Showing posts with label LiniJose. Show all posts
Showing posts with label LiniJose. Show all posts

ഒറിഗാമി I Linijose

 

പാഴ്‌വസ്തുക്കളിൽ നിന്നും സുന്ദരമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധയായ എന്റെ ഇന്നത്തെ ചിന്തകൾ മുഴുവനും കാക്കത്തൊള്ളായിരം അറകളുള്ള ഒരു ഹൃദയം നിർമ്മിക്കുന്നതിനെ കുറിച്ചായിരുന്നു...
അതേ 'കാക്കത്തൊള്ളായിരം' അറകളുള്ള ഒരു ഹൃദയം... ഇതാ ഞാൻ എന്റെ സകല കഴിവുകളും തേച്ചുമിനുക്കി എടുത്തിരിക്കുന്നു. ഇന്ന്... ഇന്നു തന്നെയാണ് അതിന് പറ്റിയ സുദിനം.
എന്നിൽ ഇത്രനാളും തുടിച്ച, ഹൃദയത്തെ വേദനിപ്പിക്കാൻ എനിക്ക് ആവില്ലല്ലോ. മെല്ലെ മെല്ലെ ശ്വാസം പിടിച്ചു ഞാൻ എന്റെ നെഞ്ചിൻകൂട് തുറന്നു. പിന്നെ ഒട്ടും വേദനിപ്പിക്കാതെ തുടിക്കുന്ന ഹൃദയം പതിയെ പുറത്തേക്ക് എടുത്തു.
മൂർച്ചയേറിയ എൻ കൈനഖങ്ങളാൽ ഞാനതിനെ മെല്ലേ പിളർന്നു. അതേ, നിങ്ങൾക്ക് തെറ്റിയില്ല. അതിൽ ആകെ നാല് അറകളേ ഉണ്ടായിരുന്നുള്ളൂ! വടക്കുകിഴക്ക് മൂലയിലുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്ന ആ രഹസ്യഅറ ഏറെ അന്വേഷിച്ചു.! നിരാശതന്നെ ഫലം.
പ്രണയവും, വിരഹവും, കഷ്ടതകളും കഠിനാധ്വാനവും കൊണ്ട് ഏറെ ക്ഷീണിച്ച പാവം ഹൃദയത്തോട് എനിക്ക് വലിയ അനുകമ്പ തോന്നി.
എന്തുകൊണ്ട് നനഞ്ഞാൽ കുതിർന്നുപോകുന്ന കടലാസ്സുകൊണ്ട് ഒരു ഹൃദയം എന്നുള്ളതാണ് ഇപ്പോഴുള്ള വലിയ സന്ദേഹം അല്ലേ?
മഴവെള്ളത്തിൽ ഒഴുക്കിവിടാൻ കളിക്കൂട്ടുകാരൻ എനിക്കായി ഉണ്ടാക്കിത്തന്ന ആ കടലാസുവഞ്ചികൾ... നനയാതെ ഇന്നും ഓർമ്മകളിൽ.!
പേടിത്തൊണ്ടിയായ കൂട്ടുകാരിയെ ഭയപ്പെടുത്തി കരയിപ്പിക്കാൻ, അതുകണ്ടു പൊട്ടിച്ചിരിക്കാൻ മെനഞ്ഞെടുത്ത കടലാസ്സ് സർപ്പങ്ങൾ. ഫണം വിടർത്തി ഇന്നും ചിന്തകളിൽ.
ആ കൂമ്പിയ താമരമൊട്ട്... എട്ടാംക്ലാസ്സുകാരിയ്ക്ക് ആദ്യമായി കിട്ടിയ ആ പ്രണയ സമ്മാനം.അതും കടലാസ്സിൽ ആയിരുന്നില്ലേ? വിടരാതെ പോയ ഒരു നഷ്ടപ്രണയം.
കലാലയകാലത്ത് കളിയായി എയ്യ്ത കടലാസ്സസ്ത്രങ്ങൾ. അതുവന്നു എന്റെ കവിളിൽ തറച്ചപ്പോൾ, ഞാൻ നോക്കിയ ആ നോട്ടത്തിന് ഏതൊരു കൂരമ്പിനേക്കാളും മൂർച്ചയായിരുന്നെന്ന അവന്റെ വാക്കുകൾ, ഇന്നലെ കേട്ടപോലെ.
കടലാസ്സുവിമാനങ്ങൾ... കോളേജിലക്ഷന് ബാക്കിവന്ന പലവർണ്ണ നോട്ടീസുകൾ കൊണ്ട് അഞ്ചാംനിലയിൽ നിന്നും പറത്തിവിട്ട ആ കടലാസ്സുവിമാനങ്ങൾ... എന്റെ ചുറ്റും എന്നും ഇരമ്പമില്ലാതെ പറക്കുന്ന ആ വിമാനങ്ങൾ.
ഏറെ നാളുകളായി കാത്തുവച്ചിരുന്ന മിനുസ്സമാർന്ന കടുംചുവപ്പു നിറമുള്ള ആ കടലാസ്സുതാളുകൾ ശ്രദ്ധയോടെ മുറിച്ച് അതിലേറെ ശ്രദ്ധയോടെ മടക്കുകൾ തീർത്ത് ഞാനെന്റെ പുതിയ ഹൃദയത്തിന് രൂപം നല്കാൻ തുടങ്ങി.
ഓരോ നിമിഷാർദ്ധത്തിലും ഓരോ അറകൾ. അങ്ങനെ ഞാൻ മനക്കണ്ണാൽ കണ്ട കാക്കത്തൊള്ളായിരം അറകളുള്ള ഹൃദയം ഇതാ രൂപപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
എന്റെ പ്രിയപ്പെട്ടവരെ ഒളിപ്പിച്ചുവെയ്ക്കാൻ, എന്റെ ഇഷ്ടങ്ങളും, രഹസ്യങ്ങളും, കണ്ടെത്തലുകളും, നിരീക്ഷണങ്ങളും, ഒക്കെ ആരുമറിയാതെ സൂക്ഷിച്ചുവയ്ക്കാൻ എനിക്കായി സ്വയം നിർമ്മിച്ച ഒരു ഹൃദയം.
മനോഹരമായ ആ ഹൃദയത്തെ ഞാൻ എന്റെ അധരങ്ങളോട് ചേർത്തു മൃദുലമായി
ഉമ്മ
വച്ചു... അതേ ആദ്യചുംബനം അത് എന്റേത് തന്നെയായിരിക്കണം.
പിന്നെ ശൂന്യമായ എന്റെ നെഞ്ചിൻകൂടിനുള്ളിലേക്ക് ഞാൻ ആ ഹൃദയത്തെ ചേർത്തുവച്ചു. കൈവിരലുകളാൽ മെല്ലെ തഴുകി, ഒരു മുറിപ്പാടുപോലും അവശേഷിക്കാതെ ഭദ്രമായി അടച്ചു... ഒരു ദീർഘശ്വാസം എടുത്തു. ഇതാ അത് എന്നോട് ചേർന്ന് തുടിച്ചു തുടങ്ങിയിരിക്കുന്നു.
ഇതാ അവിടെ ആരോ എങ്ങി എങ്ങി കരയുന്നുവല്ലോ. നിമിഷങ്ങൾ പാഞ്ഞു കൊണ്ടിരുന്നത് ഞാൻ അറിഞ്ഞതേയില്ല. വെട്ടി കീറിയ എന്റെ പഴയ ഹൃദയം വേദനയിൽ പുളയുമ്പോഴുള്ള പിടച്ചില്ലല്ലേ അത്!
വേണ്ട... എനിക്ക് വേണ്ട...നാല് അറകളുള്ള, എന്തുമേതും തിങ്ങിനിറഞ്ഞ ക്ഷീണിച്ച, വ്രണിതമായ ആ ഹൃദയം എനിക്കിനി വേണ്ടേ വേണ്ട.
നിശ്ചലമായ ഒരു പാഴ്സ്തു എന്നപോലെ പോലെ അതിനെ തൂക്കിയെടുത്ത് ചവറ്റുകുട്ടയിലേക്ക് എറിയുമ്പോൾ കാക്കത്തൊള്ളായിരം അറകളുള്ള മനോഹരമായ എന്റെ പുതുഹൃദയത്തിൽ നിന്നും ഒരു അട്ടഹാസം ഉയരുന്നുവോ.!
ഒറിഗാമി- പേപ്പർ മടക്കി ഉണ്ടാക്കുന്ന രൂപങ്ങൾ.
ലിനി ജോസ്

ഐസിക്കിൾസ്..

Image may contain: 1 person, smiling, tree, plant, grass, outdoor and nature
 icicles
നഗരമധ്യത്തിലെ ചെങ്കൽ നിറമുള്ള ആ വലിയ കെട്ടിടത്തിന്റെ നീണ്ട കോറിഡോറിന്റെ ഏറ്റവും അറ്റത്തുള്ള മുറിയാണ് എന്റെ ഓഫീസ്, എന്നത്തേയും പോലെ എന്റെ ദിവസങ്ങൾ തുടങ്ങുന്നത് വലതു വശത്തെ ഭിത്തിയിലുള്ള കീ ബോക്സിൽ നിന്നും ആണല്ലോ...
പിൻനമ്പർ അമർത്തി, ചുമന്ന ലൈറ്റ് തെളിഞ്ഞിടത്തുനിന്നും ആ വലിയ കെട്ടിടത്തിന്റെ , അങ്ങിനെ പറഞ്ഞാൽ ശരിയാവില്ല... ഞാൻ എവിടെയാണെന്ന് പറയാതിരുന്നത് എന്റെ തെറ്റ്...ഇതാണ് Toranto നഗരത്തിലെ ഒരു പ്രൊവിൻഷ്യൽ ജയിൽ. കൊടുംകുറ്റവാളികളെയും വിചാരണത്തടവുകാരെയും പാർപ്പിക്കുന്ന ഇടം.
ഇനി ഞാനാരാണെന്നല്ലേ? ഞാൻ മെറ്റിൽഡ, നിങ്ങൾക്ക് എന്നെ മെറ്റി എന്ന് വിളിക്കാം , ഞാനെന്താണ് ഇവിടെ ചെയ്യുന്നതെന്ന് വഴിയേ പറയാം. അപ്പോൾ നമ്മൾ പറഞ്ഞു വന്നത് താക്കോലിനെ കുറിച്ചാണ്, പല അക്കങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഒരു കൂട്ടം താക്കോലുകൾ. ഓരോ വാതിലിനും ഓരോ സംഖ്യകൾ. ഇത് ഓർത്തിരിക്കുക എന്നതായിരുന്നു തുടക്കത്തിൽ എന്നെ ഏറ്റവും കുഴപ്പിച്ചിരുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ ഇപ്പോൾ ചിരി വരുന്നു.
താക്കോൽ കൈയ്യിലെടുത്തപ്പോൾ മുതൽ വിവരിക്കാൻ പറ്റാത്ത ഒരു ഭാരം മനസ്സിലേയ്ക്ക് ഇടിച്ചു കയറി വരുകയും, അത് അപ്പോൾ തന്നെ തന്റെ മുഖത്തു പ്രതിഫലിക്കുകയും ചെയ്തത് കൊണ്ടാണല്ലോ സെക്രട്ടറി കരീന അത് ശ്രദ്ധിച്ചത് .
"നീ ഈയിടെയായി ഗ്ലൂമിയാണല്ലോ?" എന്ന അവളുടെ ചോദ്യത്തിന്, എനിക്ക് ഒരു പരോൾ വേണം എന്ന മറുപടി രാവിലെ തന്നെ ഓഫീസിൽ ചിരിയുടെ ഒരു ഓളം സൃഷ്ടിച്ചു.
*********
പതിവ് പോലെ തലേദിവസത്തെ, ചെയ്തു തീർക്കാനുണ്ടായിരുന്ന ഫയലുകളിലേയ്ക്ക് തല പൂഴ്ത്തവേയാണ് 2B യിലേക്ക് ചെല്ലാനുള്ള കാൾ വന്നത്. ആ ഒറ്റകൈയ്യനെ കാണാനാണ്. അവനു ഇന്ന് എന്താണാവോ പറയാനുള്ളത്, തെരുവിൽ നിന്നും അവനെ പോലീസ് വിലങ്ങുവച്ചു കൊണ്ടുവരുമ്പോൾ ഒരു പ്രകൃത രൂപമായിരുന്ന അവൻ ഇപ്പോൾ തടിച്ചുരുണ്ടു സുന്ദരാനായിരിക്കുന്നു.
അവനെ കാണുമ്പോഴെല്ലാം
നാട്ടിലെ ഗോവിന്ദ ചാമിയുടെ ഓർമ്മവരുകയും, അതിനാൽ തന്നെ അവനോട് സംസാരിക്കുമ്പോൾ മനം പിരട്ടൽ അനുഭവപ്പെടുകയും ഒരുതരം പക എന്നിൽ രൂപപ്പെടുകയും ചെയ്തിരുന്നു. അത് എന്റെ ജോലിയുടെ എത്തിക്സിന് നിരക്കാത്തതായിരുന്നാൽ കൂടിയും..അല്ലെങ്കിൽത്തന്നെ മിണ്ടാൻ കൊള്ളാവുന്ന ആരാണ് ഈ അഴികൾക്കുള്ളിൽ ഉള്ളത് ?
2B യിലേക്ക് നടക്കുമ്പോൾ ആദ്യമായിട്ടാണ് അവിടുത്തെ മങ്ങിയ ചുവരുകളേയും കനമേറിയ ഇരുമ്പുവാതിലുകളേയും
ഇടനാഴികളിൽ തങ്ങിനിൽക്കുന്ന മുഷിഞ്ഞ മണത്തേയും കുറിച്ചും ചിന്തിച്ചത്. ഏറെദിവസം എടുത്തു അതിനകത്തെ വാതിലുകളും യൂണിറ്റുകളും തിരിച്ചറിയാൻ , തലച്ചോറിനെ തെറ്റുധരിപ്പിക്കത്തക്കവിധം ഇത് തനല്ലയോ അത് എന്ന് തോന്നുന്ന ഇടങ്ങൾ. ഒരിക്കലും രക്ഷപെടാനാകാത്തവിധം ക്രമീകരിച്ചിരിക്കുന്ന വാതിലുകൾ. എല്ലാത്തിനും ഉപരി സൂര്യപ്രകാശം കടന്നുവരാത്ത അകത്തളങ്ങൾ...
എന്തൊക്കെയോ ആലോചിച്ചു നടന്നതിനാൽ എതിരെവന്ന പലരേയും ഗൗനിക്കാൻ സാധിച്ചില്ലല്ലോ എന്നോർത്തു എനിക്ക് ലജ്ജതോന്നി. കഴിഞ്ഞ അഞ്ചു വർഷമായി ജീവിതത്തിലേയ്ക്ക് ഈ തടവറകൾ കടന്നു
വന്നിട്ട് . ഇപ്പോൾ പൂർണമായി ഞാനും ഈ തടവറയിൽ അടയ്ക്കപ്പെട്ടത് പോലെ .. നിയമങ്ങൾ, നൂലാമാലകൾ, അതിൽ കുടുങ്ങുന്ന, ഒടുങ്ങുന്ന ജീവിതങ്ങൾ...
മൂന്നാം നിലയിലുള്ള റൗണ്ടസ് കൂടി കഴിഞ്ഞപ്പോഴായിരുന്നു 5C യിലേയ്ക്ക്‌ വിളി വന്നത്, കൊടും ക്രൂരന്മാരായിട്ടുള്ള, യാതൊരുവിധ വികാരങ്ങളും ഇല്ലാത്ത മനുഷ്യരെന്നു വിളിക്കപ്പെടാൻ യോഗ്യതയില്ലാത്ത തടവുകാർ, സൈക്കോപാത്തുകൾ , അവിടേയ്ക്ക് പോകേണ്ടിയിരുന്ന ആദ്യനാളുകളിൽ എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാൻ സാധിക്കുംവിധം ഉയർന്നിരുന്നതും വാക്കുകളും ആശയങ്ങളും ബോധമണ്ഡലത്തിൽ നിന്നും മറഞ്ഞുപോയിരുന്നതും, ഭയം ശരീരത്തെ ആകമാനം ഗ്രസിച്ചിരുന്നതും എന്തോ വെറുതെ ഞാനോർത്തുപോയി...
മറ്റുള്ള നിലകളിലിൽ നിന്നും വ്യത്യസ്തമായി ഓരോരുത്തരേയും കുടുസ്സായ സെല്ലുകളിൽ അടച്ചിരിക്കുന്നു. സീലിങ്ങിൽനിന്നും വരുന്ന മങ്ങിയ മഞ്ഞവെളിച്ചമല്ലാതെ പ്രകൃതിയുടെ ഭാവഭേദങ്ങൾ ഒന്നും തന്നെ, സമയമോ കാലമോ കടന്നുപോകുന്നതറിയാതെ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുന്ന മനുഷ്യമൃഗങ്ങൾ ...നീചന്മാർ...
"ഗുഡ്മോണിങ്" വിഷ് ചെയ്ത ഒരുകൂട്ടം തടവുകാർക്ക് ഒരു വരണ്ട ചിരി സമ്മാനിച്ചു മുന്നോട്ടു പോയപ്പോൾ ഞാൻ ഒരാട്ടിൻപറ്റത്തിന് നടുവിലാണെന്നും, പൊടുന്നനെ അവയുടെ ഭാവം മാറി, ദ്രംഷ്ടകൾ പുറത്തുവരികയും കൂർത്തനഖങ്ങൾ പുറത്തുകാണിച്ചു കുതിച്ചുചാടി എന്നെ മാന്തിപ്പൊളിക്കാൻ തയ്യാറായ രീതിയിൽ ഒരുങ്ങിയിരിക്കുന്ന ചെന്നായ്‌കൂട്ടമാണെന്നും തോന്നിച്ചു...ഭയന്ന് ഞാൻ നിലവിളിച്ചുവോ? ആവോ ആർക്കറിയാം ...
***********
അവിടെ 13 മത്തെ സെല്ലിൽ മക്‌കെൻസീ സാമുവൽ എന്നെ കാത്തിരിപ്പുണ്ടായിരുന്നു . പതിവില്ലാത്ത പോലെ അവൻ ചിരിച്ചതായി എനിക്ക് തോന്നി. അവൻ ചിരിച്ചാൽ പോലും ഏറെ ഭയപ്പെടണം. എന്നെ കണ്ട ഉടനെ അവൻ സംസാരിച്ചു തുടങ്ങി ... "മിസ്സ് എനിക്ക് പറയാനുള്ളത് എന്താണെന്നു വച്ചാൽ, ഞാൻ ഇന്നലെ വരെ നിങ്ങളോടെല്ലാം പറഞ്ഞത് നുണയായിരുന്നു"... "സത്യമായിട്ടും"... എനിക്ക് അപ്പോൾ ചിരിവന്നു. "നീ പറയുന്നതെന്തും വിശ്വസിക്കുക അതാണല്ലോ എൻ്റെ ജോലി .. ഇനി എന്ത് നുണ കേൾപ്പിക്കാനാണ് ഇന്നെന്നെ നീ വിളിച്ചുവരുത്തിയിരിക്കുന്നത് ? "
"മിസ്സ് ചോരയുടെ മണം അറിഞ്ഞിട്ടുണ്ടോ ? നല്ല ചുടുചോരയുടെ ഉന്മാദമുണർത്തുന്ന ഗന്ധം... പിന്നെ സിരകളിൽ നിന്നും ഒഴുകിയിറങ്ങി ഉണങ്ങിയ രക്തത്തിന്റെ മടുപ്പിക്കുന്ന ...മണം മടുപ്പിക്കുന്ന, ഏകാന്തതയുടെ, കയ്പുനിറഞ്ഞ മണം? "
"5 കൊലപാതകങ്ങൾ നടന്നു കഴിഞ്ഞു, എന്തിനു എന്ന് ചോദിക്കരുത് .. അത് അവരുടെ അനിവാര്യമായ വിധിയായിരുന്നു.. എൻ്റെ മാതാപിതാക്കളുടെ, പ്രണയിനിയുടെ , ആത്മമിത്രങ്ങളുടെ....എന്നെ ഹൃദയത്തിലേറ്റിയ എല്ലാവരുടെയും അനിവാര്യമായ വിധി..."
ഞാൻ എൻറെ കയ്യിൽ ഉണ്ടായിരുന്ന അവന്റെ ഫയൽ തുറന്നു , മക്‌കെൻസീ സാമുവൽ 24 വയസ്സ്, പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ ന്യൂറോസയെൻസിൽ ഡോക്ടറെറ്റ് വിദ്യാർത്ഥി. പഠനചിലവിനായി ബാങ്കിൽ ജോലിചെയ്യുന്നു . ഏവർക്കും പ്രീയങ്കരൻ ... പിന്നെയെങ്ങനെ അവൻ അഴിക്കുള്ളിലായി ??അതും മനഃസാക്ഷിപോലും മരവിച്ചുപോകുന്ന ക്രൂരകൃത്യങ്ങളുടെ പേരിൽ .. 5 കൊലപാതകങ്ങൾ ...
"മിസ്സ് ഇനി ഞാൻ പറയുന്നത് സത്യമാണ്, ആർക്കും ഇതുവരെ അറിവില്ലാത്തതും ഇനി എനിക്ക് മറച്ചു വയ്‌ക്കേണ്ടതായില്ലാത്തതും ആയ സത്യം..." ഒരു ആശ്ചര്യം എൻ്റെ കണ്ണിൽ സ്പുരിച്ചുവോ ?ഭയത്തിനപ്പുറം ഒരു വികാരത്തിനും ഈ തടവറകളിൽ പ്രസക്തിയില്ലല്ലോ ?
"ഞാൻ തന്നെയാണ് എല്ലാവരെയും അവസാനിപ്പിച്ചത്. എല്ലാവരെയും ഒരേപോലെ, ഏതോ മൂർച്ചയുള്ള ആയുധം കൊണ്ട് കൺഠനാളിയിലെ ഞരമ്പുകൾ മുറിച്ചു .. പ്രാണനായി പിടഞ്ഞു പിടഞ്ഞു രക്തം നഷ്ടപെട്ടാണ് എല്ലാവരും വിടചൊല്ലിയത് . ആ ആയുധം ഏതാണെന്നു കണ്ടെത്താൻ കഴിയാത്തതാണല്ലോ എല്ലാവരെയും കുഴപ്പിക്കുന്നത് ?... "
"അതെ"എന്ന എൻ്റെ മറുപടിയ്ക്ക്, "എന്നാൽ കേട്ടോളൂ , അത് മറ്റൊന്നും അല്ല വെറും "ഐസിക്കിൾസ് "..ഒരു കത്തിയുടെ ആകൃതിയിലും അതിനേക്കാൾ മൂർച്ചയിലും ഉള്ള ഐസ് കൊണ്ടുള്ള കത്തി . കൃത്യനിർവഹണത്തിനു ശേഷം തനിയെ ഉരുകി നശിച്ചുപോകുന്ന തെളിവ്" ..അവൻ അട്ടഹസിച്ചു , അത് ആ മുഷിഞ്ഞ ഭിത്തികളിൽ തട്ടി പ്രതിഫലിച്ചു ..
"ചുടുചോരയുടെ ഗന്ധം എനിക്ക് കിട്ടുന്നുണ്ട് അത് എന്നെ തേടി അടുത്തടുത്ത വരുന്നു, അല്ല അത് ഇങ്ങ് എത്തി കഴിഞ്ഞു ....ആരാലും എന്നെ രക്ഷിക്കാൻ കഴിയാത്തവണ്ണം, അത് എന്നെ വിഴുങ്ങാനായി കാത്തുനിൽക്കുന്നു. ഇതാ ഞാൻ ആ നിമിഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു .."
അപ്പോൾ അവന്റെ കണ്ണുകളിൽ ദൈന്യത നിഴലിച്ചുവോ? എന്നത്തേയുംകാൾ ശാന്തനായിരുന്നു അവനപ്പോൾ. മരുന്നുകൾ അവനിൽ ഫലിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് അപ്പോൾ തോന്നിയത്.
ഇനിയെന്തെങ്കിലും പറയാനുണ്ടോ എന്നതിനു തലകുമ്പിട്ടുകൊണ്ട് "ഉണ്ട് അതാണ് ഏറ്റവും പ്രാധാന്യമേറിയതും എന്നാൽ തെളിയിക്കപ്പെടാൻ പറ്റാത്തതും"... അവൻ അപ്പോൾ എന്നോട് പങ്കു വെച്ച കാര്യങ്ങൾ അവന്റെ വിഭ്രാന്തിയുടെ ലക്ഷണമായി മാത്രമേ എനിക്ക് അപ്പോൾ തോന്നിയുള്ളൂ.
ഇല്ല ഇനി ഒരു കൂടിക്കാഴ്ചയുണ്ടാവില്ലെന്ന അവന്റെ മറുപടിയ്ക്ക്, എന്നാൽ അങ്ങിനെയായിരിക്കട്ടെ എന്നുപറഞ്ഞു തിരിയെ നടന്നപ്പോൾ മുഴുവൻ ഐസിക്കിൾസിനെ കുറിച്ചായിരുന്നു എൻ്റെ ചിന്തകൾ മുഴുവൻ..
***********
എത്രപെട്ടെന്നാണ് മനുഷ്യന് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് എന്നോർത്തപ്പോൾ എനിക്ക് വലിയ ആശ്ചര്യം തോന്നി.
മനസ്സിന്റെ താളം അത് ആരുടെ നിയന്ത്രണത്തിലാണ് സാഹചര്യങ്ങളുടെ സമ്പത്തിന്റെ, ഋതുക്കളുടെ, അതോ പാരമ്പര്യമായി മാതാപിതാക്കളിൽ നിന്നും തലച്ചോറിലേക്ക് കുടിയേറിപ്പാർത്ത ആ രാസകൂ ട്ടുകളുടെയോ?
ഒരു വേള സ്വയമറിയാതെ മറ്റൊരാൾ ആകുന്നതുപോലെ തികച്ചും വിചിത്രവും ഭയാനകവുമായ മറ്റൊന്നില്ല എന്ന് എനിക്ക് തോന്നി. മൾട്ടിപ്പിൾ പേഴ്സണാലിറ്റി, സ്കീസോഫ്രീനിയ. അങ്ങനെ എന്തെല്ലാം എന്തെല്ലാം. മനസ്സിന്റെ നിയന്ത്രണങ്ങൾ കൈവിട്ടുപോകുന്ന മനുഷ്യജന്മങ്ങൾ...
തിരികെ ഓഫീസ് മുറിയിലേക്ക് ലിഫ്റ്റ് കാത്തുനിൽക്കുമ്പോഴാണ് സർജൻറ്റ്‌ വില്യംസിനെ കാണുന്നത്. വെളുത്ത ചുമന്ന് നല്ല പൊക്കമുള്ള ഇംഗ്ലീഷുകാരൻ വില്യംസിനെ കാണുമ്പോൾ എല്ലാം എന്റെ മനസ്സിൽ ചരിത്രപുസ്തകത്തിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഗാംഭീര്യമുള്ള ചിത്രങ്ങൾ ഓർമ്മ വരുമായിരുന്നു.
ലിഫ്റ്റ് വന്നിട്ടും സ്വയം മറന്നു നിന്ന എന്നോട് വില്യംസ് "മിസ്സ് ആർ യു ഓക്കേ?"എന്ന ചോദ്യമാണ് ചിന്തകളിൽനിന്നും ഉണർത്തിയത്.
സീക്രട്ട് നമ്പറുകൾ അമർത്തി താക്കോൽ സ്കാൻ ചെയ്ത ലിഫ്റ്റ് അടഞ്ഞപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഒരു ഐസ് കത്തിയുടെ മരവിപ്പ് ...തണുപ്പ്, പിൻകഴുത്തിൽ സ്പർശിക്കുന്ന പോലെ...
പെട്ടെന്നുണ്ടായ ഭയപ്പാടിൽ വില്യംസിനോട് ചോദിച്ചു, "എത്ര നാളായി താങ്കൾ ഇവിടെ ജോലി ചെയ്യുന്നു? "ചുവരിൽ തൂക്കിയ മെഡലുകളിൽ മൃദുലമായി തഴുകി വർദ്ധിച്ച അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു "കഴിഞ്ഞ 35 വർഷങ്ങൾ ഞാൻ ഈ ജയിലിൽ ജോലിനോക്കുന്നു .പലരും വരുകയും പോവുകയും ചെയ്തു. എന്നോളം ഈ തടവറകളെ കുറിച്ച് അറിയാവുന്ന ആരും തന്നെ ഇവിടെയില്ല. ഇനിയും ഏതാനും ആഴ്ചകൾക്കുള്ളിൽ റിട്ടയർ ചെയ്ത വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന വരെ ഞാൻ ഇവിടെ തന്നെ കാണും..."
35 വർഷങ്ങൾ... എനിക്ക് ആശ്ചര്യം തോന്നി. ഇനി ഒരു ദിനം കൂടി ഇവിടെ നിന്നാൽ മനസ്സിന്റെ താളം തെറ്റി പോകുമോ എന്ന് ഭയപ്പെട്ടിരുന്ന എന്നെ കുറിച്ച് ഓർത്ത് എനിക്ക് ലജ്ജ തോന്നി.
"സർ icicles കുറിച്ച് എന്താണ് അഭിപ്രായം ഒരാളെ മുറിപ്പെടുത്തി കൊല്ലാൻ മാത്രം അതിനെ മൂർച്ച ഉണ്ടാകുമോ? അതോ അവൻ പറഞ്ഞതെല്ലാം വിഭ്രാന്തിയുടെ വെറും ജല്പനങ്ങൾ മാത്രമോ?"
പിങ്ക് റോസാപ്പൂവിന്റെ നിറമുള്ള സർജൻറ്റിന്റെ മുഖത്തെ ചോര വാർന്നു പോയി മഞ്ഞുപോലെ വിളർച്ച വ്യാപിച്ചത് പെട്ടെന്നായിരുന്നു. അയാൾ എന്തോ പറഞ്ഞു പറഞ്ഞത് വ്യക്തമായില്ല. അല്ലെങ്കിൽ തന്നെ ഉത്തരത്തിനു വേണ്ടി ആയിരുന്നില്ലല്ലോ ഞാൻ ആ ചോദ്യം ചോദിച്ചത്...
*******************
ഓഫീസ് മുറിയിലേക്ക് നടക്കുമ്പോൾ കറുപ്പും വെളുപ്പും ഇടകലർത്തിയ ടൈലുകളുടെ ഇടയിൽ ഒരു പടക്കളം രൂപപ്പെടുന്നതായും രാജാവും കുതിരയും രഥങ്ങളും കാലാൾപ്പടയും യുദ്ധത്തിന് ഒരുങ്ങിയിരിക്കുന്നതായും ഞാൻ സങ്കൽപ്പിച്ചു.
ലിഫ്റ്റിൽ നിന്നും ഇറങ്ങിപ്പോയ സർജൻറ് വില്യംസ് വെള്ള കുതിരയായും മെക്കൻസി സാമുവൽ കരിം പടയിലെ രാജാവായും എനിക്ക് തോന്നി. എങ്കിൽ എൻറെ സ്ഥാനം എവിടെ ? ഏതു ഭാഗത്ത് ആയിരുന്നാലും മുൻനിരയിൽ നിൽക്കുന്ന എളുപ്പം വെട്ടിവീഴ്ത്തപ്പെടാവുന്ന കാലാൾപ്പടയിൽ ഒരാൾ മാത്രം...
മണിക്കൂറുകൾ ഒച്ചിഴയുന്നപോലെ... സത്യത്തിൽ തടവുകാരുടെ കൂടെ ഞാനും ഈ തടവറകളിൽ അടക്കപ്പെട്ട ഇരിക്കുകയല്ലേ? വാതായനങ്ങൾ ഇല്ലാത്ത ഈ വലിയ കെട്ടിടത്തിന് പുറത്ത് ഇപ്പോൾ വെയിലോ മഴയോ?
പൊടുന്നനെ നെ ഒരു വലിയ കാർമേഘം എന്നെ വിഴുങ്ങിയതായും ദൂരെയെവിടെയോ സമാധാനത്തിന്റെ നാട്ടിലേക്ക് കൊണ്ടു പോകുന്നതായും, രക്ഷപ്പെടാൻ അതിനുള്ളിൽ ഇരുന്ന് ഞാൻ കൈ കാലിട്ടടിക്കുന്നതായും എനിക്ക് തോന്നി...
***************
സെക്രട്ടറി കരീന യാണ് പുറത്തുപോയി കാപ്പി കുടിക്കാം എന്ന് ഇന്ന് സജസ്റ്റ് ചെയ്തത്. ഈ തടവറകളിൽ നിന്നും രക്ഷപ്പെടാനുള്ള ഏക വഴിയും ഈ കാപ്പി കുടിക്കൽ മാത്രമായിരുന്നു മനസ്സിലെ കാർമേഘം പോലെ തന്നെ ഏതുനിമിഷവും പെയ്യതിറങ്ങാനായി കാർമേഘം കാത്തു നിൽക്കുകയായിരുന്നു...
ജയിലിലെ എതിരെയുള്ള റസ്റ്റോറൻറ് നിന്നും കാപ്പി വാങ്ങിയപ്പോഴേക്കും മഴ തുടങ്ങിയിരുന്നു. മഴ മാറാതെ തിരികെ പോകുന്നത് എങ്ങനെ? ബ്രേക്ക് തീരാൻ ഇനിയും അരമണിക്കൂർ ബാക്കിയുണ്ട്. എതിരെയുള്ള ടേബിളിൽ വേർഡ് പസിൽ കളിക്കുന്ന വൃദ്ധ ദമ്പതിമാർ.. വെറുതെ അവരെ നിരീക്ഷിച്ചുകൊണ്ട് അൽപസമയം...
തിരികെ വരുമ്പോഴായിരുന്നു കെട്ടിടത്തിന് പുറകിൽ നിന്നും ഒരു ആംബുലൻസ് ചീറിപ്പായുന്നത് കണ്ണിൽപ്പെട്ടത്.. ആർക്കോ അത്യാഹിതം സംഭവിച്ചിരിക്കുന്നു. ആരായിരിക്കാം അത്?
****************
ഓഫീസിലെ ഫോണിൽ എനിക്കായി ഒരു വോയിസ് മെസ്സേജ് .... Mackenzie Samuel is not responding....deep cutting wound from sharp object... Cardiac arrest from heavy bleeding... കഴുത്തിൽ മൂർച്ചയുള്ള എന്തോ ആയുധം കൊണ്ട് ആഴത്തിലുള്ള മുറിവ് സംഭവിച്ചിരിക്കുന്നു... അമിതമായ രക്തസ്രാവം മൂലം ഹൃദയസ്തംഭനം സംഭവിച്ചിരിക്കുന്നു...
***********
അപ്പോഴും അവിശ്വസനീയമായി തോന്നിയ അവന്റെ വാക്കുകൾ എന്റെ ബുദ്ധി മണ്ഡലത്തിൽ ഇരുന്ന് വിങ്ങുകയയിരുന്നു...
"ജയിലിലെ ഏറ്റവും അധികാരമുള്ള പോലീസ് ഓഫീസർ വില്യംസ്. ഏറെ സമ്പന്നനായ അദ്ദേഹത്തിൻറെ ഏകമകൾ ആയിരുന്നു എന്റെ കാമുകി, തികച്ചും യാഥാസ്ഥിതികനായിരുന്നു അദ്ദേഹം."
"കറുത്തവർഗ്ഗക്കാരനായ എന്നോട് വെളുത്ത വർഗക്കാരനായ വില്യംസിന്റെ അടങ്ങാത്ത പകയായിരുന്നു എന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും, പിന്നെ അവളുടെ തന്നെയും മരണത്തിന് ഇടയാക്കിയത്. ഭ്രാന്തനായി എന്നെ വേഷം ധരിപ്പിച്ചപ്പോൾ എല്ലാ തിരക്കഥയും പൂർത്തിയായിരിക്കുന്നു..."
Icicles- ഐസിന്റെ കൂർത്ത ചിലപ്പോൾ മൂർച്ചയേറിയ രൂപം.
Lini Jose

തിരമാലകളും സദാചാരവും...

Image may contain: 1 person, smiling, outdoor
''ബെവ്‌യ്ന്യു ഡോണ തോപ്പെയ്? " "കമാലി വ്യൂ? " ...ഞങ്ങളുടെ നാട്ടിലേയ്ക്ക് സ്വാഗതം, സുഖം തന്നെയല്ലേ... ? അതാണർത്ഥം. അവരെ കണ്ടപ്പോഴേ ഞാനൂഹിച്ചു ഫ്രാൻസിൽ നിന്നുള്ളവരാണെന്ന്...
നോക്കൂ എന്റെ ഊഹം തെറ്റിയിട്ടില്ല. അറബിക്കടലിന്റെ റാണിയെ തേടിവന്ന ഫ്രഞ്ച് സഞ്ചാരികളായ, ലൂയിയും ഗബ്രിയേലയും ആണവർ.
മാലിനി കൈവീശി അവരെ യാത്രയാക്കി. തിരമാലകളപ്പോൾ അവരുടെ നഗ്നപാദങ്ങളെ മൃദുവായ് ചുംബിച്ചു തിരികെപ്പോയി...
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് നിനക്ക് തോന്നുന്നുണ്ടോടാ..?"
അറബിക്കടലിലേക്ക് താഴ്ന്നിറങ്ങുന്ന അസ്തമയസൂര്യനിലേയ്ക്ക് നോക്കി മാലിനി ചോദിച്ച, ആ ചോദ്യം കേട്ടിട്ട് അലോഷിയ്ക്ക് ചിരി വന്നില്ല...കാരണം അവനും അതുതന്നെയായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്. " സത്യത്തിൽ സ്വാതന്ത്ര്യം കിട്ടിയ നാടാണോ നമ്മുടേത്???"
കടൽതീരത്തൂടെ കുളിർകാറ്റുകൊണ്ട് നടക്കാൻ ഇറങ്ങിയതായിരുന്നു മാലിനിയും അലോഷിയും ... പതിനാല് വർഷങ്ങൾക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ച..
ദീർഘകാലമായുള്ള ഒരു സ്വപ്നം... ഒരുമിച്ച് അസ്തമയം കാണുക എന്നത് സാക്ഷാത് കരിക്കാൻ എത്തിയതായിരുന്നു അവർ.... അല്ലെങ്കിലും ഒരുമിച്ച് ഉദയം കാണാനുള്ള വിധി അവർക്കില്ലായിരുന്നല്ലോ....
ഏതാനും ചുവടുമാറി തങ്ങളെ തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരോട് അവർക്ക് ഉള്ളിൽ പുച്ഛം തോന്നി. എന്തിനാണ് ഇങ്ങനെ ഒരു കാവൽ? ഇവരുടെ ജാഗ്രതയുടെ സൂചിമുനകളിൽ ആണോ സദാചാരത്തിന്റെ താക്കോൽ തൂക്കിയിട്ടിരിക്കുന്നത്?!
" നീ ഉത്തരം പറഞ്ഞില്ലല്ലോ? ... എന്ത്യേ നീ തിരകൾ എണ്ണുകയാണോ അലോഷീ? " അവൾ ചോദിച്ചു. അപ്പോൾ അവനൊരു കുസൃതി തോന്നി... മാലിനീ, നീ അത് കണ്ടോ, ഇപ്പോൾ പന്തെന്റെറ കോർട്ടിലാണ്... അത് പറഞ്ഞുകൊണ്ട് എതിരെ വരുന്ന സ്പാനിഷ് ദമ്പതികളിലേക്ക് അവൻ വിരൽചൂണ്ടി.
ഒരു മന്ദസ്മിതത്തോടെ അവർക്ക് ഹസ്തദാനം ചെയ്ത്..."തേ ആ ഗുസ്താദൊ മി തിയറ, എസ് മുയി ബൊനീത്ത നോ? " സ്പാനിഷ് സഞ്ചാരികളായ സാന്റിയാഗോയും മിലിയും...അവന്റെ കുശലാന്വേഷണങ്ങൾക്ക് സന്തോഷത്തോടെ മറുപടി ചൊല്ലി കടന്നുപോയി...
സദാചാര ഗുണ്ടകൾ ബോറടിച്ച് നാരങ്ങാവെള്ളം തേടിപ്പോയപ്പോൾ... പൊട്ടിച്ചിരികളും സന്തോഷവും നിറഞ്ഞ ആ നിമിഷങ്ങൾ ഒരു ഗ്രൂപ്പ് സെൽഫിയിൽ അവസാനിച്ചപ്പോൾ... പതിനാല് വർഷം മുൻപുള്ള ഒരു നിമിഷത്തിൽ, രണ്ടുപേരുടെയും മുഖം പതിഞ്ഞ മറ്റൊരു ചിത്രത്തെ കുറിച്ചായിരുന്നു മാലിനി അപ്പോൾ ഓർത്തത്...
അലങ്കരിച്ച മട്ടാഞ്ചേരി പള്ളി... ക്രിസ്റ്റിയുടെ താലിയ്ക്ക് മുന്നിൽ തലകുനിച്ചു നിൽക്കുന്ന മാലിനി... അൾത്താരയിൽ അച്ചന്റെ സഹായിയായി അലോഷിയും. കാഴ്ചയും കാഴ്ചക്കാരനു ഒരുമിച്ച് ഒരു ചിത്രത്തിൽ.
സ്പാനിഷ് ദമ്പതികൾക്ക് വിടചൊല്ലി വീണ്ടും അസ്തമയ സൗന്ദര്യത്തിലേക്ക്... തീരത്തണഞ്ഞ തിരമാലകൾ അവരുടെ സൗഹൃദം കണ്ട് അസൂയപ്പെട്ടെന്ന പോലെ വീണ്ടും വീണ്ടും വന്നലച്ചുകൊണ്ടേയിരുന്നു...
പാരീസിന്റെ ദത്തുപുത്രിയും, അറിയപ്പെടുന്ന ഫാഷൻ ഡിസൈനറുമായ മാലിനിയുടെയും മാൻഡ്രിഡിൽ യൂണിവേഴ്സിറ്റി പ്രൊഫെസ്സർ ആയ അലോഷ്യസിന്റെയും സംസാരത്തിൽ അവരുടെ വർത്തമാനകാലത്തിലെ തിരക്കുകളോ, ആകുലതകളോ കടന്നുവന്നതേയില്ല. നഷ്ടപ്പെട്ടുപോയ ബാല്യകാലത്തെ തിരകൾ തിരയുകയായിരുന്നു അവരപ്പോൾ...
ഒരു ഇളംകാറ്റിന് കടന്നുപോകാൻ ഒരു വിടവ് മനപ്പൂർവ്വം, രണ്ടുപേരും അവർക്കിടയിൽ സൂക്ഷിച്ചിരുന്നതും, അവർ ഒരിക്കലും കൈകൾകോർത്ത് പിടിക്കുകയോ അവളുടെ മുടിയിഴകൾ അവൻറെ മുഖത്തിനെ സ്പർശിക്കുകയോ ചെയ്തില്ല എന്നതിനാലും, ദുരൂഹമായ എന്തോ ഒന്ന് അവരുടെ ഇടയിൽ ഉണ്ടെന്നും, അത് ഉടനെ തന്നെ വെളിച്ചത്ത് കൊണ്ടുവരണമെന്നും ഉള്ള ഉദ്ദ്യേശത്താൽ സദാചാര ഗുണ്ടകൾ വീണ്ടും അവർക്കായി വലവിരിച്ചു !
"എനിക്ക് ഈ എത്തിനോട്ടത്തിനോട് അറപ്പ് തോന്നുന്നു അലോഷീ... ഒരുപക്ഷേ കളക്ടറുടെ പോലെയുള്ള നിന്റെയീ ഗെറ്റപ്പും എന്റെയീ മോഡൽ ലുക്കും ആകാം അതിനു കാരണം അല്ലേ...?"
അവരുടെ പൊട്ടിച്ചിരി അകലങ്ങളിൽ നിന്നും വന്ന തിരമാലകൾ ഏറ്റെടുത്ത് ഭൂഖണ്ഡങ്ങളുടെ അപ്പുറത്തേക്ക് കൊണ്ടുപോയി...
"മലിനീ.. . അല്ലെങ്കിലും ഈ ഉപഭൂഖണ്ഡത്തിന് സദാചാരം ഇത്തിരി കൂടുതലാണല്ലോ? ഒരാണും പെണ്ണും അടുത്തിടപഴകിയാൽ തകർന്നടിയുന്ന സദാചാരമാണല്ലോ ഞാനും നീയും ജനിച്ചുവീണ ഈ മണ്ണിന്റേത്? ആരും അത് സമ്മതിച്ചു തരുകയില്ലെങ്കിലും... "
"എടാ അലോഷീ നിനക്ക് എപ്പോഴാണ് ഇത്രയും ഗ്ലാമർ വച്ചത് ?!"
"വേണ്ട വേണ്ട, നിന്റെയാ പഴയ 'ഉരുളക്കിഴങ്ങ്' എന്നുള്ള വിളിതന്നെ തന്നെ മതിയെടി.. " അവൻ പറഞ്ഞു...
"എടാ നിനക്ക് പൊട്ടറ്റോയുടെ സ്പെല്ലിംഗ് അറിയാമോ? ഉരുളക്കിഴങ്ങു കൊണ്ടുള്ള വിഭവങ്ങൾ എന്തെല്ലാം തുടങ്ങി ഒളിഞ്ഞും തെളിഞ്ഞുമുള്ള നിങ്ങളുടെ കളിയാക്കലുകൾക്ക് മുന്നിൽ , പൊക്കം കുറഞ്ഞു ആവശ്യത്തിൽ കൂടുതൽ വണ്ണമുണ്ടായിരുന്ന ഞാൻ കൂട്ടുകാരുടെ മുൻപിൽ എത്രമാത്രം ചൂളി പോയിരിക്കുന്നു എന്നോർക്കുമ്പോൾ..
" അവൻ ആ കാര്യം ഓർത്ത് അസഹ്യതയോടെ ചുമലുകൾ മുകളിലേക്ക് ഉയർത്തി. എന്നിട്ട് തുടർന്നു...
"എടീ, അല്ലെങ്കിൽ തന്നെ ഏതു പട്ടിക്കും ഒരു ദിവസം ഉണ്ടെന്നല്ലേ?? കേട്ടിട്ടില്ലേ പൊട്ടറ്റോ വെഡ്ജ്സ്, ഫ്രഞ്ച് ഫ്രൈ, സായിപ്പിന് ഇപ്പോഴും പൊട്ടറ്റോ തന്നെ പ്രിയം ... ലുക്കിൽ മാത്രമേ മാറ്റം ഉള്ളൂ ഉള്ളിൽ ഇന്നും ആ പഴയ പൊട്ടറ്റോ തന്നെ ഞാൻ.. . "
"മാലിനി നീ ഓർക്കുന്നുവോ പണ്ടു നമ്മൾ കാർണിവൽ കാണാൻ ഇവിടെ ഈ ഫോർട്ട് കൊച്ചി ബീച്ചിൽ വന്നത്.. അന്ന് നിന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയതെന്താണെന്ന് നിനക്ക് ഓർമ്മയുണ്ടോ? " അപ്പോൾ അവളുടെ മുഖം നാണം കൊണ്ടോ എന്തോ വല്ലാതെ തുടുത്തു.
കാർണിവലിൽ പട്ട് സാരി ചുറ്റി, നിറയെ ആഭരണങ്ങൾ ധരിച്ച് മുഖത്ത് ആവശ്യത്തിലേറെ മേക്കപ്പ് വാരിവിതറിയ പെണ്ണുങ്ങളെ കണ്ടപ്പോൾ അതിശയത്തോടെ നോക്കിയ താൻ 'ഹിജഡ' എന്ന വാക്കുകേട്ട് കണ്ണുമിഴിച്ചത് അവളുടെ ഓർമ്മയിലേക്ക് വന്നു.
അലോഷീ, പിന്നീട് നീ ആ ജന്മരഹസ്യം പറഞ്ഞുതന്നതും, പിറ്റേദിവസം ലീലാമ്മ ടീച്ചർ ചെമ്പരത്തി പൂവിൻറെ പരിച്ഛേദം ചിത്രം വരച്ചു വിവരിച്ചപ്പോൾ, എഴുന്നേറ്റുനിന്ന് ടീച്ചറേ ചെമ്പരത്തിപ്പൂ 'ശിഖണ്ഡി 'ആണോ എന്നും, അതുകൊണ്ടാണോ അതിൽവിത്തുകൾ ഉണ്ടാകാത്തത് എന്നും ചോദിച്ചതും ... ടീച്ചറുടെ തീപാറുന്ന നോട്ടവും ഇന്നലെയെന്നപോലെ അവളുടെ മുന്നിലേക്കോടി എത്തി.
"നീ അറിഞ്ഞോ കന്യാകുമാരിയിൽ വള്ളുവനാർ പ്രതിമവന്നത്? "അവൾ ചോദിച്ചു.
" മലിനീ, നീ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണോ? അത് അവിടെ വന്നിട്ട് വർഷങ്ങളായി... അടുത്ത തവണ നമുക്ക് ഒരുമിച്ചുപോകാം...ഒറ്റയ്ക്കുള്ള യാത്രകൾ മടുപ്പായിത്തുടങ്ങിയിരിക്കുന്നു... നമുക്കൊന്ന് പ്ലാൻ ചെയ്യാം..തൃവേണിസംഗമത്തിലെ തിരമാലകൾ... അതിനായി നമുക്ക് കാത്തിരിക്കാം.."
"സൂര്യൻ പൂർണമായും കടലിൽ താഴ്ന്നുകഴിഞ്ഞു.. അല്ല ഭൂഗോളത്തിന്റെ മറുഭാഗത്തേയ്ക്ക് യാത്രയായി... അതല്ലേ ശരി, അലോഷീ ?"
"സൂര്യനല്ല, ഭൂമിയാണ് സൂര്യനെ വിട്ടുപോയത്... സൂര്യൻ എന്നും അവിടെത്തന്നെയുണ്ടല്ലോ, എങ്ങും പോകാതെ, ഇമ ചിമ്മാതെ, ചൂടും വെളിച്ചവും പിന്നെ എല്ലാമെല്ലാമായി... "
അവൾ ഭൂമിയിലേയ്ക്ക് നോക്കിയാണ് അപ്പോൾ നടന്നിരുന്നത്...അതേ ആർക്കും സ്വന്തമല്ലാത്ത ഭൂമി...സർവ്വംസഹയായ ഭൂമി...വെട്ടിപ്പിടിച്ച ഭൂമി... അതിൻറെ അളന്നുമുറിച്ച അതിരുകളിൽ ചെന്ന് അവളുടെ ചിന്തകൾ അപ്പോൾ തളയ്ക്കപ്പെട്ടു.
സദാചാര പാലകർക്ക് വിറളിപിടിച്ചു, അവർ ചാടി വീണു. " ഇതൊന്നും ഇവിടെ നടക്കില്ല കേട്ടോ.. സന്ധ്യാസമയത്തെ കറക്കവും ഇരുട്ടിന്റെ മറവിലെ കച്ചവടവും... അത്രയും പുരോഗമനമൊന്നും ഇവിടെയായിട്ടില്ല മാഡം....ഇത് കൊച്ചിയാ കൊച്ചി... ബാംഗ്ലൂരോ മുംബൈയോ അല്ല...അല്ല സാറേ ഇനി നിങ്ങൾ വല്യ കളക്ടർ ആണെങ്കിലും ഇതൊന്നും ഞങ്ങൾ സമ്മതിക്കില്ല... "
ആർത്തിരമ്പി തങ്ങളെ വിഴുങ്ങാൻ ആഞ്ഞടിച്ചുയരുന്ന തിരമാലകൾ ഇതിലും എത്രയോ ഭേദം.. നാലുപാടും മിന്നി തെളിയുന്ന മൊബൈൽ ഫ്ലാഷുകൾ.. ചൂടുള്ള വർത്തയ്ക്കായി ചുറ്റും കൂടിയവർ..
പെട്ടെന്നായിരുന്നു ഗബ്രിയേലയും ലൂയിസും ബഹളത്തിലേയ്ക്ക് കടന്നു വന്നത്. കൂടെ സാന്റിയാഗോയും മിലിയും..ആൾക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടുത്തിയ അവരോട് പറയാൻ അലോഷിയ്ക്ക് ഒരു ഉത്തരമേയുണ്ടായിരുന്നുള്ളൂ... ജന്മം കൊണ്ട് ഞങ്ങൾ ഈ നാട്ടുകാരായി പോയെന്ന ഒരേയൊരു കുറ്റം... അത് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളൂ...
ചരിത്രം മണക്കുന്ന ഫോർട്ടുകൊച്ചിയുടെ വഴികളിലൂടെ മഴച്ചാറ്റലിൽ അവരുടെ ഇരുചക്രവാഹനം സഞ്ചരിക്കുമ്പോൾ സൗഹൃദം എന്നത്, കാണുന്നതിനും പറയുന്നതിനും അനുഭവിക്കുന്നതിനും അപ്പുറത്ത് മറ്റെന്തൊക്കെയോ ആണെന്ന് തിരിച്ചറിയുകയായിരുന്നു... അല്ല ആഘോഷിക്കുകയായിരുന്നു അവർ...
ദേഹത്തിനപ്പുറം ദേഹിയേയും പ്രണയത്തിനപ്പുറം... കറതീർന്ന സ്നേഹത്തെയും, കാമത്തിനപ്പുറം...
കരുതലിനേയും മനസ്സിലാക്കിയ, അല്ല തിരിച്ചറിഞ്ഞ രണ്ടുപേർ......തിരമാലകളും തീരവും പോലെ...ഇത്രയേറെ തീരത്തേക്ക് ആഞ്ഞടിച്ചാലും തിരിച്ചു പോകുന്ന തിരമാലകളെ പോലെ...
Lini Jose

വ്യൂവിങ്..

Image may contain: 1 person, smiling, outdoor
എല്ലാം പെട്ടെന്നായിരുന്നു ...ആരേയും ഒന്നും അറിയിക്കുവാൻ സാധിച്ചില്ല, ദയവായി ക്ഷമിക്കണം. എന്നാലും എല്ലാവരെയും എന്റെ നഗരമായ ടോറോന്റോയിൽ ഈ ഹാളിൽ, ഒരുമിച്ച് ഇങ്ങനെ കാണാൻ സാധിച്ചതിനാൽ ഞാൻ ഇന്ന് ഏറെ സന്തോഷവതിയാണ്.
ആ വയലറ്റ് മന്ത്രകോടിയിൽ ഞാൻ ഏറെ സുന്ദരിയായിരിക്കുന്നു അല്ലേ? നോക്കൂ എത്ര ശാന്തസുന്ദരമാണ് ഇപ്പോൾ എൻറെ മുഖം? മുമ്പൊരിക്കലുമില്ലാത്ത പോലെ....
കഴിഞ്ഞ വെക്കേഷനു നാട്ടിൽ പോയപ്പോൾ ആ മന്ത്രകോടി ഇവിടേയ്ക്ക് എടുത്തിട്ടുവന്നത് എത്ര നന്നായി ... അല്ലെങ്കിൽ അടച്ചു പൂട്ടി ഇട്ടിരുന്ന വീട്ടിലെ സർവ്വസാധനങ്ങളും കവർന്ന ആ മഹാപ്രളയം ഇതും കൈക്കലാക്കിയാനെ ...
വിശാലമായ ആ ഹോളിന്റെ ഏറ്റവും മുന്നിൽ സ്ഥാപിച്ചിട്ടുള്ള ആ വലിയ സ്ക്രീനിൽ പ്രദർശനം തുടങ്ങിയ കഴിഞ്ഞിരിക്കുന്നു. അതെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് ചിത്രങ്ങൾ, മനോഹരമായ ആ ചിത്രങ്ങൾ...
നോക്കൂ... ആ വയലറ്റ് മന്ത്രകോടി എന്റെ ശിരസ്സിലൂടെ ഇട്ടു തരുന്ന വിവാഹ ചിത്രം. ഇപ്പോൾ നിങ്ങളുടെ കൂടെ ഞാനും ഒട്ടും ആർഭാടമില്ലാത്ത എന്റെ വിവാഹ ചടങ്ങുകളിൽ ഓർമകളിലൂടെ പങ്കുചേരുകയാണ്...
റവ. ഫാദർ അലോഷ്യസ് പുൽപ്പറമ്പിൽ പ്രാർത്ഥനാനിർഭരമായ ചടങ്ങിന് തുടക്കം കുറിച്ചു. പള്ളി കാര്യങ്ങളിലും പ്രാർത്ഥനയിലും വളരെ ഉത്സാഹവതിയായ സൈറ സ്റ്റീഫന്റെ അകാലത്തിലുള്ള വിടപറയൽ കത്തോലിക്കാസഭയുടെ ഒരു തീരാനഷ്ടമാണെ ന്നും പറയുകയുണ്ടായി. അങ്ങിനെയാണോ ആവോ?
മലയാളി സമാജത്തിലെ അംഗങ്ങളെല്ലാം മുന്നിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ടല്ലോ? സ്ക്രീനിൽ മാറി മാറി വരുന്ന എൻറെ ചിത്രങ്ങളിൽ നോക്കി വന്നവരെല്ലാം തന്നെ എന്തൊക്കെ കുശുകുശുക്കുന്നതും ഞാൻ കാണുന്നുണ്ട്.
ചിത്രങ്ങൾ മാറി മാറി വരുന്നു.. ഇന്ത്യ ഗേറ്റിനു മുന്നിൽ നിന്നുള്ള ആ ചിത്രത്തിൽ ഞാനെത്ര ചെറുപ്പമാണ്. ഇതാ താജ്‌ മഹൽ, ഇത്ര നല്ല ഒരു ചിത്രം ലഭിക്കുവാൻ എത്രമാത്രം കഷ്ടപ്പെട്ട് പോസുചെയ്‌തെതാണെന്നോ??
ഇറ്റലിയിലെ പിസാ ഗോപുരം... ഈഫൽ ടവറിന്റെ മുന്നിൽ ലീലാമ്മച്ചേച്ചിയുടെ
കൂടെ ഉള്ള ഫോട്ടോ കണ്ടതിനുശേഷം അവർ കരച്ചിലടക്കാൻ പാടുപെടുന്നത് കണ്ടിട്ട്, സത്യമായും എന്റെയും കണ്ണുനിറഞ്ഞു കേട്ടോ...
രണ്ടാമത്തെ നിരയിൽ ഇരിക്കുന്ന ലിസയ്ക്ക് ഇപ്പോഴും എന്നോട് കുശുമ്പ് മാറിയിട്ടില്ല എന്നു തോന്നുന്നു, ഓരോ ചിത്രങ്ങളും വരുമ്പോൾ അവളുടെ മുഖം ഉപ്പുമാങ്ങാ ചുളുങ്ങിയ പോലെ ആവുന്നത് ഞാൻ ശ്രദ്ധിക്കുന്നില്ലെന്നാണ് അവളുടെ വിചാരം..
ചില അച്ചായന്മാർ നാട്ടിൽ മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടുമോ ഇല്ലയോ എന്നുള്ള ചർച്ചയുടെ ഇടയിലും ചിത്രങ്ങൾ ശ്രദ്ധിച്ചു, നാടും കാടും കാണാൻ ചുറ്റിനടന്നു സമയവും പണവും ചിലവാക്കിയ എന്നെ നല്ല രീതിയിൽ വിമർശിക്കുന്നും ഉണ്ട്. ഡാം പൊട്ടിയില്ലെങ്കിലും എനിക്ക് ഏതായാലും ചിരി പൊട്ടി. ജീവിതക്കാൻ മറന്നുപോയ മണ്ടന്മാർ... ആർക്കോ വേണ്ടി സമ്പാദിക്കുന്നവർ...
പിന്നെയും ഇറങ്ങി ഒന്ന് ചുറ്റി നടന്നപ്പോൾ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകർ... മലയാളികളെ പോലെ അല്ല കേട്ടോ അവരുടെ മുഖത്ത് അല്പസ്വല്പം ദുഃഖഭാവം ഒക്കെയുണ്ട്..
അവരെപ്പോലെ തന്നെ ഇന്നലെ ഞാനും വായിച്ചിരുന്നു, ആ ഇമെയിൽ... നമ്മുടെയെല്ലാം പ്രീയങ്കരിയായ സഹപ്രവർത്തക സൈറാ സ്റ്റീഫൻ നമ്മെ വിട്ടു പോയ വിവരം ഖേദപൂർവ്വം അറിയിച്ചുകൊള്ളുന്നു. പത്തു വർഷത്തിൽ കൂടുതൽ ഉള്ള അവരുടെ സ്തുത്യർഹമായ സേവനത്തെ സ്ഥാപനം നന്ദിയോടെ ഓർക്കുന്നു. നമ്മുടെ എല്ലാവരുടെയും പ്രിയങ്കരിയായ സൈറയുടെ വിയോഗത്തിന്റെ ദുഃഖസൂചകമായി സ്ഥാപനത്തിനു മുൻപിലുള്ള ഉള്ള കൊടിമരത്തിലെ നാഷണൽ ഫ്ലാഗ് താഴ്ത്തി കെട്ടുന്നതാണെന്നും, നാളെ വൈകുന്നേരം 3 മണി മുതൽ ഫ്യൂണറൽ ഹാളിൽ വച്ച് നടക്കുന്ന വ്യൂവിങ്ങിലും ഫ്യൂണറൽ സർവീസിലും എല്ലാവരും പങ്കുചേരണം എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു എന്നും..
ഇത്ര സുന്ദരമായ ഒരു ഫോട്ടോ ആൽബം ഞാൻ തന്നെ ഉണ്ടാക്കിവച്ചത് എത്ര നന്നായി. ചടങ്ങിന് വരുന്നവർക്ക് ഈ ചിത്രങ്ങളിലൂടെ പല രാജ്യങ്ങളും അതിലെ കാഴ്ചകളും കണ്ടു മടങ്ങാം അല്ലെങ്കിൽ തന്നെ ഇതൊന്നും ഞാൻ ചെയ്തില്ലായിരുന്നെങ്കിൽ വല്ല അലമ്പ് ഫോട്ടോയിട്ട് കാണാൻ വരുന്നവരെ വെറുപ്പിച്ചാനെ എൻറെ കെട്ടിയോനും മോനും...
പറഞ്ഞപോലെ അവരെ കണ്ടില്ലല്ലോ?? ഹാ ഇവിടെയുണ്ട്.. എല്ലാവരുടെയും ആശ്വാസവചനങ്ങളും സാന്ത്വനങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ...
മലയാളി അസോസിയേഷൻ പ്രസിഡൻറ് മൈക്ക് കയ്യിലെടുത്തു എന്നെ കുറിച്ച് സംസാരിക്കാൻ തുടങ്ങി.തുടർന്നു വന്ന സെക്രട്ടറിയുടെ വാക്കുകൾ കേട്ട് പലരുടെയും കവിളിൽ കൂടി ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചതും ഞാൻ കണ്ടു.. ഇത്രയൊക്കെ പൊക്കിപ്പറയാൻ ഞാനങ്ങേരോട് നേരിട്ട് മിണ്ടിയിട്ടുകൂടിയില്ലല്ലോ??
എൻറെ സഹപ്രവർത്തകരും രണ്ടുവാക്ക് സംസാരിച്ചു... അളന്നു മുറിച്ച വാക്കുകൾ. പാരവച്ചു എൻറെ കസേര തെറിപ്പിക്കാൻ ഏറെ ശ്രമിച്ച ഫിലിപ്പീൻസ്കാരി ജിനയും വളരെ വികാരഭരിതയായി, ഒരുമിച്ചുണ്ടായ അനുഭവങ്ങൾ പങ്കു വയ്ക്കുന്നുണ്ട്. ചിരിക്കണം എന്ന് തോന്നി ആദ്യം, പിന്നെ അവളുടെ വീർത്ത കവിളത്ത് രണ്ടു പൊട്ടിക്കണമെന്നും...
ഇപ്പോൾ അവിടെ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത് മാച്ചു പിച്ചു.. ലോകമഹാത്ഭുതങ്ങളിൽ ഒന്ന്.. കഴിഞ്ഞ വെക്കേഷനു പോയപ്പോൾ എടുത്തത്. ആഹാ എന്ത് സുന്ദരമായ സ്ഥലം ആണെന്നോ കാഴ്ചക്കാരുടെ കൂടെ ഞാനും ചേർന്നു ഓർമ്മകൾ പുതുക്കി കൊണ്ട്...
ലോകമഹാത്ഭുതങ്ങൾ എല്ലാം തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു ഇനി എന്ത്??
നാട്ടിൽ നിന്നും ആരും തന്നെ വരാനില്ലല്ലോ അല്ലെങ്കിൽ തന്നെ അതൊന്നും അത്ര പതിവുള്ളത് കാര്യങ്ങളും അല്ലല്ലോ...
അതാ ആ നീല സാരിയുടുത്ത് നിറയെ മുല്ലപ്പൂ ചൂടി വട്ടപ്പൊട്ട് തൊട്ട, ചേട്ടൻറെ മോളുടെ കല്യാണത്തിന് എടുത്ത ഫോട്ടോ കണ്ടു റഷ്യക്കാരി നിക്കോൾ അന്തം വിട്ടു നിൽക്കുന്നത് കണ്ടിട്ട് ആശ്ചര്യം തോന്നി...
അവസാനം വന്നുചേർന്നവർക്കെല്ലാം നന്ദിയേകി എൻറെ ഭർത്താവും മകനും മനോഹരമായ പല ജീവിത മുഹൂർത്തങ്ങളും പങ്കുവച്ചത് പലരുടെയും നയനങ്ങൾ വീണ്ടും ഈറനണിയിച്ചതും... എന്റെ ഹൃദയത്തിലൂടെ ഒരു മിന്നൽ പടന്നപോലെ ... നേരത്തെ ആയിപോയോ ഈ കടന്നുപോകൽ?
കാണാതെ പോയ ചിത്രങ്ങൾ അല്ല കാണിക്കാതെ പോയ ആ ചിത്രങ്ങൾ അതിലായിരുന്നു ജീവിതം. അല്ലെങ്കിൽ തന്നെ ആർക്ക് കാണണം അതൊക്കെയും... വേദനയുടെ, നിരാശയുടെ കുറ്റപ്പെടുത്തലുകളുടെ തള്ളിപ്പറച്ചിലുകളുടെ മടുപ്പിക്കുന്ന കുടുംബചിത്രങ്ങൾ... ജീവിത യാഥാർഥ്യങ്ങളുടെ നേർക്ക് വച്ച കണ്ണാടി ബിംബങ്ങൾ...
എവിടെ എന്റെ പ്രീയങ്കരി ജിസ്... അവളെ കാണാതെ പോകുന്നതെങ്ങിനെ? അല്ല നായ്കുട്ടികൾക്ക് ഇവിടെ പ്രവേശനം ഇല്ലെന്ന് ഞാനോർത്തില്ലല്ലോ...
അവസാനം എന്റെ ശവമഞ്ചത്തിൽ മുകളിൽ കുന്നുകൂടിയ റോസാപ്പൂക്കൾ വകഞ്ഞുമാറ്റി, കാഴ്ചകൾ അവസാനിപ്പിച്ച് അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ ഞാൻ എത്ര വിസ്മയിച്ചെന്നോ?? ഇത്രയേറെ സ്നേഹം പ്രകടിപ്പിക്കാൻ ഇവർ ഈ നിമിഷംവരെ കാത്തിരിക്കുകയായിരുന്നോ??
( അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ മരണാനന്തര ചടങ്ങുകൾക്ക് മുൻപ് പൊതുദർശനത്തിന് വയ്ക്കുന്നതിനെയാണ് viewing എന്ന് വിളിക്കുന്നത്. നാട്ടിൽ നിന്നും വ്യത്യസ്തമായി ഏതെങ്കിലും ഫ്യൂണറൽ ഹാളിൽ വച്ചിട്ടായിരിക്കും ഈ ചടങ്ങ് നടത്തുക. മരണപ്പെട്ട വ്യക്തി ജീവിച്ചിരുന്നപ്പോൾ എടുത്ത ഫോട്ടോകളും മറ്റും അവിടെ പ്രദര്ശിപ്പിക്കുന്നതിലൂടെ ആ വ്യക്തിയെ കുറിച്ച് മറ്റുള്ളവർക്ക് കൂടുതൽ അറിയാൻ സാധിക്കുന്നു. )
Lini Jose

ഒന്നാമിടം, രണ്ടാമിടം....

ഒന്നാമിടം, രണ്ടാമിടം....
ഇത് ഒരു കഥയല്ല, ഒരു യാത്ര വിവരണവും അല്ല പിന്നെയോ മുഖ്യധാരയിൽ നിന്നും മാറി സമൂഹത്തിന്റെ ശ്രദ്ധ എത്താത്ത രണ്ടിടങ്ങൾ....
യാത്രകൾ അത് എന്നും എനിക്ക് ഹരമാണ് പ്രത്യേകിച്ച് പ്രീയപെട്ടവരുടെ കൂടെയാവുമ്പോൾ.... ഈ യാത്രകളിൽ ഞാൻ കണ്ടത് ഒറ്റക്കായി പോയവരെയാണ്... അതെ ജീവിതയാത്രയിൽ ഒറ്റപ്പെട്ടു പോയവർ....
ഒന്നാമിടം
മൂന്നാറിലെ തേയില തോട്ടങ്ങളും കടന്നു ചന്ദന മരങ്ങളാൽ സുന്ദരമായ മറയൂർ എന്ന കൊച്ചു ഗ്രാമം....ഞാൻ അവിടേയ്ക്കു പോകുമ്പോൾ ബന്ധു കൂടിയായ ജോജി ചേട്ടനെ നേരത്തെ വിളിച്ചറിയിച്ചത് തേയില തോട്ടങ്ങൾക്കും അപ്പുറത്തുള്ള മൂന്നാറിനെ അടുത്തറിയുന്ന ഒരാൾ എന്ന നിലയിലാണ്. എന്റെ ഉദ്ദേശ്യം മറയൂരിലെ മുനിയറകളും ശർക്കര ഫാക്ടറികളും ചന്ദനക്കാടുകളും പിന്നെ കാന്തളൂരും കാടും ഒക്കെ അനുഭവിച്ചറിയുക എന്നതായിരുന്നു....
ജോജി ചേട്ടനാകട്ടെ അവിടെ പ്രവർത്തിക്കുന്ന അഭയ എന്നപേരിലുള്ള ഒരു പുനരധിവാസ കേന്ദ്രത്തിന്റെ എല്ലാമെല്ലാമായ മനുഷ്യസ്നേഹിയും...
അവിടെ ഞാൻ കണ്ടത് അദ്ദേഹം തെരുവിൽ നിന്നും കൊണ്ടുവന്ന കുറച്ചു മനുഷ്യരെ, അതേ മൃഗങ്ങളെപ്പോലെ.... അഴുക്കും ജഡയും പിടിച്ചു മനസ്സിന്റെ കെട്ടു പൊട്ടി തെരുവിൽ അലഞ്ഞു നടന്നവർ.... പേരറിയാത്തവർ നാടറിയാത്തവർ....
അവിടെ അവർ സുരക്ഷിതരാണ്, ഭക്ഷണവും വസ്ത്രവും മരുന്നും എല്ലാം അദ്ദേഹവും കുടുംബവും അവർക്കു നൽകുന്നു. ജീവിതം തന്നെ ഇതിനായി ഉഴിഞ്ഞു വച്ച മനുഷ്യൻ. ഇതെല്ലം എങ്ങിനെ സാധിക്കുന്നു എന്ന ചോദ്യത്തിന് അരെങ്കിലും ഒക്കെ വേണ്ടേ ഇങ്ങിനെയുള്ളവർക്കും എന്നതായിരുന്നു. നിശബ്ദമായ സേവനം.... ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ.... ഇങ്ങനെയുമുണ്ടോ മനുഷ്യർ എന്ന് ചിന്തിച്ചു പോയി...സ്വന്തവും ബന്ധവും മനസ്സിന്റെ തെളിമയിൽ നിന്നും മാഞ്ഞുപോയവർ.....
മൂന്നാറിന്റെ മദിപ്പിക്കുന്ന മാദക സൗന്ദര്യത്തേക്കാൾ എന്നെ ആകർഷിച്ചത് തീർച്ചയായും ആ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക തന്നെയായിരുന്നു....
രണ്ടാമിടം
തലസ്ഥാനത്തെ വെഞ്ഞാറമൂട്ടിനടുത്തുള്ള st.ജോൺ ഹോസ്പിറ്റൽ.... സമൂഹത്തിൽ നിന്നും ദൂരെയാക്കപ്പെട്ട ഏകദേശം മുപ്പതോളം കുട്ടികൾ അഞ്ചു വയസുകാരൻ മുതൽ കൗമാരക്കാർ വരെ... എന്താണെന്നല്ലേ ?? അവരുടേതല്ലാത്ത കാരണങ്ങളാൽ HIV എന്ന മാരക വിപത്തിനടിമയായവർ... മാതാപിതാക്കളുടെ തെറ്റുകൾക് ശിക്ഷ അനുഭവിക്കുന്ന ജന്മങ്ങൾ ... ഏതു നിമിഷവും ഞെട്ടറ്റു വീഴാവുന്ന ജീവിതങ്ങൾ...
ആ കണ്ണുകളിൽ നിരാശ നിഴലിക്കുന്നുണ്ടോ.... അവരുടെ എല്ലാമെല്ലാമായ ജോസച്ചനിൽ നിന്നും കുറച്ചൊക്കെ കേട്ടു നെഞ്ചു പൊട്ടുന്ന കഥകൾ.... ഓരോ കുട്ടിയും ഓരോ കഥയാണ്, എവിടെയും രേഖപ്പെടുത്താത്ത എഴുതപ്പെടാത്ത കഥകൾ.... കൂട്ടിലടക്കപെട്ട കിളികളെ പോലെ യാന്ത്രീകമായി ജീവിക്കുന്ന പൈതെങ്ങൾ..... അവരുടെ കൂടെയുള്ള രണ്ടു ദിനങ്ങൾ... ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിനെ പോലും മാറ്റിമറിച്ച നിസ്വാർത്ഥ പുഞ്ചിരികൾ.....
വ്യത്യസ്തമായ മൂന്നാമിടം സമയ പരിമിതി മൂലം അടുത്തതവണത്തേയ്ക് മാറ്റിവെക്കുമ്പോൾ എന്റെ മനസ് മുഴുവൻ മനുഷ്യ ജീവന്റെ നിസാരതയെ കുറിച്ചായിരുന്നു. എന്തൊക്കെ ഉണ്ടായാലും, സുഖലോലുപതയുടെ നടുവിൽ അർമാദിക്കുമ്പോഴും പരാതി തീരാത്ത നമ്മൾ.... നമുക്കാലോസരമായതെന്തിനെയും കുറ്റപ്പെടുത്തുന്ന നമ്മൾ.... നമുക്ക് കൈവരിക്കാനാവാത്തവയോട് അസൂയപെടുന്ന നമ്മൾ.... നമ്മെ ക്രമപ്പെടുത്തുന്നവരെ കുറ്റപ്പെടുത്തുന്ന നമ്മൾ...നമുക്കു നേരെ തിരിയുന്നവരെ ക്രൂശിക്കുന്ന നമ്മൾ ...... നമ്മെക്കാൾ വളരുന്നവരെ വെട്ടിമാറ്റുന്ന നമ്മൾ.... ആ നമ്മൾ എത്ര നിസ്സാരരാണെന്നു തിരിച്ചറിയപെട്ടയാത്രകൾ.... അല്പമായെങ്കിലും എന്നിൽ ഉണ്ടായിരുന്ന അഹങ്കാരത്തെ തച്ചുടച്ച യാത്രകൾ.... ഏതോ മുന്ജന്മ സുകൃതം, അത് മാത്രമല്ലെ നമ്മെ ഇങ്ങിനെയൊക്കെ നിലനിർത്തുന്നത് എന്ന തിരിച്ചറിയലുകൾ സമ്മാനിച്ച, മനസ്സിനോട് ചേർന്നു നിൽക്കുന്ന യാത്രകൾ......
തിരികെ വരുമ്പോൾ എനിക്ക് എന്നോട് തന്നെ വല്ലാത്ത സ്നേഹം തോന്നുന്നുവോ.....സ്നേഹിക്കാം പങ്കുവെക്കാം പങ്കാളികളാവാം നമുക്കും ഈ യാത്രകളിൽ....
ലിനി ജോസ്

ഞങ്ങൾ തമ്മിൽ , തമ്മിൽ .....

ഞങ്ങൾ തമ്മിൽ , തമ്മിൽ .....
"Feeling confused ".....
ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടിട്ടു മുഖപുസ്തകം അടച്ചു വച്ചു വിദൂരതയിലേയ്ക് കണ്ണും നട്ട് അവൾ ...."വരുവാനില്ലാരുമോ വിജനമാമീ വഴി, വരുവാനില്ലാരുമെന്നാലും...." റേഡിയോ ഗാനം പശ്ചാത്തലത്തിൽ പാടിക്കൊണ്ടിരുന്നു .....
എനിക്കറിയാം നീ എന്നെ പരിഹസിക്കുമെന്നു ...കാരണം പ്രണയ വിവാഹിതയായ എനിക്ക് പ്രണയത്തെ കുറിച്ചു ഇനിയും ഒരു സന്ദേഹം .... അതേ വിവാഹം പ്രണയത്തിന്റെ മരണം എന്നാണ് എന്റെ പക്ഷം, ചുരുങ്ങിയത് എന്റെ കാര്യത്തിലെങ്കിലും എന്ന് ഇനിയും നിനക്കറിഞ്ഞുകൂടേ ??? പിന്നെ നീ കരുതും പോലെ എന്നെ സംബഡിച്ചു അത് ശാരീരീകവും അല്ല ....
എല്ലാം ഒരു സ്വപ്നത്തിലെന്നപോലെ.... സ്വപ്നമോ യാഥാർഥ്യമോ എന്ന് തിരിച്ചറിയും മുൻപേ തീർന്നു പോയ നിമിഷങ്ങൾ ....പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഒരു കൂടിക്കാഴ്ച ....
കൗമാരകാരിയെപോലെ പൊട്ടിച്ചിരിക്കുന്ന അവളെ നോക്കി അവൻ " നിനക്കൊരു മാറ്റവും ഇല്ല,സ്വഭാവത്തിലും ,പെരുമാറ്റത്തിലും പ്രസരിപ്പിലും പിന്നെ കാഴ്ചയിലും "....അതേ ഞാൻ ഞാനായി മടങ്ങി വന്നിരിക്കുന്നു വര്ഷങ്ങള്ക്കു ശേഷം ,അല്ല പതിറ്റാണ്ടുകൾക്ക് ശേഷം ....ഞാനൊരു ഭാര്യയായതും അമ്മയായതും ...പിന്നെ പിന്നെ ജീവിത നാടകത്തിൽ ഒറ്റപെട്ടുപോയതും , തളർന്നതും അലഞ്ഞതും, ആർത്തു കരഞ്ഞതും ..ഒന്നും നീ അറിഞ്ഞതേയില്ല... ....
ഒരു പരുന്തിനെപോലെ മഴമേഘങ്ങൾക്കും മുകളിലായി ചിറകു വിടർത്തി, തളരാതെ പറക്കുന്ന എന്നെയേ നീ എന്നും കണ്ടിട്ടുള്ളൂ .... നഷ്ടപ്പെട്ട്പോയ എന്നെ, അത് എനിക്ക് മാത്രമല്ലേ അറിയൂ ....
മനസ്സിലെ ചിന്തകളെന്തായാലും ചുണ്ടിലെ ചിരി മായാതെ നിർത്താൻ ഈ കോർപ്പറേറ്റ് ജീവിതം തന്നെ എത്രമാത്രം സഹായിക്കുന്നു എന്ന് ഒരു നിമിഷം അവളോർത്തു.
"നിനക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല ...ചില മുടിയിഴകൾ വെളുത്തുതുടങ്ങി എന്നതൊഴിച്ചാൽ ....പിന്നെ കുമ്പ അല്പം"...സ്വത സിദ്ധമായ തമാശ വിടാതെ അവളും മറുപടി കൊടുത്തു ...
കൊച്ചിയുടെ അഭിമാനമായ മെട്രോ ...ജീവിതയാത്രയിൽ ഒന്നിച്ചു യാത്ര ചെയ്യാൻ പറ്റിയില്ലെങ്കിലും അതിൽ ആദ്യമായുള്ള യാത്രയിൽ ഒരുമിച്ചു വേണമെന്നുള്ള ഒരു മോഹം ....എന്തോ എന്നും ഓര്മിക്കുവാൻ ....ഈ കൂടികാഴ്ച അങ്ങിനെ ആകാം എന്നു പറഞ്ഞപ്പോൾ എന്തോ അവനും ഒന്നും പറഞ്ഞില്ല .....
പതിറ്റാണ്ടുകൾ പെയ്തൊഴിയുകയായിരുന്നു ആ നിമിഷങ്ങളിൽ .....
പിരിയുന്നതിനുമുൻപേ ഒരു ചോദ്യം "നീ ഇങ്ങിനെ ഏകനായി ..... ഉറച്ച തീരുമാനമാണോ ?... മാറണമെന്ന് തോന്നുമ്പോൾ മാറി കൊള്ളുക ....സമൂഹം, അത് അങ്ങിനെ പറഞ്ഞുകൊണ്ടേയിരിക്കും .....അവന്റെ ഗൂഢമായ ചിരിയും ഉത്തരവും ആൽമാർതഥ ഉള്ളതായിരുന്നോ....അറിയില്ല ....
ഇനിയും തുറന്നു പറഞ്ഞില്ലെങ്കിൽ ... പറയാതിരുന്നാൽ ശരിയാവില്ല ...."എടാ ശരിക്കും പറഞ്ഞാൽ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു ...ഒരിക്കലും നടക്കാൻ സാധ്യത ഇല്ലെന്നറിയാമെങ്കിലും .... നീ എന്നോട് ഒരിക്കലെങ്കിലും പറയും എന്ന് ഞാൻ കരുതി ,കാത്തിരുന്നു... നീ പറഞ്ഞില്ല ...ഒരു പക്ഷേ നിന്റെ മനസ്സിൽ ഞാനില്ലായിരുന്നിരിക്കാം ".....
അവൻ സംസാരിച്ചു തുടങ്ങി ...(അല്ലെങ്കിൽ തന്നെ കണ്ട നിമിഷം മുതൽ ഒരു കാലവർഷം പോലെ ഇടതടവില്ലാതെ പെയ്യുകയായിരുന്നല്ലോ അവൾ )
ഒരു വേള നിന്നെ ഞാൻ അവഗണിച്ചിരുന്നുവോ ....അല്ലെങ്കിൽ തന്നെ നിന്റെ മുൻപിൽ ഞാൻ ഒന്നുമല്ലായിരുന്നല്ലോ ? ഇത്രയേറെ പഠിക്കാൻ പറ്റുമെന്നും ആരും അസൂയപ്പെടുന്ന ബഹുമാനിക്കുന്ന സ്ഥാനത്തെത്തുമെന്നും ഇങ്ങിനെയൊക്കെ ആയി തീരാൻ പറ്റുമെന്നും ഒന്നും .....
ഒരിക്കൽ നിന്നെ എനിക്ക് ഇഷ്ടമായിരുന്നു ....പക്ഷെ ഇപ്പോൾ എനിക്ക് നിന്നോട് സ്നേഹമാണ് ...പക്ഷേ അത് പ്രണയവുമല്ല ....നിന്നെ എനിക്കറിയാം എന്നൊരു വിശ്വാസം എനിക്കുണ്ട് ...നിനക്കു എന്നേയും....ഇന്ന് എനിക്ക് വേണ്ടപ്പെട്ട, ഏറ്റവും വിലയേറിയ കൂട്ടുകാരിലൊരാളാണ് നീ ...അതുകൊണ്ട് തുറന്ന മനസ്സോടെ എന്നെ കാണുക ...കാര്യങ്ങൾ പറയുക .... ഈ സുഹൃദ്ബന്ധം ,അതൊരു സ്വപ്നസാഫല്യമാ ...അത് നഷ്ടപ്പെട്ടാൽ സ്വല്പം വേദനിക്കും .....അത് പറയുമ്പോൾ അവന്റെ മുഖഭാവം എന്തായിരുന്നു .... ശൂന്യതയിലേക്ക് നോക്കിയാണ് അവനത് പറഞ്ഞത് എന്ന് മാത്രം ഓർക്കുന്നു.
ഇനി നമ്മൾ കാണുമോ?? ...സാധ്യത തീരെയില്ല.... ഭൂമിയിലെ ഏതോ രണ്ടുകോണുകളിൽ, എവിടെയോ ജീവിക്കുന്ന നമ്മൾ ....ഉത്തരവാദിത്വങ്ങൾ ...കുടുംബം ...
കണ്ണുകളിൽ അത് സ്നേഹമോ ,പ്രണയമോ ?അല്ല അതിനുമപ്പുറം അഗാധമായ ഒരു സുഹൃദ്ബന്ധത്തിന്റെ ഒരിക്കലും അണയാത്ത അഗ്നി ജ്വാലകൾ ....അവളുടെ കൈകളിൽ ഒരു മൃദുചുംബനം .....ഒരു ശിലപോലെ അവൾ ...പരസ്പരം പിന്തിരിഞ്ഞു നോക്കാതെയുള്ള ഒരു യാത്രപറച്ചിൽ ....എല്ലാം ഒരു സ്വപ്നം പോലെ ....അല്ല ഒരു സ്വപ്നം തന്നെ .....
Lini jose

Ladies Day out...... ഒരു ആലപ്പുഴ യാത്ര .....

Ladies Day out...... ഒരു ആലപ്പുഴ യാത്ര .....
ലിനീ നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലോ..... എവിടേക്കെങ്കിലും..... ഒന്നും ഒട്ടും പ്ലാൻ ചെയ്യാതെ, ഒരു യാത്ര..... എന്റെ മനസ്സ് വായിച്ച പോലെ ഒരു ചോദ്യം.... ഞാൻ എപ്പോഴേ റെഡി.....
കുറച്ചു ധൈര്യവും കുറച്ചും കൂടെ തന്റേടവും മൂന്നാലു ഭാഷകൾ അറിയാമെന്നുള്ള അഹങ്കാരവും ഡ്രൈവിംഗ് ലൈസൻസും ഒരു പൊടിക്ക് ചില്ലറയും ഉണ്ടെന്നുള്ളതാണ് ഈ സാഹസത്തിനുള്ള മുതൽ കൂട്ട്.....
( അതി ) രാവിലെ ആറുമണിക്ക് തന്നെ എഴുന്നേറ്റു റെഡിയായി, അരമണിക്കൂറിനുള്ളിൽ എറണാകുളത്തിന്റെ ഹൃദയഭാഗത്തു നിന്നും പുറപ്പെട്ടു.... നല്ല മഴ, കാലാവസ്ഥ ഞങ്ങളുടെ ഉത്സാഹത്തെ തല്ലി കെടുത്തുമോ......ഒരാശങ്ക.....ആന്റി മഴയത്തു ബീച് കണ്ടിട്ടുണ്ടോ ???? ഇല്ല, അതൊരു സംഭവം തന്നെ ആയിരിക്കും അല്ലേ? എന്നാൽ നമുക്ക് വിടാം... ആ കാഴ്ചകൾക്കായി ഞാൻ എന്റെ കണ്ണിനെ തൈയ്യാറാക്കി നിർത്തി.... അങ്ങിനെ ഞങ്ങളുടെ ചുമന്ന Etios Liva സുന്ദരികളായ രണ്ടു തരുണീമണികളെയും കൊണ്ട് NH ലൂടെ അന്ധകാരനഴി കടപ്പുറത്തേക്ക് ചീറി പാഞ്ഞു പോയി.........
ഏകദേശം ഏഴുമണിയോടടുത്തു കടപ്പുറത്തുള്ള ഒരു ചെറിയ ചായകടയുടെ മുൻപിൽ കാർ പാർക്ക്‌ ചെയ്തു പുറത്തിറങ്ങാൻ തുടങ്ങിയപ്പോഴേക്കും പിണങ്ങി നിന്നിരുന്ന മഴ ഞങ്ങളെ സ്വീകരിക്കാൻ ആർത്തലച്ചു വന്നു.... ചായക്കടയിലെ നാട്ടുകാരായ ചേട്ടന്മാർ സംശയകണ്ണുകളോടെ ഏന്തിവലിഞ്ഞു നോക്കുന്നത് ആസ്വദിച്ചു കാറിൽ തന്നെ.....മഴയുടെ വിവിധ ഭാവങ്ങൾ..... ചന്നം പിന്നം വന്ന മഴ സംഹാര രുദ്രയായി... പിന്നെ സൗമ്യയ്.... മെല്ലെ ഞങ്ങളുടെ പ്രതീക്ഷകൾക്കു മുൻപിൽ അടിയറവു പറഞ്ഞു തിരകൾക്കപ്പുറത്തേക്ക് മറഞ്ഞു.........
ചുറ്റുമുള്ള ആകാംഷയുടെ കണ്ണുകളെ അവഗണിച്ചു ഏകാന്തമായ കടപ്പുറത്തേക്ക് രണ്ടു പെണ്ണുങ്ങൾ.......കൂട്ടത്തോടെ പോകുന്ന കടൽകാക്കകൾ,തീരത്തണയുന്ന ചെറുവഞ്ചികൾ, പ്രതീക്ഷയോടെ വലയെറിയുന്ന മുക്കുവൻമാർ, ശുദ്ധമായ കാറ്റ്‌, ചെറുമഴത്തുള്ളികൾ, ഇളം വെയിൽ, ഒട്ടുംബഹളങ്ങളില്ലാത്ത കടൽ അതിന്റെ ശാന്ത ഭാവം കാണിച്ചു ഞങ്ങളെ വിസ്മയിപ്പിച്ചു.... എന്ത്യേഇത്രയും നാൾ ഞാനീ കാഴ്ചക്കായി വന്നില്ല.... മനസ്സ് ഒരപ്പൂപ്പൻതാടിപോലെ....... ഭാരങ്ങളൊന്നായി എന്നിൽനിന്നും പറന്നകലുന്ന പോലെ.... യാത്ര അതിന്റെ വശ്യത കാണിച്ചു ഞങ്ങളെ മോഹിപ്പിച്ചു തുടങ്ങിയിരിക്കുന്നു, കൂടെ ക്യാമറ കണ്ണുകൾ തുറക്കുകയും അടയുകയും..........
ലിനീ തട്ടടിക്കണോ അതോ... പ്രഭാത ഭക്ഷണം നമുക്കിത്തിരി ഹെവി ആക്കാം... പിന്നെ മഴയും കാറ്റും വയറിനകത്തു മറ്റൊന്നു അഴിച്ചുവിട്ടിരുന്നു, വിശപ്പും മൂത്രാശങ്കയും. രണ്ടിനും പറ്റിയൊരിടം തേടണം....
ട്രാവൻകൂർ ഹെറിറ്റേജ് വഴിയിൽ ഞങ്ങളെ കാത്തിരുന്ന പോലെ... ഗതകാല സ്മരണകൾ ആവാഹിച്ചു, കണ്ണുകളെ മോഹിപ്പിച്ചു വീണ്ടും... ഒരു ഭക്ഷണശാല എന്നതിൽ കവിഞ്ഞു ഒരിക്കൽ വരുന്നവർക്ക് ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന നിമിഷങ്ങൾ സമ്മാനിക്കാൻ തയ്യാറായി.... നടു മുറ്റവും,അമ്പലവും, കൽവിളക്കും കൽഭരണികളും, ചുണ്ടൻ വള്ളങ്ങളും, കൈവണ്ടികളും, കൂടെ ചൂടൻ ചായയും മസാല ദോശയും. ക്യാമറ കണ്ണുകൾക്ക് വീണ്ടും പ്രലോഭനം.... പ്രണയിക്കാൻ പറ്റിയ അന്തരീക്ഷം......
കുമരകം അതാണ് അടുത്ത ലക്ഷ്യം.... വഴിയറിയാൻ GPS നെ ആശ്രയിക്കാം എന്ന പൊതു തീരുമാനത്തിലെത്തി Etios വീണ്ടും ഉരുണ്ടു തുടങ്ങി......ഒരേ തൂവൽ പക്ഷികളെ പോലെ....ചിന്തയിലും സംസാരത്തിലും......
സംസാരത്തിനിടയിൽ GPS നെ അനുസരിക്കാൻ പലപ്പോഴും പറ്റിയില്ല...... വഴി തെറ്റി, അതേ ഒന്നൊന്നതരം വഴി തെറ്റൽ.... ഈ GPS ഒക്കെ എന്നാ കണ്ടു പിടിച്ചത്, അല്ലേലും ഇതൊന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ല ..... ദാസാ.... നമുക്ക് ചോയിച്ചു ചോയിച്ചു പോകാം....... നല്ല നാട്ടുകാർ..നല്ല മനസ്സുള്ളവർ.....
വഴി തെറ്റിയാൽ എന്താ, വഴിയിൽ ഞങ്ങളെ കാത്തു വിസ്മയ കാഴ്ച്ചകൾ നിര നിരയായി...... ചെന്നുപെട്ടത് ചേർത്തല കൂട്ടുവേലി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മുന്നിൽആയിരുന്നു. വഴിയിൽ ഒരു കുറ്റിയിൽ കണ്ണനും കൃഷ്ണനും, രണ്ടു സുന്ദരന്മാരായ പരുന്തുകൾ...... രൗദ്രതയോ ക്രൂരതയോ ഇല്ലേയില്ല, അതൊക്കെ നിങ്ങൾക്കല്ലേ എന്ന ഭാവം.... രാജകീയ പ്രൗഢിയിൽ മാന്യതയുടെ നിറകുടം എന്ന കണക്കു..... ഈ രംഭയും മേനകയും എന്തു ചെയ്താലും ഞങ്ങളുടെ വികാരങ്ങളെ ഇളക്കുവാൻ സാധിക്കില്ല എന്ന ഉറച്ച മനസോടെ....... വീണ്ടും ക്യാമറ കണ്ണുകൾ പരുന്തുകളുടെ പശ്ചാത്തലത്തിൽ...........
.
പരുന്തുകളുടെ ഉടമസ്ഥൻ ജ്യോതിഷ് ചേട്ടന്റെ കൊച്ചു കടയിൽ നിന്നും ജീരക സോഡയും കുടിച്ചു കുറച്ചു പരുന്ത് ചരിത്രവും കേട്ടു നന്ദി പറഞ്ഞു കൊണ്ട് Liva വീണ്ടും ചലിച്ചു തുടങ്ങി.....
പുരാതനമായ അമ്പലങ്ങളും പള്ളികളും മസ്ജിദുകളും .....താറാവിന് കൂട്ടങ്ങൾ....ചകിരി പിരിക്കുന്ന ഇടങ്ങൾ ....ആലപ്പുഴയുടെ എളിമയുള്ള കാഴ്ചകൾ .....കൊച്ചിയുടെ ചടുലതയിൽ നിന്നും കാഴ്ചകൾ മാറിയപ്പോൾ ഹൃദയത്തിനും മനസ്സിനും വിവരിക്കാൻ സാധിക്കാത്തത്ര കുളിർമ ....
അങ്ങിനെ ഞങ്ങൾ കുമാരകത്തെത്തി ...ഒരു ഇളനീർ ഷെയ്ക്കും കുടിച്ചു വിശപ്പടക്കി ...പക്ഷി സങ്കേതം ...ബോട്ടിംഗ് ....ഒരു ചെറു ബോട്ടിൽ അങ്ങിനെ കുമരകം കായലിന്റെ ഓളങ്ങളിൽ ഞങ്ങളും .... കാഴ്ചയുടെ വസന്തം വീണ്ടും ....ക്യാമറയ്ക്കു പിന്നിൽ നില്ക്കാൻ ഇഷ്ടപ്പെടുന്ന ഞാനും എന്ത് കോപ്രായം കാണിക്കാനും മനസ്സുള്ള കൂട്ടുകാരിയും ....ഈ പെണ്ണുങ്ങൾ വള്ളോം വഞ്ചിയും കണ്ടിട്ടില്ലേ എന്ന് ചുറ്റുമുള്ളവരെ കൊണ്ട് പറയിപ്പിക്കും വിധം .... കൊച്ചു കുട്ടികളെ പോലെ ...പ്രായത്തെ നോക്കാതെ ...എത്രയോനാൽ മോഹിച്ച നിമിഷങ്ങൾ .....
ഉച്ച ഭക്ഷണം കപ്പയും മീനും ....കള്ളുണ്ടോ എന്ന് ചോദിച്ചു, വെറുതെ കൂട്ടത്തിൽ ചിരിച്ചും വീണ്ടും......കാക്കാത്തുരുത്തു തേടി.... .നെൽപ്പാടങ്ങളേയും തെങ്ങിൻതലപ്പുകളേയും . കായലോളങ്ങളെയും പിന്നോട്ടാക്കി .....അസ്തമയത്തിനു മുൻപ് തുരുത്തിലെത്താൻ ....വായിനോട്ടവും ...കുട്ടികാലത്തെ കുറുമ്പുകളും പങ്കുവെച്ചു രണ്ടു പെണ്ണുങ്ങൾ .....
5 മണി, ഒരു ചെറുതോണി ഞങ്ങൾക്കായി കടവിൽ കാത്തുകിടക്കുന്നുണ്ടായിരുന്നു ... എല്ലാവര്ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം, ഒറ്റക്കാണോ ഈ സന്ധ്യയ്യ്ക്കു ? ചേട്ടൻമാർ എവിടെ ? അകത്തേക്ക് പോകേണ്ട... എന്നിങ്ങനെ സ്നേഹത്തോടെയുള്ള അന്വേഷണങ്ങളും ഉപദേശങ്ങളും....ചെറുതോണിയിലിരുന്നപ്പോൾ പല സിനിമാഗാനങ്ങളും രംഗങ്ങളും ഓർമവന്നു ...സ്വയം നായികയായി സങ്കല്പിച്ചു അല്പസമയം ക്യാമറയ്ക്കു മുൻപിൽ .....
കാക്കാത്തുരുത്ത് ,ആധുനീകതയുടെ മാറിൽ ചവിട്ടി നിൽക്കുന്നു എന്നവകാശപ്പെടുന്ന നമ്മൾ കാണേണ്ട ഇടം......കുട്ടികാലത്തെപ്പോഴോ കണ്ടിട്ടുള്ള ഓലവേലികളും, കൊച്ചുവീടുകളും , ആർഭാടം തൊട്ടു തീണ്ടാത്ത ജീവിതങ്ങളും ....വഴികാണിക്കാൻ പാറുത്തള്ള കൂടെക്കൂടി ,ചോദിക്കാതെതന്നെ ......
അങ്ങിനെ UN ന്റെ പട്ടികയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നായ കാക്കാത്തുരുത്തിലെ അവിസ്മരണീയമായ അസ്തമനവും കണ്ട്......നഗരത്തിന്റെ തിരക്കിലേക്ക് ...ആകാശചുംബികളായ ഫ്ളാറ്റിലെ ചെറുകൂട്ടിലേയ്ക് പറന്നിറങ്ങിയ പറവകളായി .......
Lini Jose

ന്യൂജൻ അടിമകൾ .


ന്യൂജൻ അടിമകൾ ....
പറഞ്ഞു പറഞ്ഞു മടുത്തതും കേട്ടുകേട്ടു തഴമ്പിച്ചതും കൈകാര്യം ചെയ്ത് ദ്രവിച്ചതുമായ വാക്കുകളും വിഷയവും ഒക്കെയാണെക്കെങ്കിലും പറയാതിരിക്കാൻ വയ്യാത്തതുകൊണ്ട് ഒന്ന് പറഞ്ഞുകൊള്ളട്ടെ.....
മരുഭൂമിയിലെ ഒരു മരുപ്പച്ചപോലെയായിരുന്നു അവൾ എൻ്റെജീവിതത്തിലേയ്ക് കടന്നുവന്നത്... ഒരുനല്ല , ആത്മാർത്ഥതയുള്ള , സത്യസന്ധമായ , അസൂയയില്ലാത്ത എൻ്റെ ഇഷ്ടങ്ങളോട് ചേർന്നുപോകുന്ന ഒരു കൂട്ടുകാരിയായി .....എന്തോ ആദ്യകൂടികാഴ്ചയിൽ തന്നെ ഞങ്ങൾ ഒരേതൂവൽ പക്ഷികളാണെന്നു തോന്നിപോകുംവിധം....
അവളുടെ പെരുമാറ്റം ആരെയും ആകർഷിക്കുന്നതായിരുന്നു, MSc IT എന്ന അവളുടെ യോഗ്യതയോ , അച്ഛനമ്മമാരുടെ സമൂഹത്തിലെ ഉയർന്ന സ്ഥാനമാനങ്ങളോ, സാമ്പത്തീക സ്ഥിതിയോ ഒന്നും അവളെ ബാധിച്ചതായി ഒട്ടും തോന്നിക്കുകയേ ചെയ്യാത്തത്രയും എളിമയുള്ള ഒരു യുവതി ... അതായിരുന്നു എന്നെ അവളിലേക്ക്, അവളെ കൂട്ടുകാരിയാക്കാൻ എന്നെ ആകർഷിച്ച പ്രധാന കാരണം....
ഇനി വിഷയത്തിലേക്കു വരട്ടെ ....ഇവളെ നമുക്ക് പ്രിയ എന്ന് വിളിക്കാം ... കുഞ്ഞുങ്ങൾക്കും ഭർത്താവിനും വേണ്ടി വെറുമൊരു വീട്ടമ്മയായി ജീവിക്കുന്നു ... ജോലിക്കുപോയാൽ ഭർത്താവിനൊപ്പമോ ഒരുപക്ഷെ അതിൽകൂടുതലോ ശമ്പളം വാങ്ങാൻ യോഗ്യതയുള്ളവർ ....പക്ഷെ ഇപ്പോൾഅവൾ വെറുമൊരു വീട് വേലക്കാരി ... എല്ലാവര്ക്കും അറിയാമല്ലോഅതെന്താണെന്നു ....
ദേഹോപദ്രവം ഉൾപ്പെടെ വാക്കുകൾ കൊണ്ടും മറ്റുമുള്ള ഉപദ്രവങ്ങൾ .... ഞാൻ അന്തംവിട്ടിരുന്നു ... ഒരിക്കലും പ്രതീക്ഷികാത്തതായിരുന്നു അവളുടെ വിവരങ്ങൾ....വീട്ടുകാരോടുപോലും പങ്കുവെയ്കാതെ, ദൂരത്തിരിക്കുന്ന മാതാപിതാക്കളെ വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു എല്ലാം സഹിക്കുന്നവൾ .....
ഞാൻ എന്നിലേക്കൊന്നു നോക്കി ... എന്നെക്കൊണ്ടാവില്ല അവളെപോലെ വീട്ടിലിരിക്കാൻ എത്ര കോടിരൂപ താരമെന്നുപറഞ്ഞാലും .... അതേ, ജോലി എത്ര ബുദ്ധിമുട്ടുള്ളതായാലും അതിൽ നിന്നും കിട്ടുന്ന ശമ്പളത്തേക്കാൾ ഉപരിയായി നമ്മുടെ കഴിവുകൾക്കുകിട്ടുന്ന അംഗീകാരങ്ങളും സൗഹൃദങ്ങളും അതിലുപരി ഒരു വ്യക്തിയെന്നനിലയിലുള്ള നമ്മുടെ വളർച്ചയും ഒന്നും പൈസകൊടുത്തുവാങ്ങാൻ പറ്റുന്ന ഒന്നല്ലല്ലോ ....
ഇവിടെ എല്ലാകഴിവുകളും കുടുംബത്തിനായി സ്വയം മാറ്റിവെച്ചു ജീവിതം അർപ്പിക്കുന്ന എൻ്റെ കൂട്ടുകാരിയെപോലെയുള്ള എത്രപേർ...പ്രിയപ്പെട്ട ഭർത്താക്കന്മാരെ വല്ലപ്പോഴൊക്കെ അവരുടെ സ്ഥാനത്തുനിന്ന് ചിന്തിക്കുന്നത് നല്ലതാണു.... നന്നായിട്ടുള്ള ഒരു നോട്ടം, അംഗീകാരം ,സ്നേഹം ...ഒക്കെ ഏതൊരടിമയും പ്രതീക്ഷിക്കുന്നതാണ് ...അപ്പോൾ അവൾ നിങ്ങളുടെ ഭാര്യയാണെകിൽ ...... ഫേസ്ബുക്കിലെ 10000 കൂട്ടുകാർ നിങ്ങളുടെ ജീവിതാവസാനം കൂടെകാണുകയില്ല എന്ന വാസ്തവം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്.....ഭക്ഷണവും വസ്ത്രവും മാത്രമല്ല ഈ ന്യൂജൻ അടിമകൾക്കുവേണ്ടത് എന്ന് മനസിലാക്കിയാൽ നന്ന് ...
"ബന്ധുരകാഞ്ചന കൂട്ടിലാണെകിലും ബന്ധനം ബന്ധനം തന്നെ പാരിൽ"........
ലിനി ജോസ്

കഥ, തിരക്കഥ,സംഭാഷണം,സംവിധാനം

കഥ, തിരക്കഥ,സംഭാഷണം,സംവിധാനം.....
ഹൃദയമിടിപ്പ് കൂടിവരുന്നു ...എങ്ങിനെ തുടങ്ങണം എന്നറിയില്ല ,വരും വരായ്കകളെ വകവെക്കാതെയുള്ള ഒരു എടുത്തുചാട്ടമാണോ ഇത് എന്ന് ഒരുവേള ചിന്തിച്ചുപോയി .... ഇതൊരു ജീവിതാഭിലാഷമാണ്, എന്നെങ്കിലും എൻ്റെ പ്രീയപ്പെട്ട സംവിധായിക അഞ്ജലീമാഡത്തിനെ കാണുക ,കഥപറയുക .....
ലിനി യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു ? അപരിചിതത്വം തൊട്ടുതീണ്ടാത്ത ആ ചോദ്യം എന്നിലെ നെഞ്ചിടിപ്പിനെയും അസ്വസ്ഥതയെയും തെല്ലുകുറച്ചുവോ?
ഒരാമുഖം എന്നരീതിയിൽ തുടങ്ങി, മാഡം വര്ഷങ്ങള്ക്കുമുന്പ് മനസ്സിൽ വിരിഞ്ഞ ഒരു കഥ ഈയിടെ എഴുതി, പ്രീയപ്പെട്ട കൂട്ടുകാരിയെ കാണിച്ചപ്പോൾ ,ഇതിൽ ഒരു സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്നും മഞ്ജു വാര്യരെ നായികയാക്കിയാൽ സൂപ്പർഹിറ്റാകുമെന്നും പറഞ്ഞപ്പോൾ ,കളിയാക്കിയതാണെന്നു നൂറുശതമാനം മനസ്സിലാക്കിയിട്ടും അതൊരു ലക്ഷ്യമായെടുത്തു അതിനായിട്ടുള്ള കാത്തിരിപ്പായിരുന്നു ....ഒരു നിയോഗം പോലെ മഞ്ജു സിനിമയിലേയ്ക്ക് തിരികെയെത്തുകയും ചെയ്തു.
ഈ വിഷയം അഞ്ജലി മാഡത്തിന് മാത്രമേ ചെയ്യാൻ സാധിക്കൂ എന്നും എന്തു വിലകൊടുത്തും ഇവിടെവന്നു മാഡത്തിനെ കണ്ടേ തീരു എന്നും തീരുമാനിക്കുകയായിരുന്നു.... മാഡം കൈയൊഴിഞ്ഞാൽ ഈ ആഗ്രഹം തന്നെ കാറ്റിൽ പറത്തുമെന്നും......നിർവികാരമായിരുന്നു അപ്പോൾ അവരുടെ മുഖം... തിരക്കേറെയുണ്ട് ....പിന്നെ ഇത്രയും ദൂരെനിന്നും ഇതിനായി ഒരു യാത്ര ...അതാണിങ്ങനെ, ഇതിനായി സമയം കണ്ടെത്തിയതെന്നുള്ള അവരുടെ തുറന്നു പറച്ചിൽ.....
പതിയെ കഥ പറയാൻ തുടങ്ങി...ഈ കഥ തുടങ്ങുന്നത് എയർപോർട്ടിൽ കാത്തിരിക്കുന്ന നായികയിൽ നിന്നാണ് ......ഫ്ലാഷ്ബാക്ക് .....ഇന്റെർവെല്ലിനു ശേഷം ട്വിസ്റ്റ് .....
കഥ പറഞ്ഞു തീർന്നപ്പോഴും അഞ്ജലി മേനോൻെറ മുഖത്ത് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു ... ഒരു നിമിഷത്തെ നിശബ്തതയ്ക് ശേഷം തോളിൽ തട്ടി, ലിനി ഇത്രനാളും നിങ്ങൾ എവിടെയായിരുന്നു? മലയാളത്തിൽ നിങ്ങളെ പോലുള്ളവർ കഥപറയാൻ ധൈര്യമായി മുന്നോട്ടു വരണമെന്നും ഈ പ്രൊജക്റ്റ് ഞാൻ തന്നെ ചെയ്യുമെന്നും ഇങ്ങിനെ ഒരു കഥക്കായി ഞാൻ കാത്തിരിക്കുകയായിരുന്നെന്നും, മഞ്ജു അല്ലാതെ വേറൊരു നായികയെ ആലോചിക്കാനേ പറ്റില്ലെന്നും കേട്ടപ്പോൾ എനിക്ക് എൻ്റെ കാതുകളെ വിശ്വസിക്കാനായില്ല ....
ഇത്രയും ആയപ്പോൾ ഫോണിൽ സെറ്റുചെയ്തിരുന്ന അലാറം അടിച്ചു ....ജോലിയ്ക്കു പോയില്ലെങ്കിൽ കഞ്ഞികുടി മുട്ടും,ലോൺ മുടങ്ങും .... ...അപ്പോൾ ഷൂട്ടിംഗ്, പ്രൊഡക്ഷൻ, എഡിറ്റിംഗ് ,റിലീസ് ഒക്കെ നാളത്തെ സ്വപ്നത്തിലെത്തുമായിരിക്കും അല്ലേ....(എല്ലാവർക്കും ടെലിഫിലിം എടുക്കാമെങ്കിൽ എനിക്കൊരു സിനിമ സ്വപ്നം കാണാൻ പാടില്ലേ ....)
ലിനി ജോസ്

അവധി



ഏതാനും വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലേക്ക് പോകാനുള്ള തീരുമാനമെടുത്തു അവധിയൊക്കെ ശരിയാക്കി... അങ്ങിനെ ഒരാശ്വാസമായെങ്കിലും മനസ്സിൽ എന്തോ ഒരിത് ....ഒരു തോന്നൽ ...എൻ്റെ വരവ് കാത്തിരിക്കുന്ന ഒന്നും തന്നെ അവിടെയില്ലല്ലോ എന്ന് ....
ഞാൻ എപ്പോഴേ ഒരു വിരുന്നുകാരിയായിരിക്കുന്നു. ചിലപ്പോൾ അതിനും അപ്പുറം ഞാൻ വിസ്മൃതിയിലായിരിക്കുന്നു ..... ഒരുപക്ഷേ മരണപെട്ടു പോയ പോലെ.....
ഇടപ്പള്ളി ഇപ്പോഴത്തെ ഇടപ്പള്ളിയിട്ടില്ലാത്ത കാലം....മെട്രോ ആ നാടിൻറെ മാറിലൂടെ ഓടുന്നതിനൊക്കെ മുൻപുള്ള, ലുലുമാൾ അതിൻ്റെ നെഞ്ചിൽ സ്ഥാനം പിടിക്കുന്നതിനു മുൻപുള്ള , വലിയ മുറ്റങ്ങളെ തമ്മിൽ വേർതിരിക്കാൻ മതിലുകളും ഗേറ്റുകളും വരുന്നതിനു മുൻപുള്ള അയല്പക്കകാർ അപരിചിതരാകാത്ത ....... ഒരു കാൽനൂറ്റാണ്ടുമുൻപത്തെ കാലം....
മനസ്സ് ഒന്നൂളിയിട്ട് പൊങ്ങിയത് ആ വീടിൻ്റെ വരാന്തയിലായിരുന്നു, പറമ്പുകൾ തമ്മിൽ വേർതിരിക്കാൻ മരങ്ങളാൽ സമൃദ്ധമായ അതിരുകൾ മാത്രം ... മാവും തെങ്ങും ആഞ്ഞിലിയും ഒക്കെ ആർത്തു നിൽക്കുന്ന ആ പുരയിടത്തിൻ്റെ ഒത്ത നടുവിലെ ആ പഴയ തറവാട് വീടിൻ്റെ മുറ്റത്തേയ്ക് ....
ചെത്തിയും ചെമ്പരത്തിയും കനകാംബരവും പാരിജാതകവും വർണങ്ങൾ വാരിവിതറിയിരുന്ന ആ മുറ്റത്തേയ്ക് ....
കൂട്ടുകാർ വൃന്ദാവനമെന്നും , ചില കുരുത്തം കെട്ട ചെക്കന്മാർ മൃഗശാലയെന്നും ഓമനപ്പേരിട്ട് വിളിച്ചിരുന്ന ആ വീട്ടിലേയ്ക് ...ഒരു പത്തുവയസ്സുകാരിയായി വീണ്ടും .....
കുറ്റിക്കാട്ടിൽ പ്രസവിക്കുന്ന പട്ടികുഞ്ഞുങ്ങളെ കണ്ണുതുറക്കുന്നതിനും മുൻപേ സ്വന്തമാക്കുന്ന കുറുമ്പികുട്ടിയായും ...തട്ടിൻ പുറത്തു പ്രസവിക്കാൻ പോകുന്ന കറുമ്പി പൂച്ചയ്ക്ക് എത്രകുഞ്ഞുങ്ങൾ ഉണ്ടാകുമെന്നോർത് ആകാംഷയോടെ കാത്തിരുന്ന ......ചായ്പ്പിൽ അടവെച്ചിരുന്ന മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരുന്നതിനായി ദിവസ്സങ്ങളെണ്ണി കാത്തിരുന്ന .....പറമ്പിൽ മാറ്റിക്കെട്ടാൻ കൊണ്ടുപോകുന്ന ആട്ടിന്കുട്ടികളുടെ കൂടെ ഓടിക്കളിക്കുന്ന ....അനുസരണയില്ലാത്ത അമ്മത്താറാവിടുന്ന മുട്ടകളെ ചെളിയിൽ നിന്നും കണ്ടെടുക്കാൻ സഹായിക്കുന്ന ...
പിന്നെ അമ്മയില്ലാത്ത സമയം നോക്കി അയലത്തെ വീട്ടിൽ നിന്നും മൈലാഞ്ചി പറിച്ചു കറിക്ക് അരയ്ക്കുന്ന അമ്മിക്കല്ലിൽ അരച്ച് കൂട്ടുകാരുടെ കൂടെ കൈകളിൽ ചിത്രങ്ങൾ വരയ്ക്കുന്ന .....
വൈകുന്നേരങ്ങളിൽ കൂട്ടുകാരോട് കൂടെ ചെമ്പരത്തിത്താളിയുണ്ടാക്കി കുളിച്ചിരുന്നു കിണറ്റിൻ കരയും .....ജൂൺമാസത്തെ മഴയും ....കടലാസ് വഞ്ചികളും, അതുചെന്ന് വെള്ളം ഒഴുകിപോകാനുള്ള ഓവടഞ്ഞു വെള്ളം പൊങ്ങുമ്പോൾ കിട്ടുന്ന വഴക്കും .....
മഷിക്കായുടെ നീലയും കുംകുമ കായുടെ ചുമപ്പും പൂപ്പരതിയുടെ മഞ്ഞക്കറയും കൊണ്ട് ചുവര്ചിത്രങ്ങൾ വരച്ചിരുന്ന.....
ഒരു കൗമാരക്കാരിയുടെ എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ കണ്ടെത്തിയ ഇടം ....എൻ്റെ എല്ലാ കള്ളത്തരങ്ങള്കും മൂകസാക്ഷിയായ....
മനസ്സ് ഓരോമുറികളിലൂടെയും കയറിയിറങ്ങി .....സ്ഥിരമായിരുന്നു പഠിക്കാറുള്ള ആ വരാന്ത....അരമതിൽ.....ഒരു കസേരയിട്ട് അവിടെയിരിക്കണം .... ആ പൂന്തോട്ടത്തിലൂടെ നടക്കണം .... ചെമ്പരത്തിത്താളിയുണ്ടാക്കി കുളിക്കണം .....
കൂട്ടുകാരുടെ കൂടെ കള്ളനും പോലീസും കളിക്കണം.....കളിവീടുണ്ടാക്കണം കഞ്ഞീം കറീം വെക്കണം ..പിന്നെ ..... ആ കളികൂട്ടുകാരനോട് അന്ന്പറയാൻ മടിച്ച മനസ്സിന്റെ ആഗ്രഹങ്ങൾ തുറന്ന് പറയണം .....
പക്ഷേ .....പക്ഷേ ......എല്ലാം എല്ലാം എൻ്റെ ഒരു ഭ്രാന്താകാം ഒരിക്കലും തിരിച്ചു കിട്ടില്ലന്നറിഞ്ഞിട്ടും ആഗ്രഹിക്കുന്ന മനസ്സിൻെറ ഒരു ദുരാഗ്രഹമാകാം.....
linijose

അതേ അവൾ പൂർണിമ....

അതേ അവൾ പൂർണിമ....
അങ്ങിനെയാണ് അവൾ മുഖപുസ്തകത്തിൽ അറിയപ്പെട്ടിരുന്നത് .... അവളെന്നു മുതലാണ് ഒരു മുയൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ കഥാകാരന്റെ കടുത്ത ആരാധികയായത്???
ജീവിതത്തിലെ കൈപ്പുനീരുകളൊക്കെയും കുടിച്ചു....തീകനലിൽ ചവിട്ടി .....മുള്ളുകൾക്കിടയിലൂടെ .....തളരാതെ പ്രതിബന്ധങ്ങളുടെ എല്ലാ കോട്ടവാതിലുകളും കടന്ന്, വിജയ സിംഹാസനത്തിലെത്തിയപ്പോൾ കൂടെ നടന്നവരാരും കൂടെയില്ലെങ്കിലും സിംഹമായും പുലിയായും തീയായും തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന രാക്ഷസജന്മങ്ങൾക്കു എത്തിപ്പിടിക്കാവുന്നതിലും മുകളിലാണവളുടെ സിംഹാസനം എന്നത് മാത്രമായിരുന്നു അവളുടെ ആശ്വാസം .......
ഒറ്റയ്ക്കുള്ള ജീവിതവും തിരക്കുപിടിച്ച ബിസ്സിനെസ്സ് യാത്രകളും ഒക്കെയായി ജീവിതം ഏതാണ്ടൊക്കെ വിരസമായി തീർന്നപ്പോഴാണ് എങ്ങിനെയോ അവൾ ആ ഓൺലൈൻ എഴുത്തുപുരയിൽ ചെന്നുകയറിയത് .....
വിരിയാൻ വെമ്പിനിൽക്കുന്ന ഒരു പനിനീർമൊട്ടിന്റെ ചിത്രത്തിൽ പൂർണിമ എന്ന പേരിൽ എഴുതിത്തുടങ്ങുബോൾ ഏകാശ്വാസം മനസ്സിൽ അടച്ചുപൂട്ടിയിട്ടിരുന്ന വികാരങ്ങൾക്കും ചിന്തകൾക്കും പുറത്തേക്കൊഴുകുവാൻ ഒരു കിളിവാതിൽ തുറന്നു കൊടുക്കാമല്ലോ എന്നുള്ളത് മാത്രമായിരുന്നു ....
ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ജീവിതഗന്ധിയായ കഥകളിലൂടെ ആയിരകണക്കിന് ആരാധകരെ സ്വന്തമാക്കാനും അവർക്കു സാധിച്ചു .വായനക്കാർ ചോദിച്ചു, ഇത്രയും തീവ്രമായെഴുതുവാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു ? ഇരുതല വാളിനേക്കാൾ മൂർച്ചയേറിയ വാക്കുകൾ ... കുറിയ്ക്കു കൊള്ളുന്ന ചോദ്യങ്ങൾ .... വായനക്കാരുടെ ചിന്താമണ്ഡലങ്ങളിൽ പ്രവേശിച്ച അവ പെറ്റുപെരുകുകയും, ചിതറി തെറിപ്പിക്കുകയും ഒരു തേനീച്ച കൂട്ടം എന്ന പോലെ മൂളി പറന്നു, കുത്തി വേദനിപ്പിച്ചു ........
അപ്പോഴും അവൾ മൗനം ഭജിച്ചു ...വെറിപൂണ്ട ആരാധകർ മറനീക്കി പുറത്തുവരാൻ അവളെ വെല്ലുവിളിച്ചു. അവൾ അവയെല്ലാം പെറുക്കിക്കൂട്ടി ആ പനിനീർമൊട്ടിന്റെ ചുവട്ടിൽ വളമാക്കി അതിനെ കരുത്തുറ്റതാക്കി.
ഇനി അയാൾ ......തികച്ചും വ്യതസ്ഥൻ. ചിന്തകളിൽ ...കാഴ്ചപ്പാടുകളിൽ ....എഴുത്തിലൂടെ വായനക്കാരെ മാസ്മരീകതയുടെ മറ്റൊരു ലോകത്തേക്ക് നിമിഷങ്ങൾക്കുള്ളിൽ വശീകരിച്ചു കടത്തിക്കൊണ്ടു പോകുന്നവൻ .... അയാളുടെ അനേകമായിരം ആരാധകരിൽ ഒരാൾ മാത്രമായിരുന്നു പൂർണിമ . അയാളുടെ ഓരോ കഥകൾക്കായി ആകാംക്ഷയോടെ കാത്തിരുന്ന പൂർണിമ .....
ചിലപ്പോഴെല്ലാം ആ കാത്തിരിപ്പായിരുന്നു അവളെ മുന്നോട്ടു നയിച്ചിരുന്ന ഏക സാധ്യതയും .....
ഒരുനാൾ അവൾ അയാൾക്കെഴുതി നിനക്കൊട്ടും ചേരാത്ത മുഖചിത്രമാണ് നിന്റേത് ഇത്രയേറെ സൗമ്യതയുള്ള ഒരു മൃഗത്തിന്റെ ചിത്രം നിന്റെ ആഴമേറിയ വാക്കുകൾക്കും തീവ്രമായ ഭാവങ്ങൾക്കും ഒട്ടുംതന്നെ യോജിക്കുകയില്ല .....
പകരം അയാൾ കുറിച്ചു... വിടരാൻ വെമ്പുന്ന പനിനീർ പുഷ്പ്പമേ എന്തിനു നീ താമസിക്കുന്നു?.... നീ വിരിയൂ സൗരഭ്യം പറത്തൂ....വിരിഞ്ഞാൽ കൊഴിയുമോ എന്ന് ഞാൻ ഭയക്കുന്നു എന്നവൾ മറുപടിയോതി....
ഒരിക്കൽ അയാളുടെ കഥയ്ക്ക് അവൾ തന്റെ അഭിപ്രായം തുറന്നു രേഖപ്പെടുത്തി ...വര്ഷങ്ങള്ക്കുമുന്പായിരുന്നെങ്കിൽ ഒരു വേള നിന്നെ ഞാൻ പ്രണയിച്ചു പോയനേ...... കാലങ്ങളായി ആർക്കോവേണ്ടി കാത്തുവെച്ച ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ നിന്നും ഉതിർന്നുവീണപ്പോൾ തച്ചോറിലെവിടെയൊരു ഉരുണ്ടുകൂടിയ ഒരു ചുമന്ന പൊട്ട് അവളുടെ സിന്ദൂര രേഖയിൽ വന്നു സ്ഥാനമുറപ്പിച്ചു .....
അയാളുടെയും അവളുടെയും ആരാധകർ അതേറ്റെടുത്തു.....
അപ്പോഴും വിദൂരതയിൽ , ലോകത്തിന്റെ ഏതോ കോണുകളിരുന്ന് തീ കാറ്റായി ആഞ്ഞടിക്കുകയും, ഇടിമിന്നലായി വിറപ്പിക്കുകയും കാർമേഘമായി പെയ്തിറങ്ങുകയും ചെയ്യുകയായിരുന്നു അവർ ......

Lini

ഞാനും എൻ്റെ പ്രണയവും.....


ഞാനും എൻ്റെ പ്രണയവും.....
ഇന്ന് ഞാനും എൻ്റെ ഭർത്താവുമായി ഒരു മുട്ടൻ വഴക്കുനടന്നു.....
നീയെന്തിനാ ഇത്ര വാശിപിടിക്കുന്നത്? അല്ലെങ്കിലും, ഒരാവശ്യമില്ലാത്ത കാര്യമാണെങ്കിലും ഞാൻ ചെയ്യുന്നതിനെതിര്‌ പറയുക നിന്റെ സ്വഭാവമാണല്ലോ ? തുടങ്ങി സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാൻ വേണ്ടി എല്ലാ ഭർത്താക്കന്മാരും പ്രയോഗിക്കുന്ന വാക്ക്ശരങ്ങൾ പുള്ളിക്കാരൻ തൊടുത്തുവിട്ടുകൊണ്ടേയിരുന്നു . അങ്ങേരെപോലെ കാര്യം കേട്ടുകഴിയുമ്പോൾ നിങ്ങൾക്കും ഒരുപക്ഷേ തോന്നുമായിരിക്കും ഇത്രയേയുള്ളോ, ഇതാണോ വലിയ സംഭവം എന്നൊക്കെ.....
കാര്യം ഒരു മരം മുറിക്കലാണ്, ഒരു പ്രണയം മുറിച്ചുമാറ്റപെടുന്നതിന്റെ വേദന അതനുഭവിച്ചവർക്ക് അറിയൂ...... എന്തോ മരം അത് അനാവശ്യമായി എവിടെ മുറിച്ചുമാറ്റപ്പെട്ടാലും എനിക്കെന്തോ ഒരിത് ചെറുപ്പം മുതലുണ്ട്. കുഞ്ഞുനാളിൽ വീടിൻ്റെ കിഴക്കുവശത്തുണ്ടായിരുന്ന മാവ് അമ്മായി അവകാശം പറഞ്ഞുവന്നു വെട്ടികൊണ്ടുപോയപ്പോഴും, തെക്കേമുറ്റത്തുണ്ടായിരുന്ന മൂവാണ്ടൻ മാവ്, മാങ്ങാ വീണു ഓടുപൊട്ടുന്നു എന്ന കാരണത്താലും മുറിക്കപ്പെട്ടപ്പോഴും മുറിഞ്ഞത് എൻ്റെ ഹൃദയം തന്നെയാണെന്ന് ആരും അറിഞ്ഞില്ല. അന്ന് കരഞ്ഞ കണ്ണീരിനു കണക്കില്ല. ചില്ലകൾ വെട്ടിമാറ്റി, അളന്നു മുറിച്ച മാവിൻ തടികൾ കണ്ടപ്പോൾ കൈകാലുകൾ വെട്ടിമാറ്റിയ കബന്ധങ്ങൾ പോലെയാണെനിക്ക് തോന്നിയത്, അതെല്ലാം കയറ്റിക്കൊണ്ടുപോയ ആ ലോറിയാവട്ടെ ഒരു ശവവണ്ടിപോലെയും. ആ കാഴ്ചയുടെ വിങ്ങൽ എന്തോ ഇപ്പോഴും അവിടെയുണ്ട്. ഒരു മരം വെട്ടിയതിനു കരഞ്ഞ കുട്ടിയെന്നു പറഞ്ഞു എല്ലാവരും എന്നെ കളിയാക്കിയിരുന്നതും ഞാൻ ഓർക്കുന്നു.......
പക്ഷേ ഇപ്പോൾ എൻ്റെ ഈ പ്രിയപ്പെട്ട മരത്തെ മുറിച്ചു മാറ്റണം എന്നാണ് എൻ്റെ ഭർത്താവിന്റെ തീരുമാനം. ഈ വീട് വാങ്ങാൻ വേണ്ടി കാണാൻ വന്നപ്പോൾ തന്നെ എന്നെ ആകര്ഷിച്ചതാണ് മുന്പുവശത്തെ പടർന്നു പന്തലിച്ച ചെറിമരവും,പുറകുവശത്തെ പേരറിയാത്ത നിറയെ ചില്ലകളുള്ള ഈ മരവും. അതിന്റെ സമൃദ്ധമായ ചില്ലകൾ ഞങ്ങളുടെ ലിവിങ് റൂമിന്റെ ജാലകത്തോട് മുട്ടിനിന്നു.
അവധി ദിവസങ്ങളിൽ ജാലകത്തിലൂടെ ആ മരത്തെനോക്കിയിരിക്കുന്നത് എൻ്റെ ഒരു വിനോദമായിത്തീർന്നു. ശിശിരകാലത്തിൽ ഇലകൾ പൊഴിച്ചു നഗ്നമായ അതിന്റെ മാറിലൂടെ അണ്ണാറക്കണ്ണമാർ വികൃതികാട്ടി ഇക്കിളിയിടുന്നതും, പിന്നെ മഞ്ഞു കാലം അതിനെ വെള്ളപുതപ്പിക്കുന്നതും, വസന്തത്തിൽ ചില്ലകൾപോലും കാണാത്തവിധം ഇളംറോസ് നിറമുള്ള പൂക്കളാൽ ഉന്മത്തമാകുന്നതും, പിന്നെ പൂക്കൾ കൊഴിച്ചു പച്ചപ്പട്ടുടുത്ത മരത്തെ കാറ്റ് നൃത്തം പഠിപ്പിക്കുന്നതും, പറവകൾ അഭയം തേടുന്നതും അങ്ങിനെയങ്ങിനെ .... ...
മരം ഓരോകാലത്തും അതിന്റെ വശ്യതകാട്ടി എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. ഞാനോ തുറന്നിട്ട ജാലകത്തിലൂടെ അതിനെ പ്രണയിച്ചു കൊണ്ടേയിരുന്നു . അതിന്റെ ഒരില കൊഴിയുന്നതുപോലും എന്നെ വേദനിപ്പിക്കുമായിരുന്നു, അങ്ങിനെയുള്ള എനിക്ക് അതിന്റെ ചില്ലകൾ മുറിക്കുന്നത് ആലോചിക്കാൻ പോലുമായിരുന്നില്ല
ജനലിനോട് മുട്ടി നിൽക്കുന്ന ചില്ലയിലോടെ അണ്ണന്മാർ അകത്തുകേറും എന്നുള്ളതാണ് പുള്ളിക്കാരന്റെ വാദം, അണ്ണാറക്കണ്ണന്മാരെ കപ്പലണ്ടിയിട്ടുകൊടുത്തു പ്രലോഭിപ്പിച്ചു അകത്തുകയറ്റി എൻ്റെ ശിങ്കിടികളാക്കിയതാണെന്നറിഞ്ഞാൽ വെട്ടിമാറ്റുന്നതിന്റെ തലതന്നെയാവും ...
എൻ്റെ ഈ പ്രണയത്തെ ഞാൻ എങ്ങിനെ പറഞ്ഞു മനസിലാക്കും, അല്ലെങ്കിലും ഞാനിതൊക്കെ പറഞ്ഞാൽ എനിക്ക് വട്ടായെന്നേ പുള്ളിക്കാരൻ പറയൂ. ക്ഷമ നശിച്ച ഞാൻ പിന്നെയും വാദിച്ചു കൊണ്ടിരുന്നു. ആ മരം തന്റെ തലേലൊന്നുമല്ലല്ലോ? വേറെന്തൊക്കെയുണ്ട് , മരത്തെ വെറുതേവിടൂ ....
പക്ഷേ..... ഇന്ന് ജോലികഴിഞ്ഞു വന്നപ്പോൾ കണ്ട കാഴ്ച എൻ്റെ ഹൃദയത്തെ കീറി മുറിക്കുന്നതായിരുന്നു ,മരം അതിന്റെ ചില്ലകൾ അറുത്തു, തല വെട്ടിമാറ്റി......
അതെ പ്രണയം അത് മനുഷ്യനോടായാലും മരത്തിനോടായാലും വെട്ടിമാറ്റുമ്പോഴുള്ള വേദന, അതനുഭവിച്ചവർക്കേ അറിയൂ ........
Lini Jose

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo