ഇങ്ങനെ കുത്ത്..
മൂന്നാം ദിവസം ഞാൻ പറഞ്ഞു ഞാനൊറ്റക്ക് ഉടുത്തോളം 'അമ്മ പോയേന്നു.. അല്ല പിന്നെ..😏
'അമ്മ ഹാപ്പി..
അങ്ങനെ വലിച്ചു വാരി ചുറ്റിയ സാരിയുടുത്ത എന്നെ ജീപ്പിൽ കുത്തി നിറച്ച ആളുകളുടെ ഇടയിൽ നിന്നും ആദ്യം പുറത്തിട്ടു പിന്നെ സാരി തരുന്ന ജീപ്പ് ക്ലീനേർക്ക് നൻഡ്രി പറഞ്ഞാണ് ക്ലാസ്സെടുക്കാൻ പോകൽ..
അവിടെ കിട്ടണ മറ്റൊരു സുഖം ഇടയ്ക്കിടെ കാണുന്ന നാട്ടുകാരുടെ ടീച്ചറെ എന്നുള്ള വിളിയും, ചിരിയുമാണ്.. ഈ കോലത്തിനേം ടീച്ചർ ആയി അംഗീകരിക്കാനുള്ള ആ മനസ്സുകൾ മാസ്സാണ്..😘
അത്തരം ഒരു യാത്രയിലാണ് ആദ്യ പെണ്ണുകാണൽ എന്റെ സഹോദര സ്ഥാനത്തുള്ള ഒരുത്തന്റെ വക അറേഞ്ച് ചെയ്തത്. ബസ്റ്റോപ്പിൽ വെച്ചാണ് അത്. സത്യത്തിൽ എന്നോടാരും പറഞ്ഞില്ല 😥
ഞാൻ ഒരു കൊട്ട ടീച്ചർ അഹങ്കാരവും പേറി ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ അതാ ഒരു വെളുത്ത ഒരു ചുള്ളൻ നീല ഷർട്ടിട്ട്, Inside ഒക്കെ ആക്കിയത് എന്നെ ഈ സൈഡിൽ നിന്ന് നോക്കുന്നു.. തൃപ്തിയാകാതെ മറ്റേ സൈഡിൽ നിന്നു നോക്കുന്നു..
ആകെ പന്തികേട് നോട്ടം...
അത് കണ്ടു സാരി ഒന്നുടെ ചുറ്റിപ്പിടിച്ചു, വയറു കാണാതിരിക്കാൻ കുത്തിയ പിന്നൊക്കെ ഇല്ലെന്നു ഉറപ്പു വരുത്തി ഞാനും അയാളെ ഞാൻ നന്നായി ശ്രെദ്ധിച്ചു.. അന്നെന്നെ അങ്ങനാര് നോക്കാനാ?🙊
വീട്ടിൽ എത്തിയപ്പോഴാണ് അതായിരുന്നു പെണ്ണുകാണൽ എന്ന് അറിഞ്ഞത്..
എന്തായാലും ആ കല്യാണം നടന്നില്ല.
അവനെ എനിക്കു മാത്രം ബോധിച്ചാൽ പോരല്ലോ.. ഉടലിൽ ഒരിത്തിരി ഇറച്ചി ഏതു വഴിക്കും ചുറ്റിനടന്നു കാണാഞ്ഞിട്ടാകും അയാൾ ഓടിയത്..😂
അയാക്കു അറിയില്ലലോ ഞാൻ ഭാവിയിൽ ഇങ്ങനെ തടിച്ചു 66kg മാസാലദോസ ആകുമെന്ന്.😊
നബി : അയാൾ രക്ഷപ്പെട്ടെന്ന കമന്റ് നിരോധിച്ചിരിക്കുന്നു

By: Achu Helen

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo