Slider

ഐഡിയകൾ

0
Image may contain: Muhammad Ali Ch, smiling, closeup
അബുദാബി കോർണിഷിലെ വിശാലമായ പാർക്കിൽ വേപ്പ് മരങ്ങളുടെ മുന്നിൽ നീളത്തിൽ ചുവന്ന നിറത്തിലുള്ള ജോഗിങ് ട്രാക്കിലൂടെ, പതിവ് ജോഗിങ് കഴിഞ്ഞു തിരികെ പോകാൻ തുടങ്ങുമ്പോളാണ് ഒപ്പമുള്ള സുഹൃത്തിന് പതിവില്ലാത്ത ഔപചാരികത..
"തിരക്കുണ്ടോ, അൽപ്പസമയം , ഒരഞ്ച് മിനുട്ട്, "
ഗണേഷിന് എന്തോ കാര്യമായി പറയാനുണ്ടെന്ന് സജിക്ക് തോന്നി.
"അഞ്ചുമിനുട്ടൊക്കെ ഉണ്ടെടോ .. എന്താ നിനക്കിത്ര ഒരു ഫോർമാലിറ്റി ഇന്ന്.. ഒരു സമയാഭ്യർത്ഥനയൊക്കെ?, സജി ചോദിച്ചു.. ഓക്കേ നമുക്കിവിടെയിരിക്കാം, അടുത്തു കണ്ട ബെഞ്ചിൽ ഇരുന്നു കൊണ്ട് സജി പറഞ്ഞു എന്തായാലും ഇന്നത്തെ കസർത്ത് കഴിഞ്ഞല്ലോ..
തൊട്ടടുത്ത ബിൽഡിങ്ങിൽ താമസിക്കുന്ന കന്യാകുമാരി സ്വദേശിയാണ് ഗണേഷ്. മലയാളം നന്നായി അറിയാം. കയ്യിലുള്ള ടവൽ കൊണ്ട് വിയർത്തൊലിച്ച നെറ്റിയും, പിൻകഴുത്തും , തുടച്ചു കൊണ്ട് ഗണേഷും ഒപ്പമിരുന്നു.
"കംപ്യൂട്ടറാണ് പ്രശ്നം ?" ഗണേഷ്..
"കമ്പ്യൂട്ടറോ ? സജി ചോദിച്ചു..
"ഗണേഷ്, നമ്മളിന്ന് ജീവിക്കുന്നത് തന്നെ കംപ്യൂട്ടറിലല്ലേ .. അപ്പൊ പ്രശ്നവും സ്വാഭാവികമായും ഉണ്ടാവും, ആട്ടെ, കമ്പ്യൂട്ടറും താനും തമ്മിലിപ്പോ എന്താ പ്രശ്നം ? വല്ല വാഗ്വാദവുമുണ്ടായോ ഇന്നലെ രാത്രി ? "സജി ചോദിച്ചു..
"കളിയാക്കാതെ ഡിയർ, കംപ്യൂട്ടറെന്താ എന്റെ ഭാര്യയാണോ തർക്കിക്കാൻ ?" ഗണേഷ് അൽപ്പം ഗൗരവത്തിൽ..
കമ്പ്യൂട്ടറിൽ കുട്ടികളുടെ, ഗെയിം കളികളാണ് പ്രശ്നം , നിങ്ങളുടെ കുട്ടികളും അങ്ങനെ തന്നെയാവില്ലേ സജി.."..
"ഊം.. അതൊക്കെ അങ്ങനെയൊക്കെ തന്നെയായിരുന്നു.. എന്നാൽ ഞാനിപ്പോ കുറെയൊക്കെ നിയന്ത്രണത്തിലാക്കി." സജി പറഞ്ഞു..
"അതെങ്ങനെ ? ", ഒരൽപം ആശ്ചര്യത്തോടെയും, സജിയിൽ നിന്ന് പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം ലഭിക്കും എന്ന ആശ്വാസത്തോടെയും ഗണേഷ് ചോദിച്ചു..
"അതൊക്കെ പറയാം.. , ഗണേഷിന്റെ പ്രശ്നമെന്താണെന്ന് പറയൂ ",
എനിക്കത് പുറത്തു പറയാനും മടിയുണ്ട് , എന്നാൽ പറയാതെ എനിക്കൊരു സമാധാനവുമില്ല. നിന്നോടാകുമ്പോൾ പറയുന്നതിൽ മാനക്കേടുമില്ല..
"നീ ഇങ്ങനെ വട്ടംപിടിച്ചു കളിക്കാതെ കാര്യം പറ ഗണേഷ്".
അതെ, ഇന്നലെ ഞാനെന്റെ ബാങ്ക് അക്കൗണ്ട് സ്റ്റെറ്റ്മെന്റ്റ് ഓൺലൈനിൽ വെറുതെയൊന്ന് നോക്കി.. ഇപ്പൊ പേപ്പർ സ്റ്റെമെന്റൊക്കെ ബാങ്കുകൾ നിയന്ത്രിക്കുകയല്ലേ.. ഞാനാണെങ്കിൽ, സ്കൂൾ ഫീസ്, ഇലക്ട്രിസിറ്റി, ടെലഫോൺ, അങ്ങനെ മിക്കവാറും കാര്യങ്ങൾ എല്ലാം സ്റ്റാന്റിംഗ് ഇൻസ്ട്രക്ഷനോ , ഓൺലൈൻ ഇടപാടുകളോ ഒക്കെയാണ് , അല്ല, ഇക്കാലത്ത് മിക്കവാറും എല്ലാവരും അങ്ങനെ തന്നെയാണല്ലോ"
'അതേ ..".., സജി, ഗണേഷിന് തന്റെ കാര്യങ്ങൾ തുടരാനുള്ള ഒരു ചാല് കീറിക്കൊടുത്തു..
ബാങ്ക് സ്റ്റെമെന്റിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കുമ്പോൾ ഒരു മാസം മുൻപുള്ള ഒരു ട്രാൻസാക്ഷൻ എന്റെ കണ്ണിലുടക്കി. അൻപത് യു എസ് ഡോളർ.. അതിന്റെ ദിർഹം തുക സ്റ്റേറ്റ്മെന്റിൽ .. ഒരു എന്റർടൈൻമെന്റ് കമ്പനിയിലേക്കാണ് പേയ്‌മെന്റ് പോയിരിക്കുന്നത് .. കമ്പനിയുടെ പേര് എനിക്കിപ്പോ ഓർമ്മയില്ല.. ഞാൻ അങ്ങനെയൊരു ഇടപാട് നടത്തിയിട്ടുമില്ല. ഈയിടെയായി മക്കൾ രണ്ടാളും ഹെഡ്‌ഫോണും വെച്ച് കുറെ സമയം കമ്പ്യൂട്ടർ ഗെയിമിൽ മുഴുകുന്നത് ശ്രദ്ധിച്ചിരുന്നു. മെഷീൻ ഗണ്ണുമായി പറന്നിറങ്ങുന്ന പോരാളി, ബിൽഡിങ്ങുകളുടെ മുകളിൽ നിന്നും താഴേക്ക് ചാടുന്നു, അങ്ങനെ.. അങ്ങനെ.. അനേകം എതിരാളികളെ ഒന്നൊന്നായി വെടിവെച്ചിടുന്നു.. അങ്ങനെയുള്ള ചിലത് മുൻപും അവർ കളിക്കുന്നത് കണ്ടതിനാൽ അത്ര കാര്യമാക്കിയില്ല.. എന്നാൽ ഈ പണച്ചെലവ് കണ്ടപ്പോൾ ഞാൻ അവരെ രണ്ടു പേരെയും ചോദ്യം ചെയ്തു.. അറിയാലോ, മൂത്തവന് പതിനാല് വയസ്സ്, രണ്ടാമത്തവൻ പന്ത്രണ്ട് വയസ്സ് തികഞ്ഞു.. "
"ചോദിച്ചപ്പോൾ അവരെന്ത് പറയുന്നു..",.
സജീ, ഒരു വെള്ളിയാഴ്ച ഞങ്ങൾ ഉച്ചയുറക്കത്തിലായിരിക്കുമ്പോൾ അവർ എന്റെ എ ടി എം കാർഡ് വാലറ്റിൽ നിന്നുമെടുത്തു..".
"ഓക്കേ . പക്ഷെ എ ടി എം കാർഡ് അവർക്ക് അങ്ങനെ മിസ് യൂസ് ചെയ്യാൻ സാധിക്കില്ലല്ലോ .. അതിന് ഒ ടി പി ചോദിക്കുമല്ലോ , അതില്ലാതെ അവർക്ക് ട്രാൻസാക്ഷൻ കംപ്ലീറ്റ് ചെയ്യാൻ സാധിക്കില്ലല്ലോ, ബാങ്ക് ഒ ടി പി അയക്കുന്നത് നിന്റെ ഫോണിലേക്ക് എസ് എം എസ് ആയി അല്ലെങ്കിൽ ഇമെയിൽ .. അപ്പൊ അവർ ഫോണും കൈക്കലാക്കിയോ ? ഫോണിന് ലോക്കില്ലേ ? " സജി ചോദ്യങ്ങളെറിഞ്ഞു ..
"അതൊക്കെയുണ്ട്.. .അത്.. ലോക്ക് ച്യ്താലും എസ് എം സ് നോട്ടിഫികേഷൻ കുറച്ച് സെക്കൻഡുകൾ കാണാമല്ലോ.. അങ്ങനെ അതും അവർക്ക് കിട്ടി, കാര്യം നടത്തി... എന്നെയും ലക്ഷ്മിയെയും ഞെട്ടിച്ചു കളഞ്ഞ പ്രവൃത്തി. എന്റെ മക്കളിൽ നിന്നും ഇങ്ങനെയൊരു കാര്യം .. എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല സജീ.,.. കുറെ ശകാരിച്ചു, കുറച്ചു ദിവസങ്ങൾ ഇന്റർനെറ്റ് ലൈൻ ഡിസ്കണക്ട് ചെയ്തു വെച്ചു .. ഒരു കാര്യവുമില്ല.. ഇക്കാലത്തെ സ്‌കൂൾ പഠനവും കംപ്യൂട്ടറില്ലാതെ നടക്കില്ലല്ലോ... ഞാനാകെ ഒരു ടെൻഷനിലാ.. ഇന്ന് അൻപത് ഡോളർ മാത്രമേ പോയുള്ളൂ.. ഇപ്പോൾ അവരിങ്ങനെ തുടങ്ങിയാൽ ... ഭാവിയിൽ.. . ഗണേഷ്, അൽപ്പമൊന്നു കിതക്കുന്നതായി തോന്നി..
"സാരമില്ല ഗണേഷ്.. റിലാക്സ്.. പരിഹാരമുണ്ട് ഗണേഷ്..ഇനി ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കൂ.. , ഞാനൊരു മനഃശാസ്ത്രജ്ഞനോ, കുട്ടികളുടെ സ്വഭാവ കാര്യങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ ആളോ അല്ല.. എന്നാലും എവിടെയൊക്കെയോ, ചിലപ്പോളൊക്കെ വായിച്ച അറിവുകൾ വെച്ച് പറയാം.. ഞാൻ പരീക്ഷിച്ചു വിജയിച്ചതുമാണ്..
"ഓഹ്... എന്നാലതൊന്ന് കേൾക്കാം.. നടപ്പാക്കാൻ സാധിക്കുമോന്ന് നോക്കാലോ.. "
"ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ഇപ്പൊ എവിടെയാണ് വെച്ചിരിക്കുന്നത് ? അതോ അവർ ലാപ്ടോപ്പിലാണോ ഈ 'കലാപരിപാടികളൊക്കെ ഒപ്പിക്കുന്നത് ?",
"അല്ല, ലാപ്ടോപ്പ് ഇപ്പൊ നൽകാറില്ല, ഡെസ്ക്ടോപ്പിലാണ് .. അതാണെങ്കിൽ അവരുടെ മുറിയിലാണ്"..
“എങ്കിൽ .. ആദ്യം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ഫ്ളാറ്റിലെ ഹാളിലേക്ക് മാറ്റുക.. എല്ലാവരും ഒരുമിച്ചുണ്ടാകാൻ ഏറ്റവും സാധ്യതയുള്ള , അവിടെയാകുമ്പോൾ നമ്മളെ അങ്ങനെ ഒളിപ്പിച്ച് കാര്യങ്ങൾ ചെയ്യാൻ അവർക്ക് സാധിക്കില്ല.”
“സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം.. പിന്നെ കുറെ സാധാരണ ഉപദേശങ്ങൾ നൽകുക.. അത് നമുക്ക് ഫ്രീ ആയി നൽകാലോ..” സജി പുഞ്ചിരിച്ചു ..
അതിനേക്കാളുപരി.. കുട്ടികളെ പുറത്ത് പോയി കളിക്കാൻ അനുവദിക്കുക. അവർ അവരുടെ സ്ക്കൂൾ ഫ്രെണ്ട്സ് മാത്രമല്ലാത്ത മറ്റു കുട്ടികളുമായി ഇടപഴകട്ടെ.. കീപ് ദെം ബിസി.. “
കമ്പ്യൂട്ടർ ഉപയോഗത്തിന് , അത് ഗെയിം കളിക്കാനായാലും സമയം നിശ്ചയിക്കുന്നത് നല്ലതാണ്. ഗെയിമിനുള്ള സമയം ക്രമേണ കുറച്ചു കൊണ്ടുവരുക.
“എടോ , പിന്നെ ലോകത്ത് പട്ടിണി കിടന്നു മരിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചും അവർക്ക് പറഞ്ഞു കൊടുക്കെടോ, അവർക്ക് വിഷമമാകുമെന്ന് കരുതി നമ്മൾ അതൊന്നും പറയാതിരിക്കരുത്.. അതും അവർ അറിയണം. അങ്ങനെ ലോകത്ത് അനേകം കുഞ്ഞുങ്ങൾ മരിക്കുന്നതിനിടയിൽ നമ്മളിങ്ങളെ കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാൻ നമ്മുടെ പണം ചെലവഴിക്കുന്നതിന് പകരം ആ കുഞ്ഞുങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി പണം ഉപയോഗിക്കണം എന്ന് പറഞ്ഞു കൊടുക്കുക.. അവർക്ക് മുഴുവൻ മനസ്സിലാവില്ലെങ്കിലും കുറെയൊക്കെ ഉൾക്കൊള്ളുമെടോ”...
“പഴയകാലത്ത് നമ്മൾ റേഷൻ കടകളിലുൾപ്പെടെ പോയി സാധനങ്ങൾ വാങ്ങി വീട്ടിലെത്തിക്കും.. അല്ല, നമ്മളെക്കൊണ്ട് അതൊക്കെ നമ്മുടെ അച്ഛനും അമ്മയും ചെയ്യിക്കും.. നമ്മൾ ഇവിടെ അടുത്തുള്ള സൂപ്പർമാർക്കറ്റിൽ പോയി വീട്ടിലേക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ അവരെ അയക്കാറുണ്ടോ ? നല്ല തക്കാളിയോ ഉള്ളിയോ തെരഞ്ഞെടുത്തു വാങ്ങിക്കൊണ്ടുവരാൻ അവരെ പരിശീലിപ്പിക്കാറുണ്ടോ? “
“അതൊക്കെ വേണം ഗണേഷ്.. അവരും അതൊക്കെ പഠിക്കണം .. അപ്പൊ ഈ കമ്പ്യൂട്ടറിനും ടി വിക്കും മുൻപിലുള്ള അവരുടെ കുത്തിയിരുപ്പ് താനേ കുറഞ്ഞോളും.. അവർക്ക് ജീവിതപാഠവും ലഭിക്കും”..
രണ്ടാഴ്ച കഴിഞ്ഞുള്ള മറ്റൊരു പ്രഭാതത്തിൽ ..ജോഗിങ്ങ് ചെയ്തുകൊണ്ടിരിക്കവേ ഗണേഷ് സജിയോട് പറഞ്ഞു, "സജി പറഞ്ഞു തന്ന ഐഡിയകൾ കുറെ ഭാഗം ഏശുന്നുണ്ട് .. ഇപ്പൊ കാര്യങ്ങൾ കുറെ നിയന്ത്രണത്തിലായി വരുന്നുണ്ട്"...
"..ങ്ഹാ.. നല്ല കാര്യം.. നീയും കുറെ മാറിയിട്ടുണ്ടാകുമല്ലോ.. കുട്ടികളെന്ത് ചെയ്യുന്നുവെന്ന് ശ്രദ്ധിക്കാൻ നിനക്കും ഇപ്പോൾ സമയം കണ്ടെത്താൻ സാധിക്കുന്നില്ലേ .. അത് കൊണ്ടല്ലേ അവരുടെ കാര്യം നീ ഇത്ര സീരിയസ് ആയി ഇപ്പൊ എന്നോട് പറഞ്ഞത്.. ഹഹഹ, ദാറ്റ്സ് കൂൾ.. അവർ ജോഗിങ്ങും ചില ജോക്കിങ്ങും തുടർന്നു.. "..
-മുഹമ്മദ് അലി മാങ്കടവ്...
22/10/2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo