Slider

ഉമ്മറും അമ്മിക്കുട്ടിയും.

0
Image may contain: Muhammad Ali Ch, smiling, on stage
---------------------------------------
രാവിലെ ഒൻപത് മണിയോടെ ഉമ്മർ വളപ്പിൽ നിന്നും വീട്ടിലേക്ക് കയറി വരുമ്പോൾ, ഉമ്മറിനെ കണ്ടിട്ടും, ഉമ്മുകുൽസു, യാതൊരു കുലുക്കവുമില്ലാതെ അടുക്കളപ്പടിയിൽ ചാരിയിരുന്ന്, മുറുക്കിചുവപ്പിച്ചത് പിത്തളകോളാമ്പിയിലേക്ക് തുപ്പുകയായിരുന്നു.
തീന്മേശക്ക് മുകളിലേക്ക് ആശയോടെ നോക്കിയ ഉമ്മർ രണ്ട് കഷ്ണം റൊട്ടി മുട്ടയിൽ മുക്കിപ്പൊരിച്ചതും, നീല വരയുള്ള പിഞ്ഞാണത്തിൽ സ്റ്റീലിന്റെ മൂടി കൊണ്ട് അടച്ചുവെച്ച ചായയും കണ്ടു നിരാശയോടെ മൂക്കത്ത് വിരൽ വെച്ച് , അതിലേക്ക് രണ്ട് നിമിഷം നോക്കി പിന്നെ ദേഷ്യത്തോടെ നീട്ടി വിളിച്ചു…
"കുൽസൂ, എടോ കുൽസൂ ",
"എന്താ .. ഇങ്ങളിങ്ങനെ ഒച്ചയുണ്ടാക്കുന്നെ .. ഞാൻ ഈട അടുത്തെന്നെ ഉണ്ടല്ലാ , മെല്ലെ വിളിച്ചാലും കേക്കും, എന്റെ ചെവിക്ക് ഇത് വരെ കൊയപ്പൊന്നൂല്ലാ.. ", അതേ ഉച്ചത്തിൽ ഉമ്മുകുൽസു മറുപടി നൽകി.
'എടൊ നീ ഇതെന്താ ഉണ്ടാക്കി വെച്ചിരിക്കുന്നത് , എനിക്ക് വിശന്നിട്ട് വയ്യ, ഈ രണ്ട് റൊട്ടിക്കഷ്ണം തിന്നിറ്റ് വേണാ ഞാൻ വിശപ്പടക്കാൻ ? ഇന്ന് പത്തലൊന്നും (അരിപ്പത്തിരി) ഉണ്ടാക്കീലെ ?", ഉമ്മറിന്റെ ചോദ്യം ചെയ്യൽ..
"ഓഹ് പത്തലുണ്ടാക്കുന്നു, എത്ര ദിവസായി നിങ്ങളോട് ഞാൻ പറീന്ന് , ആ ഗൈൻഡറൊന്ന് ശരിയാക്കി കൊണ്ടരാൻ.. അത് കേടായിട്ട് ഒരു മാസം കയിഞ്ഞു .. മറ്റേ മിക്സീല് അരി അരച്ചരച്ച് ഇന്നലെ അതും കേടായി.. എനിക്കിപ്പോ അമ്മിക്കുട്ടി ഉന്താനൊന്നും പാങ്ങില്ല.., ഗൈണ്ടറ് ശരിയാക്കിക്കൊണ്ടു തന്നാ പത്തല് ചുട്ട് തരാ.. " തട്ടം ഒന്നു ശരിയാക്കി , വായിലുള്ള ചുവന്ന മുറുക്കാൻ ഒരിക്കൽക്കൂടി കോളാമ്പിയിലേക്ക് നിക്ഷേപിച്ച്, മുട്ടിന് കൈയ്യൂന്നി ഉമ്മുകുൽസു എണീക്കുമ്പോൾ ഇരു ചെവികളിലും തൂക്കിയിട്ടിരിക്കുന്ന അലിക്കത്തുകൾ ആത്മവിശ്വാസത്തോടെ ഒന്നാടി.
വീടിന് തൊട്ടടുത്ത പള്ളിയിൽ നിന്നും സുബഹി നമസ്ക്കാരം കഴിഞ്ഞു, കുറച്ചു നേരം കൂടി പള്ളിയിൽ ചെലവഴിച്ചു, ഉമ്മർ വീട്ടിലെത്തിയാൽ പിന്നെ വേഷം മാറി വളപ്പിലേക്കിറങ്ങും.. തെങ്ങുകൾക്കും, വാഴകൾക്കും അന്നത്തെ ദാഹജലം നൽകിയ ശേഷം അങ്ങാടിയിലെ മമ്മുവിന്റെ ചായപ്പീടികയിൽ പോയി, ഒരു ചായയും എന്തെങ്കിലുമൊരു ലഘുവായ കടിയും, പത്രവായനയും..
ഇന്നും പതിവ് കഴിഞ്ഞു എത്തി , നന്നായി കത്തലടക്കാൻ (പ്രഭാത ഭക്ഷണം) പത്തൽ പ്രതീക്ഷിച്ചു കേറി വരുമ്പോളാണ് വെറും രണ്ട് കഷ്ണം റൊട്ടിയും, കേടായ ഗ്രൈൻഡർ നന്നാക്കാത്തതിന് ഭാര്യയുടെ വക രണ്ട് വലിയ വർത്താനവും..
എന്തായാലും ഇനിയിപ്പോ അതുമിതും പറഞ്ഞു, മൂഡും നേരവും കളഞ്ഞിട്ട് കാര്യമില്ല , കിട്ടിയതും കഴിച്ചു പോകാനുള്ളിടത്ത് പോകുക തന്നെ..
മക്കൾ രണ്ടുപേരും ഗൾഫിൽ .. വീട്ടിൽ ഉമ്മറും ഭാര്യ ഉമ്മുകുൽസുവും മാത്രം.
എന്തായാലും ഇന്ന് ഗ്രൈന്ഡർ നന്നാക്കാൻ കൊടുക്കണമെന്ന് ഉമ്മർ മനസ്സിലുറപ്പിച്ചു. അല്ലെങ്കിൽ കത്തലിന് ഇനി പത്തല് പ്രതീക്ഷിക്കണ്ട. തേങ്ങാപ്പാലിൽ മുക്കിയ പത്തൽ, മീൻകറിയോ, ഇറച്ചിക്കറിയോ , ഇനി കടലക്കറിയോ ഒക്കെ, കൂട്ടി കഴിക്കുന്നത് ഉമ്മർ കൊതിയോടെ ഓർമ്മിച്ചു.. രണ്ട് കഷ്ണം മുട്ടയിൽ പൊരിച്ച റൊട്ടി തന്നു ,ഗ്രൈൻഡർ നന്നാക്കിക്കൊടുക്കാത്തതിൽ "ഓള് ഞമ്മക്കിട്ടൊന്ന് കൊട്ടിയതാണെന്ന്" കുസൃതിയോടെ ചിന്തിച്ചു ഉമ്മർ പുഞ്ചിരിച്ചു...
"ഇനി ഓള് അറിയാതെ തന്നെ ഈ സാധനം നന്നാക്കി ഇവിടെ കൊണ്ടു വെച്ചിട്ട് കുൽസുനെ പറ്റിക്കണം", ഉമ്മർ, കുൽസുവിനെ പറ്റിക്കുന്നതോർത്ത് മനസ്സിൽ ചിരിച്ചത്, പുറമെ ഒരു കുലുങ്ങിച്ചിരിയായി മാറി. അതിനിടയിൽ ആ രണ്ട് കഷ്ണം റൊട്ടിയും ചായയും വായിലൂടെ പോയി വയറ്റിലെത്തിയത് അറിഞ്ഞില്ല !..
കുളിയും കഴിഞ്ഞു, വെള്ള ഒറ്റമുണ്ടുടുത്ത് മാടിക്കെട്ടി , മുറിക്കൈയ്യൻ വെള്ള ജുബ്ബയുമിട്ട് , ഉമ്മുകുൽസു കുളിക്കാൻ കുളിമുറിയിൽ കയറിയ തക്കം നോക്കി ഉമ്മർ അടുക്കളയിൽ 'സ്ഥാപിച്ചിരിക്കുന്ന', കീറിയ പഴയ പ്രിൻറ്ലുങ്കി കൊണ്ട് മൂടിയിട്ടിരിക്കുന്ന ഗ്രൈൻഡറിൽ നിന്നും ചെയിനിൽ ബന്ധിച്ച ‘അമ്മിക്കുട്ടിയെ’ മോചിപ്പിച്ചെടുത്തു. കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും 'അമ്മിക്കുട്ടി' തന്റെ ഇടത്തെ തോളിലേറ്റി, കിടപ്പറവാതിലിൽ തൂക്കിയിട്ടിരിക്കുന്ന കാലൻകുട കഴുത്തിന് പിറകിൽ ജുബ്ബയിൽ കൊളുത്തി, തല ചെറുതായി വലത്തോട്ട് ചെരിച്ച് , ഉമ്മർ ഒരു കള്ളന്റെ വെപ്രാളത്തിൽ വീട്ടിൽ നിന്നിറങ്ങി.
രണ്ടാൾക്ക് കഷ്ടിച്ച് നടന്നു പോകാൻ മാത്രം വീതിയുള്ള ഇടവഴിയിലൂടെ, റേഷൻ പീടികയിൽ നിന്നും ഒരു വലിയ തുണി സഞ്ചി നിറയെ , അരി ഇടത്തെ ചുമലിലേറ്റി വരുന്ന അച്ചുവേട്ടന്റെ തലയും ചെരിഞ്ഞിരിക്കുന്നത് വലത്തോട്ട് തന്നെ. എന്തായാലും രണ്ടാളും നടത്തത്തിനിടയിൽ നേർക്കുനേർ വന്നു, ഒന്ന് ലോഹ്യം പറയുമ്പോൾ തലകൾ പരസ്പരം കൂട്ടിയിടിക്കാതിരുന്നതിനാൽ വൻ ദുരന്തം തന്നെ ഒഴിവായി.
ഇന്നലെ ടി. വി യിൽ കണ്ട , ഹിന്ദിയിൽ നിന്നും മൊഴിമാറ്റി, മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന പുരാണകഥയിലെ കഥാപാത്രത്തിന്റെ കോലത്തിൽ തന്റെ കടയുടെ നേരെ ഗ്രൈൻഡറിന്റെ 'അമ്മിക്കുട്ടിയുമായി' നടന്നു വരുന്ന ഉമ്മറിനെ ദൂരെ നിന്നേ കണ്ടപ്പോൾതന്നെ 'അമ്മൂസ് ഇലക്ട്രോണിക്സ്' ഉടമ സുമേശന് ചിരി വരുന്നുണ്ടായിരുന്നു. മിനിറ്റുകൾക്കുള്ളിൽ കടയിലെത്തിയ ഉമ്മർ, ചുമലിൽ നിന്നും ഇരു കൈകളും കൊണ്ട് 'അമ്മിക്കുട്ടി' താഴെയിറക്കി വെക്കുമ്പോൾ, പിറകിലുണ്ടായിരുന്ന , യുവാവായ അസ്സുവിന്റെ നെഞ്ചത്തേക്ക് കുടയുടെ, സ്റ്റീൽ കൊണ്ടുള്ള കൂർത്ത പിൻഭാഗം കുത്തിപ്പോയി , "ആഹ് എന്ന ശബ്ദത്തോടെ അസ്സു ദേഷ്യത്തിൽ പിന്നോട്ട് നീങ്ങിയപ്പോൾ , തിരിഞ്ഞു നോക്കിയ ഉമ്മർ , സുമേശന്റെ പീടികയുടെ മേശപ്പുറത്തുണ്ടായിരുന്ന, അഴിച്ചുവെച്ച എന്തോ ഒരു സാധനത്തിന്റെ മോട്ടോർ കുടകൊണ്ടു തട്ടി, സുമേശന്റെ കാലിലേക്ക് കൃത്യമായി വീണു.
ഒരു നിമിഷം, വേദനകൊണ്ട് പുളഞ്ഞ സുമേശൻ , അൽപ്പം ദേഷ്യത്തോടെ ഉമ്മറിനെ നോക്കിയെങ്കിലും ഉമ്മറിന്റെ നിഷ്ക്കളങ്ക മുഖം കണ്ടപ്പോൾ എന്തെങ്കിലും തെറി പറയാൻ തോന്നിയില്ല..
പീടികയിൽ നിലത്തിരുത്തിയ അമ്മിക്കുട്ടിയെ, കൈചൂണ്ടി കാട്ടിക്കൊടുത്തുകൊണ്ട് ഒരൽപ്പം വിഷമത്തോടെ സുമേശനോട് ഉമ്മർ പറഞ്ഞു..
"സുമേശാ നീ ഇതൊന്ന് ശരിയാക്കിത്തരണം, കേടായിറ്റ് കൊറേ ദിവസായി... ഇപ്പം അമ്മീമ്മൽ അരക്കലൊന്നും നടക്കൂലാന്ന് അറിയാലാ,.. ഇതില്ലെങ്കിൽ പിന്നെ പൊരയിൽ രാവിലെ തിന്നാനൊന്നും കിട്ടൂലാന്ന്".
തന്റെ കാലിനിട്ട് നല്ല 'പണി' തന്ന, ഗ്രൈൻഡറിന് പകരം അതിന്റെ 'കുട്ടിയുമായി' വന്ന മണ്ടൻ ഉമ്മറിന് ചെറിയൊരു 'മറുപണി' കൊടുക്കാൻ, പൊതുവെ രസികനായ സുമേശൻ തീരുമാനിച്ചു ..
"അയിനെന്താ ഉമ്മർക്ക , ഞാനിതൊന്ന് നോക്കട്ടെ, കണ്ടീഷൻ എങ്ങനുണ്ടെന്ന്.. ഇപ്പം എങ്ങോട്ടാ ഉമ്മർക്ക പോകുന്നത് ?"
എനിക്കൊന്ന് ബാങ്കിൽ പോണം, പിന്നെ മാർക്കറ്റിൽ പോണം.. ഞാൻ മടങ്ങി വരുമ്പോളേക്ക് നീ ഇത് ശരിയാക്കി വെക്കൂലേ സുമേശാ .. ?
ങ്ഹാ ..അപ്പോളേക്കും ശരിയാക്കി വെക്കാം. നിങ്ങള് പോയി വാ"...സുമേശൻ വാക്ക് നൽകി.
സംതൃപ്തിയോടെ,ഉമ്മർ അടുത്ത ബസ്സിന് കേറി പോയി.. ഉമ്മർ പോയ ഉടനെ, പീടികയുടെ ഷട്ടറും താഴ്ത്തി, സുമേശൻ തന്റെ സുസുകി സ്‌കൂട്ടറിൽ ഉമ്മറിന്റെ വീട്ടിലെത്തി.
ഗ്രൈൻഡർ നന്നാക്കാൻ ഉമ്മർക്ക പറഞ്ഞിട്ട് വന്നതാണെന്ന് ഉമ്മുകുൽസുത്തയോട് പറഞ്ഞു, ഗ്രൈൻഡർ പരിശോധിച്ചു , അരമണിക്കൂറിനകം കേടുപാടുകൾ തീർത്തു തിരിച്ചു പോയി.
വൈകുന്നേരം കൃത്യമായി ഉമ്മർ സുമേശന്റെ പീടികയിലെത്തി ..
മുഖത്ത് ഭാവഭേദമൊന്നും വരുത്താതെ സീരിയസ് ആയി തന്നെ, ഉമ്മറിനോട് ‘അമ്മിക്കുട്ടി’ ശരിയാക്കിയിട്ടുണ്ടെന്നും , എടുത്തുകൊണ്ട് പൊയ്ക്കൊള്ളാനും പറഞ്ഞു, സുമേശൻ, ഇരുന്നൂറ് രൂപ റിപ്പയറിങ് ചാർജ്ജും ഈടാക്കി.
അമ്മിക്കുട്ടി ഇടത്തേ ചുമലിൽ വെച്ച് തല വലത്തോട്ട് ചെരിച്ചു നടന്നു, വീട്ടിലെത്തുമ്പോളേക്കും പള്ളിയിൽ നിന്നും മഗ്‌രിബ് ബാങ്ക് വിളിച്ചു കഴിഞ്ഞിരിക്കുന്നു. ഉമ്മുകുൽസു കുളിമുറിയിൽ.. നമസ്ക്കാരത്തിനുള്ള അംഗശുദ്ധി വരുത്തുന്ന സമയം, ഉമ്മുകുൽസു കാണാതെ, ഉമ്മർ ഗ്രൈൻഡർ പൊതിഞ്ഞ പ്രിന്റ്ലുങ്കി നീക്കി 'അമ്മിക്കുട്ടി' അതിലൊളിപ്പിച്ചു, ഒന്നും സംഭവിക്കാത്തത് പോലെ മഗ്‌രിബ് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയി.
പള്ളിയിൽ നിന്നും വന്ന ഉടനെ , സന്തോഷത്തോടെ , ഉമ്മുകുൽസുവിനെ വിളിച്ചു ഗ്രൈൻഡർ 'ഓൺ' ചെയ്തു നോക്കാൻ പറഞ്ഞു.
"ഓ, അതൊക്കെ രാവിലെ തന്നെ , ആ സുമേശൻ ചെക്കൻ വന്നു ശരിയാക്കിപ്പോയി, പക്ഷെ അതിന്റെ 'കുട്ടീനെ' കാണാനില്ലായിരുന്നു.. നിങ്ങളതെവിടെയെങ്കിലും മാറ്റി വെച്ചോന്നും ചോദിച്ചു, ഉമ്മുകുൽസു ഗ്രൈന്ഡർ ഓൺ ചെയ്യാൻ ലുങ്കി മാറ്റി നോക്കിയപ്പോൾ അമ്മിക്കുട്ടി ഗ്രൈൻഡറിനകത്ത് സ്വസ്ഥമായി ഉറങ്ങുന്നത് കണ്ടു, ഉമ്മുകുൽസു ഞെട്ടി..
താൻ രാവിലെ 'കുട്ടീനെയും' എടുത്തു കൊണ്ടുപോയി സുമേശന്റെ പീടികയിൽ നന്നാക്കാൻ കൊടുത്ത കാര്യം ഉമ്മർ ഉമ്മുകുൽസുവിനോട് പറഞ്ഞു..
"എന്റെ ഉമ്മർക്ക ഇങ്ങളിത്ര മണ്ടൂസായിപ്പോയല്ലാ, അമ്മിക്കുട്ടിക്ക് മിശീനുണ്ടാ നന്നാക്കാൻ, ഗൈന്ററിനല്ലേ മിശീനുള്ളത് .. നിങ്ങളോടാരാ പറഞ്ഞെ ഈ അമ്മിക്കുട്ടിയുമെടുത്ത് നന്നാക്കാൻ പോകാൻ. അമ്മിക്കുട്ടി ഈട കാണായിറ്റ് ആകെ ബെശമിച്ചിരിക്ക്യാരുന്നു ഞാൻ"..
അപ്പോളാണ് ഉമ്മറിന്റെ ബൾബ് കത്തിയത്..
"എടാ കള്ളാ.. സുമേശാ .. നിന്നെ ഇന്ന് ഞാൻ " എന്നും പറഞ്ഞു സുമേശന്റെ പീടികയിലേക്ക് തന്റെ വലിയ തലയും നീളമുള്ള ശരീരവുമുള്ള ടോർച്ചുമായി ഒരോട്ടമായിരുന്നു ഉമ്മർ ..
പീടിക പൂട്ടി , തന്റെ സുസുകി സ്‌കൂട്ടറിൽ സുമേശൻ പോകാൻ തുടങ്ങുകയായിരുന്നു അപ്പോൾ ..... വലിയ ടോർച്ചുമായി, ഉമ്മറിന്റെ വരവിന്റെ ഉദ്ദേശം മുൻകൂട്ടി കണ്ട സുമേശൻ സ്‌കൂട്ടർ ഉഷാറായി റേസ് ചെയ്ത് ഒറ്റപ്പോക്ക്..
"നിന്നെ ഞാൻ നാളെ കണ്ടോളാടാ രാഘൻവേട്ടന്റെ മോനേ .. " എന്ന് ഉമ്മർ ഉച്ചത്തിൽ വിളിച്ചു പറയുന്നത്ത് കേട്ട സുമേശൻ..
"ഉമ്മർക്കാ നാളെ ഞായറാഴ്ചയാണ് , ഞാൻ പീടിക തുറക്കൂല, മറ്റന്നാൾ കാണാം" എന്നും പറഞ്ഞു, സ്‌കൂട്ടറിന്റെ വേഗത കൂട്ടി ഓടിച്ചു പോയി.. ..
- മുഹമ്മദ് അലി മാങ്കടവ്
25/10/2019
ഉമ്മറിന്റെ അനുഭവങ്ങൾ - ഭാഗം അഞ്ച്
Copyright Protected

MUhammed Ali CH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo