Slider

മറക്കാൻ കഴിയാത്തത്‌

0
"ദേവി നീ അറിഞ്ഞില്ലേ മനു നാട്ടിൽ വന്നല്ലോ? "
മെഷിനിൽ ഒരു ഫ്രോക് തയ്‌ക്കുകയായിരുന്ന ദേവി അമ്പരപ്പോടെ പ്രിയയെ നോക്കി .
"ങേ ?"
"അതേ ഞാൻ ഇപ്പൊ കണ്ടു. അമ്പലത്തിൽ പോയിട്ടു അമ്മയും മോനും കൂടി വരുന്നു. എന്നെ കണ്ടിട്ട് ഒരു ചമ്മൽ ...പിശുക്കി ഒന്ന് ചിരിച്ചു .."
ദേവിയുടെ ചലനങ്ങൾ സാവധാനത്തിലായി അവളുടെ ഉള്ളിൽ എന്തോ ഒരു ഭീതി നിറഞ്ഞു .അല്ലെങ്കിലും ദുബായിൽ പോയപ്പോളുള്ള മനുവിൽ നിന്ന് കുറെ മാറിയിട്ടുണ്ട് ഇപ്പൊ അവൻ .കുറച്ചു നാളായി .ഫോൺ വിളികളൊക്കെ കുറഞ്ഞു .അങ്ങോട്ട് വിളിച്ചാലും നല്ല ബിസി ആണെന്ന് പറഞ്ഞു ഫോൺ വെയ്ക്കാറാണ് പതിവ് ...പക്ഷെ ഉള്ളിൽ ഒരു ഉറപ്പുണ്ട് . തന്റേതെന്ന് ചിന്തിച്ചുറപ്പിച്ച ഒരു ബന്ധം . .നാട്ടുകാർക്കും വീട്ടുകാർക്കും അറിയാവുന്ന ഒരു ബന്ധം. .താലി കിട്ടിയിട്ടില്ല എന്നേയുള്ളു .മനു ദേവിയുടേതാണ് എന്ന് ഈ പ്രപഞ്ചത്തിനറിയാം അത് കൊണ്ട് തന്നെ സംശയങ്ങളോ ആപൽശങ്കകളോ ഇല്ല .ദുബായിൽ പോകും മുന്നേ മോതിരംമാറ്റം നടത്തണം എന്ന് അച്ഛൻ വാശി പിടിച്ചപ്പോൾ മനസ്സിന്റെ ഉറപ്പല്ലേ അച്ഛാ വലുത് എന്ന് തർക്കിച്ചവളാണ് താൻ .അതെ മനസ്സിന്റെ ഉറപ്പാണ് വലുത് .അത് ഒരു വിശ്വാസം ആണ് തന്റെ പുരുഷൻ തന്റെ ആയിരിക്കും എന്ന ഒരു വിശ്വാസം ...
"ദേവി "
ദേവി വല്ലായ്മയോടെ അവളെ ഒന്ന് നോക്കി .പ്രിയയാണ് ഏറ്റവും അടുത്ത കൂട്ടുകാരി .അല്ല കൂടപ്പിറപ്പില്ലാത്ത ,അമ്മയില്ലാത്ത തനിക്കു കൂടപ്പിറപ്പും ചിലപ്പോൾ ഒക്കെ അമ്മയും ആകുന്നവൾ ..മനുവിന്റെ അയല്പക്കമാണവൾ .
"വേറെയും ഒരു വാർത്ത കേട്ട് മോളെ "
ദേവി ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി
"മനുവിന്റെ കല്യാണം ഏതാണ്ട് ഉറച്ച മട്ട..കഴിഞ്ഞ ദിവസങ്ങളിലൊക്കെ അവിടെ എപ്പോളും ആൾക്കാർ വന്നു പോകുന്നുണ്ടായിരുന്നു ..എന്നോട് ആരും വിട്ടു പറഞ്ഞില്ല . പക്ഷെ അപ്പുറത്തെ ആലിസ് സൂചിപ്പിച്ചത് ആണ് എറണാകുളത്തുള്ള ഒരു പെണ്കുട്ടിയാ..എഞ്ചിനീയർ ആണത്രേ ..മനുവും എഞ്ചിനീയർ ആണല്ലോ എന്നൊക്കെ അവന്റെ 'അമ്മ പറഞ്ഞെന്നു"
"മനു സമ്മതിക്കില്ല പ്രിയാ എനിക്ക് മനുവിനെ അറിയാം ഇന്നും ഇന്നലെയും കാണുന്നതാണോ ?സ്കൂൾകാലം തൊട്ട് ..നിനക്കും അറിയില്ലേ പ്രിയേ നമ്മുടെ മനു അല്ലെ ?അവനു അങ്ങനെ മാറാൻ പറ്റുമോ ?മറക്കാൻ പറ്റുമോ ?മറക്കാനാണെങ്കിൽ എന്തെല്ലാം മറക്കണം പ്രിയാ ?'
പ്രിയ എന്ത് പറയണം എന്നറിയാതെ നിന്നു
എല്ലാം ഒരു വിശ്വാസമാണ് .
മറക്കില്ല എന്നത്
,സ്നേഹത്തിന്റെ കൽക്കണ്ട മധുരങ്ങൾ നെഞ്ചിൽ നിന്നു അലിഞ്ഞു തീരില്ല എന്നത്.
ഒരു ആയുസ്സ് മുഴുവനും ഒപ്പമുണ്ടാകും എന്ന് വാക്ക് പറഞ്ഞത് .
ഒന്നിച്ചു മഴ നനഞ്ഞ സന്ധ്യയിൽ ചുണ്ടിൽ പകർന്ന തേനുമ്മകളുടെ ചൂട് മായില്ല എന്നത് .
നീയില്ലാത്ത പകലുകളും രാത്രികളും പൊള്ളുന്നുണ്ട് എനിക്ക് എന്ന് കരഞ്ഞത്
എല്ലാം വിശ്വാസമാണ്
തന്റെ ആൾ തന്റെ മാത്രം ആയിരിക്കും എന്ന വിശ്വാസം .
"നീ മനുവിനോട് സംസാരിക്കണം ..കാത്തിരിപ്പു തുടങ്ങിയിട്ട് വർഷങ്ങൾ കുറെ ആയില്ലേ ?"
ദേവി ഇല്ല എന്ന് തലയാട്ടി
"മനു എന്നോട് പറയട്ടെ ...അതല്ലേ ശരി ?"
"ഒന്നും പറയാതെ മനു ആ പെൺകുട്ടിയെ കല്യാണം കഴിച്ചു പോയാലോ ഇവിടെ നിന്നു ?"
"പോകട്ടെ .എങ്ങനെ തടഞ്ഞു നിർത്താനാകും ?പുരുഷനെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ പറ്റും എന്ന വിശ്വാസം കൊണ്ട് ജീവിക്കുന്നവരല്ലേ പ്രിയ സ്ത്രീകൾ ?അത് തെറ്റാണു പ്രിയ ...പല പുരുഷന്മാർക്കും അഭിനയം ആണിഷ്ടം..അവനോടു കൊഞ്ചുമ്പോ ...തേൻ പുരട്ടിയ വാക്കുകൾ പറയുമ്പോൾ ..അവൻ അതാണ് സത്യമെന്ന ഓർക്കുന്നെ ...അവനൊപ്പം ഈ നാളുകളിൽ ഒപ്പം ഉണ്ടായിരുന്നവളെ,മനസ്സിൽ അവൻ മറന്നു പോകും ..അവന്റെ കണ്ണീർ തുടച്ചവളെ ..അവനെ ചേർത്ത് പിടിച്ചവളെ ..അവനായി നോമ്പ് നോറ്റവളെ കണ്ടില്ലന്നു നടിക്കും ..അങ്ങനെ ആണ് മനു എന്ന് വിശ്വസിക്കാൻ എനിക്കിഷ്ടമല്ല പ്രിയ ..മനു വരട്ടെ ...ഇല്ലെങ്കിൽ മനു പോകട്ടെ .."
"പോയാൽ നീ അതെങ്ങനെ ..?"പ്രിയയുടെ കണ്ണ് നിറഞ്ഞു
'കണ്മുന്നിൽ 'അമ്മ മരിച്ചതിലും വലിയ ദുഖമൊന്നും ഈ ജീവിതത്തിൽ ഇനി വരാനില്ല ...അല്ലെങ്കിൽ മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇനി ഏതു ദുഖമുണ്ടായാലും ..അത് മനു പിരിഞ്ഞു പോയാൽ കൂടി ഞാൻ ജീവിക്കും ..കാരണം എനിക്ക് ഒരു പാവം അച്ഛനുണ്ട് "
പ്രിയ അവളെ കെട്ടിപ്പുണർന്നു ..
പ്രിയയോട് അങ്ങനെ ഒക്കെപറഞ്ഞെങ്കിലും അവൾ പോയി കഴിഞ്ഞപ്പോൾ നെഞ്ചു പൊട്ടിയിട്ടെന്നവണ്ണം ദേവി ആർത്തലച്ചു കരഞ്ഞു .....ഓർമകളിൽ എത്ര കാഴ്ചകളാണ് ..അവന്റെ വിരൽത്തുമ്പു പിടിച്ച്‌ സ്കൂളിൽ പോയത്
പങ്കിട്ടെടുത്ത പൊതിച്ചോറുകളുടെ രുചി .ഒന്നിച്ചു നടന്ന ഇടനാഴികളും ഇടവഴികളും ...കൈമാറിയ ചുംബനങ്ങളുടെ ..കളിചിരികളുടെ കണ്ണീർ കാഴ്ചകൾ ..മനുവിനാകുമോ തന്നെ വിട്ടിട്ട് ?അവൾ തളർന്നു പോയിരുന്നു
"ദേവി എന്റെ ഇഷ്ടമല്ല ..വീട്ടിൽ എല്ലാര്ക്കും ..അറിയാല്ലോ അനിയത്തിമാരുടെ കല്യാണം നടക്കാനുണ്ട് ..വീട്ടിലെ സ്ഥിതിയൊക്കെ അറിയാല്ലോ ..ഇത് നല്ല ഒരു ...സാമ്പത്തികമായിട്ട് ..നല്ലചുറ്റുപാട് ഒക്കെ ഉള്ള ബന്ധം ആണ് ..പിന്നെ ..എനിക്കിതെ ഉപേക്ഷിക്കാനുള്ളു ദേവി അവർക്കു വേണ്ടി ..നീ എന്നെ ശപിക്കരുത് "
മനുവിന്റെ മുഖം വിളറി വെളുത്തിരുന്നു ..ആത്മസംഘർഷം ഉള്ളിലുണ്ട് എന്ന് ആ കണ്ണുകൾ പറഞ്ഞു ..ഉപേക്ഷിക്കുന്നത് പ്രാണനായി സ്നേഹിച്ച പെണ്ണിനെയാണ് ..എത്ര ക്രൂരനും ഒന്നും തളരുന്ന നിമിഷമാണ് അത്
"സാരോല്ല മനു നേരിട്ട് എന്നോട് പറഞ്ഞല്ലോ ..പരാതി ഒന്നുമില്ല ട്ടോ ...ഞാൻ വരും ...ശപിക്കാനല്ല പ്രാർത്ഥിക്കാൻ ..പോട്ടെ "
ദേവി നടന്നു പോകുന്നതു കണ്ണീരിന്റെ കനത്ത മറയിൽ അവൻ നോക്കി നിന്നു
ആഡിറ്റോറിയം നിറഞ്ഞ ജനത്തിന്റെ ഇടയിൽ പ്രിയയുടെ കയ്യും പിടിച്ചു അവൾ നിന്നു
അച്ഛൻ ദൂരെ നിന്നു അവളെ നോക്കുന്നുണ്ടായിരുന്നു .അയാളുടെ കണ്ണിൽ ആധിയുണ്ടായിരുന്നു ..ഇതറിഞ്ഞതിൽ പിന്നെ അവളെ വിട്ടു മാറിയിട്ടില്ല അയാൾ ..
"വധുവിന്റെ വീട്ടുകാരെത്തിയില്ലല്ലോ " ആരോ പറയുന്നു
ആരൊക്കെയോ അങ്ങുമിങ്ങും ധൃതിയിൽ ഓടുന്നു ...മുഹൂർത്തം കഴിയാറായി ..അവൾ വാച്ചിൽ നോക്കി .മണ്ഡപത്തിൽ മനു വിയർക്കുന്ന കാണാം ..
"അറിഞ്ഞോ പെണ്ണിന്റെ അച്ഛനെ പോലീസ് അറസ്റ്റു ചെയ്തു ..കൊലപാതകം ...നല്ല ഉഗ്രൻ ഫാമിലി ..ഇവർക്ക് അങ്ങനെ തന്നെ വേണം. ഇവളെ പോലെ ഒരു പെണ്ണിനെ ഉപേക്ഷിച്ചതിന് ദൈവം കൊടുത്തതാ ...കഷ്ടം "
നാട്ടുകാരിലൊരാൾ പ്രിയയോട് പറയുന്നത് കേട്ട് ദേവി ഞെട്ടലോടെ നോക്കി
"നമുക്ക് പോവാം "പ്രിയ ചിരിയോടെ ദേവിയെ നോക്കി
"എന്റെ മനസ്സിപ്പോളാണ് തണുത്തത്"പ്രിയ വീണ്ടും ചിരിച്ചു
ദേവിയുടെ കണ്ണ് നിറഞ്ഞൊഴുകി. അവൾക്ക് വേദന ആയിരുന്നു.
"മോളെ ...'മനുവിന്റെ 'അമ്മ
ഈ കല്യാണം മുടങ്ങിയാൽ ഇനി അവനൊരിക്കലും ....അത്രയ്ക്ക് ഞങ്ങൾ വാശി പിടിച്ചിട്ടാ .സമ്മതിച്ചത്. .അവൻ പോയാൽ ഇനി ചിലപ്പോൾ വരികയുമില്ല ...നീ ഒന്ന് മനസ്സ് വെച്ചാൽ "
"ഇല്ല അവൾ സമ്മതിക്കില്ല ..നിങ്ങളുടെ മകന് എന്ത് സംഭവിച്ചാൽ എന്താ ?"
പ്രിയ ചീറി
അകലെ മനുവിന്റെ അച്ഛൻ തന്റെ അച്ഛനോട് കെഞ്ചുന്നു..അവൾക്കത് ശരീരഭാഷയിൽ നിന്ന് മനസിലായി. അച്ഛൻ ദേവിയെ ഒന്ന് നോക്കി ...ആൾക്കാർ ഓഡിറ്റോറിയത്തിൽ നിന്നു ഇറങ്ങിതുടങ്ങിയിരുന്നു
"അമ്മേ അച്ഛൻ ചെയ്ത തെറ്റിന് ആ മകൾ എന്ത് പിഴച്ചു?
മറ്റൊരു മുഹൂർത്തത്തിൽ ആ പെൺകുട്ടി തന്നെ അമ്മയുടെ മകന്റെ വധു ആകട്ടെ അതല്ലേ ശരി? "
"മോളെ അവൻ ഇനി സമ്മതിക്കില്ല മോളെ ഇത് തന്നെ ഞങ്ങൾ... "
"അത് എന്റെ തെറ്റ് അല്ല. എന്റെ മനസ്സിൽ ഇപ്പൊ മനു മറ്റൊരാളായി വിവാഹം നിശ്ചയിച്ച ഒരു പുരുഷൻ മാത്രം..വെറും അന്യൻ. ഞാൻ പോകട്ടെ.. "
അവൾ അച്ഛനെയും പ്രിയയെം കൂട്ടി ഇറങ്ങി നടന്നു.
ഒരിക്കൽ ഉപേക്ഷിച്ചു കളഞ്ഞാൽ പിന്നെ തിരിഞ്ഞു നടന്നേക്കരുത്. അതാരുടെ ജീവിതത്തിലേക്കായാലും..

By Ammu santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo