അധ്യായം-50
വീശിയടിച്ച അതിശക്തമായ കാറ്റില്‍ വലിയേടത്ത് മന പ്രകമ്പനം കൊണ്ടു
മന്ത്രവാള കളത്തിലെ നിറങ്ങള്‍ കാറ്റിനൊപ്പം ധൂളികളായി പറന്നു പൊങ്ങി.
' അടങ്ങ്.. ഇല്ലെങ്കില്‍ തച്ചു കൊല്ലും നിന്നെ'
കാറ്റില്‍ പറന്നു പോകാതെ ശക്തിയാര്‍ജ്ജിക്കാന്‍ ശ്രമപ്പെട്ട് വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി മാന്ത്രികവടി അന്തരീക്ഷത്തിലേക്ക് വീശി.
' അടങ്ങാന്‍'
കിഴക്കേടത്ത് ഭട്ടതിരിയും അലറി
ശക്തമായ ഒരു ചുഴലിയായിരുന്നു മറുപടി.
അതിന്റെ ആഘാതത്തില്‍ വലിയേടത്തും കിഴക്കേടത്തും പിന്നോട്ട് വേച്ചു പോയി.
നിലത്ത് അമര്‍ന്നിരുന്ന് ഹോമകുണ്ഡത്തിലെ അഗ്നി അണയാതെ കൈപ്പടം കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു ദേവദത്തനും വ്യാസും.
അണയാന്‍ പാടില്ല.
കര്‍മ്മം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യട്ടെ
പക്ഷെ യഥാവിധി പ്രകാരമല്ലാതെ അഗ്നി കെട്ടു പോകരുത്.
മന്ത്രങ്ങള്‍ ഒന്നിനൊന്നായി ചൊല്ലി
എന്നിട്ടും് അവളുടെ ശക്തി തടുക്കാനാവുന്നില്ല.
' നിന്റെ അഹന്തയ്ക്ക് ഫലം നാശം.. സര്‍വനാശം'
വലിയേടത്ത് കോപാക്രാന്തനായി അലറി വിളിച്ചു.
മഹേഷിന്റെ കഴുത്തില്‍ നിന്നും ഇടം കൈയ്യെടുക്കാതെ തന്നെ ധ്വനി അന്തരീക്ഷത്തിലൂടെ ഒഴുകി ചെന്ന് വലിയേടത്തിന്റെ മുന്നില്‍ നിന്നു.
മഹേഷ് ബാലന്റെ കഴുത്തില്‍ മുറുകിയ കൈ കുരുക്ക് തെല്ലയഞ്ഞു.
ശ്വാസമെടുക്കാന്‍ കഴിഞ്ഞതോടെ ഇക്കിള്‍ പോലെയൊരു ശബ്ദം അവനില്‍ നിന്നുണ്ടായി.
' മഹിയേട്ടാ' എന്ന അലര്‍ച്ചയോടെ ദുര്‍ഗ അവന്റെ അരികിലേക്ക് കുതിച്ചു ചെന്നു.
നിലത്തേക്ക് വീഴാന്‍ തുടങ്ങിയ അവനെ അവള്‍ താങ്ങി .
ചുറ്റുവരാന്തയുടെ ഉരുളന്‍ തൂണിലൊന്നില്‍ അവനെ ചാരി നിര്‍ത്തി ആ നെഞ്ചിലേക്ക് വീണ് ദുര്‍ഗ ഉറക്കെ നിലവിളിച്ചു.
മഹേഷ് ബാലന്‍ നിന്നു കിതച്ചു.
കണ്ണു തുറക്കാനോ ധ്വനിയുടെ പിടിയില്‍ നിന്നും മുക്തനാകാനോ അവന് കഴിഞ്ഞില്ല.
എന്നിട്ടും നെഞ്ചില്‍ പടരുന്ന ദുര്‍ഗയുടെ കണ്ണു നീരിന്റെ ചൂട് അവനറിഞ്ഞു.
' മഹിയേട്ടാ.. എന്റെ പൊന്നേ'
ദുര്‍ഗ അലറിയലറി കരഞ്ഞു.
അവളുടെ നേരെ കുതിച്ചു ചെല്ലാനാഞ്ഞ പെണ്‍കുട്ടികള്‍ക്കും രവിമേനോനും ഊര്‍മിളയ്ക്കും അതിന് കഴിഞ്ഞില്ല.
അദൃശ്യമായ ഏതോ കരിങ്കല്‍ ഭിത്തിയില്‍ തട്ടിയെന്നോണംഅ്‌വര്‍ പിറകിലേക്ക് തെറിച്ചു.
ധ്വനിയുടെ കൈ ദൂരത്തിനൊപ്പം നീണ്ടു.
' മാന്ത്രികന്‍.. മഹാ മാന്ത്രികന്‍.. വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി.. കൂടെ.. കിഴക്കേടത്ത് കുഞ്ഞുകുട്ടന്‍.. എന്നിട്ടെന്തേ എന്നെ തളച്ചില്ലാ..'
അലറുകയായിരുന്നു ധ്വനി
' കണ്ടോ .. നോക്കെന്നെ.. എന്റെ ആത്മാവിനെ പോലും വെറുതെ വിടാതെ പൊള്ളിച്ചില്ലേ നിങ്ങള്‍'
വെന്തു പോയ വികൃതമായ ശരീരവുമായി ധ്വനി അട്ടഹസിച്ചു
ആ കാഴ്ച കാണാന്‍ കരുത്തില്ലാതെ ദേവദത്തന്‍ മുഖംതിരിച്ചു കളഞ്ഞു
.' കണ്ടോ... കുളത്തിലെ വെള്ളത്തില്‍ തീപടര്‍ത്തി എന്നെ പൊള്ളിച്ചെടുത്ത രൂപം..'
മാംസമടര്‍ന്ന മുഖവുമായി ധ്വനി പൊട്ടിച്ചിരിച്ചു.
അവള്‍ പെട്ടന്ന് പഴയ രൂപത്തിലേക്ക് വഴിമാറി.
അപ്പോള്‍ ആ മുഖത്ത് കരച്ചിലായിരുന്നു.
' എന്റെ പ്രതികാരം തീര്‍ത്ത് ഈ ലോകം വിട്ടു പോകാനിരുന്നവളാ ഞാന്‍.. എന്നിട്ടും വിടാതെ പിടിച്ചു വെച്ച് സ്‌നേഹം കാട്ടി കൊതിപ്പിച്ച് എന്നെ കീഴടക്കുകയായിരുന്നു നിങ്ങളുടെ മരുമകള്‍'
ധ്വനി വലിയേടത്തിന്റെ നേരെ വലം കൈചൂണ്ടി..
' എന്റെ മഹിയേട്ടനെ അവള്‍ക്ക് കൊടുത്തിട്ട് പോകാന്‍ തയാറായിരുന്നു ഞാന്‍.. പക്ഷേ ദുര്‍ഗ.. അവളെന്നെ തടഞ്ഞു.. മഹിയേട്ടനെ അവള്‍ക്ക് കൊടുത്തിട്ട് ഈ ലോകത്ത് തുടരാന്‍ എനിക്കാവില്ലാ..'
ധ്വനി ഒരു സാധാരണ പെണ്‍കുട്ടിയേ പോലെ തേങ്ങിത്തേങ്ങി കരഞ്ഞു.
' അതു കൊണ്ട് എന്നെ തളയ്ക്കാന്‍ നോക്കരുത്.. എനിക്ക് മോക്ഷം വേണം.. ദുര്‍ഗയുടെ കൈത്തണ്ടയിലെ ചരടില്‍ ചേര്‍ത്തു കെട്ടിയിരിക്കുകയാ എന്നെ .. അതഴിച്ചു മാറ്റാന്‍ ഞാനവളെ അനുവദിക്കാം..അഴിച്ചേ പറ്റൂ..എനിക്കു പോകണം.. മരിച്ചവരുടെ ലോകത്തേക്ക്.. എന്നെ തളച്ച് ഭൂമിയിലും പരബ്രഹ്മത്തിലുമല്ലാതെ നരകിപ്പിച്ചു നിര്‍ത്താന്‍ ഞാന്‍ സമ്മതിക്കില്ലാ..'
' തരാം'
ചീറിയടിച്ച കാറ്റിനെ എതിര്‍ത്തു നില്‍ക്കുന്നതില്‍ വിജയിച്ച് വലിയേടത്ത് വിളിച്ചു കൂവി.
' മോക്ഷം തരാം നിനക്ക്.. സര്‍വപാപങ്ങളും പൊറുത്ത് ഏറ്റവും നല്ല പരലോകവും പുനര്‍ജന്മവും നിനക്കു കൈവരാനുള്ള ക്രിയകളും ചെയ്യാം ഞാന്‍..'
വലിയേടത്തിന്റെ വാക്കുകള്‍ മഹേഷ്ബാലന്റെ നെഞ്ചില്‍ തലവെച്ചു നിന്ന ദുര്‍ഗയെ പ്രകമ്പനം കൊള്ളിച്ചു.
നടുക്കത്തോടെ അവള്‍ നിന്നു
' പോകാന്‍ തയാറാണോ നീ'
വലിയേടത്ത് വിളിച്ചലറി
' പറ.. തയാറാണോ'
' പോകാം..' ധ്വനിയുടെ ശബ്ദം കൂര്‍ത്തു.
' ഞാന്‍ പോകാം .. പക്ഷെ എന്റെ മഹിയേട്ടനെ എനിക്കു വേണം.. കൊണ്ടു പോകും ഞാന്‍.. '
ധ്വനി ആര്‍ത്തട്ടഹസിച്ചു.
ആകാശത്തൊരു വെള്ളിടി മുഴങ്ങി.
മഹേഷ് ബാലന്റെ നെഞ്ചില്‍ നിന്നും ദുര്‍ഗ പ്രജ്ഞയറ്റ് നിലംപതിച്ചു
വലിയേടത്ത് ആ കാഴ്ചയിലേക്കൊന്നു നോക്കി.
' തങ്കം എന്റെ മോളേ..'
ഹോമകുണ്ഡത്തിലെ അഗ്നി നാളങ്ങളെ മറന്ന് ദേവദത്തന്‍ അവള്‍ക്കു നേരെ കുതിച്ചു.
കഴിഞ്ഞില്ല.
അയാള്‍ പിന്നാക്കം നിരങ്ങി നീങ്ങി ഇരുന്നിടത്തു തന്നെ ചെന്നു വീണു.
' എഴുന്നേല്‍ക്കരുത്.. മായയാണ്.. അവളുടെ മായ.. അഗ്നിപ്രീതി നേടു.. അത് കെടുത്തരുത്'
വലിയേടത്ത് ദേവദത്തനെ നോക്കി ഉറക്കെ പറഞ്ഞു.
ദേവദത്തന്‍ അതനുസരിച്ചു.
ദുര്‍ഗയുടെ കിടപ്പ് ഹൃദയം പിളര്‍ത്തിയെങ്കിലും വിറയ്ക്കുന്ന കൈപ്പടകള്‍ നീട്ടി ഉലയുന്ന തീനാളങ്ങള്‍ക്ക് മറ തീര്‍ക്കാന്‍ ശ്രമിച്ചു
' തോല്‍വി സമ്മതിക്കാന്‍ വയ്യ അല്ലേ'
ധ്വനി പൊട്ടിച്ചിരിച്ചു
' വലിയേടവും കിഴക്കേടവും തോറ്റു.. ധ്വനി ജയിച്ചു.. അല്ല അവളുടെ പ്രണയം.. '
ധ്വനിയുടെ കണ്ണില്‍ നിന്നും രക്തം കുതിച്ചു ചാടി.
മഹേഷ്ബാലന്റെ കഴുത്തില്‍ വീണ്ടും അവളുടെ കൈ മുറുകിത്തുടങ്ങി.
' ദുഷ്ട പിശാചേ'
ശക്തി സംഭരിച്ച് വലിയേടത്ത് വീണ്ടും മാന്ത്രികവടി അവള്‍ക്കു നേരെ നീട്ടി.
അന്തരീക്ഷത്തില്‍ നിന്നൊരു തീജ്വാല പറന്നു വന്ന് വലിയേടത്തിന്റെ കൈപൊള്ളിച്ചു
'ഹൗ..' വലിയേടത്ത് പിടഞ്ഞു പോയി
ആ നിമിഷം മാന്ത്രികവടി ദൂരേക്ക് തെറിച്ചു പോയി.
' നിന്നെ നശിപ്പിക്കാന്‍ ഞാന്‍ മതി.. ഞാന്‍ മാത്രം.'
കിഴക്കേടത്ത് മുന്നോട്ട് വന്നു
അയാളുടെ മുഖം അഗ്നിപോലെ ചുട്ടപഴുത്തിരുന്നു.
്അടുത്ത നിമിഷം ഒരു മിന്നല്‍ പുളഞ്ഞു വന്ന് അയാളുടെ മാന്ത്രിക വടിയില്‍ തൊട്ടു
അതൊരിത്തിരി ചാരമായി താഴേക്ക് പറന്നു വീഴുന്നത് അവിശ്വസനീയതയോടെ കിഴക്കേടത്ത് കണ്ടു
ശക്തയാണവള്‍..അതിശക്ത..
ആവാഹനമന്ത്രങ്ങളെ അതിജീവിക്കും. അവളുടെ ശക്തി ദുര്‍ഗയുടെ കൈത്തണ്ടയിലെ ചരടിലാണ്.
അതഴിച്ചു മാറ്റാതെ അവള്‍ക്ക് പോകാനാവില്ല.
മഹേഷ് ബാലനെയും കൊണ്ട് സ്വസ്ഥതയോടെ ഈ ലോകം വിട്ടു പോകാനാണവള്‍ മോഹിക്കുന്നത്.
അതിനവള്‍ക്ക് തങ്ങളുടെ സഹായം വേണം.
അവളുടെ മായാ വിലാസങ്ങള്‍ക്കും ശക്തിയ്ക്കും ആ ചരടില്‍ തൊടാന്‍ കഴിയില്ല. ്
ആ ചരട് ദുര്‍ഗ അഴിക്കില്ല.
അതഴിയാതെ ധ്വനി മഹേഷിനെ കൊല്ലാനിടയില്ല.
കാരണം മഹി ഈ ലോകം വിട്ടു പോയാലും ദുര്‍ഗയില്‍ അവള്‍ ബന്ധിതയായിരിക്കും.
കിഴക്കേടത്ത് അതു ചിന്തിച്ചപ്പോഴേക്കും വേദവ്യാസ് ചാടിയെഴുന്നേറ്റു.
' ദേവീ.. മഹാമായേ.. ദുര്‍ഗാ ഭഗവതീ'
പിന്നെയൊരു കുതിപ്പായിരുന്നു.
ദുര്‍ഗയ്ക്ക് നേരെ.
ശ്വാസം മുട്ടി കിതയ്ക്കുന്ന അര്‍ധ ബോധാവസ്ഥയിലെന്ന പോലെ തൂണിലേക്ക് ശിരസര്‍പ്പിച്ച് മയങ്ങ് നില്‍ക്കുന്ന മഹേഷിനെ അവഗണിച്ച് അവന്‍ ദുര്‍ഗയെ ഇരു കൈകളിലും വാരിയെടുത്തു
അപ്പോഴും മോഹാലാസ്യത്തില്‍ നിന്നുണര്‍ന്നിരുന്നില്ല ദുര്‍ഗ.
ധ്വനി അവനെ നോക്കി ആര്‍ത്തഹസിച്ചു.
അവര്‍ക്കു ചുറ്റും വട്ടത്തില്‍ ഒരു അഗ്നിവളയം രൂപപ്പെട്ടു.
അത് വേദവ്യാസിനെ പൊള്ളിച്ചു
ഒരടി മുന്നോട്ട് വെക്കാന്‍ കഴിയുന്നില്ല.
'ധ്വനീ' വേദവ്യാസ് ഉറക്കെ അലറി.
' നിന്നെ തളയ്ക്കാന്‍ ഈ ചരട് മതി.. കഴിഞ്ഞു നിന്റെ മായ'
ആ വാക്കുകളുടെ ശക്തിയില്‍ ധ്വനി ഒന്നുലഞ്ഞെന്ന് നോക്കി
അട്ടഹാസം നിലച്ചു
പരിപൂര്‍ണ നിശബ്ദത
വലിയേടത്ത് പത്മനാഭന്‍ ഭട്ടതിരി വലം കൈ അന്തരീക്ഷത്തിലേക്കുയര്‍ത്തി ഒരു മന്ത്രം ചൊല്ലി.
എവിടെ നിന്നോ മാന്ത്രികവടി പറന്നുയര്‍ന്ന് അയാളുടെ നീട്ടിയ കൈയ്യില്‍ വന്നിരുന്നു.
' ഉപാസനാ മൂര്‍ത്തികളേ'
വലിയേടത്ത് അത് നെഞ്ചോടു ചേര്‍ത്തു.
ഹോമകുണ്ഡത്തില്‍ അഗ്നി ആളിപ്പടര്‍ന്നു.
വേദവ്യാസ് മാഞ്ഞു തുടങ്ങിയ മന്ത്രവാദക്കളത്തില്‍ ദുര്‍ഗയെ കിടത്തി.
' ഞാന്‍ നിരൂപിച്ചപ്പോഴേക്കും നീയതറിഞ്ഞു'
അയാള്‍ മന്ദഹസിച്ചു.
ഹോമകുണ്ഢത്തിലേക്ക് ഹവിസും എള്ളും പൂവും മലരും വന്നു വീണു
മഹേഷ് ബാലന്റെ കഴുത്തിലെ ധ്വനിയുടെ പിടി അയഞ്ഞു.
ജീവനില്ലാത്ത ഒരു പ്രതിമ പോലെ അവന്‍ ചുറ്റുവരാന്തയിലേക്ക് നിലം പതിച്ചു
വലിയേടത്ത് കൈ നീട്ടി.
' പതിയെ' അയാള്‍ മന്ത്രിച്ചു.
ഒരില വീഴുന്ന ലാഘവത്വത്തോടെ മഹേഷ് നിലത്തു വീണു.
ബന്ധനമഴിഞ്ഞു
ഊര്‍മിളയും സ്വാതിയും വലിയൊരു നിലവിളിയോടെ അവന് നേരെ കുതിച്ചു.
' മോനേ..'
ഊര്‍മിള തേങ്ങിക്കരച്ചിലോടെ അവന്റെ ശിരസെടുത്ത് മടിയില്‍ വെച്ചു
' വരിക'
ധ്വനിയെ നോക്കി വേദവ്യാസ് ഗര്‍ജ്ജിച്ചു,
' ഈ ചരട് ഞാന്‍ അഴിച്ചു കളയുന്നു..അതിന് വലിയേടത്തെ മാന്ത്രികര്‍ക്ക് ശക്തിയുണ്ട്. ഇത്രനാള്‍ ദുര്‍ഗ ഞങ്ങള്‍ക്കെതിരായിരുന്നു. എന്നാലിപ്പോള്‍ അവളുടെ സമ്മതത്തോടെ ഇതു ഞാനഴിച്ച് അഗ്നിയിലെറിയും'
ഉറച്ച ശബ്ദം ധ്വനിയുടെ കാതില്‍ പെരുമ്പറ കൊട്ടി
ആടിയാടി അവള്‍ കളത്തിന് മുന്നിലേക്ക് വന്നു.
' നിനക്കതിന് കഴിയില്ല വേദവ്യാസ്'
വികൃതമായ ശബ്ദത്തില്‍ അവള്‍ മുരണ്ടു
' ഞാന്‍ കൂടി അനുവദിക്കാതെ അതഴിച്ചു കളയാന്‍ നിനക്ക് കഴിയില്ല.'
' കളത്തിലേക്ക് വാ..'
വേദവ്യാസ് അലറി
അവന്റെ ശബ്ദം ധ്വനിയെ ഉന്മാദത്തിലാഴ്ത്തി
' ഇല്ലാ'
ധ്വനി പൈശാചികമായി മുരണ്ടു
' ഇല്ല.. ഇതിന് നീ അനുഭവിക്കും.. ഈ വലിയേടത്ത് മനയും നിന്റെ കിഴക്കേടത്ത് മനയും ഇതോടെ നശിക്കും.'
ധ്വനി പറഞ്ഞു തീരുന്നതിന് മുന്‍പ് വലിയേടത്തെ പടിപ്പുര ഒരു ഹുങ്കാരവത്തോടെ നിലംപൊത്തി
സ്ത്രീകളുടെ കൂട്ടക്കരച്ചിലുയര്‍ന്നു.
ദേവദത്തനും വേദവ്യാസും ചാടിയെഴുന്നേല്‍ക്കാന്‍ ഭാവിച്ചു
' ശാന്തം'
കിഴക്കേടത്ത് അവരെ ശാസിച്ചു.
വലിയേടത്ത് മനയുടെ പടിപ്പുരയുടെ അവശിഷ്ടങ്ങളില്‍ വേദവ്യാസിന്റെ നോട്ടം വേദനയോടെ ഒന്നു തൊട്ടു.
ധ്വനി അവനെ നോക്കി പൊട്ടിച്ചിരിച്ചു.
അവള്‍ വലിയേടത്ത് മനയിലേക്ക് ദൃ്ഷ്ടി പതിച്ചു
അടുത്ത നിമിഷം അവരെ ഞെട്ടിച്ച് ചുറ്റുവരാന്തയൊഴികെയുള്ള ഭാഗങ്ങള്‍ ഒരു മണല്‍ കൊട്ടാരം പോലെ ചിതറിവീഴുന്നത് അവര്‍ കണ്ടു.
'ധ്വനീ' നിയന്ത്രണം വിട്ട് ദേവദത്തന്‍ അലറി.
' അരുത് കുട്ടാ'
വലിയേടത്ത് മന്ദഹസിച്ചു
' മായ.. വെറും മായ..' അയാള്‍ മാന്ത്രിക വടി നീട്ടി.
മന്ത്രങ്ങളുടെ ശക്തിയില്‍ തെ്‌ങ്ങോലകള്‍ വരെ കരിഞ്ഞു.
പടിപ്പുരയും മനയും പഴയ നിലയിലായി
' മായ കാട്ടി ഞങ്ങളുടെ മനസു തകര്‍ക്കാമെന്ന് കരുതിയോ നീ'
വലിയേടത്ത് ചിരിച്ചു.
ധ്വനി തീര്‍ത്തും പതറിയെന്ന് അവര്‍ക്ക് തോന്നി.
' വന്ന് കളത്തിലിരിക്ക്'
മനസാന്നിധ്യം വീണ്ടെടുത്ത് വേദവ്യാസ് സൗമ്യമായി വിളിച്ചു.
' മഹാ മാന്ത്രികരാണിവര്‍.. ഇവരേ കൂടുതല്‍ ആയാസപ്പെടുത്തരുത്... അത് നീ താങ്ങില്ല.. കടന്നു വാ'
' ഇല്ല.. അഗ്നി സാക്ഷിയായി എനിക്കു വാക്കു തരണം.. എന്നെ മോചിപ്പിക്കുമെന്ന്.. തീര്‍ത്തും മോക്ഷം.. അതല്ലാതെ തളച്ചിടാന്‍ ഞാന്‍ സമ്മതിക്കില്ല'
' ഹ..ഹ..'
വേദവ്യാസ് പരിഹാസത്തോടെ ചിരിച്ചു.
പിന്നെ ചുട്ടുപഴുത്ത ചൂരല്‍ ഹോമകുണ്ഡത്തിനരികെ നിന്ന് വലിച്ചെടുത്ത് മന്ത്രവാദക്കളത്തിലെ ചുവന്ന വൃത്തത്തിനുള്ളില്‍ ആഞ്ഞൊരടിയടിച്ചു.
ധ്വനിയില്‍ നിന്ന് വല്ലാത്ത ഒരു കരച്ചിലുര്‍ന്നു.
അവള്‍ ഒരു ചുഴലിയായി വട്ടം ചുറ്റി
വേദവ്യാസ് ഒരിക്കല്‍ കൂടി ചൂരല്‍ ഓങ്ങി.
ഒരു നിലവിളിയോടെ ധ്വനി മന്ത്രവാദക്കളത്തിനുള്ളില്‍ ദുര്‍ഗയുടെ സമീപത്തേക്ക് വന്നു വീണു.
വേദവ്യാസിന്റെ മുഖത്ത് വിജയ സ്മിതം തെളിഞ്ഞു.
വേദവ്യാസ് ചൂരല്‍ കൊണ്ട് ധ്വനിയ്ക്ക് ചുറ്റും ഒരു വൃത്തം വരച്ചു
' ഇവിടെ നിന്ന് അനങ്ങരുത്.. അനങ്ങിയാല്‍'
ചൂരല്‍തുമ്പ് ഒന്നു അഗ്നിയില്‍ മുട്ടിച്ചു വേദവ്യാസ്.
ധ്വനി പൊള്ളിപ്പിടഞ്ഞു
ആകെ പൊള്ളിയടര്‍ന്ന ബീഭത്സരൂപം ഏതാനും നിമിഷത്തേക്ക് പ്രത്യക്ഷമായി.
പിന്നെ അവള്‍ സാധാരണ രൂപം പൂണ്ട് ഇരുന്നു കിതച്ചു
കണ്ണുകളില്‍ നിന്നും തീയാളി.
' കിഴക്കേടത്ത് വേദവ്യാസ്.. ഒരു അവസരം കിട്ടിയാല്‍ നിന്നെ ഞാന്‍ കൊല്ലും'
ധ്വനി കൈചൂണ്ടി.
്‌വേദവ്യാസ് ചിരിച്ചുകളഞ്ഞു
' അതിനൊരിക്കല്‍ ശ്രമിച്ചതല്ലേ നീ.. ഈശ്വരന്‍ തന്ന ആയുസാണിത്.. നിനക്കെടുക്കാനാവില്ല'
'കുട്ടാ' വലിയേടത്ത് ദേവദത്തനെ വിളിച്ചു.
' മുന്നോട്ട് എഴുന്നേറ്റ് വരിക.. മൊന്തയിലെ പുണ്യതീര്‍ഥം തങ്കത്തിന് മീതെ തളിക്കുക.. അവളുണരട്ടെ'
ദേവദത്തന്‍ എഴുന്നേറ്റു.
മൊന്തയിലെ തീര്‍ത്ഥ കണങ്ങള്‍ ദുര്‍ഗയുടെ മുഖത്തേക്ക് ഇറ്റു വീണു
ദുര്‍ഗ കണ്ണു തുറന്നു.
സ്ഥലകാല ബോധം വരാത്ത മട്ടില്‍ അവളുടെ മുഖത്തൊരു പകപ്പ് ദൃശ്യമായി
പതിയെ അവള്‍ എഴുന്നേറ്റിരുന്നു.
ദുര്‍ഗ ഞെട്ടിപ്പോയി
തൊട്ടരികെ ധ്വനി.
മന്ത്രവാദക്കളത്തിലാണ് താനെന്ന യാഥാര്‍ഥ്യബോധത്തില്‍ ദുര്‍ഗയിലൂടെ ഒരു വിറയല്‍ കടന്നു പോയി
യാചനാ ഭാവമായിരുന്നു ധ്വനിയുടെ മുഖത്ത്.
യുഗങ്ങളോളം പീഡനമേറ്റ് തളര്‍ന്നവളുടെ താറുമാറായ രൂപം.
' ദുര്‍ഗ'
അവളുടെ ചുണ്ടുകള്‍ ചലിച്ചു.
ദുര്‍ഗയിലൊരു പിടച്ചിലുണ്ടായി.
' തങ്കം' വേദവ്യാസിനരികെ ചെന്നിരുന്ന് ദേവദത്തന്‍ വിളിച്ചു.
' മനസ് ദൃഢമാക്കുക .. അവള്‍ നിന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്.. അലിവ് തോന്നരുത്.. മഹിയുടെ ജീവന്‍ അപകടത്തിലാണ്.. പതറരുത് നീ '
ശേഷം ഒരലര്‍ച്ചയോടെ ദേവദത്തന്റെ കൈയ്യിലെ ചൂരല്‍ ധ്വനിയുടെ ദേഹത്തു വീണു
' കാരിരുമ്പാണിയില്‍ തളയ്ക്കാന്‍ സമ്മതമാണോ നിനക്ക്'
' ആ..' ധ്വനിയുടെ ഭയാക്രാന്തമായ നിലവിളി ഉയര്‍ന്നു.
അവള്‍ മന്ത്രവാദക്കളത്തിനുള്ളില്‍ വേദന സഹിക്കാനാവാതെ കിടന്നു പിടച്ചു
ദുര്‍ഗയുടെ ഹൃദയം വിറച്ചു
അവള്‍ കണ്ണുകള്‍ ഇറുകെ പൂട്ടി
കണ്‍പോളകള്‍ക്കിടയില്‍ നിന്നും അവളറിയാതെ ഒരു നീര്‍ച്ചാല്‍ ഒഴുകി വന്നു.
ധ്വനി..
ജീവന്റെ പാതിയായി സ്‌നേഹിച്ചതാണവളെ.
പീഢകള്‍ കൊണ്ട് അവളെ തളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തടയാനാവുന്നില്ല.
തടയാന്‍ പാടില്ല.
മഹിയേട്ടനെ കൊല്ലാന്‍ മടിക്കാത്ത ആത്മാവായിരിക്കുന്നു അവള്‍.
' തങ്കം' ദേവദത്തന്‍ ദുര്‍ഗയുടെ നെറ്റിയില്‍ സ്പര്‍ശിച്ചു.
' ഉള്ളുറപ്പിച്ച് നീ ആ ഏലസ കെട്ടിയ ആവാഹനചരട് ഊരിമാറ്റണം.. നിന്റെ മഹിയേട്ടന് വേണ്ടി..'
' ഇല്ല.. ഞാന്‍ കൂടി ആഗ്രഹിക്കാതെ അതൂരിയെടുക്കാന്‍ ദുര്‍ഗയ്ക്ക് കഴിയില്ല'
ധ്വനി ആര്‍ത്തട്ടഹസിച്ചു.
' നിന്നെ കൊണ്ട് ആഗ്രഹിപ്പിക്കാന്‍ എനിക്കറിയാം.. തങ്കത്തിന്റെ മനസ് മാത്രം മതി'
വലിയേടത്ത് മുന്നോട്ട് വന്നു.
അയാള്‍ വലംകാലുയര്‍ത്തി.
കൃത്യം ധ്വനിയുടെ നെറുകില്‍ തന്നെ ആ പെരുവിരല്‍ അമര്‍ന്നു.
ഒരു ശലഭത്തെ പോലെ ധ്വനി പിടച്ചു.
ദുര്‍ഗ കണ്ണുകള്‍ ഇറുകെ ഇറുകെ പൂട്ടി.
' കുട്ടാ.. അതൂരി വാങ്ങു'
വലിയേടത്ത് ഗര്‍ജിച്ചു.
' തങ്കം' ദേവദത്തന്റെ വിളിയുടെ അര്‍ഥം ദുര്‍ഗയ്ക്ക് മനസിലായി.
അവളുടെ കൈ അവളറിയാതെ ആവാഹന ചരടിലേക്ക് നീണ്ടു.
പൊടുന്നനെ ചരട് ചുട്ടുപഴുത്തു
സഹിക്കാന്‍ വയ്യ.
ദുര്‍ഗ ഒരു ഞരക്കത്തോടെ ദേവദത്തനെ നോക്കി.
ചരട് കെട്ടിയ ഭാഗത്ത് തീക്കനലുകള്‍ മാംസത്തിലേക്കാഴ്ന്നിറങ്ങുന്നത് ദേവദത്തന്‍ കണ്ടു.
' വലിയമ്മാമ്മേ'
ദേവദത്തന്‍ അതു സഹിയാതെ ഉറക്കെ വിളിച്ചു.
വലിയേടത്തിന്റെ പെരുവിരലിന്റെ ഊന്നല്‍ വര്‍ധിച്ചു.
തീയണഞ്ഞു.
' തങ്കം അത് ഊരി തരൂ'
ദേവദത്തന്‍ കൈ നീട്ടി.
ദുര്‍ഗയുടെ വലതുകൈ വിറച്ചു.
വിറപൂണ്ട കൈകള്‍ ആവാഹന ചരടില്‍ തൊട്ടു.
ഒപ്പം ഒരു തിരശീലയിലെന്ന പോലെ ധ്വനിയെ ആദ്യം കണ്ടത് അവള്‍ ഓര്‍ത്തു.
എത്രവട്ടം അവളോടുള്ള ഇഷ്ടം താന്‍ പറഞ്ഞിരിക്കുന്നു.
ഈ ആവാഹന ചരടു പോലും തന്റെ മാത്രം തീരുമാനമായിരുന്നു.
ഈ ചരട് ഇതൂരിയെടുത്താല്‍ പിന്നെ ധ്വനിയില്ല.
.ലോകാവസാനത്തോളം നീളുന്ന ബന്ധനം
ഈ ലോകത്തെ ഏവരും മരിച്ചു മണ്ണടിഞ്ഞാലും പരലോകമോ പുനര്‍ജന്മമോ ഇല്ലാതെ ...
ദുര്‍ഗയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ആ ഭാവമാറ്റം കണ്ട് കിഴക്കേടത്തിന്റെ നെറ്റി ചുളിഞ്ഞു
' ദത്താ.. ബലംപ്രയോഗിച്ച് ഊരി മാറ്റുക.. കുട്ടിയുടെ മനസിപ്പോളും അവളുടെ സ്വാധീനത്തിലാണ്.'
അയാളത് വിളിച്ചു പറഞ്ഞപ്പോഴേക്കും ധ്വനിയില്‍ നിന്നും ഒരു പൊട്ടിച്ചിരിയുണ്ടായി.
അടുത്ത നിമിഷം വലിയേടത്ത് മന്ത്രവാദക്കളത്തിന് പുറത്തേക്ക് തെറിച്ചു വീണു.
ധ്വനി അന്തരീക്ഷത്തിലേക്ക് തെന്നിമാറി.
' ആ ചരട് അത് നശിപ്പിക്കണമെങ്കില്‍ ദുര്‍ഗയുടെ പൂര്‍ണ സമ്മതം വേണം..'
ഒരു ചുഴലിക്കാറ്റു പോലെ ധ്വനി വട്ടം ചുറ്റി ഏതാനും പുകകണമായി അലിഞ്ഞു പോകുന്നത് അവര്‍ കണ്ടു.
കിടന്നിടത്തു കിടന്ന് വലിയേടത്ത് അവിശ്വസനീയതയോടെ ആ കാഴ്ച കണ്ടു.
തന്നെയും മഹാമാന്ത്രികനായ കിഴക്കേടത്തിനെയും വേദവ്യാസിനെയും ദേവദത്തനെയും തോല്‍പിച്ച്.. വെറും വിഡ്ഢികളാക്കി അവള്‍ രക്ഷപെട്ടിരിക്കുന്നു.
' അരുത്..'
ആ നിമിഷം വേദവ്യാസ് ചാടിയെഴുന്നേറ്റു.
' അനുവദിക്കരുത്.. ഇനി അവള്‍ പൂര്‍വാധികം ശക്തയാകും.. നമുക്ക് നേരിടാന്‍ കഴിയാത്ത വിധം'
' അതിനു മുന്‍പ് ഇനി ചെയ്യാന്‍ ഒരേയൊരു മറുമരുന്ന് മാത്രമേയുള്ളു'
വേദവ്യാസ് ദുര്‍ഗയുടെ കൈപിടിച്ചു.
' എഴുന്നേറ്റ് വാ.. എന്റെ കൂടെ' അവന്‍ ഗര്‍ജ്ജിച്ചു
ദുര്‍ഗ സ്വയമറിയാതെ ചാടിയെഴുന്നേറ്റു.
ചുറ്റുവരാന്തയുടെ നേര്‍ക്കാണ് വേദവ്യാസ് ഓടിയടുത്തത്.
വരാന്തയില്‍ കേശവന്‍ വൈദ്യരുടെ പരിചരണത്തിലായിരുന്നു മഹേഷ് ബാലന്‍.
വേദവ്യാസ് ഓടിച്ചെന്ന് അവന്റെ ശിരസില്‍ തൊട്ടു.
' ഇല്ല.. നിനക്കൊന്നുമില്ല.. ഒരു അവശതയുമില്ല.. എല്ലാം അവളുടെ മായ.. നിനക്കൊന്നുമില്ല.. എഴുന്നേല്‍ക്ക്'
വേദവ്യാസിന്റെ ശബ്ദം അവിടെ പ്രതിഫലിച്ചു.
വേദവ്യാസ് മുഖം ചെരിച്ച് രുദ്രയെ നോക്കി.
പിന്നെ പവിത്രയേയും.
' എത്രയും പെട്ടന്ന് ഇവരുടെ കിടപ്പുമുറിയില്‍ മണിയറ ഒരുങ്ങണം.. എത്രയും വേഗം'
ഒന്നും മനസിലാകാതെ രുദ്രയും പവിത്രയും നിന്നു
' ഭയക്കണ്ട.. അവള്‍ പിന്തുടരില്ല.. അവള്‍ക്കതിന് കഴിയില്ല.'
വേദവ്യാസ് എന്തോ മന്ത്രം ചൊല്ലി.
' ചെല്ല്. വേഗം.'
അവന്‍ പൂര്‍ത്തിയാക്കും മുമ്പേ രുദ്രയും പവിത്രയും അകത്തേക്കോടി.
വേദവ്യാസ് ദുര്‍ഗയെ നോക്കി.
ഇപ്പോള്‍ തകര്‍ന്നടിഞ്ഞു വീഴാവുന്ന ഒരു നനഞ്ഞ മണ്‍പ്രതിമയായി നില്‍ക്കുകയായിരുന്നു അവള്‍
വേദവ്യാസ് അവളുടെ നെറ്റിയില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഓം എന്നെഴുതി.
' ചെല്ല്.. മുറിയിലേക്ക് ചെല്ല്.. ഒന്നും ഭയപ്പെടരുത്.. ഞങ്ങളെല്ലാമുണ്ട് തങ്കത്തിന്റെ കൂടെ'
അവന്റെ മൃദുസ്വരം ദുര്‍ഗയില്‍ ഒരു കരച്ചിലുണ്ടാക്കി.
എങ്കിലും എന്താണ് വേദവ്യാസ് ഉദ്ദേശിക്കുന്നതെന്ന് മാത്രം അവള്‍ക്ക് മനസിലായില്ല.
' ചെല്ല്'
വേദവ്യാസ് നിര്‍ബന്ധിച്ചു
തളര്‍ന്ന കാലടികളോടെ ദുര്‍ഗ അകത്തേക്ക് നടന്നു.
' മഹി' വേദവ്യാസ് മഹേഷ് ബാലനെ ചേര്‍ത്തു പിടിച്ചു
' വരൂ.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്..'
' ഈ രാത്രി.. ഈ രാത്രിയേ നമുക്ക് മുന്നിലുള്ളു.. അതു കഴിഞ്ഞാല്‍ ദുരന്തമാണ്.. മഹാ ദുരന്തം.'
വേദവ്യാസ് അവന്റെ ചുമലില്‍ തട്ടി.
' ഇന്നു രാത്രി.. എന്തൊക്കെ സംഭവിച്ചാലും ശരി.. ദുര്‍ഗയിലെ കന്യകാത്വം നഷ്ടപ്പെടണം.. പിന്നെ..'
വേദവ്യാസ് പറഞ്ഞതെല്ലാം മഹേഷ്ബാലന്‍ ഹൃദയമിടിപ്പോടെ കേട്ടു.
' ധ്വനി അതിന് അനുവദിക്കില്ല.. പക്ഷേ അവളെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.. മഹി ഒന്നു മാത്രം മനസില്‍ കരുതുക.. ഇന്നു രാത്രി മാത്രമേയുള്ളു.. നാളെ മുതല്‍ അവള്‍ രക്തരക്ഷസാണ്.. താങ്ങാനാവാത്ത വിധം ശക്ത..'
വേദവ്യാസ് മഹേഷ്ബാലന്റെ നെറ്റിയിലും ഓംകാര ചിഹ്നം വരച്ചു
തകര്‍ന്നുടഞ്ഞ ഉടലാകെ പുതിയൊരു ശക്തി പ്രസരിക്കുന്നത് മഹേഷ്ബാലന്‍ അറിഞ്ഞു.
' പറഞ്ഞതൊന്നും ദുര്‍ഗ അറിയരുത്.. വളരെ സ്വാഭാവികമായി മാത്രം ്അവളെ സമീപിക്കുക.'
വേദവ്യാസ് പറഞ്ഞു.
ചുറ്റു വരാന്തയുടെ തണുത്തതറയില്‍ അമര്‍ത്തി ചവുട്ടി മഹേഷ്ബാലന്‍ അകത്തേക്ക് പോകുന്നത് വേദവ്യാസ് നോക്കി നിന്നു.
തനിക്കല്ലാതെ വലിയേടത്തിനോ ദേവദത്തനോ എന്തിന് തന്റെ അച്ഛനോ പോലും ഇത്തരമൊരു ഉപദേശം മഹിയ്ക്ക് നല്‍കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അവന്റെ മനസു പറഞ്ഞു.
ഇതുകൂടി പരാജയപ്പെട്ടാല്‍ പിന്നെ ഒരു രക്ഷപെടലില്ല ആര്‍ക്കും.
വേദവ്യാസ് തിരികെ ഹോമകുണ്ഡത്തിന് നേര്‍ക്ക് ചെന്നു.
്അവിടെ വേദവ്യാസിന്റെ മനസറിഞ്ഞത് പോലെ തെളിഞ്ഞു കത്തുന്ന അഗ്നിയ്ക്ക മുന്നില്‍ ധ്യാന നിമിലിതരായി ഇരിക്കുകയായിരുന്നു ദേവദത്തനും വലിയേടത്തും കിഴക്കേടത്തും.
വേദവ്യാസിന്റെ സാന്നിധ്യമറിഞ്ഞിട്ടും അവര്‍ കണ്ണു തുറന്നില്ല.
ഇന്നൊരു രാത്രി ഒരു മാത്ര പോലും ശ്രദ്ധ തെറ്റാതെ ഉപാസന മൂര്‍ത്തികളോട് അപേക്ഷിക്കണം..
ഓരോ മനസുമെരിഞ്ഞു.
.............. .................. ........................
മുല്ലപ്പൂമണമുള്ള മണിയറ.
തൂവെള്ള വിരിപ്പുകള്‍ക്കിടയില്‍ ദുര്‍ഗയെ കാത്തിരിക്കുകയായിരുന്നു മഹേഷ്ബാലന്‍.
വിറയ്ക്കുന്ന പാദങ്ങളോടെ ദുര്‍ഗ അകത്തേക്ക് കയറിച്ചെന്നു.
തൊട്ടു മുന്‍പു നടന്നതെല്ലാം മറന്ന പ്രതീതി.
നെറ്റിയില്‍ വേദവ്യാസ് ഓം എന്നെഴുതിയപ്പോഴോ അതിന് ശേഷമോ എപ്പോഴോ കഴിഞ്ഞു പോയതെല്ലാം പാടേ വിസ്മരിച്ചിരുന്നു അവള്‍.
ഇതു തന്റെ ആദ്യരാത്രിയാണെന്നു തന്നെ ഒരു തോന്നലില്‍ ചുവന്നു തുടുത്തിരുന്നു മുഖം.
ലജ്ജ തന്റെ ശരീരത്തിന്റെ ഓരോ അണുവിലും പൊട്ടിവിടരുന്നതിന്റെ സുഖമറിഞ്ഞു ദുര്‍ഗ.
'തങ്കം' മഹേഷ്ബാലന്‍ അവളുടെ ഇരു ചുമലുകളിലും സ്പര്‍ശിച്ചു.
' എത്രനാള്‍ കൊതിച്ചതാണല്ലേ നമ്മള്‍.. ഇങ്ങനെയൊരു രാത്രി..'
ജനല്‍കര്‍ട്ടനുകളിലേക്ക് ഒരു തീജ്വാല പറന്നു വന്നത് മഹേഷ് ബാലന്‍ കണ്ടു.
അതിന് തീപിടിക്കുന്നു.
' എന്റെ പൊന്നേ'
അതു ശ്രദ്ധിക്കാതെ മഹേഷ്ബാലന്‍ അവളെ നെഞ്ചോടു ചേര്‍ത്തു
ഒരു വെള്ളാമ്പല്‍ പൂ പോലെ ദുര്‍ഗ അവന്റെ മാറോടു ചേര്‍ന്നു.
ഹോമകുണ്ഡത്തിലേക്ക് ഒരു പിടി മഞ്ഞള്‍പൊടി ചെന്നു വീണു.
ജനല്‍ കര്‍ട്ടനുകളിലെ തീയണഞ്ഞു.
മഹേഷ്ബാലന്റെ ചുംബനം തന്റെ അധരത്തിലേക്കമരുന്നതറിഞ്ഞു ദുര്‍ഗ.
രാത്രിയിലെവിടെയോ പാലപ്പൂക്കള്‍ വിടര്‍ന്ന സുഗന്ധം
കിടക്കയിലേക്ക് ചായാനൊരുങ്ങവേ തൂവെള്ള വിരികള്‍ കടുംചുവപ്പായത് അവന്‍ കണ്ടു
രക്തം.
' പതറരുത്.. ഒന്നും സംഭവിക്കില്ല.. പുറത്ത് ഞങ്ങളുണ്ട്.. ഒന്നിനും കണ്ണും കാതും മനസും കൊടുക്കരുത്.. അവളില്‍ അലിയുക.. അതുമാത്രം'
വേദവ്യാസിന്റെ ശബ്ദം മനസില്‍ പ്രതിഫലിച്ചു.
കടുംചുവപ്പ് നിറത്തിന് മീതെ തന്നെ മഹേഷ്ബാലന്‍ അവളെ ചായ്ച്ചു കിടത്തി.
പതുക്കെ പതുക്കെ ഒരു പനിനീര്‍പ്പൂവിലെ ഓരോ ഇതളിലെയും ഗന്ധമറിഞ്ഞു മഹേഷ്ബാലന്‍.
തെല്ലു വേദനിപ്പിച്ച് .. അവളെ അല്‍പ്പം കരയിച്ചു തന്നെ അവളിലെ ആഴമറിഞ്ഞു.
വെളുത്ത വിരിപ്പില്‍ രക്തപ്പാടുകള്‍ വരച്ചു ദുര്‍ഗയുടെ കന്യകാത്വം.
ഒടുവില്‍ മഹേഷ്ബാലന്റെ നെഞ്ചിലേക്ക് മുഖം വെച്ച് തളര്‍ന്നുറങ്ങി ദുര്‍ഗ.
മഹേഷ് ബാലനും നിദ്രയിലേക്കു വീണു
അതിനിടെ കിടക്കയില്‍ തീപടര്‍ന്നതോ അണഞ്ഞതോ ഭിത്തകള്‍ തുരന്നു കൂര്‍ത്തു മൂര്‍ത്ത നഖങ്ങളുള്ള കൈപ്പത്തികള്‍ അകത്തേക്ക് വന്നതോ അവര്‍ കണ്ടില്ല.
ഹോമകുണ്ഡത്തിനരികെയിരുന്ന് അവരുടെ കണ്ണും മനസും കെട്ടി മഹാമാന്ത്രികര്‍.
' ദുര്‍ഗാ.. ദുര്‍ഗാ..'
ആരോ വിളിക്കുന്ന ശബ്ദം കേട്ടു ദുര്‍ഗ ഞെട്ടിയുണര്‍ന്നു.
വീണ്ടും വീണ്ടും അതേ ശബ്ദം.
ധ്വനി.
' ദുര്‍ഗാ..' തേങ്ങല്‍ പോലെ വീണ്ടും ഒരു വിളി.
ഒരു മായിക ശക്തിയ്ക്ക് കീഴടങ്ങിയത് പോലെ ദുര്‍ഗ ചാടിയെഴുന്നേറ്റു.
അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങള്‍ വാരിചുറ്റി അവള്‍ പുറത്തേക്കോടി.
മുറിയ്ക്ക് പുറത്ത് ബാല്‍ക്കണിയില്‍ അവള്‍ നില്‍ക്കുന്നു
ധ്വനി.
വെളുത്ത ഗൗണിട്ട് താന്‍ ആദ്യം കണ്ടത് പോലെ തന്നെ.
അവള്‍ പതിയെ പതിയെ അന്തരീക്ഷത്തിലേക്കുയരുകയായിരുന്നു.
' ധ്വനീ'
ദുര്‍ഗ അവളുടെ അടുത്തേക്ക് ഓടിച്ചെന്നു വിളിച്ചു.
' ധ്വനീ'
പഴയത് പോലെ സ്‌നേഹാര്‍ദ്രമായ വിളിയൊച്ച.
തന്നെ ഭയന്നതല്ലാതെ ഒരിക്കലും ദുര്‍ഗ വെറുത്തിട്ടില്ല.. ഒരിക്കല്‍ പോലും.
' ഞാന്‍ പോകുന്നു'
ധ്വനി അവളെ നോക്കി മന്ദഹസിച്ചു.
' ഈ ലോകത്ത് ഇനി ഞാനില്ല.. കര്‍മ്മങ്ങളെല്ലാം കഴിഞ്ഞും ഭൂമിയില്‍ തുടര്‍ന്ന ഒരാത്മാവ് പരമപദത്തിലേക്ക് ചേരുന്നു'
ധ്വനിയുടെ മുഖത്ത് ശാന്തമായ ഒരു മന്ദഹാസം ദുര്‍ഗ കണ്ടു
' ധ്വനീ'
ദുര്‍ഗ വിങ്ങി.
അതോടൊപ്പം അവള്‍ തന്റെ ഇടത് കൈമുട്ടിന് മീതെ കെട്ടിയ ചരടിലേക്ക് കൈ ചേര്‍ത്തു
ദുര്‍ഗ ഞെട്ടിപ്പോയി.
്അത് അവിടെ ഉണ്ടായിരുന്നില്ല.ആവാഹന ചരട്.
ദുര്‍ഗയുടെ ദേഹം കിടുകിടുത്തു.
' ധ്വനീ'
ഇക്കുറി ദുര്‍ഗയുടെ കരച്ചില്‍ ഉച്ചത്തിലായി.
എവിടെ നിന്നോ ആരൊക്കെയോ ഓടി വന്നു
ഒന്നും ശ്രദ്ധിക്കാതെ ദുര്‍ഗ ധ്വനിക്ക് നേരെ കൈനീട്ടി.
' ധ്വനീ.. ഞാനല്ല.. ഞാനല്ല.. '
്്അവള്‍ അലമുറയിട്ടു.
' സ്വാര്‍ഥതകളെല്ലാത്തിനും അര്‍ഥമില്ലാതായി.. നീയിപ്പോള്‍ എല്ലാ വിധത്തിലും മഹിയേട്ടന്റെ പെണ്ണാണ്.. ഈ ജന്മം നിനക്കാണ് അതിനുള്ള വിധി.. ഞാനത് തിരുത്താന്‍ നോക്കിയത് എന്റെ തെറ്റ്... '
ധ്വനി മന്ദഹസിച്ചു
' കൊല്ലാമായിരുന്നു എനിക്ക്.. നിന്നെ .. മഹിയേട്ടനെ.. പക്ഷെ പ്രാണന്‍ വേര്‍പെടുന്ന അവസാന നിമിഷം എനിക്കു കഴിഞ്ഞില്ല.. കഴിയില്ല.. മഹിയേട്ടനേക്കാള്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ദുര്‍ഗാ..'
' ധ്വനീ'
ബാല്‍ക്കണിയുടെ കൈവരിയിലേക്ക് അലച്ചുതല്ലി നിന്ന് ദുര്‍ഗ കരഞ്ഞു.
ഓടിയെത്തിയ ജാസ്മിനും സ്്വാതിയും നേഹയും കണ്ടു.
അന്തരീക്ഷത്തിലേക്ക് പതിയെ പതിയെ ഒരു ഇളം കാറ്റ് പോലെ ഉയരുന്ന ധ്വനിയെ.
' ധ്വനീ'
പരിസരമറിയാതെ അവരും വിളിച്ചു പോയി.
ധ്വനി അവരെ നോക്കി.
പതിയെ .. നിറഞ്ഞ ചിരിയോടെ കൈവീശി..
' തങ്കം'
പിന്നില്‍ മഹേഷ്ബാലന്റെ വിളി കേട്ടു ദുര്‍ഗ.
' പോട്ടെ..' കാതില്‍ അവസാനമായി ധ്വനിയുടെ ശബ്ദം കേട്ടു ധ്വനി.
ഒരു മിന്നല്‍ പോലെ ധ്വനി ഉയര്‍ന്ന് ആകാശമേലാപ്പിലെ മേഘങ്ങള്‍ക്കുള്ളില്‍ ഒരു വെള്ളപൊട്ടായി മാറുന്നതറിഞ്ഞു ദുര്‍ഗ.
' മഹിയേട്ടാ..'
ദുര്‍ഗ കരഞ്ഞു കൊണ്ട് തിരിഞ്ഞ് മഹേഷ്ബാലന്റെ നെഞ്ചിലേക്ക് വീണു
ആകാശത്തേക്ക് മുഖമുയര്‍ത്തി നില്‍ക്കുകയായിരുന്നു മഹേഷ്ബാലനും
ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ധ്വനി എന്നേക്കുമായി ഈ ലോകം വിട്ടു പോയെന്ന് അവനറിഞ്ഞു.
ഉള്ളില്‍ ഒരു വേദന വിങ്ങിക്കഴച്ചു.
' അവള്‍ പോയി.. പോയി'
ദുര്‍ഗ തേങ്ങികരയുന്നത് അവന്‍ കേട്ടു.
അപ്പോള്‍ ഹോമകുണ്ഡത്തിലേക്ക് ്അവസാന തുള്ളി ഹവിസും അര്‍പ്പിച്ച് സാഷ്ടാംഗം നമസ്‌കരിച്ചു
വലിയേടത്തും കിഴക്കേടത്തും വേദവ്യാസും ദേവദത്തനും.
്അവളെ തളയ്ക്കാനായില്ല.
പക്ഷെ ആര്‍ക്കുമാര്‍ക്കും ദോഷമല്ലാതെ അവള്‍ മോക്ഷത്തിലേക്ക് കടന്നു പോയി.
ദുര്‍ഗയറിയാതെ ധ്വനി ആഗ്രഹിച്ചു തന്നെ ആ ചരടഴിച്ചു കളയുക
അതിനുള്ള അവസാന മാര്‍ഗമായിരുന്നു ആ മണിയറ.
ആദ്യരതിയുടെ ആലസ്യത്തില്‍ ദുര്‍ഗ മയങ്ങി കിടക്കുമ്പോള്‍ മഹേഷ്ബാലന്‍ ആ ചരടറുത്തു.
ചെയ്യുന്നത് മഹേഷ് ബാലനായത് തന്നെ ധ്വനിയെ ഏറെ വേദനിപ്പിക്കുമെന്നറിയാമായിരുന്നു.
അതിലേറെ ദുര്‍ഗയുമായി നടന്ന ശാരീരിക ബന്ധത്തോടെ തന്നെ മഹേഷ് ബാലന്‍ എന്ന നഷ്ടം അംഗീകരിക്കാന്‍ ധ്വനി തയാറാകുമെന്നും കണക്കു കൂട്ടിയിരുന്നു.
അത് പിഴച്ചില്ല.
ആ ചരടറുക്കാന്‍ മഹേഷ് ബാലന് കഴിഞ്ഞത് ധ്വനിയുടെ സമ്മതത്തോടെ തന്നെയാണ്.
വേദവ്യാസ് ദീര്‍ഘമായി നിശ്വസിച്ചു.
അവസാനമായി ഹോമകുണ്ഡത്തിന് മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുമ്പോള്‍ വലിയേടത്തിന്റെയും കിഴക്കേടത്തിന്റെയും ദേവദത്തന്റെയും വേദവ്യാസിന്റെയും മനസില്‍ ഒരേ പ്രാര്‍ഥന തന്നെയായിരുന്നു
' ഉപാസനാ മൂര്‍ത്തികളേ നന്ദി.. നന്ദി.. നന്ദി..'
..................... .............. ............
' മഹേഷ് ബാലന്‍.. മഹേഷ് ബാലന്‍'
ആരോ ഉച്ചത്തില്‍ വിളിക്കുന്നത് കേട്ടാണ് മഹേഷ് പാതി തുറന്ന ചില്ലു വാതിലിന് നേരെ ഓടിച്ചെന്നത്.
പവിത്രയും രുദ്രയും ദേവദത്തനും വേദവ്യാസും ശ്രീധരന്‍ ഭട്ടതിരിയുമൊക്കെ ഓടി വരുന്നത് അവന്‍ കണ്ടു.
' ദുര്‍ഗ പ്രസവിച്ചു.. പെണ്‍കുഞ്ഞ്.. സമയം പതിനൊന്ന് മുപ്പത്തിയേഴ്..'
സിസ്റ്റര്‍ നനുത്ത തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ മഹേഷ്ബാലന് കൈമാറി.
പൂവിതള്‍ പോലെ തുടുത്ത ഓരോമനമുഖം അവന്‍ കണ്ടു.
നിറകണ്ണുകളോടെ മഹേഷ് ബാലന്‍ അതിന്റെ നെറുകയില്‍ ഉമ്മവെച്ചു.
' ഹായ്.. ദക്ഷാ ഭാഗീരഥി'
പവിത്ര കുഞ്ഞിനെ വാങ്ങി ഓമനിച്ചു.
രുദ്രയും ഒപ്പം കൂടി.
ദുര്‍ഗ സെലക്ട് ചെയ്ത പേരായിരുന്നു അത്.
ദേവദത്തന്‍ ഉടനെ വലിയമ്മാമ്മയെ വിളിച്ചു.
നിറഞ്ഞ മനസോടെയാണ് വലിയേടത്ത് ആ വാര്‍ത്ത കേട്ടത്.
അയാളുടെ കണ്ണകള്‍ ഉടനെ കലണ്ടറിലേക്ക് നീണ്ടു.
കാര്‍ത്തിക.
ജനനസമയം പതിനൊന്ന് മുപ്പത്തിയേഴ്..
ദക്ഷ ഭാഗീരഥി.
അയാള്‍ പൂജാമുറിയിലേക്ക് കടന്നു.
കവിടികളുരുണ്ടു.
വലിയേടത്തിന്റെ നെറ്റിത്തടം വിയര്‍്ത്തു.
കാര്‍ത്തിക നക്ഷത്രത്തിലെ അപൂര്‍വ പാദത്തില്‍ ജനനം.
ലക്ഷക്കണക്കിന് പേരില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അത്യപൂര്‍വ യോഗം.
നേര്‍വിരുദ്ധാഗമന യോഗം.
................... അവസാനിച്ചു...........................
Read published parts:-
https://www.nallezhuth.com/search/label/NizhalayMathram
Shyni maam
ReplyDeleteEagerly waiting for ur next novel. Love u maam. God bless u.
Manju viswam
Simply superb maam ഈ നോവൽ ശെരിക്കും എന്നെ വേറെയും ഒരു ലോകത്ത് എത്തിച്ചു. ഇതുപോലുള്ള നോവലുകൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ മഞ്ജു
ReplyDeleteനാളെ മുതൽ ഈ നോവലിന് വെയ്റ്റിംഗ് ചെയ്യേണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം 😢😢😢
ReplyDeleteThe novel was truly amazing, didn't want to finish.
ReplyDeletePlease write more and more, very talented.