Slider

ചാരുത.

0
Image may contain: 1 person, selfie, closeup and outdoor
ബോബിയെ കൊല്ലണം.
ആറിഞ്ച് നീളമുള്ള കഠാര തിരികെ വച്ച്,
എട്ട് ഇഞ്ച് നീളമുള്ള മറ്റൊന്ന് എടുത്തു. ജോധ്പൂറിലെ പട്ടാള ക്യാമ്പിന് പുറത്തെ ബക്കാലയിൽ നിന്നായിരുന്നു. ജഗൻ അത് വാങ്ങിയത്. ബോബിയുടെ നെഞ്ചിലേക്ക് ആ കഠാര കുത്തിയിറക്കുന്നതവൻ മനസ്സിൽ സങ്കൽപ്പിച്ചു. ഇത് മതി ഇത്രയും നീളം വേണം.
"ചാരു മരിച്ചു. ആത്മഹത്യ ആയിരുന്നു."
ആ വാർത്തയറിഞ്ഞ് കഴിഞ്ഞപ്പോഴായിരുന്നു. ജഗൻ അങ്ങനെ ഒരു തീരുമാനത്തിലെത്തിയത്.
ഫോണിലൂടെ ആ വാർത്ത പറഞ്ഞതിന് ശേഷം ജോണി അൽപ്പനേരം മൗനമായിയിരുന്നു.
"ജഗാ നീ കേൾക്കുന്നുണ്ടോ?"
മറുവശത്തും മൗനം മറുപടി ആയപ്പോൾ അവൻ വീണ്ടും ചോദിച്ചു.
"ഉണ്ട്, അടുത്ത അവധിയ്ക്ക് ഞാൻ നാട്ടിലേക്ക് വരുകയാണ്."
അത് പറഞ്ഞ് ജഗൻ ഫോൺ കട്ട് ചെയ്തു.
ജഗന്റെ മനസ്സിൽ അപ്പോഴേക്കും ബോബിയെ കൊല്ലണം.എന്ന തീരുമാനം ദൃഢനിശ്ച്ചയമായിരുന്നു.
ആറു മാസം കഴിഞ്ഞിട്ടായിരുന്നു. ജഗന് അവധി കിട്ടിയത്.
കൂട്ടുകാരനെ കൊല്ലുക, എന്ന ഉദ്യമവുമായി
നീണ്ട അഞ്ചു വർഷത്തിന് ശേഷം ആദ്യമായിട്ട് ജഗൻ നാട്ടിലേക്ക് ട്രെയിൻ കയറി.
ട്രെയിൻ നാട്ടിലെ റെയിൽവെ സ്‌റ്റേഷനിൽ എത്തി. ജഗൻ ഇറങ്ങി.
പ്ലാറ്റ്ഫോമിലേക്ക് ചാഞ്ഞ് നിൽക്കുന്ന മാവിൽ നിറയെ മാങ്ങ കായ്ച്ചു നിൽക്കുന്നു.
പൊഴിഞ്ഞ് വീണ കണ്ണിമാങ്ങകൾ താഴെ സിമന്റ് ബഞ്ചിൽ വീണ് കിടക്കുന്നുണ്ട്.
അൽപ്പനേരം ജഗൻ അതിലേക്ക് നോക്കി നിന്നു. പിന്നെ പുറത്തേയ്ക്ക് നടന്നു.
ചെറിയൊരു ബാഗ് മാത്രം അവന്റെ തോളിൽ ഉണ്ടായിരുന്നു.
റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി റോഡിലൂടെ നടന്നു.
ഇരുവശവും കാറ്റാടി മരങ്ങൾ വളർന്ന് നിന്ന്, റോഡിൽ തണൽ വിരിച്ചിരുന്നു.
പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളിൽ തലേദിവസം പെയ്ത മഴയിലെ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. കാറ്റാടി മരത്തിലെ ചെറിയ ചില ശിഖരങ്ങൾ അവിടവിടെയായി ഒടിഞ്ഞ് വീണും കിടക്കുന്നു. വീശിയടിച്ചൊരു കാറ്റിൽ കാറ്റാടി മരങ്ങളൊന്നുലഞ്ഞു.
ചൂളംവിളി പോലൊരു ശബ്ദമുണ്ടാക്കി.
റോഡിൽ എതിരെ വരുകയായിരുന്ന ഒരു ഓട്ടോയ്ക്ക് ജഗൻ കൈ കാണിച്ചു. നിർത്തി.
അതിൽ കയറി അവൻ സ്ഥലപ്പേര് പറഞ്ഞു.
അര മണിക്കൂറോളം ടാറിട്ട റോഡിലൂടെ ഓടിയ ഓട്ടോ പിന്നെയൊരു ചെമ്മൺപാതയിലേക്ക് കയറി. മഴയിൽ കലങ്ങിയ ചെളിവെള്ളവുമായി ഒഴുകുന്ന തോടിനും, വയലിനും നടുവിലൂടെയായിരുന്നു. ചെമ്മൺ പാത.
അത് ചെന്ന് ടാറിട്ട റോഡിലേക്ക് കയറുന്ന കവലയാണ്. ജഗൻ പറഞ്ഞ സ്ഥലം.
കവലയും കടന്ന് പോകുന്ന തോടിന് കുറുകെ ഒരു പാലവും ഉണ്ട്.
"ഇവിടെ മതി. ഇവിടെ നിർത്തിയാൽ മതി." ജഗൻ ഓട്ടോക്കാരനോട് പറഞ്ഞു.
ഓട്ടോ കവലയിൽ എത്തിയിട്ടില്ല.
മുൻകൂട്ടി തീരുമാനിച്ച പ്രകാരം ജഗൻ പാതി വഴിയിലിറങ്ങി. ഓട്ടോ പോയി കഴിഞ്ഞ്,
ജഗൻ വയലിന് നടുവിലൂടെയുള്ള ഒറ്റയടി വരമ്പിലേക്ക് കടന്നു.
ഇരുവശവും പാടം അരയാൾ പൊക്കത്തിൽ വളർന്ന് കൊയ്യാറായ നെൽക്കതിരുമായി നിൽക്കുന്നു.
തലേ ദിവസത്തെ മഴത്തുള്ളികളാൽ നനഞ്ഞ് ഭാരമേറിയ നെൽക്കതിരുകൾ,
തല കുമ്പിട്ട് നിൽക്കുകയാണ്.
സമയം സന്ധ്യയായി തുടങ്ങിയിരുന്നു.
നെൽക്കതിരുകളുമായി തല കുമ്പിട്ടുറങ്ങിയ പാടത്തിന്, താരാട്ടിന്റെ തഴുകലുമായി ഇളം കാറ്റൊഴുകി വന്നു. പാടത്തിന് അക്കരെയുള്ള അമ്പലത്തിലെ കർപ്പൂരഗന്ധം ഉണ്ടായിരുന്നു.
ആ കാറ്റിന്. പാടത്തിന് അക്കരെയാണ് ചാരുതയുടെ തറവാട് വീട്.
അതിനോട് ചേർന്ന് തന്നെയായിരുന്നു. അമ്പലവും.
വയൽ വരമ്പ് ഇടയ്ക്ക് വച്ച് മുറിഞ്ഞ് ചെറിയൊരു കൈത്തോടൊഴുകുന്നു.
വയലിലെ തവളകളുടേയും മറ്റും കരച്ചിലിന്റെ ശബ്ദത്തിനോടൊപ്പം,
തട്ടി തടഞ്ഞൊഴുകുന്ന കൈത്തോടിലെ വെള്ളത്തിന്റെ നാദമൊരു സംഗീതമായി തോന്നി. ജഗൻ കൈത്തോടിനരികിലെത്തി.
കുറച്ച് മാനത്ത്കണ്ണി മീനുകൾ ഒഴുക്കിനെതിരെ നീന്താൻ ശ്രമിച്ചു നിൽക്കുന്നത് കണ്ടു.
വെള്ളത്തിൽ ചവിട്ടാതെ ജഗൻ കൈത്തോട് ചാടിക്കടന്നപ്പോൾ മീനുകൾ നാലുപാടും ചിതറി ഓടി. അക്കരെ അമ്പലത്തിൽ നിന്നും മണിനാദം കേൾക്കുന്നുണ്ട്. അവിടെ സന്ധ്യാ പൂജ തുടങ്ങി.
ജഗൻ ബാഗിനുള്ളിൽ നിന്നും നീളമേറിയ ആ കത്തിയെടുത്ത് മൂർച്ച നോക്കി.
അരയിൽ തിരുകി. ഷർട്ട്, അതിന് മീതെ പിടിച്ചിട്ട് പെട്ടെന്ന് കാണാൻ കഴിയില്ല. എന്നുറപ്പ് വരുത്തി.
''ബോബിയെ കൊല്ലണം.
കൊല്ലുന്നതിന് മുൻപെ അവനോട് ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് കുത്തണം.
അവന്റെ കണ്ണുകളിൽ ആയിരിക്കണം ആദ്യം കഠാര കയറ്റേണ്ടത്. പിന്നെ കഴുത്തിൽ, നെഞ്ചിൽ, വയറ്റിൽ, ആഞ്ഞാഞ്ഞ് കഠാര കുത്തി കയറ്റണം.
എന്റെ അഞ്ച് വർഷത്തെ ജീവിതം ഇല്ലാതാക്കിയതിന്,
അച്ഛന്റെ ആജൻമ ശത്രു ആക്കി ഒരു മകനെ മാറ്റിയതിന്,
ആകെയുള്ള പെങ്ങളുടെ കല്ല്യാണം കാണാൻ സാധിക്കാത്തതിന്,
പെറ്റമ്മയുടെ അവസാന നാളുകളിൽ പോലും ഒരു നോക്ക് കാണാൻ സാധിക്കാതെ,
സ്വന്തം അച്ഛനാൽ നാടുകടത്തപ്പെട്ടതിന്. ഓരോന്നും എണ്ണിപ്പറഞ്ഞ് കുത്തണം.
എല്ലാം നിനക്ക് വേണ്ടി ആയിരുന്നു.
നിന്റെ പ്രണയം ഒന്നിപ്പിക്കുവാൻ വേണ്ടിയായിരുന്നു.
എന്നിട്ടും നിനക്ക് അഞ്ച് വർഷം കൊണ്ട് മടുക്കുന്നതായിരുന്നോ ചാരുതയോടുള്ള പ്രണയം?
അങ്ങനെ അല്ലല്ലോ അന്ന് ചൂളം വിളിച്ച് പാഞ്ഞ് വന്ന ട്രെയിന് മുന്നിലേക്ക് ചാടാൻ പോയ നീ പറഞ്ഞത്.
അവളെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കും എന്നല്ലേ?
അതുകൊണ്ടല്ലേ ഞങ്ങൾ കൂട്ടുകാർ അന്ന് രാത്രി നിനക്ക് അവളുമായി ഒളിച്ചോടാനുള്ള സഹായമായി കൂടെ നിന്നത്.
അച്ഛന്റെ ഉറ്റ സ്നേഹിതനായിരുന്നു.
ബാലൻ മാഷ്.
ബാലൻ മാഷിന്റെ ഒരേ ഒരു മകൾ ചാരുത.
വിഭാര്യനായിട്ടും മകൾക്കായി ജീവിതം ഹോമിച്ചയാൾ.
തുളസിക്കതിർ പോലെ നിഷ്ക്കളങ്കയായ അമ്പലവാസി പെൺക്കുട്ടിയായിരുന്നു. ചാരുത.
മരണം എന്ന ഭയം നിറച്ചായിരിക്കും നീ അവളുടേയും പ്രണയം സ്വന്തമാക്കിയത്.
അന്ന് രാത്രിയും ഈ പാടം കടന്നായിരുന്നു. നമ്മൾ ചാരുതയുടെ വീട്ടിലെത്തിയത്.
സമയം രാത്രി ഒരു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു.
അമ്പലത്തിനുള്ളിലെ മതിൽക്കെട്ടിനുള്ളിൽ നമ്മൾ പുലർച്ചെ നാല് മണി വരെ ഒളിച്ചിരുന്നു. നാലമണി കഴിഞ്ഞു.
ചാരുവിന്റെ വീടിന്റെ വടക്കേ വാതിൽ തുറക്കുന്നത് കണ്ടു.
അതിനുള്ളിൽ നിന്നും ചാരു പുറത്തിറങ്ങി. ശബ്ദം ഉണ്ടാക്കാതെ അവൾ വാതിൽ ചേർത്തടച്ചു.
കറുപ്പ് കലർന്ന പാവാടയും ഉടുപ്പുമായിരുന്നു അവളുടെ വേഷം.
നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖം ചന്ദ്രപ്രഭയേറ്റ് തിളങ്ങുന്നുണ്ടായിരുന്നു.
അവൾ നടന്ന് അരികിലേക്ക് എത്തുമ്പോൾ തുളസിക്കതിരിന്റെ മണം അടുത്തെത്തുന്നത് പോലെ തോന്നി.
ബോബി അവളുടെ കരങ്ങളിൽ പിടിച്ചു.
"ബാഗ് ഒന്നും എടുത്തില്ലേ?"
അവൻ ചോദിച്ചതിന് മറുപടിയായവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.
അവളുടെ മിഴികൾ നിറഞ്ഞിട്ടുണ്ടായിരുന്നു. ''അച്ഛൻ.." അവളുടെ ചുണ്ടുകൾ വിതുമ്പി.
"പെട്ടെന്ന് പോകാം ട്രെയിനിന് സമയമാകുന്നു."
ജോണി പറഞ്ഞ് കൊണ്ട് അമ്പലത്തിന് പുറത്തേക്കിറങ്ങി.
ബോബി അവളുടെ കരങ്ങളിൽ പിടിച്ച് പാടവരമ്പിലേക്ക് ഇറങ്ങി.
ജോണി മുന്നിലും, പുറകിൽ ബോബിയും ചാരുതയും, അവർക്ക് പിന്നിലായി ഞാനും പാടവരമ്പിലേക്കിറങ്ങി.
പാടത്തിന് അക്കരെ ജോണിയുടെ കാർ ഉണ്ടായിരുന്നു.
പാടവരമ്പിലൂടെ ധൃതി പിടിച്ചുള്ള ഓട്ടത്തിനിടയിൽ ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി.
പടിപ്പുരയിൽ ബാലൻ മാഷ് നോക്കി നിൽക്കുന്നത് പോലെ തോന്നി.
എന്റെ നെഞ്ചിലൊരു വിങ്ങലുണ്ടായി.
പാവം മാഷ്.
കാലൊന്ന് വഴുതി ഞാൻ വരമ്പിലെ കൈത്തോട്ടിലെ വെള്ളത്തിലേക്കിറങ്ങിയിരുന്നു.
ചതുപ്പിൽ താഴ്ന്ന് പോയ ചെരുപ്പ് എടുക്കാതെ കാൽ വലിച്ചൂരി ഞാൻ അവരുടെ പിന്നാലെ വേഗം നടന്നു.
ബാലൻ മാഷായിരുന്നു എന്നെ എഴുത്തിനിരുത്തിയത്.
മാഷിന്റെ തറവാട്ടിലെ കാരുണ്യമായിരുന്നു അച്ഛന്റെ പഠനവും ജോലിയുമെന്ന്‌ അച്ഛൻ പറയാറുണ്ടായിരുന്നു.
ബോബിയുടേയും, ചാരുതയുടേയും പ്രണയം അച്ഛൻ അറിഞ്ഞു.
മഴയുള്ള ഒരു രാത്രിയായിരുന്നു. അന്ന്.
ഞാൻ അനുജത്തിയ്ക്ക് പാഠപുസ്തകത്തിലെ ഒരു കഥ പറഞ്ഞ് കൊടുക്കുകയായിരുന്നു. നിലത്തിരുന്ന നമ്മുടെ അരികിൽ അച്ഛന്റെ പോലീസ് ബൂട്ട് കണ്ടു. തല ഉയർത്തി നോക്കി.
"ബോബിയും നീയും, നിങ്ങൾ കൂട്ടുകാരാണ് എന്നെനിക്കറിയാം. എങ്കിലും ബാലൻ മാഷിനെ വിഷമിപ്പിക്കുന്ന ഒരു കാര്യത്തിലും എന്റെ മകന്റെ ഇടപെടൽ ഉണ്ടാകരുത്." അച്ഛൻ പറഞ്ഞു.
ഞാൻ ഇല്ലെന്ന് തലയാട്ടി.
ഒരു പോലീസുകാരനായ അച്ഛന്റെ വാക്കുകളിൽ,
പോലീസുകാരന്റെ ധാർഷ്ട്യത്തിന്റെ ആഞ്ജപോലെ ആയിരുന്നു. ഞാനത് കേട്ടെടുത്തത്. അതിനുള്ളിലെ വാത്സല്യം ഞാൻ കേൾക്കാതെ പോയി.
ചങ്ങാതിയോടുള്ള ആത്മാർത്ഥയിൽ അച്ഛന് കൊടുത്ത വാക്ക് മറന്നു.
നമ്മൾ റെയിൽവെ സ്‌റ്റേഷനിൽ എത്തി.
കൃത്യസമയത്ത് തന്നെ ട്രെയിനും വന്നു. അവരെ രണ്ടു പേരെയും അതിൽ യാത്രയാക്കി.
ട്രെയിൻ പതിയെ പതിയെ നീങ്ങി കണ്ണിൽ നിന്ന് മറഞ്ഞു.
ഞാനും ജോണിയും തിരികെ പോകാനായിറങ്ങി.
റയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് ഒരു മാവ് ചാഞ്ഞ് നിൽക്കുന്നുണ്ട്. മാവിന്റെ ചുവട്ടിലെ സിമന്റ് ബഞ്ചിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. ഞാനും, ജോണിയും അയാളുടെ അരികിലേക്ക് ചെന്നു.
ബാലൻ മാഷ്. " മാഷെ.. " ഞാൻ വിളിച്ചു.
ബാലൻമാഷ് കുനിഞ്ഞ് ഇരിക്കുകയായിരുന്നു.
എന്റെ വിളി കേട്ടിട്ടും മാഷ് നിവർന്ന് നോക്കിയില്ല.
"ജഗാ നിന്റെ അച്ഛൻ ഇതറിയണ്ട.
നിനക്കും ഇതിൽ പങ്ക് ഉണ്ടായിരുന്നു.
എന്ന് അവൻ അറിയരുത്. പൊയ്ക്കോളു. നേരം പുലരാറായി.
മാഷ് എന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കിയത് പോലുമില്ലായിരുന്നു.
പറഞ്ഞ് തീർത്ത് മാഷ് പുറകിൽ നിന്ന് ചെളിയിൽ പുതഞ്ഞ എന്റെ ചെരിപ്പുകൾ എടുത്ത് മുന്നിൽ വച്ചു. അവിടെന്ന് പിന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. ഞാനും, ജോണിയും.
ബാലൻ മാഷിനെ അന്നത്തെ ദിവസത്തിന് ശേഷം പിന്നെ ആരും കണ്ടിട്ടില്ല.
ആ സ്റ്റേഷനിൽ നിർത്തിയ ഏതോ ട്രെയിനിൽ കയറി അതിന്റെ അവസാനത്തെ സ്റ്റോപ്പിലേക്ക് മാഷ് എവിടേയ്ക്കോ പോയി മറഞ്ഞു. ഏതു ദിശയിലേക്കാണ് എന്ന് പോലും അറിഞ്ഞില്ല.
അടുത്ത ദിവസം രാവിലെ അച്ഛന്റെ ശകാരം കേട്ടാണ് ജഗൻ ഉണർന്നത്. അമ്മയോടായിരുന്നു. ദേഷ്യം.
"അവൻ എവിടേടി.. " അലർച്ച കേട്ട് ജഗൻ ഉമ്മറത്തേക്ക് ചെന്നു.
"ഇങ്ങെടാ നായെ ഈ വീട്ടിൽ നിന്ന്."
ജഗന്റെ ഇരു കവിളുകളിലും അച്ഛൻ മാറി മാറി അടിച്ചു.
തടയാൻ വന്ന അമ്മയേയും തല്ലിയപ്പോഴാണ് ജഗൻ അച്ഛനെ പിടിച്ച് തള്ളിയത്.
കാൽ തെറ്റി വരാന്തയിലെ പടിയിൽ നിന്നും മുറ്റത്തെ ചെടിച്ചട്ടിയ്ക്ക് മുകളിലേക്കാണ് അച്ഛൻ വീണത്.
നെറ്റി പൊട്ടി ചോര പൊടിഞ്ഞു.
അമ്മയും, അനിയത്തിയും വലിയ വായിൽ കരച്ചിൽ തുടങ്ങി.
"ഞാനോ ഇവളോ ചത്താലും നീയിനി ഈ വീട്ടിൽ കയറരുത്. എവിടെങ്കിലും പോയി ചാവെടാ നന്ദി കെട്ട നായെ.. ഒരു ജോലിയ്ക്കും പോകാതെ നാടിനും വീട്ടിനും ശാപമാകുന്ന അധികം വന്ന പാഴ്ജന്മം."
ആക്രോശവുമായിട്ടായിരുന്നു.
വീണിടത്ത് നിന്ന് അച്ഛൻ എഴുന്നേറ്റ് വന്നത്.
നെറ്റിയിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു.
വെറും ഉടുതുണിയോടെ ജഗനെ അന്ന് പടിപ്പുരയുടെ പുറത്തേയ്ക്ക് തള്ളി.
അച്ഛനോടുള്ള വാശിയിൽ തന്നെയായിരുന്നു. പോലീസിനും മുകളിൽ പട്ടാളത്തിൽ ചേർന്നത്.
വർഷാവർഷം ഉള്ള അവധിയിൽ ഭാരതം മുഴുവൻ കാണാൻ ഉപയോഗിച്ചു.
അച്ഛൻ ഉള്ളയിടവും ഒഴികെ എല്ലായിടവും സഞ്ചരിച്ചു.
അതിനിടയിൽ പെങ്ങളുടെ വിവാഹമായി.
ഒരിക്കൽ അച്ഛന്റെ വക പട്ടാളക്യാമ്പിലേക്ക് ഒരു കത്തു വന്നു.
" ജാനകിയുടെ വിവാഹമാണ്. അടുത്താഴ്ച്ച.
നീ വരരുത്."
അതിന് ശേഷം പിന്നെ ഒരിക്കൽ കൂടി ഒരു കത്ത് വന്നത്,
ജഗൻ വാർഷികാവധിയുമായി മാനസസരോവരത്തിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ആയിരുന്നു.
"അമ്മ മരിച്ചു. " എന്ന രണ്ട് വാക്ക് മാത്രം.
നീ വരരുതെന്നോ? വരാനോ? ആ കത്തിൽ ഉണ്ടായിരുന്നില്ല.
ജഗൻ യാത്ര ഒഴിവാക്കിയില്ല. യാത്ര കാശി വഴിയാക്കി.
ആ യാത്രയ്ക്കിടയിലായിരുന്നു.
ഒരു വൈകുന്നേരം വാരണാസിയിൽ വച്ച് ആൾക്കൂട്ടത്തിനിടയിൽ ബാലൻ മാഷിനെ പോലെ ഒരാളെ കണ്ടത്.
കാവി വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
അഞ്ച് വർഷത്തെ മാറ്റം.
താടിയും മുടിയും നീട്ടി വളർത്തിയിരിക്കുന്നു. അത് ബാലൻ മാഷാണോ?
ഞാൻ നിൽക്കുന്നയിടത്ത് നിന്നും അൽപ്പം അകലെ ആയിട്ടാണ് മാഷ് നടന്ന് പോകുന്നത്. "മാഷെ.. ബാലൻ മാഷെ..''
ജഗൻ ഉറക്കെ നീട്ടി വിളിച്ചു.
ഓംകാര നാദം കൊണ്ടും, പഞ്ചാക്ഷരീ മന്ത്രം കൊണ്ടും,
ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജഗന്റെ ദുർബല ശബ്ദം അലിഞ്ഞ് പോയി.
എങ്കിലും മാഷൊന്ന് നിന്നിട്ട്, തിരിഞ്ഞു നോക്കി. വീണ്ടും നടത്തം തുടർന്നു.
ജഗൻ മാഷിന്റെ അരികിലേക്ക് എത്താൻ വേഗത്തിൽ ഓടുകയായിരുന്നു.
റോഡിന് കുറുകെയായി ഒരു സംഘം സന്യാസിമാർ ജഗന് തടസ്സമായി.
കടന്ന് പോകാൻ തുടങ്ങി. ജഡാരധാരികളായ ശിരസ്സും, ശരീരം മുഴുവൻ ഭസ്മം പൂശിയിരിക്കുന്നവർ.
അരയിൽ മാത്രം മുട്ടിന് മുകളിൽ എത്തുന്നത് വരെയുള്ള അൽപ്പം കാവി വസ്ത്രം ചുറ്റിയിരുന്നു. അവരുടെയെല്ലാം കൈകളിൽ അറ്റം വളഞ്ഞിരിക്കുന്ന ഓരോ മരത്തിന്റെ വടികൾ ഉണ്ടായിരുന്നു. ചിലരുടെ കൈകളിൽ പുകയുന്ന ഓരോ മൺചട്ടികളും പിടിച്ചിട്ടുണ്ട്.
മാറത്ത് അനേകം രുദ്രാക്ഷമാലകൾ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നു.
റോഡ് മുറിച്ച് കടന്ന് അവർ ഗംഗയിലേക്കുള്ള പടിക്കെട്ടുകളിറങ്ങി, ഗംഗയിലേക്ക് ചാടുകയായിരുന്നു.
അവർ പോയി കഴിഞ്ഞപ്പോഴേക്കും ബാലൻ മാഷ് കണ്ണിൽ നിന്നും മറഞ്ഞു.
പിന്നെ അന്നത്തെ ദിവസം അവിടമാകെ തിരഞ്ഞിട്ടും ജഗന് മാഷിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒരു പക്ഷേ ഞാൻ തിരയുന്നത് കണ്ട് മാഷ് എവിടെയെങ്കിലും ഉറ്റുനോക്കി ഇരുന്നിട്ടുണ്ടാകും.
ജഗൻ വയൽ കടന്ന് അക്കരെയെത്തി.
ചാരുതയുടെ വീടിന്റെ പടിപ്പുര കടന്നു. അകത്തേയ്ക്ക് കയറി.
ബോബിയും, ചാരുതയും ബാലൻ മാഷ് പോയതറിഞ്ഞ് രണ്ട് മാസം കഴിഞ്ഞ് തിരികെയെത്തി. ചാരുതയുടെ തറവാട്ടിൽ താമസമാക്കിയിരുന്നു.
ജഗന്റെ ഫോണിലേക്ക് ജോണിയുടെ കാൾ വന്നു.
"ഞാൻ ചാരുതയുടെ വീട്ടിലെത്തി. ബോബിയെ ഞാൻ കൊല്ലുകയാണ്. നീ പോലീസ് സ്റ്റേഷനിലേക്ക് വന്നോളു. ഞാനവിടെ ഉണ്ടാകും."
ഇത്രയും പറഞ്ഞ് ജഗൻ ഫോൺ കീശയിലിട്ടു.
ചാരുതയുടെ പഴയ തറവാട് വീട്,
മുറ്റം നിറയെ കാട് കയറിയിരുന്നു.
മുറ്റത്തെ തുളസിത്തറയിലെ തുളസിച്ചെടി വെള്ളമില്ലാതെ വാടി കരിഞ്ഞിരിക്കുന്നു.
ചുറ്റിനും പായൽ കയറി ഉണങ്ങി കരിഞ്ഞ് കറുപ്പ് നിറമായ തുളസിത്തറ.
വീടിന് മുൻവശത്ത് അൽപ്പം മാറി വടക്കെ മൂലയിൽ പച്ച മണ്ണ് കൂട്ടിയ ചെറിയൊരു മൺകൂന കണ്ടു.
അതിന് മുകളിൽ പുൽനാമ്പുകൾ വളർന്നിരുന്നു. വാടിക്കരിഞ്ഞ പൂക്കൾക്കിടയിൽ അപ്പോഴും പുതിയ ചില പൂക്കളും കണ്ടു.
മൺകൂനയുടെ ഒരറ്റത്ത് വളർന്ന് നിന്ന ഇലഞ്ഞിമരം, ചെറിയ കാറ്റിലൂടെ പുതിയ പൂക്കൾ ചാരുതയുടെ തലയിലൂടെ വർഷിക്കുന്നത് പോലെ ജഗന് തോന്നി.
പടികൾ കയറി ജഗൻ വരാന്തയിലെത്തി.
മുൻവശത്തെ വാതിൽ തുറന്ന് കിടന്നിരുന്നു.
അകത്ത് വെളിച്ചമില്ലാതെ സന്ധ്യ മയങ്ങിയതിന്റെ ഇരുട്ടായിരുന്നു.
വാതിലിന് അരികിലായി മുറ്റത്തെ മൺകൂനയിലേക്ക് നോക്കി ഒരു ചാരുകസേര ഇട്ടിരിക്കുന്നു.
അവൻ വന്ന് ഈ കസേരയിലാകും ഇരിക്കുന്നത്.
കസേരയ്ക്ക് അഭിമുഖമായുള്ള സിമന്റ് കൈവരിയിൽ ജഗൻ ഇരുന്നു.
ഇടുപ്പിൽ നിന്നും കഠാര എടുത്ത് വലം കൈയ്യിൽ പുറകിൽ ഒളിപ്പിച്ചു വച്ചു.
ആരായിരിക്കും ആദ്യം പുറത്തേക്ക് വരുക? ജോലി സ്ഥലത്ത് അവൻ പുതുതായി ഉണ്ടാക്കിയെടുത്ത കൂട്ടുകാരി ആകുമോ? അതറിഞ്ഞാണല്ലോ പാവം ചാരുത. അവൾക്കത് സഹിക്കാനായിട്ടുണ്ടാകില്ല.
പാവം പെണ്ണ്. കൊല്ലണം ഇവറ്റകളെ രണ്ടിനേം. ഒരോന്ന് ഓരോന്ന് എണ്ണിപ്പറഞ്ഞ് വേണം കഠാര അവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കാൻ.
ജഗന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു. ജോണിയാണ്. ജഗൻ ഫോൺ കട്ട് ചെയ്തു. സൈലന്റ് ആക്കി. അവൻ വീണ്ടും വീണ്ടും വിളിച്ച് കൊണ്ടിരുന്നു.
ജഗൻ എടുക്കാതായപ്പോൾ ഒരു മെസേജ് മൊബൈലിലേക്ക് വന്നു.
"എടാ അവനെ ഒന്നും ചെയ്യരുത്.
ഞങ്ങൾ അങ്ങോട്ട് വരുകയാണ്. പ്ലീസ് അവനെ ഒന്നും ചെയ്യരുത്. "
മെസേജ് വായിച്ചതും വീണ്ടും കാൾ വന്നുകൊണ്ടിരുന്നു.
വീടിന് ഉള്ളിൽ ലൈറ്റുകൾ തെളിഞ്ഞു.
ആരോ പുറത്തേക്ക് നടന്ന് വരുന്നുണ്ട്.
ജഗൻ ഫോൺ കട്ട് ചെയ്തു. ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.
ഇപ്പോൾ കാൽപ്പെരുമാറ്റം അടുത്തേയ്ക്ക് വരുന്നുണ്ട്.
കത്തിയുടെ പിടിയിൽ ജഗൻ മുറുകെ പിടിച്ചു. വാതിൽ കടന്ന് ഒരു പ്രാകൃതമായ ഒരു രൂപം പുറത്തോട്ട് വന്നു.
ബോബി. താടിയും മുടിയും നീട്ടി വളർത്തി, മെലിഞ്ഞുണങ്ങി പ്രാകൃതമായൊരു രൂപം. ജഗനെ കണ്ടതും അവന്റെ മുഖം വിടർന്നു.
"ആ ജഗൻ വന്നോ? എനിക്കറിയാമായിരുന്നു.
നീ വരുമെന്ന്."അവൻ ജഗനെ കെട്ടിപ്പിടിച്ചു. ജഗൻ കത്തി പുറകിലേക്ക് നീട്ടി പിടിച്ചു.
കൈവരിയിൽ നിന്നെഴുന്നേറ്റ് പതിയെ അവനെ ചാരുകസേരയിലേക്ക് കിടത്തി.
ആദ്യം കണ്ണിൽ. ജഗനവന്റെ കണ്ണുകളിലേക്ക് ലക്ഷൃം നോക്കുകയായിരുന്നു.
"നീ വരുമെന്ന് എനിക്കറിയാമായിരുന്നു. ജോണിയും, അച്ഛനും ഒക്കെ വന്നിരുന്നു.
എത്ര നാളായെടാ കണ്ടിട്ട്?" സംസാരിക്കുന്നതിനോടൊപ്പം അവൻ രണ്ട് കൈകളും നീട്ടി ജഗന്റെ മുഖത്തും,തലയിലും പരതി.
"ചാരൂ.. മോളെ ചാരൂ.."
വാതിൽ വഴി വീടിന് അകത്തേയ്ക്ക് നോക്കി അവൻ ഉറക്കെ വിളിച്ചു.
"ചാരൂ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയെ..?
ജഗൻ വന്നു. നിന്നെ കാണാൻ.
ചാരു കുളിക്കുകയാണെന്ന് തോന്നുന്നു.
നീ ഇരിക്ക് അവൾ ഇപ്പൊ വരും."
അവൻ ജഗനെ കൈവരിയിലേക്ക് ഇരുത്തി. "ഈയിടെ ആയി ഇങ്ങനെയാ വിളിച്ചാലൊന്നും ഉടനെ അവൾ വരില്ല. എന്നോട് ചെറിയ പരിഭവത്തിലാണവൾ.
ചാരൂ..മോളെ..ഉമ്മറത്തേക്ക് വരുമ്പോ കാപ്പി കൂടെ എടുത്തോളു.
നിനക്കറിയാലോ? ജഗൻ ചായ കുടിക്കില്ലാന്ന്. ചിലപ്പൊ അവൾ കുളിച്ചിട്ട് അമ്പലത്തിൽ പോയി കാണും.
ഇപ്പൊ വരും.. ഇപ്പൊ വരും.
നിനക്കറിയാലോ അപ്പുറത്തെ അമ്പലം.
അന്ന് രാത്രി നമ്മൾ ഒളിച്ചിരുന്ന അമ്പലം."
അത് പറഞ്ഞപ്പോൾ അവൻ വാ തുറന്ന് ചിരിച്ചു.
"ഇപ്പൊ സന്ധ്യാപൂജ കഴിഞ്ഞിട്ടുണ്ടാകും. മണിയടി ഒച്ച നേരത്തെ കേട്ടുവല്ലോ നീ. ഇല്ലേ..?
ഇപ്പൊ വരും.. ചാരു ഇപ്പൊ വരും. "
അവൻ പിറുപിറുത്ത് കൊണ്ടിരുന്നു.
മുന്നിൽ ജഗൻ ഇരിക്കുന്നുണ്ട്. എന്ന ഭാവമില്ലാതെ.
പടിപ്പുര കടന്ന് ജോണി ഓടി വന്നു.
അവൻ ജഗന്റെ അടുത്തെത്തി നിന്നു.
ജഗൻ പുറകിൽ മുറുകെ പിടിച്ചിരുന്ന കഠാര അവൻ ജഗന്റെ കൈയ്ക്കുള്ളിൽ നിന്നും ഊരിയെടുത്തു.
ജോണി വന്നതൊന്നും ബോബി കണ്ടതായി തോന്നിയില്ല.
"ചാരു ഇപ്പൊ വരും.. ചാരു ഇപ്പൊ വരും.. " എന്നവൻ ഉരുവിട്ടു കൊണ്ടിരുന്നു.
"ചാരു മോളെ നമുക്ക് അമ്പലത്തിൽ പോകണ്ടേ പൂജ തുടങ്ങാറായി. "
എന്ന് പറഞ്ഞവൻ എഴുന്നേറ്റ് വേച്ച് വേച്ച് വാതിലിനുള്ളിലേക്ക് നടന്നു.
അവന്റെ കാലുകളിൽ കിലുങ്ങുന്ന ഇരുമ്പ് വളയങ്ങളിലേക്ക് നോക്കിയ ജഗന്റെ ചുമലുകളിലേക്ക് ജോണി അമർത്തി പിടിച്ചു. "ചാരൂ.. ചാരൂ." എന്ന വിളി ആളൊഴിഞ്ഞ ആ വീടിന്റെ അകത്തളങ്ങളിലേക്ക് അകന്ന് അകന്ന് പോയി.
പടിപ്പുര ഇറങ്ങി വയൽ വരമ്പ് കടന്ന് അക്കരെ എത്തും വരെ ജോണിയും, ജഗനും ഒന്നും സംസാരിച്ചിരുന്നില്ല.
വയലിന് അക്കരെ കരയിൽ ജോണിയുടെ കാർ ഉണ്ടായിരുന്നു.
കാറിൽ ചാരി അച്ഛൻ നിൽക്കുന്നത് ജഗൻ കണ്ടു. രണ്ട് വയസ്സായ ഒരു കുട്ടി അച്ഛന്റെ ചുമലിൽ ചാരി കിടക്കുന്നു.
അച്ഛന് പ്രായമേറിയിരിക്കുന്നു.
കണ്ണുകളിൽ നിന്നും ആ പഴയ ഗംഭീര്യവും ധൈര്യവും ചോർന്ന് പോയിരിക്കുന്നു.
ജഗൻ അടുത്തെത്തിയപ്പോൾ അച്ഛൻ കാറിന്റെ ഡോർ തുറന്നു.
"കയറ് മോനെ.. " തളർന്ന ശബ്ദമായിരുന്നു. ശബ്ദം കേട്ട് തോളിൽ മയങ്ങിയ കുഞ്ഞ് ഉണർന്നു.
"കുട്ടി ചാരുതയാണ് മോനെ" അച്ഛൻ പറഞ്ഞു. ജഗൻ കൈകൾ നീട്ടി കുഞ്ഞിനെ എടുത്തു. കാറിൽ കയറി അത് നീങ്ങിയപ്പോൾ ജഗൻ തിരിഞ്ഞ് നോക്കി.
വയലിനക്കരെ വീട്ടിലെ പടിപ്പുരയ്ക്കുള്ളിൽ തുളസിത്തറയിൽ വിളക്ക് തെളിഞ്ഞിരിക്കുന്നതായി തോന്നി.
ഒരു കുഞ്ഞ് കൈവിളക്കുമായി ചാരു അവിടെ നിൽക്കുന്നുണ്ട്.
"അതെ ചാരു അവിടെ തന്നെയുണ്ട്. "
ബാലൻ മാഷിനെയും കാത്ത്. "
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo