Slider

ഐസിക്കിൾസ്..

0
Image may contain: 1 person, smiling, tree, plant, grass, outdoor and nature
 icicles
നഗരമധ്യത്തിലെ ചെങ്കൽ നിറമുള്ള ആ വലിയ കെട്ടിടത്തിന്റെ നീണ്ട കോറിഡോറിന്റെ ഏറ്റവും അറ്റത്തുള്ള മുറിയാണ് എന്റെ ഓഫീസ്, എന്നത്തേയും പോലെ എന്റെ ദിവസങ്ങൾ തുടങ്ങുന്നത് വലതു വശത്തെ ഭിത്തിയിലുള്ള കീ ബോക്സിൽ നിന്നും ആണല്ലോ...
പിൻനമ്പർ അമർത്തി, ചുമന്ന ലൈറ്റ് തെളിഞ്ഞിടത്തുനിന്നും ആ വലിയ കെട്ടിടത്തിന്റെ , അങ്ങിനെ പറഞ്ഞാൽ ശരിയാവില്ല... ഞാൻ എവിടെയാണെന്ന് പറയാതിരുന്നത് എന്റെ തെറ്റ്...ഇതാണ് Toranto നഗരത്തിലെ ഒരു പ്രൊവിൻഷ്യൽ ജയിൽ. കൊടുംകുറ്റവാളികളെയും വിചാരണത്തടവുകാരെയും പാർപ്പിക്കുന്ന ഇടം.
ഇനി ഞാനാരാണെന്നല്ലേ? ഞാൻ മെറ്റിൽഡ, നിങ്ങൾക്ക് എന്നെ മെറ്റി എന്ന് വിളിക്കാം , ഞാനെന്താണ് ഇവിടെ ചെയ്യുന്നതെന്ന് വഴിയേ പറയാം. അപ്പോൾ നമ്മൾ പറഞ്ഞു വന്നത് താക്കോലിനെ കുറിച്ചാണ്, പല അക്കങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഒരു കൂട്ടം താക്കോലുകൾ. ഓരോ വാതിലിനും ഓരോ സംഖ്യകൾ. ഇത് ഓർത്തിരിക്കുക എന്നതായിരുന്നു തുടക്കത്തിൽ എന്നെ ഏറ്റവും കുഴപ്പിച്ചിരുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ ഇപ്പോൾ ചിരി വരുന്നു.
താക്കോൽ കൈയ്യിലെടുത്തപ്പോൾ മുതൽ വിവരിക്കാൻ പറ്റാത്ത ഒരു ഭാരം മനസ്സിലേയ്ക്ക് ഇടിച്ചു കയറി വരുകയും, അത് അപ്പോൾ തന്നെ തന്റെ മുഖത്തു പ്രതിഫലിക്കുകയും ചെയ്തത് കൊണ്ടാണല്ലോ സെക്രട്ടറി കരീന അത് ശ്രദ്ധിച്ചത് .
"നീ ഈയിടെയായി ഗ്ലൂമിയാണല്ലോ?" എന്ന അവളുടെ ചോദ്യത്തിന്, എനിക്ക് ഒരു പരോൾ വേണം എന്ന മറുപടി രാവിലെ തന്നെ ഓഫീസിൽ ചിരിയുടെ ഒരു ഓളം സൃഷ്ടിച്ചു.
*********
പതിവ് പോലെ തലേദിവസത്തെ, ചെയ്തു തീർക്കാനുണ്ടായിരുന്ന ഫയലുകളിലേയ്ക്ക് തല പൂഴ്ത്തവേയാണ് 2B യിലേക്ക് ചെല്ലാനുള്ള കാൾ വന്നത്. ആ ഒറ്റകൈയ്യനെ കാണാനാണ്. അവനു ഇന്ന് എന്താണാവോ പറയാനുള്ളത്, തെരുവിൽ നിന്നും അവനെ പോലീസ് വിലങ്ങുവച്ചു കൊണ്ടുവരുമ്പോൾ ഒരു പ്രകൃത രൂപമായിരുന്ന അവൻ ഇപ്പോൾ തടിച്ചുരുണ്ടു സുന്ദരാനായിരിക്കുന്നു.
അവനെ കാണുമ്പോഴെല്ലാം
നാട്ടിലെ ഗോവിന്ദ ചാമിയുടെ ഓർമ്മവരുകയും, അതിനാൽ തന്നെ അവനോട് സംസാരിക്കുമ്പോൾ മനം പിരട്ടൽ അനുഭവപ്പെടുകയും ഒരുതരം പക എന്നിൽ രൂപപ്പെടുകയും ചെയ്തിരുന്നു. അത് എന്റെ ജോലിയുടെ എത്തിക്സിന് നിരക്കാത്തതായിരുന്നാൽ കൂടിയും..അല്ലെങ്കിൽത്തന്നെ മിണ്ടാൻ കൊള്ളാവുന്ന ആരാണ് ഈ അഴികൾക്കുള്ളിൽ ഉള്ളത് ?
2B യിലേക്ക് നടക്കുമ്പോൾ ആദ്യമായിട്ടാണ് അവിടുത്തെ മങ്ങിയ ചുവരുകളേയും കനമേറിയ ഇരുമ്പുവാതിലുകളേയും
ഇടനാഴികളിൽ തങ്ങിനിൽക്കുന്ന മുഷിഞ്ഞ മണത്തേയും കുറിച്ചും ചിന്തിച്ചത്. ഏറെദിവസം എടുത്തു അതിനകത്തെ വാതിലുകളും യൂണിറ്റുകളും തിരിച്ചറിയാൻ , തലച്ചോറിനെ തെറ്റുധരിപ്പിക്കത്തക്കവിധം ഇത് തനല്ലയോ അത് എന്ന് തോന്നുന്ന ഇടങ്ങൾ. ഒരിക്കലും രക്ഷപെടാനാകാത്തവിധം ക്രമീകരിച്ചിരിക്കുന്ന വാതിലുകൾ. എല്ലാത്തിനും ഉപരി സൂര്യപ്രകാശം കടന്നുവരാത്ത അകത്തളങ്ങൾ...
എന്തൊക്കെയോ ആലോചിച്ചു നടന്നതിനാൽ എതിരെവന്ന പലരേയും ഗൗനിക്കാൻ സാധിച്ചില്ലല്ലോ എന്നോർത്തു എനിക്ക് ലജ്ജതോന്നി. കഴിഞ്ഞ അഞ്ചു വർഷമായി ജീവിതത്തിലേയ്ക്ക് ഈ തടവറകൾ കടന്നു
വന്നിട്ട് . ഇപ്പോൾ പൂർണമായി ഞാനും ഈ തടവറയിൽ അടയ്ക്കപ്പെട്ടത് പോലെ .. നിയമങ്ങൾ, നൂലാമാലകൾ, അതിൽ കുടുങ്ങുന്ന, ഒടുങ്ങുന്ന ജീവിതങ്ങൾ...
മൂന്നാം നിലയിലുള്ള റൗണ്ടസ് കൂടി കഴിഞ്ഞപ്പോഴായിരുന്നു 5C യിലേയ്ക്ക്‌ വിളി വന്നത്, കൊടും ക്രൂരന്മാരായിട്ടുള്ള, യാതൊരുവിധ വികാരങ്ങളും ഇല്ലാത്ത മനുഷ്യരെന്നു വിളിക്കപ്പെടാൻ യോഗ്യതയില്ലാത്ത തടവുകാർ, സൈക്കോപാത്തുകൾ , അവിടേയ്ക്ക് പോകേണ്ടിയിരുന്ന ആദ്യനാളുകളിൽ എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാൻ സാധിക്കുംവിധം ഉയർന്നിരുന്നതും വാക്കുകളും ആശയങ്ങളും ബോധമണ്ഡലത്തിൽ നിന്നും മറഞ്ഞുപോയിരുന്നതും, ഭയം ശരീരത്തെ ആകമാനം ഗ്രസിച്ചിരുന്നതും എന്തോ വെറുതെ ഞാനോർത്തുപോയി...
മറ്റുള്ള നിലകളിലിൽ നിന്നും വ്യത്യസ്തമായി ഓരോരുത്തരേയും കുടുസ്സായ സെല്ലുകളിൽ അടച്ചിരിക്കുന്നു. സീലിങ്ങിൽനിന്നും വരുന്ന മങ്ങിയ മഞ്ഞവെളിച്ചമല്ലാതെ പ്രകൃതിയുടെ ഭാവഭേദങ്ങൾ ഒന്നും തന്നെ, സമയമോ കാലമോ കടന്നുപോകുന്നതറിയാതെ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുന്ന മനുഷ്യമൃഗങ്ങൾ ...നീചന്മാർ...
"ഗുഡ്മോണിങ്" വിഷ് ചെയ്ത ഒരുകൂട്ടം തടവുകാർക്ക് ഒരു വരണ്ട ചിരി സമ്മാനിച്ചു മുന്നോട്ടു പോയപ്പോൾ ഞാൻ ഒരാട്ടിൻപറ്റത്തിന് നടുവിലാണെന്നും, പൊടുന്നനെ അവയുടെ ഭാവം മാറി, ദ്രംഷ്ടകൾ പുറത്തുവരികയും കൂർത്തനഖങ്ങൾ പുറത്തുകാണിച്ചു കുതിച്ചുചാടി എന്നെ മാന്തിപ്പൊളിക്കാൻ തയ്യാറായ രീതിയിൽ ഒരുങ്ങിയിരിക്കുന്ന ചെന്നായ്‌കൂട്ടമാണെന്നും തോന്നിച്ചു...ഭയന്ന് ഞാൻ നിലവിളിച്ചുവോ? ആവോ ആർക്കറിയാം ...
***********
അവിടെ 13 മത്തെ സെല്ലിൽ മക്‌കെൻസീ സാമുവൽ എന്നെ കാത്തിരിപ്പുണ്ടായിരുന്നു . പതിവില്ലാത്ത പോലെ അവൻ ചിരിച്ചതായി എനിക്ക് തോന്നി. അവൻ ചിരിച്ചാൽ പോലും ഏറെ ഭയപ്പെടണം. എന്നെ കണ്ട ഉടനെ അവൻ സംസാരിച്ചു തുടങ്ങി ... "മിസ്സ് എനിക്ക് പറയാനുള്ളത് എന്താണെന്നു വച്ചാൽ, ഞാൻ ഇന്നലെ വരെ നിങ്ങളോടെല്ലാം പറഞ്ഞത് നുണയായിരുന്നു"... "സത്യമായിട്ടും"... എനിക്ക് അപ്പോൾ ചിരിവന്നു. "നീ പറയുന്നതെന്തും വിശ്വസിക്കുക അതാണല്ലോ എൻ്റെ ജോലി .. ഇനി എന്ത് നുണ കേൾപ്പിക്കാനാണ് ഇന്നെന്നെ നീ വിളിച്ചുവരുത്തിയിരിക്കുന്നത് ? "
"മിസ്സ് ചോരയുടെ മണം അറിഞ്ഞിട്ടുണ്ടോ ? നല്ല ചുടുചോരയുടെ ഉന്മാദമുണർത്തുന്ന ഗന്ധം... പിന്നെ സിരകളിൽ നിന്നും ഒഴുകിയിറങ്ങി ഉണങ്ങിയ രക്തത്തിന്റെ മടുപ്പിക്കുന്ന ...മണം മടുപ്പിക്കുന്ന, ഏകാന്തതയുടെ, കയ്പുനിറഞ്ഞ മണം? "
"5 കൊലപാതകങ്ങൾ നടന്നു കഴിഞ്ഞു, എന്തിനു എന്ന് ചോദിക്കരുത് .. അത് അവരുടെ അനിവാര്യമായ വിധിയായിരുന്നു.. എൻ്റെ മാതാപിതാക്കളുടെ, പ്രണയിനിയുടെ , ആത്മമിത്രങ്ങളുടെ....എന്നെ ഹൃദയത്തിലേറ്റിയ എല്ലാവരുടെയും അനിവാര്യമായ വിധി..."
ഞാൻ എൻറെ കയ്യിൽ ഉണ്ടായിരുന്ന അവന്റെ ഫയൽ തുറന്നു , മക്‌കെൻസീ സാമുവൽ 24 വയസ്സ്, പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ ന്യൂറോസയെൻസിൽ ഡോക്ടറെറ്റ് വിദ്യാർത്ഥി. പഠനചിലവിനായി ബാങ്കിൽ ജോലിചെയ്യുന്നു . ഏവർക്കും പ്രീയങ്കരൻ ... പിന്നെയെങ്ങനെ അവൻ അഴിക്കുള്ളിലായി ??അതും മനഃസാക്ഷിപോലും മരവിച്ചുപോകുന്ന ക്രൂരകൃത്യങ്ങളുടെ പേരിൽ .. 5 കൊലപാതകങ്ങൾ ...
"മിസ്സ് ഇനി ഞാൻ പറയുന്നത് സത്യമാണ്, ആർക്കും ഇതുവരെ അറിവില്ലാത്തതും ഇനി എനിക്ക് മറച്ചു വയ്‌ക്കേണ്ടതായില്ലാത്തതും ആയ സത്യം..." ഒരു ആശ്ചര്യം എൻ്റെ കണ്ണിൽ സ്പുരിച്ചുവോ ?ഭയത്തിനപ്പുറം ഒരു വികാരത്തിനും ഈ തടവറകളിൽ പ്രസക്തിയില്ലല്ലോ ?
"ഞാൻ തന്നെയാണ് എല്ലാവരെയും അവസാനിപ്പിച്ചത്. എല്ലാവരെയും ഒരേപോലെ, ഏതോ മൂർച്ചയുള്ള ആയുധം കൊണ്ട് കൺഠനാളിയിലെ ഞരമ്പുകൾ മുറിച്ചു .. പ്രാണനായി പിടഞ്ഞു പിടഞ്ഞു രക്തം നഷ്ടപെട്ടാണ് എല്ലാവരും വിടചൊല്ലിയത് . ആ ആയുധം ഏതാണെന്നു കണ്ടെത്താൻ കഴിയാത്തതാണല്ലോ എല്ലാവരെയും കുഴപ്പിക്കുന്നത് ?... "
"അതെ"എന്ന എൻ്റെ മറുപടിയ്ക്ക്, "എന്നാൽ കേട്ടോളൂ , അത് മറ്റൊന്നും അല്ല വെറും "ഐസിക്കിൾസ് "..ഒരു കത്തിയുടെ ആകൃതിയിലും അതിനേക്കാൾ മൂർച്ചയിലും ഉള്ള ഐസ് കൊണ്ടുള്ള കത്തി . കൃത്യനിർവഹണത്തിനു ശേഷം തനിയെ ഉരുകി നശിച്ചുപോകുന്ന തെളിവ്" ..അവൻ അട്ടഹസിച്ചു , അത് ആ മുഷിഞ്ഞ ഭിത്തികളിൽ തട്ടി പ്രതിഫലിച്ചു ..
"ചുടുചോരയുടെ ഗന്ധം എനിക്ക് കിട്ടുന്നുണ്ട് അത് എന്നെ തേടി അടുത്തടുത്ത വരുന്നു, അല്ല അത് ഇങ്ങ് എത്തി കഴിഞ്ഞു ....ആരാലും എന്നെ രക്ഷിക്കാൻ കഴിയാത്തവണ്ണം, അത് എന്നെ വിഴുങ്ങാനായി കാത്തുനിൽക്കുന്നു. ഇതാ ഞാൻ ആ നിമിഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു .."
അപ്പോൾ അവന്റെ കണ്ണുകളിൽ ദൈന്യത നിഴലിച്ചുവോ? എന്നത്തേയുംകാൾ ശാന്തനായിരുന്നു അവനപ്പോൾ. മരുന്നുകൾ അവനിൽ ഫലിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് അപ്പോൾ തോന്നിയത്.
ഇനിയെന്തെങ്കിലും പറയാനുണ്ടോ എന്നതിനു തലകുമ്പിട്ടുകൊണ്ട് "ഉണ്ട് അതാണ് ഏറ്റവും പ്രാധാന്യമേറിയതും എന്നാൽ തെളിയിക്കപ്പെടാൻ പറ്റാത്തതും"... അവൻ അപ്പോൾ എന്നോട് പങ്കു വെച്ച കാര്യങ്ങൾ അവന്റെ വിഭ്രാന്തിയുടെ ലക്ഷണമായി മാത്രമേ എനിക്ക് അപ്പോൾ തോന്നിയുള്ളൂ.
ഇല്ല ഇനി ഒരു കൂടിക്കാഴ്ചയുണ്ടാവില്ലെന്ന അവന്റെ മറുപടിയ്ക്ക്, എന്നാൽ അങ്ങിനെയായിരിക്കട്ടെ എന്നുപറഞ്ഞു തിരിയെ നടന്നപ്പോൾ മുഴുവൻ ഐസിക്കിൾസിനെ കുറിച്ചായിരുന്നു എൻ്റെ ചിന്തകൾ മുഴുവൻ..
***********
എത്രപെട്ടെന്നാണ് മനുഷ്യന് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് എന്നോർത്തപ്പോൾ എനിക്ക് വലിയ ആശ്ചര്യം തോന്നി.
മനസ്സിന്റെ താളം അത് ആരുടെ നിയന്ത്രണത്തിലാണ് സാഹചര്യങ്ങളുടെ സമ്പത്തിന്റെ, ഋതുക്കളുടെ, അതോ പാരമ്പര്യമായി മാതാപിതാക്കളിൽ നിന്നും തലച്ചോറിലേക്ക് കുടിയേറിപ്പാർത്ത ആ രാസകൂ ട്ടുകളുടെയോ?
ഒരു വേള സ്വയമറിയാതെ മറ്റൊരാൾ ആകുന്നതുപോലെ തികച്ചും വിചിത്രവും ഭയാനകവുമായ മറ്റൊന്നില്ല എന്ന് എനിക്ക് തോന്നി. മൾട്ടിപ്പിൾ പേഴ്സണാലിറ്റി, സ്കീസോഫ്രീനിയ. അങ്ങനെ എന്തെല്ലാം എന്തെല്ലാം. മനസ്സിന്റെ നിയന്ത്രണങ്ങൾ കൈവിട്ടുപോകുന്ന മനുഷ്യജന്മങ്ങൾ...
തിരികെ ഓഫീസ് മുറിയിലേക്ക് ലിഫ്റ്റ് കാത്തുനിൽക്കുമ്പോഴാണ് സർജൻറ്റ്‌ വില്യംസിനെ കാണുന്നത്. വെളുത്ത ചുമന്ന് നല്ല പൊക്കമുള്ള ഇംഗ്ലീഷുകാരൻ വില്യംസിനെ കാണുമ്പോൾ എല്ലാം എന്റെ മനസ്സിൽ ചരിത്രപുസ്തകത്തിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഗാംഭീര്യമുള്ള ചിത്രങ്ങൾ ഓർമ്മ വരുമായിരുന്നു.
ലിഫ്റ്റ് വന്നിട്ടും സ്വയം മറന്നു നിന്ന എന്നോട് വില്യംസ് "മിസ്സ് ആർ യു ഓക്കേ?"എന്ന ചോദ്യമാണ് ചിന്തകളിൽനിന്നും ഉണർത്തിയത്.
സീക്രട്ട് നമ്പറുകൾ അമർത്തി താക്കോൽ സ്കാൻ ചെയ്ത ലിഫ്റ്റ് അടഞ്ഞപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. ഒരു ഐസ് കത്തിയുടെ മരവിപ്പ് ...തണുപ്പ്, പിൻകഴുത്തിൽ സ്പർശിക്കുന്ന പോലെ...
പെട്ടെന്നുണ്ടായ ഭയപ്പാടിൽ വില്യംസിനോട് ചോദിച്ചു, "എത്ര നാളായി താങ്കൾ ഇവിടെ ജോലി ചെയ്യുന്നു? "ചുവരിൽ തൂക്കിയ മെഡലുകളിൽ മൃദുലമായി തഴുകി വർദ്ധിച്ച അഭിമാനത്തോടെ അദ്ദേഹം പറഞ്ഞു "കഴിഞ്ഞ 35 വർഷങ്ങൾ ഞാൻ ഈ ജയിലിൽ ജോലിനോക്കുന്നു .പലരും വരുകയും പോവുകയും ചെയ്തു. എന്നോളം ഈ തടവറകളെ കുറിച്ച് അറിയാവുന്ന ആരും തന്നെ ഇവിടെയില്ല. ഇനിയും ഏതാനും ആഴ്ചകൾക്കുള്ളിൽ റിട്ടയർ ചെയ്ത വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന വരെ ഞാൻ ഇവിടെ തന്നെ കാണും..."
35 വർഷങ്ങൾ... എനിക്ക് ആശ്ചര്യം തോന്നി. ഇനി ഒരു ദിനം കൂടി ഇവിടെ നിന്നാൽ മനസ്സിന്റെ താളം തെറ്റി പോകുമോ എന്ന് ഭയപ്പെട്ടിരുന്ന എന്നെ കുറിച്ച് ഓർത്ത് എനിക്ക് ലജ്ജ തോന്നി.
"സർ icicles കുറിച്ച് എന്താണ് അഭിപ്രായം ഒരാളെ മുറിപ്പെടുത്തി കൊല്ലാൻ മാത്രം അതിനെ മൂർച്ച ഉണ്ടാകുമോ? അതോ അവൻ പറഞ്ഞതെല്ലാം വിഭ്രാന്തിയുടെ വെറും ജല്പനങ്ങൾ മാത്രമോ?"
പിങ്ക് റോസാപ്പൂവിന്റെ നിറമുള്ള സർജൻറ്റിന്റെ മുഖത്തെ ചോര വാർന്നു പോയി മഞ്ഞുപോലെ വിളർച്ച വ്യാപിച്ചത് പെട്ടെന്നായിരുന്നു. അയാൾ എന്തോ പറഞ്ഞു പറഞ്ഞത് വ്യക്തമായില്ല. അല്ലെങ്കിൽ തന്നെ ഉത്തരത്തിനു വേണ്ടി ആയിരുന്നില്ലല്ലോ ഞാൻ ആ ചോദ്യം ചോദിച്ചത്...
*******************
ഓഫീസ് മുറിയിലേക്ക് നടക്കുമ്പോൾ കറുപ്പും വെളുപ്പും ഇടകലർത്തിയ ടൈലുകളുടെ ഇടയിൽ ഒരു പടക്കളം രൂപപ്പെടുന്നതായും രാജാവും കുതിരയും രഥങ്ങളും കാലാൾപ്പടയും യുദ്ധത്തിന് ഒരുങ്ങിയിരിക്കുന്നതായും ഞാൻ സങ്കൽപ്പിച്ചു.
ലിഫ്റ്റിൽ നിന്നും ഇറങ്ങിപ്പോയ സർജൻറ് വില്യംസ് വെള്ള കുതിരയായും മെക്കൻസി സാമുവൽ കരിം പടയിലെ രാജാവായും എനിക്ക് തോന്നി. എങ്കിൽ എൻറെ സ്ഥാനം എവിടെ ? ഏതു ഭാഗത്ത് ആയിരുന്നാലും മുൻനിരയിൽ നിൽക്കുന്ന എളുപ്പം വെട്ടിവീഴ്ത്തപ്പെടാവുന്ന കാലാൾപ്പടയിൽ ഒരാൾ മാത്രം...
മണിക്കൂറുകൾ ഒച്ചിഴയുന്നപോലെ... സത്യത്തിൽ തടവുകാരുടെ കൂടെ ഞാനും ഈ തടവറകളിൽ അടക്കപ്പെട്ട ഇരിക്കുകയല്ലേ? വാതായനങ്ങൾ ഇല്ലാത്ത ഈ വലിയ കെട്ടിടത്തിന് പുറത്ത് ഇപ്പോൾ വെയിലോ മഴയോ?
പൊടുന്നനെ നെ ഒരു വലിയ കാർമേഘം എന്നെ വിഴുങ്ങിയതായും ദൂരെയെവിടെയോ സമാധാനത്തിന്റെ നാട്ടിലേക്ക് കൊണ്ടു പോകുന്നതായും, രക്ഷപ്പെടാൻ അതിനുള്ളിൽ ഇരുന്ന് ഞാൻ കൈ കാലിട്ടടിക്കുന്നതായും എനിക്ക് തോന്നി...
***************
സെക്രട്ടറി കരീന യാണ് പുറത്തുപോയി കാപ്പി കുടിക്കാം എന്ന് ഇന്ന് സജസ്റ്റ് ചെയ്തത്. ഈ തടവറകളിൽ നിന്നും രക്ഷപ്പെടാനുള്ള ഏക വഴിയും ഈ കാപ്പി കുടിക്കൽ മാത്രമായിരുന്നു മനസ്സിലെ കാർമേഘം പോലെ തന്നെ ഏതുനിമിഷവും പെയ്യതിറങ്ങാനായി കാർമേഘം കാത്തു നിൽക്കുകയായിരുന്നു...
ജയിലിലെ എതിരെയുള്ള റസ്റ്റോറൻറ് നിന്നും കാപ്പി വാങ്ങിയപ്പോഴേക്കും മഴ തുടങ്ങിയിരുന്നു. മഴ മാറാതെ തിരികെ പോകുന്നത് എങ്ങനെ? ബ്രേക്ക് തീരാൻ ഇനിയും അരമണിക്കൂർ ബാക്കിയുണ്ട്. എതിരെയുള്ള ടേബിളിൽ വേർഡ് പസിൽ കളിക്കുന്ന വൃദ്ധ ദമ്പതിമാർ.. വെറുതെ അവരെ നിരീക്ഷിച്ചുകൊണ്ട് അൽപസമയം...
തിരികെ വരുമ്പോഴായിരുന്നു കെട്ടിടത്തിന് പുറകിൽ നിന്നും ഒരു ആംബുലൻസ് ചീറിപ്പായുന്നത് കണ്ണിൽപ്പെട്ടത്.. ആർക്കോ അത്യാഹിതം സംഭവിച്ചിരിക്കുന്നു. ആരായിരിക്കാം അത്?
****************
ഓഫീസിലെ ഫോണിൽ എനിക്കായി ഒരു വോയിസ് മെസ്സേജ് .... Mackenzie Samuel is not responding....deep cutting wound from sharp object... Cardiac arrest from heavy bleeding... കഴുത്തിൽ മൂർച്ചയുള്ള എന്തോ ആയുധം കൊണ്ട് ആഴത്തിലുള്ള മുറിവ് സംഭവിച്ചിരിക്കുന്നു... അമിതമായ രക്തസ്രാവം മൂലം ഹൃദയസ്തംഭനം സംഭവിച്ചിരിക്കുന്നു...
***********
അപ്പോഴും അവിശ്വസനീയമായി തോന്നിയ അവന്റെ വാക്കുകൾ എന്റെ ബുദ്ധി മണ്ഡലത്തിൽ ഇരുന്ന് വിങ്ങുകയയിരുന്നു...
"ജയിലിലെ ഏറ്റവും അധികാരമുള്ള പോലീസ് ഓഫീസർ വില്യംസ്. ഏറെ സമ്പന്നനായ അദ്ദേഹത്തിൻറെ ഏകമകൾ ആയിരുന്നു എന്റെ കാമുകി, തികച്ചും യാഥാസ്ഥിതികനായിരുന്നു അദ്ദേഹം."
"കറുത്തവർഗ്ഗക്കാരനായ എന്നോട് വെളുത്ത വർഗക്കാരനായ വില്യംസിന്റെ അടങ്ങാത്ത പകയായിരുന്നു എന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും, പിന്നെ അവളുടെ തന്നെയും മരണത്തിന് ഇടയാക്കിയത്. ഭ്രാന്തനായി എന്നെ വേഷം ധരിപ്പിച്ചപ്പോൾ എല്ലാ തിരക്കഥയും പൂർത്തിയായിരിക്കുന്നു..."
Icicles- ഐസിന്റെ കൂർത്ത ചിലപ്പോൾ മൂർച്ചയേറിയ രൂപം.
Lini Jose
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo