മാട്രിമോണിയലിൽ തിരയവേ സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോയിൽ കണ്ണുകളുടക്കി.ആദ്യകാഴ്ചയിൽ തന്നെ അരവിക്ക് അവളെ ഇഷ്ടായി.ഡീറ്റെയിൽസ് സ്‌ക്രോൾ ചെയ്യുമ്പോഴാണ് അവനാ പേരുവായിച്ചത്.
"മൈന"
ഒരു പഴയ പേര്.
അരവിന്ദിന് ആ പേര് ഇഷ്ടായില്ലെങ്കിലും അവളുടെ സൗന്ദര്യത്തിൽ അയാൾ വീണുപോയിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യദിവസം തന്നെ പേരിനിട്ടൊരു കുത്ത് എന്ന നിലയിലാണ് അരവി അങ്ങനെ പറഞ്ഞത്.
"ഒറ്റമൈന ബാഡ് ലക്ക് ആണ്"
കൺകോണിലെവിടെയോ നീർ പൊടിഞ്ഞുവോ...?
എല്ലാം കൊണ്ടും തന്നെക്കാൾ ഉയർന്ന അവളെ ഇകഴ്ത്താൻ ആ ഒരു "പേരു"ദോഷമേ ഉണ്ടായിരുന്നുള്ളു.
താൻ അരവിന്ദിന് പറ്റിയ പെണ്ണല്ല എന്ന തോന്നലുണ്ടാക്കാൻ അവൾക്കത് ധാരാളമായിരുന്നു.
മനപ്പൂർവ്വമല്ലാതിരിഞ്ഞിട്ടും പിന്നീടുണ്ടായ ഓരോസംഭവവും അവളിലെ അപകർഷത കൂട്ടിയതേ ഉള്ളു.
അരവിയുടെ ബിസിനസ് അടിക്കടി അഭിവൃദ്ധിയിലേക്ക് ഉയർന്നുകൊണ്ടിരുന്നു.ഒപ്പം തിരക്കുകളും.
അമ്പലത്തിലേക്കുമാത്രമായി ഒതുങ്ങിപ്പോയ അവളുടെ യാത്രകളെക്കുറിച്ചു അയാൾ ആലോചിച്ചതേയില്ല.ഒരിക്കലെങ്കിലും ഒപ്പം ചെല്ലാനും.
ഐസിയുവിനുപുറത്തെ കാത്തിരിപ്പ് ദിവസങ്ങൾ പിന്നിട്ട് മോർച്ചറിക്ക് മുന്നിലെത്തുമ്പോൾ അയാൾ ആകെ തളർന്നിരുന്നു.
അവളെ കൊണ്ടുപോകാൻ മാത്രമുണ്ടായ അപകടം പോലെ....
അവളിലുണ്ടായ മാറ്റങ്ങൾശ്രദ്ധിക്കാൻ ക്കാൻ തനിക്ക് നേരമുണ്ടായിരുന്നില്ലല്ലോ എന്ന് കുറ്റബോധത്തോടെ ഓർത്തെടുത്തു.
"ഒന്നുകൂടി കൊട്ടിനോക്കൂ.ഇതുവരെ ഒരു കാക്ക പോലും വന്നില്ലല്ലോ."
പൂജാരിയുടെ നിർദ്ദേശം.
പെട്ടന്നാണ് അയാൾ കണ്ടത്.
മാവിന്റെ ചില്ലയിൽ ഒരു മൈന...
അത് താഴേക്ക് പറന്നുവന്നു.
ചോറിനരികിലേക്ക്...
അയാളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
മൂടികെട്ടിനിന്ന ആകാശം പെയ്തുതിമർക്കാൻതുടങ്ങി.
By: Beena Kaliparambil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക