ജല്ലിക്കെട്ട് കാണാൻ ബാംഗ്ലൂരിലെ 'മികച്ച' ഒരു തിയേറ്ററിൽ കയറി. ഏറ്റവും പുറകിലുള്ള സീറ്റാണ് ലഭിച്ചത്. നിറഞ്ഞ സദസ്. തിയേറ്റർ വൃത്തിയാക്കുന്ന പ്രായമുള്ള 2 സ്ത്രീകളും വാതിലിന് അരികിലായി ചിത്രം കാണാൻ ഇരിപ്പുണ്ട്.
തുടക്കത്തിൽ തന്നെ ജല്ലിക്കെട്ടെന്നു എഴുതി കാണിച്ചു. പെട്ടെന്ന് തന്നെ മറഞ്ഞു.
"ശ്ശെടാ.ക്യാമറ ഓപ്പണ് ആക്കാനുള്ള സമയം പോലും തന്നില്ലല്ലോ. സാധാരണ ഇവന്മാർ സംവിധായകന്റെ പേരൊക്കെ കഴിഞ്ഞാണല്ലോ സിനിമേടെ പേര് എഴുതി കാണിക്കാറ്. ഇനി ഞാനെങ്ങനെ സ്റ്റാറ്റസ് ഇടും"
"സരോല്ല ഡാ.. തൽക്കാലം വേറെ വല്ലോരും ഇട്ടത് വെച്ചു അഡ്ജസ്റ്റ് ചെയ്യാ "
സംവിധായകന്റെയും ക്യാമറമാന്റെയും മറ്റും പേര് എഴുതി കാണിച്ചപ്പോൾ സദസ്സിൽ വിസിലടിയും കാരഘോഷവുമായി ആക്രോശങ്ങൾ ഉയർന്നു.
കുറച്ച് കഴിഞ്ഞ് വീണ്ടും സിനിമയുടെ പേര് എഴുതി കാണിച്ചു.
"ഡാ.. ഡാ.. ഫോട്ടോ എടുക്ക്."
"ശ്ശോ.. പിന്നേം മിസ് ആയി"
ഈ വിധത്തിൽ പലരുടെയും സംഭാഷണങ്ങൾ അന്തരീക്ഷത്തിൽ നിറച്ച് ചിത്രം ആരംഭിച്ചു.
പോത്ത് ഓടി തുടങ്ങി. മികച്ച ശബ്ദ സംവിധാനവും അതിനെ ഒന്നു കൂടെ പൊലിപ്പിക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും.
എല്ലാവരുടെയും കണ്ണുകൾ സ്‌ക്രീനിലെ പോത്തിലേക്കും പോത്തിന് പുറകെ ഓടുന്ന ആൾക്കൂട്ടത്തിലേക്കും.
എല്ലാവരുടെയും കണ്ണുകൾ സ്‌ക്രീനിലെ പോത്തിലേക്കും പോത്തിന് പുറകെ ഓടുന്ന ആൾക്കൂട്ടത്തിലേക്കും.
പെട്ടെന്ന് "അയ്യോ" എന്നൊരു ശബ്ദം ഉയർന്നു.
"ഈ തിയേറ്ററിൽ സൗണ്ട് ഒക്കെ അടിപൊളിയ ല്ലേ. നല്ല 3D എഫക്ട് "
"ഡാ മണ്ടാ, അത് 3D എഫക്ട് ഒന്നുമല്ല. മുന്നിലിരുന്ന ആരോ പേടിച്ച് വിളിച്ചതാണ്. ദേ കണ്ടില്ലേ അവിടെ ഒരു പെണ്ണ് എഴുന്നേറ്റ് നില്കുന്നത് "
"അവൾ പുറകോട്ടണല്ലോ നോക്കുന്നത്. പുറകിലിരിക്കുന്ന ഏതെങ്കിലുമൊരുവൻ ആ കൊച്ചിനെ തോണ്ടിക്കാണും. നീ വന്നേ"
അപ്പോഴേക്കും ആ കുട്ടിക്ക് ചുറ്റും ഒരാൾക്കൂട്ടം സൃഷ്ടിക്കപ്പെട്ടു. ഒരാൾക്കൂട്ടം സൃഷ്ടിക്കപ്പെട്ടാൽ അതിനു നടുവിൽ സംഭവിക്കുന്നത് എന്തെന്നറിയാൻ മനസിന് വല്ലാത്തൊരു വ്യഗ്രത ആണ്. ഞാനും ആ ആൾക്കൂട്ടത്തിൽ ചേർന്നു. പെണ്കുട്ടി തന്റെ കാൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരാൾ പുറകിൽ ഇരുന്ന ഒരു പയ്യനെ കയ്യേറ്റം ചെയ്യാൻ നോക്കുന്നുണ്ട്. സംഭവത്തിന് മാറ്റ് കൂട്ടാൻ സിനിമയിൽ നിന്നുള്ള തെറി വിളികളും പശ്ചാത്തലത്തിൽ ഉണ്ടായിരുന്നു.
പെട്ടെന്ന് പുറകിൽ നിന്നും വീണ്ടും ഒരു അയ്യോ വിളി. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. ഇത്തവണ ഒരു പുരുഷനാണ്. ആൾക്കൂട്ടം അങ്ങോട്ട് ഓടി.
"അയ്യോ പൂച്ച"
അയാൾ പൂച്ചയെ ചൂണ്ടി വീണ്ടും അലറി. ഓടി വന്ന ആൾക്കൂട്ടത്തിന് ഇടയിലൂടെ പൂച്ച ഓടി. പൂച്ചയ്ക്ക് പിറകെ ആൾക്കൂട്ടം. എങ്ങും ഇരുട്ടായതിനാൽ പുറത്തേക്കുള്ള വഴി കാണാതെ പൂച്ച ഓടുകയാണ്. പല സ്ഥലങ്ങളിൽ നിന്നും അയ്യോ വിളി ഉയരുന്നു. ആൾക്കൂട്ടം പുറകെ ഓടുന്നു.
പെട്ടെന്ന് വാതിലിന് അരികിൽ ഇരുന്ന സ്ത്രീ തിയേറ്ററിന്റെ വാതിൽ തുറന്നു. പൂച്ച അവർക്ക് അരികിലേക്ക് ഓടി അവരുടെ കാലിൽ മുട്ടിയുരുമ്മി നിന്നു. ഓടിയടുത്ത ആൾക്കൂട്ടത്തിന് നേരെ അവർ എന്തോ പറഞ്ഞു. അന്തരീക്ഷത്തിൽ പലവിധ ബഹളങ്ങൾ നിറഞ്ഞതിനാൽ അവർ പറഞ്ഞത് എന്തെന്ന് മനസിലായില്ല. ഒരു നിരാശയോടെ ആൾക്കൂട്ടം അവരവരുടെ സീറ്റുകളിലേക്ക് മടങ്ങി. വീണ്ടുമവർ പോത്തിന് പിറകെ ആക്രോശത്തോടെ ഓടാൻ തുടങ്ങി !
(NB: തിയേറ്ററിൽ ഒരു പൂച്ച റോന്തു ചുറ്റിയിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം തികച്ചും സാങ്കല്പികം മാത്രമാണെന്ന് അറിയിച്ച് കൊള്ളുന്നു😄)
By rahulRaj
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക