നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ദു:സ്വപ്നത്തിന്റെ ഇടവേളയില്‍

Image may contain: Anish Francis, sky, beard, cloud, outdoor, nature and water
*****************************
ഞാന്‍ ജയദേവനെ തിരഞ്ഞിറങ്ങിയതാണ്.നാലുദിവസമായി അയാളെ കാണുന്നില്ല.ഈ ആഴ്ച അവസാനം മാസികയിലേക്കുള്ള മാന്ത്രിക നോവലിന്റെ അദ്ധ്യായം അയാള്‍ എത്തിക്കണ്ടതായിരുന്നു.എന്നാല്‍ അയാളുടെ ഒരു വിവരവും ഇല്ല.ഫോണില്‍ വിളിച്ചിട്ട് സ്വിച്ചോഫ്‌.അപ്പോഴാണ് എഡിറ്റര്‍ എന്നെ വിളിച്ചത്.
“നീ അയാളെ ഒന്ന് തിരഞ്ഞു പോണം.ചിലപ്പോള്‍ എവിടെയെങ്കിലും കുടിച്ചു ബോധമില്ലാതെ കിടക്കുകയായിരിക്കും.അല്ലെങ്കില്‍ ഏതെങ്കിലും പഴയ ഇടിഞ്ഞു പൊളിഞ്ഞ അമ്പലത്തിന്റെ പരിസരത്തോ ,കാട്ടിലോ വല്ലതുമായിരിക്കും...”
ജയദേവനെ ഉടന്‍ കണ്ടെത്തേണ്ടത്‌ ഞങ്ങളുടെ മാസികയായ മനോരാജ്യത്തിന്റെ അടിയന്തിരപ്രശ്നമായി മാറി.മനോരാജ്യം മാസികയുടെ ഉടമസ്ഥതയിലുള്ള മനോരാജ്യം ടി.വി ചാനലില്‍ ജയദേവന്‍ തിരക്കഥ എഴുതുന്ന ‘യക്ഷി ‘സീരിയലിന്റെ ഷൂട്ടിംഗ് രണ്ടുദിവസമായി മുടങ്ങി.തിരക്കഥ ഇല്ലാതെ ,ഒന്ന് രണ്ടു ദിവസം അവര്‍ എങ്ങിനെയോക്കെയോ ഒപ്പിച്ചു.ഇനി പറ്റില്ല.
പക്ഷേ എഡിറ്ററുടെ തലവേദന ഇതൊന്നുമല്ല.മനോരാജ്യത്തിന്റെ എതിരാളികളായ ‘മലയാളവാണി’ മാസികയില്‍ മറ്റൊരു മാന്ത്രിക നോവല്‍ പ്രസിദ്ധികരിക്കുന്നുണ്ട്.കെ.നീലിമ എന്ന പേരുള്ള പുതിയ എഴുത്തുകാരി.ഒരു പെണ്‍കുട്ടി എഴുതുന്ന നോവലായത് കൊണ്ട് വായനക്കാര്‍ക്ക് അവരുടെ എഴുത്തിനോട് ഒരു ആകര്‍ഷണമുണ്ട്.പക്ഷേ ,ജയദേവന്റെ എഴുത്തിനെ വെല്ലാന്‍ നീലിമയുടെ എഴുത്തിനു കഴിഞ്ഞിട്ടില്ല.പ്രേതങ്ങളും ഭൂതങ്ങളും മന്ത്രവാദികളും അണിനിരക്കുന്ന ജയദേവന്റെ മാന്ത്രികനോവലുകള്‍ ഇന്ന് മലയാള സാഹിത്യത്തില്‍ ഒന്നാം സ്ഥാനത്താണ്.പക്ഷേ സ്ഥിരമായി മനോരാജ്യത്തില്‍ നോവല്‍ എഴുതുന്ന ജയദേവനെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ മലയാളവാണി നീലിമ എന്ന പുതിയ എഴുത്തുകാരിയെ വളര്‍ത്താന്‍ ശ്രമിക്കുകയാണ്.
ജയദേവനെ കാണാതായി നോവല്‍ മുടങ്ങിയാല്‍,വിജയിക്കുന്നത് നീലിമ എന്ന പുതിയ എഴുത്തുകാരിയും മലയാളവാണി മാസികയുമാണ്.വായനക്കാര്‍ക്കിടയില്‍ നീലിമയുടെ നോവല്‍ ഹിറ്റായാല്‍ അധികം താമസിയാതെ മനോരാജ്യത്തിന്റെ ശത്രു ചാനലുകള്‍ അത് സീരിയലാക്കാന്‍ മത്സരിക്കും.
ഒന്നിന് പിറകെ ഒന്നായി പരാജയം മനോരാജ്യം ഗ്രൂപ്പിനെ തേടി വരും.
ഇതെല്ലാം ഒഴിവാക്കണമെങ്കില്‍ ,ജയദേവനെ കണ്ടുപിടിക്കണം.അയാളുടെ നോവല്‍ പുറത്തിറക്കുന്നത് ഉറപ്പു വരുത്തണം.അതിനാണ് ഞാന്‍ പോകുന്നത്.
എഡിറ്റര്‍ക്ക് എന്നെ വലിയ വിശ്വാസമാണ്.അതിനു കാരണം എന്റെ അപ്പനാണ്. അസ്ഥി പത്രോസ് എന്നറിയപ്പെട്ടിരുന്ന മരുതുംമൂട്ടില്‍ പത്രോസ് .വര്‍ഷങ്ങള്‍ നീണ്ട ആഭിചാരം മൂലം എന്റെ അപ്പന് നഷ്ടപെട്ടത് പീറ്റര്‍ എന്ന സ്വന്തം പേരാണ്.അപ്പന്റെ സഹായിയായി ജീവിച്ചാല്‍ എന്റെ പേരും നഷ്ടപെടുമെന്നു എനിക്ക് മനസ്സിലായി.മൃഗകൊഴുപ്പ് കൊണ്ട് തെളിയിച്ച തീപ്പന്തത്തിന്റെ വെളിച്ചത്തില്‍ ,ശവക്കോട്ടകളില്‍ നിന്ന് ശേഖരിച്ച അസ്ഥികളില്‍ നോക്കി അപ്പന്‍ പാരമ്പര്യമായി കൈമാറിക്കിട്ടിയ ലത്തീന്‍ മന്ത്രങ്ങള്‍ ജപിച്ചു.അപ്പന്റെ ക്ഷണത്തില്‍ മരിച്ചു പോയ മനുഷ്യരുടെ ആത്മാവുകള്‍ അന്തരീക്ഷത്തില്‍നിന്ന് മന്ത്രക്കളത്തില്‍ പറന്നിറങ്ങി.അപ്പനെത്തേടി ആവശ്യക്കാര്‍ എന്നുമുണ്ടായിരുന്നു.അപ്പന് എന്നെ ഇഷ്ടമായിരുന്നു.അടുത്ത തലമുറകളിലേക്ക് അപ്പന്റെ മാര്‍ഗം പകര്‍ന്നുകൊടുക്കുവാന്‍ ഞാന്‍ ഉണ്ടാകുമെന്ന് അപ്പന്‍ പ്രതീക്ഷിച്ചിരുന്നു.ഒരുനാള്‍ അപ്പനെവിട്ടു നഗരത്തിലേക്ക് പോവുകയാണ് ഞാന്‍ എന്ന് പറഞ്ഞപ്പോള്‍ അപ്പന്‍ എതിര്‍ത്തില്ല.പക്ഷേ ഇങ്ങനെ പറഞ്ഞു.
“എന്റെ ശവമടക്കിനല്ലാതെ നീ എന്നെ തേടി വരരുത്. മരിക്കും വരെ ഞാന്‍ ഒരു മന്ത്രവാദിയായി ജീവിച്ചുകൊള്ളട്ടെ.”
ഞാന്‍ നഗരത്തില്‍ പോയി.പഠിച്ചു.അതിനുശേഷം അസ്ഥിയുടെ മടുപ്പിക്കുന്ന മണമില്ലാതെ ,അക്ഷരങ്ങളുമായി ബന്ധമുള്ള ജോലി തിരഞ്ഞു.അങ്ങിനെയാണ് മനോരാജ്യം മാസികയില്‍ ഒരു ജൂനിയര്‍ എഡിറ്ററായി കയറിയത്.ചീഫ് എഡിറ്റര്‍ക്ക് ഞാന്‍ മന്ത്രവാദിയായ അസ്ഥി പത്രോസിന്റെ മകനാണ് എന്ന് അറിയാമായിരുന്നു.അയാള്‍ പണ്ട് സബ് എഡിറ്റര്‍ ആയിരുന്നപ്പോള്‍ നാട്ടില്‍ അവശേഷിച്ചിരുന്ന യഥാര്‍ത്ഥ മന്ത്രവാദികളെക്കുറിച്ച് ഒരു പരമ്പര എഴുതിയിരുന്നു. അപ്പന്റെ കഴിവുകളുടെ കുറച്ചെങ്കിലും എനിക്ക് കാണുമെന്നു എഡിറ്റര്‍ വിചാരിക്കുന്നു. .അത് കൊണ്ടാണ് അയാള്‍ ജയദേവനെ കണ്ടെത്താന്‍ എന്നെ പറഞ്ഞയച്ചത്.
ജയദേവനുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ ഞാന്‍ തിരഞ്ഞു.അയാള്‍ എവിടെയാണ് എന്ന് ആര്‍ക്കുമറിയില്ല.മാന്ത്രികനോവലുകളിലെ ഒറിജിനാലിറ്റിക്ക് വേണ്ടി പ്രേതബാധയുള്ള സ്ഥലങ്ങളിലും ,ആളുകള്‍ കടക്കാന്‍ ഭയക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ അമ്പലങ്ങളിലും വിജനമായ കാവുകളിലും ഒറ്റക്ക് കഴിയുന്നയാളാണ് ജയദേവന്‍.അങ്ങിനെയുള്ള പല സ്ഥലങ്ങളിലും ഞാന്‍ അയാളെ തിരഞ്ഞു.പക്ഷേ അയാളെ കണ്ടെത്താനായില്ല.പരാജയവുമായി തിരികെ ചെല്ലാന്‍ എനിക്ക് കഴിയില്ല.എഡിറ്റര്‍ ഞാന്‍ വരുന്നത് കാത്തിരിക്കുകയാണ്.ഇത് എന്റെ ജോലിയുടെ പ്രശ്നമാണ്.
ഒരിക്കല്‍ നഗരത്തില്‍നിന്നുള്ള ഒരു പണക്കാരന്‍ തന്റെ കാണാതായ മകനെ തിരഞ്ഞു അപ്പന്റെ അരികില്‍ വന്നത് ഞാന്‍ ഓര്‍മ്മിച്ചു.
അപ്പന്‍ കഞ്ഞികുടിക്കുകയായിരുന്നു.കയറുപിരിയന്‍ സ്വര്‍ണ്ണമാല കഴുത്തില്‍ അണിഞ്ഞ പണക്കാരനും അയാളുടെ ഭാര്യയും അപ്പന്റെ വാക്ക് കേള്‍ക്കാനായി നിശബ്ദം കാത്തുനിന്നു.അപ്പന്‍ അയാളുടെ മാല ഊരി വാങ്ങി. അപ്പന്‍ ,മണ്ണില്‍ ആ മാലയുടെ സ്വര്‍ണ്ണക്കുരിശു കുത്തിവച്ചു.പിന്നെ ബാക്കി കഞ്ഞിവെള്ളം അതിനു മുകളിലേക്ക് ഒഴിച്ചു.കുരിശും മണ്ണും നനഞ്ഞു കുതിര്‍ന്നു.
“കുരിശു പറയും ,നിങ്ങടെ മകന്‍ എവിടാന്നു ?കുരിശറിയാതെ ഒന്നും നടക്കില്ല.”അപ്പന്‍ പറഞ്ഞു.
അന്തരീക്ഷത്തില്‍ കുന്തിരിക്കം പുകയുന്ന ഗന്ധം പടര്‍ന്നു.ഒരു കാറ്റ് വീശി.മരച്ചില്ലകള്‍ ഉലഞ്ഞാടി .അപ്പന്‍ കണ്ണുകള്‍ അടച്ചു കുരിശിനു മേല്‍ കൈവിരലുകള്‍ വച്ച് മന്ത്രം ജപിച്ചു.കഞ്ഞിവെള്ളം കുതിര്‍ന്ന മണ്ണ് ചുവന്നു.ഒരു ചുവന്ന കടലാസ് പോലെ മണ്ണ് പടര്‍ന്നു .അതിന്‍മേല്‍ രൂപങ്ങള്‍ തെളിഞ്ഞു.അപ്പന്‍ ആ രൂപങ്ങള്‍ നോക്കി.
‘നിങ്ങടെ മകന്‍ എങ്ങും പോയിട്ടില്ല. വീട്ടിനടുത്തുണ്ട്.അവനൊരു പെങ്കൊച്ചിന്റെ വീട്ടിലാ.അവന്‍ അവളെ കെട്ടി.നിങ്ങളെ പേടിച്ചു അവന്‍ ഒളിച്ചിരിക്കുവാ.” അപ്പന്‍ പറഞ്ഞു.
പണക്കാരന്റെ കണ്ണില്‍ അപ്പന്റെ മുന്‍പിലെ മണ്ണിന്റെ ചുവപ്പ് പടരുന്നത്‌ ഞാന്‍ കണ്ടു.
“രോഷമരുത്.അവര്‍ ഒന്നിക്കണം.അതാ വിധി.”അപ്പന്‍ അയാള്‍ക്ക് നല്ല വാക്ക് പറഞ്ഞുകൊടുത്തു.അവരെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു.
ഞാന്‍ ബസ്സില്‍ സീറ്റിന്റെ മുന്‍പിലെ കമ്പിയിലേക്ക് മുഖം ചായിച്ചു.തളര്‍ന്നിരിക്കുന്നു.ബസ് പുറപ്പെടാന്‍ ഇനിയും നേരമെടുക്കും.ഇതൊന്നു ചലിച്ചിരുന്നെങ്കില്‍ .ഒരല്‍പം തണുത്ത കാറ്റ് മുഖത്തു തട്ടിയിരുന്നെങ്കില്‍...
അപ്പന്‍ ഉണ്ടായിരുന്നെങ്കില്‍..ജയദേവന്‍ എവിടെ ഉണ്ടായിരുന്നുവെന്ന് അപ്പനോട് താന്‍ ചോദിക്കുമായിരുന്നോ?അപ്പന്റെ സഹായം താന്‍ തേടുമായിരുന്നോ ?
പക്ഷെ അപ്പന്‍ ഇല്ലല്ലോ.അപ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല.സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.അപ്പോള്‍ ബസ്സിനുള്ളില്‍ കുന്തിരിക്കത്തിന്റെ ഗന്ധം പടരുന്നത്‌ അറിഞ്ഞു.
ഇല്ല.തോന്നലാവും.മുഖം ഉയര്‍ത്തിയില്ല.
ബസ് സ്റ്റാര്‍ട്ടാകുന്നു.
“പോകല്ലേ..ഒരു അപ്പൂപ്പന്‍ കേറാനുണ്ട് .കിളി വിളിച്ചു പറയുന്നു.
ബസ്സിനുള്ളില്‍ കുന്തിരിക്കത്തിന്റെയും ഒപ്പം മൃഗകൊഴുപ്പ് കരിയുന്നതിന്റെയും ഗന്ധം വര്‍ധിക്കുന്നു..പക്ഷേ യാത്രക്കാര്‍ ആരും അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. തനിക്ക് മാത്രമേ ഈ ഗന്ധം അറിയാന്‍ കഴിയുന്നുള്ളൂ.ബസ്സിന്റെ പടികളില്‍ പ്രായമുള്ള ആരോ ഷൂസിട്ട് ചവിട്ടി കയറുന്ന സ്വരം ഞാന്‍ വ്യക്തമായി കേട്ടു.ഈ കാലടി ശബ്ദം തനിക്ക് പരിചിതമാണ്.മുഖം കുനിച്ചു തന്നെ ഇരുന്നു.ബസ്സിന്റെ നടുവിലേക്ക് കണ്ണുകള്‍ ചരിച്ചു നോക്കിയപ്പോള്‍ ആ ഷൂസണിഞ്ഞ കാല്‍പ്പാദങ്ങള്‍ ഞാനിരിക്കുന്ന സീറ്റിനരികിലേക്ക് വരുന്നുതു കണ്ടു. അപ്പന്റെ അടക്കിനു കാലില്‍ അണിയിച്ച കറുത്ത ഷൂസ്.ശ്രദ്ധിച്ചു നോക്കി.അവ ബസ്സിന്റെ തറയില്‍ സ്പര്‍ശിക്കുന്നില്ല. പക്ഷേ ശബ്ദം കേള്‍ക്കുന്നുണ്ട് താനും.
അടുത്ത് വെളുത്ത ജൂബയും മുണ്ടും അണിഞ്ഞ വൃദ്ധശരീരം അമരുന്നത് അറിഞ്ഞു.ദേഹത്തുകൂടെ ഒരു തരിപ്പ് പടര്‍ന്നു.
ഈ വെളുത്ത ജൂബയും മുണ്ടും ജോലി കിട്ടിയതിനു ശേഷം താന്‍ അപ്പന് വാങ്ങികൊടുത്തതാണ്.എങ്കിലും അപ്പന്‍ അത് ജീവിതകാലത്ത് ഒരിക്കലും അണിഞ്ഞില്ല.വാശിയാണോ കാരണം എന്ന് ചോദിച്ചപ്പോള്‍ അപ്പന്‍ പറഞ്ഞു.
“സ്വര്‍ഗ്ഗയാത്രക്ക് പോകുമ്പോള്‍ ഞാന്‍ എന്റെ മകന്‍ തന്ന തുണി ഉടുക്കും.അത് വരെ മന്ത്രവാദത്തിന്റെ കറ വീണ ശരീരത്തു നിര്‍മ്മലവസ്ത്രങ്ങള്‍ യോജിക്കില്ല.”അപ്പന്റെ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍നിന്ന് പോകുന്നില്ല.
അപ്പന്റെ ശരീരത്തില്‍ അലങ്കരിച്ച മുല്ലപ്പൂവുകളുടെയും ശവപ്പെട്ടിയുടെ മുകളില്‍ വച്ച ഗാര്‍ഡിനിലയ പൂക്കളുടെയും ഗന്ധം വായുവില്‍ കലര്‍ന്നു.
“നിന്റെ ചോദ്യമാണ് എന്നെ ഉറക്കത്തില്‍ നിന്നെഴുന്നെല്‍പ്പിച്ചത്.” ചെവിയില്‍ അപ്പന്റെ ദേഷ്യം കലര്‍ന്ന സ്വരം.
“അപ്പനുണ്ടായിരുന്നേല്‍ നീ അപ്പന്റെ സഹായം ചോദിക്കുമായിരുന്നോ ?” മരണത്തിനു ശേഷവും അപ്പന്റെ സ്വരത്തില്‍ പരിഹാസത്തിനു ഒട്ടും കുറവില്ല.മറുപടി പറയാന്‍ കഴിഞ്ഞില്ല.അപ്പന്റെ ആത്മാവ് മറുപടി ആഗ്രഹിക്കുന്നില്ല എന്ന് തോന്നി.അല്ലെങ്കില്‍ തന്നെ അപ്പന്‍ എപ്പോഴാണ് തന്നെ തോല്‍പ്പിക്കാത്തത്?
“ജയദേവന്‍ ആ എഴുത്തുകാരിയുടെ തടവിലാണ്.നീലിമയുടെ.”അപ്പന്‍ പറഞ്ഞു.
“പക്ഷേ അവളുടെ കയ്യില്‍നിന്ന് നിനക്ക് ജയദേവനെ മോചിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.കാരണം അവള്‍ വെറുമൊരു എഴുത്തുകാരിയല്ല.”
കുന്തിരിക്കത്തിന്റെയും അസ്ഥിയുടെയും ഗന്ധം മായാന്‍ തുടങ്ങുന്നത് അറിഞ്ഞു.
“എങ്കിലും നീ ജയദേവന്റെ അടുത്ത് ചെല്ലണം.നിനക്ക് വേണ്ടത് അയാളുടെ കഥയാണല്ലോ.ശ്രമിച്ചാല്‍ അയാളുടെ കഥ നിനക്ക് വീണ്ടെടുക്കാന്‍ കഴിയും.പക്ഷേ അവളെ എതിരിടുന്നത് സൂക്ഷിക്കണം.എനിക്ക് ഉറങ്ങാന്‍ നേരമായി.” അപ്പന്റെ സ്വരം നേര്‍ത്തു വന്നു.
“ഒരു ആളിറങ്ങാനുണ്ട്...” കിളി വിളിച്ചു പറയുന്നതും വണ്ടി നില്‍ക്കുന്നതും അറിഞ്ഞു.
കറുത്ത ഷൂസുകള്‍ അണിഞ്ഞ കാല്‍പ്പാദങ്ങള്‍ പിന്‍വാങ്ങുന്നത് കണ്ടു.കുന്തിരിക്കത്തിന്റെയും മൃഗക്കൊഴുപ്പിന്റെയും ഗന്ധം പൂര്‍ണ്ണമായും മാഞ്ഞു.നെഞ്ചില്‍ ഒരു വിങ്ങല്‍ മാത്രം ശേഷിച്ചു.
ബസ് മുന്‍പോട്ടു നീങ്ങി.
ഞാന്‍ എഡിറ്ററെ വിളിച്ചു .നീലിമയുടെ കയ്യിലാണ് ജയദേവന്‍ എന്ന് ഞാന്‍ എഡിറ്ററെ അറിയിച്ചു.എങ്ങിനെ കണ്ടെത്തി എന്ന് ഞാന്‍ പറഞ്ഞില്ല.ഉടനടി നീലിമയുടെ താമസസ്ഥലം കണ്ടെത്തണം.കുറച്ചു കഴിഞ്ഞു എഡിറ്റര്‍ എന്നെ തിരിച്ചു വിളിച്ചു.
“ഒരു പ്രശ്നമുണ്ട്.ഞാന്‍ മലയാളവാണിയിലുള്ള ഒന്ന് രണ്ടു സ്റ്റാഫുകളെ ബന്ധപ്പെട്ടു.അവര്‍ക്കും നീലിമയുടെ വിലാസമോ മറ്റോ അറിയില്ല.അനോണിമസ് എഴുത്തുകാരിയാണ് നീലിമ.കൃത്യമായ ഇടവേളകളില്‍ നോവലിന്റെ അദ്ധ്യായങ്ങള്‍ മാസികക്ക് ലഭിച്ചു കൊണ്ടിരുന്നതിനാല്‍ അവര്‍ കൂടുതല്‍ അന്വേഷണത്തിന് പോയില്ല.”എഡിറ്റര്‍ എന്നോട് പറഞ്ഞു.
നീലിമ.
പേര് കേട്ടിട്ട് നോവലിസ്റ്റ് ഒരു യുവതിയാണ്.അവള്‍ക്ക് എങ്ങനെ ഒരു പുരുഷനെ തടവില്‍ വയ്ക്കാന്‍ കഴിയും?
അതൊരു യുവതി തന്നെയാണെന്നു എങ്ങനെ ഉറപ്പാക്കും?
വീണ്ടും എഡിറ്റര്‍ വിളിച്ചു.
“ഒരു കാര്യം ഉറപ്പാണ്.ആ പെണ്‍കുട്ടി കാട്ടിലോ കുന്നിലോ അല്ല.ഈ നഗരത്തില്‍ എവിടെയോ ആണ് താമസം ?”
“എങ്ങിനെ മനസ്സിലായി .”
“നീലിമ ,നോവല്‍ ഭാഗങ്ങള്‍ അയക്കുന്നത് കൊറിയര്‍ വഴിയാണ്.ഒന്ന് രണ്ടു കവറുകള്‍ ഞാന്‍ അവിടുത്തെ സ്റ്റാഫിനെക്കൊണ്ട് കളക്ട്റ്റ് ചെയ്തു.അതുമായി കൊറിയര്‍ സര്‍വീസുകാരെ ബന്ധപ്പെട്ടു.അവര്‍ പറയുന്നത് കവര്‍ അയച്ച ആള്‍ ,മിക്കവാറും ഈ നഗരത്തില്‍ തന്നെയാണ് താമസിക്കുന്നത് എന്നാണു ?.”എഡിറ്റര്‍ പറഞ്ഞു.
“പോലീസ് അന്വേഷിക്കുന്നില്ലേ ?”
“നീലിമയുടെ കാര്യം പോലീസിനോട് ഇതുവരെ പറഞ്ഞിട്ടില്ല.” എഡിറ്റര്‍ പറഞ്ഞു.
“അത് നന്നായി.ഞാന്‍ ഒന്ന് കൂടി ശ്രമിക്കട്ടെ.”
രാത്രി.ഞാന്‍ മുറിയിലെത്തി വാതിലടച്ചു.കുളിച്ചു തല ഈറനായി ഒരു സാംബ്രാണി തിരി കത്തിച്ചു.മുറിയില്‍ സാംബ്രാണിയുടെ ഗന്ധം നിറഞ്ഞു.ക്ലോക്കില്‍ പന്ത്രണ്ടടിച്ചു.
“അപ്പന്റെ സേവകരായിരുന്ന ആത്മാക്കളെ ,നിങ്ങള്‍ എന്നെ തുണയ്ക്കില്ലേ ?” ഞാന്‍ മനസ്സില്‍ സഹായം അഭ്യര്‍ത്ഥിച്ചു.അപ്പോള്‍ അകലെ മരങ്ങളില്‍ നിന്ന് ചുള്ളിക്കമ്പുകള്‍ ഒടിഞ്ഞു വീഴുന്ന ഒച്ച കേട്ടു.
“രാത്രിയുടെ പാതകള്‍ മനുഷ്യര്‍ക്കാണ് വിജനം.ആത്മാവുകള്‍ക്ക് അത് തിരക്കുള്ള നഗരവീഥിയാണ്.പാതിരാത്രിക്ക് ചുള്ളിക്കമ്പുകള്‍ മരങ്ങളില്‍ നിന്ന് ഒടിഞ്ഞു വീഴുന്നത് കേട്ടാല്‍ ഉറപ്പിക്കാം,അവര്‍ നിങ്ങളുടെ മനസ്സ് കണ്ടെന്ന്. നിങ്ങളുടെ മനസ്സിന്റെ അരികിലേക്ക് രാത്രിയുടെ വിജനപാതകള്‍ താണ്ടി അവര്‍ വരികയാണ് എന്ന്.” അപ്പന്റെ വാക്കുകള്‍ ഞാന്‍ ഓര്‍മ്മിച്ചു.
ഞാന്‍ ആ സാംബ്രാണിയുമായി വാതില്‍ത്തുറന്നു.അതില്‍നിന്ന് ഒരു വെളുത്ത പുക ഒരു നേര്‍വര പോലെ എന്റെ മുന്നില്‍നിന്ന് നീണ്ടു .ഞാന്‍ ആ പുകയുടെ പിന്നാലെ നടന്നു തുടങ്ങി.
അതെ,ആത്മാക്കള്‍ എനിക്ക് വഴി കാണിച്ചു തരുന്നു.
ഞാന്‍ ആ വഴി പിന്തുടര്‍ന്നു.വലിയ കെട്ടിടങ്ങള്‍ ഇരുട്ടില്‍ കറുത്ത മലകള്‍ പോലെ ഉറങ്ങിക്കിടന്നു.അവയ്ക്കിടയില്‍ മഞ്ഞവെളിച്ചത്തിന്റെ ചിതറിയ പൊട്ടുകള്‍ രാത്രിയുടെ വിളറിയ കണ്ണുകള്‍ പോലെ കാണപ്പെട്ടു.ഞാന്‍ ആ പുക പിന്തുടര്‍ന്നു ,നഗരത്തിന്റെ പ്രധാന കവലകളും ഇരുണ്ട മൂലകളും പിന്നിട്ടു.ഒടുവില്‍ ഒരു പഴയ മഞ്ഞക്കെട്ടിടത്തിന്റെ മുന്‍പില്‍ പുക അവസാനിച്ചു.പൊട്ടിയടര്‍ന്ന മഞ്ഞഭിത്തികള്‍.പക്ഷേ ഞാന്‍ ഇവിടെ പണ്ടെപ്പോഴോ വന്നത് പോലെ എനിക്ക് ഓര്‍മ്മവന്നു.പുക വീണ്ടും മുന്‍പോട്ടു നീങ്ങി .ഞാന്‍ കെട്ടിടത്തിന്റെ ലിഫ്റ്റില്‍ കയറി.കയറിയയുടനെ ലിഫ്റ്റ്‌ മുകളിലേക്ക് കുതിച്ചു.മൂന്നാം നിലയില്‍ ലിഫ്റ്റ്‌ നിന്നപ്പോള്‍ വെള്ളപ്പുക വീണ്ടും സഞ്ചാരം ആരംഭിച്ചു.മൂന്നാം നിലയിലെ നാലാമത്തെ മുറിയുടെ മുന്‍പില്‍ പുക യാത്ര അവസാനിപ്പിച്ചു.ഞാന്‍ ആത്മാവുകള്‍ക്ക് നന്ദി പറഞ്ഞു.പുക ഇരുളില്‍ മാഞ്ഞു.ഞാന്‍ മെല്ലെ മുറിയുടെ വാതിലില്‍ മുട്ടി.വാതില്‍ മെല്ലെ തുറന്നു വന്നു.
ഈ മുറിയും ഈ കെട്ടിടവും എനിക്ക് പരിചിതമാണ്.പക്ഷേ..എപ്പോള്‍ ?
“ആഹാ നിങ്ങളായിരുന്നോ?എത്ര നാളായി ഈ വഴി വന്നിട്ട് ?”
എന്റെ മുന്‍പില്‍നിന്ന് എഡിറ്ററുടെ ഭാര്യ ചിരിച്ചു.
ഇത് എഡിറ്ററുടെ ഫ്ലാറ്റാണ്.ഒരു വെള്ളിടി പോലെ ഞാന്‍ ഓര്‍മ്മിച്ചു.
“ആഹാ മാലിനിയോ?ഞാന്‍ വിചാരിച്ചു ..നീലിമ..അത് പിന്നെ..”ഞാന്‍ വാക്കുകള്‍ക്ക് തപ്പിത്തടഞ്ഞു.
ആറുമാസം മുന്‍പാണ് എഡിറ്റര്‍ വിവാഹിതനായത്.ഏറെ നാള്‍ കല്യാണം വേണ്ടെന്നു വച്ചിട്ട് വൈകിയുള്ള കല്യാണംഅതൊരു പ്രണയ വിവാഹമായിരുന്നു.മാലിനി എന്ന ആ പെണ്‍കുട്ടിക്ക് എഡിറ്ററെക്കാള്‍ പത്തു ഇരുപതു വയസ്സ് കുറവായിരുന്നു.
“എന്റെ ഭര്‍ത്താവ് ഇങ്ങോട്ട് വന്നിട്ട് മൂന്നു നാലു ദിവസമായി.ഒരു നോവലിസ്റ്റിനെ കാണാന്‍ ഇല്ലെന്നു പറഞ്ഞു വെപ്രാളപ്പെട്ടു നടക്കുകയാണ്.” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.അസമയത്ത് അവരുടെ ഫ്ലാറ്റിന്റെ വാതിലില്‍ മുട്ടിയതിന്റെ ഞെട്ടല്‍ ഒന്നും മാലിനിയുടെ മുഖത്തില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.
“അതെ .ജയദേവന്‍ ,അയാളെ ഞങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണ്.അതിന്റെ ഭാഗമായാണ് ,ഞാന്‍ ഇവിടെയും എത്തിയത്.പക്ഷേ വഴി തെറ്റി...” ഞാന്‍ കുറ്റബോധത്തോടെ അറിയിച്ചു.
“എന്തായാലും കേറി വാ ...കുടിക്കാന്‍ എന്താ എടുക്കണ്ടേ ?” മാലിനി ചോദിച്ച.
“ഒന്നും വേണ്ട ..ഞാന്‍ പോകുവാ..”ഞാന്‍ പറഞ്ഞു.
“അത് പറ്റില്ല.കേറിയിരിക്കൂ.”എന്റെ സമ്മതത്തിനു കാക്കാതെ അവള്‍ അകത്തേക്ക് പോയി.ഞാന്‍ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി.നന്നായി ഫര്‍ണിഷ് ചെയ്ത ഹാളില്‍ രാഷ്ട്രനേതാക്കന്‍മാരുടെ ചിത്രങ്ങള്‍ മാത്രമേ ഉള്ളു.എഡിറ്റര്‍ ഒരു യുക്തിവാദിയാണ്.അയാളാണ് ഒരു മാന്ത്രിക നോവലിസ്റ്റിനെ തിരയുന്നത് എന്ന തമാശയോര്‍ത്തു ആ നേരത്തും എനിക്ക് ചിരി വന്നു.
മാലിനി ഒരു ഗ്ലാസ് തണുത്ത നാരങ്ങാവെള്ളം കൊണ്ടുവന്നു.
“മാലിനിക്ക് ഈ ഫ്ലാറ്റില്‍ ഒരു നീലിമയെ അറിയാമോ ?”
“ഇല്ലല്ലോ..നീലിമ..നീലി..യക്ഷിയുടെ പേര് പോലെയുണ്ടല്ലോ...”അവള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
ആ വെള്ളം കുടിച്ചതും എനിക്ക് നല്ലു ഉറക്കം വരുന്നത് പോലെ തോന്നി.ശിരസ്സിനു ഒരു മലയുടെ ഭാരം.ക്ഷീണം കയര്‍കൊണ്ട് കെട്ടിവരിയുന്നത് പോലെ എന്നെ വരിഞ്ഞു.
“ക്ഷീണം തോന്നുന്നുവെങ്കില്‍ ഇന്നിവിടെ തങ്ങാം..”എന്റെ മനസ്സ് അറിഞ്ഞപോലെ മാലിനി പറഞ്ഞു.
‘അത് പിന്നെ..മാലിനി ഇവിടെ തനിച്ചു..ഞാന്‍..”അത് ശരിയാകില്ല.അത് പറയുമ്പോള്‍ എന്റെ കണ്ണടയാന്‍ തുടങ്ങുകയായിരുന്നു.
അവള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു കൊണ്ട് അകത്തെ മുറിയില്‍ കൊണ്ട് കിടത്തി.മെത്തയില്‍ ദേഹം തൊട്ടതും ഞാന്‍ ഉറങ്ങി.
ഉറക്കത്തില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു.
എനിക്ക് മൂത്രശങ്ക തോന്നുന്നു .ഞാന്‍ മൂത്രം ഒഴിക്കാനായി ആ കിടക്കമുറിയുടെ അറ്റാച്ച് ബാത്ത്റൂമിന്റെ വാതില്‍ തുറന്നു അകത്തേക്ക് കയറിയതും എന്റെ മുന്‍പിലേക്ക് മുകളില്‍നിന്ന് ഒരു ശവം വന്നു വീണു.
കറുത്ത കട്ടിയുള്ള താടിയുള്ള ആ സുന്ദരമുഖം എനിക്ക് പരിചിതമാണ്.
ജയദേവന്‍.
പെട്ടെന്ന് അപ്പന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നുവന്നു.ജയദേവനെ ജീവനോടെ കണ്ടുപിടിക്കുന്നത് ബുദ്ധിമുട്ടാണ്.അപ്പോള്‍ ജയദേവന്‍ മരിച്ചുവോ ?
നീലിമ?ആരാണ് നീലിമ.ഒരു യക്ഷിയുടെ പേര് പോലെയുണ്ട്.
സ്വപ്നത്തില്‍ മാലിനിയുടെ ഉറക്കെയുള്ള ചിരി ഞാന്‍ കേട്ടു.വിയര്‍ത്തൊലിച്ചു ഞാന്‍ കണ്ണ് തുറന്നു.
ദു:സ്വപ്നം.ഇതൊരു ദു;സ്വപ്നം മാത്രമാണ്.
“അല്ല ,ഇതൊരു ദു:സ്വപ്നത്തിന്റെ ഇടവേള മാത്രമാണ്.”ഒരു പതിഞ്ഞ ശബ്ദം എന്റെ കാതില്‍ വീണു.
കട്ടിലില്‍ എന്റെ അരികില്‍ ,ഒരു കസേരയില്‍ ജയദേവനിരിക്കുന്നു.അയാളുടെ മടിയില്‍ ഒരു വെളുത്ത റൈറ്റിംഗ് പാഡും പേനയുമുണ്ട്.
“വേഗം എഴുത്.നമ്മുക്ക് രാത്രിയുടെ ഈ യാമം മാത്രമേ ബാക്കിയുള്ളൂ.ഞാന്‍ എഴുതാന്‍ ബാക്കിവച്ച നോവലിന്റെ കഥ പറയാം.ഈ യാമം തീരുന്നതിനു മുന്‍പ് ഞാന്‍ അതു നിനക്ക് പറഞ്ഞു തരും. ഇനി നീ വേണം അത് മാസികയില്‍ എഴുതാന്‍. ഈ യാമം കഴിഞ്ഞാല്‍ നീലിമക്ക് ശക്തി വര്‍ദ്ധിക്കും.ബ്രാഹ്മ മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പുള്ള അരനാഴിക യക്ഷികള്‍ക്ക് അപാരശക്തി ലഭിക്കുന്ന സമയമാണ്....” അയാള്‍ പറഞ്ഞു.
“അപ്പോള്‍ നിങ്ങള്‍...നിങ്ങള്‍ മരിച്ചില്ലേ...”
അയാള്‍ അതിനു മറുപടി പറയാന്‍ നിന്നില്ല.അതിനു മുന്‍പ് ഒരു പുക പോലെ അയാള്‍ എന്റെ മുഖത്തിന്‌ നേര്‍ക്ക് ചാഞ്ഞു വന്നു.ഒരു വെളുത്ത ധൂമമായി അയാള്‍ എന്റെ ചെവിയില്‍ പ്രവേശിച്ചു.ഒരു യന്ത്രത്തെ പോലെ ഞാന്‍ അയാള്‍ പറഞ്ഞ കഥ കടലാസില്‍ അതിവേഗം പകര്‍ത്തി.
ക്ലോക്ക് ടിക്ക് ,ടിക്ക് എന്നടിക്കുന്നത് ഞാന്‍ കേട്ടൂ.എന്റെ ശരീരം തളര്‍ന്നു തുടങ്ങി.
“നീ ഇത് മാസികയില്‍ എഴുതണം.എഴുതില്ലേ..നീലിമയെ നീ തോല്‍പ്പിക്കില്ലേ...”
“എനിക്കൊന്നും മനസ്സിലാകുന്നില്ല...”
“ആറുമാസം മുന്‍പാണ് ഞാന്‍ ആ മാന്ത്രിക നോവല്‍ മനോരാജ്യത്തില്‍ എഴുതിതുടങ്ങിയത്.ശക്തയായ ഒരു യക്ഷിയെ ബന്ധനസ്ഥനാക്കുന്ന മാന്ത്രികനെയാണ് ഞാന്‍ ആ നോവലില്‍ അവതരിപ്പിച്ചത്.എന്റെ നോവല്‍ സീരിയലായി.ചില അമ്പലങ്ങളിലെ ദേവി ദേവന്‍മാര്‍ക്ക് സേവകരായി യക്ഷികളുമുണ്ട്.അവരില്‍ ചിലര്‍ക്ക് മനുഷ്യരൂപം പൂണ്ടു സഞ്ചരിക്കാന്‍ അനുവാദമുണ്ട്.ആ സീരിയല്‍ സ്ഥിരമായി കാണുന്ന രണ്ടു സ്ത്രീകള്‍ തമ്മിലുള്ള സംഭാഷണം ,അത്തരത്തിലൊരു യക്ഷിയുടെ കാതില്‍ പതിച്ചു.യക്ഷി വര്‍ഗത്തെ അപമാനിച്ചു വലിയ പ്രശസ്തി നേടുന്ന കേവല മനുഷ്യനായ എനിക്കെതിരെ യക്ഷിയുടെ കോപം ജ്വലിച്ചു.പക്ഷേ എന്നെ കൊല്ലാനുള്ള അവളുടെ ആഗ്രഹം യജമാനത്തിയായ ദേവി നിഷേധിച്ചു.പകരം അക്ഷരങ്ങളിലൂടെ എന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കാന്‍ ദേവി യക്ഷിയോടു ആജ്ജാപിച്ചു.അങ്ങിനെ മാലിനി എന്ന യുവതിയുടെ ശരീരത്തു കയറി പറ്റി നീലിമ എന്ന പേരില്‍ ആ രൂപം നോവല്‍ എഴുതിത്തുടങ്ങി.പക്ഷേ എന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കുകവാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.അവള്‍ എഴുതിയ നോവല്‍ രണ്ടാം കിടയായി വായനക്കാര്‍ വിധിച്ചു.അതോടെ കോപാകുലയായ അവള്‍ ,യജമാനത്തിയായ ദേവിയുടെ ആജ്ഞ ലംഘിച്ചു എന്നെ തടവിലാക്കി.അവള്‍ എന്നെ കൊന്നു എന്റെ ആത്മാവിന്റെ കഴിവ് മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എന്റെ ശരീരം മാത്രമേ അവള്‍ക്ക് കീഴടക്കാന്‍ കഴിഞ്ഞുള്ളൂ.പക്ഷേ ദേവിയുടെ അനുഗ്രഹം മൂലം അക്ഷരങ്ങള്‍ പാര്‍ക്കുന്ന എന്റെ ആത്മാവിനെ കീഴടക്കാന്‍ അവള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റൊരു മനുഷ്യന് എന്റെ കഴിവ് പകര്‍ന്നതിനു ശേഷമേ ഞാന്‍ കീഴടങ്ങൂ എന്ന് നിശ്ചയിച്ചു.” ജയദേവന്‍ പറഞ്ഞു.
പെട്ടെന്ന് ക്ളോക്കില്‍ മണിയടിച്ചു.
"ഇതാ, ഈ സ്വപ്നത്തിന്റെ ഇടവേള അവസാനിച്ചു.ബ്രാഹ്മമുഹൂര്‍ത്തത്തിനു മുന്‍പിലെ അവസാന അരനാഴിക തുടങ്ങുന്നു.അവള്‍ക്ക് ശക്തി കൈവരുന്നതിന് മുന്‍പ് വേഗം ഈ കഥയുമായി രക്ഷപെടൂ.ദേവിനാമമുള്ള ഈ കടലാസിനെ അവള്‍ ഭയപെടും.”
ഞാന്‍ പെട്ടെന്ന് കണ്ണ് തുറന്നു.ക്ളോക്കില്‍ മണിയടിക്കുന്നത് മാത്രം കേട്ടു..പെരുമ്പറ കൊട്ടുന്നത് പോലെ എന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു.
മുറിയില്‍ ആരുമില്ല. .ഫാന്‍ കറങ്ങികൊണ്ടിരുന്നു.ബാത്ത്റൂമിന്റെ വാതില്‍ അടഞ്ഞു കിടന്നു.ഞാന്‍ കണ്ടതൊരു ദു:സ്വപ്നമാണ്.വെറും ദു:സ്വപ്നം.ഞാന്‍ മനസ്സില്‍ ആവര്‍ത്തിച്ചു.
“വേഗം രക്ഷപെടൂ..”ഉള്ളില്‍ ജയദേവന്റെ ശബ്ദം...
ഞാന്‍ മെല്ലെ ഹാളിലേക്ക് നടന്നു.എല്ലാം നിശബ്ദമാണ്.മെല്ലെ ഞാന്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്നു പുറത്തു കടക്കാനുള്ള സ്വീകരണമുറിയുടെ വാതിലിന്റെ ഓടാമ്പല്‍ തുറന്നു.വാതില്‍ പാതി തുറന്നു.
“നിങ്ങള്‍ എവിടെ പോകുന്നു?.”ഞാന്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.തന്റെ മുറിയുടെ വാതില്‍ക്കല്‍ ചുവന്ന കണ്ണുകളുമായി മാലിനി നില്‍ക്കുന്നു.
“ഞാന്‍ ഇത്തിരി നേരത്തെ പോകാം എന്ന് കരുതി..ഞാന്‍ പോട്ടെ...”ഞാന്‍ ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു വാതില്‍ തുറക്കാന്‍ ആഞ്ഞതും ,അവള്‍ എന്റെ നേരെ പറന്നു വരുന്നത് കണ്ടു.രക്തം ഇറ്റ് വീഴുന്ന നീണ്ട നാവ് ,വെളിയില്ലെക്ക് തള്ളി നില്‍കുന്ന ചോര പുരണ്ട ദംഷ്ട്രകള്‍..പാറിപ്പറക്കുന്ന കറുത്ത മുടി..ബീഭത്സമായ യക്ഷീമുഖം.
ഞാന്‍ വാതിലില്‍ അള്ളിപ്പിടിച്ചു.പിന്നെ അവളെ പ്രതിരോധിക്കാനായി ദേവിനാമമുള്ള കടലാസ് അവള്‍ക്ക് നേരെ വീശി.ഒരു മതിലില്‍ തട്ടിയെന്നത് പോലെ അവള്‍ ദൂരേക്ക് തെറിച്ചു വീണു.
ഞാന്‍ വാതിലില്‍ ചാരിനിന്ന് കിതച്ചു.അപ്പോള്‍ എവിടെനിന്നോ കുന്തിരിക്കത്തിന്റെ ഗന്ധം പടരുന്നത്‌ അറിഞ്ഞു.ഒരു ധൈര്യം മനസ്സില്‍ പടരുന്നു.ശക്തി സംഭരിച്ചു ഞാന്‍ പുറത്തു ചാടി.അവള്‍ ചലിക്കാന്‍ തുടങ്ങുന്നത് കണ്ടു.ഞാന്‍ വാതില്‍ വലിച്ചടച്ച് ലിഫ്റ്റിലേക്ക് ഓടിച്ചെന്നു കയറി.ഒരു കുലുക്കത്തോടെ ലിഫ്റ്റ് താഴേക്ക് കുതിച്ചു.ആരോ ലിഫ്റ്റ് ആഞ്ഞു കുലുക്കുന്നത് ഞാന്‍ അറിഞ്ഞു..ഞാന്‍ ജയദേവന്റെ കടലാസ് ഞാന്‍ മുഖത്തോട് ചേര്‍ത്തു.എങ്കിലും എന്റെ ശിരസ്സ് ലിഫ്റ്റിന്റെ മൂലയില്‍ പോയിടിച്ചു.രക്തം ചീറ്റി .
ഞാനത് കാര്യമാക്കിയില്ല. ലിഫ്റ്റ് നിന്നതും ഞാന്‍ അവിടെനിന്ന് ഇറങ്ങിയോടി.എങ്ങിനെയോ ഞാന്‍ എന്റെ റൂമില്‍ ചെന്ന് കിടന്നതു മാത്രം ഓര്‍മ്മയുണ്ട്.ആ കഥയെഴുതിയ കടലാസ് ഞാന്‍ നെറ്റിയില്‍ വച്ചമര്‍ത്തി കിടന്നു.
ആ പകല്‍ മുഴുവന്‍ ഞാന് ഉറങ്ങി ‍.വൈകുന്നേരം എന്റെ മുറിയുടെ വാതിലില്‍ ആരോ ഏറെ നേരം ഇടിച്ചപ്പോള്‍ ഞാന്‍ ഉറക്കമുണര്‍ന്നു.ഞാന്‍ നെറ്റിയില്‍ തടവി. ആ മുറിവ് അത്ഭുതകരമായി മാഞ്ഞിരുന്നു.വാതില്‍ക്കല്‍ എഡിറ്റര്‍ നില്‍പ്പുണ്ടായിരുന്നു.
“ജയദേവന്റെ ശവം കിട്ടി അല്ലെ..”എഡിറ്റര്‍ എന്തേലും പറയുന്നതിന് മുന്‍പ് ഞാന്‍ അങ്ങോട്ട്‌ ചോദിച്ചു.
“അതേ,താന്‍ എങ്ങിനെ അറിഞ്ഞു.”അയാള്‍ അത്ഭുതത്തോടെ ചോദിച്ചു.
“ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിലാടോ അയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.എങ്ങിനെ അയാള്‍ അവിടെ വന്നുവെന്ന് അറിഞ്ഞില്ല.എന്താണ് അയാള്‍ക്ക് സംഭവിച്ചതെന്നു അറിയില്ല.”ദു:ഖത്തോടെ എഡിറ്റര്‍ പറഞ്ഞു.
“മാലിനി എവിടെ ?”ഞാന്‍ അന്വേഷിച്ചു.
“അവള്‍ ആകെ ഷോക്കിലാണ് .”എഡിറ്റര്‍ പറഞ്ഞു.
ഞാന്‍ രണ്ടു ഗ്ലാസുകളില്‍ വിസ്കി പകര്‍ന്നു.എഡിറ്റര്‍ ഒരു കസേരയില്‍ തളര്‍ന്നിരുന്നു.ഒറ്റവലിക്ക് അയാള്‍ ഗ്ലാസ് കാലിയാക്കി.
“ഇനി..ഇനി നാം എന്ത് ചെയ്യുമെടോ ?ആ നോവല്‍ ഇനി ഒരിക്കലും പൂര്‍ത്തിയാക്കാന്‍ നമ്മുക്ക് കഴിയില്ലല്ലോ..”
“കഴിയും.എനിക്ക് കഴിയും.”ഞാന്‍ ശബ്ദമുയര്‍ത്തി പറഞ്ഞു.
അയാള്‍ എന്നെ അമ്പരപ്പോടെ നോക്കി.
“സര്‍ ആ നോവല്‍ പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിയും.മാറ്റര്‍ വായിച്ചു നോക്കിയിട്ട് സര്‍ തീരുമാനിച്ചാല്‍ മതി.”
ഞാന്‍ പറഞ്ഞതും എഡിറ്റര്‍ എന്നെ ചാടി എഴുന്നേറ്റു കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു.
അവരുടെ ഫ്ലാറ്റില്‍ പോയതും എനിക്കുണ്ടായ അനുഭവവും ഞാന്‍ അയാളോട് പറഞ്ഞില്ല.
ജയദേവന്റെ ആഗ്രഹം പോലെ ഞാന്‍ ആ നോവല്‍ പൂര്‍ത്തിയാക്കി.അത് വന്‍ വിജയമായിരുന്നു.കെ.നീലിമ എഴുതിക്കൊണ്ടിരുന്ന നോവല്‍ സാങ്കേതികകാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന പരസ്യത്തോടെ ഞങ്ങളുടെ എതിര്‍വാരികയായ മലയാളവാണി പിന്‍വലിച്ചു.
എഡിറ്റര്‍ അറിയാതെ ഞാന്‍ മാലിനിയുടെ കൈപ്പടയും മലയാളവാണിയില്‍ വന്ന നീലിമയുടെ നോവലിന്റെ കയ്യെഴുത്തിന്റെ കൈപ്പടയും ഒന്നിച്ചു നോക്കി.അതു രണ്ടും ഒരുപോലെയായിരുന്നു.ഞാന്‍ ഈ വിവരങ്ങള്‍ എല്ലാം എന്റെ സുഹൃത്ത്‌ കൂടിയായ ഒരു മനോരോഗവിദഗ്ദ്നനോട് പങ്കുവച്ചു.
“സൈക്യാട്രിയില്‍ നിങ്ങള്‍ പറഞ്ഞ ഈ കാര്യങ്ങള്‍ക്കെല്ലാം വിശദീകരണമുണ്ട്.പക്ഷേ അത് മനസ്സിലാക്കാനും വിശ്വസിക്കാനും ഇത്തിരി ബുദ്ധിമുട്ടാന്നു മാത്രം.” അദ്ദേഹം പറഞ്ഞു.
നീണ്ട ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ ഒരിക്കല്‍കൂടി എഡിറ്ററുടെ ഫ്ലാറ്റില്‍ പോയി.മാലിനി ഒരു ആണ്‍കുട്ടിയെ പ്രസവിച്ചിരുന്നു.അതിന്റെ ഒന്നാം പിറന്നാളായിരുന്നു.
ആവള്‍ ഊര്‍ജസ്വലയും സന്തോഷവതിയുമായിരുന്നു.എന്റെ മനസ്സിലെ അവസാന സംശയത്തിന്റെ തരി കൂടി ഇല്ലാതായി.എങ്കിലും ഞാന്‍ ആ ദു:സ്വപ്നത്തിന്റെ ഇടവേള ഓര്‍മ്മിച്ചു.അവരോടു യാത്ര പറഞ്ഞു ഇറങ്ങാന്‍ നേരം മാലിനി എന്റെയൊപ്പം വാതില്‍വരെ വന്നു.
ഇറങ്ങാന്‍ നേരം അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.ആ നിമിഷം അവളുടെ കണ്ണില്‍ പകയുടെ ഒരു തീപ്പൊരി മിന്നുന്നത് പോലെ എനിക്ക് തോന്നി!
അതോ അതെനിക്ക് തോന്നിയതാണോ ?
ഞാന്‍ അതിനെക്കുറിച്ചുതന്നെ ആലോചിച്ചു കൊണ്ട് ലിഫ്റ്റില്‍ കയറി.
രാത്രി ഏറെ വൈകിയിരിക്കുന്നു.ലിഫ്റ്റില്‍ ഞാന്‍ തനിച്ചാണ്.ഈ ലിഫ്റ്റില്‍ വച്ചാണ് ജയദേവന്റെ ശവം അവര്‍ക്ക് വീണ്ടു കിട്ടിയത്.
ഭയത്തിന്റെ പരിചിതമായ ഒരു കനല്‍ എന്റെ മനസ്സില്‍ വീണു.
അടുത്ത നിമിഷം തന്നെ അത് കെട്ടു.
കാരണം എവിടെനിന്നോ കുന്തിരിക്കത്തിന്റെ ഗന്ധം ,എന്റെ അപ്പന്റെ ഗന്ധം എന്നെ പൊതിയാന്‍ തുടങ്ങിയിരുന്നു.
(അവസാനിച്ചു)
Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot