മിനിക്കഥ :
കാലൻ : ചിത്രഗുപ്താ ഇതാരാണ് പുതിയ അഡ്മിഷൻ ?
ചി ഗു : പേര് സുഗുണൻ. ഒരു ഓണ്ലൈൻ തൊഴിലാളിയാണ് അങ്ങുന്നേ.
കാലൻ: ഇയാൾക്ക് മരിക്കാനുള്ള സമയമായതായി സിസ്റ്റത്തിൽ കാണിക്കുന്നില്ലല്ലോ ചിത്രഗുപ്താ.
ചി ഗു : സമയം എത്തും മുൻപേ കൊന്ന് കളഞ്ഞതാ പ്രഭോ..
കാലൻ : ങേ, കണ്ണിക്കണ്ടവനൊക്കെ എന്ന് മുതലാടോ എന്റെ പണിയെടുത്തു തുടങ്ങിയത്?
ചി ഗു : പക്ഷേ ഇയാൾ മുഴുവനായും മരിച്ചിട്ടില്ല പ്രഭോ.
കാലൻ : പിന്നെന്തിനാടോ മരത്തലയാ ഇയാളെ കെട്ടിയെഴുന്നള്ളിച്ചു ഇങ്ങോട്ട് കൊണ്ടു വന്നത്?
ചി ഗു : എന്ത് ചെയ്യാനാ അങ്ങുന്നേ, ഒരു പ്രശസ്ത കവി ടൈംലൈൻ വഴി ശപിച്ചതാ. ഓണ്ലൈനിലെ കണക്കുംപ്രകാരം ഇന്നലെ മുതൽ ഇയാൾ വെറും ശവമാണ് മഹാരാജൻ.
കാലൻ : ശൊ ആകെ കൺഫ്‌യൂഷനായല്ലോ.. ഇനിയിപ്പോ നമ്മളെന്താടോ ചെയ്യുക?
ചി ഗു : മരണം ഓണ്ലൈൻ വഴി ആയത് കൊണ്ട് നമുക്കിവനെ സ്വർഗത്തിൽ അയക്കാൻ നിവൃത്തിയില്ല അങ്ങുന്നേ.. പിന്നെ ഒരു നല്ല കാര്യം പോലും ജീവിതത്തിൽ ഇന്ന് വരെ ഇയാൾ ചെയ്തിട്ടുമില്ല.
കാലൻ : എന്നാൽ പിന്നെ നരകത്തിലേക്ക് തട്ടിയേക്ക്. നമുക്കിവനെ എണ്ണയിലിട്ട് വറുത്തെടുക്കാം.
ചി ഗു : അയ്യോ അതും പറ്റില്ല അങ്ങുന്നേ, ഓണ്ലൈനിൽ ഇവൻ നല്ലവനും, ദാനശീലനും, ധർമിഷ്ടനുമാണ്. അതുമല്ല ജനമൈത്രിയും, കേരളാ പോലീസിന്റെ പേജും വന്നതിന് ശേഷം ഓണ്ലൈൻ ആത്മാക്കളോട് വളരെ വിനയത്തോടെയും സ്നേഹത്തോടെയും മാത്രമേ പെരുമാറാവുള്ളു എന്നാണ് ചട്ടം.
കാലൻ : ഹൊ !! ഒരു നശിച്ച ഓണ്ലൈൻ. വന്ന് വന്ന് ഭൂമിയിൽ നല്ലവനാര്, കെട്ടവനാര് എന്ന് പോലും തിരിച്ചറിയാൻ വയ്യാതെയായല്ലോ ചിത്രഗുപ്താ.
ചി ഗു : പ്രഭോ, ഞാൻ നോക്കിയിട്ട് ഇനി ഒരേയൊരു വഴി മാത്രമേയുള്ളൂ. ഓണ്ലൈൻ വഴി തന്നെ ഇവനെ നമുക്ക് പുനർജനിപ്പിക്കാം. എന്നിട്ട് ഭൂമിയിലേക്ക് തന്നെ തിരികെ അയക്കുകയും ചെയ്യാം.
കാലൻ: ബലേ ഭേഷ്, ബുദ്ധിമാൻ.... ആരവിടെ ദാസിമാരോട് എത്രയും പെട്ടെന്ന് മൃതസഞ്ജീവനി കൊണ്ടു വരാൻ പറയൂ.
ചി ഗു : ഉഗ്രശാപമാണ് മഹാരാജൻ. മൃതസഞ്ജീവനി കൊണ്ട് ഒന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.
കാലൻ : പിന്നെ എങ്ങനാടോ മണ്ടശിരോമണീ ഇയാളെ നമ്മൾ തിരികെ ഭൂമിയിലേക്ക് അയക്കുക?
ചി ഗു : അതിനിനി കവിയുടെ ലിങ്ക് വേണ്ടി വരും പ്രഭോ...
കാലൻ : കുറുനരീ അരുത്, കുറുനരീ അരുത്, കുറുനരീ അരുത്, യമലോകത്ത് അശ്ലീലം അരുത്.
ചി ഗു : ഛെ, അശ്ലീലമല്ല മഹാരാജൻ, ഓണ്ലൈൻ എഴുത്തുകൾ വായിക്കാനുള്ള ഒരു സൂത്രമാണ് അങ്ങുന്നേ ഈ ലിങ്ക്. ഇയാൾ അത് തുറന്ന് കവിയുടെ ഒരു കവിതയെങ്കിലും വായിച്ചു കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടു...
"ഐ ആം ഡി ബി സുഗുണൻ അഥവാ ഡെഡ്ബോഡി സുഗുണൻ. വെർഷൻ 5.9.00 സർ."
കാലൻ : എവിടുന്നോ ഒരശരീരി അല്ലേ ചിത്രഗുപ്താ നമ്മളിപ്പോൾ കേട്ടത്?
"അശരീരിയൊന്നും അല്ല പ്രഭോ, ഇത് ഞാനാ സുഗുണൻ. നാട്ടിൽ വളരെ മാന്യമായി മോഷണം നടത്തി ജീവിച്ചു വരികയായിരുന്നു. ഒടുവിൽ ചീത്തപ്പേര് കാരണം ഒറ്റ പെണ്ണുങ്ങളും കണ്ടാൽ ഏഴയലത്ത് അടുപ്പിക്കാത്ത അവസ്‌ഥയിലായി. ഇവള്മാരെയെന്ന് കൈയ്യിലെടുക്കാൻ എന്താ വഴിയെന്ന് ആലോചിച്ചു തല പുകഞ്ഞിരിക്കുമ്പോഴാണ് എന്റെ ഫ്രണ്ട് പുഷ്കരൻ എനിക്ക് fb ഫെയ്ക്ക് അക്കൗണ്ട് സജസ്റ്റ് ചെയ്തത്. കഥയെന്നും കവിതയെന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ ഞാൻ ഇന്നുവരെ ഒരു വരി പോലും വായിച്ചിട്ടില്ല പ്രഭോ. ഇനി കവിത വായിച്ചാലേ ഞാൻ ജീവിക്കുള്ളൂ എന്നാണെങ്കിൽ അത്രയും കഷ്ടപ്പെട്ട് എനിക്കിനിയൊരു ഓൺലൈൻ ജീവിതം വേണ്ടായേയ് .........."
"ഇതാ സുഗുണൻ ഇവിടെ മരിച്ചു, അല്ല കവി കൊന്നു....."
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക